ഹിന്ദു ആചാര്യന്റെ സന്താന വിപ്ലവാഹ്വാനം

കുറിപ്പ്: ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനം ബ്ലോഗ്ഗ് വായനക്കാര്‍ക്കുവേണ്ടി ഇവിടെ എടുത്തെഴുതുന്നു (ഏറെ പ്രിയപ്പെട്ട സഖാക്കള്‍ രാമചന്ദ്രനും മൂര്‍ത്തിക്കും നന്ദി)


നൂറ്റൊന്നു മക്കളുടെ അമ്മ സ്വന്തം മക്കളെ വളർത്തി യുദ്ധകാര്യങ്ങളിൽ നിപുണരാക്കി മാറ്റിയത്‌ അവർ രാജകുടുംബാംഗമായതുകൊണ്ടാണ്. നൂറ്റൊന്നുപേർക്ക്‌ പ്രഭാതഭക്ഷണം,ഉച്ചഭക്ഷണം,അത്താഴം,വസ്ത്രം വിദ്യഭ്യാസം ഇവ ലഭ്യമാക്കണമെങ്കിൽ നോക്കെത്താത്ത കൃഷിഭൂമിയും വലിയ ഊട്ടുപുരയും വമ്പൻ വസ്ത്രശാലയും വിശാല കളിസ്ഥലവും പള്ളിക്കൂടവും ആവശ്യമാണ്‌.. നൂറ്റൊന്നു കുട്ടികൾ ഒന്നിച്ചു കരഞ്ഞാൽ അടുത്ത പട്ടണത്തിൽ നിന്നു പോലും അത്യാഹിതമെന്നു കരുതി ആളുകൾ ഓടി എത്തിയേക്കും.

അധികം മക്കളുള്ളവർ അന്യരെ ചൂഷണം ചെയ്തു ധനികരായവരല്ലെങ്കിൽ കുചേലനെപ്പൊലെ കഷ്ടപ്പെട്ടതുതന്നെ.വിശപ്പു സഹിക്കനാകാതെ നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ മുന്നിൽ നിസ്സഹായരായി നിൽക്കുന്ന മാതാപിതാക്കൾ ലോകത്തിലെ ഏറ്റവും വലിയ ദുഖചിത്രമാണ്‌.ബുദ്ധിമാനായ വരരുചി പഞ്ചമിയോടു പറഞ്ഞതു ഓരോ കുട്ടിയേയും പിറന്നപ്പോൾത്തന്നെ ഉപേക്ഷിക്കുവാനായിരുന്നു. നൊന്തു പെറ്റ സ്വന്തം മക്കളെ വലിച്ചെറിയാൻ അമ്മയോടാവശ്യപ്പെട്ട വരരുചിയുടെ പുരുഷത്വം അനുകരണീയമല്ല.

ഈ ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നത്‌ അധികം കുട്ടികൾ അഭിലഷണീയമല്ലെന്നാണ്‌. ഒന്നോ രണ്ടോ കുട്ടികൾ മാത്രമായിരുന്നെങ്കിൽ കുചേലന്‌, “ഇല്ല ദാരിദ്ര്യർത്തിയോളം വലുതായിട്ടൊരാർത്തിയും“ എന്ന ദുരിതക്കയത്തിൽ നീന്തേണ്ടി വരില്ലായിരുന്നു. ഒന്നോ രണ്ടോ കുട്ടികൾ മാത്രമായിരുന്നെങ്കിൽ വരരുചിയുടെ മക്കളെ പെറ്റ പഞ്ചമിക്കു അവരെ പോറ്റി വളര്‍ത്താമായിരുന്നു.

മനുഷ്യസംഖ്യയിൽ ലോകത്ത്‌ ഏറ്റവും മുന്നിൽ നിൽക്കുന്ന ചൈന കൂടുതൽ മക്കളെ പ്രസവിക്കുന്ന സ്ത്രീകൾക്ക്‌ അവാർഡ്‌ നൽകി പ്രോല്‍സാഹിപ്പിച്ചിരുന്ന കാലത്തെ മറക്കാൻ ശ്രമിക്കുകയാണ്‌. ഇന്നു ചൈനയിൽ ഒറ്റക്കുട്ടി മാത്രമുള്ള കുടുംബങ്ങളെയാണ്‌ സർക്കാർ ആനുകൂല്യങ്ങൾ നൽകി പ്രോൽസാഹിപ്പിക്കുന്നത്‌. മനുഷ്യന്റെ കായിക ശക്തി മാത്രം കൊണ്ട്‌ ജലസംഭരണികൾ നിർമ്മിച്ചിരുന്ന മാവോക്കാലം യന്ത്രവൽകൃത നിര്‍മ്മിതികൾക്ക്‌ വഴി മാറിയിരിക്കയാണ്‌.

ഇന്ത്യയിലാണെങ്കിൽ ഐതിഹ്യങ്ങളെ അനുകരിച്ച ജനത കൂടുതൽ കുട്ടികളെ പ്രസവിച്ച്‌ ദാരിദ്ര്യത്തിലേക്കു മുതലക്കൂപ്പു കുത്തി. മതങ്ങളാണെങ്കിൽ ദൈവം തരുന്ന സന്തതിയെ രണ്ടു കൈയും നേട്ടി സ്വീകരിക്കണമെന്നു പഠിപ്പിക്കുക വഴി ദാരിദ്ര്യത്തിനു സ്വർഗ്ഗീയ സാക്ഷ്യപത്രം നൽകി.സ്വർഗ്ഗം ദരിദ്രർക്കുള്ളതാണെന്നും ധനികൻ സ്വർഗ്ഗത്തിലേക്കു കടക്കുന്നത്‌ ഒട്ടകം സൂചിക്കുഴയിൽ കടക്കുന്നതിനു തുല്യമാണെന്നു പ്രചരിപ്പിക്കുകയും ഒട്ടകത്തിന്റെ വലുപ്പത്തിനനുസരിച്ചു സൂചിക്കുഴ വികസിപ്പിച്ചു കൊടുക്കുകയും ചെയ്തു.

ആധുനിക വിദ്യാഭ്യാസം ലഭിക്കുക വഴി മതത്തിന്റെ അവാസ്തവ പ്രചാരണങ്ങളെ ധിക്കരിക്കാൻ ചിലർക്കു കഴിഞ്ഞു. ഒരു ദരിദ്രനും സ്വർഗത്തിലേക്കു പോയിട്ടില്ലെന്നു കുറെ ആളുകളെങ്കിലും മനസ്സിലാക്കി. ധനികനു വാഗ്ദാനം ചെയ്ത നരകം ഭൂമിയിൽത്തന്നെ ആണെന്നും അതിൽ ദരിദ്രനാണു പൊരിഞ്ഞു കിടക്കുന്നതെന്നും ബോധ്യപ്പെട്ടു. ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ ഏതു രാജ്യത്തിനും പ്ലാനിംഗ്‌ ആവശ്യമാണെന്നും ഈ പ്ലാനിംഗ്‌ രാജ്യത്തെ ഏറ്റവും ചെറിയ യൂണിറ്റായ കുടുംബത്തിൽ ആരംഭിക്കണമെന്നും ലക്ഷ്യബോധമുള്ള രാഷ്ട്ര നായകരും സാമൂഹ്യ ശാസ്ത്രജ്ഞരും കണ്ടെത്തി. വ്യാപകമായ പ്രചാരണത്തോടെ ഇന്ത്യയിൽ കുടുംബാസൂത്രണപ്രവർത്തനങ്ങൾ ആരഭിക്കുന്നതാണു പിന്നെ നമ്മൾ കണ്ടത്‌. നൂറ്റൊന്നു പേരുള്ള പെരുംകുടുംബങ്ങളിൽ നിന്നും ഏറിയാൽ മൂന്ന്‌ എന്ന ചിന്തയിലേക്കു ജനങ്ങൾ മാറി. പിന്നീടത്‌ രണ്ടു കുട്ടികൾ എന്നും നമ്മളൊന്ന്‌ നമുക്കൊന്ന്‌ എന്നും മാറി. ഇതൊക്കെ ഏതു മതത്തിലും പെട്ട വിദ്യാഭ്യാസമുള്ള കുടുംബങ്ങളുടെ കാര്യമെന്നതിൽ നിന്നും സധാരണ ജനതയുടെ കാര്യമായി മാറി.

എന്നാല്‍ രാജ്യത്തിന്റെ ആസൂത്രണ നയങ്ങളെക്കാൾ പ്രധാനം മതനിയമങ്ങൾ ആണെന്നു ചിന്തിച്ചവർ സ്വന്തം സ്ത്രീകളെ പ്രസവയന്ത്രങ്ങളായി മാറ്റി.
സ്ത്രീകൾ പ്രസവിക്കാനുള്ള യന്ത്രങ്ങൾ മാത്രമാണോ? അങ്ങനെ ഒരു ചിന്ത തന്നെ പ്രാകൃതമാണ്‌. പുരുഷന്മാർ വെറും വിത്തുൽപ്പാദന കേന്ദ്രങ്ങളും സ്ത്രീകൾ കൃഷി ചെയ്യാവുന്ന പാടവുമല്ല. സ്ത്രീകൾ പ്രസവിക്കാന്‍ മാത്രമുള്ളവരല്ല. അന്താരാഷ്ട്ര കായികതാരങ്ങൾ ആകാനും ഡോക്റ്റർമാരും ഭരണാധികാരികളും പത്രപ്രവർത്തകരും ഒക്കെ ആകാനും കഴിവുള്ള സ്ത്രീകളെ പ്രസവമുറിയിലും മണിയറയിലും ബാക്കിയുള്ള സമയം അടുക്കളയിലും തളച്ചിടണമെന്നു ശഠിക്കുന്നത്‌ പുരുഷ മേധാവിത്തം നിലനിൽക്കുന്ന മതങ്ങളാണ്‌.

ജനസംഖ്യ കുറയുന്നതിനാൽ വോട്ടു കുറഞ്ഞു പോകുന്നു എന്നു കണ്ടെത്തിയ ഇന്ത്യയിലെ ഹിന്ദു വർഗീയവാദികളാണ്‌ ഹിന്ദു സ്ത്രീ-പുരുഷന്മാരുടെ പ്രത്യുൽപ്പാദന ശേഷിയെ ഇപ്പോൾ ഉദ്ദീപിപ്പിക്കുന്നത്‌. ഓരോ ഹിന്ദുവും പന്ത്രണ്ടു മക്കൾക്കെങ്കിലും ജന്മം നൽകണമെന്നാണ്‌ വിശ്വ ഹിന്ദു പരിഷത്‌ കേന്ദ്ര മാർഗ ദർശക്‌ മണ്ഡൽ ആചാര്യൻ സ്വാമി ധർമ്മേന്ദ്രജി മഹാരാജ്‌ കൊച്ചിയിൽ വന്ന്‌ കേരളത്തിലെ ഹിന്ദുക്കളെ ആഹ്വാനം ചെയ്തത്‌. ഹിന്ദുക്കൾ അധികം കുട്ടികളെ പെറുന്ന പന്നിയെപ്പോലുള്ള ജന്തുക്കൾ ആകണമെന്നാണ്‌ അദ്ദേഹം പറഞ്ഞതിന്റെ സാമാന്യാർഥം. ഹിന്ദുമതം അങ്ങനെ ജന്തുമതമായി മാറണമെന്നും. എന്തിനും ഇക്കാലത്ത്‌ ഒരു രഹസ്യ അജണ്ട ഉണ്ടല്ലൊ. ഓരോ വീടും ഓരോ വമ്പൻ വോട്ടു ബാങ്ക്‌ എന്നാവാം അദ്ദേഹം ഉദ്ദേശിച്ചത്‌.

ഹിന്ദു സ്ത്രീകളെ പ്രസവയന്ത്രമാക്കാത്തതിൽ മാത്രമല്ല അദ്ദേഹത്തിനു ദുഖമുള്ളത്‌. ഹിന്ദു പുരുഷന്മാർ ശിഖ എന്ന പിൻ കുടുമ വയ്ക്കാത്തതിലും അദ്ദേഹത്തിനു ശരികേടു ബോധ്യപ്പെടുന്നുണ്ട്‌. ശിഖയില്ലതെ ശിഖരത്തിലെത്താൻ കഴിയില്ലെന്നും ആചാര്യജി കേരളീയരെ ഓർമ്മിപ്പിച്ചു. വടക്കെ ഇന്ത്യയിലെ വിദ്യാർഥികൾ ഏരിയൽ എന്നു വിളിച്ചു കളിയാക്കാറുള്ള ശിഖ മുറിച്ചു കളയുന്നത്‌ കേരളീയ നവോത്ഥാന കാലത്തെ വിപ്ലവപ്രവര്‍ത്തനമായിരുന്നു.കുടുമ മാത്രമല്ല പൂണൂലും അവർ മുറിച്ചെറിഞ്ഞു. മറക്കുട വലിച്ചെറിഞ്ഞു. ഇങ്ങനെ മുക്തി പ്രാപിച്ച ഒരു സമൂഹം ഇരുട്ടു മുറികളിലേക്കു തിരിച്ചു പോകണമെന്നാണ്‌ ഈ വാക്കുകളുടെ അർഥം. കേരളത്തിലെ വെളിച്ചത്തിന്റെ സ്വിച്ചുകൾ മുഴുവൻ ഓഫാക്കുകവഴി വളർത്തി എടുക്കവുന്ന സന്താനവിപ്ലവസംസ്കാരത്തെ വിദ്യാഭ്യാസമുള്ള ഒരു കേരളീയനും അഭിവാദ്യം ചെയ്യുകയില്ല.

കുറേക്കലം മുമ്പ്‌ സന്താനവിപ്ലവത്തിനാഹ്വാനം ചെയ്ത തിരുവനന്തപുരത്തെ ഒരു സ്വാമി, അധികമുണ്ടാകുന്ന ഹിന്ദുക്കുട്ടികളെ ആശ്രമം സംരക്ഷിച്ചു കൊള്ളാമെന്നു ഉറപ്പ്‌ നൽകിയിട്ടും വിവേകമുള്ളവർ അത്‌ തള്ളിക്കളയുകയായിരുന്നു. ഹിന്ദുസന്യാസിമാരുടെ കൃത്രിമ ജട പോലെ എടുത്തണിയാവുന്ന ഒരു അലങ്കാരവസ്തുവല്ല ദാരിദ്ര്യം. ആസൂത്രിത സമൂഹത്തിനു മാത്രമേ ദാരിദ്ര്യത്തിൽ നിന്നും മോചനം നേടാൻ കഴിയൂ.

രാമപുരത്തുവാര്യർ കുചേലന്റെ കഥ പറഞ്ഞതിലൂടെ തെളിയിക്കൻ ശ്രമിച്ചത്‌ ആധുനികമായ ഈ ചിന്തയാണ്‌.

ഫിരാഖ്: ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകള്‍


"In the dark times, will there also be singing? Yes, there will be singing,
about the dark times." -Bertolt Brecht

“...ഞങ്ങള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും എല്ലാ മുസ്ലീങ്ങളെയും ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് അവര്‍ ഞങ്ങളെ വളഞ്ഞു. വീടുകള്‍ക്ക് തീയിട്ട് ആളുകളെ തീയിലേയ്ക്ക് എറിഞ്ഞുതുടങ്ങി. പൂര്‍ണ്ണ ഗര്‍ഭിണിയായ എന്റെ കസിന്‍ കൌസര്‍ബീബിയുമായി നില്‍ക്കുകയായിരുന്നു ഞാന്‍. അവള്‍ക്ക് കുഞ്ഞുജനിക്കാന്‍ ഇനി രണ്ട് ദിവസമേയുള്ളൂ. അവര്‍ അവളെ വലിച്ചിഴച്ചുകൊണ്ടു പോയി, ഒരു കത്തികൊണ്ട് അവളുടെ വയര്‍ പിളര്‍ന്ന് ഭ്രൂണത്തെ തീയിലേയ്ക്കെറിഞ്ഞു. എന്നിട്ട് എന്റെ കുടുംബത്തെ ഒന്നൊന്നായി തീയിലേയ്ക്കെറിഞ്ഞു. അച്ഛന്‍, അമ്മ, എന്റെ 17 വയസ്സുള്ള സഹോദരി സോഫിയ.. എന്റെ അമ്മായിയുടെ കുടുംബത്തെയും ജീവനോടെ ചുട്ടെരിച്ചു...”
ജാവെദ് ഹുസൈന്‍‍ , 14
ഉറക്കവും നിഷ്കളങ്കരും
“...മഹ്രൂഖ് ബാനുവിന്റെ മകളായ ഖൈറുന്നീസയുടെ ലജ്ജാകരമായ ബലാത്സംഗത്തിന് ഞാന്‍ ദൃക്‌സാക്ഷിയായിരുന്നു. 11 പേര്‍ ചേര്‍ന്ന് അവളെ മൃഗീയമായി ബലാത്സംഗം ചെയ്തു. വീട്ടിലെ കുളിമുറിയില്‍ ആ സമയത്ത് ഒളിച്ചിരിക്കുകയായിരുന്നു ഞാന്‍ . അതിനു ശേഷം, അവര്‍ അവളുടെ കുടുംബത്തെയൊന്നാകെ ഒന്നൊന്നായി ചുട്ടെരിച്ചു, ഖൈറുന്നീസയുടെ അമ്മയുടെ തല വെട്ടിമാറ്റി. അവര്‍ പെട്രോളില്‍ മറ്റെന്തോ ദ്രാവകം കലര്‍ത്തുന്നത് ഞാന്‍ കണ്ടു. പിന്നീട് കണ്ടെടുത്ത ശവശരീരങ്ങള്‍ ഭീതിദമായ അവസ്ഥയിലായിരുന്നു... ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്, 6 വയസ്സുള്ള ഇമ്രാന്റെ വായിലേയ്ക്ക് പെട്രോള്‍ ഒഴിക്കുന്നത്. അതിനു പിന്നാലെ കത്തിച്ച ഒരു തീപ്പട്ടിക്കൊള്ളി അവന്റെ വായിലേയ്ക്ക് എറിഞ്ഞു, അവന്‍ പൊട്ടിച്ചിതറിപോയി.”
നസീര്‍ ഖാന്‍ റഹീം ഖാന്‍ , പ്രിന്‍സിപ്പല്‍, സണ്‍ഫ്ലവര്‍ സ്കൂള്‍, നരോദ പാട്ടിയ
കമ്മ്യൂണലിസം കോംബാറ്റ്

“... ഭീമാകാരമായ കുഴികള്‍ നിര്‍മ്മിക്കുന്നതിന്റെയും കൂട്ട ശവസംസ്കാരം ചെയ്യുന്നതിന്റെയും അസന്തുഷ്ടമായ ചുമതല എനിക്കായിരുന്നു. ഞാന്‍ കണ്ട ശവശരീരങ്ങളുടെ അവസ്ഥ കാരണം എനിക്ക് ഇന്നും ഉറങ്ങാന്‍ പറ്റുന്നില്ല. പല ശവശരീരങ്ങള്‍ക്കും തലയോട് ഇല്ലായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ കരിഞ്ഞ ശവശരീരങ്ങള്‍ ഒരു കൂനയായി കിടക്കുകയായിരുന്നു. 300-400 ശവശരീരങ്ങള്‍ അവിടെ കണ്ടെന്ന് ഞാന്‍ ആണയിടാം. നിര്‍ഭാഗ്യവശാല്‍, 16 ദിവസം കൊണ്ട് ഞങ്ങള്‍ക്ക് 192 ശവങ്ങളേ കുഴിച്ചുമൂടാന്‍ കഴിഞ്ഞുള്ളൂ. ഈ പ്രവര്‍ത്തി ചെയ്ത സന്നദ്ധസേവകര്‍ക്ക് അവരുടെ ഹൃദയം ഇരുമ്പാക്കേണ്ടി വന്നു, കയ്യുറകള്‍ ധരിക്കേണ്ടി വന്നു, ഡെറ്റോള്‍ തളിക്കേണ്ടി വന്നു, അത്തറു പുരട്ടേണ്ടിവന്നു...”

