രണ്ടു പെണ്‍കുട്ടികള്‍
രണ്ട് പെണ്‍കുട്ടികള്‍. രണ്ടു സഹോദര രാജ്യങ്ങളുടെ ഭാവിതലമുറയിലെ പ്രതിനിധികളാകേണ്ടവര്‍ എന്നിട്ടും ആരാണിവരെ ഈ വിധമാക്കിയത്?
ഈ കുട്ടികളെ കുറ്റം പറയാന്‍ നമുക്കാവില്ല. ഭവിഷ്യത്തുകള്‍ ആലോചിക്കാതെ, ഹൃദിസ്ഥമാക്കിയ ഒരു എക്സ്റമ്പോര്‍ പ്രസംഗത്തിന്റെ ലഹരി നുണയുകയാണ് ആ പാവങ്ങള്‍. എങ്കിലും അവരില്‍ ആ കൊടുംവിഷം കുത്തിവെച്ച സര്‍പ്പങ്ങളെ നമ്മള്‍ തിരിച്ചറിയുകതന്നെ വേണം. നമ്മുടെ കുട്ടികളെയും, അവരുടെ വരും തലമുറയെയുമാണ് അവര്‍ ചോരയില്‍ മുക്കിത്താഴ്ത്താന്‍ നോക്കുന്നത്. നൂറ്റിച്ചില്ല്വാനം ആളുകളെ ചാമ്പലാക്കാനാണവര്‍ കച്ചമുറുക്കിയിരിക്കുന്നത്.

ആനന്ദിന്റെ ഡോക്യുമെന്ററിയില്‍ ലാഹോറിലെ പെണ്‍കുട്ടി തന്റെ തെറ്റു തിരിച്ചറിയുന്നതായി കാണുന്നുണ്ട്. എക്സ്റമ്പോര്‍ പ്രസംഗത്തിന്റെ ലഹരിയൊടുങ്ങുമ്പോള്‍, അല്ലെങ്കില്‍, വിവേകബുദ്ധികളുമായി സംവദിക്കാനാവുമ്പോള്‍ നമ്മുടെ ആ പെണ്‍കുട്ടിയും അവളുടെ തെറ്റു തിരിച്ചറിഞ്ഞേക്കാം. എങ്കിലും കുട്ടികളുടെ ഇത്തരം തിരിച്ചറിവുകള്‍ താത്ക്കാലികമാണെന്നും, ഈ ഇളം മനസ്സുകളെ വിഷലിപ്തമാക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുകയാണെന്നുമുള്ള ബോധം നമ്മെ കയ്യൊഴിയരുത്.

ഏതു മഹാരാഷ്ട്രയെ വീണ്ടെടുക്കണം?


 മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഒരിക്കല്‍ക്കൂടി മാധ്യമത്തില്‍ ഇടം പിടിച്ചിരിക്കുന്നു. ഫാസിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ ആധുനിക ഇന്ത്യന്‍ പര്യായമായ സേന ഇത്തവണ നിര്‍ദ്ധനരും അഗതികളും, തെരുവോരങ്ങളില്‍ അഭയം പ്രാപിച്ചിരുന്നവരുമായ സന്ന്യാസിമാര്‍ക്കെതിരെയാണ്‌ തങ്ങളുടെ മൃഗീയമായ വേട്ടയാടല്‍ നടത്തിയിരിക്കുന്നത്‌.

എം.എന്‍.എസ്സിന്റെ വര്‍ഗ്ഗീയവിദ്വേഷ-വിഭാഗീയ രാഷ്ട്രീയത്തിനെ ശക്തമായി അടിച്ചൊതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയേക്കാള്‍ എളുപ്പത്തില്‍ പ്രചരിക്കാനാവുന്നതും, അതിനേക്കാള്‍ എത്രയോ ഇരട്ടി അപകടസാധ്യതകളുമുള്ള ഒരു പ്രാദേശികവാദമാണ്‌ എം.എന്‍.എസ്സിന്റെ അജണ്ട (സംഘപരിവാര്‍ ഇന്ത്യയൊട്ടാകെ ഏറ്റെടുത്തുനടത്താന്‍ ആഗ്രഹിക്കുന്ന വലിയ ഒരു അജണ്ടയെ, കൂടുതല്‍ സൌകര്യപ്രദമായ ചെറു യൂണിറ്റുകളായി പ്രാദേശികമായി കൈകാര്യം ചെയ്യാന്‍ ശിവസേന-എം.എന്‍.എസ്സുകള്‍ക്ക് കഴിയുന്നു എന്നതുകൊണ്ടാണ് അവയെ കൂടുതല്‍ അപകടകരം എന്നു വിളിക്കേണ്ടിവരുന്നത്.)മഹാരാഷ്ട്ര എന്ന സംസ്ഥാനത്തിന്റെ സ്വത്വരാഷ്ട്രീയവുമായി അതിന്‌ യാതൊരു പുലബന്ധവുമില്ല. ഇന്ത്യ എന്ന സമഗ്രവികാരം പോലും അതിലില്ല. ആകെയുള്ളത്‌, മാനസികവൈകല്യം മൂര്‍ച്ഛിച്ച ഏതാനും മാഫിയകളും അധികാരമോഹികളും മാത്രമാണ്‌. എങ്കിലും മറാത്തകളെ പ്രതിനിധീകരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്കു കഴിയുന്നു എന്ന്‌ കാണേണ്ടതുണ്ട്‌. ഇത്‌
തീകൊണ്ടുള്ള കളിയാണ്‌.

 
തെമ്മാടിരാഷ്ട്രീയത്തിന്റെ രണ്ടാം വര്‍ഷത്തിലാണ്‌ ഇന്ന്‌ എം.എന്‍.എസ്സ്‌ എത്തിനില്‍ക്കുന്നത്‌. ശിവസേന എന്ന പഴയ ചെറ്റക്കൂട്ടത്തിന്റെയും അതിന്റെ വിശുദ്ധപിതാവായ ബാല്‍താക്കറെ എന്ന നരച്ചുമൂത്ത മനോരോഗിയുടെയും വിധേയത്വത്തില്‍നിന്ന്‌ തെറ്റിപ്പിരിഞ്ഞ്‌, അവരെ ബഹുദൂരം
പിന്നിലാക്കുകപോലും ചെയ്ത്‌, വിദ്വേഷരാഷ്ട്രീയത്തിന്റെ ദല്ലാളുകളും പ്രചാരകരുമായി മാറിയിരിക്കുന്നു എം.എന്‍.എസ്സ്‌ ഇന്ന്.  മറാത്ത-ഇതര ജനവിഭാഗങ്ങള്‍ക്കും, ശിവസേനക്കും,
തലതൊട്ടപ്പന്‍മാരായി ഇപ്പോഴും തിരശ്ശീലക്കുപിന്നില്‍ മറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ്സ്‌-എന്‍.സി.പി ഭരണവര്‍ഗ്ഗത്തിനും, സമാജ്‌വാദി-ബി.എസ്‌.പി രാഷ്ട്രീയത്തിനും, ഇടതുപക്ഷത്തിനും എല്ലാം ഒരുപോലെ എതിരായ ഒരു ശക്തിയായി എം.എന്‍.എസ്സ്‌ മാറിയിരിക്കുന്നത്‌ ഇനിയും നമ്മള്‍ കാണാതിരുന്നുകൂടാ.

 
വിശാലമായ ഒരു ഇടതുപക്ഷരാഷ്ട്രീയം പ്രയോഗിക്കേണ്ട സമയമാണ്‌ ഇന്ന്‌ അതിക്രമിച്ചിരിക്കുന്നത്‌. 1960-കളിലെ മഹാരാഷ്ട്രയില്‍, ദക്ഷിണേന്ത്യയിലെ (പ്രത്യേകിച്ചും കേരളത്തിലെ) 'ലുങ്കിവാല'കള്‍ക്കെതിരെ ശിവസേന നടത്തിയ ആക്രമണങ്ങളെ ഇടതുപക്ഷം പ്രതിരോധിച്ചത്‌ മഹാരാഷ്ട്രയിലെയും പ്രത്യേകിച്ച്‌ പഴയ ബോംബെയിലെയും വര്‍ഗ്ഗബഹുജനസംഘടനകളുടെ സഹായത്തോടെയായിരുന്നു. വിദ്യാര്‍ത്ഥികളെയും, വ്യാവസായികതൊഴിലാളികളെയും എല്ലാം ഇടതുപക്ഷം അതില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഭാഗഭാക്കാക്കിയിരുന്നു. പണ്ട്‌, ശിവസേനയെ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരാക്കിയതില്‍, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ്‌ രാഷ്ട്രീയത്തിന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നുവെങ്കില്‍, ഇന്ന്‌, ശിവസേനക്കെതിരെ രാജ്‌താക്കറെ എന്ന തെരുവുഗുണ്ടയെ ഇറക്കിയതിന്റെ പിന്നിലും
കോണ്‍ഗ്രസ്സ്‌-എന്‍.സി.പി ഭരണസഖ്യത്തിന്റെ കയ്യുകളാണുള്ളത്‌ എന്ന്‌ തിരിച്ചറിയണം.

 
അടികിട്ടാന്‍ സര്‍വ്വഥാ യോഗ്യരായ ധാരാളം സന്ന്യാസിവര്യന്‍മാര്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുണ്ട്‌. കാവിരാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍. രാഷ്ട്രീയത്തെയും മതത്തെയും തരംപോലെ ആയുധമാക്കിക്കൊണ്ട് ഭക്തിവ്യവസായം നടത്തുകയും, സാധാരണക്കാരായ ജനതയില്‍ വിദ്വേഷരാഷ്ട്രീയം കുത്തിവെക്കുകയും ചെയ്യുന്ന സന്ന്യാസികള്‍. മഹാരാഷ്ട്രയില്‍ എം.എന്‍.എസ്സുകാര്‍ കൈകാര്യം ചെയ്തത്‌, പക്ഷേ അത്തരക്കാരെയായിരുന്നില്ല. ഭിക്ഷാംദേഹികളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന, നിസ്വരും, സാധാരണക്കാരും വൃദ്ധരുമായ സാധുക്കളെയായിരുന്നു. ബീഹാറികളടക്കമുള്ള വടക്കേയിന്ത്യക്കാര്‍ക്കും, കാലാകാലമായി ബോംബെയില്‍ കുടിയേറിപ്പാര്‍ത്ത്‌ അദ്ധ്വാനിച്ചു ജീവിക്കുന്ന ബംഗ്ളാദേശികള്‍ക്കും, മുസ്ളിമുകള്‍ക്കും നേരെയാണ്‌ നവനിര്‍മ്മാണ സേനയെന്ന തെമ്മാടിക്കൂട്ടം ഇന്ന്‌ തെരുവുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്‌.

 
ഇത്‌ അവസാനിപ്പിച്ചേ പറ്റൂ. ഭൌതികമായിത്തന്നെ, ഈ സംഘടനയെയും അതിലെ തെമ്മാടി നേതാക്കളെയും ചെറുത്തുതോല്‍പ്പിക്കേണ്ടത് ഇന്ത്യയിലെയും വിശേഷിച്ചും മഹാരാഷ്ട്രയിലെയും
ജനാധിപത്യവിശ്വാസികളുടെ അടിയന്തര കടമയാണ്‌. സമാധാനത്തിന്റെയും സംയമനത്തിന്റെയും, കപട-രാഷ്ട്രീയ സമവാക്യങ്ങളുടെയും മന്ത്രങ്ങളൊന്നും ഈ ദേശദ്രോഹികള്‍ക്കുനേരെ ഫലിക്കില്ല. എം.എന്‍.എസ്സിനെയും ശിവസേനയെയും ചെറുക്കാന്‍ കഴിവുള്ള പുരോഗമനശക്തികളെ, ബഹുജനസംഘടനകളില്‍നിന്നും രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍നിന്നും കണ്ടെത്തുകയും അവരെ സംയോജിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌. ഇടതുപക്ഷത്തിനു മാത്രമേ അത്തരമൊരു ദൌത്യം ഏറ്റെടുത്ത്‌ വിജയിപ്പിക്കാനാകൂ.
 
ഇന്ത്യന്‍ ബഹുസ്വരതയുടെ അഭിമാനമാക്കി മുംബൈയെ മാറ്റിത്തീര്‍ത്തതിന്റെ കുത്തകാവകാശം മറാത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉത്തരപ്രദേശുകാരന്റെയും ബീഹാറിയുടെയും ബംഗാളിയുടെയും മലയാളിയുടെയും തമിഴന്റെയുമൊക്കെ നിരവധി തലമുറകള്‍ സ്നേഹിച്ചും സഹവസിച്ചും, കഠിനാദ്ധ്വാനം ചെയ്ത്‌ വിയര്‍പ്പൊഴുക്കിയും സൃഷ്ടിച്ചതാണ്‌ ഇന്നു നമ്മള്‍ കാണുന്ന ഈ മഹാനഗരം. അവരെക്കൂടാതെയുള്ള ഒരു നിലനില്‍പ്പ്‌ ഭാവിയില്‍ അതിനുണ്ടാകാനും പോകുന്നില്ല. സാധാരണക്കാരായ മറാത്തികള്‍ ഇത്‌ നിശ്ചയമായും തിരിച്ചറിയുന്നുണ്ടാകും. എങ്കിലും ഇന്ന് അവര്‍ ഈ തെരുവുഗുണ്ടകളുടെ കാട്ടുനീതിയുടെ ഭീഷണമായ വലയത്തിനകത്ത്‌ പെട്ടുപോയിരിക്കുന്നു. അതില്‍നിന്ന് അവരെ പുറത്തുകടക്കാന്‍ സഹായിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ഓരോ ജനാധിപത്യ-മതേതരവിശ്വാസിയുടെയും ചരിത്രപരവും ധാര്‍മ്മികവുമായ കര്‍ത്തവ്യമാണ്.

 
ജ്യോതിറാവു ഫൂലെയുടെയും അംബേദ്‌കറുടെയും തുക്കറാമിന്റെയും ബാബാ ആംതെയുടെയും അന്ന ഹസാരയുടെയും ദത്താ സാമന്തിന്റെയും മഹാരാഷ്ട്രയെയാണ്‌ ഇന്ത്യ ഇന്ന്‌ എന്തുവിലകൊടുത്തും വീണ്ടെടുക്കേണ്ടത്‌. സവര്‍ക്കറുടെയും, ഹെഡ്ഗവാറിന്റെയും ബാല്‍താക്കറെയുടെയും ഉദ്ധവ്‌-രാജ്‌ താക്കറെമാരുടെയും ശരത്‌പവാറിന്റെയുമൊക്കെ ജനനം കൊണ്ട്‌ മലിമസമായ മഹാരാഷ്ട്രയെയല്ല.

ഫാസിസം വിളവെടുക്കുമ്പോള്‍.....

കർണ്ണാടകയിലെ 35 സ്‌കൂളുകളിലും മേഘാലയയിലെ നാലു ജില്ലകളിലും നടത്തിയ ഒരു അന്വേഷണത്തിൽനിന്ന്‌, രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ഒരു വലിയ ഗൂഢപദ്ധതി തെഹല്‍ക്ക കണ്ടെത്തിയിരിക്കുന്നു. മേഘാലയയിൽനിന്ന്‌ 1600-ഓളം വിദ്യാർത്ഥികളെ, കര്‍ണ്ണാടകയിലെ, ആർ.എസ്സ്‌.എസ്സ്‌.ബന്ധമുള്ള വിവിധ സ്‌കൂളുകളിലേക്ക്‌ പറിച്ചുനടുക എന്ന സോഷ്യൽ എഞ്ചിനീയറിംഗ്‌ പദ്ധതി. ഇതില്‍ ഏറ്റവും ഒടുവിലെത്തിയ സംഘത്തിലെ 160 കുട്ടികൾ ജൂൺ 7-നാണ് ബംഗലുരുവിലെത്തിയത്. നഗരത്തിലേക്കുള്ള അമ്പതുമണിക്കൂർ ട്രെയിൻ യാത്രയിൽ, ഈ കുട്ടികളെ 30 ആർ.എസ്സ്‌.എസ്സ്‌ വളണ്ടിയർമാർ അനുഗമിച്ചിരുന്നു.

മേഘാലയയിൽ സജീവമായ ക്രിസ്ത​‍്യൻ മിഷണറിമാരിൽ നിന്ന്‌ കുട്ടികളെ രക്ഷിക്കുക എന്ന വലിയ പദ്ധതിയുടെ ഭാഗമായിട്ടാണ്‌, ആര്‍.എസ്സ്‌.എസ്സും, അതിന്റെ സമാന്തര സംഘടനകളും ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നതെന്ന്‌, ഇതിന്റെ മുഖ്യ സൂത്രധാരനായ തുക്കാറാം ഷെട്ടിയുമായി മൂന്നുമാസത്തോളം നീണ്ടുനിന്ന പലപ്പോഴായി നടത്തിയ സംഭാഷണങ്ങളിൽ നിന്ന്‌ തെഹൽക്കക്ക്‌ മനസ്സിലാക്കാൻ സാധിച്ചു. “ ‘ഹൈന്ദവ ജീവിത രീതി’ വളർത്തിയെടുക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്‌. ആ മേഖലയിലെ ഞങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുക എന്നതുപോലെത്തന്നെ, മേഘാലയയിലെ സജീവമായി നിലനിൽക്കുന്ന ക്രിസ്ത​‍്യൻ മിഷണറിമാരെ പരാജയപ്പെടുത്തുക എന്നതും ഞങ്ങളുടെ ദീർഘകാല പദ്ധതിയാണ്‌. ആ ദീർഘകാല പദ്ധതിയുടെ ഭാഗമാണ്‌ ഈ കുട്ടികൾ. ഇനി വരുന്ന വർഷങ്ങളിൽ, ഈ കുട്ടികൾ അവരുടെ ജീവിതമൂല്യങ്ങൾ സ്വന്തം കുടുംബാംഗങ്ങളിൽ പ്രചരിപ്പിക്കും". ബാല്യത്തിൽത്തന്നെ ആർ.എസ്സ്‌.എസ്സിന്റെ സ്വാധീനത്തിൽ അകപ്പെട്ട ദക്ഷിണ കന്നഡയിൽനിന്നുള്ള ഷെട്ടി, ഏകദേശം എട്ടുവർഷത്തോളം മേഘാലയിലായിരുന്നു. ആ ഭൂപ്രദേശവും സംസ്കാരവും നല്ലവണ്ണം നിശ്ചയമുള്ളയാളാണ്‌ ഷെട്ടി.

