ഫിരാഖ്: ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകള്‍


"In the dark times, will there also be singing? Yes, there will be singing,
about the dark times." -Bertolt Brecht

“...ഞങ്ങള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും എല്ലാ മുസ്ലീങ്ങളെയും ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് അവര്‍ ഞങ്ങളെ വളഞ്ഞു. വീടുകള്‍ക്ക് തീയിട്ട് ആളുകളെ തീയിലേയ്ക്ക് എറിഞ്ഞുതുടങ്ങി. പൂര്‍ണ്ണ ഗര്‍ഭിണിയായ എന്റെ കസിന്‍ കൌസര്‍ബീബിയുമായി നില്‍ക്കുകയായിരുന്നു ഞാന്‍. അവള്‍ക്ക് കുഞ്ഞുജനിക്കാന്‍ ഇനി രണ്ട് ദിവസമേയുള്ളൂ. അവര്‍ അവളെ വലിച്ചിഴച്ചുകൊണ്ടു പോയി, ഒരു കത്തികൊണ്ട് അവളുടെ വയര്‍ പിളര്‍ന്ന് ഭ്രൂണത്തെ തീയിലേയ്ക്കെറിഞ്ഞു. എന്നിട്ട് എന്റെ കുടുംബത്തെ ഒന്നൊന്നായി തീയിലേയ്ക്കെറിഞ്ഞു. അച്ഛന്‍, അമ്മ, എന്റെ 17 വയസ്സുള്ള സഹോദരി സോഫിയ.. എന്റെ അമ്മായിയുടെ കുടുംബത്തെയും ജീവനോടെ ചുട്ടെരിച്ചു...”
ജാവെദ് ഹുസൈന്‍‍ , 14
ഉറക്കവും നിഷ്കളങ്കരും
“...മഹ്രൂഖ് ബാനുവിന്റെ മകളായ ഖൈറുന്നീസയുടെ ലജ്ജാകരമായ ബലാത്സംഗത്തിന് ഞാന്‍ ദൃക്‌സാക്ഷിയായിരുന്നു. 11 പേര്‍ ചേര്‍ന്ന് അവളെ മൃഗീയമായി ബലാത്സംഗം ചെയ്തു. വീട്ടിലെ കുളിമുറിയില്‍ ആ സമയത്ത് ഒളിച്ചിരിക്കുകയായിരുന്നു ഞാന്‍ . അതിനു ശേഷം, അവര്‍ അവളുടെ കുടുംബത്തെയൊന്നാകെ ഒന്നൊന്നായി ചുട്ടെരിച്ചു, ഖൈറുന്നീസയുടെ അമ്മയുടെ തല വെട്ടിമാറ്റി. അവര്‍ പെട്രോളില്‍ മറ്റെന്തോ ദ്രാവകം കലര്‍ത്തുന്നത് ഞാന്‍ കണ്ടു. പിന്നീട് കണ്ടെടുത്ത ശവശരീരങ്ങള്‍ ഭീതിദമായ അവസ്ഥയിലായിരുന്നു... ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്, 6 വയസ്സുള്ള ഇമ്രാന്റെ വായിലേയ്ക്ക് പെട്രോള്‍ ഒഴിക്കുന്നത്. അതിനു പിന്നാലെ കത്തിച്ച ഒരു തീപ്പട്ടിക്കൊള്ളി അവന്റെ വായിലേയ്ക്ക് എറിഞ്ഞു, അവന്‍ പൊട്ടിച്ചിതറിപോയി.”
നസീര്‍ ഖാന്‍ റഹീം ഖാന്‍ , പ്രിന്‍സിപ്പല്‍, സണ്‍ഫ്ലവര്‍ സ്കൂള്‍, നരോദ പാട്ടിയ
കമ്മ്യൂണലിസം കോംബാറ്റ്

“... ഭീമാകാരമായ കുഴികള്‍ നിര്‍മ്മിക്കുന്നതിന്റെയും കൂട്ട ശവസംസ്കാരം ചെയ്യുന്നതിന്റെയും അസന്തുഷ്ടമായ ചുമതല എനിക്കായിരുന്നു. ഞാന്‍ കണ്ട ശവശരീരങ്ങളുടെ അവസ്ഥ കാരണം എനിക്ക് ഇന്നും ഉറങ്ങാന്‍ പറ്റുന്നില്ല. പല ശവശരീരങ്ങള്‍ക്കും തലയോട് ഇല്ലായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ കരിഞ്ഞ ശവശരീരങ്ങള്‍ ഒരു കൂനയായി കിടക്കുകയായിരുന്നു. 300-400 ശവശരീരങ്ങള്‍ അവിടെ കണ്ടെന്ന് ഞാന്‍ ആണയിടാം. നിര്‍ഭാഗ്യവശാല്‍, 16 ദിവസം കൊണ്ട് ഞങ്ങള്‍ക്ക് 192 ശവങ്ങളേ കുഴിച്ചുമൂടാന്‍ കഴിഞ്ഞുള്ളൂ. ഈ പ്രവര്‍ത്തി ചെയ്ത സന്നദ്ധസേവകര്‍ക്ക് അവരുടെ ഹൃദയം ഇരുമ്പാക്കേണ്ടി വന്നു, കയ്യുറകള്‍ ധരിക്കേണ്ടി വന്നു, ഡെറ്റോള്‍ തളിക്കേണ്ടി വന്നു, അത്തറു പുരട്ടേണ്ടിവന്നു...”

ദാവൂദ് ഭായി ഘദിയാലി, ദരിയാഖാന്‍ ഘുംബട്ട് റിലീഫ് കാമ്പിലെ സന്നദ്ധ സേവകന്‍, 2002 മാര്‍ച്ച് 20-നു നല്‍കിയ അഭിമുഖത്തില്‍ നിന്നും


രണ്ടായിരത്തി രണ്ടില്‍ ഗുജറാത്തില്‍ നടന്ന ഭീകരമായ വംശീയ കൂട്ടക്കൊലകളെക്കുറിച്ച് വിവിധ മാധ്യമങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആയിരക്കണക്കിന് സംഭവങ്ങളില്‍ ചിലതുമാത്രമാണ് മുകളില്‍ വിവരിച്ചത്. അഭിനേത്രി നന്ദിതാ ദാസിന്റെ പ്രഥമ സംവിധാന സംരഭമായ ഫിരാഖ് കണ്ടിറങ്ങുമ്പോള്‍ ഇത്തരം ചില സംഭവങ്ങളെങ്കിലും ഓര്‍മ്മയിലേക്ക് മടങ്ങി വരാതിരിക്കില്ല. പഴയ മുറിവുകള്‍ കുത്തിപ്പൊട്ടിക്കുന്നു എന്ന ആരോപണം ഈ സിനിമയ്കു നേരെ ഉയര്‍ന്നത് യാദൃശ്ചികമല്ല. ആഴമേറിയ മുറിവുകളില്‍ പലതും ഇനിയും ഉണങ്ങിയിട്ടുണ്ടാവില്ല . വളരെ പഴയതല്ലാത്ത ഒരു നശിച്ച ഭൂതകാലത്തിന്റെ ഓര്‍മ്മ തീര്‍ച്ചയായും ഈ ചിത്രം ഉണര്‍ത്തുന്നുണ്ട്. ചിലര്‍ മറന്നെന്ന് ഭാവിക്കുന്നതും എന്നാല്‍ മറ്റു ചിലര്‍ക്ക് എത്ര മറക്കാന്‍ ശ്രമിച്ചാലും മറക്കാന്‍ കഴിയാത്ത ചില ഓര്‍മ്മകള്‍. ചില സാധാരണ മനുഷ്യരുടെ, കലാപം നടന്ന് ഒരു മാസത്തിനു ശേഷമുള്ള മാനസിക സംഘര്‍ഷങ്ങളാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളില്‍ പതിവായി കാണുന്ന ഈ കഥയും കഥാപാത്രങ്ങളും വെറും ഭാവനാ സൃഷ്ടികള്‍ മാത്രം, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയോ ഉള്ള ഏതൊരു സാമ്യതയും തികച്ചും യാദൃശ്ചികം എന്ന പൊള്ളയായ മുന്‍കൂര്‍ ജാമ്യത്തിനു പകരം 'ഒരായിരം സംഭവ കഥകളുടെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ഒരു കഥ' എന്ന സത്യസന്ധമായ ആമുഖത്തോടെയാണ് ചിത്രം തുടങ്ങുന്നത്.

ഫിരാഖ് എന്ന ഉറുദു വാക്കിന് വേര്‍പിരിയല്‍ (separation) എന്നും അന്വേഷണം(quest) എന്നും അര്‍ത്ഥമുണ്ട്. സ്യൂഡോ ഹിന്ദു സെപ്പറേറ്റിസത്തെക്കുറിച്ചുള്ള പരോക്ഷമായ ഒരു സൂചനയാണോ സംവിധായിക ഉദ്ദേശിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ, ഈ ചിത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ വളരെയേറെ പ്രസക്തമാണെന്നതിന് തര്‍ക്കമില്ല. മുഖ്യധാരാ സിനിമകള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന ഒരു വിഷയം തന്നെ തന്റെ ആദ്യ ചിത്രത്തിനായി അവര്‍ തിരഞ്ഞെടുത്തു എന്നതും അഭിനന്ദനീയമാണ്.

കഥാസാരം

ലഹളകള്‍ നടന്ന് ഒരു മാസത്തിനു ശേഷമുള്ള വിവിധ കഥാപാത്രങ്ങളുടെ ഇഴപിരിഞ്ഞ കഥകള്‍ വിവിധ ആഖ്യാനങ്ങളിലൂടെ വികസിക്കുന്നു. അഭയത്തിനുവേണ്ടി യാചിക്കുകയും അത് നിരസിക്കപ്പെടുകയും ചെയ്യുന്ന ഒരു മുസ്ലീം യുവതിയുടെ ഓര്‍മകള്‍ ആര്‍തി എന്ന ഗുജറാത്തി വീട്ടമ്മയുടെ(ദീപ്തി അഗര്‍വാള്‍) മനസ്സിനെ നിരന്തരം വേട്ടയാടുന്നു. ലഹളകള്‍ക്കു ശേഷം നടന്ന തീവെപ്പിലും കൊള്ളയിലും പങ്കാളിയായ തന്റെ കഠിനഹൃദയനായ ഭര്‍ത്താവിനോടൊപ്പം (പരേഷ് റാവല്‍) അസുഖകരമായ ഒരു ജീവിതം നയിക്കുകയാണവര്‍. അനാഥബാലനായ മൊയ്സിന്‍ (ആര്‍തി അവനെ അവന്റെ സുരക്ഷയ്ക്കായി മോഹന്‍ എന്നു പേരുമാറ്റി വിളിക്കുന്നുണ്ട്) അഭയാര്‍ത്ഥി കാമ്പില്‍ നിന്നും ഒളിച്ചോടി തന്റെ അബ്ബയെ തിരഞ്ഞുകൊണ്ട് നടക്കുകയാണ്, ഒരു ഹിന്ദു കോളനിയില്‍ താമസിക്കുന്ന സംഗീതജ്ഞനായ,തന്റെ ഐഡിയോളജിയില്‍ ഉറച്ചു വിശ്വസിക്കുന്ന ഖാന്‍ സാഹിബിന് (നസുറുദ്ദീന്‍ഷാ) തനിക്കു പരിചിതമായ ലോകത്തിന്റെ തച്ചുടയ്ക്കല്‍ മനസിലാവുന്നില്ല. അക്രമസമയത്ത് ഭര്‍ത്താവിനോടൊപ്പം മറ്റൊരിടത്ത് ഒളിച്ചു താമസിച്ച മുനീറ (ഷഹാന) എന്ന പെണ്‍കുട്ടി ഒടുവില്‍ തിരിച്ചുചെല്ലുമ്പോള്‍ കത്തിച്ചാമ്പലായ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്തുന്നത്.