ദാവൂദ് ഭായി ഘദിയാലി, ദരിയാഖാന്‍ ഘുംബട്ട് റിലീഫ് കാമ്പിലെ സന്നദ്ധ സേവകന്‍, 2002 മാര്‍ച്ച് 20-നു നല്‍കിയ അഭിമുഖത്തില്‍ നിന്നും


രണ്ടായിരത്തി രണ്ടില്‍ ഗുജറാത്തില്‍ നടന്ന ഭീകരമായ വംശീയ കൂട്ടക്കൊലകളെക്കുറിച്ച് വിവിധ മാധ്യമങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആയിരക്കണക്കിന് സംഭവങ്ങളില്‍ ചിലതുമാത്രമാണ് മുകളില്‍ വിവരിച്ചത്. അഭിനേത്രി നന്ദിതാ ദാസിന്റെ പ്രഥമ സംവിധാന സംരഭമായ ഫിരാഖ് കണ്ടിറങ്ങുമ്പോള്‍ ഇത്തരം ചില സംഭവങ്ങളെങ്കിലും ഓര്‍മ്മയിലേക്ക് മടങ്ങി വരാതിരിക്കില്ല. പഴയ മുറിവുകള്‍ കുത്തിപ്പൊട്ടിക്കുന്നു എന്ന ആരോപണം ഈ സിനിമയ്കു നേരെ ഉയര്‍ന്നത് യാദൃശ്ചികമല്ല. ആഴമേറിയ മുറിവുകളില്‍ പലതും ഇനിയും ഉണങ്ങിയിട്ടുണ്ടാവില്ല . വളരെ പഴയതല്ലാത്ത ഒരു നശിച്ച ഭൂതകാലത്തിന്റെ ഓര്‍മ്മ തീര്‍ച്ചയായും ഈ ചിത്രം ഉണര്‍ത്തുന്നുണ്ട്. ചിലര്‍ മറന്നെന്ന് ഭാവിക്കുന്നതും എന്നാല്‍ മറ്റു ചിലര്‍ക്ക് എത്ര മറക്കാന്‍ ശ്രമിച്ചാലും മറക്കാന്‍ കഴിയാത്ത ചില ഓര്‍മ്മകള്‍. ചില സാധാരണ മനുഷ്യരുടെ, കലാപം നടന്ന് ഒരു മാസത്തിനു ശേഷമുള്ള മാനസിക സംഘര്‍ഷങ്ങളാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളില്‍ പതിവായി കാണുന്ന ഈ കഥയും കഥാപാത്രങ്ങളും വെറും ഭാവനാ സൃഷ്ടികള്‍ മാത്രം, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയോ ഉള്ള ഏതൊരു സാമ്യതയും തികച്ചും യാദൃശ്ചികം എന്ന പൊള്ളയായ മുന്‍കൂര്‍ ജാമ്യത്തിനു പകരം 'ഒരായിരം സംഭവ കഥകളുടെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ഒരു കഥ' എന്ന സത്യസന്ധമായ ആമുഖത്തോടെയാണ് ചിത്രം തുടങ്ങുന്നത്.

ഫിരാഖ് എന്ന ഉറുദു വാക്കിന് വേര്‍പിരിയല്‍ (separation) എന്നും അന്വേഷണം(quest) എന്നും അര്‍ത്ഥമുണ്ട്. സ്യൂഡോ ഹിന്ദു സെപ്പറേറ്റിസത്തെക്കുറിച്ചുള്ള പരോക്ഷമായ ഒരു സൂചനയാണോ സംവിധായിക ഉദ്ദേശിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ, ഈ ചിത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ വളരെയേറെ പ്രസക്തമാണെന്നതിന് തര്‍ക്കമില്ല. മുഖ്യധാരാ സിനിമകള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന ഒരു വിഷയം തന്നെ തന്റെ ആദ്യ ചിത്രത്തിനായി അവര്‍ തിരഞ്ഞെടുത്തു എന്നതും അഭിനന്ദനീയമാണ്.

കഥാസാരം

ലഹളകള്‍ നടന്ന് ഒരു മാസത്തിനു ശേഷമുള്ള വിവിധ കഥാപാത്രങ്ങളുടെ ഇഴപിരിഞ്ഞ കഥകള്‍ വിവിധ ആഖ്യാനങ്ങളിലൂടെ വികസിക്കുന്നു. അഭയത്തിനുവേണ്ടി യാചിക്കുകയും അത് നിരസിക്കപ്പെടുകയും ചെയ്യുന്ന ഒരു മുസ്ലീം യുവതിയുടെ ഓര്‍മകള്‍ ആര്‍തി എന്ന ഗുജറാത്തി വീട്ടമ്മയുടെ(ദീപ്തി അഗര്‍വാള്‍) മനസ്സിനെ നിരന്തരം വേട്ടയാടുന്നു. ലഹളകള്‍ക്കു ശേഷം നടന്ന തീവെപ്പിലും കൊള്ളയിലും പങ്കാളിയായ തന്റെ കഠിനഹൃദയനായ ഭര്‍ത്താവിനോടൊപ്പം (പരേഷ് റാവല്‍) അസുഖകരമായ ഒരു ജീവിതം നയിക്കുകയാണവര്‍. അനാഥബാലനായ മൊയ്സിന്‍ (ആര്‍തി അവനെ അവന്റെ സുരക്ഷയ്ക്കായി മോഹന്‍ എന്നു പേരുമാറ്റി വിളിക്കുന്നുണ്ട്) അഭയാര്‍ത്ഥി കാമ്പില്‍ നിന്നും ഒളിച്ചോടി തന്റെ അബ്ബയെ തിരഞ്ഞുകൊണ്ട് നടക്കുകയാണ്, ഒരു ഹിന്ദു കോളനിയില്‍ താമസിക്കുന്ന സംഗീതജ്ഞനായ,തന്റെ ഐഡിയോളജിയില്‍ ഉറച്ചു വിശ്വസിക്കുന്ന ഖാന്‍ സാഹിബിന് (നസുറുദ്ദീന്‍ഷാ) തനിക്കു പരിചിതമായ ലോകത്തിന്റെ തച്ചുടയ്ക്കല്‍ മനസിലാവുന്നില്ല. അക്രമസമയത്ത് ഭര്‍ത്താവിനോടൊപ്പം മറ്റൊരിടത്ത് ഒളിച്ചു താമസിച്ച മുനീറ (ഷഹാന) എന്ന പെണ്‍കുട്ടി ഒടുവില്‍ തിരിച്ചുചെല്ലുമ്പോള്‍ കത്തിച്ചാമ്പലായ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്തുന്നത്.

അനുരാധ (റ്റിസ്ക) എന്ന ഹിന്ദു യുവതിയെ വിവാഹം ചെയ്ത സമീര്‍ ഷേക് (സഞ്ജയ് സൂരി) എന്ന കഥാപാത്രം, തന്റെ അസ്തിത്വത്തെക്കുറിച്ച് ചിന്താക്കുഴപ്പത്തിലാണ്, അഹ്മദാബാദില്‍ തുടരണോ അതോ മറ്റൊരു നഗരത്തിലേയ്ക്ക് പോവണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇരുവരും. ഇതിനു പുറമേ അശരണരായ നാലഞ്ചു മുസ്ലീം കഥാപാത്രങ്ങള്‍, പ്രതികാരം ചെയ്യാന്‍ ചില വിഫലശ്രമങ്ങള്‍ നടത്തുന്നുണ്ട്. കലാപം ഇവരുടെയൊക്കെ ജിവിതത്തില്‍ വരുത്തിയ മാറ്റങ്ങളാണ് ഫിരാഖ് പറയുന്നത്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്, തിരക്കഥ, ഛായാഗ്രഹണം, അഭിനേതാക്കളുടെ പ്രകടനം എന്നിവയൊക്കെ ഒന്നിനൊന്ന് മികച്ചു നില്‍കുന്നു. ഫിരാഖ് ഒരു ഡോക്യുമെന്ററിയല്ല. സിനിമയുടെ ആരംഭത്തില്‍ കാണിക്കുന്ന ശവശരീരങ്ങള്‍ കൂട്ടമായി മറവു ചെയ്യുന്ന രണ്ടു മനുഷ്യരുടെ രംഗത്തിന് ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ദാവൂദ് ഭായ് യുടെ ജീവിതവുമായി ഉള്ള സാദൃശ്യം ഒഴിച്ചു നിര്‍ത്തിയാല്‍ ഗുജറാത്ത് വംശഹത്യക്കാലത്ത് നടന്ന മനുഷ്യത്യരഹിതമായ സംഭവങ്ങളുടെ മറ്റു വിശദാംശങ്ങളിലേക്ക് ഒന്നും കടക്കാതെ ലഹള നഗരവാസികളില്‍ അവശേഷിപ്പിച്ച ഭയം, നിരാശ, കോപം, അസ്വസ്ഥകള്‍, പ്രതീക്ഷ, അസ്തിത്വത്തെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ ഇവയ്കൊക്കെയാണ് പ്രധാന്യം നല്കിയിരിക്കുന്നത്. പലപ്പോഴും കലാപങ്ങളേക്കാള്‍ അതി ഭീകരമാണ് അവ അവശേഷിപ്പിക്കുന്ന വേദനകളും ആകുലതകളും. രണ്ടു ലക്ഷത്തോളം പേരാണ് വീടും ബന്ധുക്കളും നഷ്ടപ്പെട്ട് തെരുവിലിറക്കപ്പെട്ടത്. കഥയും കഥാപാത്രങ്ങളും ഭാവനാ സൃഷ്ടികളെങ്കിലും അവര്‍ നേരിടുന്ന ദു:ഖവും സംഘര്‍ഷങ്ങളും ഒരിക്കലും കൃത്രിമമായി അനുഭവപ്പെടുന്നില്ല. CNN IBNല്‍ രാജീവ് മസന്ദ് എഴുതിയ 'It is a noble film, an admirable debut, but you don't feel the pain.'എന്ന അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ട്. ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച സംഭവങ്ങളോളം വരുന്ന ഹൃദയ ഭേദകമായ കഥകള്‍ ഒന്നും സിനിമ കാണിച്ചു തരുന്നിലെങ്കില്‍ തന്നെ, കലാപക്കാലത്ത് അഹമ്മദാബാദില്‍ താമസമായിരുന്നതിനാല്‍ ചില സംഭവങ്ങള്‍ നേരില്‍ കാണേണ്ടി വന്ന ഹതഭാഗ്യനെന്ന നിലയില്‍ ഈ സിനിമ എന്നെ ഒട്ടേറെ വേദനിപ്പിച്ചു എന്നു പറയാതെ വയ്യ. അല്ലെങ്കിലും മാനഹാനി നേരിടേണ്ടി വന്ന ഒരു സ്ത്രീയുടെ മനോദുഖം സിനിമയില്‍ അവതരിപ്പിക്കാന്‍ ഭീകരമായ ഒരു ബലാത്സംഗ രംഗം കൂടിയേ തീരൂ എന്നില്ലല്ലോ? ഏറ്റവും നല്ല ഉദാഹരണം ബലാത്കാരം എങ്ങിനെ ആസ്വദിച്ചു എന്ന് പരേഷ് റാവല്‍ അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ സുഹൃത്തിനോട് ചോദിക്കുന്ന അറപ്പുളവാക്കുന്ന രംഗം തന്നെ.

അസഹിഷ്ണുതകളുടെ നേര്‍ക്കാഴ്ചകള്‍

വര്‍ഗീയ ധ്രുവീകരണം ഗുജറാത്തില്‍ ഏറെക്കുറേ പൂര്‍ണ്ണമായി കഴിഞ്ഞിരിക്കുന്നു. മുസ്ലീംങ്ങളെ ഒറ്റപ്പെടുത്താനുള്ള നിരന്തരമായ ആഹ്വാനങ്ങള്‍ ഇറങ്ങുന്നു, കുട്ടികളുടെ മനസ്സില്‍ പോലും വിവേചനത്തിന്റെ വിത്തുകള്‍ വിതയ്ക്കും വിധം മുസ്ലീങ്ങളും ഇതര മതങ്ങളും എങ്ങിനെ ഹിന്ദുക്കള്‍ക്ക് ഭീഷണി ആയിത്തീരുന്നു എന്ന രീതിയില്‍ സ്കൂള്‍ പുസ്തകങ്ങള്‍ തിരുത്തി എഴുതപ്പെടുന്നു. (ഗുജറാത്ത് ബോഡിന്റെ ഒമ്പതാം ക്ലാസിലെ സാമൂഹ്യപാഠം
നമ്മുടെ രാജ്യത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന ഒമ്പതാം അധ്യായത്തിന്റെ ആദ്യ ഭാഗം ന്യൂനപക്ഷ സമുദായങ്ങള്‍ ആണ്. മുസ്ലീങ്ങളും കൃസ്ത്യാനികളും വിദേശികളാണെന്നും പല സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ഒരു ന്യൂന പക്ഷമാണ് എന്നും അത് പഠിപ്പിക്കന്നു).

“വൈബ്രന്റ്”ഗുജറാത്തില്‍ (അതോ വയലന്റോ?) സംജാതമായിരിക്കുന്ന പരിതാപകരമായ ഈ അവസ്ഥയെ മിക്ക ഗുജറാത്തികളും ന്യായീകരിക്കുന്നു, അല്ലെങ്കില്‍ അതില്‍ യാതൊരു അപകടവും ഉള്ളതായി വിശ്വസിക്കാത്തവരാണ് മിക്കവരും എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. തങ്ങളുടെ കുഴപ്പം കൊണ്ട് ഉണ്ടായ റോഡ് ആക്സിഡന്റില്‍ കാറുകാരനെ കുറ്റപ്പെടുത്തി പണം തട്ടിയെടുക്കുന്ന തന്റെ കൗശലത്തില്‍ അഭിമാനിക്കുന്ന രണ്ടു ഗുജറാത്തി കഥാപാത്രങ്ങളെപ്പോലെ. കലാപബാധിതരായവര്‍ സര്‍വവും നഷ്ടപ്പെട്ട്
ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുമ്പോള്‍ തൊട്ടടുത്ത്, ഒരു കല്യാണ വീട്ടില്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ ആടിയും പാടിയും നടക്കുന്ന ചില ഗുജറത്തി സ്ത്രീകളെ നന്ദിതാ ദാസ് നമുക്ക് കാണിച്ചു തരുന്നുണ്ട്. ഗുജറാത്തില്‍ താമസിച്ചിട്ടുള്ള പലരും നേരിട്ടനുഭവിച്ചിട്ടുള്ളതായ, മറ്റു മതക്കാരോടും ജനവിഭാഗങ്ങളോടും ഗുജറാത്തികള്‍ക്ക് പൊതുവേയുള്ള അസഹിഷ്ണുതയെയും ചിത്രം തുറന്നു കാട്ടുന്നുണ്ട് . (മുസ്ലീങ്ങളുടെ അസഹിഷ്ണുതയെക്കുറിച്ച്, കലാപം നടന്ന് ഏകദേശം ഒരു മാസത്തിനു ശേഷം ഗോവയില്‍ നടന്ന ബി.ജെ.പി നാഷണല്‍ എക്സിക്യുട്ടീവ് സമ്മേളനത്തില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് പറഞ്ഞത് ഓര്‍ക്കുക: "എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ അവിടെയൊന്നും ഒരിക്കലും അവര്‍ പൊതുസമൂഹവുമായി ഇടപഴകുന്നില്ല. സ്വന്തം ആശയങ്ങള്‍ സമാധാനപരമായി പ്രചരിപ്പിക്കുന്നതിനു പകരം അവര്‍ ഭീഷണിയിലൂടെയും ഭീകരതയിലൂടെയുമാണ് മതപ്രചാരണം നടത്തുന്നത്.) മുസ്ലീം ആയതുകൊണ്ട് താമസിച്ചിരുന്ന സൊസൈറ്റിയില്‍ നിന്നും പുറത്താക്കിയ എന്റെ ഒരു സുഹൃത്തിനെക്കുറിച്ചും, മീന്‍ വറുത്തതിന് ഭീഷണി സഹിക്കേണ്ടി വന്ന ബംഗാളി കുടുംബത്തെയും സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോകുന്നു. അതെ, നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് സഹിഷ്ണുതയെക്കുറിച്ച് തന്നെയാണ്!