മേഘാലയയുടെ ജനസംഖ്യാ അനുപാതത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ആർ.എസ്സ്‌.എസ്സിന്റെ ഈ പദ്ധതി ധാരാളം ആശങ്കകൾ ഉയര്‍ത്തുന്നുണ്ട്‌. ഇന്ത്യയിലെ ചുരുക്കം ക്രിസ്ത​‍്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളിലൊന്നായ മേഘാലയയിൽ 2001-ലെ കണക്കനുസരിച്ച്‌ ക്രിസ്ത​‍്യൻ വിഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നത്‌ 70.25 ശതമാനമാണ്‌. അതുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കൾ 13.27 ശതമാനവും, 'ഇതരർ' എന്ന മട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള മതവിഭാഗങ്ങൾ 11.52 ശതമാനവുമാണ്‌. തനതു ഗോത്രവിഭാഗങ്ങളെയാണ്‌ 'ഇതരർ' എന്ന വാക്കുകൊണ്ട്‌ പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്‌. മേഘാലയ എന്ന പേരിൽ ഇന്ന്‌ അറിയപ്പെടുന്ന പ്രദേശത്ത്‌ ജീവിച്ചിരുന്ന ഗാരോ, ഖാസി, ജൈന്തിയ ഗോത്രവർഗ്ഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനുവേണ്ടി ക്രിസ്ത​‍്യൻ മിഷണറിമാർ ആദ്യമായി എത്തിയത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയായിരുന്നു. സംസ്ഥാനത്തിലെ മതപരിവർത്തനത്തിന്റെ നീണ്ട ചരിത്രത്തിനിടയിലും, അതിനെ സ്‌ഥൈര്യത്തോടെ അതിജീവിച്ചുപോന്ന ഒരു വലിയ വിഭാഗമുണ്ടായിരുന്നു ഈ തനതു ഗോത്രവർഗ്ഗക്കാരിൽ- മതപരിവർത്തനം നടത്തിയവരോടുള്ള ഒരു നേരിയ അസ്വാരസ്യവും ഈ ഗോത്രവർക്കാരുടെ മതവിശ്വാസങ്ങളിൽ നിർലീനമായിരുന്നു. 'പ്രദേശത്തെ സ്വാധീനം വർദ്ധിപ്പിക്കുക' എന്ന ആര്‍.എസ്സ്‌.എസ്സിന്റെ പദ്ധതി ഈ അസ്വാരസ്യത്തെയാണ്‌ മുതലെടുക്കുന്നത്‌. കുട്ടികളും അവരുടെ വിദ്യാഭ്യാസവും-ഷെട്ടി തന്നെ തുറന്നു സമ്മതിച്ചപോലെ- ആ ഒരു ഇടപെടലിന്റെ തുടക്കവുമായിരുന്നു.

ഈ കുട്ടികൾ പഠിക്കുന്ന ഉപ്പുറിലെ തിങ്കബെട്ടു ഹയർ പ്രൈമറി, സെക്കൻഡറി സ്‌കൂൾ - ബംഗലുരുവിൽനിന്ന്‌ 500 കിലോമീറ്റർ അകലെയാണ്‌ ഈ സ്‌കൂൾ- കർണ്ണാടകയിലെ ഇത്തരത്തിലുള്ള 35 സ്‌കൂളുകളിൽ ഒന്നാണ്‌. 2008-ൽ ആറിനും ഏഴിനും ഇടക്ക്‌ പ്രായമുള്ള 17 കുട്ടികൾ മേഘാലയയില്‍നിന്നും ഈ സ്‌കൂളിലെത്തി. പ്രധാനാധ്യാപകൻ ആവശ്യപ്പെട്ടതനുസരിച്ച്‌, ഈ കുട്ടികൾ എഴുന്നേറ്റുനിന്ന്‌, തങ്ങളുടെ പേര്‌ ഭവ്യതയോടെ കന്നഡയിൽ പറഞ്ഞ്‌, വീണ്ടും വെറും നിലത്തിരുന്നു. പരിചയപ്പെടാൻ വേണ്ടി പ്രധാനാദ്ധ്യാപകന്റെ പേരു ചോദിച്ചപ്പോൾ അഭ്യർത്ഥന അയാൾ നിരസിച്ചു. "നിങ്ങൾ കുട്ടികളെ കാണാനല്ലേ വന്നത്‌. ഇതാ അവർ. എന്റെ പേരു പറഞ്ഞാൽ പിന്നെ നിങ്ങളത്‌ എനിക്കെതിരെ ഉപയോഗിക്കും". ഒരു റിട്ടയേഡ്‌ ബാങ്കുദ്യോഗസ്ഥനാണ്‌ അയാളെന്നും, ഒരു നൂറ്റാണ്ട്‌ പഴക്കമുള്ള ആ സ്‌കൂൾ അദ്ദേഹത്തിന്റെ അച്ഛൻ തുടങ്ങിയതാണെന്നും മാത്രമേ അറിയാൻ സാധിച്ചുള്ളു. ക്ലാസ്സിന്റെ മൂലയിൽ ഇരിക്കുന്ന സ്ത്രീ, അയാളുടെ ഭാര്യ നിർമ്മലയാണെന്നും വെളിപ്പെടുത്തി.

പരിചയപ്പെടുത്തലുകളൊക്കെ കഴിഞ്ഞപ്പോൾ കുട്ടികളോട്‌ അവർ ഏറ്റവും ഒടുവിൽ പഠിച്ച പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെട്ടു. തൊഴുകൈയ്യുകളോടെ, കണ്ണുകളടച്ച്‌, അവർ "ഗുരുർ ബ്രഹ്മാ, ഗുരുർ വിഷ്ണോ, ഗുരുർ ദേവോ മഹേശ്വര" ആലപിച്ചു. കുട്ടികളിരിക്കുന്ന ഹാൾ ഒരേസമയം അവരുടെ ക്ലാസ്സുമുറിയും താമസസ്ഥലവുമായിരുന്നു. അവിടെ, ആ വെറുംതറയിലാണ്‌ അവർ ജീവിക്കുന്നതും, ശ്വസിക്കുന്നതും, ഉണ്ണുന്നതും, ഉറങ്ങുന്നതും, പഠിക്കുന്നതും ഒക്കെ. ഒരു 30 വാട്ട്‌ ബൾബും, ഒരു ബ്ലാക്‌ ബോർഡും, നിരത്തിവെച്ച കുറച്ചു പുസ്തകങ്ങളും സ്ലെയിറ്റും ആയാൽ ചിത്രം പൂര്‍ത്തിയായി. ഒരു പുരാതന ഫ്രിഡ്‌ജും പൊട്ടിപ്പൊളിഞ്ഞ സോഫയുമിട്ട്‌ അടുക്കളയെ ഹാളിൽനിന്ന്‌ വേർതിരിച്ചിരിക്കുന്നു.

പരുക്കൻ യാഥാർത്ഥ്യങ്ങൾ

2001-മുതൽ മേഘാലയയിൽനിന്ന്‌ കർണ്ണാടകയിലേക്ക്‌ കൊണ്ടുവന്ന കുട്ടികളുടെ എണ്ണം 1600

ജൂൺ 7-നു വന്ന ഏറ്റവും പുതിയ ബാച്ചിലെ കുട്ടികളുടെ എണ്ണം 160

അച്ചടക്കം ഉറപ്പാക്കാൻ എന്ന പേരിൽ സഹോദരീ സഹോദരന്മാരെ വെവ്വേറെയിടങ്ങളിലാക്കുന്നു. ജാതീയ സംഘർഷം നിലനിൽക്കുന്ന കർണ്ണാടക തീരപ്രദേശത്താണ്‌ ഇതിലെ ഒട്ടുമുക്കാലും സ്‌കൂളുകൾ പ്രവർത്തിക്കുന്നത്‌. ഭൂരിപക്ഷം കുട്ടികളും പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ളവരാണ്‌. ആര്‍.എസ്സ്‌.എസ്സ്‌. അനുഭാവികളായ കുടുംബങ്ങൾ വർഷത്തിൽ 16,000 രൂപവരെ കുട്ടികളുടെ പഠനത്തിനുവേണ്ടി ചിലവഴിക്കുന്നു.

കുട്ടികൾ അവരുടെ മാതൃഭാഷ മറന്നുപോകാൻ ഇടവരുന്നു.


മേഘാലയയിലെ നാലു വിദൂര ജില്ലകളിൽനിന്ന്‌-റി ഭോയ്‌, പടിഞ്ഞാറേ ഖാസി മലകൾ, കിഴക്കേ ഖാസി മലകൾ, ജൈന്തിയ മലകൾ- ആര്‍.എസ്സ്‌.എസ്സുകാർ കൊണ്ടുവന്ന ഈ കുട്ടികൾ ഖാസി, ജൈന്തിയ ഗോത്രങ്ങളിൽനിന്നുള്ളവരാണ്‌. ഖാസി ഗോത്രക്കാർ സെംഗ്‌ ഖാസി മതവും ജൈന്തികളാകട്ടെ നിയാമിതർ മതവും പരമ്പരാഗതമായി പിന്തുടരുന്നവരാണ്‌. മേഘാലയയിൽനിന്നുള്ള 38 കുട്ടികൾ പഠിക്കുന്ന, മാണ്ഡ്യ ജില്ലയിലെ ശ്രീ ആദിചുഞ്ചുനാഗരി ഹയർ പ്രൈമറി സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ മാഞ്ചെ ഗൗഡയോടു ചോദിച്ചുനോക്കി, എന്തിനാണ്‌ കുട്ടികളെ ഈ വിധത്തിൽ മറ്റൊരിടത്തുനിന്നും കൊണ്ടുവരുന്നതെന്ന്‌. അയാളും ഷെട്ടിയുടെ അതേ യുക്തിതന്നെ ആവർത്തിച്ചു.

"ഈ കുട്ടികൾ മേഘാലയയിലായിരുന്നെങ്കിൽ ഇതിനകം ക്രിസ്ത​‍്യൻ മതത്തിലേക്ക്‌ പരിവർത്തനം ചെയ്യപ്പെടുമായിരുന്നു. യഥാർത്ഥത്തിൽ ആര്‍.എസ്സ്‌.എസ്സ്‌ അവരെ സംരക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. ഇവിടെ നൽകുന്ന വിദ്യാഭ്യാസത്തിൽ സാംസ്കാരിക മൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്‌. വിദ്യാഭ്യാസത്തിനുശേഷം ഇവർ ഇവരുടെ വീടുകളിലേക്ക്‌ തിരിച്ചുപോകുമ്പോൾ ഈ മൂല്യങ്ങൾ അവർ വീട്ടുകാർക്കിടയിലും പ്രചരിപ്പിക്കും".

ശ്ലോകങ്ങളും, ഹിന്ദുമതാചാരങ്ങളും, സസ്യഭോജനവുമൊക്കെയാണ്‌ ഗൗഡ പറയുന്ന ഈ മൂല്യങ്ങൾ. ആർ.എസ്സ്‌.എസ്സിന്റെ അടിത്തറ വികസിപ്പിക്കാൻ ഇതൊക്കെ എങ്ങിനെയാണ്‌ സഹായിക്കുക? സാംസ്കാരിക മൂല്യങ്ങളും അച്ചടക്കവും പഠിപ്പിക്കുന്നത്‌ ആദ്യ ചുവടാണെന്ന്‌ ഷെട്ടി തെഹൽക്കയോട്‌ പറഞ്ഞു. "ഈ മൂല്യങ്ങൾ കുട്ടിക്കാലം മുതലേ നമ്മൾ പരിശീലിപ്പിക്കണം. ഇത്‌ അവരെ ക്രിസ്ത​‍്യൻ ജീവിതരീതിയിൽനിന്ന്‌ അകറ്റി നമ്മളോട്‌ കൂടുതൽ അടുപ്പിക്കും".

"ശ്ലോകങ്ങൾ പഠിപ്പിച്ചാൽ അവർ ക്രമേണ ക്രിസ്ത​‍്യൻ പ്രാർത്ഥനകൾ മറക്കും. മാംസഭക്ഷണത്തിൽ നിന്ന്‌ അകറ്റിയാൽ, അവരുടെ മതത്തിലെ മൃഗബലിയോട്‌ അവർക്ക്‌ വെറുപ്പ്‌ തോന്നും" ഷെട്ടി പറയുന്നു. " ആത്യന്തികമായി, പശു ഒരു വിശുദ്ധമൃഗമാണെന്നും, അതിനെ കൊല്ലുകയോ തിന്നുകയോ ചെയ്യുന്നവർക്ക്‌ നമ്മുടെ സമൂഹത്തിൽ ഒരു സ്ഥാനവുമില്ലെന്ന്‌ നമ്മൾ പറയുമ്പോൾ, ഈ കുട്ടികൾക്ക്‌ അത്‌ മനസ്സിലാകും". ഷെട്ടി ശാന്തമായി പറയുന്നു. "ആർ.എസ്സ്‌.എസ്സിന്റെ ഭാവി ഭടന്മാരായി ഇവരെ വളർത്തിയെടുക്കുകയാണോ?" ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇവരെല്ലാം 'പരിവാരത്തിന്റെ ഭാഗ'മാകുമെന്നും ബാക്കിയെല്ലാം കാലം തീരുമാനിക്കുമെന്നായിരുന്നു ഷെട്ടിയുടെ ഉത്തരം.

കർണ്ണാടകയിലെ നിരവധി ജില്ലകളിലായി പരന്നുകിടക്കുന്ന ഈ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന 'സാംസ്കാരിക മൂല്യം' അധികമൊന്നും വിഭിന്നമല്ല. കുട്ടികൾ ഏതു സ്‌കൂളിലാണോ പഠിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ആർ.എസ്സ്‌.എസ്സുമായിട്ടുള്ള ബന്ധം. സമ്പന്ന കുടുംബങ്ങളിൽ നിന്നു വരുന്ന കുട്ടികൾ എല്ലാവിധ പഠന-താമസ സൗകര്യങ്ങളുമുള്ള സ്‌കൂളുകളിൽ പഠിക്കുന്നു. അവിടെ നടപ്പാക്കുന്ന അച്ചടക്കം, പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം അയവുള്ളതുമാണ്‌. 60 ശതമാനം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളില്‍നിന്നുള്ളവരാണ്‌. അതുകൊണ്ടുതന്നെ, ആ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ പഠന-താമസ സൗകര്യങ്ങൾ ആദ്യം സൂചിപ്പിച്ച ഉപ്പുറിലെ തിങ്കബെട്ടു സ്‌കൂളിലേപ്പോലെ സൗജന്യവും, പരിതാപകരവുമാണ്‌.

ഒട്ടുമിക്ക സ്‌കൂളുകളും കർണ്ണാടകയുടെ തീരപ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്‌ എന്ന്‌ ആദ്യം സൂചിപ്പിച്ചുവല്ലോ. സംസ്ഥാനത്തിലെ വർഗ്ഗീയ ലഹളകളുടെ കേന്ദ്രമാണ്‌ ആ പ്രദേശങ്ങൾ. ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്‌മഗലൂർ ജില്ലകളിലെ പുത്തൂർ, കല്ലഡ്ക്ക, കാവുപ്പ്‌, കൊല്ലൂർ, ഉപ്പുർ, ദേരലക്കാട്ട്‌, മൂബിദിരി പ്രദേശങ്ങൾ. പോരാത്തതിന്‌, പ്രമുഖമായ ആശ്രമങ്ങളുടെ ഉടമസ്ഥതയിലാണ്‌ ഈ സ്‌കൂളുകളിൽ ഒട്ടുമിക്കതും. സുത്തൂറിലെ ജെ.എസ്‌.എസ്‌.മഠം, മാണ്ഡ്യ ജില്ലയിലെ ആദി ചുഞ്ചുനഗിരി മഠം, ചിത്രദുർഗയിലെ മുരുഗരാജേന്ദ്ര മഠം പോലുള്ളവ.

എങ്ങിനെയാണ്‌ കുട്ടികൾ മേഘാലയയിൽനിന്നും ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള കർണ്ണാടകയിൽ എത്തിപ്പെടുന്നത്‌? പ്രവര്‍ത്തനശൈലി എന്താണ്‌ ? തെഹൽക്ക സംസാരിച്ച ഒട്ടുമിക്ക കുട്ടികളും രക്ഷകർത്താക്കളും വിരൽ ചൂണ്ടുന്നത്‌, തുക്കാറാം ഷെട്ടി എന്ന ആളിലേക്കാണ്‌. കർണ്ണാടകയിൽ കുട്ടികൾക്ക്‌ വിദ്യാഭ്യാസം എന്ന ആശയം കൊണ്ടുവന്നതും, കുട്ടികളെ കൊണ്ടുപോകാമെന്ന വാഗ്ദാനം നല്‍കിയതിന്റെയും ഒടുവിൽ അവരെ അനുഗമിച്ചതിന്റെയും പിന്നിൽ ഉണ്ടായിരുന്നത്‌ തുക്കാറാമാണെന്ന്‌ ഇവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ആർ.എസ്സ്‌.എസ്സുമായി ബന്ധമുള്ള സേവാഭാരതി എന്ന സാമുദായികസേവന സംഘടനയുടെ മുൻകാലപ്രവർത്തകനായിരുന്നു തുക്കാറാം. ആര്‍.എസ്സ്‌.എസ്സിൽ നിന്ന്‌ ഔദ്യോഗികമായി ഒരു കൃത്യമായ അകലം പാലിച്ചിരുന്ന ലേയ്‌ സിൻഷർ കൾച്ചറൽ സൊസൈറ്റിയുടെ ഔദ്യോഗിക വക്താവാണ്‌ ഷെട്ടി. ലേയ്‌ സിൻഷർ കൾച്ചറൽ സൊസൈറ്റിയുടെ പ്രധാന ഓഫീസ്‌ സ്ഥിതി ചെയ്യുന്ന, ജൈന്തിയ ഹിൽ ജില്ലയിലെ ജോവായുടെ പുറത്തുപോലും ഈ സംഘടനയെക്കുറിച്ച്‌ ആരും അധികം അറിഞ്ഞിരുന്നില്ല. പക്ഷേ തുക്കാറാം എന്നോ ബാഹ്‌റാം എന്നോ ചോദിച്ചുനോക്കൂ. ഉടനെ ആളുകൾ തിരിച്ചറിയുന്നു. തലസ്ഥാനമായ ഷില്ലോംഗിനു പുറത്ത്‌, ഗ്രാമതലം വരെയുള്ള ആളുകൾക്ക്‌ അറിയാം, കർണ്ണാടകയിലേക്ക്‌ കുട്ടികളെ കൊണ്ടുപോകുന്നതിനു പിന്നിൽ ആർ.എസ്സ്‌.എസ്സ്‌ ആണെന്ന്‌. ജൈന്തിയ ജില്ലയിൽ ഈ സംഘടനക്ക്‌ മൂന്ന്‌ ഓഫീസ്സുകളുണ്ട്‌. ജോവായിലും, നാര്‍ത്തിയാംഗിലും, ഷോംഗ്‌പോംഗിലും. ഇവയെക്കൂടാതെ, കുട്ടികളെ തിരഞ്ഞുപിടിക്കാനും കൊണ്ടുപോകാനുമുള്ള നിരവധി സംവിധാനങ്ങൾ കയ്യടക്കിവെച്ചിരിക്കുന്നത്‌ സേവാ ഭാരതി, കല്ല്യാൺ ആശ്രമം പോലുള്ള സംഘടനകളാണ്‌.