അനുരാധ (റ്റിസ്ക) എന്ന ഹിന്ദു യുവതിയെ വിവാഹം ചെയ്ത സമീര്‍ ഷേക് (സഞ്ജയ് സൂരി) എന്ന കഥാപാത്രം, തന്റെ അസ്തിത്വത്തെക്കുറിച്ച് ചിന്താക്കുഴപ്പത്തിലാണ്, അഹ്മദാബാദില്‍ തുടരണോ അതോ മറ്റൊരു നഗരത്തിലേയ്ക്ക് പോവണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇരുവരും. ഇതിനു പുറമേ അശരണരായ നാലഞ്ചു മുസ്ലീം കഥാപാത്രങ്ങള്‍, പ്രതികാരം ചെയ്യാന്‍ ചില വിഫലശ്രമങ്ങള്‍ നടത്തുന്നുണ്ട്. കലാപം ഇവരുടെയൊക്കെ ജിവിതത്തില്‍ വരുത്തിയ മാറ്റങ്ങളാണ് ഫിരാഖ് പറയുന്നത്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്, തിരക്കഥ, ഛായാഗ്രഹണം, അഭിനേതാക്കളുടെ പ്രകടനം എന്നിവയൊക്കെ ഒന്നിനൊന്ന് മികച്ചു നില്‍കുന്നു. ഫിരാഖ് ഒരു ഡോക്യുമെന്ററിയല്ല. സിനിമയുടെ ആരംഭത്തില്‍ കാണിക്കുന്ന ശവശരീരങ്ങള്‍ കൂട്ടമായി മറവു ചെയ്യുന്ന രണ്ടു മനുഷ്യരുടെ രംഗത്തിന് ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ദാവൂദ് ഭായ് യുടെ ജീവിതവുമായി ഉള്ള സാദൃശ്യം ഒഴിച്ചു നിര്‍ത്തിയാല്‍ ഗുജറാത്ത് വംശഹത്യക്കാലത്ത് നടന്ന മനുഷ്യത്യരഹിതമായ സംഭവങ്ങളുടെ മറ്റു വിശദാംശങ്ങളിലേക്ക് ഒന്നും കടക്കാതെ ലഹള നഗരവാസികളില്‍ അവശേഷിപ്പിച്ച ഭയം, നിരാശ, കോപം, അസ്വസ്ഥകള്‍, പ്രതീക്ഷ, അസ്തിത്വത്തെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ ഇവയ്കൊക്കെയാണ് പ്രധാന്യം നല്കിയിരിക്കുന്നത്. പലപ്പോഴും കലാപങ്ങളേക്കാള്‍ അതി ഭീകരമാണ് അവ അവശേഷിപ്പിക്കുന്ന വേദനകളും ആകുലതകളും. രണ്ടു ലക്ഷത്തോളം പേരാണ് വീടും ബന്ധുക്കളും നഷ്ടപ്പെട്ട് തെരുവിലിറക്കപ്പെട്ടത്. കഥയും കഥാപാത്രങ്ങളും ഭാവനാ സൃഷ്ടികളെങ്കിലും അവര്‍ നേരിടുന്ന ദു:ഖവും സംഘര്‍ഷങ്ങളും ഒരിക്കലും കൃത്രിമമായി അനുഭവപ്പെടുന്നില്ല. CNN IBNല്‍ രാജീവ് മസന്ദ് എഴുതിയ 'It is a noble film, an admirable debut, but you don't feel the pain.'എന്ന അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ട്. ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച സംഭവങ്ങളോളം വരുന്ന ഹൃദയ ഭേദകമായ കഥകള്‍ ഒന്നും സിനിമ കാണിച്ചു തരുന്നിലെങ്കില്‍ തന്നെ, കലാപക്കാലത്ത് അഹമ്മദാബാദില്‍ താമസമായിരുന്നതിനാല്‍ ചില സംഭവങ്ങള്‍ നേരില്‍ കാണേണ്ടി വന്ന ഹതഭാഗ്യനെന്ന നിലയില്‍ ഈ സിനിമ എന്നെ ഒട്ടേറെ വേദനിപ്പിച്ചു എന്നു പറയാതെ വയ്യ. അല്ലെങ്കിലും മാനഹാനി നേരിടേണ്ടി വന്ന ഒരു സ്ത്രീയുടെ മനോദുഖം സിനിമയില്‍ അവതരിപ്പിക്കാന്‍ ഭീകരമായ ഒരു ബലാത്സംഗ രംഗം കൂടിയേ തീരൂ എന്നില്ലല്ലോ? ഏറ്റവും നല്ല ഉദാഹരണം ബലാത്കാരം എങ്ങിനെ ആസ്വദിച്ചു എന്ന് പരേഷ് റാവല്‍ അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ സുഹൃത്തിനോട് ചോദിക്കുന്ന അറപ്പുളവാക്കുന്ന രംഗം തന്നെ.

അസഹിഷ്ണുതകളുടെ നേര്‍ക്കാഴ്ചകള്‍

വര്‍ഗീയ ധ്രുവീകരണം ഗുജറാത്തില്‍ ഏറെക്കുറേ പൂര്‍ണ്ണമായി കഴിഞ്ഞിരിക്കുന്നു. മുസ്ലീംങ്ങളെ ഒറ്റപ്പെടുത്താനുള്ള നിരന്തരമായ ആഹ്വാനങ്ങള്‍ ഇറങ്ങുന്നു, കുട്ടികളുടെ മനസ്സില്‍ പോലും വിവേചനത്തിന്റെ വിത്തുകള്‍ വിതയ്ക്കും വിധം മുസ്ലീങ്ങളും ഇതര മതങ്ങളും എങ്ങിനെ ഹിന്ദുക്കള്‍ക്ക് ഭീഷണി ആയിത്തീരുന്നു എന്ന രീതിയില്‍ സ്കൂള്‍ പുസ്തകങ്ങള്‍ തിരുത്തി എഴുതപ്പെടുന്നു. (ഗുജറാത്ത് ബോഡിന്റെ ഒമ്പതാം ക്ലാസിലെ സാമൂഹ്യപാഠം
നമ്മുടെ രാജ്യത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന ഒമ്പതാം അധ്യായത്തിന്റെ ആദ്യ ഭാഗം ന്യൂനപക്ഷ സമുദായങ്ങള്‍ ആണ്. മുസ്ലീങ്ങളും കൃസ്ത്യാനികളും വിദേശികളാണെന്നും പല സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ഒരു ന്യൂന പക്ഷമാണ് എന്നും അത് പഠിപ്പിക്കന്നു).

“വൈബ്രന്റ്”ഗുജറാത്തില്‍ (അതോ വയലന്റോ?) സംജാതമായിരിക്കുന്ന പരിതാപകരമായ ഈ അവസ്ഥയെ മിക്ക ഗുജറാത്തികളും ന്യായീകരിക്കുന്നു, അല്ലെങ്കില്‍ അതില്‍ യാതൊരു അപകടവും ഉള്ളതായി വിശ്വസിക്കാത്തവരാണ് മിക്കവരും എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. തങ്ങളുടെ കുഴപ്പം കൊണ്ട് ഉണ്ടായ റോഡ് ആക്സിഡന്റില്‍ കാറുകാരനെ കുറ്റപ്പെടുത്തി പണം തട്ടിയെടുക്കുന്ന തന്റെ കൗശലത്തില്‍ അഭിമാനിക്കുന്ന രണ്ടു ഗുജറാത്തി കഥാപാത്രങ്ങളെപ്പോലെ. കലാപബാധിതരായവര്‍ സര്‍വവും നഷ്ടപ്പെട്ട്
ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുമ്പോള്‍ തൊട്ടടുത്ത്, ഒരു കല്യാണ വീട്ടില്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ ആടിയും പാടിയും നടക്കുന്ന ചില ഗുജറത്തി സ്ത്രീകളെ നന്ദിതാ ദാസ് നമുക്ക് കാണിച്ചു തരുന്നുണ്ട്. ഗുജറാത്തില്‍ താമസിച്ചിട്ടുള്ള പലരും നേരിട്ടനുഭവിച്ചിട്ടുള്ളതായ, മറ്റു മതക്കാരോടും ജനവിഭാഗങ്ങളോടും ഗുജറാത്തികള്‍ക്ക് പൊതുവേയുള്ള അസഹിഷ്ണുതയെയും ചിത്രം തുറന്നു കാട്ടുന്നുണ്ട് . (മുസ്ലീങ്ങളുടെ അസഹിഷ്ണുതയെക്കുറിച്ച്, കലാപം നടന്ന് ഏകദേശം ഒരു മാസത്തിനു ശേഷം ഗോവയില്‍ നടന്ന ബി.ജെ.പി നാഷണല്‍ എക്സിക്യുട്ടീവ് സമ്മേളനത്തില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് പറഞ്ഞത് ഓര്‍ക്കുക: "എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ അവിടെയൊന്നും ഒരിക്കലും അവര്‍ പൊതുസമൂഹവുമായി ഇടപഴകുന്നില്ല. സ്വന്തം ആശയങ്ങള്‍ സമാധാനപരമായി പ്രചരിപ്പിക്കുന്നതിനു പകരം അവര്‍ ഭീഷണിയിലൂടെയും ഭീകരതയിലൂടെയുമാണ് മതപ്രചാരണം നടത്തുന്നത്.) മുസ്ലീം ആയതുകൊണ്ട് താമസിച്ചിരുന്ന സൊസൈറ്റിയില്‍ നിന്നും പുറത്താക്കിയ എന്റെ ഒരു സുഹൃത്തിനെക്കുറിച്ചും, മീന്‍ വറുത്തതിന് ഭീഷണി സഹിക്കേണ്ടി വന്ന ബംഗാളി കുടുംബത്തെയും സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോകുന്നു. അതെ, നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് സഹിഷ്ണുതയെക്കുറിച്ച് തന്നെയാണ്!

തിരഞ്ഞെടുപ്പിനായി ഒരു ക്രിക്കറ്റുകളി മാറ്റിവെച്ചത് രാജ്യത്തിനു നേരിട്ട അപമാനമായി തോന്നിയ ഒരു മനുഷ്യന്, അയാള്‍ ചുക്കാന്‍ പിടിച്ച ഈ നരവേട്ടയെക്കുറിച്ചോ, പൗരമാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിതിലോ അതൊന്നും ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാത്തവതിലോ ഒരു അപമാനവും തോന്നുന്നില്ല എന്നതാണ് ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഹിന്ദുവായാലും മുസല്‍മാനായാലും ശരി ,വര്‍ഗീയ തീവ്രവാദത്തിനു മുമ്പില്‍ മനുഷ്യജീവിതങ്ങള്‍ക്ക് യാതൊരു വിലയും ഇല്ലാതാകുന്നു എന്ന് ഫിരാഖ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഗുജറാത്തിലെ അപകടം നാം തിരിച്ചറിഞ്ഞിട്ടില്ല, ആ അനുഭവങ്ങളില്‍ നിന്നും യാതൊരു പാഠവും നാം പഠിച്ചില്ല എന്ന നിരാശാ ബോധം നമ്മെ വേട്ടയാടുന്നു. മതവൈരാഗ്യത്തേയും അതിന്റെ പേരില്‍ നിരന്തരം നടക്കുന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും ഫലപ്രദമായി നേരിടാന്‍ നമുക്കിന്നും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ ഇന്നും മുത്തലിക്കുമാരും വരുണ്‍ ഗാന്ധിമാരും വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും വിഷം തുപ്പിക്കൊണ്ടിരിക്കുന്നതും അവര്‍ ന്യായീകരിക്കപ്പെടുന്നതും.