തിരഞ്ഞെടുപ്പിനായി ഒരു ക്രിക്കറ്റുകളി മാറ്റിവെച്ചത് രാജ്യത്തിനു നേരിട്ട അപമാനമായി തോന്നിയ ഒരു മനുഷ്യന്, അയാള്‍ ചുക്കാന്‍ പിടിച്ച ഈ നരവേട്ടയെക്കുറിച്ചോ, പൗരമാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിതിലോ അതൊന്നും ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാത്തവതിലോ ഒരു അപമാനവും തോന്നുന്നില്ല എന്നതാണ് ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഹിന്ദുവായാലും മുസല്‍മാനായാലും ശരി ,വര്‍ഗീയ തീവ്രവാദത്തിനു മുമ്പില്‍ മനുഷ്യജീവിതങ്ങള്‍ക്ക് യാതൊരു വിലയും ഇല്ലാതാകുന്നു എന്ന് ഫിരാഖ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഗുജറാത്തിലെ അപകടം നാം തിരിച്ചറിഞ്ഞിട്ടില്ല, ആ അനുഭവങ്ങളില്‍ നിന്നും യാതൊരു പാഠവും നാം പഠിച്ചില്ല എന്ന നിരാശാ ബോധം നമ്മെ വേട്ടയാടുന്നു. മതവൈരാഗ്യത്തേയും അതിന്റെ പേരില്‍ നിരന്തരം നടക്കുന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും ഫലപ്രദമായി നേരിടാന്‍ നമുക്കിന്നും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ ഇന്നും മുത്തലിക്കുമാരും വരുണ്‍ ഗാന്ധിമാരും വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും വിഷം തുപ്പിക്കൊണ്ടിരിക്കുന്നതും അവര്‍ ന്യായീകരിക്കപ്പെടുന്നതും.

അന്ധകാരത്തിന്റെ നടുക്കങ്ങള്‍


ഖാന്‍ സാഹേബ് എന്ന കഥാപാത്രം പറയുന്നതുപോലെ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെടുന്നത് ഹിന്ദുവോ മുസല്‍മാനോ അല്ല, മനുഷ്യന്‍ മനുഷ്യനെത്തന്നെയാണ് പരസ്പരം കൊല്ലുന്നത്. ഇവ നേരില്‍ക്കാണാനിടവരുന്നവര്‍ ഇനി മറ്റൊരിടത്തും ഇതാവര്‍ത്തിക്കരുതേ എന്ന്‍ ആത്മാര്‍ത്ഥമായി ആശിച്ചു പോകും. ലഹള തുടങ്ങിയ ദിവസം ജോലിസ്ഥലത്ത് നിന്നും സുഹൃത്തുക്കളൊപ്പം മടങ്ങി വരവേ തടഞ്ഞു നിര്‍ത്തിയ പോലീസുകാരില്‍ നിന്നും ഞാന്‍ രക്ഷപെട്ടത് മുസ്ലീം എന്നു തോന്നിക്കാത്ത പേരുണ്ടായതു കൊണ്ടു മാത്രമാണ്. എന്നാല്‍ എന്റെ കൂടെ ഫാക്റ്ററിയില്‍ ജോലി ചെയ്തിരുന്ന മറ്റു പലരേയും ഇതേ ഭാഗ്യം തുണക്കാതെപോയി. അവരില്‍ ചിലരൊന്നും പീന്നീടൊരിക്കലും ജോലിക്ക് മടങ്ങിയെത്തിയില്ല. വഴി നീളെ കാറുകളും ട്രക്കുകളും കത്തിയെരിയുന്നതും ഭ്രാന്തമായ ആവേശത്തോടെ വാളും മറ്റായുധങ്ങളുമായി ജനക്കൂട്ടങ്ങള്‍ അലറിക്കൊണ്ട് പോകുന്നതും ഒക്കെ ഒരു മരവിപ്പോടെ മാത്രമേ ഇപ്പോഴും ഓര്‍ക്കാനാകൂ. ഫ്ലാറ്റിന്റെ എട്ടാം നിലയിലെ ബാല്‍കണിയില്‍ നിന്നും കെട്ടിങ്ങളില്‍ നിന്നും ഉയര്‍ന്ന തീയും പുകയും നോക്കിക്കൊണ്ട് നില്‍കാനേ ഞങ്ങള്‍ക്കായുള്ളൂ. ഗുജറാത്തിക്കാരനായ റൂം മേറ്റ് അക്രമകാരികളെ ന്യായീകരിച്ച് സംസാരിക്കുന്നതു കേട്ട് പ്രതികരിക്കാന്‍ പോലും ആവാതെ മൂന്നു ദിവസത്തോളം കമ്പനി ഫ്ലാറ്റിനകത്തു കഴിച്ചു കൂടുകയായിരുന്നു. സ്വന്തം മുറിക്കകത്തു പോലും സുരക്ഷിതനല്ല എന്ന ചിന്ത എന്നെ ഏറെ ഭയപ്പെടുത്തി. അഹമ്മദാബാദിലെ പഴയ ജീവിതം ഒരിക്കലും മടങ്ങി വന്നില്ല. മട്ടന്‍ ബിരിയാണി കഴിക്കാന്‍ ഞങ്ങള്‍ പതിവായി പോവാറുണ്ടായിരുന്ന റിലീഫ് റോഡിലെ ഹോട്ടല്‍ തീവെച്ചു നശിപ്പിക്കപ്പെട്ടു.(അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് മാംസാഹാരം കിട്ടാറുണ്ടായിരുന്നത്). പരിചിതരോടു പോലും ഞാന്‍ സൂക്ഷിച്ചേ സംസാരിച്ചിരുന്നുള്ളൂ. കുറച്ചു മാസങ്ങള്‍ക്കു ശേഷം മി.& മിസിസ് അയ്യര്‍ എന്ന സിനിമയിലെ സ്ട്രിപ് ചെക്കിങ്ങ് രംഗം കാണാനിടയായതു എന്റെ ഭയം വര്‍ദ്ധിപ്പിച്ചു. ഫിരാഖ് സിനിമയിലെ സമീര്‍ എന്ന കഥാപാത്രത്തെപ്പോലെ ഞാനും ഡല്‍ഹിയിലേക്ക് ജോലിയും താമസവും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഭയന്നോട്ടം എവിടെച്ചെന്നു നില്‍കുമെന്നറിയില്ല. കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി മിക്കയിടങ്ങളിലും ഈ അരക്ഷിതാവസ്ഥയുടെ നിഴല്‍ ഉണ്ട്. വിവാദ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനു മുമ്പ് എനിക്ക് നൂറു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന വസ്തുതയ്ക് യാതൊരു പ്രസ്കതിയും ഇല്ലെന്നു വരുന്നു. വസീം അക്രത്തിന്റെ ബൗളിങ്ങിനെയോ അലി അസ്മത്തിന്റെ പാട്ടുകളേയോ പരസ്യമായി പ്രശംസിക്കാന്‍ എനിക്ക് കഴിയാതെ വരുന്നു. ഇന്ത്യൻ ഇസ്ലാമിന് റസൂല്‍ പൂക്കുട്ടിയെപ്പോലെ പൊതുവേദിയില്‍ വെച്ച് ഓംകാരത്തിന്റെ മഹത്വത്തെക്കുറിച്ചും ശിവരാത്രിയെക്കുറിച്ചും പറഞ്ഞ് സ്വന്തം രാജ്യസ്നേഹം വെളിപ്പെടുത്തേണ്ടി വരുന്നു, സ്വന്തം കൂറ് തെളിയിക്കേണ്ടിയിരിക്കുന്നു എന്ന ശോചനീയാവസ്ഥ അശ്ലീലകരമാം വണ്ണം ഭീകരമാണ്. എന്നാല്‍ ഈ അവസ്ഥയ്ക്കെതിരെ എന്തുകൊണ്ട് ചങ്കുറപ്പോടെ പ്രതികരിക്കുന്നില്ല എന്നതിനുള്ള മറുപടി സിനിമയില്‍ സമീര്‍ എന്ന കഥാപാത്രം പറയുന്നുണ്ട്: 'Because I don’t have the balls’.
മറ്റൊരവസരത്തില്‍ തന്നെ ഹിന്ദുവായി തെറ്റിദ്ധരിച്ച പോലീസ് ഓഫീസറോട് താന്‍ മി. ദേസായി അല്ല മി. ഷേയ്ക് ആണെന്നു സമീര്‍ പറയുന്നുണ്ട്. എന്തിന് അങ്ങനെ ചെയ്തെന്നു ചോദിക്കുന്ന ഭാര്യയോട് അയാള്‍ പറയുന്നത് ഇതാണ്: I felt good...bloody good !

മീ റ്റൂ...
ഇത്രയും എങ്കിലും എഴുതിയല്ലോ എന്ന ആശ്വാസം കൊണ്ട്.

- ഉന്മേഷ് ദസ്തക്കിര്‍


നമുക്ക് പരിചിതമായ ദുര്‍ഗന്ധം

മാര്‍ച്ച് 24, 2009ല്‍ ദ ഹിന്ദുവില്‍ വന്ന സിദ്ധാര്‍ത്ഥ് വരദരാജന്റെ ലേഖനത്തിന്റെ ഭാഷാന്തരം

മുസ്ലീങ്ങളോടുള്ള വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന വരുണ്‍ ഗാന്ധിയുടെ പിലിഭിത് പ്രസംഗമാണോ അതോ ആ പ്രസംഗത്തിന്റെ അനിഷേധ്യമായ തെളിവുകള്‍ക്ക് മുന്നില്‍ പതറിയോടുന്ന ഭീരുത്വമോ - ഇതിലേതാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെതായി ഈയിടെ കേട്ട പ്രസ്താവനകളില്‍ കൂടുതല്‍ നിന്ദ്യമേതെന്ന് എനിക്ക് നിശ്ചയിക്കാനാവുന്നില്ല. ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും കാലത്തിനു മുന്‍പ് രാഷ്ട്രീയക്കാര്‍ അച്ചടിമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന തങ്ങളുടെ വാക്കുകളെ നിഷേധിച്ചിരുന്നത് തങ്ങളുടെ വാചകം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റിയോ തെറ്റായി ഉദ്ധരിക്കുകയോ ചെയ്തതാണെന്ന ന്യായം പറഞ്ഞുകൊണ്ടായിരുന്നു. കുറ്റകരമായ വാചകങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകള്‍ പത്രക്കാരന്റെ പക്കലുണ്ടായിരുന്നാല്‍ പോലും അത് നിരത്താനോ പ്രചരിപ്പിക്കാനോ ഉള്ള ഉപാധികളുടെ അഭാവത്തില്‍ അന്നൊക്കെ പ്രാസംഗികന്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. ഇനിയില്ല. വരുണ്‍ തന്റെ പ്രസംഗങ്ങളില്‍ പലയിടത്തും നിരന്തരമായി വര്‍ഗ്ഗീയവിഷം വമിപ്പിക്കുന്നുണ്ടായിരുന്നു. ഒന്നല്ല, അനവധി വീഡിയോ,ഓഡിയോ റിക്കോഡിംഗുകളുണ്ട് ഇത് തെളിയിക്കുന്നതായിട്ട്.

വരുണിന്റെ ഉയര്‍ന്നു താഴുന്ന കരങ്ങളിലും ആവേശം കൊള്ളുന്ന ചുണ്ടുകളിലും മുസ്ലീങ്ങളെ വെട്ടാനും കൊല്ലാനുമുള്ള പരുക്കന്‍ പ്രതിജ്ഞകളിലും ഇന്ത്യ കണ്ടതും കേട്ടതും അകലങ്ങളുടെ സുഖകരമായ മറ ചീന്തിമാറ്റപ്പെട്ട ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് . "ഇത് [കോണ്‍ഗ്രസ്സിന്റെ] കൈപ്പത്തിയല്ലാ. ഇത് താമരയുടെ കൈയ്യാണ്. ഇലക്ഷനു ശേഷം ഇത് മുസ്ലീങ്ങളുടെ കഴുത്തു കണ്ടിക്കും", അയാള്‍ ഈ പറഞ്ഞത് മുസ്ലീങ്ങള്‍ ചേലാകര്‍മ്മം നടത്തുന്നതിനെ അര്‍ത്ഥമാക്കിക്കൊണ്ടുകൂടെയാണ്. നാം അതു കണ്ടു, കേട്ടു, മനസ്സിലാക്കി. അതിനാലാണ് ഈ ക്ലിപ്പിങ്ങുകള്‍ മായം ചേര്‍ത്തവയാണെന്ന വരുണ്‍ ഗാന്ധിയുടെ അവകാശവാദത്തെ ഇലക്ഷന്‍ കമ്മീഷന്‍ തള്ളിയതും അയാള്‍ ഇലക്ഷന്‍ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതും.

ഇലക്ഷനില്‍ നിന്ന് അയോഗ്യനാക്കപ്പെടുന്നതോ തുറുങ്കിലടയ്ക്കപ്പെടുന്നതോ തടയാനായതെല്ലാം അയാള്‍ ചെയ്യുമെന്നത് നമുക്ക് മനസിലാക്കാവുന്ന കാര്യം തന്നെ.മുസ്ലീങ്ങളുടെ കഴുത്ത് കണ്ടിക്കുമെന്ന് പിലിഭിത്തില്‍ ആക്രോശിച്ച ഹിന്ദുത്വത്തിന്റെ യോദ്ധാവ് ദില്ലിയില്‍ വിതുമ്പുന്നു, താന്‍ സംസാരിച്ചത് മുസ്ലീങ്ങള്‍ക്കെതിരേയല്ല പ്രധാന മുന്നണിയുടെ വോട്ടപഹരിക്കുന്ന അപരന്മാരെക്കുറിച്ചാണ് എന്ന അസംബന്ധവുമായി.

ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരേ പ്രയോഗിക്കുന്ന "നിഗ്ഗര്‍" എന്ന അവഹേളനത്തിനു തുല്യമാണ് മുസ്ലീങ്ങള്‍ക്കെതിരേ വരുണ്‍ പ്രയോഗിച്ച "കട്ടുവാ" (കണ്ടിച്ച) എന്ന വാക്കും - അതിന്റെ സ്ഥാനം ഓടയിലാണ്, തെരഞ്ഞെടുപ്പ് പ്രസംഗത്തിലല്ല. മുസ്ലീം നാമങ്ങളെ ഭീതിജനകങ്ങളായി ചിത്രിക്കരിക്കുക മാത്രമല്ല, അവരെ രാത്രിയില്‍ കണ്ടാല്‍ ഹിന്ദുക്കള്‍ ഭയപ്പെടണം എന്നും അയാള്‍ തട്ടിവിട്ടു. ജനാധിപത്യരാജ്യം എന്ന് വിളിക്കാവുന്ന ഏതൊരിടത്തും ഇമ്മാതിരിയൊരു പ്രസംഗം നടത്തുന്ന ഒരുത്തനെ ഉടനടി തുറുങ്കിലടയ്ക്കുകയാണ് ചെയ്യുക. ഇത്തരം പ്രസംഗങ്ങള്‍ മുന്‍ കാലങ്ങളില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുള്ള ഒരു രാജ്യത്ത് അങ്ങനൊരാളെ ഇലക്ഷനില്‍ നിന്ന് അയോഗ്യനാക്കുകയാണ് സ്വാഭാവികമായും വേണ്ടത്. ഇനി നിയമനടപടികളുടെ സ്വാഭാവികമായ കാലതാമസത്തെ കരുവാക്കി അങ്ങനെയൊരാള്‍ നടപടികളെ വൈകിപ്പിച്ചാല്‍ തന്നെയും, അയാളെ ഇലക്ഷനില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അയാളുടെ പാര്‍ട്ടിക്ക് ധാര്‍മ്മിക ബാധ്യതയുണ്ട്.

അബോധതലങ്ങളിലെ വംശവിദ്വേഷങ്ങള്‍ അമേരിക്കയില്‍ ചിലപ്പോഴൊക്കെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മൈക്ക്ള്‍ ഡൂക്കാക്കിസിനെതിരെ 1988ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്മാര്‍ കറുത്തവര്‍ഗ്ഗക്കാരനായ ഒരു കുറ്റവാളിയുടെ പ്രശ്നം ഉന്നയിച്ചിരുന്നു. പക്ഷേ വംശീയോന്മൂലനം പോയിട്ട് ഒരു സ്ഥാനാര്‍ത്ഥി വംശവിദ്വേഷം ദ്യോതിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ പോലും ആ ദിവസം തന്നെ അയാള്‍ പാര്‍ട്ടിക്കു പുറത്താകുമായിരുന്നു. പക്ഷേ ഇത് ഇന്ത്യയാണ്. പാര്‍ട്ടി ബി.ജെ.പിയും. ജനിച്ചകാലം മുതല്‍ വംശീയവിദ്വേഷം പടര്‍ത്തുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സന്ദേശം തന്നെയാണ് വരുണ്‍ ഗാന്ധിയും ഏറ്റുപറഞ്ഞതെന്ന സത്യം നിലനില്‍ക്കെ അയാള്‍ക്കെതിരേ ബി.ജെ.പിക്കെങ്ങനെ നടപടിയെടുക്കാനാവും ?

"Terrifying Vision: M.S. Golwalkar, the RSS and India"യില്‍ ജ്യോതിര്‍മയ ശര്‍മ്മ വ്യക്തമാക്കുന്നതു പോലെ ആര്‍ എസ് എസ്സിന് മുസ്ലീങ്ങള്‍ എന്നും അന്യരും ആക്രമണകാരികളും ഭീഷണിയുയര്‍ത്തുന്നവരുമാണ് - "അപൂര്‍ണ്ണരും സംസ്കാരരഹിതരും രാക്ഷസന്മാരും" എന്നത്രെ മുസ്ലീങ്ങളെ സംബന്ധിച്ച സര്‍വ്വപ്രധാനിയായ ആ സര്‍സംഘചാലകന്റെ വാക്കുകള്‍ . കുലധര്‍മ്മവും ഹൈന്ദവ പൈതൃകവും അംഗീകരിക്കാത്ത ഇസ്ലാമിക, ക്രൈസ്തവ വിഭാഗങ്ങളൊക്കെ രാക്ഷസതുല്യരും ഇന്ത്യയോട് കൂറില്ലാത്തവരുമാണത്രെ. അവര്‍ "വീടിനു വെളിയിലുള്ളവരാണ്" - അവരെ നമ്മുടെ കൂടെ കൂട്ടണമെങ്കില്‍ അവര്‍ സ്വയം അലിയൊ ഹസനോ ജോണോ തോമസോ ആയി അറിയപ്പെടാത്ത കാലത്തേ പറ്റൂ. അതു നിഷേധിക്കുന്ന ഈ "അപരന്മാരെ" എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഗുരു ഗോള്‍വാള്‍ക്കര്‍ പറയുന്നത് പ്രഫസര്‍ ജ്യോതിര്‍മയ ശര്‍മ്മ കാട്ടിത്തരുന്നു : പരശുരാമന്‍ പിതാവിനെ അവഹേളിച്ചതിന് രക്തം കൊണ്ട് തര്‍പ്പണം ചെയ്തു പകരം വീട്ടിയതു പോലെ !

