ഏതു മഹാരാഷ്ട്രയെ വീണ്ടെടുക്കണം?


 മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഒരിക്കല്‍ക്കൂടി മാധ്യമത്തില്‍ ഇടം പിടിച്ചിരിക്കുന്നു. ഫാസിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ ആധുനിക ഇന്ത്യന്‍ പര്യായമായ സേന ഇത്തവണ നിര്‍ദ്ധനരും അഗതികളും, തെരുവോരങ്ങളില്‍ അഭയം പ്രാപിച്ചിരുന്നവരുമായ സന്ന്യാസിമാര്‍ക്കെതിരെയാണ്‌ തങ്ങളുടെ മൃഗീയമായ വേട്ടയാടല്‍ നടത്തിയിരിക്കുന്നത്‌.

എം.എന്‍.എസ്സിന്റെ വര്‍ഗ്ഗീയവിദ്വേഷ-വിഭാഗീയ രാഷ്ട്രീയത്തിനെ ശക്തമായി അടിച്ചൊതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയേക്കാള്‍ എളുപ്പത്തില്‍ പ്രചരിക്കാനാവുന്നതും, അതിനേക്കാള്‍ എത്രയോ ഇരട്ടി അപകടസാധ്യതകളുമുള്ള ഒരു പ്രാദേശികവാദമാണ്‌ എം.എന്‍.എസ്സിന്റെ അജണ്ട (സംഘപരിവാര്‍ ഇന്ത്യയൊട്ടാകെ ഏറ്റെടുത്തുനടത്താന്‍ ആഗ്രഹിക്കുന്ന വലിയ ഒരു അജണ്ടയെ, കൂടുതല്‍ സൌകര്യപ്രദമായ ചെറു യൂണിറ്റുകളായി പ്രാദേശികമായി കൈകാര്യം ചെയ്യാന്‍ ശിവസേന-എം.എന്‍.എസ്സുകള്‍ക്ക് കഴിയുന്നു എന്നതുകൊണ്ടാണ് അവയെ കൂടുതല്‍ അപകടകരം എന്നു വിളിക്കേണ്ടിവരുന്നത്.)മഹാരാഷ്ട്ര എന്ന സംസ്ഥാനത്തിന്റെ സ്വത്വരാഷ്ട്രീയവുമായി അതിന്‌ യാതൊരു പുലബന്ധവുമില്ല. ഇന്ത്യ എന്ന സമഗ്രവികാരം പോലും അതിലില്ല. ആകെയുള്ളത്‌, മാനസികവൈകല്യം മൂര്‍ച്ഛിച്ച ഏതാനും മാഫിയകളും അധികാരമോഹികളും മാത്രമാണ്‌. എങ്കിലും മറാത്തകളെ പ്രതിനിധീകരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്കു കഴിയുന്നു എന്ന്‌ കാണേണ്ടതുണ്ട്‌. ഇത്‌
തീകൊണ്ടുള്ള കളിയാണ്‌.

 
തെമ്മാടിരാഷ്ട്രീയത്തിന്റെ രണ്ടാം വര്‍ഷത്തിലാണ്‌ ഇന്ന്‌ എം.എന്‍.എസ്സ്‌ എത്തിനില്‍ക്കുന്നത്‌. ശിവസേന എന്ന പഴയ ചെറ്റക്കൂട്ടത്തിന്റെയും അതിന്റെ വിശുദ്ധപിതാവായ ബാല്‍താക്കറെ എന്ന നരച്ചുമൂത്ത മനോരോഗിയുടെയും വിധേയത്വത്തില്‍നിന്ന്‌ തെറ്റിപ്പിരിഞ്ഞ്‌, അവരെ ബഹുദൂരം
പിന്നിലാക്കുകപോലും ചെയ്ത്‌, വിദ്വേഷരാഷ്ട്രീയത്തിന്റെ ദല്ലാളുകളും പ്രചാരകരുമായി മാറിയിരിക്കുന്നു എം.എന്‍.എസ്സ്‌ ഇന്ന്.  മറാത്ത-ഇതര ജനവിഭാഗങ്ങള്‍ക്കും, ശിവസേനക്കും,
തലതൊട്ടപ്പന്‍മാരായി ഇപ്പോഴും തിരശ്ശീലക്കുപിന്നില്‍ മറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ്സ്‌-എന്‍.സി.പി ഭരണവര്‍ഗ്ഗത്തിനും, സമാജ്‌വാദി-ബി.എസ്‌.പി രാഷ്ട്രീയത്തിനും, ഇടതുപക്ഷത്തിനും എല്ലാം ഒരുപോലെ എതിരായ ഒരു ശക്തിയായി എം.എന്‍.എസ്സ്‌ മാറിയിരിക്കുന്നത്‌ ഇനിയും നമ്മള്‍ കാണാതിരുന്നുകൂടാ.