അന്ധകാരത്തിന്റെ നടുക്കങ്ങള്‍


ഖാന്‍ സാഹേബ് എന്ന കഥാപാത്രം പറയുന്നതുപോലെ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെടുന്നത് ഹിന്ദുവോ മുസല്‍മാനോ അല്ല, മനുഷ്യന്‍ മനുഷ്യനെത്തന്നെയാണ് പരസ്പരം കൊല്ലുന്നത്. ഇവ നേരില്‍ക്കാണാനിടവരുന്നവര്‍ ഇനി മറ്റൊരിടത്തും ഇതാവര്‍ത്തിക്കരുതേ എന്ന്‍ ആത്മാര്‍ത്ഥമായി ആശിച്ചു പോകും. ലഹള തുടങ്ങിയ ദിവസം ജോലിസ്ഥലത്ത് നിന്നും സുഹൃത്തുക്കളൊപ്പം മടങ്ങി വരവേ തടഞ്ഞു നിര്‍ത്തിയ പോലീസുകാരില്‍ നിന്നും ഞാന്‍ രക്ഷപെട്ടത് മുസ്ലീം എന്നു തോന്നിക്കാത്ത പേരുണ്ടായതു കൊണ്ടു മാത്രമാണ്. എന്നാല്‍ എന്റെ കൂടെ ഫാക്റ്ററിയില്‍ ജോലി ചെയ്തിരുന്ന മറ്റു പലരേയും ഇതേ ഭാഗ്യം തുണക്കാതെപോയി. അവരില്‍ ചിലരൊന്നും പീന്നീടൊരിക്കലും ജോലിക്ക് മടങ്ങിയെത്തിയില്ല. വഴി നീളെ കാറുകളും ട്രക്കുകളും കത്തിയെരിയുന്നതും ഭ്രാന്തമായ ആവേശത്തോടെ വാളും മറ്റായുധങ്ങളുമായി ജനക്കൂട്ടങ്ങള്‍ അലറിക്കൊണ്ട് പോകുന്നതും ഒക്കെ ഒരു മരവിപ്പോടെ മാത്രമേ ഇപ്പോഴും ഓര്‍ക്കാനാകൂ. ഫ്ലാറ്റിന്റെ എട്ടാം നിലയിലെ ബാല്‍കണിയില്‍ നിന്നും കെട്ടിങ്ങളില്‍ നിന്നും ഉയര്‍ന്ന തീയും പുകയും നോക്കിക്കൊണ്ട് നില്‍കാനേ ഞങ്ങള്‍ക്കായുള്ളൂ. ഗുജറാത്തിക്കാരനായ റൂം മേറ്റ് അക്രമകാരികളെ ന്യായീകരിച്ച് സംസാരിക്കുന്നതു കേട്ട് പ്രതികരിക്കാന്‍ പോലും ആവാതെ മൂന്നു ദിവസത്തോളം കമ്പനി ഫ്ലാറ്റിനകത്തു കഴിച്ചു കൂടുകയായിരുന്നു. സ്വന്തം മുറിക്കകത്തു പോലും സുരക്ഷിതനല്ല എന്ന ചിന്ത എന്നെ ഏറെ ഭയപ്പെടുത്തി. അഹമ്മദാബാദിലെ പഴയ ജീവിതം ഒരിക്കലും മടങ്ങി വന്നില്ല. മട്ടന്‍ ബിരിയാണി കഴിക്കാന്‍ ഞങ്ങള്‍ പതിവായി പോവാറുണ്ടായിരുന്ന റിലീഫ് റോഡിലെ ഹോട്ടല്‍ തീവെച്ചു നശിപ്പിക്കപ്പെട്ടു.(അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് മാംസാഹാരം കിട്ടാറുണ്ടായിരുന്നത്). പരിചിതരോടു പോലും ഞാന്‍ സൂക്ഷിച്ചേ സംസാരിച്ചിരുന്നുള്ളൂ. കുറച്ചു മാസങ്ങള്‍ക്കു ശേഷം മി.& മിസിസ് അയ്യര്‍ എന്ന സിനിമയിലെ സ്ട്രിപ് ചെക്കിങ്ങ് രംഗം കാണാനിടയായതു എന്റെ ഭയം വര്‍ദ്ധിപ്പിച്ചു. ഫിരാഖ് സിനിമയിലെ സമീര്‍ എന്ന കഥാപാത്രത്തെപ്പോലെ ഞാനും ഡല്‍ഹിയിലേക്ക് ജോലിയും താമസവും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഭയന്നോട്ടം എവിടെച്ചെന്നു നില്‍കുമെന്നറിയില്ല. കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി മിക്കയിടങ്ങളിലും ഈ അരക്ഷിതാവസ്ഥയുടെ നിഴല്‍ ഉണ്ട്. വിവാദ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനു മുമ്പ് എനിക്ക് നൂറു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന വസ്തുതയ്ക് യാതൊരു പ്രസ്കതിയും ഇല്ലെന്നു വരുന്നു. വസീം അക്രത്തിന്റെ ബൗളിങ്ങിനെയോ അലി അസ്മത്തിന്റെ പാട്ടുകളേയോ പരസ്യമായി പ്രശംസിക്കാന്‍ എനിക്ക് കഴിയാതെ വരുന്നു. ഇന്ത്യൻ ഇസ്ലാമിന് റസൂല്‍ പൂക്കുട്ടിയെപ്പോലെ പൊതുവേദിയില്‍ വെച്ച് ഓംകാരത്തിന്റെ മഹത്വത്തെക്കുറിച്ചും ശിവരാത്രിയെക്കുറിച്ചും പറഞ്ഞ് സ്വന്തം രാജ്യസ്നേഹം വെളിപ്പെടുത്തേണ്ടി വരുന്നു, സ്വന്തം കൂറ് തെളിയിക്കേണ്ടിയിരിക്കുന്നു എന്ന ശോചനീയാവസ്ഥ അശ്ലീലകരമാം വണ്ണം ഭീകരമാണ്. എന്നാല്‍ ഈ അവസ്ഥയ്ക്കെതിരെ എന്തുകൊണ്ട് ചങ്കുറപ്പോടെ പ്രതികരിക്കുന്നില്ല എന്നതിനുള്ള മറുപടി സിനിമയില്‍ സമീര്‍ എന്ന കഥാപാത്രം പറയുന്നുണ്ട്: 'Because I don’t have the balls’.
മറ്റൊരവസരത്തില്‍ തന്നെ ഹിന്ദുവായി തെറ്റിദ്ധരിച്ച പോലീസ് ഓഫീസറോട് താന്‍ മി. ദേസായി അല്ല മി. ഷേയ്ക് ആണെന്നു സമീര്‍ പറയുന്നുണ്ട്. എന്തിന് അങ്ങനെ ചെയ്തെന്നു ചോദിക്കുന്ന ഭാര്യയോട് അയാള്‍ പറയുന്നത് ഇതാണ്: I felt good...bloody good !

മീ റ്റൂ...
ഇത്രയും എങ്കിലും എഴുതിയല്ലോ എന്ന ആശ്വാസം കൊണ്ട്.

- ഉന്മേഷ് ദസ്തക്കിര്‍


51 comments:

 1. vimathan said...

  ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന് വിളിച്ചു പറയുന്ന ഈ സിനിമയെ പരിചയപ്പെടുത്തിയ ഈ ലേഖനത്തിന് നന്ദി.

 2. Ajith Pantheeradi said...

  ഈ ചിത്രത്തെ പരിചയപ്പെടുത്തിയതിന് നന്ദി. ശക്തമായ ലേഖനം..

 3. Inji Pennu said...

  ഉഗ്രന്‍!

 4. യാരിദ്‌|~|Yarid said...

  നന്നായിരിക്കുന്നു ഉന്മേഷ്..!

 5. പാമരന്‍ said...

  വളരെ നന്ദി..

 6. ഹു :: Hu said...

  ഉന്മേഷ് ശക്തമായ പ്രതികരണം. നന്നായി. ഒരു ചെറിയ സംശയം. അവസാനത്തെ പാരഗ്രാഫ് സ്വന്തം അനുഭവമാണൊ?

 7. Pramod.KM said...

  അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയ ഇരുണ്ടകാലത്തെ പങ്കുവെച്ചതിന് നന്ദി.

 8. പാഞ്ചാലി said...

  നന്ദി!

  അവസാന പാരഗ്രാഫിന് ഒരു തൊപ്പിഉയര്‍ത്തി സലാം!

 9. Suraj said...

  It may be a strange coincidence, but today Maya Kodanani, Narendra Modi's Higher Education minister resigned after the High Court cancels anticipatory bail .

 10. Sanal Kumar Sasidharan said...

  എനിക്ക് പേടിയാവുന്നു എത്രകാലം ഈ മുറിവുകൾ പൊറുക്കാനനുവദിക്കാതെ നമ്മുടെ ബുദ്ധിജീവികൾ സംരക്ഷിക്കുമെന്ന്.എനിക്ക് പേടിയാവുന്നു തെറ്റുകൾ ബോധ്യപ്പെടുത്താനുള്ള വാദങ്ങൾ ആവർത്തിച്ചാവർത്തിച്ച് വിരസത എന്ന വികാരം മാത്രം ഉണർത്തുന്ന ഒന്നായി അതിനെയൊക്കെ ഇവർ ചവുട്ടിത്താഴ്ത്തുമെന്ന്.
  എനിക്ക് പേടിയാവുന്നു രണ്ടുജീവവർഗ്ഗങ്ങളായി പരിണമിക്കുന്നതുവരെ മനുഷ്യനെ ഹിന്ദു എന്നും മുസ്ലീം എന്നും വിളിച്ചു വിളിച്ച് ഇവർ ഭൂമിയെ പിളർത്തുമെന്ന്.എനിക്ക് പേടിയാവുന്നു ഞാനിതെഴുതുന്നതുകൊണ്ട് എന്റെ നട്ടെല്ലിൽ ഒരു കാവിക്കൊടി ആരെങ്കിലുമൊക്കെ കെട്ടിപ്പിടിപ്പിക്കുമെന്ന്.

 11. സാല്‍ജോҐsaljo said...

  ഫിരാഖിന്റെപറ്റി വായിച്ചിരുന്നു. സ്വതന്ത്രചിന്താഗതിയോടെ ചിത്രം കാണണം എന്നുള്ളതുകൊണ്ട് കഥാസാരം കഴിഞ്ഞുള്ള ഭാഗങ്ങൾ വായിച്ചില്ല. ചിത്രത്തിന്റെ തീവ്രത എഴുത്തിലൂടെ എടുത്തുകാട്ടിയിരിക്കുന്നു.

 12. Suraj said...

  എനിക്ക് പേടിയാവുന്നു എത്രകാലം ഈ മുറിവുകൾ പൊറുക്കാനനുവദിക്കാതെ നമ്മുടെ ബുദ്ധിജീവികൾ സംരക്ഷിക്കുമെന്ന്.എനിക്ക് പേടിയാവുന്നു തെറ്റുകൾ ബോധ്യപ്പെടുത്താനുള്ള വാദങ്ങൾ ആവർത്തിച്ചാവർത്തിച്ച് വിരസത എന്ന വികാരം മാത്രം ഉണർത്തുന്ന ഒന്നായി അതിനെയൊക്കെ ഇവർ ചവുട്ടിത്താഴ്ത്തുമെന്ന്..

  എനിക്കും പേടിയാവുന്നു, മുറിവുകാണിച്ചുതരുമ്പോള്‍ അതും കൊണ്ടു ദൂ‍രെപ്പോയി മിണ്ടാതിരിയെഡേയ് എന്ന് പറഞ്ഞ് കണ്ണടച്ചു തിരിഞ്ഞിരിക്കുന്ന വല്‍മീകങ്ങളെ.

  എനിക്കും പേടിയാവുന്നു, തെറ്റു ബോധ്യപ്പെടുത്താനാവാര്‍ത്തിക്കേണ്ടിവരുന്ന വാദങ്ങളെ ‘വിരസ’മായിക്കാണുന്ന കിളിപ്പാട്ടുകാരെ.