സ്വയം സേവക സംഘത്തിന്റെ സൈദ്ധാന്തിക ജനിതകവ്യവസ്ഥയില്‍ തന്നെ ആലേഖനം ചെയ്യപ്പെട്ട ഒന്നാണ് ഈ മുസ്ലീം വിരുദ്ധ തത്വശാസ്ത്രങ്ങളും അന്യമതസ്ഥര്‍ക്കു നേരെയുള്ള ആക്രമണഭീഷണിയും - തങ്ങളിലേയ്ക്കടുക്കുന്ന ആരെയും മലിനപ്പെടുത്താന്‍ പോന്നവിധം അപകടകരമായ ഒരു ജനിതവ്യതിയാനം.രാജ്യത്തെ നിയമവ്യവസ്ഥകാരണം സ്വന്തം ആശയങ്ങളവതരിപ്പിക്കുമ്പോള്‍ അവധാനതപാലിക്കാന്‍ നിര്‍ബന്ധിതമാവുന്നുവെങ്കിലും ബി.ജെ.പിയുടെ വിശാല രാഷ്ട്രീയത്തിന്റെ അടിസ്ഥാനശില മുസ്ലീം വിരോധം തന്നെ. എന്നാല്‍ ചിലപ്പോഴൊക്കെ മന:പൂര്‍വം നിശ്ചയിച്ചുറപ്പിക്കപ്പെട്ടോ അല്ലാതെയോ ഈ മുഖംമൂടി അഴിഞ്ഞു വീഴുന്നു. വരുണ്‍ ഈ രംഗത്തെ പുതുമുഖമാണ്, എന്നാല്‍ പരിണതപ്രജ്ഞനായ അടല്‍ ബിരി വാജ്പേയിക്ക് പോലും ഈ "വീഴ്ച" ഇടയ്ക്ക് സംഭവിക്കുന്നു. 2002 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ ഗുജറാത്ത് മോഡല്‍ മുസ്ലീംനരഹത്യകളുടെ കാലത്ത് ഗോവയിലെ ഒരു ബി.ജെ.പി സമ്മേളനത്തില്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പറഞ്ഞതിങ്ങനെ : "എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ അവിടെയൊന്നും ഒരിക്കലും അവര്‍ പൊതുസമൂഹവുമായി ഇടപഴകുന്നില്ല. സ്വന്തം ആശയങ്ങള്‍ സമാധാനപരമായി പ്രചരിപ്പിക്കുന്നതിനു പകരം അവര്‍ ഭീഷണിയിലൂടെയും ഭീകരതയിലൂടെയുമാണ് മതപ്രചാരണം നടത്തുന്നത്."

താന്‍ സംസാരിച്ചത് ഇസ്ലാമിസ്റ്റ് തീവ്രവാദികളെപ്പറ്റിയായിരുന്നെന്നും പൊതുവായി മുസ്ലീങ്ങളെപ്പറ്റിയല്ലെന്നും പിന്നീട് വാജ്പേയി തിരുത്തി. "എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ" എന്ന ഭാഗത്തെ "എവിടെയെല്ലാം അത്തരം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ" എന്ന് തിരുത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ കാര്യാലയം വാജ്പേയിയുടെ ഗോവാപ്രസംഗത്തെ മയപ്പെടുത്തിയത്. അവിടം കൊണ്ടു പ്രശ്നം തീര്‍ന്നേനെ, തന്റെ കാര്യാലയം തിരുത്തിയ പ്രസംഗമാണ് താന്‍ യഥാര്‍ത്ഥത്തില്‍ ഗോവയില്പ്പോയി പ്രസംഗിച്ചത് എന്ന നുണ വാജ്പേയി പാര്‍ലമെന്റില്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ . വാജ്പേയിയുടെ യഥാര്‍ത്ഥ ഗോവന്‍ പ്രസംഗത്തിന്റെ റിക്കോഡിംഗ് സഭയ്ക്കുമുന്നില്‍ വച്ചുകൊണ്ടാണ് പാര്‍ലമെന്റിനെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്ന് ഇത് ഖണ്ഡിച്ചത്.വാജ്പേയിയെ സ്പീക്കര്‍ മനോഹര്‍ ജോഷി അന്ന് കുറ്റവിമുക്തനാക്കിയെങ്കിലും "അത്തരം" എന്ന വാക്ക് യഥാര്‍ത്ഥ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വാജ്പേയി സമ്മതിച്ചതായി അദ്ദേഹത്തിന് തന്റെ റൂളിംഗില്‍ രേഖപ്പെടുത്തേണ്ടി വന്നു.

ഇത്തരം തിരുത്തലുകള്‍ക്കും വ്യക്തതവരുത്തലുകള്‍ക്കും ശേഷവും ബിജെപിയുടെ ജനിതകം അതിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. 2007ലെ ഉത്തര്‍പ്രദേശ് അസംബ്ലി ഇലക്ഷനു തലേന്ന് "ഭാരത് കീ പുകാര്‍ " (ഭാരതത്തിന്റെ വിളി) എന്ന പെരിലൊരു വീഡിയോ സി.ഡി ബി.ജെ.പി പുറത്തിറക്കി. മുസ്ലീങ്ങള്‍ പ്രതിനായകരാകുന്ന സി.ഡിയില്‍ ഹിന്ദുക്കള്‍ ഉപരോധത്തിലാകുന്നുവെന്ന സംഘപരിവാരത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കാനുദ്ദേശിച്ചത്. വീഡിയോ സീഡിയിലെ നായകനായ സ്കൂള്‍ അധ്യാപകന്‍ (മാസ്റ്റര്‍ ജീ) ഹിന്ദുക്കളെ നടന്നുപദേശിക്കുന്നു, സമയമതിക്രമിക്കും മുന്‍പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍. "നിങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്തില്ലെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും, നിങ്ങളെ മുസ്ലീങ്ങള്‍ അടിമകളാക്കും, താടി വയ്ക്കേണ്ടി വരും, നെറ്റിയിലെ പൊട്ട് മായ്ക്കേണ്ടിവരും" നായകനായ മാസ്റ്റര്‍ ജീ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മസ്തിഷ്കാഘാതം വന്ന് മരിക്കുന്നു, അയാളുടെ ചിതയ്ക്കരികില്‍ നിന്ന് കൊണ്ട് ഒരുത്തന്‍ പ്രസംഗിക്കുന്നു, "നാം നമ്മെ ഹിന്ദു എന്ന് വിളിക്കാന്‍ പോലും ഭയക്കുന്ന കാലം വിദൂരമല്ല. അന്ന് നിങ്ങള്‍ക്ക് ഒരു സോഹന്‍ ലാലിനെയോ മോഹന്‍ ലാലിനെയോ ആത്മാറാമിനെയോ രാധേകൃഷനേയോ കാണാനാവില്ല. എവിടെ നോക്കിയാലും അബ്ബാസും നഖ് വിയും റിസ് വിയും മൗലവിയും മാത്രമായിരിക്കും."

ഗുരുജിയില്‍ നിന്നും അടല്‍ജീയിലേക്കും മാസ്റ്റര്‍ജീയില്‍ നിന്നും വരുണിലേയ്ക്കും എത്തുമ്പോള്‍ പദങ്ങള്‍ മാറുന്നു പക്ഷേ മുസ്ലീങ്ങള്‍ അന്യപക്ഷവും ശത്രുക്കളും ഭയക്കേണ്ടവരും വിചിത്രനാമക്കാരും ഇന്ത്യയെ മറ്റൊരു പാകിസ്ഥാന്‍ ആക്കാന്‍ പദ്ധതിയുള്ളവരുമാണെന്ന അടിസ്ഥാന സന്ദേശം മാത്രം മാറുന്നില്ല. അതുകൊണ്ട് വരുണ്‍ ഗാന്ധി തന്റെ വോട്ടര്‍മാരെ താക്കീതുചെയ്യുന്നു, "നിങ്ങളുടെ ഗ്രാമങ്ങളില്‍ പോയി ഹിന്ദുക്കളുടെ ഐക്യത്തിനായി ആഹ്വാനം ചെയ്യൂ. ഈ ദേശം പാകിസ്ഥാനാവുന്നതില്‍ നിന്നും രക്ഷിക്കൂ". അയാളുടെ വാക്കുകള്‍ സംഘപരിവാരാശയങ്ങളെയാണ് അവയുടെ ആകത്തുകയില്‍ വ്യക്തമാക്കുന്നത്.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, 2007ലെ ബി.ജെ.പി തെരഞ്ഞെടുപ്പുപ്രചാരണ സി.ഡി ഇലക്ഷന്‍ കമ്മീഷന്‍ ഗൗരവമായിക്കണ്ടില്ല. പക്ഷേ ഇത്തവണ ആ തെറ്റ് ആവര്‍ത്തിക്കപ്പെട്ടില്ല, വരുണ്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കരുത് എന്നു തന്നെ പറഞ്ഞു .
തുടര്‍നടപടികളെപ്പറ്റി ബി.ജെ.പിയില്‍ ആശങ്കയുണ്ട്. 1984 നവംബറിലെ സിഖ് കൂട്ടക്കൊലയില്‍ പങ്കുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജഗദീശ് ടൈറ്റ്ലറെയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ്സ് മുന്നോട്ടുവയ്ക്കുന്നതിലെ ഇരട്ടത്താപ്പ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്സ് അതു ചെയ്യുന്നത് ഞെട്ടിപ്പിക്കുന്നതു തന്നെ, പക്ഷേ രണ്ടുതെറ്റുകള്‍ ഒരു ശരിയെ ഉല്പാദിപ്പിക്കില്ല. അവസാന വിധിവരെ താന്‍ തെറ്റുകാരനല്ല എന്ന് സ്വയം വിശേഷിപ്പിക്കാന്‍ നിയമം വരുണ്‍ ഗാന്ധിയെ അനുവദിച്ചേക്കാം. പക്ഷേ രാഷ്ട്രീയത്തിലെ പ്രത്യാഘാതങ്ങള്‍ മറ്റൊന്നാണ്. അയാളുടെ വെറുപ്പുപടര്‍ത്തുന്ന പ്രസംഗത്തെ അപലപിക്കാതിരിക്കുകയും അയാളെ ഇലക്ഷനില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തട്ടിമാറ്റുകയും ചെയ്യുക വഴി ബി.ജെ.പിയും അതിന്റെ നേതൃത്വവും ഒന്നു വ്യക്തമാക്കിയിരിക്കുന്നു - ഇലക്ഷന്‍ വിജയത്തിനു മതസ്പര്‍ദ്ധയിളക്കിവിട്ട് വിജയം നേടാന്‍ ശ്രമിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുകയും അനുവദിക്കുകയും ചെയ്യുന്നു എന്ന്.

വരുണ്‍ ഗാന്ധി ഹാജര്‍ ഹോ !


വിളി

''
ആരെങ്കിലും ഹിന്ദുക്കളുടെ നേര്‍ക്ക് കൈ ഉയര്‍ത്തിയാല്‍ - ഗീതതൊട്ടു ഞാന് സത്യം ചെയ്യുന്നു - ആ കൈ വരുണ്‍ഗാന്ധി വെട്ടും. ഇതു വെറുമൊരു 'കൈ' അല്ല, 'താമര'യുടെ ശക്തിയാണിത് - ഇതു മുസ്ലിംകളുടെ തലകള് കൊയ്യും... (കൈയ്യുയര്‍ത്തി ആഹ്വാനം) ജയ് ശ്രീറാം... ജയ് ശ്രീറാം... (ജനം ഏറ്റുചൊല്ലുന്നു)...
എല്ലാ ഹിന്ദുക്കളും ഇവിടെ കഴിയട്ടെ. മറ്റുള്ളവരെ പാക്കിസ്ഥാനിലേക്ക് പറഞ്ഞുവിടുക. ഹിന്ദുക്കള്‍ ദുര്‍ബലരാണെന്നോ നേതാക്കളില്ലാത്തവരാണെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കില്, നേതാക്കള്‍ വോട്ടിനുവേണ്ടി തങ്ങളുടെ ചെരിപ്പു നക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്, ആരെങ്കിലും ഹിന്ദുക്കളുടെ നേരെ ചെറു വിരലനക്കിയാല് ആ കൈ വരുണ്‍ ഗാന്ധി വെട്ടും.

അവരുടെ പേരുകള്‍ കേള്‍ക്കണം - കരീമുള്ളാ, മസറുള്ളാ...(പരിഹാസച്ചിരി)..രാത്രി ഇവരെ കണ്ടാല്‍ നിങ്ങള്‍ പേടിച്ചുപോവും... സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ അടിച്ച ലേഖ കണ്ട് ഏഴു വയസ്സുകാരിയായ എന്റെ അമ്മായിയുടെ മകള്‍ എന്നോട് ചോദിച്ചത് ഭയ്യാ, ഒസാമാബിന്‍ ലാദന്‍ നിങ്ങളുടെ മണ്ഡലത്തില് മത്സരിക്കുന്നുണ്ടോ എന്നാണ്....."
ശേഷം

ബിജെപി നേതാവ്‌ വരുണ്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ തെറ്റായി ഒന്നുമില്ലെന്ന്‌ ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ്‌ സേന തലവന്‍ ബാല്‍ താക്കറെ വരുണിനെ ന്യായീകരിച്ചിരിക്കുന്നത്‌. വരുണിന്റെ പ്രസംഗത്തില്‍ തെറ്റൊന്നുമില്ല. വരുണ്‍ എന്ന ഗാന്ധിയെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. വരുണ്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. മാപ്പ്‌ പറയേണ്ട ആവശ്യമില്ല- താക്കറേ പറയുന്നു

തരി

"രാജ്യത്തെല്ലായിടത്തും ഫാമുകളും അവിടം നിറയെ മൃഗങ്ങളുമുണ്ട്. മിക്ക ഗ്രാമങ്ങളിലും മനുഷ്യരുടെ സഞ്ചാരത്തിന് ഇപ്പോഴും കുതിരകളെയും കാളകളെയും ഉപയോഗിക്കുന്നു. ആട്, ചെമ്മരിയാട്, കോഴി ഇവയും വ്യാപകമായി വളര്‍ത്തപ്പെടുന്നുണ്ട്. പട്ടികളില്ലാത്ത ഗ്രാമങ്ങളില്ല. എന്നാല്‍ ഒരു വളര്‍ത്തുമൃഗത്തിന് അസുഖം വന്നാല്‍ ഉടമ ആരെ സമീപിക്കും? ഇവിടെയാണ് ഞാന്‍ നേരത്തേ പറഞ്ഞ ഗ്രന്ഥത്തിന്റെ പ്രാധാന്യം. എങ്ങനെ മൃഗങ്ങളെ വളര്‍ത്താമെന്ന് മാത്രമല്ല അതിലെ പ്രതിപാദ്യം..."

- മൃഗചികിത്സയുടെ നാട്ടറിവുകള്‍
മനേകാ ഗാന്ധി (മുകളിലത്തെ മൃഗത്തിന്റെ ഉടമയും സൃഷ്ടാവും)
മാതൃഭൂമി 22.2.2009
ഉള്‍ വിളി
പ്രജാപതിക്കു തൂറാന്‍ മുട്ടി. പതിവു തെറ്റിയ സമയമായിരുന്നു അത്. തൂറലാഘോഷം വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖുവിളിച്ചപ്പോള്‍ വിശാലമായ സ്വീകരണമുറിയില്‍ സമ്മേളിച്ച മഹത്തുക്കള്‍ തെല്ലൊന്നസ്വസ്ഥരായി. ഇത്രയും കാലം മുടങ്ങാച്ചടങ്ങായി പുലര്‍ച്ചയ്ക്കും അസ്തമയത്തിലും ഊഴം തെറ്റാതെ തൂറുകയാണ് പ്രജാപതി ചെയ്തിട്ടുള്ളത്. ആ മുഹൂര്‍ത്തങ്ങളിലത്രയും പ്രക്ഷേപണ ശൃംഖലകളിലൂടെ 'ധര്‍മ്മപുരി'യുടെ ദേശീയഗാനം കേട്ടുകൊണ്ട് പൗരാവലി നാടിന്റെ ശക്തിയിലും സ്ഥിരതയിലും ആശ്വാസംകൊണ്ടു. കുട്ടികള്‍ അമ്മമാരോട് പറയും:"അപ്പന്‍ തൂറ്റുന്നു". കണ്ണുതുടച്ചുകൊണ്ട് അമ്മമാര്‍ വിസര്‍ജ്ജന മൂര്‍ത്തിയെ ധ്യാനിച്ച് ഇങ്ങനെ പറയും:"അതേ,തൂറ്റുന്നു. കല്യാണ സൗഗന്ധികത്തിന്റെ മണമുള്ള ആ കണ്ടികളെ ധ്യാനിക്കൂ മക്കളേ."...
...വിരുന്നുകാര്‍ ഓച്ഛാനിച്ചു നില്‍ക്കെ, തന്റെ പൃഷ്ഠം തുറന്നുകൊണ്ട് പ്രജാപതി തീട്ടപ്പാത്രത്തിന്റെ പടവുകള്‍ കയറി ആസനസ്ഥനാവുകയും ഇരുവശത്തുമുള്ള തീട്ടപ്പാത്രങ്ങളില്‍ യുവാക്കളായ രണ്ട് സൈനികോദ്യോഗസ്ഥന്മാരും അപ്രകാരം തന്നെ നിലയുറപ്പിക്കയും ചെയ്തു.പ്രജാപതിയുടെ തീട്ടത്തിനു വേണമായിരുന്നു അകമ്പടി. സംഗീതശ്രുതികളോടെ തുടങ്ങിയ തൂറ്റല്‍ കൊമ്പുവിളികളിലും സുരക്ഷാസൈന്യത്തിന്റെ കവാത്തിലും അവസാനിച്ച ശേഷം മാറുമറയ്ക്കാത്ത ആറു പരിചാരികമാര്‍ വന്ന് പൃഷ്ഠങ്ങളെ കഴുകുകയും കുന്തിരിക്കവും മൂരും പുകച്ച് സുഗന്ധപൂര്‍ണമാക്കുകയും ചെയ്തു...
...പത്രക്കാര്‍ തീട്ടപ്പാത്രത്തെ വളഞ്ഞു. വിദേശലേഖകര്‍ തീട്ടം ദര്‍ശിച്ചുമടങ്ങിയ ശേഷം സ്വദേശി ലേഖകര്‍ പാത്രത്തിനു ചുറ്റും തിരക്കു കൂട്ടി, തീട്ടത്തിന്റെ കൊച്ചു തരികള്‍ മാന്തിയെടുത്ത് രുചിക്കാന്‍ തുടങ്ങി. "ഗാംഭീര്യമുള്ളത്", ഒരുത്തന്‍ പറഞ്ഞു. "ഭരണത്തിന്റെ സുസ്ഥിരത", എന്ന് രണ്ടാമന്‍. മൂന്നാമതൊരു സ്വദേശി ഗുളികയോളം പോന്ന തീട്ടപ്പറ്റ് കൈയ്യിലെടുത്ത് അതിന്റെ സൗഷ്ഠവവും ദാര്‍ഢ്യവും ആസ്വദിച്ചു നിന്നു...കണ്ടി നുറുങ്ങ് കൈയ്യിലെടുത്ത സ്വദേശി ദീര്‍ഘനേരത്തെ ആരാധനയ്ക്കു ശേഷം ഇങ്ങനെ പറഞ്ഞു : "കരിങ്കല്ലിന്റെ കരുത്ത്. ഈ കന്മതില്‍ മുറിച്ചു വേണം സാമ്രാജ്യവാദികള്‍ക്ക് നമ്മുടെ പുണ്യഭൂമിയിലേക്ക് കയറുവാന്‍.എന്താ സായിപ്പേ, ശരിയല്ലേ ? "

- ധര്‍മ്മപുരാണം
ഓ.വി.വിജയന്‍‍, 1985

സ്വാത് ഇതാ ഇവിടെയുണ്ട്




മാംഗ്ളൂരിലെ പബ്ബുകളില്‍ സ്ത്രീകള്‍ക്കുനേരെ നടന്ന ശ്രീരാമസേനാ അക്രമം ഇന്ത്യയിലെ താലിബാന്റെ സ്വഭാവ വൈകൃതം ഒരിക്കല്‍ കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു.