ക്രിസ്ത​‍്യൻ മിഷണറിമാരിൽനിന്നും കുട്ടികളെ രക്ഷിക്കുക എന്ന ആർ.എസ്സ്‌.എസ്സിന്റെ വലിയ ദൗത്യത്തിന്റെ ഭാഗമാണ്‌ കുട്ടികൾ എന്ന്‌ തുക്കാറാം സമ്മതിച്ചു. സെംഗ്‌ ഖാസി സ്‌കൂളിലെ അദ്ധ്യാപികയും ഷില്ലോംഗിലെ കല്ല്യാൺ ആശ്രമത്തിലെ അന്തേവാസിയുമായ യോലിൻ ഖരുമിനി കുട്ടികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ വിശദീകരിച്ചു.

"ക്രിസ്ത​‍്യൻ മതത്തിലേക്ക്‌ പരിവർത്തനം ചെയ്യാതെ, തങ്ങളുടെ സെംഗ്‌ ഖാസി, നിയാമിതർ മതങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന കുടുംബങ്ങളെ കണ്ടെത്താൻ ആവശ്യപ്പെടുകയാണ്‌ ആദ്യത്തെ പടി. ഇക്കൂട്ടർ, ക്രിസ്ത​‍്യാനികളോട്‌ അകൽച്ച സൂക്ഷിക്കുന്നവരാണ്‌ പൊതുവെ. ഇവരുടെ കുട്ടികളെ കർണ്ണാടകയിൽ പഠിപ്പിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാമെന്ന്‌ വാഗ്ദാനം കൊടുക്കുന്നു. അവരുടെ മതാചാര പ്രകാരമുള്ള വിദ്യാഭ്യാസം കൊടുക്കാമെന്നാണ്‌ ഞങ്ങൾ അവരോട്‌ പറയുന്നത്‌."

ഖരുമിനിയുടെ മരുമകൾ കെർദാമൊൻ ഖരുമിനി കർണ്ണാടകയിലെ മംഗള നഴ്സിംഗ്‌ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്‌. കുട്ടികളുടെ വിദ്യാഭ്യാസ-താമസ ചിലവുകൾ വഹിക്കാനുള്ള കുടുംബത്തിന്റെ അവസ്ഥക്കനുസരിച്ചാണ്‌ കുട്ടികളുടെ ലിസ്റ്റുണ്ടാക്കുന്നത്‌.

വിവിധ ഗ്രാമങ്ങളിൽനിന്ന്‌ 200 കുട്ടികൾ ബംഗലുരുവിലേക്ക്‌ എങ്ങിനെ എത്തിപ്പെട്ടുവേന്ന്‌ ഉഡുപ്പിയിലെ വിദ്യാനികേതൻ സ്‌കൂളിൽ പത്താം തരം വിദ്യാര്‍ത്ഥിനിയായ ഖത്ബിയാം റിംബായ്‌ വിവരിച്ചു.

"ധാരാളം ചെറിയ കുട്ടികളുണ്ടായിരുന്നു സംഘത്തിൽ. അതുകൊണ്ട്‌ ഞങ്ങളെ 13-14 ഗ്രൂപ്പുകളായി തിരിച്ചപ്പോൾ, മുതിർന്ന കുട്ടികളെ മേൽനോട്ടക്കാരായി വെച്ചു. ഷില്ലോംഗിൽവെച്ച്‌ ഞങ്ങൾക്കൊക്കെ തിരിച്ചറിയൽ ടാഗുകൾ തന്നു. അതിൽ ലെയ്‌ സിൻഷാർ കൾച്ചറൽ സൊസൈറ്റിയുടെ അഡ്രസ്സും മൊബൈയിൽ നമ്പറും ഉണ്ടായിരുന്നു. ഗുവഹാട്ടി വരെ ഞങ്ങൾ ടാറ്റാ സുമോകളിലാണ്‌ വന്നത്‌. അവിടെനിന്ന്‌ ബംഗലുരുവിലേക്ക്‌ ട്രെയിനിലും", റിംബാൻ പറഞ്ഞു. ബംഗലുരുവിലെത്തിയപ്പോൾ അവരെ ആർ.എസ്സ്‌.എസ്സ്‌.ഓഫീസിലേക്കു കൊണ്ടുപോയി. അവിടെനിന്ന്‌ വീണ്ടും ഗ്രൂപ്പുകളാക്കി ഓരോ സ്‌കൂളുകളിലേക്കും.

ഒരേ വീട്ടിലെ കുട്ടികളെ വെവ്വേറെയാക്കാൻ ആദ്യം മുതലേ ശ്രദ്ധിക്കാറുണ്ടെന്ന്, ഷില്ലോംഗിലെ ആർ.എസ്സ്‌.എസ്സ്‌ പ്രവർത്തകനും, തിങ്കബെട്ടു സ്‌കൂളിന്റെ തലവനുമായ പ്രഫുല്ല ചന്ദ്ര കോച്ചിന്റെ തെഹൽക്കയോടുള്ള വെളിപ്പെടുത്തൽ ഞെട്ടിച്ചുകളഞ്ഞു. "അവരെ വെവ്വേറെയിടങ്ങളിലാക്കിയാൽ അച്ചടക്കമുണ്ടാക്കാൻ എളുപ്പമാണ്‌. അവരെ പരുവപ്പെടുത്തണമെങ്കിൽ നിയന്ത്രണം ആവശ്യമാണ്‌. അവർക്ക്‌ വീടുമായി എത്ര കുറവു ബന്ധമുണ്ടാക്കാൻ കഴിയുന്നുവോ അത്രയും നല്ലതാണ്‌".

വിവിധ സ്‌കൂളുകളിലേക്കായി ഭിന്നിപ്പിച്ച പല കുട്ടികളെയും തെഹൽക്കക്ക്‌ കാണാൻ സധിച്ചു. ഖത്ബിയാംഗിന്റെ സഹോദരൻ കേരളത്തിലെ കാസര്‍ഗോഡിൽ പ്രശാന്തി വിദ്യാകേന്ദ്രത്തിലാണ്‌, അവൾ ഉഡുപ്പിയിലും. റീൻബോൺ താരിയാംഗും വിദ്യാനികേതനിലാണ്‌. അവളുടെ അനിയത്തി മൈസൂരിലെ ജെ.എസ്സ്‌.എസ്സ്‌ മഠത്തിലും. ബെഡ്‌ സിംബ്ലി മാണ്ഡ്യയിലെ അഭിനവ്‌ ഭാരതി ബോയ്‌സ്‌ ഹോസ്റ്റിലും അവന്റെ അനിയത്തി വിദ്യാനികേതനിലും. ഇവാൻറോയി ലംഗ്‌ബാംഗ്‌ ആദി ചുഞ്ചുനാഗരിയിലും, അനിയത്തി ഷിമോഗയിലും. എല്ലാ സഹോദരീസഹോദരന്മാരും പരസ്പരം അകറ്റപ്പെട്ടിരിക്കുന്നു. എന്തിനാണ്‌ ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന്‌ കുട്ടികളോടു ചോദിച്ചാൽ, കുട്ടികൾക്ക്‌ അതിനുത്തരമില്ല.

ഈ കുട്ടികളുടെ അച്ഛനമ്മമാർക്കുമറിയില്ല എന്തിനാണ്‌ കുട്ടികളെ ഈ വിധത്തിൽ പരസ്പരം അകറ്റിയിരിക്കുന്നതെന്ന്‌. കുട്ടികൾ സ്‌കൂളിൽ ചേർന്ന്‌ മാസങ്ങൾക്കു ശേഷമാണ്‌ തങ്ങൾ ഇത്‌ അറിഞ്ഞതെന്ന്‌ അവർ പറയുന്നു. ഖത്ബിയാംഗിന്റെയും അവളുടെ സഹോദരന്റെയും മൂത്ത ചേച്ചി ക്ലിസ്‌ റിംബായ്‌ പറഞ്ഞു. "അവരെ ബംഗലുരുവിലേക്ക്‌ കൊണ്ടുപോകുന്നുവെന്നു മാത്രമാണ്‌ ഞങ്ങൾക്ക്‌ അറിയാൻ കഴിഞ്ഞത്‌. ഏതു സ്‌കൂളാണെന്നോ, അതിന്റെ പേരും അഡ്രസ്സും എന്താണെന്നോ ഒന്നും അറിഞ്ഞിരുന്നില്ല. പിന്നെയാണ്‌ അവർ ബംഗലുരുവിലല്ലെന്നും, ഒരുമിച്ചല്ലെന്നും അറിഞ്ഞത്‌. ഖത്ബിയാംഗിനെ വീണ്ടും ഈ എട്ടാം ക്ലാസിൽത്തന്നെ ചേർത്തുവെന്നും പിന്നീടാണവൾ പറഞ്ഞത്‌. കുട്ടികളെ നന്നായി നോക്കാമെന്ന്‌ ആര്‍.എസ്സ്‌.എസ്സ്‌ പറഞ്ഞപ്പോൾ ഞങ്ങളവരെ വിശ്വസിച്ചു." അനിയനെ മേഘാലയയിലേക്ക്‌ തിരികെ കൊണ്ടുവരാൻ നോക്കുന്നുണ്ടെന്ന്‌ ക്ലിസ്‌ പറഞ്ഞു. "അവന്‌ അവിടെ പൊരുത്തപ്പെടാൻ കഴിയുന്നില്ല. ഖത്‌ബിയാംഗിനാകട്ടെ, എന്തായാലും ഒരു വർഷം നഷ്ടമായി. ഇനി തത്‌ക്കാലം അവൾ അവിടെത്തന്നെ വിദ്യാഭ്യാസം മുഴുവനാക്കട്ടെ" ക്ലിസ്‌ കൂട്ടിച്ചേർത്തു. റിംബായി കുടുംബം സാമ്പത്തിമായി തരക്കേടില്ല. ഖൈന്തിയ ജില്ലയിൽ ഖാനി ബിസിനസ്സാണ്‌ അവർക്ക്‌. അച്ഛൻ കോരൻ ചിർമാംഗ്‌ ആർ.എസ്സ്‌.എസ്സ്‌. അനുഭാവിയാണ്‌. സ്വന്തം മക്കളെ കർണ്ണാടകയിലേക്കയച്ചു എന്നു മാത്രമല്ല, ഗ്രാമത്തിലെ മറ്റു രക്ഷകർത്താക്കളെയും ഇതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞുബോദ്ധ്യപ്പെടുത്തി. "അച്ഛൻ വളരെ സജീവമായിരുന്നു. എന്നാൽ ഈയിടെയായി തീരെ സുഖമില്ല. അതുകൊണ്ട്‌ ആർ.എസ്സ്‌.എസ്സിന്റെ കൂടെ മറ്റു ഗ്രാമങ്ങളിലേക്ക്‌ പോകാൻ ഇപ്പോൾ സാധിക്കുന്നില്ല".

തങ്ങളുടെ സംസ്ക്കാരം, ഭാഷ, മതം, ഭക്ഷണ രീതി ഇവയൊന്നുമായി യാതൊരു സാമ്യമില്ലന്നെതോ പോകട്ടെ തികച്ചും വിപരീതം എന്നു വിശേഷിപ്പിക്കാവുന്ന ജീവിതസാഹചര്യങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നതിന്റെ ശാരീരികവും മാനസ്സികവുമായ ആഘാതം ഈ കുട്ടികളെയാകെ തകർത്തിരിക്കുകയാണ്. ഈ നീക്കം മൂലം ചില കുട്ടികളിൽ ഉണ്ടായിട്ടുള്ള മന:ശാസ്ത്രപരമായ പ്രശ്‌നങ്ങൾ അവരുടെ മുഖങ്ങളിൽ തെളിഞ്ഞുകാണാമായിരുന്നു. മേഘാലയയിൽ നിന്നുള്ള കുട്ടികളുടെ വിവരങ്ങൾ അന്വേഷിച്ച് തെഹൽക്ക പോയ സ്‌കൂളുകളിലെല്ലാം അധികൃതർ കുട്ടികളെ ക്ലാസ്സിൽ നിന്ന് വിളിപ്പിക്കുകയും കന്നഡ ഭാഷയിൽ തങ്ങളെ സ്വയം പരിചയപ്പെടുത്തുവാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. സ്‌കൂൾ അധികൃതരാവട്ടെ, കന്നഡയുമായി ഒരു ബന്ധവുമില്ലാത്ത കുട്ടികളെ കന്നഡ ഭാഷ പഠിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുകയായിരുന്നു. എന്നു മാത്രമല്ല, സംസ്കൃതത്തിൽ ഒരു വാക്കുപോലും ഉച്ചരിക്കാൻ കഴിയാതിരുന്ന കുട്ടികൾ ഉച്ചാരണശുദ്ധിയോടെ സംസ്കൃതം പ്രാർത്ഥനകൾ ചൊല്ലുന്നത് അവരെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചിരുന്നത്. മാൻഡ്യ ജില്ലയിലെ ബി ജി നഗറിലുള്ള ശ്രീ ആദി ചുഞ്ചൻ‌ഗിരി ഹയർ പ്രൈമറി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായ ശ്രീ മഞ്ചെ ഗൌഡ മേഘാലയിൽ നിന്നുള്ള ഒരു കുട്ടിയുടെ നേർക്ക് ഒരു കന്നഡ പത്രം നീട്ടിയിട്ട് അത് വായിക്കാൻ ആവശ്യപ്പെട്ടു. ആ കുട്ടി, അനുസരണയോടെ, എന്നാൽ യാതൊരു ഭാവഭേദവും പ്രദർശിപ്പിക്കാതെ, വളരെ പതിഞ്ഞ ശബ്ദത്തിൽ ഏതാനും വാചകങ്ങൾ വായിച്ചു. അതിനു ശേഷം അവൻ ശ്രദ്ധാപൂർവം പത്രം മടക്കി പ്രധാനാദ്ധ്യാപകന്റെ ഡസ്ക്കിനു പുറത്തു വച്ചു. അവനോട് മടങ്ങിപ്പോകാനാവശ്യപ്പെടും വരെ അവൻ കണ്ണുകളുയർത്തിയതേയില്ല. ഞങ്ങൾ സന്ദർശിച്ച സ്‌കൂളുകളിലെല്ലാം കുട്ടികൾ ആർജ്ജിച്ച വൈഭവവും കന്നഡയുമായും സംസ്കൃതവുമായും ഉള്ള പരിചിതത്വവും പ്രദർശിപ്പിക്കുന്ന ഏതാണ്ട് ഇതേ ദൃശ്യങ്ങളാണ് അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ അരങ്ങേറിയത്.

മേഘാലയയിൽ നിന്നുള്ള കുട്ടികൾ മറ്റുള്ള വിദ്യാർത്ഥികളുമായി നന്നായി ഇഴുകി ചേർന്നു കഴിഞ്ഞുവെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. എന്നാൽ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല എന്നതിന് ഒട്ടേറെ തെളിവുകൾ ഞങ്ങൾക്ക് ലഭിച്ചു. കുട്ടികളുമായി ഏതാനും മിനിട്ടുകൾ സംസാരിച്ചപ്പോൾ തന്നെ തങ്ങളുടെ അത്ര സാധാരണമല്ലാത്ത പേരുകളും മുഖത്തിന്റെ പ്രത്യേക രൂപവും മൂലം മറ്റു കുട്ടികൾ അവരെ കളിയാക്കിച്ചിരിക്കുന്നതിന്റെ എത്രയോ കഥകളായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. കുട്ടികൾ, വിശേഷിച്ചും മുതിർന്ന കുട്ടികൾ, മേഘാലയയിൽ നിന്നുള്ളവരുമായി കൂടുതൽ ശക്തമായ സൌഹൃദം ഉണ്ടാക്കാനിഷ്‌ടപ്പെട്ടു. ക്ലാസ് റൂമുകളിലാവട്ടെ, നാലു കുട്ടികൾ ഇരിക്കേണ്ട ബഞ്ചുകളിൽ മേഘാലയയിൽ നിന്നുള്ള ആറേഴ് കുട്ടികൾ ഞെരുങ്ങിക്കൂടിയിരുന്നിരുന്നു. കന്നഡയിൽ സംസാരിക്കാൻ ശേഷി നേടിയിട്ടും മറ്റുള്ള വിദ്യാർത്ഥികളുമായുള്ള ഇഴുകി ചേരൽ ഇത്രയൊക്കെയേ സംഭവിച്ചിട്ടുള്ളൂ. എതിർപ്പും ഒറ്റപ്പെടലുകളും ഒക്കെ ഉണ്ടാവുമ്പോൾ അവർ തങ്ങളുടെ പരിചിതരുടെ വലയത്തിലേക്ക് ഉൾവലിയുകയായിരുന്നു. മേഘാലയത്തിൽ നിന്നുള്ള മറ്റു വിദ്യർത്ഥികളുമായി കൂട്ടുകൂടാൻ സാദ്ധ്യതയില്ലാത്ത ഇടങ്ങളിൽ കുട്ടികൾ തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു.