  എനിക്കും പേടിയാവുന്നു, പൊറുക്കാനനുവദിച്ച മുറിവുകളില്‍ എത്രയോ തവണ വെട്ടിയ ചരിത്രം പകലു പോലെ മുന്നിലുള്ളപ്പോഴും അതിനെപൊറുക്കാനനുവദിക്കാതെ സംരക്ഷിക്കുന്നതെന്തിന് എന്ന് പാടുന്ന ഒട്ടകപ്പക്ഷികളെ !

 13. രാജ് said...

  ദുഃഖം. നിരാശ.

  ഈയടുത്ത കാലത്ത് ഒരു ഗുജറാത്തി സുഹൃത്തിനെ നിർബന്ധിപ്പിച്ച് രാകേഷ് ശർമ്മയുടെ ഫൈനൽ സൊല്യൂഷൻ കാണിപ്പിച്ചിരുന്നു. കണ്ടിരിക്കാനാവുന്നില്ലെന്ന് അവൻ പറഞ്ഞു. രണ്ടുനാൾ കഴിഞ്ഞ് അതെല്ലാം ചിലപ്പോൾ കെട്ടിച്ചമച്ച കഥയാവുമെന്ന് പറഞ്ഞു. എനിക്ക് ദുഃഖം തോന്നി. ഫിരാഖ് എന്റെ കൈയിൽ ലഭിക്കുമ്പോൾ അവനെയും കാണിക്കും. അവനു നന്ദിതയെ ഇഷ്ടമാണ്. സിനിമയിൽ വിശ്വാസമുണ്ട്. അവൻ ചിലപ്പോൾ വിശ്വസിച്ചേയ്ക്കും. ദുഃഖകരമാണ്. എങ്കിലും അങ്ങനെയൊരു വിശ്വാസമാണ്. ശ്രമിക്കാതെ വയ്യ!

 14. ചാണക്യന്‍ said...

  നല്ല പോസ്റ്റ്...
  അഭിനന്ദനങ്ങള്‍....

 15. ശ്രീവല്ലഭന്‍. said...

  നന്ദി ഉന്മേഷ്. ആ വേദന അനുഭവിച്ചവര്‍ക്കു മാത്രമേ അറിയൂ.

  ബാബറി മസ്ജിദ് പൊളിച്ച ആ ദിവസങ്ങളില്‍ ഡല്‍ഹിയിലെ ജെ എന്‍ യു വില്‍ കൂടെ ഉണ്ടായിരുന്ന മലയാളി മുസ്ലിം സുഹൃത്തുക്കളുടെ ഭയം നേരിട്ട് കാണാനിടയായി. വര്‍ഗീയ കലാപം ഭയപ്പെട്ട് കാശുള്ളവര്‍ നാട്ടിലേയ്ക്ക് ഫ്ലൈറ്റില്‍ പോയി. അല്ലാത്തവര്‍ കൂട്ടമായി മുറികളില്‍ അടച്ചിരുന്നു. ബോംബെ കലാപം ഉണ്ടായപ്പോള്‍ നടന്ന സംഭവങ്ങള്‍ അന്ന് പത്തു വയസ്സുണ്ടായിരുന്ന കസിന്‍റെ വിവരണത്തില്‍ നിന്നും ലഭിച്ചു. ഭീതി നിറഞ്ഞ അവന്‍റെ കണ്ണുകള്‍ ഇപ്പോളും മനസ്സില്‍ വരും.

  ഒരു വര്‍ഗീയ ലഹളയും വെറുതെ ഉണ്ടാവുന്നില്ല. വളരെ പ്ലാന്‍ ചെയ്തു നടത്തുന്നത് തന്നെ. അത് ചെയ്യുന്ന ----കള്‍ ഇപ്പോളും അധികാരം കയ്യടക്കുമ്പോളും അതിനു മോഹിക്കുമ്പോളും സ്വൈര്യ വിഹാരം നടത്തുകയും ചെയ്യുമ്പോളും തീര്‍ച്ചയായും ഓരോ ഭാരതീയനും പേടിക്കണം.

 16. Unknown said...

  ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററി കണ്ട ശേഷമുള്ള ഞെട്ടല്‍ ഇതു വരെ മാറിയിട്ടില്ല...
  ഫിറാഖ് കാണണം....

 17. അനംഗാരി said...

  നന്നായിരിക്കുന്നു.
  ഇസ്ലാം നാമധാരിയായിപ്പോയത് കൊണ്ട് മാത്രം അനുഭവിക്കുന്ന പീഡനങ്ങള്‍ ചില്ലറയല്ല.ഇങ്ങ് അമേരിക്കയില്‍ താമസിക്കുമ്പോഴും,ഇസ്ലാം എന്ന വാക്കുമായി ബന്ധപ്പെട്ടുള്ള ഒരു വെബ് പേജ് തുറക്കുന്നത് പോലും എത്രയോ ഭയന്നിട്ടാണ്.ഈയിടെ കാനഡ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഈയുള്ളവന്‍ അനുഭവിച്ചത് പറഞ്ഞറിയിക്കാനാവാത്ത വേദനയായിരുന്നു.45 മിനിട്ടിലേറേ പോലീസിന്റെ ചോദ്യം ചെയ്യല്‍.ഞാന്‍ അതിനെ കുറിച്ച് എഴുതുന്നുണ്ട്.
  മുംബെ കലാപ കാലത്ത് ഡോംഗ്രി എന്ന സ്ഥലത്ത് നിന്ന് ഈയുള്ളവന്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത് ഒരു പക്ഷെ മാതാവിന്റെ നിറഞ്ഞ പ്രാര്‍ത്ഥനകളുടെ ഫലമാകണം.ആദ്യമായി ഞാന്‍ മതപരമായിട്ടല്ലെങ്കില്‍ കൂടി വളര്‍ത്തിയിരുന്ന എന്റെ താടി നീക്കം ചെയ്തത് അന്നാണ്.

 18. Sanal Kumar Sasidharan said...

  പ്രിയ സൂരജ്,
  ചില പേടികൾ പേടിച്ച് പേടിച്ച് പേടിയേ അല്ലാതായി മാറുമെന്നറിയാമോ?ദീപാവലിക്ക് പടക്കം പൊട്ടിക്കുമ്പോൾ പേടിക്കാൻ തുടങ്ങുന്ന പട്ടി പുലർച്ചെയാവുമ്പോൾ ബോംബ് പൊട്ടിയാലും പേടിയില്ലാത്തതായി പ്പോവുന്നപോലെ.
  മുറിവുകൾ തോണ്ടിത്തോണ്ടി വ്രണങ്ങളായി അവശേഷിപ്പിക്കാനുള്ള ബുദ്ധിജീവികളുടെ ശ്രമങ്ങളും,എല്ലാ ഡിസംബറിലും “ഈ ദിവസം നമുക്ക് മറക്കാതിരിക്കാം” എന്ന് പോസ്റ്റർ പതിച്ച് ബാബറി മസ്ജിദ് പൊളിച്ച സമീപകാല ചരിത്രത്തെ എക്കാലവും ഓർമ്മിപ്പിക്കുന്ന തീവ്രമതസംഘടനകളുടെ ശ്രമങ്ങളും, രാമക്ഷേത്രം ബാബർ പൊളിച്ചതാണ് എന്ന അതിവിദൂരമായ ചരിത്രം ആവർത്തിച്ച് ഓർമ്മിപ്പിച്ച് മതവികാരം ഇളക്കിവിട്ട് തങ്ങളുടെ വളർച്ചക്ക് ഉപയോഗിക്കുന്ന സംഘപരിവാരത്തിന്റെ ശ്രമങ്ങളും തമ്മിൽ വലിയ വ്യത്യാസമൊന്നുമുണ്ടെന്ന് ഞാൻ കരുതുന്നില്ല.ചരിത്രം മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട് എന്നതിൽ വിയോജിപ്പൊന്നുമില്ല പക്ഷേ മനുഷ്യജീവിതം സമാധാനപരമായി മുന്നോട്ട് കൊണ്ട്പോകണമെങ്കിൽ ആ മുറിവുകളിൽ മരുന്നു പുരട്ടി വേഗം ഉണക്കാനാണ് ശ്രമിക്കേണ്ടത്.പകരം ഭിക്ഷക്കാരൻ തന്റെ മുറിവുകൾ ഓരോദിവസവും നുള്ളിയടർത്തുന്നതുപോലെ ഒരുകാലവും ഉണങ്ങാത്തതായി അവശേഷിപ്പിക്കുകയല്ല. നിർഭാഗ്യവശാൽ നമ്മുടെ ബുദ്ധിജീവികൾ ചെയ്യുന്നത് അത് തന്നെയാണ്.

  മാറാടുമുതൽ സിക്ക് വിരുദ്ധകലാപം വരെ മുറിവുണക്കാനാണ് നാം ആദ്യം ശ്രമിക്കുന്നതെങ്കിൽ ഹൈന്ദവതീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാത്തിലും മുറിവുകളെ നിത്യനിണമായി നിലനിർത്താനാണ് വെമ്പൽ.കാരണമായി പറയുന്നത് പ്രതിരോധമെന്ന പേരും.ഫലമോ ഹിന്ദു എന്നു കേട്ടാൽ വിറകയറുന്ന തീവ്രമുസ്ലീമും മുസ്ലീം എന്ന് കേട്ടാൽ ശ്വാസംമുട്ടുന്ന തീവ്രഹിന്ദുക്കളും കൂടുതൽകൂടുതൽ സൃഷ്ടിക്കപ്പെടുന്നു എന്ന് മാത്രം.
  മുറിവുകളെ കുത്തിപ്പൊട്ടിക്കുക (ചോരയൊലിക്കുന്ന ഓർമകളെ മറവിമൂടാൻ അനുവദിക്കാതിരിക്കുകയും)അല്ല സുഹൃത്തേ പ്രതിരോധിക്കാനുള്ള വഴി. മുറിവുകൾ ഉണ്ടാക്കുന്ന ആയുധങ്ങളെ കണ്ടെടുക്കുകയും നശിപ്പിക്കുകയുമാണ്.നിർഭാഗ്യമെന്ന് പറയട്ടെ മുറിവുകളെ പ്രദർശിപ്പിച്ച് പിച്ചതെണ്ടുന്നവരെപ്പോലെ വോട്ട് തെണ്ടുന്ന രാഷ്ട്രീയം(ബിജെപിയും ഇടതും വലതും ഒന്നും ഇതിൽ ഭിന്നമല്ല)ആയുധങ്ങൾ മറച്ചുവയ്കാൻ കൂടുതൽ കൂടുതൽ സൌകര്യപ്രദമായ ഇടങ്ങൾ സൃഷ്ടിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

  ആവർത്തനവിരസത എന്നത് കേൾക്കുന്നവന്റെ മാത്രം കുറ്റമായി കെട്ടിവയ്ക്കരുത്.സമൂഹജീവിതം ചരിത്രമല്ല വർത്തമാനമാണ്,വർത്തമാനവുമായി ചരിത്രത്തെ കാര്യക്ഷമമായി ബന്ധിപ്പിക്കാനെങ്കിലും കഴിഞ്ഞില്ലെങ്കിൽ ചരിത്രം ഒരു പഴങ്കഥമാത്രമായിപ്പോകും. മുംബൈ അക്രമം,ഡെൽഹിയിലും ബാംഗളൂരിലും നടന്ന സ്ഫോടനങ്ങൾ തുടങ്ങി കൂടുതൽ സമകാലീനമായ ഒന്നിനേയും കാണാതെ ചരിത്രത്തിൽ മുറിവുകളെ തോണ്ടിക്കൊണ്ടുവരുമ്പോൾ സാധാരണമനുഷ്യന് അത് ദഹിച്ചെന്നുവരില്ല ഇത്തരം ആന്റിക്ലൈമാക്സുകളാണ് വാദങ്ങളെ വിരസമാക്കുന്നത്.ഒരു ജനതയെ ആകമാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ കാഷ്വാൽറ്റി ജീവനക്കാരെപ്പോലെയാക്കരുത് സുഹൃത്തേ.