പാക്കിസ്ഥാനിലെ സ്വാത്‌ പ്രവിശ്യയെക്കുറിച്ച്‌ നമ്മള്‍ വായിക്കുന്നതും കേള്‍ക്കുന്നതും റിപ്ളിയുടെ 'വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന അതിശയകഥകള്‍ വായിക്കുന്നതുപോലെയാണ്‌. പെണ്‍കുട്ടികളെ സ്കൂളില്‍ പറഞ്ഞയച്ചാല്‍ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തുന്ന അഫ്ഘാനിസ്ഥാനിലെ താലിബാന്‍ കാന്തപുരങ്ങള്‍. പാട്ടു കേള്‍ക്കരുതെന്നും, സിനിമയും നൃത്തവും ഹറാമാണെന്നും വിശ്വസിക്കുന്ന ഭ്രാന്തന്‍മാരാണ്‌ സ്വാത്‌ പ്രവിശ്യയെ അടക്കിവാഴുന്നത്‌. പുരുഷന്‍മാര്‍ തലമുടിയും താടിയും വെട്ടുന്നത്‌ ഇസ്ളാമിനു നിരക്കുന്നതല്ലെന്ന്‌ ഫത്‌വ ഇറക്കുന്ന മനോരോഗികള്‍. ഒരു ക്ഷുരകനെയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും അള്ളാഹുവിന്റെ പേരില്‍ ആണയിടുന്ന ക്ഷുദ്രജീവികള്‍.

സ്വാത്‌ എന്ന നിര്‍ഭാഗ്യദേശവും, താലിബാന്‍ എന്ന വിഷപ്പാമ്പുകളും അത്ര ദൂരെയൊന്നുമല്ല. ഇതാ ഇവിടെതന്നെയുണ്ട്‌ അവറ്റകള്‍. അതിന്റെ ദേശീയവും പ്രാദേശികവുമായ നിരവധി വകഭേദങ്ങളുമുണ്ട്‌. തങ്ങളുടെ ജാഥയെ മുറിച്ചുകടക്കാന്‍ ശ്രമിച്ച നിരാലംബയായ സാധുസ്ത്രീയെ ചവുട്ടിത്തെറിപ്പിച്ച്‌ ഇല്ലാപൌരുഷം കാണിച്ച വീരഹിന്ദുക്കളുടെ നാടാണ്‌ ഇത്‌. ചിത്രം വരച്ചതിന്‌ ഗ്യാലറികളും, ചരിത്രം ഓര്‍മ്മിപ്പിച്ചതിന്‌ ഗ്രന്ഥപ്പുരകളും ചുട്ടുചാമ്പലാക്കും അവര്‍. ബഹുഭാര്യത്വമെന്ന പേരില്‍ സ്വന്തം ഭാര്യയുടെ മുന്നില്‍വെച്ച്‌ അന്യസ്ത്രീകളെ ഭോഗിക്കാന്‍ അള്ളാഹുവിന്റെ സമ്മതമുണ്ടെന്ന്‌ സമര്‍ത്ഥിക്കും അവര്‍. മറ്റു കുട്ടികളുടെ കൂടെ സ്വന്തം സമുദായത്തിലെ കുട്ടികള്‍ ഇടപഴകരുതെന്ന്‌ ഇടയലേഖനമിറക്കും. അന്നന്നത്തെ അന്നം കിട്ടാന്‍ അന്യനാട്ടില്‍നിന്ന്‌ പണിയെടുക്കാന്‍ വരുന്ന സാധുക്കളെ തീയിലിട്ട്‌ പൊരിക്കും ഇത്തരം വിഷപ്പാമ്പുകള്‍.

കരുതിയിരിക്കുക. സ്വാത്‌, ഇതാ നമ്മുടെ വളരെയടുത്തുതന്നെയുണ്ട്.

മുംബായ് : പുകമറ നീങ്ങുമ്പോള്‍..

സംഭവിച്ചത്.

സ്ഫോടനത്തിനു ശേഷം നൈമിഷികമായെങ്കിലും ഒരു നിശബ്ദത അരങ്ങത്തു വരുന്നുണ്ട്. നടുക്കത്തിന്റെ, അമ്പരപ്പിന്റെ, നിസ്സഹായതയുടെ ആ നിശബ്ദതയെ ഭേദിച്ചു വരുന്ന ആരവങ്ങള്‍ക്കു സ്വാഭാവികമായും ഒരു മോബ് സൈക്കിന്റെ വിവേകത്തോടായിരിക്കും കൂടുതല്‍ ചായ്‌വ്. മുംബായ് സ്ഫോടനങ്ങള്‍ക്കുശേഷമുണ്ടായ നടുക്കത്തില്‍ നിന്നും രാജ്യം പതിയെ ഉണര്‍ന്നു തുടങ്ങിയോ എന്നു പറയാറായിട്ടില്ല, യുക്തിയുടേയും വിചാരത്തിന്റെയും മാര്‍ഗ്ഗത്തോടിനിയും പുറംതിരിഞ്ഞുനില്‍ക്കുന്നതിന്റെ സൂചന അതുതന്നെയാണ്.

ഓര്‍ക്കാപ്പുറത്തു കിട്ടിയ ഈ ഇരുട്ടടി തുറന്നുകാട്ടിയത് നമ്മുടെ സുരക്ഷാസംവിധാനങ്ങളുടെ പരാജയങ്ങളെ മാത്രമല്ല, സുരക്ഷിതത്വം എന്ന സങ്കല്‍പ്പത്തെതന്നെയാണ്. ഏതു സുരക്ഷാസംവിധാനത്തെയും മറികടക്കാന്‍ പോന്നതാണു മനുഷ്യന്റെ ഇച്ഛാശക്തിയെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ കരുത്ത് അവഗണിക്കാനാവില്ല.

ഭീകരതയുടെയും തീവ്രവാദത്തിന്റെയും കാതടപ്പിക്കുന്ന അലര്‍ച്ച നമ്മുടെ സുരക്ഷാസങ്കല്‍പ്പങ്ങളെ പരിഹാസ്യമാക്കിയെങ്കില്‍, സുരക്ഷാസങ്കല്‍പ്പങ്ങളെപ്പറ്റി ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയുടെ സൂചനകൂടിയാണിതെന്നു കാണാതിരുന്നുകൂടാ. ഇരുന്നൂറിലേറെ നിരപരാധികളുടെ ജീവനുള്‍പ്പടെ കുറേ ധീരയോദ്ധാക്കളെയും നമുക്ക് നഷ്ടമായി. ദൃശ്യമാധ്യമങ്ങളുടെ വകതിരിവില്ലാത്ത ആവേശങ്ങളെ മറികടന്നു ATS ഉം ഇന്ത്യന്‍ സേനയും ഒടുവില്‍ അനിവാര്യമായ വിജയം കൈവരിച്ചു.

പ്രതികരണം

നടുക്കം, അങ്കലാപ്പ്, നിസ്സഹായത, കണ്‍ഫ്യൂഷന്‍, ക്ഷോഭം, അമര്‍ഷം, പക.... സാധാരണക്കാരന്‍ തൊട്ടു മാധ്യമങ്ങള്‍ വളര്‍ത്തി വലുതാക്കിയ മാധ്യമജീവികള്‍ വരെ പ്രതികരിച്ചത് ഈ വികാരങ്ങളുടെ പുറത്താവുന്നത് സ്വാഭാവികം. ഈ വികാരപ്രകടനങ്ങള്‍ക്കിടയില്‍ വിവേകത്തിന്റെ തിരോധാനം ഒരുപക്ഷെ അനിവാര്യമായിരുന്നിരിക്കണം, അല്ലെങ്കില്‍ മാധ്യമങ്ങള്‍ അതു സാധ്യമാക്കിയെന്നുവേണം അനുമാനിക്കേണ്ടത്.

ദൃശ്യമാധ്യമങ്ങള്‍ക്കു ചാകരയായിരുന്നു. മുതല്‍മുടക്കില്ലാത്ത ആക്ഷന്‍ ത്രില്ലറുകള്‍ രണ്ടുദിവസം അരങ്ങു തകര്‍ത്തു. രാഷ്ട്രീയ നപുംസകങ്ങളുടെ അനവസര-ഇന്‍സെന്‍സിറ്റീവ് ആറ്റിറ്റ്യൂഡും മാധ്യമങ്ങളുടെ അരാഷ്ട്രീയവല്‍ക്കരണ അജണ്ടയ്ക്കു വീണുകിട്ടിയ കനികളായി.

ഏതൊരു പ്രതിസന്ധിയേയും തരണം ചെയ്യുന്നതില്‍ പഴിചാരലുകളുടെ പങ്ക് വളരെ വലുതാണ്, മോബ് സൈക്കിനു പ്രത്യേകിച്ചും ഒരു കുറ്റവാളിയെ കണ്ടുപിടിക്കേണ്ടതുണ്ട്, വികാരപ്രകടനങ്ങളുടെ ആ പൊട്ടിത്തെറി ഏറ്റുവാങ്ങാന്‍ പ്രാപ്തനായ ഒരു കുറ്റവാളി!, അതാരുമായിക്കോട്ടെ, പക്ഷെ ഒരു കുറ്റവാളിയെ പിടിച്ചുകെട്ടേണ്ടതുണ്ട്. ചിലരതു ‘പാക്കിസ്താനില്‍‘ കണ്ടെത്തിയെങ്കില്‍ മറ്റുചിലര്‍ക്കത് രാഷ്ട്രീയക്കാരും മുഖ്യധാരാ രാഷ്ട്രീയവുമായത് യാദൃശ്ചികമല്ല, വോട്ടു ചെയ്യാത്ത ഇന്ത്യന്‍ മിഡില്‍ ക്ലാസിന്റെ ഉത്തരവാദിത്തവിമുഖതയുടെ ഉത്തമദൃഷ്ടാന്തം! കട്ടവനെ കിട്ടിയെല്ലെങ്കില്‍ കിട്ടിയവനെയെന്ന സിദ്ധാന്തത്തിനു മദ്ധ്യസ്ഥതവഹിച്ചത് കോര്‍പ്പറേറ്റ് മാധ്യമങ്ങളും.

ഭീകരതയുടെ രാഷ്ട്രീയവും മാധ്യമബാധ്യതകളും

മാധ്യമങ്ങള്‍ക്കു ജനാധിപത്യത്തിന്മേലുള്ള സ്വാധീനം ചെറുതല്ല. അഭിപ്രായരൂപീകരണമെന്ന പ്രക്രീയയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളില്‍ തന്ത്രപരമായ പങ്ക് വഹിക്കുന്ന ഒന്നാണു മാധ്യമ‌ ഇടപെടലുകളും അവരുയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയവും.

മുംബായ് സ്ഫോടനങ്ങളുടെ പച്ഛാത്തലത്തില്‍ സ്വാഭാവികമായും ചര്‍ച്ചചെയ്യേണ്ട ഭീകരതയുടെ രാഷ്ട്രീയം പക്ഷെ ദൃശ്യമാധ്യമങ്ങളില്‍ വിഷയമാവാതെ പോയത് തുറന്നുകാട്ടിയത് അവയുടെ അരാഷ്ട്രീയൊന്മുഖതയെമാത്രമല്ല, കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ നിയന്ത്രിക്കുന്ന മീഡിയയുടെ പരിമിധികളും പാരതന്ത്ര്യവും കൂടിയാണു്. മീഡിയ പ്രതിനിധീകരിക്കുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ താല്പര്യങ്ങള്‍, അവ പൊതുജനതാല്പര്യങ്ങളായി തെറ്റിവായിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് “തെറ്റായ പ്രാതിനിധ്യം“ എന്ന മറ്റൊരു വിപത്തുകൂടിയാണു്.

ഭീകരതയുടെ രാഷ്ട്രീയം ജനാധിപത്യത്തിനെനേരയുള്ള വെല്ലുവിളിയാണെന്നിരുന്നിട്ടു കൂടി, കേവല വൈകാരികപ്രതികരണങ്ങളില്‍ അഭിരമിക്കുന്ന മാധ്യമസമീപനത്തില്‍ നിന്നെന്താണു മനസ്സിലാക്കേണ്ടത് ?

ഇന്ത്യന്‍ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത മാത്രമായിരുന്നോ ? സുരക്ഷാ സംവിധാനങ്ങളുടെ പരാജയം പ്രതിരോധത്തിന്റെ പരാജയം മാത്രമായിരുന്നു..
ഇതു പ്രതിസന്ധിയുടെ കാരണമേ ആയിരുന്നില്ല. കാരണം തേടി എവിടേയും പോകേണ്ടതുമില്ല, അതിനു ഇന്ത്യന്‍ സ്വാതന്ത്ര്യസമരം തൊട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ മാത്രം മതി, ഇസ്ലാം ഭീകരതയ്ക്കു വളക്കൂറുള്ള മണ്ണൊരുക്കുന്നതില്‍ ഭരണകൂടത്തിന്റെയും അതിനെ ചുറ്റിയുള്ള അധികാരത്തിന്റെയും പങ്കിനെപ്പറ്റി മനസ്സിലാക്കാന്‍.

ഒരു സുപ്രഭാതത്തിലാര്‍ക്കോ തോന്നിയ വിഭ്രാന്തിയല്ലയീ ആക്രമണം. ഭരണകൂടപിന്തുണയോടുകൂടി അരങ്ങേറിയ ബാബ്രിപള്ളി പൊളിക്കല്‍ തൊട്ടു ഗുജറാത്ത്, കാശ്മീര്‍ വരെയുള്ള സംഭവങ്ങളുടെ സ്വാധീനം ചെറുതല്ല. മുസ്ലീമിന് തന്റെ രാജ്യസ്നേഹം പറഞ്ഞറിയിക്കേണ്ടതിലെത്തിനില്‍ക്കുന്ന സാഹചര്യം മതേതരത്ത്വത്തിന്റെ പരാജയം മാത്രമല്ല ഫാസിസത്തിന്റെ വിജയം കൂടിയാണ്.

ഈ ഒരു ഫാസിസ്റ്റ് ഭീകരതയെ അഭിമുഖീകരിക്കാതെ നടത്തുന്ന പുറമേയുള്ള അഴിച്ചുപണികളിലെ തട്ടിപ്പിനെ തിരിച്ചറിയേണ്ടതുണ്ട്. ഇത്തരത്തില്‍ ഫാസിസ്റ്റ് ഭീകരതയെ ഒഴിച്ചു നിര്‍ത്തി അരാഷ്ട്രീയതയ്ക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള മാധ്യമ ചെയ്തികള്‍ കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമായിട്ടു വേണം കാണാന്‍. ഭീകരവാദവും, തീവ്രവാദവും ഉന്നം വയ്ക്കുന്നത് ജനാധിപത്യത്തെയും ജനാധിപത്യവ്യവസ്ഥയെയുമാണെന്നിരിക്കെ, മാധ്യമങ്ങളുടെ കപടമുഖം തുറന്നുകാട്ടേണ്ടതുണ്ട്.

പ്രാതിനിത്യത്തിന്റെ രാഷ്ട്രീയം

“they cannot reperesent themselves, they need to be represented“ - എന്നു മാര്‍ക്സ്.
ഒരു ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം തെറ്റായ പ്രാതിനിത്യത്തിന്റെ സാധ്യതകള്‍ ആത്മഹത്യാപരമാണു താനും. താജ് ഹോട്ടലിനെ ഇന്ത്യയുടെ ഐക്കണായി ഉയര്‍ത്തി കാട്ടിയതു തൊട്ട് ‘ഇന്ത്യയുടെ 9/11’ വരെ നീണ്ട വൈകൃതങ്ങള്‍ കൊണ്ടുപിടിച്ചാഘോഷിച്ചപ്പോള്‍ സാധ്യമാക്കിയത് പ്രാതിനിധ്യത്തില്‍ വന്ന അപചയം തന്നെയാണ്. ടാജ് തുടങ്ങിയ വരേണ്യ ബിംബങ്ങളെ സാധാരണക്കാരന്റെ കൂടിയുള്ള ഐക്കണായി അവരോധിക്കുമ്പോള്‍ ഹൈജാക്ക് ചെയ്യപ്പെടുന്നത് സാ‍ധാരണക്കാരന്റെ ശബ്ദം കൂടിയാണു.

വരേണ്യവര്‍ഗ്ഗ താല്പര്യങ്ങള്‍ പൊതുതാല്പര്യങ്ങളായി മാറുന്നു, മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു. മുബായ് സംഭവം ഈ പ്രക്രിയയെ ത്വരിതപ്പെടുത്താനാണു സഹായിച്ചത്. ഒരു ജനാധിപത്യത്തിന്റെ വിജയം അതില്‍ ജനങ്ങള്‍ പങ്കാളികളാകുമ്പോഴാണ്. വോട്ടു ചെയ്യുന്നതുകൊണ്ടു മാത്രം പങ്കാളിത്തമാവുന്നില്ല, ജനാധിപത്യപ്രക്രീയയിലെ പങ്കാളിത്തമാണു പ്രധാനം.