ഇപ്രകാരമുള്ള ഒറ്റപ്പെടലുകൾ ഇല്ലാതാക്കാൻ കഴിയുന്ന സ്ഥലങ്ങളിലല്ല സ്‌കൂളുകൾ സ്ഥിതി ചെയ്യുന്നത്.ബംഗലുരുവിൽ നിന്നും ഏകദേശം 150 കി മി ദൂരെ നാഗമംഗൽ എന്ന സ്ഥലത്തുള്ള സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവാൻ‌റോയി ലാംഗ് ബാംഗ് ( Iwanroi Langbang)എന്ന വിദ്യാര്‍ത്ഥിനി ബംഗലുരുവിൽ പഠിക്കാൻ കഴിയാത്തതിലുള്ള തന്റെ നിരാശ മറച്ചു വയ്ക്കുന്നില്ല.”ഞങ്ങളോട് പറഞ്ഞത് എന്റെ പഠനം ബംഗലുരുവില്‍ ആയിരിക്കും എന്നാണ്. ഇവിടെ വന്ന ശേഷമാണ് സ്‌കൂളിന്റെ പേരും അത് ബംഗലുരുവിൽ നിന്നും വളരെ അകലെ ആണെന്നും മറ്റും അറിഞ്ഞത്. ഇവിടെ ഞങ്ങള്‍ക്കീ മതിൽ കെട്ടിന് പുറത്തു പോകാൻ അവകാശമില്ല. ഇനി അബദ്ധ വശാൽ പുറത്തു പോകാനായാൽ തന്നെ പുറത്ത് ഒന്നും തന്നെയില്ല,“ ലാംഗ് ബാംഗ് പറഞ്ഞു. സ്റ്റേറ്റ് ഹൈവേയുടെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ഭാഗത്തു നിന്നും വളരെ ഉള്ളിലായാണ് അവളുടെ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

മേഘാലയത്തില്‍ നിന്നുമുള്ള കുട്ടികളെ കന്നഡ സംസാരിക്കുന്നവരുടേതായ ഒരു അന്തരീക്ഷത്തില്‍ പൂര്‍ണ്ണമായും അടയ്ക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ചാമരാജ് നഗര്‍ ജില്ലയിലെ ദീനബന്ധു ചില്‍ഡ്രന്‍സ് ഹോമില്‍ ദൃശ്യമായിരുന്നു. ആലയത്തിലെ ഒരു കെയര്‍ ടേക്കര്‍ അവിടത്തെ ഒരു കുട്ടിയുടെ ‘പുരോഗമിക്കുന്ന’ കന്നട ഭാഷാ പരിചയത്തെക്കുറിച്ച് വിവരിച്ചു. “സിബിന്‍(അവിടത്തെ ഒരു കുട്ടി) ഇവിടെ വന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ ധാരാളം കന്നഡ വാക്കുകള്‍ പഠിച്ചു കഴിഞ്ഞു. അവന്റെ ബന്ധുവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ചോദ്യങ്ങള്‍ക്കെല്ലാം അവന്‍ കന്നഡത്തിലാണ് മറുപടി പറഞ്ഞുകൊണ്ടിരുന്നത്, തീര്‍ച്ചയായും അത് അവര്‍ക്ക് ഒട്ടും മനസ്സിലായുമില്ല.” ഞെട്ടല്‍ ഉണര്‍ത്തുന്ന ഒരു തരം നിര്‍വികാരതയോടെ, താനേതോ വലിയ തമാശ പറഞ്ഞ മട്ടില്‍ കെയര്‍ ടേക്കര്‍ പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. “45 മിനിറ്റ് നേരത്തേക്ക്, ഒരു സ്ത്രീ, അവന്റെ അമ്മയായിരിക്കുമെന്ന് തോന്നുന്നു, ശ്രമിച്ചുകൊണ്ടിരുന്നു. സെബിനാകട്ടെ ഉത്തരങ്ങളില്ലായിരുന്നു. കാരണം അവന്‍ അവന്റെ ഭാഷ തന്നെ മറന്നു കഴിഞ്ഞിരുന്നു.” അവള്‍ ഇക്കിളിയിട്ട പോലെ ചിരിച്ചു. തുടര്‍ന്നവള്‍ സിബിനെ അത്താഴത്തിനുള്ള കന്നഡ വാക്ക് പഠിപ്പിക്കുവാന്‍ തുടങ്ങി.

സിബിന്റെ ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് അവനു ആറു വയസ്സായി. സിബിന്റെ ഗ്രാമമായ മിഹ്മ്യ്ന്റ്ഡുവിലെ ഗ്രാമത്തലവന്‍ നല്‍കിയ മറ്റൊരു സര്‍ട്ടിഫിക്കറ്റ് അവന്‍ ഒരു ദരിദ്രകുടുംബത്തില്‍ നിന്നും വരുന്നുവെന്നും വിദ്യാഭ്യാസത്തിനായി അവനു സഹായം ആവശ്യമുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു. തെഹൽക്കക്ക് അവന്റെ മാതാപിതാക്കളുമായി ബന്ധപ്പെടുവാന്‍ കഴിഞ്ഞില്ല.

മേഘാലയിലെ കുട്ടികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ രാജ്യത്തെ ആയിരക്കണക്കിനു ബോര്‍ഡിങ്ങ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ കഥയില്‍ നിന്നും വ്യത്യസ്തമാണ്. അതായത് ഇത്തരം കടത്തലിനു പിന്നില്‍ വലിയൊരു പദ്ധതിയുണ്ട്; അത് സമ്മതിക്കുന്നതില്‍ ‘കൊച്ചി’ലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഒരു ഉളുപ്പും ഇല്ല താനും.

എന്തുകൊണ്ടാണ് ആറും ഏഴും വയസ് മാത്രം പ്രായമുള്ള കുട്ടികളെ വിദൂരസ്ഥലങ്ങളിലേക്ക് അയക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നത്? കുട്ടികള്‍ നേരിടുന്ന വര്‍ദ്ധിതമായ ദോഷങ്ങളുടെ പശ്ചാത്തലത്തില്‍, മേഘാലയത്തിലെ എട്ടു ഗ്രാമങ്ങളിലെ മാതാപിതാക്കളെ സന്ദര്‍ശിച്ചപ്പോള്‍, തെഹല്‍ക്കക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മാതാപിതാക്കള്‍ - മിക്കവാറുമെല്ലാവരും ദരിദ്രര്‍- കുട്ടികളെ ആര്‍.എസ്.എസിനെ ഏല്പിച്ചത് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതുപോലെ നല്ല രീതിയില്‍ അവരെ സംരക്ഷിക്കുമെന്ന് വിശ്വസിച്ചാണ്. പലപ്പോഴും ഈ കടത്തല്‍ ബന്ധുക്കളെ പിന്‍പറ്റുന്ന രീതിയിലായിരുന്നു; ഇളയകുട്ടികള്‍ മൂത്ത കുട്ടികളെ പിന്തുടരുന്ന രീതി. ഇത് യുക്തിയെ നിഷേധിക്കുന്നുവെന്ന് തോന്നുമെങ്കിലും, സൂക്ഷമാ‍യി പരിശോധിച്ചാല്‍, അത് ആര്‍.എസ്.എസിനു വിരിക്കാന്‍ കഴിഞ്ഞിട്ടുള്ള സങ്കീര്‍ണ്ണമായ വലകളെപ്പറ്റി, മാതാപിതാക്കളെയും, സ്‌കൂള്‍ അധികാരികളെയും കുട്ടികളെത്തന്നെയും ഭയപ്പെടുത്തുന്ന വലകളെപ്പറ്റി അറിവു പകരും. ഈ പ്രോസസിന്റെ ആധാരശിലയായി വര്‍ത്തിക്കുന്ന അസംഖ്യം അസത്യങ്ങളുണ്ട്.

രക്ഷകര്‍ത്താക്കള്‍ സമ്മതിപത്രം എഴുതി നല്‍കിയിട്ടുണ്ട്

ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് കുട്ടികളെ കടത്തുന്ന നടപടിയെ നിയമവിധേയമാക്കുന്ന തരത്തിലുള്ള രേഖകള്‍ക്കായി കര്‍ണ്ണാടകയിലെ സ്‌കൂളുകളെ തെഹൽക സമീപിച്ചപ്പോള്‍, ഗ്രാമത്തലവന്‍ ഒപ്പിട്ട കത്തോ, കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി ശരിവെക്കുന്ന രങ്ബാ ഷ്നോംഗിന്റെ കത്തോ, കുട്ടികളുടെ ജനന, ജാതിസര്‍ട്ടിഫിക്കറ്റിന്റെ കൂടെ നല്‍കുകയാണ് അവര്‍ ചെയ്തത്. തെഹൽക്ക സന്ദര്‍ശിച്ച വിവിധ സ്‌കൂളുകളില്‍ ഒരെണ്ണം പോലും കുട്ടികളുടെ സംരക്ഷണം ആ സ്‌കൂളുകളെ ഏല്‍പ്പിക്കുന്നു എന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ ഒപ്പിട്ടു നല്‍കിയ കത്ത് കാണിച്ചില്ല. മേഘാലയത്തില്‍ തെഹൽക്ക സന്ദര്‍ശിച്ച ഒരു രക്ഷിതാവിന്റെ പക്കലും ഒപ്പിട്ട സമ്മതിപത്രത്തിന്റെ കോപ്പി ഉണ്ടായിരുന്നില്ല. Juvenile Justice (Care and Protection of Children) Act, 2000 അനുസരിച്ച് കുട്ടികളുടെ നിയമവിധേയമായ സ്ഥലം മാറ്റത്തിനു അത്തരം സമ്മതിപത്രങ്ങള്‍ കൂടിയേ കഴിയൂ.

ഔദ്യോഗികമായ രേഖകളില്ലാതെ ഇത്തരത്തില്‍ കുട്ടികളെ കടത്തുന്നത് Juvenile Justice (Care and Protection of Children) Act, 2000 ന്റെ വ്യക്തമായ ലംഘനമാണ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ കടത്തുന്ന കാര്യത്തില്‍ ആര്‍.എസ്.എസിനെ കുറ്റവാളിയാക്കാവുന്നതാണ്.

കുട്ടികള്‍ സെങ്ങ്, ഖാസി, നിയാംത്രെ മതങ്ങള്‍ പിന്തുടരുന്ന സ്‌കൂളുകളില്‍ പഠിക്കുന്നു

ഖാസി, ജൈന്തിയ വര്‍ഗങ്ങളുടെ ഇടയില്‍, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരും അല്ലാത്തവരും തമ്മില്‍ ദുര്‍ബലമായ ഒരു ബന്ധമാണ് നിലവിലുള്ളത്. മതപരിവര്‍ത്തനം നടത്തിയിട്ടില്ലാത്ത പാ‍വപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ വളരെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുകയാണ് ആര്‍.എസ്. എസ്. ചെയ്യുന്നത്. “മതപരിവര്‍ത്തനത്തില്‍ നിന്നും എന്റെ മകളെ രക്ഷിക്കാനുള്ള ഏക മാര്‍ഗം അവളെ പുറത്തേക്ക് എവിടെക്കെങ്കിലും അയക്കുക എന്നത് മാത്രമാണെന്നാണ് എനിക്ക് കിട്ടിയ ഉപദേശം. ഞാനങ്ങനെ ചെയ്തില്ലാ എങ്കില്‍ പള്ളി അവരെ കൊണ്ടുപോകുകയും പാതിരിമാരും കന്യാസ്ത്രീകളും ആക്കി മാറ്റുകയും ചെയ്യുമത്രെ” സ്വെര്‍ ഗ്രാമത്തിലെ ബിയെ നോങ്രം പറയുന്നു. “എനിക്കെന്റെ മകളെക്കുറിച്ചോര്‍ത്ത് പേടിയായിരുന്നു. അതിനാല്‍ ഞാനവളെ അവര്‍ക്ക് കൈമാറി.” അവള്‍ പറയുന്നു. മകള്‍ വീടു വിട്ട് ആറുവര്‍ഷമായിട്ടും അവള്‍ ഏത് സ്‌കൂളിലാണ് പഠിക്കുന്നത് എന്നതിനെക്കുറിച്ച് ബിയേക്ക് വിവരമൊന്നുമില്ല. അവരുടെ കൈയില്‍ ആകെയുള്ളത് ക്ലാസില്‍ വെച്ചെടുത്ത ഒരു ചിത്രമാണ്. “എന്റെ മകളെ സന്ദര്‍ശിക്കുവാനോ അവളെ തിരിച്ചുകൊണ്ടു വരുവാനോ മാത്രം പൈസയൊന്നും എന്റെ പക്കലില്ല. പക്ഷേ, ഞാനിനി ഒരിക്കലും ഒരു കുഞ്ഞിനെക്കൂടി (ഇതുപോലെ) അയക്കുകയില്ല.“ബിയെ പറയുന്നു. ഗ്രാമത്തിലെ ധനിക കുടുംബങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ വിറ്റാണ് ബിയെ ജീവിതമാര്‍ഗം കണ്ടെത്തുന്നത്. തന്റെ അമ്മയോടും കുറഞ്ഞത് മൂന്നു കുട്ടികളോടും ഒപ്പം അവള്‍ താമസിക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടം അവളുടെ ദാരിദ്രത്തെക്കുറിച്ച് സൂചന നല്‍കുന്നു. ഇത്തരം കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവും ആയ അവസ്ഥ എന്തുകൊണ്ടിവര്‍ക്ക് തങ്ങളുടെ കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നത് ബുദ്ധിമുട്ടുള്ളതാകുന്നു എന്നതിനെ സൂചിപ്പിക്കുന്നു. - അവര്‍ക്കാ ചെലവ് താങ്ങാനാവുകയില്ല.

പല രക്ഷകര്‍ത്താക്കളും തെഹൽക്കയോട് പറഞ്ഞത് തങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന ആര്‍.എസ്.എസ് സ്‌കൂളുകള്‍ തങ്ങളുടെ ആദിമ മതവിശ്വാസങ്ങളെ സംരക്ഷിക്കുന്നു എന്നാണ്. ഇങ്ങനെ വിശ്വസിക്കുന്നവര്‍ അനവധിയാണ്. മൂഖെപ് ഗ്രാമത്തിലെ ജെല്‍ ചിര്‍മാങ്ങിന്റെ വീട്ടില്‍, തെഹെല്‍കാ ടീം ജെല്ലിന്റെ മകളുടെ ഒരു ഫോട്ടോ കാണുകയുണ്ടായി. അവള്‍ പഠിക്കുന്ന സ്‌കൂളിന്റെ രക്ഷാധികാരിയാ‍യ ശ്രീ ബാലഗംഗാധര്‍നാഥ് അവളെ അനുമോദിക്കുന്നതിന്റെ ഫോട്ടോ. ഈ കാവിവേഷധാരി ആരെന്ന് ജെല്ലിനോട് ചോദിച്ചാല്‍ അവള്‍ ആഹ്ലാദപൂര്‍വം ആവര്‍ത്തിക്കുക അവളെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ള കഥയെന്തോ അതാണ്. സാഹചര്യങ്ങള്‍ ഇത്രമേല്‍ ദുഃഖകരം അല്ലായിരുന്നുവെങ്കില്‍ ചിരി ഉണര്‍ത്തുമായിരുന്ന ഒരു കഥ. ജെല്ലിന്റെ അഭിപ്രായത്തില്‍ ബാലഗംഗാധര്‍നാഥ് തന്റെ മകളുടെ സ്‌കൂള്‍ നടത്തുന്ന ഒരു സെങ്ഗ് ഖാസി ദിവ്യനാണ്. അവളുടെ ശബ്ദത്തില്‍ സംശയത്തിന്റെ തരിമ്പു പോലുമില്ല. ജെല്ലിന്റെ അറിവില്ലായ്മ, പക്ഷെ, അവളുടെ കുടുംബത്തിലെ മറ്റുള്ളവര്‍ക്കില്ല. അവളുടെ ഭര്‍ത്താവായ ഡെനിസ് സിയാങ്ങ്ഷായി ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ടായിരുന്നു ഇയാള്‍. തന്റെ മകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആ പ്രദേശത്തെ മറ്റു പലരെയും വിശ്വസിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. “ആര്‍.എസ്.എസിനെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റായ ധാരണയാണുള്ളത്. ആര്‍.എസ്. എസ് അവര്‍ക്ക് നല്ല വിദ്യാഭ്യാസവും സംസ്കാരവും നല്‍കുമെന്ന് ഞാനെപ്പോഴും അവരോട് പറയാറുണ്ട്.” ഡെനിസ് പറയുന്നു.

ആര്‍.എസ്.എസ് തെരഞ്ഞെടുക്കുന്ന സ്‌കൂളുകള്‍ തികച്ചും വ്യത്യസ്തമായൊരു പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത് എന്നതിനെക്കുറിച്ച് മിക്ക രക്ഷകര്‍ത്താക്കള്‍ക്കും യാതൊരു ധാരണയുമില്ല. മറ്റൊരു സംസ്കാരം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്നതിനു പുറമെ കുട്ടികള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളെല്ലാം തന്നെ ബെംഗലൂരുവിലെ വലതുപക്ഷ പ്രസിദ്ധീകരണസ്ഥാ‍പനങ്ങള്‍ പുറത്തിറക്കുന്ന ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങളുമാണ്. ജെ.എസ്.എസ് ആശ്രം സ്‌കൂളിലെ ലൈബ്രറിയില്‍ ഭാരത സംസ്കൃതി പ്രകാശന പ്രസിദ്ധീകരിക്കുന്ന ആര്‍.എസ്.എസ് അനുകൂല ഗ്രന്ഥങ്ങളാണ് നിറച്ചിരിക്കുന്നത്. സെങ്ങ് ഖാസി പാഠങ്ങളുടെയോ നിയാംത്രെ ആചാരങ്ങളുടെയോ കണികപോലും കാണാനാകില്ല.

ഉപേക്ഷിക്കപ്പെട്ടവരും നിസ്സഹാ‍യരും ആയ കുട്ടികള്‍

ട്രൈബല്‍ സമൂഹമല്ലാത്ത കര്‍ണ്ണാടക പോലെയുള്ള ഇടങ്ങളില്‍ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിക്കുന്നത് ഒരു സാമൂഹിക സാമ്പത്തിക ദുരന്തമാ‍യാണ് കാണുന്നത്. മേഘാലയയാകട്ടെ ഒരു മാതൃദായക സമൂഹമാണ്; പുരുഷന്മാര്‍ സ്ത്രീകളുമൊത്ത് അവരുടെ ഗ്രാമങ്ങളില്‍ താമസിക്കുന്നു. അമ്മമാരാണ് മക്കളുടെ പ്രഥമ രക്ഷകര്‍ത്താവ്. അമ്മ മരിക്കുകയാണെങ്കില്‍ തന്നെ കുട്ടികളെ ബന്ധുക്കള്‍ എടുത്ത് വളര്‍ത്തും. അവര്‍ ഒരിക്കലും ഉപേക്ഷിക്കപ്പെടുന്നില്ല.