  ഹൈന്ദവതീവ്രവാദം ഇസ്ലാമിനും ഹൈന്ദവേതരമതങ്ങൾക്കും എതിരെയുള്ള ഒന്നുമാത്രമാണ് എന്ന് തോന്നിപ്പിക്കും വിധമാണ് ബുദ്ധിജീവി വേഷം കെട്ടിയ രാഷ്ട്രീയക്കച്ചവടക്കാർ പ്രചരണം നടത്തുന്നത്.കൂടുതൽ വിഷമയമായ ആയുധങ്ങൾ അവരുടെ ആയുധപ്പുരകളിൽ കുഴിച്ചിട്ടിരിക്കുന്ന വിവരം അറിഞ്ഞോ അറിയാതെയോ എല്ലാവരും വിസ്മരിക്കുന്നു.അവയെ കണ്ടെടുക്കുകയും പൊതുജനങ്ങളെ കാണിക്കുകയുമാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരിക്കുന്ന കാര്യം.ഏഴുമണിക്കുശേഷം സ്ത്രീകൾ വീട്ടിലിരുന്നുകൊള്ളണം എന്ന് അലിഖിതനിയമം നടപ്പിലാവുന്ന കാലത്തെക്കുറിച്ച്,രാഖികെട്ടിയവനെ വിവാഹം കഴിച്ചാൽ ഗളഛേദം നടക്കുന്ന കാലത്തെക്കുറിച്ച്,ഇലക്ട്രിക് ക്രിമറ്റോറിയങ്ങൾ മതവിരുദ്ധമാണെന്ന് പറഞ്ഞ് നശിപ്പിക്കപ്പെടുന്ന കാലത്തെക്കുറിച്ച്,തങ്ങൾക്കിഷ്ടമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടാൽ തിയേറ്ററുകൾ തീവെച്ചു നശിപ്പിക്കുന്ന കാലത്തെക്കുറിച്ച്,തങ്ങൾക്കിഷ്ടമില്ലാത്ത ചിത്രം വരച്ചാൽ ചിത്രകാരനേയും,ഇഷ്ടമില്ലാത്തതെഴുതിയാൽ എഴുത്തുകാരനേയും വധശിക്ഷക്കു വിധിക്കുന്ന ആരാച്ചാരന്മാരുടെ കാലത്തെക്കുറിച്ച് സമകാലീന സമൂഹത്തെ ബോധവൽക്കരിക്കുകയാണ് വേണ്ടത്. കഷ്ടമെന്ന് പറയട്ടെ ഹൈന്ദവഫാസിസത്തെ പ്രതിരോധിക്കാനെന്ന മട്ടിൽ തട്ടിക്കൂട്ടുന്ന മിക്കവാറും എല്ലാ “ഉദാത്ത കലാസൃഷ്ടികളിലും” മുഖ്യ ചേരുവ ഹിന്ദുXമുസ്ലീം എന്ന മസാലയാണ്.
  സുഹൃത്തേ ദയവുചെയ്ത് നിങ്ങൾ ഈ മുറിവിനെ കൂടുതൽ ആഴത്തിലാക്കരുത് അത് അസ്ഥിയോളം താണിരിക്കുന്നു.

 19. un said...

  പ്രിയ സനാതനാ,
  ചില പേടികൾ പേടിച്ച് പേടിച്ച് പേടിയേ അല്ലാതായി മാറുമെന്നതു സത്യം. ഇന്നലത്തെ ടി.വി ന്യൂസ് കണ്ടിരുന്നോ? നരോദാ പാട്യയില്‍ അവശേഷിച്ച മൂന്നു പേരിലൊരാളായ ഒരു വൃദ്ധനെക്കാണിച്ചിരുന്നു. പേടിച്ച് പേടിച്ച് പേടിയേ ഇല്ലാതായതു കൊണ്ടായിരിക്കണമല്ലോ, ആ കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത മായാബേന്റെ താന്‍ നേരിട്ടു കണ്ടു എന്നു മോഡിയുടെ നാട്ടിലിരുന്ന് പേടിയില്ലാതെ അയാള്‍ വിളിച്ചു പറഞ്ഞത്. ഇത്ര ഹീനമായ കൃത്യം നടത്തിയ ഒരാള്‍ ഏഴുകൊല്ലം മന്ത്രിയായി, നിയമങ്ങളെ കാറ്റില്‍ പറത്തി സസുഖം വാഴുമ്പോള്‍ ആ വൃദ്ധന്റെ മുറിവുകള്‍ക്ക് എന്തു പ്രസക്തി അല്ലേ? ഏഴു കൊല്ലമായില്ലേ ആ മുറിവുകള്‍ നമുക്ക് മറക്കാം. മരുന്നു പുരട്ടി നോക്കിയിട്ടും ഉണങ്ങിയിലെങ്കില്‍ ആ ഭാഗം തന്നെ മുറിച്ചുമാറ്റാം. പൊന്നാനിയും മംഗലാപുരവും പോലുള്ള പുതിയ വിഷയങ്ങള്‍ കിട്ടുമ്പോള്‍ ഗുജറാത്ത് ആവര്‍ത്തന വിരസമായി തോന്നുന്നത് സ്വാഭാവികം. കലാപങ്ങളില്‍ ഇതുവരെ ആരും ശിക്ഷിക്കപ്പെട്ട ചരിത്രം ഇല്ലാത്തതുകൊണ്ട് നീതിക്കുവേണ്ടി പൊരുതുന്നതു തന്നെ വിഡ്ഡിത്തമാണെന്ന് ആ വൃദ്ധനെപ്പോലുള്ളവര്‍ മനസ്സിലാക്കുന്നില്ലല്ലോ. നാളെ സിഖ്, ബോംബേ, ഗുജറാത്ത് കലാപങ്ങള്‍ നയിച്ചവര്‍ തിരഞ്ഞെടുപ്പുകള്‍ ജയിച്ചുവരുമ്പോള്‍ തെറ്റുകളുടെ പഴക്കവും കാലക്രമവും നോക്കി നമുക്ക് അവര്‍ക്ക് മാപ്പു നല്‍കാം അല്ലേ?

 20. hamlet said...

  ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലീം നേരിടുന്ന അധിനിവേശസാഹചര്യത്തില്‍, അവനോടു കാട്ടിയ അനീതികളെ മറക്കണം എന്നു പറയുന്നത് പ്രതിലോമപരമാകുന്നത് ഈ അനീതികളെ കൂടുതല്‍ കൂടുതല്‍ രൂക്ഷമാക്കുന്ന സംഘപരിവാരങ്ങളുടെ രാഷ്ട്രീയത്തിന്റെ പച്ക്ഛാത്ത്അലത്തിലാണു. അതു കണ്ടില്ലെന്നു നടിക്കുന്നതാണു
  മുറിവുകള്‍ ഇനി ഉണങ്ങിയുട്ടെങ്കില്‍ അതിനി ആവര്‍ത്തിക്കാതിരിക്കാനെങ്കിലും അതിന്റെ സാഹകര്യങ്ങളെ ഓര്‍ത്തിരിക്കേണ്ടതാണു, മറ്റൊരു മുറിവുണ്ടാകാതിരിക്കാന്‍, ചരിത്രം തരുന്ന പാഠങ്ങള്‍ പഠിക്കാനുള്ളതാണു്‌, പരീക്ഷയ്ക്കു മാര്‍ക്കു വാങ്ങാന്‍ വേണ്ടി മാത്രമുള്ളതല്ല.

  ചരിത്രം മറക്കാന്‍ പാടുള്ളതാണെന്നാണു ഇനിയങ്ങോട്ടു പഠിപ്പിക്കേണ്ടതു പോലും... സ്കൂള്‍ സിലബസ്സില്‍ നിന്നും ചരിത്രം എന്ന വിഷയം തന്നെ എടുത്തുമാറ്റാം.. എല്ലാം മറക്കാം എന്നിട്ടു വീണ്ടും ചരിത്രം ആവര്‍ത്തിക്കാം, ഞങ്ങളിതൊന്നും പഠിച്ചിട്ടില്ലെന്നു കൈമലത്താമല്ലോ. അതാണല്ലോ നടന്നുകൊണ്ടിരിക്കുന്നതും

  പരിവാര രാഷ്ട്രീയത്തിന്റെ ഇര മുസ്ലിം മാത്രമല്ല, ക്രിസ്ത്യാനിയും ദളിതനും എല്ലാമാണു. ഇങ്ങനൊരു പോസ്റ്റിട്ടതുകൊണ്ടുമാത്രം അത് വായിച്ചത് വലിച്ചുനീട്ടി ഹിന്ദു x മുസ്ലീം മാത്രമെന്നു പറയുന്നതാണു ബുദ്ധിജീവി നാട്യം

  "Get thee to a nunnery - ഹാം‌ലെറ്റ് ഒഫീലയയോടു മാത്രമായിട്ടല്ല പറഞ്ഞത്, നിലപാടുകളില്ലാത്ത നപുംസകങ്ങളോടുംകൂടിയാണു്‌" - ഒരു ബ്ലോഗ് സുഹൃത്ത്

 21. Sanal Kumar Sasidharan said...

  ഉന്മേഷേ,
  (പ്രിയ ഉന്മേഷേ എന്ന് വിളിക്കുന്നില്ല-എന്തുകൊണ്ട് സൂരജിനെ അങ്ങനെ വിളിച്ചു എന്നും ഉന്മേഷിനെ അങ്ങനെ വിളിച്ചില്ല എന്നും ...ഹാ...ഒരു ചർച്ചക്ക് സ്കോപ്പുണ്ടോ ;) )
  ഗുജറാത്ത് ചർച്ച ചെയ്യരുതായിരുന്നു എന്നോ,അവിടെ നടന്നത് ന്യായീകരിക്കപ്പെടണമായിരുന്നെന്നോ അല്ല ഞാൻ പറഞ്ഞത്.ഇന്ന് നമ്മുടെ ജനാധിപത്യം നേരിടുന്ന ഭൂരിപക്ഷതീവ്രവാദത്തെക്കുറിച്ചുള്ള ചർച്ചകൾ ഗുജറാത്തിലെ ഹിന്ദു മുസ്ലീം സംഘർഷത്തിലും മുസ്ലീം കൂട്ടക്കൊലയിലും മാത്രമായി തളച്ചിടുന്നത് യഥാർത്ഥഭീഷണിയിൽ നിന്നും ശ്രദ്ധതിരിക്കലാണ് എന്നാണ്.ഭൂരിപക്ഷ തീവ്രവാദം മുസ്ലീമിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ല(ന്യൂനപക്ഷ തീവ്രവാദം ഹിന്ദുവിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലാത്തതുപോലെ).അത് യഥാർത്ഥത്തിൽ സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ ആകമാനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.തങ്ങൾക്ക് ഇഷ്ടമില്ലാത്തത് ഒക്കെ ഉന്മൂലനം ചെയ്യുക എന്ന ഒരു തത്വശാസ്ത്രമല്ലാതെ അതിനു മറ്റൊരു വിവേചനവുമില്ല.പിന്നെ ഉള്ളത് ചില മുൻ‌ഗണനകളാണ് ആദ്യം ആര് എന്ന ചോദ്യം മാത്രം. അത് തിരിച്ചറിയുന്നതിനു പകരം ഗുജറാത്ത്,ബോംബേ എന്നിങ്ങനെ മുസ്ലീം വിരുദ്ധകലാപങ്ങളെ എക്കാലത്തെയും അക്ഷയപാത്രമായി കൊണ്ടുനടക്കുന്നത് രാഷ്ട്രീയക്കാരായ പാഞ്ചാലികളാണ്.ഏതു സമയത്തും ആരുടെയും കൂടെ ബാന്ധവം സാധിക്കുന്ന(നിശ്ചയമായും പൊന്നാനി ഉദാഹരണമാണ്) ഇത്തരക്കാർ ചെയ്യുന്നത് മുറിവുകളെ ചോരവറ്റാത്ത കിണറുകളാക്കി എന്നേക്ക്ം നിലനിർത്തുക എന്ന ഹീനകൃത്യമാണ്.അത് മനസിലാക്കിയോ മനസിലാക്കാതെയോ ജീവിതം ഗുജറാത്തിൽ ഇടിച്ചു നിൽക്കുന്നു എന്നമട്ടിൽ സിനിമകളും,നോവലുകളും,കവിതകളും എഴുതി പുളകം കൊള്ളുന്നവർ ഇവർക്ക് ഓശാനപാടുകമാത്രമല്ല ചെയ്യുന്നത് പ്രശ്നം ഹിന്ദുവും മുസ്ലീമും തമ്മിലുള്ളതാണെന്ന് ലളിതവൽക്കരിക്കുകകൂടിയാണ്.അങ്ങനെ ലളിതമാക്കി കഴിഞ്ഞാൽ ഒരു തീവ്രനിലപാടുള്ള ഹ്ന്ദുവിനെ സംബന്ധിച്ച് ഉത്തരം എളുപ്പമാണ് മുസ്ലീം ഇല്ലാതാവുക,മറിച്ചും അങ്ങനെതന്നെ- ഹിന്ദു ഇല്ലാതാവുക.ഈ ഒരു നിലപാടിലേക്ക് ആളെ ആകർഷിക്കുന്നതിന് ഇത്തരം തീവ്രവാദ സംഘടനകൾ ആശ്രയിക്കുന്നതുപോലും പ്രത്യക്ഷത്തിൽ നിരുപദ്രവം എന്നു കരുതുന്ന ഈ ഓർമ്മപുതുക്കലുകളാണ്.ഞങ്ങൾക്ക് പിന്തുണയുമായി ആരെങ്കിലും വന്നാൽ എങ്ങനെ നിഷേധിക്കുമെന്ന് പിണറായി വിജയൻ ചോദിക്കുമ്പോലെ ഞങ്ങളുടെ നല്ല ലക്ഷ്യങ്ങളെ ആരെങ്കിലും ദുരുപയോഗപ്പെടുത്തുന്നതിന് ഞങ്ങളെന്ത് വേണം എന്ന് ചോദിച്ച് ബുജികൾക്ക് രക്ഷപ്പെടാം രക്ഷപ്പെടലുകളാണല്ലോ അത്യന്തികമായി ജീവിതം.