 
വിശാലമായ ഒരു ഇടതുപക്ഷരാഷ്ട്രീയം പ്രയോഗിക്കേണ്ട സമയമാണ്‌ ഇന്ന്‌ അതിക്രമിച്ചിരിക്കുന്നത്‌. 1960-കളിലെ മഹാരാഷ്ട്രയില്‍, ദക്ഷിണേന്ത്യയിലെ (പ്രത്യേകിച്ചും കേരളത്തിലെ) 'ലുങ്കിവാല'കള്‍ക്കെതിരെ ശിവസേന നടത്തിയ ആക്രമണങ്ങളെ ഇടതുപക്ഷം പ്രതിരോധിച്ചത്‌ മഹാരാഷ്ട്രയിലെയും പ്രത്യേകിച്ച്‌ പഴയ ബോംബെയിലെയും വര്‍ഗ്ഗബഹുജനസംഘടനകളുടെ സഹായത്തോടെയായിരുന്നു. വിദ്യാര്‍ത്ഥികളെയും, വ്യാവസായികതൊഴിലാളികളെയും എല്ലാം ഇടതുപക്ഷം അതില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഭാഗഭാക്കാക്കിയിരുന്നു. പണ്ട്‌, ശിവസേനയെ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരാക്കിയതില്‍, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ്‌ രാഷ്ട്രീയത്തിന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നുവെങ്കില്‍, ഇന്ന്‌, ശിവസേനക്കെതിരെ രാജ്‌താക്കറെ എന്ന തെരുവുഗുണ്ടയെ ഇറക്കിയതിന്റെ പിന്നിലും
കോണ്‍ഗ്രസ്സ്‌-എന്‍.സി.പി ഭരണസഖ്യത്തിന്റെ കയ്യുകളാണുള്ളത്‌ എന്ന്‌ തിരിച്ചറിയണം.

 
അടികിട്ടാന്‍ സര്‍വ്വഥാ യോഗ്യരായ ധാരാളം സന്ന്യാസിവര്യന്‍മാര്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുണ്ട്‌. കാവിരാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍. രാഷ്ട്രീയത്തെയും മതത്തെയും തരംപോലെ ആയുധമാക്കിക്കൊണ്ട് ഭക്തിവ്യവസായം നടത്തുകയും, സാധാരണക്കാരായ ജനതയില്‍ വിദ്വേഷരാഷ്ട്രീയം കുത്തിവെക്കുകയും ചെയ്യുന്ന സന്ന്യാസികള്‍. മഹാരാഷ്ട്രയില്‍ എം.എന്‍.എസ്സുകാര്‍ കൈകാര്യം ചെയ്തത്‌, പക്ഷേ അത്തരക്കാരെയായിരുന്നില്ല. ഭിക്ഷാംദേഹികളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന, നിസ്വരും, സാധാരണക്കാരും വൃദ്ധരുമായ സാധുക്കളെയായിരുന്നു. ബീഹാറികളടക്കമുള്ള വടക്കേയിന്ത്യക്കാര്‍ക്കും, കാലാകാലമായി ബോംബെയില്‍ കുടിയേറിപ്പാര്‍ത്ത്‌ അദ്ധ്വാനിച്ചു ജീവിക്കുന്ന ബംഗ്ളാദേശികള്‍ക്കും, മുസ്ളിമുകള്‍ക്കും നേരെയാണ്‌ നവനിര്‍മ്മാണ സേനയെന്ന തെമ്മാടിക്കൂട്ടം ഇന്ന്‌ തെരുവുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്‌.