കുട്ടികള്‍ സാഹചര്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ട്

കുട്ടികള്‍ ആദ്യം മേഘാലയം വിടുമ്പോള്‍ അവര്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഒരറിവുമുണ്ടാകില്ല കുട്ടികള്‍ ആത്യന്തികമായി എവിടെ ചെന്നെത്തുമെന്ന്. രക്ഷകര്‍ത്താക്കളുടെ മോശം സാമൂഹിക-സാമ്പത്തികസ്ഥിതിയും സ്‌കൂളുകളിലെ സൌകര്യങ്ങളുടെ അഭാവവും മൂലം രക്ഷകര്‍ത്താക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം തുലോം കുറവാണ്. ആര്‍.എസ്. എസ് ആണ് ഇവര്‍ക്കിടയിലെ പ്രധാന മധ്യസ്ഥന്‍. കുട്ടികള്‍ സന്തോഷവാന്മാരും പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്നവരും ആയി ജീവിക്കുന്നുവെന്ന് ആര്‍.എസ്.എസ് രക്ഷകര്‍ത്താക്കളോട് പറയും. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

വിദ്യാനഗര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ റപ്ലാങ്കി ഡ്ഖര്‍ തന്റെ അമ്മാവന്‍ വരുമെന്നും തന്നെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും കരുതി കാത്തിരിക്കുകയാണ്. “വീട്ടില്‍ നിന്ന് ആരെങ്കിലും വന്ന് ഞങ്ങളെ ഏറ്റെടുത്താല്‍ മാത്രമേ ഞങ്ങള്‍ക്ക് തിരിച്ചുപോകാനൊക്കൂ. ഓരോ വര്‍ഷവും സ്‌കൂള്‍ അവസാനിക്കുമ്പോള്‍ ഞങ്ങളെ തിരിച്ച്കൊണ്ടുപോകുമെന്ന് കേള്‍ക്കും. പക്ഷേ, ഇപ്പോള്‍ തന്നെ രണ്ട് കൊല്ലം കഴിഞ്ഞു.” നിരാശനായ റാപ്ലാങ്കി പറഞ്ഞു. തെഹെല്‍ക കണ്ടവരില്‍ രണ്ടേ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് വീട് സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. റാലിയാങ്ങിലെ റപ്ലാങ്കിയുടെ ജന്മദേശത്ത് താമസിക്കുന്ന അമ്മാവനോട് എന്തുകൊണ്ടാണ് അദ്ദേഹം റപ്ലാങ്കിയെ സന്ദര്‍ശിക്കാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അത്ഭുതം കൂറി. “ എന്റെ മരുമകന്‍ അവിടവുമായി ഇണങ്ങി ജീവിക്കുന്നു എന്നു കരുതാതിരിക്കുവാന്‍ എനിക്ക് കാരണങ്ങളൊന്നുമില്ല. ഇവിടെ ജോവൈയിലെ ഓരോ ആര്‍.എസ്.എസ് മീറ്റിംഗിലും കുട്ടികള്‍ ആരോഗ്യവാന്മാരും സന്തോഷവാന്മാരുമായി ജീവിക്കുന്നു എന്ന് ഉറപ്പു തരാറുണ്ട്.”

കുട്ടികളുമായുള്ള നേരിട്ടുള്ള ടെലിഫോണ്‍ സംഭാഷണം എന്നത് രക്ഷകര്‍ത്താക്കളുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു. രക്ഷകര്‍ത്താക്കള്‍ക്ക് ഫീസ് നല്‍കാന്‍ കഴിവില്ലെങ്കില്‍ം കുട്ടികളെ മിക്കവാറും ചേര്‍ത്തിരിക്കുന്നത് മഠം നടത്തുന്ന സൌജന്യ അനാഥാലയങ്ങളിലായിരിക്കും. ഇവിടങ്ങളില്‍ ടെലിഫോണ്‍ സൌകര്യവും ഉണ്ടാവില്ല. ശ്രീ ആദിചുഞ്ചനാഗിരി മഠത്തിന്റെ കാര്യവും ഇതുപോലെ തന്നെയാണ്.

ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം ഈ സത്യത്തിന്റെ വളച്ചൊടിക്കല്‍ ഒരു പ്രോസസിന്റെ ഭാഗമാണ്. ഈ പ്രോസസാകട്ടെ മേഘാലയത്തിലെ ജനങ്ങളുടെ ഇടയില്‍ സങ്കീര്‍ണ്ണതയുടെ ഒരു അടരു കൂടി ചേര്‍ക്കുമെന്നുറപ്പാണ്; കൊച്ചുകുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങള്‍ക്കു പുറമേ.

*
തെഹൽക്കയില്‍ സഞ്ജന എഴുതിയ A Strange And Bitter Crop എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

അധിക വായനയ്ക്ക്

The Children Will Champion Hinduism’

‘I Begged Them For My Son’s Number’

തിയനന്മെന്‍ : ഓര്‍മ്മകളുണ്ടായിരിക്കരുത് !


ഭരണകൂട സമഗ്രാധിപത്യത്തിന്റെ ഭീകരതയെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു ജൂണ്‍ 4 കൂടി കടന്ന് പോവുകയാണ്; 20 വര്‍ഷമായി ചൈന ചരിത്രത്തില്‍ നിന്ന് ചുരണ്ടിമാറ്റാന്‍ ശ്രമിക്കുന്ന 1989ലെ തിയനന്മെന്‍ നരഹത്യയുടെ വാര്‍ഷികവും.

ജെയിംസ് ഫെന്റണിന്റെ പ്രസിദ്ധമായ കവിത :തിയനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെയെങ്ങു? ഹാ,
പറയാനാവില്ല…
അതു കഴിഞ്ഞിട്ടു
നടന്നതൊന്നുമേ
പറയാൻ നാവില്ല…

ഉരിയാടീടൊല്ല,
മനമുരുക്കൊല്ല,
ബ്രഷുകളൊന്നുമേ
മഷിയിൽ മുക്കൊലാ,
അവിടെയുണ്ടായ,
തിയനന്മെന്നിലെ
ചതുരം കണ്ടൊരാ
കഥകളൊന്നുമേ
വെളിയിൽ മിണ്ടൊലാ…

പടുകിഴവന്മാർ,
കുടിലർ, പൊട്ടന്മാർ,
കൊല നടത്തുവാൻ
മടി കളഞ്ഞവർ,
ഒരു നാൾ ശ്വാസത്തിൻ
കണിക കിട്ടാതെ
സഹജരെപ്പോലെ
അവരും ചത്തിടും
തിയാനന്മെന്നിൽ താൻ
ബഹുമതികളോ-
ടൊടുക്കത്തെക്കിട-
പ്പവർ കിടന്നിടും.


ഒടുക്കത്തെക്കിട-
പ്പവർ കിടന്നിടും
ഒടുക്കത്തെ നുണ-
യവർ പറഞ്ഞിടും
തിയാനന്മെന്നിലെ
രുധിരമൊക്കെയും
കഴുകിത്തീർക്കുവാൻ
കുടിലബുദ്ധികൾ
എറിഞ്ഞു കൂട്ടിയോ-
രൊടുക്കത്തെ നുണ-
പ്പെരുംകൂമ്പാരത്തി-
ലവരലഞ്ഞിടും.

രഹസ്യമാവണം
ഇവിടെ സത്യങ്ങൾ
അടക്കി വെയ്ക്കണം
മനസ്സിലും പോരാ
അതിന്നുമുള്ളിലായ്
ഇരുട്ടു ചൂഴുന്ന
കൊടിയ മാളത്തിൽ
അടക്കി വെയ്ക്കണം
തിയാനന്മെന്നിലേ-
യ്ക്കൊടുവിൽ സത്യങ്ങൾ
ഇനി വരും വരെ.

തിയാനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെ എങ്ങു? ഹാ,
പറയാനാവില്ല…
ഇനിയവരെന്നു
തിരികെ വന്നിടും?
പറയാനാവില്ല…
തിയാനന്മെന്നിലേ-
യ്ക്കിനിയവർ, ദൃഢം
തിരികെ വന്നിടും…വിവര്‍ത്തനം : ഉമേഷ്
ചിത്രം : ബ്രോസ്വാവിലെ (പോളണ്ട്) തിയനന്മെന്‍ മെമോറിയല്‍

ഹിന്ദു ആചാര്യന്റെ സന്താന വിപ്ലവാഹ്വാനം

കുറിപ്പ്: ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനം ബ്ലോഗ്ഗ് വായനക്കാര്‍ക്കുവേണ്ടി ഇവിടെ എടുത്തെഴുതുന്നു (ഏറെ പ്രിയപ്പെട്ട സഖാക്കള്‍ രാമചന്ദ്രനും മൂര്‍ത്തിക്കും നന്ദി)


നൂറ്റൊന്നു മക്കളുടെ അമ്മ സ്വന്തം മക്കളെ വളർത്തി യുദ്ധകാര്യങ്ങളിൽ നിപുണരാക്കി മാറ്റിയത്‌ അവർ രാജകുടുംബാംഗമായതുകൊണ്ടാണ്. നൂറ്റൊന്നുപേർക്ക്‌ പ്രഭാതഭക്ഷണം,ഉച്ചഭക്ഷണം,അത്താഴം,വസ്ത്രം വിദ്യഭ്യാസം ഇവ ലഭ്യമാക്കണമെങ്കിൽ നോക്കെത്താത്ത കൃഷിഭൂമിയും വലിയ ഊട്ടുപുരയും വമ്പൻ വസ്ത്രശാലയും വിശാല കളിസ്ഥലവും പള്ളിക്കൂടവും ആവശ്യമാണ്‌.. നൂറ്റൊന്നു കുട്ടികൾ ഒന്നിച്ചു കരഞ്ഞാൽ അടുത്ത പട്ടണത്തിൽ നിന്നു പോലും അത്യാഹിതമെന്നു കരുതി ആളുകൾ ഓടി എത്തിയേക്കും.

അധികം മക്കളുള്ളവർ അന്യരെ ചൂഷണം ചെയ്തു ധനികരായവരല്ലെങ്കിൽ കുചേലനെപ്പൊലെ കഷ്ടപ്പെട്ടതുതന്നെ.വിശപ്പു സഹിക്കനാകാതെ നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ മുന്നിൽ നിസ്സഹായരായി നിൽക്കുന്ന മാതാപിതാക്കൾ ലോകത്തിലെ ഏറ്റവും വലിയ ദുഖചിത്രമാണ്‌.ബുദ്ധിമാനായ വരരുചി പഞ്ചമിയോടു പറഞ്ഞതു ഓരോ കുട്ടിയേയും പിറന്നപ്പോൾത്തന്നെ ഉപേക്ഷിക്കുവാനായിരുന്നു. നൊന്തു പെറ്റ സ്വന്തം മക്കളെ വലിച്ചെറിയാൻ അമ്മയോടാവശ്യപ്പെട്ട വരരുചിയുടെ പുരുഷത്വം അനുകരണീയമല്ല.

ഈ ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നത്‌ അധികം കുട്ടികൾ അഭിലഷണീയമല്ലെന്നാണ്‌. ഒന്നോ രണ്ടോ കുട്ടികൾ മാത്രമായിരുന്നെങ്കിൽ കുചേലന്‌, “ഇല്ല ദാരിദ്ര്യർത്തിയോളം വലുതായിട്ടൊരാർത്തിയും“ എന്ന ദുരിതക്കയത്തിൽ നീന്തേണ്ടി വരില്ലായിരുന്നു. ഒന്നോ രണ്ടോ കുട്ടികൾ മാത്രമായിരുന്നെങ്കിൽ വരരുചിയുടെ മക്കളെ പെറ്റ പഞ്ചമിക്കു അവരെ പോറ്റി വളര്‍ത്താമായിരുന്നു.

മനുഷ്യസംഖ്യയിൽ ലോകത്ത്‌ ഏറ്റവും മുന്നിൽ നിൽക്കുന്ന ചൈന കൂടുതൽ മക്കളെ പ്രസവിക്കുന്ന സ്ത്രീകൾക്ക്‌ അവാർഡ്‌ നൽകി പ്രോല്‍സാഹിപ്പിച്ചിരുന്ന കാലത്തെ മറക്കാൻ ശ്രമിക്കുകയാണ്‌. ഇന്നു ചൈനയിൽ ഒറ്റക്കുട്ടി മാത്രമുള്ള കുടുംബങ്ങളെയാണ്‌ സർക്കാർ ആനുകൂല്യങ്ങൾ നൽകി പ്രോൽസാഹിപ്പിക്കുന്നത്‌. മനുഷ്യന്റെ കായിക ശക്തി മാത്രം കൊണ്ട്‌ ജലസംഭരണികൾ നിർമ്മിച്ചിരുന്ന മാവോക്കാലം യന്ത്രവൽകൃത നിര്‍മ്മിതികൾക്ക്‌ വഴി മാറിയിരിക്കയാണ്‌.

ഇന്ത്യയിലാണെങ്കിൽ ഐതിഹ്യങ്ങളെ അനുകരിച്ച ജനത കൂടുതൽ കുട്ടികളെ പ്രസവിച്ച്‌ ദാരിദ്ര്യത്തിലേക്കു മുതലക്കൂപ്പു കുത്തി. മതങ്ങളാണെങ്കിൽ ദൈവം തരുന്ന സന്തതിയെ രണ്ടു കൈയും നേട്ടി സ്വീകരിക്കണമെന്നു പഠിപ്പിക്കുക വഴി ദാരിദ്ര്യത്തിനു സ്വർഗ്ഗീയ സാക്ഷ്യപത്രം നൽകി.സ്വർഗ്ഗം ദരിദ്രർക്കുള്ളതാണെന്നും ധനികൻ സ്വർഗ്ഗത്തിലേക്കു കടക്കുന്നത്‌ ഒട്ടകം സൂചിക്കുഴയിൽ കടക്കുന്നതിനു തുല്യമാണെന്നു പ്രചരിപ്പിക്കുകയും ഒട്ടകത്തിന്റെ വലുപ്പത്തിനനുസരിച്ചു സൂചിക്കുഴ വികസിപ്പിച്ചു കൊടുക്കുകയും ചെയ്തു.

ആധുനിക വിദ്യാഭ്യാസം ലഭിക്കുക വഴി മതത്തിന്റെ അവാസ്തവ പ്രചാരണങ്ങളെ ധിക്കരിക്കാൻ ചിലർക്കു കഴിഞ്ഞു. ഒരു ദരിദ്രനും സ്വർഗത്തിലേക്കു പോയിട്ടില്ലെന്നു കുറെ ആളുകളെങ്കിലും മനസ്സിലാക്കി. ധനികനു വാഗ്ദാനം ചെയ്ത നരകം ഭൂമിയിൽത്തന്നെ ആണെന്നും അതിൽ ദരിദ്രനാണു പൊരിഞ്ഞു കിടക്കുന്നതെന്നും ബോധ്യപ്പെട്ടു. ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ ഏതു രാജ്യത്തിനും പ്ലാനിംഗ്‌ ആവശ്യമാണെന്നും ഈ പ്ലാനിംഗ്‌ രാജ്യത്തെ ഏറ്റവും ചെറിയ യൂണിറ്റായ കുടുംബത്തിൽ ആരംഭിക്കണമെന്നും ലക്ഷ്യബോധമുള്ള രാഷ്ട്ര നായകരും സാമൂഹ്യ ശാസ്ത്രജ്ഞരും കണ്ടെത്തി. വ്യാപകമായ പ്രചാരണത്തോടെ ഇന്ത്യയിൽ കുടുംബാസൂത്രണപ്രവർത്തനങ്ങൾ ആരഭിക്കുന്നതാണു പിന്നെ നമ്മൾ കണ്ടത്‌. നൂറ്റൊന്നു പേരുള്ള പെരുംകുടുംബങ്ങളിൽ നിന്നും ഏറിയാൽ മൂന്ന്‌ എന്ന ചിന്തയിലേക്കു ജനങ്ങൾ മാറി. പിന്നീടത്‌ രണ്ടു കുട്ടികൾ എന്നും നമ്മളൊന്ന്‌ നമുക്കൊന്ന്‌ എന്നും മാറി. ഇതൊക്കെ ഏതു മതത്തിലും പെട്ട വിദ്യാഭ്യാസമുള്ള കുടുംബങ്ങളുടെ കാര്യമെന്നതിൽ നിന്നും സധാരണ ജനതയുടെ കാര്യമായി മാറി.

എന്നാല്‍ രാജ്യത്തിന്റെ ആസൂത്രണ നയങ്ങളെക്കാൾ പ്രധാനം മതനിയമങ്ങൾ ആണെന്നു ചിന്തിച്ചവർ സ്വന്തം സ്ത്രീകളെ പ്രസവയന്ത്രങ്ങളായി മാറ്റി.
സ്ത്രീകൾ പ്രസവിക്കാനുള്ള യന്ത്രങ്ങൾ മാത്രമാണോ? അങ്ങനെ ഒരു ചിന്ത തന്നെ പ്രാകൃതമാണ്‌. പുരുഷന്മാർ വെറും വിത്തുൽപ്പാദന കേന്ദ്രങ്ങളും സ്ത്രീകൾ കൃഷി ചെയ്യാവുന്ന പാടവുമല്ല. സ്ത്രീകൾ പ്രസവിക്കാന്‍ മാത്രമുള്ളവരല്ല. അന്താരാഷ്ട്ര കായികതാരങ്ങൾ ആകാനും ഡോക്റ്റർമാരും ഭരണാധികാരികളും പത്രപ്രവർത്തകരും ഒക്കെ ആകാനും കഴിവുള്ള സ്ത്രീകളെ പ്രസവമുറിയിലും മണിയറയിലും ബാക്കിയുള്ള സമയം അടുക്കളയിലും തളച്ചിടണമെന്നു ശഠിക്കുന്നത്‌ പുരുഷ മേധാവിത്തം നിലനിൽക്കുന്ന മതങ്ങളാണ്‌.