  ഓം‌ലറ്റേ,
  നിലപാടുകൾ ഉള്ളതുകൊണ്ട്,അതു പറയാൻ ഒരുത്തന്റേയും പിന്തുണ ആവശ്യമില്ലെന്ന് നട്ടെല്ലുള്ളതുകൊണ്ട്,ഏതു തൊഴുത്തിൽ കെട്ടിയാലും ഒരു ചുക്കും ഇല്ലെന്ന് കൃത്യമായ നിലപാടുള്ളതുകൊണ്ട് അതുകൊണ്ട് മാത്രമാണ് ഇതെഴുതുന്നത്.അതല്ലെങ്കിൽ ഓശാനാ,ഓശാനാ,ഓശാനാ എന്ന് ഞാനും പാടിയേനെ..എനിക്കതിനു മനസില്ല.
  നിലപാട് എന്നത് നമ്മുടേത് (എന്റേതും അതിനോട് യോജിക്കുന്നവരും ആയ എല്ലാവരും ചേർന്ന എല്ലാവരുടേയും)എന്നും നിങ്ങളുടേത് (നിന്റേതും എന്നോട് വിയോജിക്കുന്ന സകലരുടേതും) എന്ന രണ്ടേ രണ്ട് ചവിട്ടുതറകളാണ് എന്ന് കരുതുന്നവരാണ് അഷിഷ്ണുതയും അതിന്റെ വളർച്ചപ്രാപിച്ചരൂപമായ തീവ്രവാദവും ഒക്കെ പരത്തുന്നത്.
  എന്തായാലും പറയാനുള്ളത് നേരിട്ട് പേരുവച്ചുതന്നെ പറയാനുള്ള ആർജ്ജവമില്ലാത്ത ഒരു നപുംസഹ സുഹൃത്ത് എനിക്കുണ്ടായിപ്പോയല്ലോ എന്ന ദു:ഖമുണ്ട്.

 22. Roby said...

  ഫിറാഖ്‌ പോലുള്ള സിനിമകൾ ഒരു ഓർമ്മപ്പെടുത്തലാണ്‌ സമൂഹത്തിന്‌. ഇനിയും ഗുജറാത്തുകൾ ഉണ്ടാകാതിരിക്കാൻ ഇത്തരം ഓർമ്മപ്പെടുത്തലുകൾ ആവശ്യമാണ്‌. ഗുജറാത്ത്‌ പോലുള്ള രാഷ്ട്രീയവിഷയങ്ങൾ വിരസമാകുന്നുവെങ്കിൽ സിനിമ എന്താണു പറയേണ്ടതു സനാതനാ? സംബന്ധത്തിന്റെ കഥകൾ കണ്ട്‌ മതിയായില്ലേ?

  വേറെ എല്ലാ നാടുകളിലും ഇത്തരം സിനിമകൾ ഉണ്ടാകാറുണ്ട്‌. ഹിറ്റ്ലറും നാസി ഭീകരതയും അമേരിക്കയിലും യൂറോപ്പിലും ഇന്നു സിനിമകൾക്കു വിഷയമാണ്‌, വർഷം 60 കഴിഞ്ഞിട്ടും. അതുപോലെ വിയറ്റ്നാം.ഇറ്റലിയിൽ Silvio Berlusconiയുടെ, ഫാസിസ്റ്റ്‌ എന്നു വിശേഷണത്തോട്‌ വളരെ അടുത്തു നിൽക്കുന്ന തീവ്രവലതുപക്ഷ ഗവണ്മെന്റിനെ നിശിതമായി വിമർശ്ശിക്കുന്ന നാനി മൊറേറ്റിയുടെ Il Caimano 2006-ൽ പുറത്തു വന്നു. രക്തരൂക്ഷിതമായ ചരിത്രമുള്ള കിഴക്കൻ യൂറോപ്പും സിനിമകളിലൂടെ നിരന്തരം ഇത്തരം ഓർമ്മകൾ പൊതുമണ്ഡലത്തിൽ നിലനിർത്തുന്നു. ഉദാഹരണം എത്രവേണമെങ്കിലുമുണ്ട്‌. IRA-യുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച്‌ എല്ലാ വർഷവും ഒരു സിനിമയെങ്കിലും ഉണ്ടാകാറുണ്ട്‌, അയർലണ്ടിൽ നിന്ന്. കഴിഞ്ഞ വർഷം 'ഹംഗർ' ഉണ്ടായിരുന്നു. അതിനു മുന്നെ 'ബാർളിയെ കുലുക്കുന്ന കാറ്റുകൾ'.

  2007-ലെ Satanas എന്ന കൊളംബിയൻ ചിത്രം 1981-ൽ അവിടെ നടന്ന ഒരു കൂട്ടക്കൊലയെപറ്റിയായിരുന്നു. എല്ലാ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും യുദ്ധം/കലാപം പ്രമേയമായിട്ടുള്ള, ചരിത്രത്തിലൂന്നിയ സിനിമകൾ ഉണ്ടാവുന്നു. എന്തിനാണു സോദർബെർഗ്ഗ്‌ 2008-ലും ചെഗുവേരയെ പുനസൃഷ്ടിക്കുന്നത്‌?

  ലളിതമായൊരു താരതമ്യത്തിൽ, ഇന്ത്യയിൽ ഇത്തരം രാഷ്ട്രീയസിനിമകൾ എണ്ണത്തിൽ വളരെ കുറവു തന്നെ. സംബന്ധം മുഖ്യപ്രമേയമാകാത്ത ചലചിത്രങ്ങളെ 'അതിശയലോകം' പോലെ ഒരു സിനിമയെടുത്ത സനൽ/സിനിമാപരിചയമുള്ള ഒരാൾ തള്ളിപ്പറയുമ്പോൾ അതാണ്‌ എന്നെ പേടിപ്പിക്കുന്നത്‌.

 23. Sanal Kumar Sasidharan said...

  റോബി,
  മുകളിലുള്ളതിൽ നിന്ന് വ്യക്തമാവുമെന്ന് കരുതുന്നു.

 24. sree said...

  “ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന വസ്തുതയ്ക് യാതൊരു പ്രസ്കതിയും ഇല്ലെന്നു വരുന്നു.”
  ഈയിടെയായിട്ട് ഇങ്ങനെയാണ് ഞാനും പ്രാര്‍ത്ഥിക്കുന്നത്.

  ഇത്രയും പേര്‍ കൂടേയുണ്ടെന്ന് അറിഞ്ഞിട്ടും പേടി മാറുന്നില്ലല്ലോ...പേടിച്ച് പേടിച്ച് പേടി ഇല്ലാതാവുമോ ഉന്മേഷ്, സനല്‍...ഒരുപക്ഷേ പേടിയില്ലാതാക്കാനാവും നമ്മളൊക്കെ അന്യോന്യം ഇങ്ങനെ പേടിപ്പിക്കുന്നതും...

 25. Roby said...

  ഇന്ന് നമ്മുടെ ജനാധിപത്യം നേരിടുന്ന ഭൂരിപക്ഷതീവ്രവാദത്തെക്കുറിച്ചുള്ള ചർച്ചകൾ ഗുജറാത്തിലെ ഹിന്ദു മുസ്ലീം സംഘർഷത്തിലും മുസ്ലീം കൂട്ടക്കൊലയിലും മാത്രമായി തളച്ചിടുന്നത് യഥാർത്ഥഭീഷണിയിൽ നിന്നും ശ്രദ്ധതിരിക്കലാണ് എന്നാണ്.

  ഇതാണല്ലോ സനലിന്റെ മെയിൻ പോയിന്റ്. സനൽ ശരിയാണ്. ഗുജറാത്ത് മാത്രമല്ല ഇവിടെ വീഷയമാകേണ്ടത്. എല്ലാ വിഷയത്തെപറ്റിയും നമുക്ക് സിനിമകളും നോവലുകളും നാടകങ്ങളും വേണം, ചർച്ചകൾ വേണം.

  ഗുജറാത്തിനെപറ്റി സിനിമയെടുത്തവരുടെ കുറ്റം മറ്റു വിഷയങ്ങളെപറ്റി സിനിമ എടുക്കാത്തതാണോ?

  ഗുജറാത്തിനെ പറ്റി രാഹുൽ ധോലാക്കിയയും നന്ദിതയും പറഞ്ഞു. ഡൽഹി കലാപത്തെക്കുറിച്ച് ഷൊണാലീ ബോസും ശശികുമാറും പറഞ്ഞു.

  ജനാധിപത്യത്തിനു/പൊതുസമൂഹത്തിനു ഭീഷണിയാണ് എന്നു സനലിനു തോന്നുന്ന വിഷയങ്ങളേക്കുറിച്ച് സനൽ എഴുതൂ/സിനിമയെടുക്കൂ.എന്നാലാവുന്നറ്റഹു ഞാനും ചെയ്യുന്നു. അങ്ങനെ ഒരുപാട് ആളുകൾ.

  തത്കാലം ഒരു ചെറുവിരൽ അനക്കിയവരെ നമുക്ക് തള്ളിക്കളയാതിരിക്കാം.
  മുറിവുകൾ അത് അനുഭവിച്ചവരുടെ മനസ്സിലാണ്‌. അത് മറക്കുന്നത് കേട്ടറിവു മാത്രമുള്ള എന്നെയും സനലിനെയും പോലുള്ളവരാണ്. ഓർമ്മപ്പെടുത്തലുകൾ മുറിവുകൾ അനുഭവിച്ചവർക്കല്ല, കേട്ടറിഞ്ഞവർക്ക്കും മുറിപ്പെടുത്തിയവർക്കും വേണ്ടിയാണ്.

