മുംബായ് : പുകമറ നീങ്ങുമ്പോള്‍..

സംഭവിച്ചത്.

സ്ഫോടനത്തിനു ശേഷം നൈമിഷികമായെങ്കിലും ഒരു നിശബ്ദത അരങ്ങത്തു വരുന്നുണ്ട്. നടുക്കത്തിന്റെ, അമ്പരപ്പിന്റെ, നിസ്സഹായതയുടെ ആ നിശബ്ദതയെ ഭേദിച്ചു വരുന്ന ആരവങ്ങള്‍ക്കു സ്വാഭാവികമായും ഒരു മോബ് സൈക്കിന്റെ വിവേകത്തോടായിരിക്കും കൂടുതല്‍ ചായ്‌വ്. മുംബായ് സ്ഫോടനങ്ങള്‍ക്കുശേഷമുണ്ടായ നടുക്കത്തില്‍ നിന്നും രാജ്യം പതിയെ ഉണര്‍ന്നു തുടങ്ങിയോ എന്നു പറയാറായിട്ടില്ല, യുക്തിയുടേയും വിചാരത്തിന്റെയും മാര്‍ഗ്ഗത്തോടിനിയും പുറംതിരിഞ്ഞുനില്‍ക്കുന്നതിന്റെ സൂചന അതുതന്നെയാണ്.

ഓര്‍ക്കാപ്പുറത്തു കിട്ടിയ ഈ ഇരുട്ടടി തുറന്നുകാട്ടിയത് നമ്മുടെ സുരക്ഷാസംവിധാനങ്ങളുടെ പരാജയങ്ങളെ മാത്രമല്ല, സുരക്ഷിതത്വം എന്ന സങ്കല്‍പ്പത്തെതന്നെയാണ്. ഏതു സുരക്ഷാസംവിധാനത്തെയും മറികടക്കാന്‍ പോന്നതാണു മനുഷ്യന്റെ ഇച്ഛാശക്തിയെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ കരുത്ത് അവഗണിക്കാനാവില്ല.

ഭീകരതയുടെയും തീവ്രവാദത്തിന്റെയും കാതടപ്പിക്കുന്ന അലര്‍ച്ച നമ്മുടെ സുരക്ഷാസങ്കല്‍പ്പങ്ങളെ പരിഹാസ്യമാക്കിയെങ്കില്‍, സുരക്ഷാസങ്കല്‍പ്പങ്ങളെപ്പറ്റി ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയുടെ സൂചനകൂടിയാണിതെന്നു കാണാതിരുന്നുകൂടാ. ഇരുന്നൂറിലേറെ നിരപരാധികളുടെ ജീവനുള്‍പ്പടെ കുറേ ധീരയോദ്ധാക്കളെയും നമുക്ക് നഷ്ടമായി. ദൃശ്യമാധ്യമങ്ങളുടെ വകതിരിവില്ലാത്ത ആവേശങ്ങളെ മറികടന്നു ATS ഉം ഇന്ത്യന്‍ സേനയും ഒടുവില്‍ അനിവാര്യമായ വിജയം കൈവരിച്ചു.

പ്രതികരണം

നടുക്കം, അങ്കലാപ്പ്, നിസ്സഹായത, കണ്‍ഫ്യൂഷന്‍, ക്ഷോഭം, അമര്‍ഷം, പക.... സാധാരണക്കാരന്‍ തൊട്ടു മാധ്യമങ്ങള്‍ വളര്‍ത്തി വലുതാക്കിയ മാധ്യമജീവികള്‍ വരെ പ്രതികരിച്ചത് ഈ വികാരങ്ങളുടെ പുറത്താവുന്നത് സ്വാഭാവികം. ഈ വികാരപ്രകടനങ്ങള്‍ക്കിടയില്‍ വിവേകത്തിന്റെ തിരോധാനം ഒരുപക്ഷെ അനിവാര്യമായിരുന്നിരിക്കണം, അല്ലെങ്കില്‍ മാധ്യമങ്ങള്‍ അതു സാധ്യമാക്കിയെന്നുവേണം അനുമാനിക്കേണ്ടത്.