ജനസംഖ്യ കുറയുന്നതിനാൽ വോട്ടു കുറഞ്ഞു പോകുന്നു എന്നു കണ്ടെത്തിയ ഇന്ത്യയിലെ ഹിന്ദു വർഗീയവാദികളാണ്‌ ഹിന്ദു സ്ത്രീ-പുരുഷന്മാരുടെ പ്രത്യുൽപ്പാദന ശേഷിയെ ഇപ്പോൾ ഉദ്ദീപിപ്പിക്കുന്നത്‌. ഓരോ ഹിന്ദുവും പന്ത്രണ്ടു മക്കൾക്കെങ്കിലും ജന്മം നൽകണമെന്നാണ്‌ വിശ്വ ഹിന്ദു പരിഷത്‌ കേന്ദ്ര മാർഗ ദർശക്‌ മണ്ഡൽ ആചാര്യൻ സ്വാമി ധർമ്മേന്ദ്രജി മഹാരാജ്‌ കൊച്ചിയിൽ വന്ന്‌ കേരളത്തിലെ ഹിന്ദുക്കളെ ആഹ്വാനം ചെയ്തത്‌. ഹിന്ദുക്കൾ അധികം കുട്ടികളെ പെറുന്ന പന്നിയെപ്പോലുള്ള ജന്തുക്കൾ ആകണമെന്നാണ്‌ അദ്ദേഹം പറഞ്ഞതിന്റെ സാമാന്യാർഥം. ഹിന്ദുമതം അങ്ങനെ ജന്തുമതമായി മാറണമെന്നും. എന്തിനും ഇക്കാലത്ത്‌ ഒരു രഹസ്യ അജണ്ട ഉണ്ടല്ലൊ. ഓരോ വീടും ഓരോ വമ്പൻ വോട്ടു ബാങ്ക്‌ എന്നാവാം അദ്ദേഹം ഉദ്ദേശിച്ചത്‌.

ഹിന്ദു സ്ത്രീകളെ പ്രസവയന്ത്രമാക്കാത്തതിൽ മാത്രമല്ല അദ്ദേഹത്തിനു ദുഖമുള്ളത്‌. ഹിന്ദു പുരുഷന്മാർ ശിഖ എന്ന പിൻ കുടുമ വയ്ക്കാത്തതിലും അദ്ദേഹത്തിനു ശരികേടു ബോധ്യപ്പെടുന്നുണ്ട്‌. ശിഖയില്ലതെ ശിഖരത്തിലെത്താൻ കഴിയില്ലെന്നും ആചാര്യജി കേരളീയരെ ഓർമ്മിപ്പിച്ചു. വടക്കെ ഇന്ത്യയിലെ വിദ്യാർഥികൾ ഏരിയൽ എന്നു വിളിച്ചു കളിയാക്കാറുള്ള ശിഖ മുറിച്ചു കളയുന്നത്‌ കേരളീയ നവോത്ഥാന കാലത്തെ വിപ്ലവപ്രവര്‍ത്തനമായിരുന്നു.കുടുമ മാത്രമല്ല പൂണൂലും അവർ മുറിച്ചെറിഞ്ഞു. മറക്കുട വലിച്ചെറിഞ്ഞു. ഇങ്ങനെ മുക്തി പ്രാപിച്ച ഒരു സമൂഹം ഇരുട്ടു മുറികളിലേക്കു തിരിച്ചു പോകണമെന്നാണ്‌ ഈ വാക്കുകളുടെ അർഥം. കേരളത്തിലെ വെളിച്ചത്തിന്റെ സ്വിച്ചുകൾ മുഴുവൻ ഓഫാക്കുകവഴി വളർത്തി എടുക്കവുന്ന സന്താനവിപ്ലവസംസ്കാരത്തെ വിദ്യാഭ്യാസമുള്ള ഒരു കേരളീയനും അഭിവാദ്യം ചെയ്യുകയില്ല.

കുറേക്കലം മുമ്പ്‌ സന്താനവിപ്ലവത്തിനാഹ്വാനം ചെയ്ത തിരുവനന്തപുരത്തെ ഒരു സ്വാമി, അധികമുണ്ടാകുന്ന ഹിന്ദുക്കുട്ടികളെ ആശ്രമം സംരക്ഷിച്ചു കൊള്ളാമെന്നു ഉറപ്പ്‌ നൽകിയിട്ടും വിവേകമുള്ളവർ അത്‌ തള്ളിക്കളയുകയായിരുന്നു. ഹിന്ദുസന്യാസിമാരുടെ കൃത്രിമ ജട പോലെ എടുത്തണിയാവുന്ന ഒരു അലങ്കാരവസ്തുവല്ല ദാരിദ്ര്യം. ആസൂത്രിത സമൂഹത്തിനു മാത്രമേ ദാരിദ്ര്യത്തിൽ നിന്നും മോചനം നേടാൻ കഴിയൂ.

രാമപുരത്തുവാര്യർ കുചേലന്റെ കഥ പറഞ്ഞതിലൂടെ തെളിയിക്കൻ ശ്രമിച്ചത്‌ ആധുനികമായ ഈ ചിന്തയാണ്‌.

ഫിരാഖ്: ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകള്‍


"In the dark times, will there also be singing? Yes, there will be singing,
about the dark times." -Bertolt Brecht

“...ഞങ്ങള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും എല്ലാ മുസ്ലീങ്ങളെയും ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് അവര്‍ ഞങ്ങളെ വളഞ്ഞു. വീടുകള്‍ക്ക് തീയിട്ട് ആളുകളെ തീയിലേയ്ക്ക് എറിഞ്ഞുതുടങ്ങി. പൂര്‍ണ്ണ ഗര്‍ഭിണിയായ എന്റെ കസിന്‍ കൌസര്‍ബീബിയുമായി നില്‍ക്കുകയായിരുന്നു ഞാന്‍. അവള്‍ക്ക് കുഞ്ഞുജനിക്കാന്‍ ഇനി രണ്ട് ദിവസമേയുള്ളൂ. അവര്‍ അവളെ വലിച്ചിഴച്ചുകൊണ്ടു പോയി, ഒരു കത്തികൊണ്ട് അവളുടെ വയര്‍ പിളര്‍ന്ന് ഭ്രൂണത്തെ തീയിലേയ്ക്കെറിഞ്ഞു. എന്നിട്ട് എന്റെ കുടുംബത്തെ ഒന്നൊന്നായി തീയിലേയ്ക്കെറിഞ്ഞു. അച്ഛന്‍, അമ്മ, എന്റെ 17 വയസ്സുള്ള സഹോദരി സോഫിയ.. എന്റെ അമ്മായിയുടെ കുടുംബത്തെയും ജീവനോടെ ചുട്ടെരിച്ചു...”
ജാവെദ് ഹുസൈന്‍‍ , 14
ഉറക്കവും നിഷ്കളങ്കരും
“...മഹ്രൂഖ് ബാനുവിന്റെ മകളായ ഖൈറുന്നീസയുടെ ലജ്ജാകരമായ ബലാത്സംഗത്തിന് ഞാന്‍ ദൃക്‌സാക്ഷിയായിരുന്നു. 11 പേര്‍ ചേര്‍ന്ന് അവളെ മൃഗീയമായി ബലാത്സംഗം ചെയ്തു. വീട്ടിലെ കുളിമുറിയില്‍ ആ സമയത്ത് ഒളിച്ചിരിക്കുകയായിരുന്നു ഞാന്‍ . അതിനു ശേഷം, അവര്‍ അവളുടെ കുടുംബത്തെയൊന്നാകെ ഒന്നൊന്നായി ചുട്ടെരിച്ചു, ഖൈറുന്നീസയുടെ അമ്മയുടെ തല വെട്ടിമാറ്റി. അവര്‍ പെട്രോളില്‍ മറ്റെന്തോ ദ്രാവകം കലര്‍ത്തുന്നത് ഞാന്‍ കണ്ടു. പിന്നീട് കണ്ടെടുത്ത ശവശരീരങ്ങള്‍ ഭീതിദമായ അവസ്ഥയിലായിരുന്നു... ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്, 6 വയസ്സുള്ള ഇമ്രാന്റെ വായിലേയ്ക്ക് പെട്രോള്‍ ഒഴിക്കുന്നത്. അതിനു പിന്നാലെ കത്തിച്ച ഒരു തീപ്പട്ടിക്കൊള്ളി അവന്റെ വായിലേയ്ക്ക് എറിഞ്ഞു, അവന്‍ പൊട്ടിച്ചിതറിപോയി.”
നസീര്‍ ഖാന്‍ റഹീം ഖാന്‍ , പ്രിന്‍സിപ്പല്‍, സണ്‍ഫ്ലവര്‍ സ്കൂള്‍, നരോദ പാട്ടിയ
കമ്മ്യൂണലിസം കോംബാറ്റ്

“... ഭീമാകാരമായ കുഴികള്‍ നിര്‍മ്മിക്കുന്നതിന്റെയും കൂട്ട ശവസംസ്കാരം ചെയ്യുന്നതിന്റെയും അസന്തുഷ്ടമായ ചുമതല എനിക്കായിരുന്നു. ഞാന്‍ കണ്ട ശവശരീരങ്ങളുടെ അവസ്ഥ കാരണം എനിക്ക് ഇന്നും ഉറങ്ങാന്‍ പറ്റുന്നില്ല. പല ശവശരീരങ്ങള്‍ക്കും തലയോട് ഇല്ലായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ കരിഞ്ഞ ശവശരീരങ്ങള്‍ ഒരു കൂനയായി കിടക്കുകയായിരുന്നു. 300-400 ശവശരീരങ്ങള്‍ അവിടെ കണ്ടെന്ന് ഞാന്‍ ആണയിടാം. നിര്‍ഭാഗ്യവശാല്‍, 16 ദിവസം കൊണ്ട് ഞങ്ങള്‍ക്ക് 192 ശവങ്ങളേ കുഴിച്ചുമൂടാന്‍ കഴിഞ്ഞുള്ളൂ. ഈ പ്രവര്‍ത്തി ചെയ്ത സന്നദ്ധസേവകര്‍ക്ക് അവരുടെ ഹൃദയം ഇരുമ്പാക്കേണ്ടി വന്നു, കയ്യുറകള്‍ ധരിക്കേണ്ടി വന്നു, ഡെറ്റോള്‍ തളിക്കേണ്ടി വന്നു, അത്തറു പുരട്ടേണ്ടിവന്നു...”

ദാവൂദ് ഭായി ഘദിയാലി, ദരിയാഖാന്‍ ഘുംബട്ട് റിലീഫ് കാമ്പിലെ സന്നദ്ധ സേവകന്‍, 2002 മാര്‍ച്ച് 20-നു നല്‍കിയ അഭിമുഖത്തില്‍ നിന്നും


രണ്ടായിരത്തി രണ്ടില്‍ ഗുജറാത്തില്‍ നടന്ന ഭീകരമായ വംശീയ കൂട്ടക്കൊലകളെക്കുറിച്ച് വിവിധ മാധ്യമങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആയിരക്കണക്കിന് സംഭവങ്ങളില്‍ ചിലതുമാത്രമാണ് മുകളില്‍ വിവരിച്ചത്. അഭിനേത്രി നന്ദിതാ ദാസിന്റെ പ്രഥമ സംവിധാന സംരഭമായ ഫിരാഖ് കണ്ടിറങ്ങുമ്പോള്‍ ഇത്തരം ചില സംഭവങ്ങളെങ്കിലും ഓര്‍മ്മയിലേക്ക് മടങ്ങി വരാതിരിക്കില്ല. പഴയ മുറിവുകള്‍ കുത്തിപ്പൊട്ടിക്കുന്നു എന്ന ആരോപണം ഈ സിനിമയ്കു നേരെ ഉയര്‍ന്നത് യാദൃശ്ചികമല്ല. ആഴമേറിയ മുറിവുകളില്‍ പലതും ഇനിയും ഉണങ്ങിയിട്ടുണ്ടാവില്ല . വളരെ പഴയതല്ലാത്ത ഒരു നശിച്ച ഭൂതകാലത്തിന്റെ ഓര്‍മ്മ തീര്‍ച്ചയായും ഈ ചിത്രം ഉണര്‍ത്തുന്നുണ്ട്. ചിലര്‍ മറന്നെന്ന് ഭാവിക്കുന്നതും എന്നാല്‍ മറ്റു ചിലര്‍ക്ക് എത്ര മറക്കാന്‍ ശ്രമിച്ചാലും മറക്കാന്‍ കഴിയാത്ത ചില ഓര്‍മ്മകള്‍. ചില സാധാരണ മനുഷ്യരുടെ, കലാപം നടന്ന് ഒരു മാസത്തിനു ശേഷമുള്ള മാനസിക സംഘര്‍ഷങ്ങളാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളില്‍ പതിവായി കാണുന്ന ഈ കഥയും കഥാപാത്രങ്ങളും വെറും ഭാവനാ സൃഷ്ടികള്‍ മാത്രം, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയോ ഉള്ള ഏതൊരു സാമ്യതയും തികച്ചും യാദൃശ്ചികം എന്ന പൊള്ളയായ മുന്‍കൂര്‍ ജാമ്യത്തിനു പകരം 'ഒരായിരം സംഭവ കഥകളുടെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ഒരു കഥ' എന്ന സത്യസന്ധമായ ആമുഖത്തോടെയാണ് ചിത്രം തുടങ്ങുന്നത്.

ഫിരാഖ് എന്ന ഉറുദു വാക്കിന് വേര്‍പിരിയല്‍ (separation) എന്നും അന്വേഷണം(quest) എന്നും അര്‍ത്ഥമുണ്ട്. സ്യൂഡോ ഹിന്ദു സെപ്പറേറ്റിസത്തെക്കുറിച്ചുള്ള പരോക്ഷമായ ഒരു സൂചനയാണോ സംവിധായിക ഉദ്ദേശിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ, ഈ ചിത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ വളരെയേറെ പ്രസക്തമാണെന്നതിന് തര്‍ക്കമില്ല. മുഖ്യധാരാ സിനിമകള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന ഒരു വിഷയം തന്നെ തന്റെ ആദ്യ ചിത്രത്തിനായി അവര്‍ തിരഞ്ഞെടുത്തു എന്നതും അഭിനന്ദനീയമാണ്.

കഥാസാരം

ലഹളകള്‍ നടന്ന് ഒരു മാസത്തിനു ശേഷമുള്ള വിവിധ കഥാപാത്രങ്ങളുടെ ഇഴപിരിഞ്ഞ കഥകള്‍ വിവിധ ആഖ്യാനങ്ങളിലൂടെ വികസിക്കുന്നു. അഭയത്തിനുവേണ്ടി യാചിക്കുകയും അത് നിരസിക്കപ്പെടുകയും ചെയ്യുന്ന ഒരു മുസ്ലീം യുവതിയുടെ ഓര്‍മകള്‍ ആര്‍തി എന്ന ഗുജറാത്തി വീട്ടമ്മയുടെ(ദീപ്തി അഗര്‍വാള്‍) മനസ്സിനെ നിരന്തരം വേട്ടയാടുന്നു. ലഹളകള്‍ക്കു ശേഷം നടന്ന തീവെപ്പിലും കൊള്ളയിലും പങ്കാളിയായ തന്റെ കഠിനഹൃദയനായ ഭര്‍ത്താവിനോടൊപ്പം (പരേഷ് റാവല്‍) അസുഖകരമായ ഒരു ജീവിതം നയിക്കുകയാണവര്‍. അനാഥബാലനായ മൊയ്സിന്‍ (ആര്‍തി അവനെ അവന്റെ സുരക്ഷയ്ക്കായി മോഹന്‍ എന്നു പേരുമാറ്റി വിളിക്കുന്നുണ്ട്) അഭയാര്‍ത്ഥി കാമ്പില്‍ നിന്നും ഒളിച്ചോടി തന്റെ അബ്ബയെ തിരഞ്ഞുകൊണ്ട് നടക്കുകയാണ്, ഒരു ഹിന്ദു കോളനിയില്‍ താമസിക്കുന്ന സംഗീതജ്ഞനായ,തന്റെ ഐഡിയോളജിയില്‍ ഉറച്ചു വിശ്വസിക്കുന്ന ഖാന്‍ സാഹിബിന് (നസുറുദ്ദീന്‍ഷാ) തനിക്കു പരിചിതമായ ലോകത്തിന്റെ തച്ചുടയ്ക്കല്‍ മനസിലാവുന്നില്ല. അക്രമസമയത്ത് ഭര്‍ത്താവിനോടൊപ്പം മറ്റൊരിടത്ത് ഒളിച്ചു താമസിച്ച മുനീറ (ഷഹാന) എന്ന പെണ്‍കുട്ടി ഒടുവില്‍ തിരിച്ചുചെല്ലുമ്പോള്‍ കത്തിച്ചാമ്പലായ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്തുന്നത്.

അനുരാധ (റ്റിസ്ക) എന്ന ഹിന്ദു യുവതിയെ വിവാഹം ചെയ്ത സമീര്‍ ഷേക് (സഞ്ജയ് സൂരി) എന്ന കഥാപാത്രം, തന്റെ അസ്തിത്വത്തെക്കുറിച്ച് ചിന്താക്കുഴപ്പത്തിലാണ്, അഹ്മദാബാദില്‍ തുടരണോ അതോ മറ്റൊരു നഗരത്തിലേയ്ക്ക് പോവണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇരുവരും. ഇതിനു പുറമേ അശരണരായ നാലഞ്ചു മുസ്ലീം കഥാപാത്രങ്ങള്‍, പ്രതികാരം ചെയ്യാന്‍ ചില വിഫലശ്രമങ്ങള്‍ നടത്തുന്നുണ്ട്. കലാപം ഇവരുടെയൊക്കെ ജിവിതത്തില്‍ വരുത്തിയ മാറ്റങ്ങളാണ് ഫിരാഖ് പറയുന്നത്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്, തിരക്കഥ, ഛായാഗ്രഹണം, അഭിനേതാക്കളുടെ പ്രകടനം എന്നിവയൊക്കെ ഒന്നിനൊന്ന് മികച്ചു നില്‍കുന്നു. ഫിരാഖ് ഒരു ഡോക്യുമെന്ററിയല്ല. സിനിമയുടെ ആരംഭത്തില്‍ കാണിക്കുന്ന ശവശരീരങ്ങള്‍ കൂട്ടമായി മറവു ചെയ്യുന്ന രണ്ടു മനുഷ്യരുടെ രംഗത്തിന് ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ദാവൂദ് ഭായ് യുടെ ജീവിതവുമായി ഉള്ള സാദൃശ്യം ഒഴിച്ചു നിര്‍ത്തിയാല്‍ ഗുജറാത്ത് വംശഹത്യക്കാലത്ത് നടന്ന മനുഷ്യത്യരഹിതമായ സംഭവങ്ങളുടെ മറ്റു വിശദാംശങ്ങളിലേക്ക് ഒന്നും കടക്കാതെ ലഹള നഗരവാസികളില്‍ അവശേഷിപ്പിച്ച ഭയം, നിരാശ, കോപം, അസ്വസ്ഥകള്‍, പ്രതീക്ഷ, അസ്തിത്വത്തെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ ഇവയ്കൊക്കെയാണ് പ്രധാന്യം നല്കിയിരിക്കുന്നത്. പലപ്പോഴും കലാപങ്ങളേക്കാള്‍ അതി ഭീകരമാണ് അവ അവശേഷിപ്പിക്കുന്ന വേദനകളും ആകുലതകളും. രണ്ടു ലക്ഷത്തോളം പേരാണ് വീടും ബന്ധുക്കളും നഷ്ടപ്പെട്ട് തെരുവിലിറക്കപ്പെട്ടത്. കഥയും കഥാപാത്രങ്ങളും ഭാവനാ സൃഷ്ടികളെങ്കിലും അവര്‍ നേരിടുന്ന ദു:ഖവും സംഘര്‍ഷങ്ങളും ഒരിക്കലും കൃത്രിമമായി അനുഭവപ്പെടുന്നില്ല. CNN IBNല്‍ രാജീവ് മസന്ദ് എഴുതിയ 'It is a noble film, an admirable debut, but you don't feel the pain.'എന്ന അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ട്. ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച സംഭവങ്ങളോളം വരുന്ന ഹൃദയ ഭേദകമായ കഥകള്‍ ഒന്നും സിനിമ കാണിച്ചു തരുന്നിലെങ്കില്‍ തന്നെ, കലാപക്കാലത്ത് അഹമ്മദാബാദില്‍ താമസമായിരുന്നതിനാല്‍ ചില സംഭവങ്ങള്‍ നേരില്‍ കാണേണ്ടി വന്ന ഹതഭാഗ്യനെന്ന നിലയില്‍ ഈ സിനിമ എന്നെ ഒട്ടേറെ വേദനിപ്പിച്ചു എന്നു പറയാതെ വയ്യ. അല്ലെങ്കിലും മാനഹാനി നേരിടേണ്ടി വന്ന ഒരു സ്ത്രീയുടെ മനോദുഖം സിനിമയില്‍ അവതരിപ്പിക്കാന്‍ ഭീകരമായ ഒരു ബലാത്സംഗ രംഗം കൂടിയേ തീരൂ എന്നില്ലല്ലോ? ഏറ്റവും നല്ല ഉദാഹരണം ബലാത്കാരം എങ്ങിനെ ആസ്വദിച്ചു എന്ന് പരേഷ് റാവല്‍ അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ സുഹൃത്തിനോട് ചോദിക്കുന്ന അറപ്പുളവാക്കുന്ന രംഗം തന്നെ.