  കുറച്ചുകാലം ഇത്തരം കാര്യങ്ങൾ ആരും സംസാരിക്കാതെ മൂടിവെച്ചാൽ മുറിവേറ്റവരുടെ മുറിവുകൾ സുഖമാകുമോ? അത്തരം ഒരു മൂടിവെക്കലാണോ നമുക്ക് വേണ്ടത്?

 26. എ.ജെ. said...

  റോബീ..

  ഇതൊക്കെ മറന്നതാണോ ?


  Hotel Rwanda
  Shooting Dogs
  A Sunday in Kigali
  Sometimes in April

 27. un said...

  സനാതനന്‍,
  ഗുജറാത്ത് കലാപത്തെ ആധാരമാക്കി നിര്‍മ്മിച്ച ഒരു സിനിമയെക്കുറിച്ച് എഴുതുമ്പോള്‍, അതിനെക്കുറിച്ച് പറയാതെ കാശ്മീരിലെ പണ്ഡിറ്റുകള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചാവില്ലല്ലോ പരാമര്‍ശിക്കുക? പ്രത്യക്ഷത്തില്‍ ആ സംഭവത്തിലെ ഇരകള്‍ മുസ്ലീങ്ങള്‍ ആയതുകൊണ്ടും ഒരു മുസ്ലീമിനെപ്പോലെ സ്വന്തം കൂറ് തെളിയിക്കേണ്ട ബാധ്യത മറ്റുള്ളവര്‍ക്ക് താരതമ്യേന കുറവായതു കൊണ്ട് അവരെക്കുറിച്ച് എഴുതി എന്നേ ഉള്ളൂ. ക്രിസ്തുമതത്തിനെതിരേയും ഗുജറാത്തില്‍ അക്രമങ്ങള്‍ നടക്കുന്നുണ്ട്. ലേഖനത്തില്‍ തന്നെ അതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുമുണ്ട്. അതു കണ്ടില്ലേ?

  "...കുട്ടികളുടെ മനസ്സില്‍ പോലും വിവേചനത്തിന്റെ വിത്തുകള്‍ വിതയ്ക്കും വിധം മുസ്ലീങ്ങളും ഇതര മതങ്ങളും എങ്ങിനെ ഹിന്ദുക്കള്‍ക്ക് ഭീഷണി ആയിത്തീരുന്നു എന്ന രീതിയില്‍ സ്കൂള്‍ പുസ്തകങ്ങള്‍ തിരുത്തി എഴുതപ്പെടുന്നു. (ഗുജറാത്ത് ബോഡിന്റെ ഒമ്പതാം ക്ലാസിലെ സാമൂഹ്യപാഠം നമ്മുടെ രാജ്യത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന ഒമ്പതാം അധ്യായത്തിന്റെ ആദ്യ ഭാഗം ന്യൂനപക്ഷ സമുദായങ്ങള്‍ ആണ്. മുസ്ലീങ്ങളും കൃസ്ത്യാനികളും വിദേശികളാണെന്നും പല സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ഒരു ന്യൂന പക്ഷമാണ് എന്നും അത് പഠിപ്പിക്കന്നു)."


  ഇത്തരം ആക്രമണങ്ങള്‍ സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ ആകമാനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെങ്കിലും 2002ലും തുടര്‍ന്നും അവിടെ ഏറ്റവും അധികം പീഡനങ്ങള്‍ സഹിക്കുന്നത് മുസ്ലീങ്ങളാണെന്നിരിക്കേ സ്വാഭാവികമായും അവയെക്കുറിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക. ഇവിടെ കമന്റില്‍ നടന്ന ചര്‍ച്ചകള്‍ മുഴുവന്‍ മുസ്ലീം വിരുദ്ധകലാപങ്ങളെ ക്കുറിച്ചാണെന്ന് ആരെങ്കിലമും അവകാശപ്പെട്ടോ? (കലാപങ്ങളുടെ കണക്കെടുപ്പില്‍ ഞാന്‍ തൊട്ടുമുമ്പ് സൂചിപ്പിച്ച സിഖ് കലാപം താങ്കളുടെ കമന്റില്‍ ഒഴിഞ്ഞുപോയത് മന:പൂര്‍വ മല്ലെന്നു തന്നെ വിശ്വസിക്കട്ടെ). ഹിന്ദു തീവ്രവാദം പോലെ തന്നെ അപകടരമാണ് മുസ്ലീം തീവ്രവാദവും. പക്ഷേ ഒന്നിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മറ്റൊന്നിനെ ചൂണ്ടിക്കാട്ടി ന്യായങ്ങള്‍ നിരത്തിയല്ല ഇവയെ നേരിടേണ്ടത്.

  "ജീവിതം ഗുജറാത്തിൽ ഇടിച്ചു നിൽക്കുന്നു എന്നമട്ടിൽ സിനിമകളും,നോവലുകളും,കവിതകളും എഴുതി പുളകം കൊള്ളുന്നവർ "

  കേരളത്തിലിരുന്ന് ഇത്തരം ഒരു കമന്റ് പാസാക്കാന്‍ എളുപ്പമാണ്. സനലേ, ഗുജറാത്തില്‍ ചെന്ന് പരസ്യമായി ഹിന്ദുതീവ്രവാദികള്‍ക്കെതിരെ ഒന്നു സംസാരിച്ചു കാണിക്കാമോ? അതു ചെയ്ത
  മല്ലികാ സാരാഭായ്, ടീസ്ത തുടങ്ങിയവരെ ഭീഷണി കൂടാത, ഹ്യൂമണ്‍ ട്രാഫിക്കിങ്ങ് പോലുള്ള കള്ളക്ക്കേസില്‍ ഒക്കെ കുടുക്കി ഒതുക്കാന്‍ നോക്കുന്ന വാര്‍ത്തകളൊന്നും വായിച്ചില്ലേ? എന്തിന് മേധാപട്കര്‍ പോലെയുള്ള ഒരു വ്യക്തിക്കു പോലും ഗുജറാത്തില്‍ ഇന്നു പ്രവേശിക്കാന്‍ ധൈര്യമില്ലാത്തതെന്തു കൊണ്ട്? ആ അസഹിഷ്ണുതയെക്കുറിച്ചാണ് ഞാന്‍ എഴുതിയതെന്നാണ് എന്റെ വിശ്വാസം. അല്ലാതെ മുസ്ലീങ്ങള്‍ മാത്രം ഇരയാകപ്പെടുന്നതിനെക്കുറിച്ചല്ല.

  ഞാന്‍ സമ്മതിക്കുന്നു പ്രശ്നം ഹിന്ദുവും മുസ്ലീമിലും ഒതുങ്ങുന്നില്ല. പക്ഷേ ഇത്തരം ഓര്‍മ്മപുതുക്കലുകള്‍ ആണ് തീവ്രവാദത്തിലേക്ക് ആളുകളെ നയിക്കുന്നതെന്ന വാദത്തിനെതിരെ എനിക്കൊന്നും പറയാനില്ല. ഓര്‍മ്മകളും ചരിത്രവും നമുക്കുകുഴിച്ചു മൂടാം പുതിയമുറിവുകള്‍ ഇനി ഉണ്ടാവാതിരിക്കുമെങ്കില്‍. പഴയ മുറിവുകള്‍ പുതിയ മുറിവുകള്‍ക്ക് കാരണമാകരുത് എന്നു തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്.

 28. അനിലൻ said...

  ഫിരാഖ്- ഇരുണ്ട കാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍!

  ഇടയ്ക്കിടെ ഇങ്ങനെയുള്ള ഓര്‍മ്മപ്പെടുത്തലുകളുണ്ടാവട്ടെ. നരഹത്യകളില്‍ ജീവനും മാനവും നഷ്ടപ്പെട്ടര്‍ക്കുള്ള ഓര്‍മ്മപ്പൂക്കളായല്ല, അതിവേഗം എല്ലാം മറന്നു പോകുന്ന സമകാലികമനുഷ്യന് തന്റെ കാലത്തെക്കുറിച്ചോര്‍ത്ത് ഇടയ്ക്കെങ്കിലും ഒരു ഞെട്ടലുണ്ടാകട്ടെ.

  ഉന്മേഷ്

  സല്യൂട്ട്!

 29. hamlet said...

  സനാതനാ,
  ഓം‌ലേറ്റെന്നു വിളിച്ചാക്ഷേപിച്ചതുകൊണ്ടുമാത്രം ഞാന്‍ പറഞ്ഞതൊക്കെ അസ്ഥാനത്താവുകയില്ലല്ലോ. നിലപാടുകളില്ലാത്തതും ഒരു നിലപാടാണല്ലോ കുറഞ്ഞപക്ഷം ബുദ്ധിജീവികള്‍ക്കെങ്കിലും !

  ഓശാനാ ഓശാനാ എന്നു തന്നെയാണു താങ്കളും പാടുന്നതെന്നു മനസ്സിലാക്കാന്‍ നിങ്ങള്‍ക്കുകഴിയാത്തതു കൊണ്ട് ആ കുറവു എനിക്കുണ്ടെന്നര്‍ഥമില്ല. അരാഷ്ട്രീയതയുടെ ഓശാന ബുദ്ധിജീവിനാട്യങ്ങക്കു പിന്‍‌ബലമാകുമെന്നുള്ള മിഥ്യയില്‍ പടച്ചുവിടുന്ന കൂറുപ്രഖ്യാപനം നിങ്ങള്‍ക്കു ബുദ്ധിജീവിപ്പട്ടം നേടിത്തന്നേക്കാം. പക്ഷെ അതിന്റെ നാറ്റം വമിക്കുന്നതു കാണാന്‍ കഴിയാത്തതരത്തില്‍ തിമിരം ബാധിച്ചിട്ടില്ലാത്തവരും ഉണ്ടെന്നു തല്‍ക്കാലം മനസ്സിലാക്കുക.

  "നേരിടുന്ന ഭൂരിപക്ഷതീവ്രവാദത്തെക്കുറിച്ചുള്ള ചർച്ചകൾ ഗുജറാത്തിലെ ഹിന്ദു മുസ്ലീം സംഘർഷത്തിലും മുസ്ലീം കൂട്ടക്കൊലയിലും മാത്രമായി തളച്ചിടുന്നത് യഥാർത്ഥഭീഷണിയിൽ നിന്നും ശ്രദ്ധതിരിക്കലാണ് എന്നാണ്"

  "മാത്രമായി തളച്ചിടുന്നത്" എന്നത് അസ്ഥാനത്താണു. ഹിന്ദു-മുസ്ലീം സംഘര്‍ഷത്തെപ്പറ്റി പരാമര്‍ശിക്കുന്നത് തളച്ചിടലാണെന്ന വാദം ശുദ്ധമായ അസംബന്ധമാണു. അങ്ങിനെ തോന്നിയെങ്കില്‍ അതിന്റെ കാരണം താങ്കളുടെ ഓശാനാ വ്യഗ്രതയില്‍ നിന്നുമാവണം. ഹിന്ദു-മുസ്ലീം സംഘര്‍ഷത്തെപ്പറ്റി പരാമര്‍ശിക്കരുതെന്നു വാശിപിടിക്കുന്നവരുടെ മുന്നിലേക്കു നീളുന്ന ദയാഹര്‍ജി.

  "ഗുജറാത്ത്,ബോംബേ എന്നിങ്ങനെ മുസ്ലീം വിരുദ്ധകലാപങ്ങളെ എക്കാലത്തെയും അക്ഷയപാത്രമായി കൊണ്ടുനടക്കുന്നത് രാഷ്ട്രീയക്കാരായ പാഞ്ചാലികളാണ്."

  രാഷ്ട്രീയം രൂപപ്പേടുന്നത് അതിന്റെ പരിസരങ്ങളിലാണു, അതില്‍നിന്നും പുറം തിരിഞ്ഞു നില്‍ക്കേണ്ടത് ബുദ്ധിജീവിപ്പട്ടം നോട്ടമിട്ടുമാത്രം പിഴയ്ക്കുന്നവര്‍ക്കാണ്. ചരിത്രം പഠിക്കനുള്ളതാണു ഓര്‍ത്തിരിക്കാനുള്ളതാണു, ആവര്‍ത്തിക്കാതിരിക്കാനെങ്കിലും നമ്മള്‍ അതു ഇടയ്ക്കോര്‍മ്മപ്പെടുത്തുക തന്നെ വേണം.