ജനാധിപത്യപ്രക്രിയയിലെ ഈ പങ്കാളിത്തത്തില്‍നിന്നും ജനതയെ മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമാണു അരാഷ്ട്രീയവല്‍ക്കരണത്തിലൂടെ മാധ്യമങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ജനകീയപ്രക്ഷോഭങ്ങളോടുള്ള വിരോധം, ജനകീയമായിട്ടുള്ള എന്തിനോടുമുള്ള വിരോധം, അധികാരത്തെ വെല്ലുവിളിക്കുന്ന എന്തിനേയും പ്രതിരോധിക്കാന്‍, ജനാധിപത്യപരമായിതന്നെ പ്രതിരോധിക്കാന്‍ അധികാരം പിന്‍പറ്റുന്നവരുടെ ഏറ്റവും വലിയ ആയുധമാണ് അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍.

മാധ്യമങ്ങളെ നിയന്ത്രിക്കുന്ന അധികാരങ്ങള്‍ക്കും അവയുടെ നിര്‍ലോഭപ്രവര്‍ത്തനത്തിനും വിരുദ്ധമായി നില്‍ക്കുന്ന എല്ലാത്തിനേയും ഒന്നൊന്നായി ഒഴിവാക്കുകയാണു അധികാരം പിന്‍പറ്റുന്നവര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണു പ്രാതിനിധ്യം ഹൈജാക്ക് ചെയ്യപ്പെടുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്.

പട്ടാളഭരണം ആവശ്യപ്പെട്ടുകൊണ്ട് പ്രകടനം നടത്തുന്നതിലെത്തിച്ച അരാഷ്ട്രീയവല്‍ക്കരണം നല്‍കുന്ന സൂചന ഭീകരമാണ്. ജനാധിപത്യത്തെ തകര്‍ക്കുക എന്ന ഭീകരവാദികളുടെ അജണ്ടയുടെ വിജയം! ഓര്‍ക്കുക ഭീകരവാദം ഉന്നം വയ്ക്കുന്നത് ജനാധിപത്യത്തെതന്നെയാണു്.

ഭീകരവാദത്തിനുള്ള മറുപടി

സൈനികമായി നേരിടേണ്ടിടത്ത് അതു തന്നെവേണം. എന്നിരുന്നാലും കാരണങ്ങളെ സംബോധനചെയ്യാതെയുള്ള ഏതു നടപടിയും താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രമേ ആവുകയുള്ളൂ. മുസ്ലീം സഹോദരനു ദേശസ്നേഹം പറഞ്ഞുകേള്‍പ്പിക്കേണ്ടി വരാത്തിടത്താണു നമ്മുടെ ശ്രമങ്ങള്‍ ലക്ഷ്യം വയ്ക്കേണ്ടത്.

അതോടൊപ്പം ആഗോള ഭീകരതയേയും അതിന്റെ കാരണങ്ങളേയും സംബോധനചെയ്യേണ്ടതുണ്ട്. ഇസ്ലാമിക ഭീകരത വളര്‍ത്തുന്നതില്‍ സാ‍മ്രാജ്വത്ത ശക്തികള്‍ വഹിച്ച പങ്ക് നിസ്സാരമല്ല, അതുകൊണ്ട് തന്നെ ഭീകരതയുടെ രാഷ്ട്രീയത്തെ ചെറുക്കുമ്പോള്‍ സാമ്രാജ്വത്തനയങ്ങളോള്ള പോരാട്ടത്തിനും സാരമായ പങ്കുണ്ട് ‍. സാമ്രാജ്വത്ത ഭീകരതയ്ക്കെതിരേയും അധിനിവേശശക്തികള്‍ക്കെതിരേയുമുള്ള ചെറുത്തുനില്പിന്റെയും നേതൃത്വവും ഏറ്റെടുത്തുകൊണ്ടുവേണം ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തേണ്ടത്. മതേതര-ജനാധിപത്യ മൂല്യങ്ങളിലൂന്നിയ ഒരു വിശാല കൂട്ടുകെട്ടിനുള്ള സമയമായിരിക്കുന്നു.

തയ്യാറാക്കിയത് : നളന്

നമുക്കിടയില്‍ ജീവിക്കുന്ന ഗോഡ്‌സെ

(2008 ഒക്ടോബര്‍ 30-ന്‌ ജാമിയ മില്ലിയ ഇസ്ലാമി സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട്‌, ശ്രീ. യു.ആര്‍. അനന്തമൂര്‍ത്തി നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം)


ബഹുമാന്യരായ ചാന്‍സലര്‍, വൈസ്‌ ചാന്‍സലര്‍, വകുപ്പദ്ധ്യക്ഷന്‍മാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍,

ജാമിയ മില്ലിയ ഇസ്ളാമിയുടെ ഈ ബിരുദദാനസമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി എന്നെ ക്ഷണിച്ചത്‌ ഒരു വലിയ ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു. ഇത്‌ പറയുമ്പോള്‍ അതിനെ ഒരു ഭംഗിവാക്കായി ആരും കരുതരുതെന്ന് അപേക്ഷ. കാരണം, നമ്മള്‍ ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്ന ദുഷ്ക്കരമായ ഈ കാലഘട്ടത്തില്‍, നിങ്ങളുടെ പ്രശസ്തമായ ഈ സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ നിര്‍വ്വഹിച്ചതുപോലുള്ള ഹൃദയാലുത്വവും,കര്‍ത്തവ്യബോധവും ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍, അസാധാരണമായ ചങ്കൂറ്റം ആവശ്യമാണ്‌. സാധാരണ അവസരങ്ങളില്‍, ‘ശരി‘ എന്നു മാത്രം നമ്മള്‍ ഒരു പക്ഷേ വിശേഷിപ്പിക്കുമായിരുന്ന സ്വഭാവഗുണങ്ങളാണത്‌. എങ്കിലും, അദ്ദേഹം ചെയ്തത്, നമ്മുടെ രാജ്യത്തിന്റെ ഭണഘടനയുടെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക എന്നതില്‍ കവിഞ്ഞൊന്നുമായിരുന്നില്ലെന്ന്, അദ്ദേഹത്തിനെതിരെ കലി തുള്ളുന്ന കോമരങ്ങളോട്‌ എനിക്ക്‌ പറയേണ്ടിവരുന്നു.

വിവേകമുള്ള ഒരാള്‍ക്കും തീവ്രവാദികളെ പിന്തുണക്കാനാവില്ല.

ഹിന്ദുക്കളുടെയും മുസ്ളിമുകളുടെയും അക്രമങ്ങളെ ഒരേമട്ടില്‍ അപലപിക്കുകയും, പാക്കിസ്ഥാന്‌ അവകാശപ്പെട്ടത്‌ അവര്‍ക്ക്‌ നല്‍കാന്‍ തന്റെ അനുയായികളുടേമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുവേണ്ടി ഉപവാസമിരിക്കുകയും ചെയ്തതിനാണ്‌ മഹാത്മാഗാന്ധിയെ ഹിന്ദുക്കളുടെ ശത്രുവും മുസ്ളിമിന്റെ സുഹൃത്തുമായി മുദ്രകുത്തിയതും ഉന്മൂലനം ചെയ്തതും എന്ന കാര്യം നമ്മള്‍ ഒരിക്കലും മറന്നുകൂടാ.

ഇന്നത്തെ ചില രാഷ്ട്രീയക്കാരുടെ വിഷലിപ്തമായ വാഗ്ദ്ധോരണി കേള്‍ക്കുമ്പോള്‍, നാഥുറാം ഗോഡ്‌സെയുടെ ചിന്തകള്‍ ഇപ്പോഴും നമുക്കിടയില്‍ സജീവവും നമ്മെ സ്വാധീനിക്കുകയും ചെയ്യുന്നില്ലേ എന്ന് ആശങ്കിക്കേണ്ടിവരുന്നു. തീവ്രവാദികളെ, അവര്‍ കാണിക്കുന്ന മനുഷ്യത്വരാഹിത്യത്തിന്‌ ശിക്ഷിക്കുക മാത്രമല്ല, തീവ്രവാദത്തിന്‌ വളംവെച്ചുകൊടുക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ രോഗാണുക്കളെ അവസാനിപ്പിക്കുകയും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്‌.

മൈസൂര്‍ സര്‍വ്വകലാശാലയുടെ മഹാരാജാസ്‌ കോളേജിലായിരുന്നു ഞാന്‍ പഠിച്ചത്‌. ഒരു ബ്രിട്ടീഷുകാരനായിരുന്നു അന്നവിടെ പ്രിന്‍സിപ്പല്‍. ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനത്തിനോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്ന ആ മഹാരഥന്‍, പക്ഷേ, തന്റെ അനുവാദമില്ലാതെ കോളേജില്‍ പ്രവേശിക്കാന്‍ പോലീസിനെ അനുവദിച്ചിരുന്നില്ല. ആ പാരമ്പര്യമാണ്‌ തലമുറകളായി കുട്ടികള്‍ അനുഭവിച്ചുവന്നിരുന്നത്‌. എല്ലാ വിദ്യാര്‍ത്ഥികളും- എത്ര വലിയ 'തെറ്റ്‌' ചെയ്യുന്ന വിദ്യാര്‍ത്ഥിയായാലും-അവര്‍ തന്റെ ചുമതയിലുള്ളവരാണെന്ന് കാഴ്ചപ്പാട്‌ വെച്ചുപുലര്‍ത്തിയിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ ചുമതലയായിരുന്നു ആ പ്രിന്‍സിപ്പല്‍ യഥാര്‍ത്ഥത്തില്‍ നിര്‍വ്വഹിച്ചുപോന്നിരുന്നത്‌.

എന്റെ സുഹൃത്തും എഴുത്തുകാരനുമായ മുകുള്‍ കേശവന്റെ വാക്കുകളാണ്‌ എനിക്കിവിടെ പകര്‍ത്താന്‍ തോന്നുന്നത്‌. അതിനേക്കാള്‍ ഭംഗിയായി ഇതിനെക്കുറിച്ച്‌ എനിക്ക്‌ പറയാനാവില്ല.

"എനിക്കൊരു മകനുണ്ട്‌. രണ്ടുവര്‍ഷത്തിനുള്ളില്‍ അവന്‍ ഒരു സര്‍വ്വകലാശാലയില്‍ ചേരും. ഏതെങ്കിലും കാരണവശാല്‍-അങ്ങിനെ സംഭവിക്കാതിരിക്കരുതേ-അവന്‍ പോലീസ്‌ കസ്റ്റഡിയില്‍ പെട്ടുവെന്നിരിക്കട്ടെ (കൊലപാതകത്തിനോ, സായുധമായ കവര്‍ച്ചക്കോ, അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതിനോ, മറ്റെന്തെങ്കിലും കുറ്റത്തിനോ) അപ്പോള്‍, അവന്റെ രക്ഷകര്‍ത്താവായ എന്റെ സ്ഥാനത്തുനിന്നുകൊണ്ടായിരിക്കും സര്‍വ്വകലാശാല പ്രവര്‍ത്തിക്കേണ്ടതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സര്‍വ്വകലാശാലയുടെ മേലധികാരി പോലീസ്‌ സ്റ്റേഷനുമായി ബന്ധപ്പെട്ട്‌, സന്ദര്‍ശകരെ കാണാനും, വേണ്ടിവന്നാല്‍ ജാമ്യമെടുക്കാനും, ജാമ്യമില്ലാത്ത കുറ്റമാണ്‌ അവന്‍ ചെയ്തതെങ്കില്‍, കോടതിയുടെ തടവിലേക്ക്‌ മാറ്റിപ്പാര്‍പ്പിക്കാനുമുള്ള സൌകര്യങ്ങള്‍ അവന്‌ ചെയ്തുകൊടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പോലീസ്‌ കസ്റ്റഡി എന്നത്‌, ഇന്ത്യയില്‍ ഭീകരമായ ഒരു തടവുരീതിയാണ്‌. ജയില്‍ മാന്വലിലെ പ്രക്രിയകള്‍ കൃത്യമായി പിന്തുടരുന്ന ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്ന് ഭിന്നമായി, ലോക്കപ്പുമുറികളില്‍ പോലീസുകാര്‍ക്ക്‌ അഴിഞ്ഞാടാന്‍ സൌകര്യമുണ്ട്‌. ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി പോലീസിന്റെ കയ്യിലകപ്പെട്ടാലുടന്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിന്‌ അത്‌ കളങ്കം ചാര്‍ത്തുമെന്ന് ഭയന്ന് കൈ കഴുകുന്ന ഒരു വിദ്യാഭ്യാസസ്ഥാപനം, പൌരന്റെയോ രക്ഷകര്‍ത്താക്കളുടെയോ ബഹുമാനം അര്‍ഹിക്കാത്ത ദുഷിച്ച ഒന്നാണ്‌".

വൈസ്‌ ചാന്‍സലര്‍ എന്ന നിലയില്‍ പ്രൊഫസ്സര്‍ മുഷിറുള്‍ ഹസ്സന്‍, തന്റെ സര്‍വ്വകലാശാലയുടെ പാരമ്പര്യത്തിനെ കാത്തുരക്ഷിച്ചിരിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌. ഖിലാഫത്തുമായി ബന്ധപ്പെട്ട കൊളോണിയല്‍ വിരുദ്ധ ഇസ്ളാമിക പ്രവര്‍ത്തനം മാത്രമല്ല, ഈ സര്‍വ്വകലാശാലയുടെ സ്ഥപതികളെ പ്രചോദനം കൊള്ളിച്ചിരുന്നത്‌. അവരില്‍ ചിലര്‍ പാശ്ചാത്യവിദ്യാഭ്യാസം നേടിയ മുസ്ളിം ബുദ്ധിജീവിവര്‍ഗ്ഗത്തിന്റെ പുരോഗമന രാഷ്ട്രീയത്തിലും ഭാഗഭാക്കുകളായിരുന്നു.

"ഒരു ഭാഷ, ഒരു മതം, ഒരു വംശം' എന്ന അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട കേന്ദ്രീകൃതമായ ദേശ-രാഷ്ട്രം എന്ന യൂറോപ്പ്യന്‍ സങ്കല്‍പ്പത്തിനെക്കുറിച്ച്‌ ആശങ്ക പുലര്‍ത്തിയിരുന്നു ഗാന്ധിജിയും ടാഗൂറും. ഇന്ത്യയെ അവര്‍ വിഭാവനം ചെയ്തത്‌, വിവിധ പരിഷ്ക്കൃതികളും മതങ്ങളുമടങ്ങിയ എന്നാല്‍ അദ്വൈതത്തിന്റെ അര്‍ത്ഥത്തില്‍ സംയോജിതവുമായ ഒരു വലിയ സംസ്കാരം എന്ന നിലക്കായിരുന്നു എന്നത്‌ എന്നെസംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒരു കാര്യമാണ്‌. അവരുടെ അനുഗ്രഹം ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച സ്ഥാപനമാണ്‌ ഇത്‌.

എന്താണ്‌ ഇന്ന് നമുക്ക്‌ നഷ്ടപ്പെടാനുള്ളത്‌ എന്ന് വ്യക്തമാക്കാന്‍, വീണ്ടും ഞാന്‍ മുകുള്‍ കേശവനെ ഉദ്ധരിക്കട്ടെ. "മുസ്ലിമുകള്‍ കുറ്റക്കാരാണെന്ന പൊതുവായ ആഖ്യാനത്തിലേക്ക്‌ ജനങ്ങളും, പോലീസുകാരും, രാഷ്ട്രീയകക്ഷികളും എത്തിച്ചേരുമ്പോള്‍, ഒരു മഹത്തായ റിപ്പബ്ളിക്കിനെ, ഭൂരിപക്ഷത്തിന്റെ ആധിപത്യമുള്ള ദുഷിച്ചു നാറിയ രാഷ്ട്രമാക്കി മാറ്റുകയാണ്‌ നമ്മള്‍ ചെയ്യുന്നത്‌".

എന്റെ ചില മുസ്ളിം സുഹൃത്തുക്കളില്‍ ഈയിടെയായി കണ്ടുവരുന്ന വികാരം എന്താണെന്ന് എനിക്ക്‌ വ്യക്തമായറിയാം. മാധ്യമങ്ങളാണ്‌ അതിന്റെ പ്രധാന ഉത്തരവാദികള്‍. തീവ്രവാദം നടത്തി എന്ന സംശയത്തിന്റെ ബലത്തില്‍ ഒരു അറസ്റ്റ്‌ ഉണ്ടാകുമ്പോള്‍ത്തന്നെ ഒരു മുസ്ലിം പേര്‍ ഉയര്‍ന്നുവരുന്നു. പിന്നെ അവര്‍ പറയുന്നത്‌, അറസ്റ്റു ചെയ്യപ്പെട്ടയാള്‍ കുറ്റം സമ്മതിച്ചു എന്നാണ്‌. പീഡനമേല്‍ക്കേണ്ടിവന്നാല്‍ ആരാണ്‌ കുറ്റം സമ്മതിക്കാത്തത്‌?

മാനസികവും ശാരീരികവുമായ പീഡനമുണ്ടായാല്‍, ചെയ്യാത്ത കുറ്റം പോലും ഞാന്‍ സമ്മതിക്കുമോ എന്ന് എനിക്ക്‌ തീര്‍ച്ച പറയാനാവില്ല. അതിനാല്‍, ഈ പറഞ്ഞ 'കുറ്റസമ്മത'ത്തിനും, കോടതിയില്‍, നിയമപരമായ സാധുതയില്ല. എന്നു മാത്രമല്ല, ഒരിക്കല്‍ അറസ്റ്റു ചെയ്യപ്പെട്ടാല്‍, പിന്നീട്‌ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലും ഉണ്ടായ കളങ്കം മായ്ക്കുക ഇന്നത്തെ സ്ഥിതിയില്‍ എളുപ്പമുള്ള കാര്യമല്ല.

ഒരു മുസ്ലിം പിടിക്കപ്പെട്ടുവെന്നും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നും ദിവസവും കേള്‍ക്കേണ്ടിവരുമ്പോള്‍, അത്‌ നമ്മുടെ മനസ്സിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്‌. ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവോ എന്ന് നമുക്ക്‌ അറിയാന്‍ കഴിയുന്നില്ല. എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വെളിപ്പെടുത്താന്‍, കൊല്ലപ്പെട്ടവന്‌ എങ്ങിനെയാണ്‌ കഴിയുക? നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിലൂടെ തെളിയിക്കാന്‍ സാധിക്കാതെയിരിക്കുന്നിടത്തോളം കാലം, 'ഏറ്റുമുട്ട'ലിലൂടെ നടത്തുന്ന കൊലപാതകങ്ങള്‍, ശുദ്ധമായ കൊലപാതകം തന്നെയാണെന്ന് ഭരണഘടന ഉറപ്പിച്ച്‌ പറയുന്നുമുണ്ട്‌. ആള്‍ക്കൂട്ടത്തിന്റെ ഉന്‍മാദം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ, എല്ലാം അനുവദനീയമാണെന്ന നിലപാടിലേക്കെത്തിയതുകൊണ്ട്‌, നമ്മുടെ രാഷ്ട്രം ഇത്തരം ഉറപ്പുകള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്നില്ല.