ദൃശ്യമാധ്യമങ്ങള്‍ക്കു ചാകരയായിരുന്നു. മുതല്‍മുടക്കില്ലാത്ത ആക്ഷന്‍ ത്രില്ലറുകള്‍ രണ്ടുദിവസം അരങ്ങു തകര്‍ത്തു. രാഷ്ട്രീയ നപുംസകങ്ങളുടെ അനവസര-ഇന്‍സെന്‍സിറ്റീവ് ആറ്റിറ്റ്യൂഡും മാധ്യമങ്ങളുടെ അരാഷ്ട്രീയവല്‍ക്കരണ അജണ്ടയ്ക്കു വീണുകിട്ടിയ കനികളായി.

ഏതൊരു പ്രതിസന്ധിയേയും തരണം ചെയ്യുന്നതില്‍ പഴിചാരലുകളുടെ പങ്ക് വളരെ വലുതാണ്, മോബ് സൈക്കിനു പ്രത്യേകിച്ചും ഒരു കുറ്റവാളിയെ കണ്ടുപിടിക്കേണ്ടതുണ്ട്, വികാരപ്രകടനങ്ങളുടെ ആ പൊട്ടിത്തെറി ഏറ്റുവാങ്ങാന്‍ പ്രാപ്തനായ ഒരു കുറ്റവാളി!, അതാരുമായിക്കോട്ടെ, പക്ഷെ ഒരു കുറ്റവാളിയെ പിടിച്ചുകെട്ടേണ്ടതുണ്ട്. ചിലരതു ‘പാക്കിസ്താനില്‍‘ കണ്ടെത്തിയെങ്കില്‍ മറ്റുചിലര്‍ക്കത് രാഷ്ട്രീയക്കാരും മുഖ്യധാരാ രാഷ്ട്രീയവുമായത് യാദൃശ്ചികമല്ല, വോട്ടു ചെയ്യാത്ത ഇന്ത്യന്‍ മിഡില്‍ ക്ലാസിന്റെ ഉത്തരവാദിത്തവിമുഖതയുടെ ഉത്തമദൃഷ്ടാന്തം! കട്ടവനെ കിട്ടിയെല്ലെങ്കില്‍ കിട്ടിയവനെയെന്ന സിദ്ധാന്തത്തിനു മദ്ധ്യസ്ഥതവഹിച്ചത് കോര്‍പ്പറേറ്റ് മാധ്യമങ്ങളും.

ഭീകരതയുടെ രാഷ്ട്രീയവും മാധ്യമബാധ്യതകളും

മാധ്യമങ്ങള്‍ക്കു ജനാധിപത്യത്തിന്മേലുള്ള സ്വാധീനം ചെറുതല്ല. അഭിപ്രായരൂപീകരണമെന്ന പ്രക്രീയയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളില്‍ തന്ത്രപരമായ പങ്ക് വഹിക്കുന്ന ഒന്നാണു മാധ്യമ‌ ഇടപെടലുകളും അവരുയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയവും.

മുംബായ് സ്ഫോടനങ്ങളുടെ പച്ഛാത്തലത്തില്‍ സ്വാഭാവികമായും ചര്‍ച്ചചെയ്യേണ്ട ഭീകരതയുടെ രാഷ്ട്രീയം പക്ഷെ ദൃശ്യമാധ്യമങ്ങളില്‍ വിഷയമാവാതെ പോയത് തുറന്നുകാട്ടിയത് അവയുടെ അരാഷ്ട്രീയൊന്മുഖതയെമാത്രമല്ല, കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ നിയന്ത്രിക്കുന്ന മീഡിയയുടെ പരിമിധികളും പാരതന്ത്ര്യവും കൂടിയാണു്. മീഡിയ പ്രതിനിധീകരിക്കുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ താല്പര്യങ്ങള്‍, അവ പൊതുജനതാല്പര്യങ്ങളായി തെറ്റിവായിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് “തെറ്റായ പ്രാതിനിധ്യം“ എന്ന മറ്റൊരു വിപത്തുകൂടിയാണു്.

ഭീകരതയുടെ രാഷ്ട്രീയം ജനാധിപത്യത്തിനെനേരയുള്ള വെല്ലുവിളിയാണെന്നിരുന്നിട്ടു കൂടി, കേവല വൈകാരികപ്രതികരണങ്ങളില്‍ അഭിരമിക്കുന്ന മാധ്യമസമീപനത്തില്‍ നിന്നെന്താണു മനസ്സിലാക്കേണ്ടത് ?