 
ഇത്‌ അവസാനിപ്പിച്ചേ പറ്റൂ. ഭൌതികമായിത്തന്നെ, ഈ സംഘടനയെയും അതിലെ തെമ്മാടി നേതാക്കളെയും ചെറുത്തുതോല്‍പ്പിക്കേണ്ടത് ഇന്ത്യയിലെയും വിശേഷിച്ചും മഹാരാഷ്ട്രയിലെയും
ജനാധിപത്യവിശ്വാസികളുടെ അടിയന്തര കടമയാണ്‌. സമാധാനത്തിന്റെയും സംയമനത്തിന്റെയും, കപട-രാഷ്ട്രീയ സമവാക്യങ്ങളുടെയും മന്ത്രങ്ങളൊന്നും ഈ ദേശദ്രോഹികള്‍ക്കുനേരെ ഫലിക്കില്ല. എം.എന്‍.എസ്സിനെയും ശിവസേനയെയും ചെറുക്കാന്‍ കഴിവുള്ള പുരോഗമനശക്തികളെ, ബഹുജനസംഘടനകളില്‍നിന്നും രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍നിന്നും കണ്ടെത്തുകയും അവരെ സംയോജിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌. ഇടതുപക്ഷത്തിനു മാത്രമേ അത്തരമൊരു ദൌത്യം ഏറ്റെടുത്ത്‌ വിജയിപ്പിക്കാനാകൂ.
 
ഇന്ത്യന്‍ ബഹുസ്വരതയുടെ അഭിമാനമാക്കി മുംബൈയെ മാറ്റിത്തീര്‍ത്തതിന്റെ കുത്തകാവകാശം മറാത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉത്തരപ്രദേശുകാരന്റെയും ബീഹാറിയുടെയും ബംഗാളിയുടെയും മലയാളിയുടെയും തമിഴന്റെയുമൊക്കെ നിരവധി തലമുറകള്‍ സ്നേഹിച്ചും സഹവസിച്ചും, കഠിനാദ്ധ്വാനം ചെയ്ത്‌ വിയര്‍പ്പൊഴുക്കിയും സൃഷ്ടിച്ചതാണ്‌ ഇന്നു നമ്മള്‍ കാണുന്ന ഈ മഹാനഗരം. അവരെക്കൂടാതെയുള്ള ഒരു നിലനില്‍പ്പ്‌ ഭാവിയില്‍ അതിനുണ്ടാകാനും പോകുന്നില്ല. സാധാരണക്കാരായ മറാത്തികള്‍ ഇത്‌ നിശ്ചയമായും തിരിച്ചറിയുന്നുണ്ടാകും. എങ്കിലും ഇന്ന് അവര്‍ ഈ തെരുവുഗുണ്ടകളുടെ കാട്ടുനീതിയുടെ ഭീഷണമായ വലയത്തിനകത്ത്‌ പെട്ടുപോയിരിക്കുന്നു. അതില്‍നിന്ന് അവരെ പുറത്തുകടക്കാന്‍ സഹായിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ഓരോ ജനാധിപത്യ-മതേതരവിശ്വാസിയുടെയും ചരിത്രപരവും ധാര്‍മ്മികവുമായ കര്‍ത്തവ്യമാണ്.

 
ജ്യോതിറാവു ഫൂലെയുടെയും അംബേദ്‌കറുടെയും തുക്കറാമിന്റെയും ബാബാ ആംതെയുടെയും അന്ന ഹസാരയുടെയും ദത്താ സാമന്തിന്റെയും മഹാരാഷ്ട്രയെയാണ്‌ ഇന്ത്യ ഇന്ന്‌ എന്തുവിലകൊടുത്തും വീണ്ടെടുക്കേണ്ടത്‌. സവര്‍ക്കറുടെയും, ഹെഡ്ഗവാറിന്റെയും ബാല്‍താക്കറെയുടെയും ഉദ്ധവ്‌-രാജ്‌ താക്കറെമാരുടെയും ശരത്‌പവാറിന്റെയുമൊക്കെ ജനനം കൊണ്ട്‌ മലിമസമായ മഹാരാഷ്ട്രയെയല്ല.