തീവ്രവാദത്തിന്റെ പുതിയ പുതിയ 'ബുദ്ധികേന്ദ്ര'ങ്ങളെ അറസ്റ്റു ചെയ്തു എന്ന വാര്‍ത്തയാണ്‌, എന്റെ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍നിന്ന് ഓരോ ദിവസവും പുറത്തുവരുന്നത്‌. ഈ കഥകളുടെ സത്യാവസ്ഥയെക്കുറിച്ച്‌ എന്തെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍, നിങ്ങളെ ദേശവിരുദ്ധനും, രാജ്യാഭിമാനമില്ലാത്തവനുമായി മുദ്രകുത്തുകയായി. നിസ്സംശയമായും, ഇത്‌ ഫാസിസത്തിന്റെ ആരംഭമാണ്‌.

ഒരു പൌരന്‍ എന്ന നിലക്ക്‌ എനിക്ക്‌ ചോദിക്കാനുള്ളത്‌ ഈ ചോദ്യമാണ്‌. സംശയത്തിന്റെ പേരില്‍ പിടിക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍, അവരുടെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുന്നതിനുമുന്‍പ്‌, എന്തിനാണ്‌ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്‌? ഒരു പൌരസമൂഹത്തില്‍ അല്‍പം ചില നിയന്ത്രണങ്ങളൊക്കെ ഉണ്ടായിരിക്കണം. ഈ പിടിക്കപ്പെട്ടവരുടെ പേരിലുള്ള കുറ്റങ്ങള്‍ നാളെ തെളിയിക്കാന്‍ കഴിയാതിരുന്നാല്‍, അവര്‍ക്കുണ്ടായ മാനനഷ്ടങ്ങള്‍ എങ്ങിനെയാണ്‌ ഇല്ലാതാക്കുക? കാഫ്കയുടെ കഥാപ്രപഞ്ചത്തിലെ ദു:സ്വപ്നഭീതിദമായ രാത്രികളിലാണ്‌ നമ്മള്‍ ജീവിക്കുന്നതെന്ന്, എന്നെപ്പോലെ മറ്റുള്ളവര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു.

ഞരമ്പുരോഗികളുടെ രാജ്യമായി മാറിയിരിക്കുന്നു എന്ന തോന്നല്‍.

തങ്ങളുടെ ഭരണസാരഥ്യം തെളിയിച്ച്‌, പൌരന്‍മാര്‍ക്ക്‌ സുരക്ഷിതത്വത്തിന്റെ മിഥ്യാബോധം സൃഷ്ടിക്കാന്‍, ഭരണാധികാരികള്‍ കയ്യില്‍ കിട്ടുന്നവരെ കരുവാക്കുകയാണെന്ന് ഞാന്‍ സംശയിക്കുന്നു (അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ, ഭരണത്തിലും പ്രതിപക്ഷത്തുമിരിക്കുന്ന രാഷ്ട്രീയകക്ഷിക്കാര്‍ ഇത്‌ തരംപോലെ ഉപയോഗിക്കുന്നുണ്ട്‌). 'സുരക്ഷിതവും ഭദ്രവു'മാണെന്ന ഈ തോന്നല്‍ നൈമിഷികമാണ്‌. കാരണം, തൊട്ടടുത്ത നിമിഷം, മറ്റേതെങ്കിലും തീവ്രവാദി ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും, അതുമായി ബന്ധപ്പെട്ട്‌, വീണ്ടും കുറേ മുസ്ലിമുകളുടെ പേരുകളും നമ്മള്‍ കേള്‍ക്കുകയും ചെയ്യുന്നു. ആ 'തീവ്രവാദി'കളുടെ കയ്യിലുണ്ടായിരുന്നതും, അവര്‍ ഉപയോഗിച്ചതുമായ സ്ഫോടകവസ്തുക്കളുടെ ചിത്രങ്ങളും ചാനലുകള്‍ നമുക്ക്‌ ദൃശ്യമാക്കിത്തരുന്നു.

ചൂടപ്പം സൃഷ്ടിച്ച്‌, പ്രേക്ഷകരുടെ റേറ്റിംഗില്‍ (TRP) സ്ഥാനം നേടാനുള്ള ചാനലുകളുടെ മത്സരം മനസ്സിലാക്കാന്‍ കഴിയുമെങ്കിലും, ബ്രേക്കിംഗ് ന്യൂസ്‌ എന്ന പേരില്‍ അവര്‍ കൊണ്ടാടുന്ന ഈ വിളംബരങ്ങള്‍, വിശ്വാസത്തിനും സംശയത്തിനുമിടക്ക്‌ ഞെങ്ങി ഞെരുങ്ങുന്ന എന്നെപ്പോലുള്ള പൌരന്‍മാര്‍ക്ക്‌ മാനസികമായ പീഡനമാണ്‌ ഉളവാക്കുന്നത്‌. സ്കൂളില്‍നിന്ന് സുരക്ഷിതമായി തിരിച്ചെത്തേണ്ടുന്ന കുട്ടികളില്ലേ നമുക്കെല്ലാവര്‍ക്കും? എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്താനുള്ള സമ്മര്‍ദ്ദം, രാഷ്ട്രീയ യജമാനന്‍മാരില്‍നിന്ന് പോലീസുകാരും യഥേഷ്ടം അനുഭവിക്കുന്നുണ്ട്‌.

'ഇസ്ളാം' എന്ന വാക്കിനുതന്നെ കളങ്കം ചാര്‍ത്തുന്ന വിധത്തില്‍ ഹീനമായ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും നന്നായി അറിയാം, രാജ്യത്തിലെ ഇന്റലിജന്‍സ്‌ സംവിധാനം എത്ര മോശമാണെന്ന്. മുസ്ലിം പേരുള്ളവരെ അറസ്റ്റു ചെയ്യുന്നതിലൂടെ സമൂഹത്തിലെ ബാക്കി വരുന്ന മുസ്ലിം ജനസാമാന്യവും തങ്ങളുടെ പക്ഷത്തേക്ക്‌ വരുമെന്നും, അതിനായില്ലെങ്കില്‍തന്നെ, ചുരുങ്ങിയത്‌, മുസ്ളിം പൊതുസമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനെങ്കിലും തങ്ങള്‍ക്കാകുമെന്ന് തീവ്രവാദികള്‍ക്കറിയാം. സര്‍ക്കാരിന്റെ പ്രവൃത്തികള്‍ ഒരുതരത്തില്‍ അവര്‍ക്ക്‌ സഹായകമാവുകയാണ്‌ ചെയ്യുന്നത്‌. മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനിലും അവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്‌. തന്നെ സൃഷ്ടിച്ചവനെ നശിപ്പിക്കാന്‍ ഒരുമ്പെട്ട ഭസ്മാസുരന്റെ കഥയാണ്‌ ഇത്‌. ലോകത്തിന്റെ മേല്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അമേരിക്കയുടെ നയങ്ങളെ സംബന്ധിച്ചും ഇത്‌ വാസ്തവമാണ്‌. അവരിന്ന് അനുഭവിക്കുന്നത്‌ അവരുടെ കര്‍മ്മഫലമാണ്‌.

ന്യൂനപക്ഷങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് അന്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങളൊരു മുസ്ലിമാണെങ്കില്‍, ബാംഗ്ളൂരില്‍, മദ്ധ്യവര്‍ഗ്ഗവിഭാഗങ്ങള്‍ താമസിക്കുന്ന തരക്കേടില്ലാത്ത പ്രദേശങ്ങളില്‍ ഒരു വാടകവീട്‌ കിട്ടുക എന്നത്‌ ഏകദേശം അസാദ്ധ്യമാണ്‌. നിങ്ങളുടെ പേര്‍ ചോദിച്ചറിഞ്ഞതിനുശേഷം, ആ വീട്‌ മറ്റൊരാള്‍ മേടിച്ചുവെന്ന് ഭവ്യതയോടെ പറഞ്ഞ്‌, അവര്‍ നിങ്ങളെ മടക്കിയയയ്ക്കും.

തിരഞ്ഞെടുപ്പ്‌ അടുത്തുവന്നിരിക്കുന്ന ഈയവസരത്തില്‍ ഹിന്ദു കലാപകാരികള്‍ - ഇസ്ളാമിക മതമൌലികവാദികളില്‍നിന്ന് വ്യത്യസ്തരാണെന്ന് തോന്നിപ്പിക്കാന്‍ ഹിന്ദു വര്‍ഗ്ഗീയവാദികളെ വിളിക്കുന്ന ഓമനപ്പേര്‌ - ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്‌. ഏറ്റവുമധികം പ്രചാരമുള്ളതും ഒരു പ്രമുഖ ന്യൂസ്‌പേപ്പര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ ഒരു കന്നഡ പത്രം, ചില ദിവസങ്ങള്‍ക്കുമുന്‍പ്‌, ഹിന്ദു മതത്തിനെ തകര്‍ക്കാന്‍ ക്രിസ്ത്യാനികള്‍, അവരുടെ നേതാവായ സോണിയാ ഗാന്ധിയുടെ സഹായത്തോടെ ഗൂഢപദ്ധതിയിടുന്നു എന്ന് പ്രചരിപ്പിക്കുന്ന ഒരു അസംബന്ധ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. പത്രത്തിന്റെ ആദ്യപേജില്‍തന്നെ കൊടുത്തിരുന്ന ആ ലേഖനത്തിന്റെ തുടര്‍ഭാഗങ്ങള്‍ ഉള്ളിലെ പേജുകളിലേക്കും പടര്‍ന്നിരുന്നു. ഈ ലേഖനം പ്രസിദ്ധീകരിച്ചതിന്‌ അവര്‍ പറഞ്ഞ ന്യായം, ഇതുവഴി, മതപരിവര്‍ത്തനം എന്ന വിഷയത്തെക്കുറിച്ച്‌ നിഷ്പക്ഷമായ ഒരു സംവാദം തങ്ങള്‍ സാധ്യമാക്കി എന്നായിരുന്നു.

ചില മാസങ്ങള്‍ക്കുമുന്‍പ്‌, ഇതേ ലേഖകന്‍ തന്നെ, ഇസ്ളാമിനെതിരെ കൊടും വര്‍ഗ്ഗീയവിഷം വമിപ്പിക്കുന്ന ഒരു നോവല്‍ എഴുതിയപ്പോള്‍, അന്ന് അതിനെ വിമര്‍ശിച്ചെഴുതിയ എനിക്കെതിരെ ഇതേ പത്രം ഒരു എസ്‌.എം.എസ്‌ പ്രചരണവും സംഘടിപ്പിക്കുകയുണ്ടായി.

മനശ്ശാസ്ത്രതലത്തിലുള്ള ഇത്തരം യുദ്ധങ്ങള്‍ നടക്കുമ്പോഴും, നമ്മുടെ സഹജീവികളായ പതിനായിരങ്ങള്‍, ഇതിലൊന്നും പെടാതെ, തങ്ങളുടെ കുട്ടികളെയും മുതിര്‍ന്നവരെയും സ്നേഹിച്ചും ബഹുമാനിച്ചും സ്വന്തം ജീവിതം ജീവിച്ചുതീര്‍ക്കുന്നുണ്ട്‌ എന്നതും ഞാന്‍ കാണുന്നു. ശരിയായ ആത്മീയതയുടെ വക്താക്കളായ ഇവര്‍ - അവരില്‍ ഹിന്ദുക്കളും മുസ്ലിമുകളും എല്ലാവരുമുണ്ട്‌-സഹാനുഭൂതിയും സഹിഷ്ണുതയുമുള്ളവരാണ്‌. അവരില്ലായിരുന്നുവെങ്കില്‍, ഈ രാജ്യം എന്നേ കത്തിയമരുമായിരുന്നു. എല്ലാവരും - മുസ്ലിമുകളും അല്ലാത്തവരും - ഇസ്ളാമിന്റെ അടിസ്ഥാനത്തെക്കുറിച്ച്‌ ഗൌരവമായി അന്വേഷണം നടത്താനുള്ള സമയമായി എന്ന് എനിക്ക്‌ തോന്നുന്നു. ഇസ്ലാമിനെയും മുസ്ലിമുകളെയും മതമൌലികവാദികളുടെ ചൊല്‍പ്പടിയില്‍നിന്നും, പാശ്ചാത്യ മാധ്യമങ്ങളുടെയും അവരുടെ സില്‍ബന്തികളുടെയും ദുര്‍വ്യാഖ്യാനങ്ങളില്‍നിന്നും മോചിപ്പിക്കാനും, മഹത്തായ ആ മതത്തിന്റെയും തത്ത്വചിന്തയുടെയും മൂല്യങ്ങള്‍ സംരക്ഷിക്കാനും അത്തരത്തിലുള്ള ഗൌരവമായ ഒരു സമീപനം കൂടിയേ കഴിയൂ.

മാക്സിം റോഡിന്‍സണിനെയും എഡ്വേഡ്‌ സയ്‌ദിനെയും സിയാവുദ്ദിന്‍ സര്‍ദാറിനെയും ആലം ഖുന്ത്‌മീരിയെയും പോലെയുള്ള ബുദ്ധിജീവികളും അസ്‌ഗര്‍ അലിയെപ്പോലെയുള്ള ആക്റ്റിവിസ്റ്റുകളും അത്തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തിയവരാണ്‌. ഇസ്ളാമിനും മുസ്ളിമുകള്‍ക്കുമെതിരെയുള്ള വൃത്തികെട്ട ആരോപണങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും എതിര്‍ത്തുതോല്‍പ്പിച്ച്‌, ഇസ്ളാമിനെ രക്ഷിക്കാന്‍ അത്തരം ശ്രമങ്ങള്‍കൊണ്ടുമാത്രമേ സാധിക്കൂ.

സദുദ്ദേശക്കാരായ മതതേതരത്വ വാദികള്‍ക്കും, മൌലികവാദികളെന്ന് ഇടക്കൊക്കെ മുദ്രകുത്തപ്പെടുന്ന പരമ്പരാഗത മതവിശ്വാസികള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന നിര്‍ഭാഗ്യകരമായ വലിയ വിടവ്‌ അവസാനിപ്പിക്കേണ്ടതും ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. മതവിശ്വാസികള്‍ക്കും മതേതരവാദികള്‍ക്കുമിടയില്‍ ഇന്നു നിലനില്‍ക്കുന്ന സംഘര്‍ഷവും സംഘട്ടനങ്ങളും ശത്രുതയും ഇല്ലാതാക്കേണ്ടത്‌, ഇന്നത്തെ കാലത്ത്‌ അത്യാവശ്യമാണ്‌. നമ്മള്‍ ഇന്നു നേരിടുന്ന വലിയ പ്രതിസന്ധി ഈയൊരു വിഷയവുമായി ബന്ധപ്പെട്ടതുകൂടിയാണ്‌. അല്ലാത്തപക്ഷം, ഈ സന്ദര്‍ഭത്തെ നേരിടാന്‍, നമ്മുടെ മുന്‍വിധികള്‍ക്കും, ചിരപരിചിതമായ രീതികള്‍ക്കും സാധിക്കാതെ വന്നേക്കും.

ക്രിസ്ത്യന്‍ സമൂഹത്തിനുവേണ്ടി ശബ്ദിക്കാന്‍ പാശ്ചാത്യരെങ്കിലുമുണ്ട്‌. മുസ്ലിം സമൂഹത്തിനാകട്ടെ ആരുമില്ല. മുസ്ളിമുകള്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്‌ ജോര്‍ജ്ജ്‌ ബുഷ്‌. അതും, രാജവാഴ്ച നിലവിലുള്ള ചില മുസ്ലിം രാജ്യങ്ങളുടെ സഹായത്തോടെത്തന്നെ.

സംഘടിതമതത്തിന്റെ അതിര്‍ത്തികളെ ഭേദിച്ച ഗാന്ധിയുടെയും രമണമഹര്‍ഷിയുടെയും പരമഹംസരുടെയും ആത്മീയതയില്‍ ആകൃഷ്ടരായ എന്നെപ്പോലുള്ള ഹിന്ദുക്കള്‍ക്ക്‌ ഇത്‌ തീര്‍ത്തും ഭീഷണമായ ഒരു അവസ്ഥയാണ്‌. ബുദ്ധനെപ്പോലുള്ള നിരീശ്വരവാദികള്‍ക്കുപോലും 2000 വര്‍ഷമായി താങ്ങും തണലുമായി വര്‍ത്തിക്കുന്ന ഹൈന്ദവസംസ്കാരത്തിന്റെപ്രകൃതത്തിനെ തകര്‍ക്കുകയാണ്‌ ഭൂരിപക്ഷ ആധിപത്യത്തിന്റെ ഈ ദോഷൈകദൃക്കുകളായ അനുയായികള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌.

വോട്ടുബാങ്ക്‌ സൃഷ്ടിക്കുന്നതിനുവേണ്ടി ജനങ്ങളെ വര്‍ഗ്ഗീയമായി ചേരിതിരിക്കുന്ന രാഷ്ട്രീയ കക്ഷികളിലും, ഈ സൂചിപ്പിച്ച ദുഷ്ടലാക്ക്‌, ഏറിയും കുറഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഹിന്ദുക്കളുടെ കാര്യത്തിലാകട്ടെ, ജാതീയമായ വേര്‍‍തിരിവുകളുള്ളതിനാല്‍, ഒരൊറ്റ വോട്ടുബാങ്കായി അവരെ സംഘടിപ്പിക്കലും പ്രയാസമാണെന്നുവരുന്നു.