ഇന്ത്യന്‍ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത മാത്രമായിരുന്നോ ? സുരക്ഷാ സംവിധാനങ്ങളുടെ പരാജയം പ്രതിരോധത്തിന്റെ പരാജയം മാത്രമായിരുന്നു..
ഇതു പ്രതിസന്ധിയുടെ കാരണമേ ആയിരുന്നില്ല. കാരണം തേടി എവിടേയും പോകേണ്ടതുമില്ല, അതിനു ഇന്ത്യന്‍ സ്വാതന്ത്ര്യസമരം തൊട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ മാത്രം മതി, ഇസ്ലാം ഭീകരതയ്ക്കു വളക്കൂറുള്ള മണ്ണൊരുക്കുന്നതില്‍ ഭരണകൂടത്തിന്റെയും അതിനെ ചുറ്റിയുള്ള അധികാരത്തിന്റെയും പങ്കിനെപ്പറ്റി മനസ്സിലാക്കാന്‍.

ഒരു സുപ്രഭാതത്തിലാര്‍ക്കോ തോന്നിയ വിഭ്രാന്തിയല്ലയീ ആക്രമണം. ഭരണകൂടപിന്തുണയോടുകൂടി അരങ്ങേറിയ ബാബ്രിപള്ളി പൊളിക്കല്‍ തൊട്ടു ഗുജറാത്ത്, കാശ്മീര്‍ വരെയുള്ള സംഭവങ്ങളുടെ സ്വാധീനം ചെറുതല്ല. മുസ്ലീമിന് തന്റെ രാജ്യസ്നേഹം പറഞ്ഞറിയിക്കേണ്ടതിലെത്തിനില്‍ക്കുന്ന സാഹചര്യം മതേതരത്ത്വത്തിന്റെ പരാജയം മാത്രമല്ല ഫാസിസത്തിന്റെ വിജയം കൂടിയാണ്.

ഈ ഒരു ഫാസിസ്റ്റ് ഭീകരതയെ അഭിമുഖീകരിക്കാതെ നടത്തുന്ന പുറമേയുള്ള അഴിച്ചുപണികളിലെ തട്ടിപ്പിനെ തിരിച്ചറിയേണ്ടതുണ്ട്. ഇത്തരത്തില്‍ ഫാസിസ്റ്റ് ഭീകരതയെ ഒഴിച്ചു നിര്‍ത്തി അരാഷ്ട്രീയതയ്ക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള മാധ്യമ ചെയ്തികള്‍ കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമായിട്ടു വേണം കാണാന്‍. ഭീകരവാദവും, തീവ്രവാദവും ഉന്നം വയ്ക്കുന്നത് ജനാധിപത്യത്തെയും ജനാധിപത്യവ്യവസ്ഥയെയുമാണെന്നിരിക്കെ, മാധ്യമങ്ങളുടെ കപടമുഖം തുറന്നുകാട്ടേണ്ടതുണ്ട്.

പ്രാതിനിത്യത്തിന്റെ രാഷ്ട്രീയം

“they cannot reperesent themselves, they need to be represented“ - എന്നു മാര്‍ക്സ്.
ഒരു ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം തെറ്റായ പ്രാതിനിത്യത്തിന്റെ സാധ്യതകള്‍ ആത്മഹത്യാപരമാണു താനും. താജ് ഹോട്ടലിനെ ഇന്ത്യയുടെ ഐക്കണായി ഉയര്‍ത്തി കാട്ടിയതു തൊട്ട് ‘ഇന്ത്യയുടെ 9/11’ വരെ നീണ്ട വൈകൃതങ്ങള്‍ കൊണ്ടുപിടിച്ചാഘോഷിച്ചപ്പോള്‍ സാധ്യമാക്കിയത് പ്രാതിനിധ്യത്തില്‍ വന്ന അപചയം തന്നെയാണ്. ടാജ് തുടങ്ങിയ വരേണ്യ ബിംബങ്ങളെ സാധാരണക്കാരന്റെ കൂടിയുള്ള ഐക്കണായി അവരോധിക്കുമ്പോള്‍ ഹൈജാക്ക് ചെയ്യപ്പെടുന്നത് സാ‍ധാരണക്കാരന്റെ ശബ്ദം കൂടിയാണു.

വരേണ്യവര്‍ഗ്ഗ താല്പര്യങ്ങള്‍ പൊതുതാല്പര്യങ്ങളായി മാറുന്നു, മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു. മുബായ് സംഭവം ഈ പ്രക്രിയയെ ത്വരിതപ്പെടുത്താനാണു സഹായിച്ചത്. ഒരു ജനാധിപത്യത്തിന്റെ വിജയം അതില്‍ ജനങ്ങള്‍ പങ്കാളികളാകുമ്പോഴാണ്. വോട്ടു ചെയ്യുന്നതുകൊണ്ടു മാത്രം പങ്കാളിത്തമാവുന്നില്ല, ജനാധിപത്യപ്രക്രീയയിലെ പങ്കാളിത്തമാണു പ്രധാനം.