അസഹിഷ്ണുതകളുടെ നേര്‍ക്കാഴ്ചകള്‍

വര്‍ഗീയ ധ്രുവീകരണം ഗുജറാത്തില്‍ ഏറെക്കുറേ പൂര്‍ണ്ണമായി കഴിഞ്ഞിരിക്കുന്നു. മുസ്ലീംങ്ങളെ ഒറ്റപ്പെടുത്താനുള്ള നിരന്തരമായ ആഹ്വാനങ്ങള്‍ ഇറങ്ങുന്നു, കുട്ടികളുടെ മനസ്സില്‍ പോലും വിവേചനത്തിന്റെ വിത്തുകള്‍ വിതയ്ക്കും വിധം മുസ്ലീങ്ങളും ഇതര മതങ്ങളും എങ്ങിനെ ഹിന്ദുക്കള്‍ക്ക് ഭീഷണി ആയിത്തീരുന്നു എന്ന രീതിയില്‍ സ്കൂള്‍ പുസ്തകങ്ങള്‍ തിരുത്തി എഴുതപ്പെടുന്നു. (ഗുജറാത്ത് ബോഡിന്റെ ഒമ്പതാം ക്ലാസിലെ സാമൂഹ്യപാഠം
നമ്മുടെ രാജ്യത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന ഒമ്പതാം അധ്യായത്തിന്റെ ആദ്യ ഭാഗം ന്യൂനപക്ഷ സമുദായങ്ങള്‍ ആണ്. മുസ്ലീങ്ങളും കൃസ്ത്യാനികളും വിദേശികളാണെന്നും പല സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ഒരു ന്യൂന പക്ഷമാണ് എന്നും അത് പഠിപ്പിക്കന്നു).

“വൈബ്രന്റ്”ഗുജറാത്തില്‍ (അതോ വയലന്റോ?) സംജാതമായിരിക്കുന്ന പരിതാപകരമായ ഈ അവസ്ഥയെ മിക്ക ഗുജറാത്തികളും ന്യായീകരിക്കുന്നു, അല്ലെങ്കില്‍ അതില്‍ യാതൊരു അപകടവും ഉള്ളതായി വിശ്വസിക്കാത്തവരാണ് മിക്കവരും എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. തങ്ങളുടെ കുഴപ്പം കൊണ്ട് ഉണ്ടായ റോഡ് ആക്സിഡന്റില്‍ കാറുകാരനെ കുറ്റപ്പെടുത്തി പണം തട്ടിയെടുക്കുന്ന തന്റെ കൗശലത്തില്‍ അഭിമാനിക്കുന്ന രണ്ടു ഗുജറാത്തി കഥാപാത്രങ്ങളെപ്പോലെ. കലാപബാധിതരായവര്‍ സര്‍വവും നഷ്ടപ്പെട്ട്
ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുമ്പോള്‍ തൊട്ടടുത്ത്, ഒരു കല്യാണ വീട്ടില്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ ആടിയും പാടിയും നടക്കുന്ന ചില ഗുജറത്തി സ്ത്രീകളെ നന്ദിതാ ദാസ് നമുക്ക് കാണിച്ചു തരുന്നുണ്ട്. ഗുജറാത്തില്‍ താമസിച്ചിട്ടുള്ള പലരും നേരിട്ടനുഭവിച്ചിട്ടുള്ളതായ, മറ്റു മതക്കാരോടും ജനവിഭാഗങ്ങളോടും ഗുജറാത്തികള്‍ക്ക് പൊതുവേയുള്ള അസഹിഷ്ണുതയെയും ചിത്രം തുറന്നു കാട്ടുന്നുണ്ട് . (മുസ്ലീങ്ങളുടെ അസഹിഷ്ണുതയെക്കുറിച്ച്, കലാപം നടന്ന് ഏകദേശം ഒരു മാസത്തിനു ശേഷം ഗോവയില്‍ നടന്ന ബി.ജെ.പി നാഷണല്‍ എക്സിക്യുട്ടീവ് സമ്മേളനത്തില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് പറഞ്ഞത് ഓര്‍ക്കുക: "എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ അവിടെയൊന്നും ഒരിക്കലും അവര്‍ പൊതുസമൂഹവുമായി ഇടപഴകുന്നില്ല. സ്വന്തം ആശയങ്ങള്‍ സമാധാനപരമായി പ്രചരിപ്പിക്കുന്നതിനു പകരം അവര്‍ ഭീഷണിയിലൂടെയും ഭീകരതയിലൂടെയുമാണ് മതപ്രചാരണം നടത്തുന്നത്.) മുസ്ലീം ആയതുകൊണ്ട് താമസിച്ചിരുന്ന സൊസൈറ്റിയില്‍ നിന്നും പുറത്താക്കിയ എന്റെ ഒരു സുഹൃത്തിനെക്കുറിച്ചും, മീന്‍ വറുത്തതിന് ഭീഷണി സഹിക്കേണ്ടി വന്ന ബംഗാളി കുടുംബത്തെയും സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോകുന്നു. അതെ, നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് സഹിഷ്ണുതയെക്കുറിച്ച് തന്നെയാണ്!

തിരഞ്ഞെടുപ്പിനായി ഒരു ക്രിക്കറ്റുകളി മാറ്റിവെച്ചത് രാജ്യത്തിനു നേരിട്ട അപമാനമായി തോന്നിയ ഒരു മനുഷ്യന്, അയാള്‍ ചുക്കാന്‍ പിടിച്ച ഈ നരവേട്ടയെക്കുറിച്ചോ, പൗരമാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിതിലോ അതൊന്നും ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാത്തവതിലോ ഒരു അപമാനവും തോന്നുന്നില്ല എന്നതാണ് ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഹിന്ദുവായാലും മുസല്‍മാനായാലും ശരി ,വര്‍ഗീയ തീവ്രവാദത്തിനു മുമ്പില്‍ മനുഷ്യജീവിതങ്ങള്‍ക്ക് യാതൊരു വിലയും ഇല്ലാതാകുന്നു എന്ന് ഫിരാഖ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഗുജറാത്തിലെ അപകടം നാം തിരിച്ചറിഞ്ഞിട്ടില്ല, ആ അനുഭവങ്ങളില്‍ നിന്നും യാതൊരു പാഠവും നാം പഠിച്ചില്ല എന്ന നിരാശാ ബോധം നമ്മെ വേട്ടയാടുന്നു. മതവൈരാഗ്യത്തേയും അതിന്റെ പേരില്‍ നിരന്തരം നടക്കുന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും ഫലപ്രദമായി നേരിടാന്‍ നമുക്കിന്നും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ ഇന്നും മുത്തലിക്കുമാരും വരുണ്‍ ഗാന്ധിമാരും വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും വിഷം തുപ്പിക്കൊണ്ടിരിക്കുന്നതും അവര്‍ ന്യായീകരിക്കപ്പെടുന്നതും.

അന്ധകാരത്തിന്റെ നടുക്കങ്ങള്‍


ഖാന്‍ സാഹേബ് എന്ന കഥാപാത്രം പറയുന്നതുപോലെ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെടുന്നത് ഹിന്ദുവോ മുസല്‍മാനോ അല്ല, മനുഷ്യന്‍ മനുഷ്യനെത്തന്നെയാണ് പരസ്പരം കൊല്ലുന്നത്. ഇവ നേരില്‍ക്കാണാനിടവരുന്നവര്‍ ഇനി മറ്റൊരിടത്തും ഇതാവര്‍ത്തിക്കരുതേ എന്ന്‍ ആത്മാര്‍ത്ഥമായി ആശിച്ചു പോകും. ലഹള തുടങ്ങിയ ദിവസം ജോലിസ്ഥലത്ത് നിന്നും സുഹൃത്തുക്കളൊപ്പം മടങ്ങി വരവേ തടഞ്ഞു നിര്‍ത്തിയ പോലീസുകാരില്‍ നിന്നും ഞാന്‍ രക്ഷപെട്ടത് മുസ്ലീം എന്നു തോന്നിക്കാത്ത പേരുണ്ടായതു കൊണ്ടു മാത്രമാണ്. എന്നാല്‍ എന്റെ കൂടെ ഫാക്റ്ററിയില്‍ ജോലി ചെയ്തിരുന്ന മറ്റു പലരേയും ഇതേ ഭാഗ്യം തുണക്കാതെപോയി. അവരില്‍ ചിലരൊന്നും പീന്നീടൊരിക്കലും ജോലിക്ക് മടങ്ങിയെത്തിയില്ല. വഴി നീളെ കാറുകളും ട്രക്കുകളും കത്തിയെരിയുന്നതും ഭ്രാന്തമായ ആവേശത്തോടെ വാളും മറ്റായുധങ്ങളുമായി ജനക്കൂട്ടങ്ങള്‍ അലറിക്കൊണ്ട് പോകുന്നതും ഒക്കെ ഒരു മരവിപ്പോടെ മാത്രമേ ഇപ്പോഴും ഓര്‍ക്കാനാകൂ. ഫ്ലാറ്റിന്റെ എട്ടാം നിലയിലെ ബാല്‍കണിയില്‍ നിന്നും കെട്ടിങ്ങളില്‍ നിന്നും ഉയര്‍ന്ന തീയും പുകയും നോക്കിക്കൊണ്ട് നില്‍കാനേ ഞങ്ങള്‍ക്കായുള്ളൂ. ഗുജറാത്തിക്കാരനായ റൂം മേറ്റ് അക്രമകാരികളെ ന്യായീകരിച്ച് സംസാരിക്കുന്നതു കേട്ട് പ്രതികരിക്കാന്‍ പോലും ആവാതെ മൂന്നു ദിവസത്തോളം കമ്പനി ഫ്ലാറ്റിനകത്തു കഴിച്ചു കൂടുകയായിരുന്നു. സ്വന്തം മുറിക്കകത്തു പോലും സുരക്ഷിതനല്ല എന്ന ചിന്ത എന്നെ ഏറെ ഭയപ്പെടുത്തി. അഹമ്മദാബാദിലെ പഴയ ജീവിതം ഒരിക്കലും മടങ്ങി വന്നില്ല. മട്ടന്‍ ബിരിയാണി കഴിക്കാന്‍ ഞങ്ങള്‍ പതിവായി പോവാറുണ്ടായിരുന്ന റിലീഫ് റോഡിലെ ഹോട്ടല്‍ തീവെച്ചു നശിപ്പിക്കപ്പെട്ടു.(അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് മാംസാഹാരം കിട്ടാറുണ്ടായിരുന്നത്). പരിചിതരോടു പോലും ഞാന്‍ സൂക്ഷിച്ചേ സംസാരിച്ചിരുന്നുള്ളൂ. കുറച്ചു മാസങ്ങള്‍ക്കു ശേഷം മി.& മിസിസ് അയ്യര്‍ എന്ന സിനിമയിലെ സ്ട്രിപ് ചെക്കിങ്ങ് രംഗം കാണാനിടയായതു എന്റെ ഭയം വര്‍ദ്ധിപ്പിച്ചു. ഫിരാഖ് സിനിമയിലെ സമീര്‍ എന്ന കഥാപാത്രത്തെപ്പോലെ ഞാനും ഡല്‍ഹിയിലേക്ക് ജോലിയും താമസവും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഭയന്നോട്ടം എവിടെച്ചെന്നു നില്‍കുമെന്നറിയില്ല. കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി മിക്കയിടങ്ങളിലും ഈ അരക്ഷിതാവസ്ഥയുടെ നിഴല്‍ ഉണ്ട്. വിവാദ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനു മുമ്പ് എനിക്ക് നൂറു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന വസ്തുതയ്ക് യാതൊരു പ്രസ്കതിയും ഇല്ലെന്നു വരുന്നു. വസീം അക്രത്തിന്റെ ബൗളിങ്ങിനെയോ അലി അസ്മത്തിന്റെ പാട്ടുകളേയോ പരസ്യമായി പ്രശംസിക്കാന്‍ എനിക്ക് കഴിയാതെ വരുന്നു. ഇന്ത്യൻ ഇസ്ലാമിന് റസൂല്‍ പൂക്കുട്ടിയെപ്പോലെ പൊതുവേദിയില്‍ വെച്ച് ഓംകാരത്തിന്റെ മഹത്വത്തെക്കുറിച്ചും ശിവരാത്രിയെക്കുറിച്ചും പറഞ്ഞ് സ്വന്തം രാജ്യസ്നേഹം വെളിപ്പെടുത്തേണ്ടി വരുന്നു, സ്വന്തം കൂറ് തെളിയിക്കേണ്ടിയിരിക്കുന്നു എന്ന ശോചനീയാവസ്ഥ അശ്ലീലകരമാം വണ്ണം ഭീകരമാണ്. എന്നാല്‍ ഈ അവസ്ഥയ്ക്കെതിരെ എന്തുകൊണ്ട് ചങ്കുറപ്പോടെ പ്രതികരിക്കുന്നില്ല എന്നതിനുള്ള മറുപടി സിനിമയില്‍ സമീര്‍ എന്ന കഥാപാത്രം പറയുന്നുണ്ട്: 'Because I don’t have the balls’.
മറ്റൊരവസരത്തില്‍ തന്നെ ഹിന്ദുവായി തെറ്റിദ്ധരിച്ച പോലീസ് ഓഫീസറോട് താന്‍ മി. ദേസായി അല്ല മി. ഷേയ്ക് ആണെന്നു സമീര്‍ പറയുന്നുണ്ട്. എന്തിന് അങ്ങനെ ചെയ്തെന്നു ചോദിക്കുന്ന ഭാര്യയോട് അയാള്‍ പറയുന്നത് ഇതാണ്: I felt good...bloody good !

മീ റ്റൂ...
ഇത്രയും എങ്കിലും എഴുതിയല്ലോ എന്ന ആശ്വാസം കൊണ്ട്.

- ഉന്മേഷ് ദസ്തക്കിര്‍


നമുക്ക് പരിചിതമായ ദുര്‍ഗന്ധം

മാര്‍ച്ച് 24, 2009ല്‍ ദ ഹിന്ദുവില്‍ വന്ന സിദ്ധാര്‍ത്ഥ് വരദരാജന്റെ ലേഖനത്തിന്റെ ഭാഷാന്തരം

മുസ്ലീങ്ങളോടുള്ള വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന വരുണ്‍ ഗാന്ധിയുടെ പിലിഭിത് പ്രസംഗമാണോ അതോ ആ പ്രസംഗത്തിന്റെ അനിഷേധ്യമായ തെളിവുകള്‍ക്ക് മുന്നില്‍ പതറിയോടുന്ന ഭീരുത്വമോ - ഇതിലേതാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെതായി ഈയിടെ കേട്ട പ്രസ്താവനകളില്‍ കൂടുതല്‍ നിന്ദ്യമേതെന്ന് എനിക്ക് നിശ്ചയിക്കാനാവുന്നില്ല. ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും കാലത്തിനു മുന്‍പ് രാഷ്ട്രീയക്കാര്‍ അച്ചടിമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന തങ്ങളുടെ വാക്കുകളെ നിഷേധിച്ചിരുന്നത് തങ്ങളുടെ വാചകം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റിയോ തെറ്റായി ഉദ്ധരിക്കുകയോ ചെയ്തതാണെന്ന ന്യായം പറഞ്ഞുകൊണ്ടായിരുന്നു. കുറ്റകരമായ വാചകങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകള്‍ പത്രക്കാരന്റെ പക്കലുണ്ടായിരുന്നാല്‍ പോലും അത് നിരത്താനോ പ്രചരിപ്പിക്കാനോ ഉള്ള ഉപാധികളുടെ അഭാവത്തില്‍ അന്നൊക്കെ പ്രാസംഗികന്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. ഇനിയില്ല. വരുണ്‍ തന്റെ പ്രസംഗങ്ങളില്‍ പലയിടത്തും നിരന്തരമായി വര്‍ഗ്ഗീയവിഷം വമിപ്പിക്കുന്നുണ്ടായിരുന്നു. ഒന്നല്ല, അനവധി വീഡിയോ,ഓഡിയോ റിക്കോഡിംഗുകളുണ്ട് ഇത് തെളിയിക്കുന്നതായിട്ട്.