സ്വാതന്ത്ര്യസമരകാലത്തും, അതിനുമുന്‍പും, ഹിന്ദുക്കളിലെ ജാതിമേധാവിത്വത്തിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിരുന്നു. അവരില്‍ പ്രമുഖനായ ശ്രീനാരായണഗുരുവാണ്‌, അക്കാലം വരെ അസ്പൃശ്യരും, കള്ളുചെത്തി ഉപജീവനം കഴിച്ചിരുന്നവരുമായ ഒരു സമൂഹത്തിനെ ആത്മാഭിമാനത്തിലേക്കും സാമൂഹികാന്തസ്സിലേക്കും ഉയര്‍ത്തിയത്‌. ചണ്ഡാളന്റെ രൂപത്തില്‍ വന്ന്, പരമശിവന്‍ ആദിശങ്കരന്റെ മനസ്സിലെ ജാതിചിന്തകള്‍ മാറ്റിയെടുത്തു എന്നത്‌ ഒരു കെട്ടുകഥയാണെന്നും, ആ വന്ന ചണ്ഡാളന്‍ 'അക്ഷരാര്‍ത്ഥത്തില്‍' ഒരു ചണ്ഡാളന്‍ തന്നെയായിരുന്നുവെന്നും ഗുരു വിശ്വസിച്ചു. അതുകൊണ്ട്‌, 'അക്ഷരാര്‍ത്ഥത്തില്‍', ശ്രീനാരായണഗുരുവും ഒരു അദ്വൈതിതന്നെയായിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണ്ണാടകയിലും ആത്മീയതക്കും സാമൂഹികനീതിക്കുംവേണ്ടി ഒരു വലിയ പ്രസ്ഥാനം ഉയര്‍ന്നുവന്നിരുന്നു. ആ പ്രസ്ഥാനം ജന്‍മം നല്‍കിയ മഹാനായ കവിയായിരുന്നു ബസവ. ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ആലയം, കല്ലും മണ്ണും കൊണ്ട്‌ നിര്‍മ്മിച്ച ദേവാലയങ്ങളല്ലെന്നും, മറിച്ച്‌, നശ്വരമായ മനുഷ്യശരീരമാണെന്നും അദ്ദേഹം വിശ്വസിച്ചു. സാമൂഹികമായ നീതിക്കും തുല്ല്യതക്കും വേണ്ടി പടപൊരുതിയ ബസവ, ഒരു ബ്രാഹ്മണ പെണ്‍കിടാവിനെ, ഒരു അസ്പൃശ്യനെക്കൊണ്ട്‌ വിവാഹം ചെയ്യിപ്പിക്കാനുള്ള ചങ്കൂറ്റം പോലും കാണിക്കുകയുണ്ടായി. ഗാന്ധിജിയും മറ്റൊരു സാമൂഹികപരിഷ്ക്കര്‍ത്താവായിരുന്നു.

ഭൂരിപക്ഷ ആധിപത്യത്തിന്‍കീഴിലുള്ള ഒരു രാഷ്ട്രമാക്കാന്‍ ഹിന്ദുവോട്ടുകള്‍ എങ്ങിനെ സമാഹരിക്കാനാകും എന്ന അന്വേഷണമാണ്‌ ഇന്ന് നടക്കുന്നത്‌. എന്നാല്‍, ആത്മീയതക്കുപകരം, ഉത്സവങ്ങളിലൂടെയും തീര്‍ത്ഥാടനങ്ങളിലൂടെയുമാണ്‌ നമ്മള്‍ അത്തരം അന്വേഷണങ്ങള്‍ നടത്തുന്നത്‌ എന്നതാണ്‌ ഇന്നത്തെ ഏറ്റവും വലിയ വിരോധാഭാസം.

കഴിഞ്ഞ വര്‍ഷം, മറ്റൊരു മഹത്തായ സ്ഥാപനത്തില്‍ സംസാരിക്കാന്‍ എനിക്ക്‌ അവസരം ലഭിച്ചു. ഗാന്ധിജി സ്ഥാപിച്ചതും, മരണം വരെ അദ്ദേഹം ചാന്‍സലറായീരുന്നതുമായ ഗുജറാത്ത്‌ വിദ്യാപീഠത്തില്‍. സംഘടിതമതത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ള ആത്മീയാനുഭവത്തിന്റെ അന്വേഷണത്തിനെക്കുറിച്ചാണ്‌ അന്നവിടെ ഞാന്‍ സംസാരിച്ചത്‌. നമ്മുടെ രാജ്യത്തിന്റെ ഗാന്ധിയന്‍ കാലഘട്ടത്തെ പ്രചോദിപ്പിച്ച മൂന്ന് അന്വേഷണത്വരകളെക്കുറിച്ച്‌ (പ്രശസ്ത തത്ത്വചിന്തകനും സന്ന്യാസിവര്യനുമായ സൈമണ്‍ വേലിന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍, 'ആത്മാവിന്റെ വിശപ്പുകളെ'ക്കുറിച്ച്‌) ആയിരുന്നു അത്‌. സമത്വത്തിനും, ആത്മീയതക്കും, ആധുനികതക്കും വേണ്ടിയുള്ള വിശപ്പ്‌. രാജ്യത്താകമാനമുള്ള എന്നെപ്പോലുള്ള എഴുത്തുകാരെ ആവേശം കൊള്ളിച്ചിരുന്നത്‌ ഈ മൂന്ന് വിശപ്പുകളായിരുന്നു.

സമത്വം എന്ന ഭൌതികമായ വിശപ്പിനുള്ള പരിഹാരം വിദൂരമല്ലാതായിരിക്കുന്നു. എങ്കിലും, സമത്വം എന്ന അത്മാവിന്റെ വിശപ്പ്‌ പരിഹൃതമാകുന്നത്‌, ആത്മീയമായ വിശപ്പുകൂടി തൃപ്തിപ്പെടുമ്പോള്‍ മാത്രമാണ്‌. എല്ലാക്കാലത്തെയും പുണ്യാത്മാക്കള്‍ക്ക്‌ അത്‌ ബോദ്ധ്യവുമുണ്ടായിരുന്നു. ഈ രണ്ട്‌ വിശപ്പുകളുടെയും ഉത്ഭവം, എല്ലാ ജീവരൂപങ്ങളും പരിപാവനമാണെന്നും, ആത്മീയൌന്നത്യത്തിന്റെ പരാഗശോഭയില്ലെങ്കില്‍, പ്രാതിഭാസികമായ ഈ ലോകത്തിലെ നമ്മുടെ ദൈനംദിന ജീവിതം തീര്‍ത്തും അര്‍ത്ഥരഹിതവും മുഷിപ്പനുമാണെന്ന തിരിച്ചറിവിലാണ്‌. ഉപഭോഗസംസ്കാരത്തിന്റെ സ്വര്‍ഗ്ഗം ശുഷ്ക്കവും ആവര്‍ത്തനവിരസവുമാണെന്ന് ആത്യന്തികമായി നമുക്ക്‌ ബോദ്ധ്യം വരും. ആധുനിക മനുഷ്യന്റെ ഉപഭോഗസംസ്കാരം, എത്രമാത്രം അസ്വസ്ഥവും അരോചകവുമാണെന്ന് മഹാന്‍മാരായ പാശ്ചാത്യ എഴുത്തുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

അതുകൊണ്ട്‌, ഇവിടെ സൂചിപ്പിച്ച രണ്ടു വിശപ്പുകളും ആവേശിക്കുമ്പോള്‍, നിലവിലുള്ള സാമൂഹ്യസമ്പ്രദായങ്ങള്‍ക്കും, മതത്തിന്റെ ഘടനകള്‍ക്കും, ശാസ്ത്രവും സാങ്കേതികവളര്‍ച്ചയും അഴിച്ചുവിട്ട വികസനസ്വപ്നങ്ങള്‍ക്കും നേരെ ആധുനിക മനുഷ്യന്‍ അക്ഷമനാകുന്നു. കലഹിക്കുന്നു. കാരണം, ഈ ലോകം മനുഷ്യനു മാത്രം അവകാശപ്പെട്ട ഒന്നല്ല എന്നതുകൊണ്ട്‌.

മദ്ധ്യകാലഘട്ടത്തിലെ നമ്മുടെ ശ്രേഷ്ഠരായ പല കവികളെയും-ബസവ, തുക്കാറാം, കബീര്‍, അക്ക മഹാദേവി പോലുള്ളവരെ- മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാക്കി നിര്‍ത്തുന്നത്‌, ഈ ഇരട്ട വിശപ്പാണ്‌. നമ്മുടെ കാലഘട്ടമെടുത്താല്‍, മഹാത്മാ ഗാന്ധിയും, മാര്‍ട്ടിന്‍ ലൂതര്‍ കിംഗും, ബി.ആര്‍. അംബേദ്‌കറും എല്ലാം, സമത്വത്തിനും ആത്മീയതക്കും വേണ്ടിയുള്ള വിശപ്പുകൊണ്ട്‌ അലഞ്ഞവരായിരുന്നു.

ദൈവത്തിനുവേണ്ടിയുള്ള വിശപ്പ്‌ എന്ന് പറയുന്നതിനുപകരം, ആത്മീയ വിശപ്പ്‌ എന്ന് ഇവിടെ ഉപയോഗിക്കാനുള്ള കാരണം, സംഘടിതമതത്തിന്റെ രൂക്ഷവിമര്‍ശകനായിരുന്ന അംബേദ്‌കറിനെക്കൂടി അപ്പോള്‍ എനിക്കതില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമെന്നുള്ളതുകൊണ്ടാണ്‌. ആധുനികതയുടെ പ്രതിരൂപമായ യൂറോപ്പ്യന്‍ രീതിയില്‍ വസ്ത്രധാരണം ചെയ്ത്‌, ദളിതുകളുടെ അന്തസ്സിനും തുല്ല്യതക്കും വേണ്ടി അക്ഷീണമായ പോരാട്ടം നടത്തിയ അംബേദ്‌കറെ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌? ഇതേ അംബേദ്‌കര്‍ തന്നെയാണ്‌ വര്‍ഷങ്ങള്‍ക്കുശേഷം ബുദ്ധമതത്തെ ആശ്ളേഷിച്ചത്‌. തന്റെ സാമൂഹ്യപ്രതിബദ്ധതയെ നിരാകരിക്കുകയായിരുന്നില്ല, മറിച്ച്‌, കാലാതിവര്‍ത്തിയായ മറ്റൊരു തലത്തിലേക്ക്‌ തന്റെ സമരത്തെ ഉയര്‍ത്തുകയായിരുന്നു അംബേദ്‌കര്‍ ചെയ്തത്‌.

പാശ്ചാത്യവേഷധാരിയില്‍നിന്ന് വ്യത്യസ്തമായി, തല മുണ്ഡനം ചെയ്ത്‌, ബുദ്ധസന്ന്യാസിയുടെ വേഷത്തിലുള്ള, മിഴിവാര്‍ന്നതും അപൂര്‍വ്വവുമായ മറ്റൊരു ചിത്രമുണ്ട്‌ അംബേദ്‌കറിന്റേതായിട്ട്‌. സമത്വത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടിയുള്ള വിശപ്പിനെ, ഭൌതികവും ബാഹ്യവുമായ ലോകത്തിലെ അശ്രാന്തമായ തന്റെ സമര പ്രവര്‍ത്തനങ്ങളിലൂടെയും, ആത്മീയമായ വിശപ്പിനെ, ആന്തരികമായ സമരത്തിലൂടെയും സഫലീകരിക്കുക എന്നത്‌ ഒരേ സമയം എത്ര മനോഹരവും ക്ളേശം നിറഞ്ഞതുമാണെന്ന്, ഈ വ്യത്യസ്ത ചിത്രങ്ങളെ പരസ്പരബന്ധിതമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക്‌ കാണാന്‍ കഴിയും.

വൈജാത്യങ്ങളുണ്ടായിരുന്നിട്ടുപോലും, ഗാന്ധിജിയെയും അംബേദ്‌കറെയും പരസ്പരപൂരകമാക്കുന്നത്‌ ഈയൊരു ഗുണമാണ്‌. ഗാന്ധിജിയുടെ ഗ്രാമസ്വരാജ്യം എന്ന സ്വപ്നവും, വീര്‍സര്‍വാകറിന്റെ സുശക്തമായ രാഷ്ട്രം എന്ന സങ്കല്‍പ്പവും തമ്മിലുള്ള വൈരുദ്ധത്തെക്കുറിച്ച്‌ ഈ മട്ടില്‍ എനിക്ക്‌ പറയാനാവില്ല. കാരണം, അവ ഒരിക്കലും പരസ്പരപൂരകമല്ല എന്നതുതന്നെ. അതിന്റെ തെളിവാണ്‌ ഇന്ന് ഇന്ത്യയില്‍ നമ്മള്‍ നേരിടുന്ന ദുരിതകാലം.

ഏറ്റവും ഒടുവിലായി ഞാന്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഇതാണ്‌. ഇത്രയധികം ദുരന്തവും ആക്രമണങ്ങളും ഗുജറാത്തില്‍ നടന്നുകഴിഞ്ഞിട്ടും, ഗാന്ധിജിയുടെ ഗുജറാത്തിനെ, മുസ്ളിമുകളെ സംബന്ധിച്ചിടത്തോളം ഒരു ദു:സ്സ്വപ്നമാക്കിയതില്‍ നരേന്ദ്രമോഡിക്കുള്ള പങ്ക്‌ എല്ലാവരും സൌകര്യപൂര്‍വ്വം മറന്നുകഴിഞ്ഞതായി തോന്നുന്നു. വികസനത്തില്‍ വിശ്വസിക്കുന്നവരുടെ നായകനായി മാറിയിരിക്കുകയാണ്‌ അയാള്‍.

എല്ലാ രാഷ്ട്രീയകക്ഷികളും വികസനത്തെക്കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിരുദ്ധാഭിപ്രായങ്ങളെ അമര്‍ച്ച ചെയ്ത്‌ ഭൂരിപക്ഷ ആധിപത്യം ഉറപ്പാക്കുന്ന ഒരു രാജ്യമാണ്‌ വികസനത്തിന്‌ ഏറ്റവും അനുയോജ്യമായ പരിസരമെന്ന്, വ്യവസായികള്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്ക്‌ നന്നായി അറിയുകയും ചെയ്യാം. ഏറ്റവും അടിത്തട്ടിലുള്ള ദരിദ്രനുപോലും ഗുണം ചെയ്യാന്‍ കഴിയുന്ന, 'സര്‍വ്വോദയം' എന്ന ഗാന്ധിയന്‍ സാമ്പത്തിക പ്രയോഗത്തെക്കുറിച്ച്‌, ഇന്ന് ഒരു രാഷ്ട്രീയകക്ഷികളും സംസാരിക്കുന്നതേയില്ല. കര്‍ഷകരുടെ ആത്മഹത്യയെ ഗൌരവമായി കാണുന്നവര്‍ ഇല്ലാതായിരിക്കുന്നു. അവരുടെ ആത്മഹത്യയൊന്നും നമ്മുടെ സെന്‍സെക്സിനെ ബാധിക്കുന്നില്ല.

വികസനത്തെ എല്ലാവരുടെയും അഭിവൃദ്ധിയുമായി എങ്ങിനെ കണ്ണിചേര്‍ക്കാമെന്ന്, ഈ മഹത്തായ കലാലയത്തില്‍നിന്ന് ഇന്ന് ബിരുദധാരികളായി പുറത്തുപോകുന്ന നിങ്ങളോരോരുത്തരും ഗൌരവമായി ആലോചിക്കേണ്ടതുണ്ട്‌. അനിയന്ത്രിതമായ ഉപഭോഗത്തില്‍നിന്നും, അതിനാവശ്യമായ പശ്ചാത്തലമൊരുക്കുന്ന, ഭൂരിപക്ഷഭരണത്തിന്റെ സമഗ്രാധിപത്യ ഭരണകൂടത്തില്‍നിന്നും വികസനത്തെ വിമോചിപ്പിക്കേണ്ടതുണ്ട്‌.

ഉപയോഗിച്ചു തേയ്‌മാനം വന്ന ഒരു ഉപദേശമായി ഞാന്‍ പറഞ്ഞതിനെ ദയവുചെയ്ത്‌ കാണരുത്‌. അമേരിക്കന്‍ മാതൃകയിലുള്ള വികസനത്തിന്റെയും ഉപഭോഗത്തിന്റെയും ഫലമായി ലോകം മുഴുവന്‍ ഇന്നൊരു സാമ്പത്തിക പ്രതിസന്ധി നേരിടുകയണ്‌; അത്യാഗ്രഹത്തിന്റെ ഫലമായ ഉപഭോഗം കൊണ്ട്‌ പാരിസ്ഥിതികമായ നാശവും നമ്മുടെ മുന്‍പിലുണ്ട്‌; സമൂഹത്തിലെ അക്രമങ്ങളെ പ്രത്യാക്രമണങ്ങള്‍കൊണ്ട്‌ നേരിടാനും നമുക്ക്‌ കഴിയില്ല. അഹിംസയും സത്യവും ഒന്നുതന്നെയാണെന്ന ഗാന്ധിയന്‍ വിശ്വാസം വെറുമൊരു ആദര്‍ശം മാത്രമല്ല. വ്യക്തികള്‍ക്കും, ഇന്നു നമ്മില്‍ പലരും മനസ്സിലാക്കിയപോലെ, ദേശരാഷ്ട്രങ്ങള്‍ക്കും ഒരുപോലെ ബാധകമായ, ഏറ്റവും പ്രായോഗികവും യുക്തിഭദ്രവുമായ പാതയാണത്‌.

വൈയക്തികമായ ആകുലതയോടെയും, ഉത്‌കണ്ഠയോടെയും ഞാന്‍ ഇവിടെ പറഞ്ഞ വാക്കുകള്‍ ഇത്രനേരവും ശ്രദ്ധയോടെ കേട്ടിരുന്നതിന്‌ നന്ദി. ഈ സന്ദര്‍ഭത്തിന്‌ യോജിച്ച വിധം പണ്ഡിതോചിതമായ ഒരു പ്രസംഗം നടത്താന്‍ കഴിയാതിരുന്നതിന്‌ ദയവായി എന്നോട്‌ ക്ഷമിക്കുക.


പരിഭാഷകക്കുറിപ്പ്: ഭാഷാതീവ്രവാദം, മൃദുഹിന്ദുത്വം, സവര്‍ണ്ണബോധം എന്നിവയുമായി ശ്രീ അനന്തമൂര്‍ത്തി അടുത്തകാലത്തായി നിലനിര്‍ത്തിക്കാണുന്ന ബാന്ധവത്തോട് ഈ പരിഭാഷകന് ശക്തമായ വിയോജിപ്പുകളുണ്ടെങ്കിലും, ഇവിടെ അദ്ദേഹം പ്രകടമാക്കിയിട്ടുള്ള ചില കാഴ്ചപ്പാടുകള്‍ പൊതുവെ പുരോഗമനപരവും മതേതരത്വത്തിന്റെ അടിസ്ഥാനത്തില്‍നിന്നുകൊണ്ടുള്ളതുമാണെന്ന് വിശ്വസിക്കുന്നു. ഈ ലേഖനം പരിഭാഷപ്പെടുത്തുന്നതിനുള്ള പ്രധാന പ്രചോദനവും അതല്ലാതെ മറ്റൊന്നുമായിരുന്നില്ല.