ജനാധിപത്യപ്രക്രിയയിലെ ഈ പങ്കാളിത്തത്തില്‍നിന്നും ജനതയെ മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമാണു അരാഷ്ട്രീയവല്‍ക്കരണത്തിലൂടെ മാധ്യമങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ജനകീയപ്രക്ഷോഭങ്ങളോടുള്ള വിരോധം, ജനകീയമായിട്ടുള്ള എന്തിനോടുമുള്ള വിരോധം, അധികാരത്തെ വെല്ലുവിളിക്കുന്ന എന്തിനേയും പ്രതിരോധിക്കാന്‍, ജനാധിപത്യപരമായിതന്നെ പ്രതിരോധിക്കാന്‍ അധികാരം പിന്‍പറ്റുന്നവരുടെ ഏറ്റവും വലിയ ആയുധമാണ് അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍.

മാധ്യമങ്ങളെ നിയന്ത്രിക്കുന്ന അധികാരങ്ങള്‍ക്കും അവയുടെ നിര്‍ലോഭപ്രവര്‍ത്തനത്തിനും വിരുദ്ധമായി നില്‍ക്കുന്ന എല്ലാത്തിനേയും ഒന്നൊന്നായി ഒഴിവാക്കുകയാണു അധികാരം പിന്‍പറ്റുന്നവര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണു പ്രാതിനിധ്യം ഹൈജാക്ക് ചെയ്യപ്പെടുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്.

പട്ടാളഭരണം ആവശ്യപ്പെട്ടുകൊണ്ട് പ്രകടനം നടത്തുന്നതിലെത്തിച്ച അരാഷ്ട്രീയവല്‍ക്കരണം നല്‍കുന്ന സൂചന ഭീകരമാണ്. ജനാധിപത്യത്തെ തകര്‍ക്കുക എന്ന ഭീകരവാദികളുടെ അജണ്ടയുടെ വിജയം! ഓര്‍ക്കുക ഭീകരവാദം ഉന്നം വയ്ക്കുന്നത് ജനാധിപത്യത്തെതന്നെയാണു്.

ഭീകരവാദത്തിനുള്ള മറുപടി

സൈനികമായി നേരിടേണ്ടിടത്ത് അതു തന്നെവേണം. എന്നിരുന്നാലും കാരണങ്ങളെ സംബോധനചെയ്യാതെയുള്ള ഏതു നടപടിയും താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രമേ ആവുകയുള്ളൂ. മുസ്ലീം സഹോദരനു ദേശസ്നേഹം പറഞ്ഞുകേള്‍പ്പിക്കേണ്ടി വരാത്തിടത്താണു നമ്മുടെ ശ്രമങ്ങള്‍ ലക്ഷ്യം വയ്ക്കേണ്ടത്.

അതോടൊപ്പം ആഗോള ഭീകരതയേയും അതിന്റെ കാരണങ്ങളേയും സംബോധനചെയ്യേണ്ടതുണ്ട്. ഇസ്ലാമിക ഭീകരത വളര്‍ത്തുന്നതില്‍ സാ‍മ്രാജ്വത്ത ശക്തികള്‍ വഹിച്ച പങ്ക് നിസ്സാരമല്ല, അതുകൊണ്ട് തന്നെ ഭീകരതയുടെ രാഷ്ട്രീയത്തെ ചെറുക്കുമ്പോള്‍ സാമ്രാജ്വത്തനയങ്ങളോള്ള പോരാട്ടത്തിനും സാരമായ പങ്കുണ്ട് ‍. സാമ്രാജ്വത്ത ഭീകരതയ്ക്കെതിരേയും അധിനിവേശശക്തികള്‍ക്കെതിരേയുമുള്ള ചെറുത്തുനില്പിന്റെയും നേതൃത്വവും ഏറ്റെടുത്തുകൊണ്ടുവേണം ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തേണ്ടത്. മതേതര-ജനാധിപത്യ മൂല്യങ്ങളിലൂന്നിയ ഒരു വിശാല കൂട്ടുകെട്ടിനുള്ള സമയമായിരിക്കുന്നു.

തയ്യാറാക്കിയത് : നളന്