വരുണിന്റെ ഉയര്‍ന്നു താഴുന്ന കരങ്ങളിലും ആവേശം കൊള്ളുന്ന ചുണ്ടുകളിലും മുസ്ലീങ്ങളെ വെട്ടാനും കൊല്ലാനുമുള്ള പരുക്കന്‍ പ്രതിജ്ഞകളിലും ഇന്ത്യ കണ്ടതും കേട്ടതും അകലങ്ങളുടെ സുഖകരമായ മറ ചീന്തിമാറ്റപ്പെട്ട ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് . "ഇത് [കോണ്‍ഗ്രസ്സിന്റെ] കൈപ്പത്തിയല്ലാ. ഇത് താമരയുടെ കൈയ്യാണ്. ഇലക്ഷനു ശേഷം ഇത് മുസ്ലീങ്ങളുടെ കഴുത്തു കണ്ടിക്കും", അയാള്‍ ഈ പറഞ്ഞത് മുസ്ലീങ്ങള്‍ ചേലാകര്‍മ്മം നടത്തുന്നതിനെ അര്‍ത്ഥമാക്കിക്കൊണ്ടുകൂടെയാണ്. നാം അതു കണ്ടു, കേട്ടു, മനസ്സിലാക്കി. അതിനാലാണ് ഈ ക്ലിപ്പിങ്ങുകള്‍ മായം ചേര്‍ത്തവയാണെന്ന വരുണ്‍ ഗാന്ധിയുടെ അവകാശവാദത്തെ ഇലക്ഷന്‍ കമ്മീഷന്‍ തള്ളിയതും അയാള്‍ ഇലക്ഷന്‍ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതും.

ഇലക്ഷനില്‍ നിന്ന് അയോഗ്യനാക്കപ്പെടുന്നതോ തുറുങ്കിലടയ്ക്കപ്പെടുന്നതോ തടയാനായതെല്ലാം അയാള്‍ ചെയ്യുമെന്നത് നമുക്ക് മനസിലാക്കാവുന്ന കാര്യം തന്നെ.മുസ്ലീങ്ങളുടെ കഴുത്ത് കണ്ടിക്കുമെന്ന് പിലിഭിത്തില്‍ ആക്രോശിച്ച ഹിന്ദുത്വത്തിന്റെ യോദ്ധാവ് ദില്ലിയില്‍ വിതുമ്പുന്നു, താന്‍ സംസാരിച്ചത് മുസ്ലീങ്ങള്‍ക്കെതിരേയല്ല പ്രധാന മുന്നണിയുടെ വോട്ടപഹരിക്കുന്ന അപരന്മാരെക്കുറിച്ചാണ് എന്ന അസംബന്ധവുമായി.

ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരേ പ്രയോഗിക്കുന്ന "നിഗ്ഗര്‍" എന്ന അവഹേളനത്തിനു തുല്യമാണ് മുസ്ലീങ്ങള്‍ക്കെതിരേ വരുണ്‍ പ്രയോഗിച്ച "കട്ടുവാ" (കണ്ടിച്ച) എന്ന വാക്കും - അതിന്റെ സ്ഥാനം ഓടയിലാണ്, തെരഞ്ഞെടുപ്പ് പ്രസംഗത്തിലല്ല. മുസ്ലീം നാമങ്ങളെ ഭീതിജനകങ്ങളായി ചിത്രിക്കരിക്കുക മാത്രമല്ല, അവരെ രാത്രിയില്‍ കണ്ടാല്‍ ഹിന്ദുക്കള്‍ ഭയപ്പെടണം എന്നും അയാള്‍ തട്ടിവിട്ടു. ജനാധിപത്യരാജ്യം എന്ന് വിളിക്കാവുന്ന ഏതൊരിടത്തും ഇമ്മാതിരിയൊരു പ്രസംഗം നടത്തുന്ന ഒരുത്തനെ ഉടനടി തുറുങ്കിലടയ്ക്കുകയാണ് ചെയ്യുക. ഇത്തരം പ്രസംഗങ്ങള്‍ മുന്‍ കാലങ്ങളില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുള്ള ഒരു രാജ്യത്ത് അങ്ങനൊരാളെ ഇലക്ഷനില്‍ നിന്ന് അയോഗ്യനാക്കുകയാണ് സ്വാഭാവികമായും വേണ്ടത്. ഇനി നിയമനടപടികളുടെ സ്വാഭാവികമായ കാലതാമസത്തെ കരുവാക്കി അങ്ങനെയൊരാള്‍ നടപടികളെ വൈകിപ്പിച്ചാല്‍ തന്നെയും, അയാളെ ഇലക്ഷനില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അയാളുടെ പാര്‍ട്ടിക്ക് ധാര്‍മ്മിക ബാധ്യതയുണ്ട്.

അബോധതലങ്ങളിലെ വംശവിദ്വേഷങ്ങള്‍ അമേരിക്കയില്‍ ചിലപ്പോഴൊക്കെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മൈക്ക്ള്‍ ഡൂക്കാക്കിസിനെതിരെ 1988ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്മാര്‍ കറുത്തവര്‍ഗ്ഗക്കാരനായ ഒരു കുറ്റവാളിയുടെ പ്രശ്നം ഉന്നയിച്ചിരുന്നു. പക്ഷേ വംശീയോന്മൂലനം പോയിട്ട് ഒരു സ്ഥാനാര്‍ത്ഥി വംശവിദ്വേഷം ദ്യോതിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ പോലും ആ ദിവസം തന്നെ അയാള്‍ പാര്‍ട്ടിക്കു പുറത്താകുമായിരുന്നു. പക്ഷേ ഇത് ഇന്ത്യയാണ്. പാര്‍ട്ടി ബി.ജെ.പിയും. ജനിച്ചകാലം മുതല്‍ വംശീയവിദ്വേഷം പടര്‍ത്തുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സന്ദേശം തന്നെയാണ് വരുണ്‍ ഗാന്ധിയും ഏറ്റുപറഞ്ഞതെന്ന സത്യം നിലനില്‍ക്കെ അയാള്‍ക്കെതിരേ ബി.ജെ.പിക്കെങ്ങനെ നടപടിയെടുക്കാനാവും ?

"Terrifying Vision: M.S. Golwalkar, the RSS and India"യില്‍ ജ്യോതിര്‍മയ ശര്‍മ്മ വ്യക്തമാക്കുന്നതു പോലെ ആര്‍ എസ് എസ്സിന് മുസ്ലീങ്ങള്‍ എന്നും അന്യരും ആക്രമണകാരികളും ഭീഷണിയുയര്‍ത്തുന്നവരുമാണ് - "അപൂര്‍ണ്ണരും സംസ്കാരരഹിതരും രാക്ഷസന്മാരും" എന്നത്രെ മുസ്ലീങ്ങളെ സംബന്ധിച്ച സര്‍വ്വപ്രധാനിയായ ആ സര്‍സംഘചാലകന്റെ വാക്കുകള്‍ . കുലധര്‍മ്മവും ഹൈന്ദവ പൈതൃകവും അംഗീകരിക്കാത്ത ഇസ്ലാമിക, ക്രൈസ്തവ വിഭാഗങ്ങളൊക്കെ രാക്ഷസതുല്യരും ഇന്ത്യയോട് കൂറില്ലാത്തവരുമാണത്രെ. അവര്‍ "വീടിനു വെളിയിലുള്ളവരാണ്" - അവരെ നമ്മുടെ കൂടെ കൂട്ടണമെങ്കില്‍ അവര്‍ സ്വയം അലിയൊ ഹസനോ ജോണോ തോമസോ ആയി അറിയപ്പെടാത്ത കാലത്തേ പറ്റൂ. അതു നിഷേധിക്കുന്ന ഈ "അപരന്മാരെ" എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഗുരു ഗോള്‍വാള്‍ക്കര്‍ പറയുന്നത് പ്രഫസര്‍ ജ്യോതിര്‍മയ ശര്‍മ്മ കാട്ടിത്തരുന്നു : പരശുരാമന്‍ പിതാവിനെ അവഹേളിച്ചതിന് രക്തം കൊണ്ട് തര്‍പ്പണം ചെയ്തു പകരം വീട്ടിയതു പോലെ !

സ്വയം സേവക സംഘത്തിന്റെ സൈദ്ധാന്തിക ജനിതകവ്യവസ്ഥയില്‍ തന്നെ ആലേഖനം ചെയ്യപ്പെട്ട ഒന്നാണ് ഈ മുസ്ലീം വിരുദ്ധ തത്വശാസ്ത്രങ്ങളും അന്യമതസ്ഥര്‍ക്കു നേരെയുള്ള ആക്രമണഭീഷണിയും - തങ്ങളിലേയ്ക്കടുക്കുന്ന ആരെയും മലിനപ്പെടുത്താന്‍ പോന്നവിധം അപകടകരമായ ഒരു ജനിതവ്യതിയാനം.രാജ്യത്തെ നിയമവ്യവസ്ഥകാരണം സ്വന്തം ആശയങ്ങളവതരിപ്പിക്കുമ്പോള്‍ അവധാനതപാലിക്കാന്‍ നിര്‍ബന്ധിതമാവുന്നുവെങ്കിലും ബി.ജെ.പിയുടെ വിശാല രാഷ്ട്രീയത്തിന്റെ അടിസ്ഥാനശില മുസ്ലീം വിരോധം തന്നെ. എന്നാല്‍ ചിലപ്പോഴൊക്കെ മന:പൂര്‍വം നിശ്ചയിച്ചുറപ്പിക്കപ്പെട്ടോ അല്ലാതെയോ ഈ മുഖംമൂടി അഴിഞ്ഞു വീഴുന്നു. വരുണ്‍ ഈ രംഗത്തെ പുതുമുഖമാണ്, എന്നാല്‍ പരിണതപ്രജ്ഞനായ അടല്‍ ബിരി വാജ്പേയിക്ക് പോലും ഈ "വീഴ്ച" ഇടയ്ക്ക് സംഭവിക്കുന്നു. 2002 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ ഗുജറാത്ത് മോഡല്‍ മുസ്ലീംനരഹത്യകളുടെ കാലത്ത് ഗോവയിലെ ഒരു ബി.ജെ.പി സമ്മേളനത്തില്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പറഞ്ഞതിങ്ങനെ : "എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ അവിടെയൊന്നും ഒരിക്കലും അവര്‍ പൊതുസമൂഹവുമായി ഇടപഴകുന്നില്ല. സ്വന്തം ആശയങ്ങള്‍ സമാധാനപരമായി പ്രചരിപ്പിക്കുന്നതിനു പകരം അവര്‍ ഭീഷണിയിലൂടെയും ഭീകരതയിലൂടെയുമാണ് മതപ്രചാരണം നടത്തുന്നത്."

താന്‍ സംസാരിച്ചത് ഇസ്ലാമിസ്റ്റ് തീവ്രവാദികളെപ്പറ്റിയായിരുന്നെന്നും പൊതുവായി മുസ്ലീങ്ങളെപ്പറ്റിയല്ലെന്നും പിന്നീട് വാജ്പേയി തിരുത്തി. "എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ" എന്ന ഭാഗത്തെ "എവിടെയെല്ലാം അത്തരം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ" എന്ന് തിരുത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ കാര്യാലയം വാജ്പേയിയുടെ ഗോവാപ്രസംഗത്തെ മയപ്പെടുത്തിയത്. അവിടം കൊണ്ടു പ്രശ്നം തീര്‍ന്നേനെ, തന്റെ കാര്യാലയം തിരുത്തിയ പ്രസംഗമാണ് താന്‍ യഥാര്‍ത്ഥത്തില്‍ ഗോവയില്പ്പോയി പ്രസംഗിച്ചത് എന്ന നുണ വാജ്പേയി പാര്‍ലമെന്റില്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ . വാജ്പേയിയുടെ യഥാര്‍ത്ഥ ഗോവന്‍ പ്രസംഗത്തിന്റെ റിക്കോഡിംഗ് സഭയ്ക്കുമുന്നില്‍ വച്ചുകൊണ്ടാണ് പാര്‍ലമെന്റിനെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്ന് ഇത് ഖണ്ഡിച്ചത്.വാജ്പേയിയെ സ്പീക്കര്‍ മനോഹര്‍ ജോഷി അന്ന് കുറ്റവിമുക്തനാക്കിയെങ്കിലും "അത്തരം" എന്ന വാക്ക് യഥാര്‍ത്ഥ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വാജ്പേയി സമ്മതിച്ചതായി അദ്ദേഹത്തിന് തന്റെ റൂളിംഗില്‍ രേഖപ്പെടുത്തേണ്ടി വന്നു.

ഇത്തരം തിരുത്തലുകള്‍ക്കും വ്യക്തതവരുത്തലുകള്‍ക്കും ശേഷവും ബിജെപിയുടെ ജനിതകം അതിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. 2007ലെ ഉത്തര്‍പ്രദേശ് അസംബ്ലി ഇലക്ഷനു തലേന്ന് "ഭാരത് കീ പുകാര്‍ " (ഭാരതത്തിന്റെ വിളി) എന്ന പെരിലൊരു വീഡിയോ സി.ഡി ബി.ജെ.പി പുറത്തിറക്കി. മുസ്ലീങ്ങള്‍ പ്രതിനായകരാകുന്ന സി.ഡിയില്‍ ഹിന്ദുക്കള്‍ ഉപരോധത്തിലാകുന്നുവെന്ന സംഘപരിവാരത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കാനുദ്ദേശിച്ചത്. വീഡിയോ സീഡിയിലെ നായകനായ സ്കൂള്‍ അധ്യാപകന്‍ (മാസ്റ്റര്‍ ജീ) ഹിന്ദുക്കളെ നടന്നുപദേശിക്കുന്നു, സമയമതിക്രമിക്കും മുന്‍പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍. "നിങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്തില്ലെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും, നിങ്ങളെ മുസ്ലീങ്ങള്‍ അടിമകളാക്കും, താടി വയ്ക്കേണ്ടി വരും, നെറ്റിയിലെ പൊട്ട് മായ്ക്കേണ്ടിവരും" നായകനായ മാസ്റ്റര്‍ ജീ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മസ്തിഷ്കാഘാതം വന്ന് മരിക്കുന്നു, അയാളുടെ ചിതയ്ക്കരികില്‍ നിന്ന് കൊണ്ട് ഒരുത്തന്‍ പ്രസംഗിക്കുന്നു, "നാം നമ്മെ ഹിന്ദു എന്ന് വിളിക്കാന്‍ പോലും ഭയക്കുന്ന കാലം വിദൂരമല്ല. അന്ന് നിങ്ങള്‍ക്ക് ഒരു സോഹന്‍ ലാലിനെയോ മോഹന്‍ ലാലിനെയോ ആത്മാറാമിനെയോ രാധേകൃഷനേയോ കാണാനാവില്ല. എവിടെ നോക്കിയാലും അബ്ബാസും നഖ് വിയും റിസ് വിയും മൗലവിയും മാത്രമായിരിക്കും."

ഗുരുജിയില്‍ നിന്നും അടല്‍ജീയിലേക്കും മാസ്റ്റര്‍ജീയില്‍ നിന്നും വരുണിലേയ്ക്കും എത്തുമ്പോള്‍ പദങ്ങള്‍ മാറുന്നു പക്ഷേ മുസ്ലീങ്ങള്‍ അന്യപക്ഷവും ശത്രുക്കളും ഭയക്കേണ്ടവരും വിചിത്രനാമക്കാരും ഇന്ത്യയെ മറ്റൊരു പാകിസ്ഥാന്‍ ആക്കാന്‍ പദ്ധതിയുള്ളവരുമാണെന്ന അടിസ്ഥാന സന്ദേശം മാത്രം മാറുന്നില്ല. അതുകൊണ്ട് വരുണ്‍ ഗാന്ധി തന്റെ വോട്ടര്‍മാരെ താക്കീതുചെയ്യുന്നു, "നിങ്ങളുടെ ഗ്രാമങ്ങളില്‍ പോയി ഹിന്ദുക്കളുടെ ഐക്യത്തിനായി ആഹ്വാനം ചെയ്യൂ. ഈ ദേശം പാകിസ്ഥാനാവുന്നതില്‍ നിന്നും രക്ഷിക്കൂ". അയാളുടെ വാക്കുകള്‍ സംഘപരിവാരാശയങ്ങളെയാണ് അവയുടെ ആകത്തുകയില്‍ വ്യക്തമാക്കുന്നത്.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, 2007ലെ ബി.ജെ.പി തെരഞ്ഞെടുപ്പുപ്രചാരണ സി.ഡി ഇലക്ഷന്‍ കമ്മീഷന്‍ ഗൗരവമായിക്കണ്ടില്ല. പക്ഷേ ഇത്തവണ ആ തെറ്റ് ആവര്‍ത്തിക്കപ്പെട്ടില്ല, വരുണ്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കരുത് എന്നു തന്നെ പറഞ്ഞു .
തുടര്‍നടപടികളെപ്പറ്റി ബി.ജെ.പിയില്‍ ആശങ്കയുണ്ട്. 1984 നവംബറിലെ സിഖ് കൂട്ടക്കൊലയില്‍ പങ്കുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജഗദീശ് ടൈറ്റ്ലറെയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ്സ് മുന്നോട്ടുവയ്ക്കുന്നതിലെ ഇരട്ടത്താപ്പ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്സ് അതു ചെയ്യുന്നത് ഞെട്ടിപ്പിക്കുന്നതു തന്നെ, പക്ഷേ രണ്ടുതെറ്റുകള്‍ ഒരു ശരിയെ ഉല്പാദിപ്പിക്കില്ല. അവസാന വിധിവരെ താന്‍ തെറ്റുകാരനല്ല എന്ന് സ്വയം വിശേഷിപ്പിക്കാന്‍ നിയമം വരുണ്‍ ഗാന്ധിയെ അനുവദിച്ചേക്കാം. പക്ഷേ രാഷ്ട്രീയത്തിലെ പ്രത്യാഘാതങ്ങള്‍ മറ്റൊന്നാണ്. അയാളുടെ വെറുപ്പുപടര്‍ത്തുന്ന പ്രസംഗത്തെ അപലപിക്കാതിരിക്കുകയും അയാളെ ഇലക്ഷനില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തട്ടിമാറ്റുകയും ചെയ്യുക വഴി ബി.ജെ.പിയും അതിന്റെ നേതൃത്വവും ഒന്നു വ്യക്തമാക്കിയിരിക്കുന്നു - ഇലക്ഷന്‍ വിജയത്തിനു മതസ്പര്‍ദ്ധയിളക്കിവിട്ട് വിജയം നേടാന്‍ ശ്രമിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുകയും അനുവദിക്കുകയും ചെയ്യുന്നു എന്ന്.