 30. പകല്‍കിനാവന്‍ | daYdreaMer said...

  Very Good Post...
  Congrats..

 31. Unknown said...

  ഗുജറാത്തില്‍ അടുത്ത ഇലക്ഷന്‍ സമയത്ത് വോട്ട് കുറയുമെന്നു തോന്നിയാല്‍ വീണ്ടൂമൊരു കലാപം ഉണ്ടാവില്ല എന്നു ഉറപ്പ് തരാന്‍ കഴിയുമൊ? എങ്കില്‍ മുറിവുകളെ മറക്കാന്‍ ശ്രമിക്കാം...

 32. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

  ഫിരാക്ക് കണ്ടിട്ടില്ല. എങ്കിലും കേട്ടിടത്തോളം ഇതു പോലുള്ള സിനിമകള്‍ തീര്‍ച്ചയായും ഉണ്ടാകേണ്ടതു തന്നെ.

 33. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  വിവരണം ഗംഭീരമായി

  WEDNESDAY എന്നൊരു സിനിമയുണ്ട്. ചില നേര്‍ക്കാഴ്ചകളുടെ.

 34. ജയരാജന്‍ said...

  നല്ല ലേഖനം! നന്ദി ഈ പരിചയപ്പെടുത്തലിന്; ഫിരാഖ് കാണണം.

 35. പരാജിതന്‍ said...

  സനലേ,
  യുദ്ധങ്ങള്‍, കലാപങ്ങള്‍, കൂട്ടക്കൊലകള്‍, അധിനിവേശങ്ങള്‍, സമഗ്രാധിപത്യം തുടങ്ങിയവയെ സംബന്ധിച്ച് പൊളിറ്റിക്കല്‍ മാനങ്ങളുള്ള സിനിമകള്‍ പല ജനുസ്സുകളിലും പെടുത്താവുന്നവയാണ്. ഇരകളുടെ പക്ഷം പിടിക്കുന്നവ, വേട്ടക്കാരനെ ന്യായീകരിക്കുന്നവ, എന്റര്‍‌ടെയിന്മെന്റ് എലിമെന്റ് മാത്രം കണ്ടെടുക്കുന്നവ (കലാപത്തില്‍ മരിച്ചു കിടക്കുന്ന പെണ്ണിന്റെ തുട കണ്ട് രതിവികാരം വരുന്ന ജേണലിസ്റ്റിനെപ്പറ്റി എഴുതിയത് ഒ.വി. വിജയനല്ലേ?) എന്നിങ്ങനെ പോകും. വിയറ്റ് നാം വാറിനെ ന്യായീകരിക്കാനിറക്കിയ ഹോളിവുഡ് പടപ്പുകള്‍ മുതല്‍ സമീപകാല ഇറാനിയന്‍ സിനിമകള്‍ വരെയുള്ളവ വിമര്‍‌ശനാത്മകമായി സമീപിക്കപ്പെട്ടിട്ടുണ്ടല്ലോ. പക്ഷേ യാഥാര്‍‌ത്ഥ്യങ്ങളുടെ, അവ എത്ര കയ്ക്കുന്നതായാലും, നേര്‍‌പ്പകര്‍‌പ്പുകള്‍ ചലച്ചിത്രങ്ങളിലോ കലാസൃഷ്ടികളിലോ വരുന്നത് നെഗറ്റീവാണെന്നു വാദിക്കുന്നത് പ്രതിലോമനിലപാടാണ്‌. നന്ദിതാദാസിന്റെ സിനിമയോ അതു പോലുള്ള ഓര്‍‌മ്മപ്പെടുത്തലുകളോ ഇല്ലെങ്കില്‍ എല്ലാ മുറിവുകളും ഭയപ്പാടുകളും ഇല്ലാതായിക്കൊള്ളുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അപാരമായ ശുഭാപ്തിവിശ്വാസം തന്നെ! ഇന്ത്യയില്‍ അനുദിനം വര്‍‌ദ്ധിച്ചു വരുന്ന, റാഡിക്കല്‍ മുസ്ലീം യൂത്തിന്റെ തീവ്രവാദാഭിമുഖ്യം മുതല്‍ ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റു മുന്നേറ്റം വരെയുള്ള, വെല്ലുവിളികളുടെ പ്രധാനകാരണം സാമൂഹ്യനീതിയെന്ന സംഗതിയ്ക്ക് സംഭവിച്ച ഗുരുതരമായ ബലക്ഷയമാണെന്ന വസ്തുത സനലിനെപ്പോലുള്ളവര്‍‌ക്ക് ബോധ്യപ്പെടുന്നില്ലെന്നാണോ? ഉണ്ടെന്നാണെങ്കില്‍ ആയൊരു പശ്ചാത്തലത്തില്‍ വച്ചു വേണം നന്ദിതയുടേതു പോലുള്ള സിനിമകളെയും സമാനസൃഷ്ടികളെയും ഓര്‍‌മ്മപ്പെടുത്തലുകളെയും സമീപിക്കാന്‍.

  സത്യത്തില്‍ ഇത്തരം സിനിമകള്‍ സനലുദ്ദേശിക്കുന്നതിന്റെ നേരേ വിപരീതഫലമാണുണ്ടാക്കുക. അനീതിയ്ക്കിരയായവരുടെയും പാര്‍‌ശ്വവത്കരിക്കപ്പെട്ടവരുടെയും പക്ഷത്താണ് എഴുത്തുകാരും കലാകാരന്മാരും സാമൂഹ്യപ്രവര്‍‌ത്തകരുമൊക്കെയെന്ന ഓരോ സന്ദേശവും കൂടുതല്‍ ഉച്ചത്തില്‍ കേള്‍‌ക്കേണ്ടവയാണ്. നീതിബോധമെന്നത് ഇനിയും അസ്തമിച്ചിട്ടില്ലാത്ത സമൂഹമാണിതെന്ന അറിവ് മങ്ങിനരച്ചു പോയ പ്രതീക്ഷകള്‍‌ക്ക് കുറച്ചെങ്കിലും തിളക്കം കൊടുത്തേക്കാം. വിശേഷിച്ചും അരുന്ധതി റോയ് പറയുന്ന പോലെ ‘ഒന്നുകില്‍ നീതി അല്ലെങ്കില്‍ ആഭ്യന്തരകലാപം’ എന്ന, മറ്റു ചോയിസുകളില്ലാത്ത, ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്ത്. നീതിയുടെ അഭാവത്തിലേക്കും അതിലൂടെ അതിന്റെ പ്രാധാന്യത്തിലേക്കും വിരല്‍ ചൂണ്ടുന്ന സൃഷ്ടികള്‍ ഇനിയുമേറെ ഉണ്ടാകട്ടെ.

 36. പരാജിതന്‍ said...

  ട്രാക്കിങ്ങ്

 37. Suraj said...

  ഹോളൊകോസ്റ്റ് കഴിഞ്ഞ് വര്‍ഷം പത്തമ്പതായി. ന്യൂറമ്പര്‍ഗ് വിചാരണകളും ശിക്ഷകളും അന്താരാഷ്ട്ര യുദ്ധക്കുറ്റങ്ങള്‍ക്കുള്ള നിയമങ്ങളും, അസംഖ്യം മനുഷ്യാവകാശ വിപ്ലവങ്ങളും അതിനുശേഷമുണ്ടായി. അക്കാലത്ത് തങ്ങളനുഭവിച്ച പീഡകളെ ഇന്ന് നൂറ്റുക്കുനൂറെന്ന മട്ടില്‍ ഇസ്രയേല്‍ ഗാസയ്ക്കു മേല്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്തും രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരെണ്ണം എന്ന തോതില്‍ ഹോളോകോസ്റ്റ് സംബന്ധിയായ പടങ്ങളിറങ്ങുന്നു.
  എന്തിന് ?
  മനുഷ്യനുമേലുള്ള മനുഷ്യന്റെ ക്രൂരതകളെ ഓര്‍മ്മിപ്പിക്കാന്‍, നടപ്പുകാല ഫാഷിസങ്ങള്‍ എങ്ങനെ ഭാവിയില്‍ ഇതുപോലുള്ള അവസ്ഥകള്‍ക്ക് വഴിവയ്ക്കാം എന്ന് നമ്മെ ഓര്‍മ്മപ്പെടുത്താന്‍. നിയോ നാറ്റ്സികളുടെ മുറുമുറുക്കലുകള്‍ ക്രമത്തിലുയരുന്ന ജര്‍മ്മനിയിലും യൂറോപ്പിലും ആ ഓര്‍മ്മപ്പെടുത്തലുകളുടെ സാംഗത്യം ചെറുതല്ല.

  ചുരുങ്ങിയ പക്ഷം, തങ്ങള്‍ക്കു നീതികിട്ടി എന്നെങ്കിലും ജൂതര്‍ക്ക് തോന്നാനും വേണ്ടിയുള്ള നടപടികള്‍ പരിഷ്കൃത സമൂഹത്തില്‍ നിന്നും ഉണ്ടായി. മതന്യൂനപക്ഷങ്ങള്‍ക്കു മേലുള്ള ഭാരതീയ തീവ്രവാദങ്ങളില്‍ എന്തു നടപടിയുണ്ടായി ? എത്രയെത്ര ദേശീയവും അന്തര്‍ ദേശീയവുമായ മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ വന്നു, എത്ര കേസുകള്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടു, എവിടുന്നൊക്കെ നീതിക്കായി മുറവിളികളുണ്ടായി. എന്നിട്ടെന്തു സംഭവിച്ചു ? ഗുജറാത്തിന്റെ നീറ്റല്‍ മാറും മുന്‍പാണ് ഒറീസ സംഭവിച്ചത്. കര്‍ണ്ണാടകയില്‍ നവഫാഷിസ്റ്റുകള്‍ ഭരണത്തിനായി കാത്തിരിക്കയായിരുന്നു, ജനങ്ങള്‍ക്കുമേല്‍ തങ്ങളുടെ അജന്‍ഡകള്‍ നടപ്പിലാക്കാന്‍.

  എന്തു സംഭവിച്ചു സനാതനന്‍ ജീ, എന്തു സംഭവിച്ചു ഇവിടെയൊക്കെ ?

  ഡിസംബര്‍ 6നു വര്‍ഷം തോറും പ്രത്യക്ഷപ്പെടുന്ന എന്‍ ഡി എഫ് “വിരസമായ” പോസ്റ്ററുകളുമായി എല്ലാ 'ഓര്‍മ്മപ്പെടുത്തലുകളെ'യും സമപ്പെടുത്തി നിരപ്പാക്കുന്ന,ബോറടിക്കുന്നെന്ന് പ്രഖ്യാപിക്കുന്നവര്‍ അനന്തരം എന്തു സംഭവിച്ചു എന്നു കൂടി പറയാന്‍ ബാധ്യസ്ഥരാണ്.

  അതിനുത്തരമില്ലെങ്കില്‍, ആ ഉത്തരം മുട്ടുകള്‍ക്കിടയിലാണ് ഫിരാഖ് പോലൊരു ഓര്‍മ്മപ്പെടുത്തലിന്റെ സ്ഥാനം എന്ന് ഞാന്‍ കരുതുന്നു. അത് പൊറുക്കാന്‍ തുടങ്ങുന്ന മുറിവിനെ പിളര്‍ന്ന് നോക്കുന്ന കാഴ്ചയായി താങ്കള്‍ക്ക് തോന്നുമായിരിക്കും. എനിക്ക് പക്ഷേ അത് "ഇങ്ങനെയൊക്കെയാണ് മുറിവുണ്ടാകുന്നത്" എന്ന സര്‍ജ്ജിക്കല്‍ പാഠമാണ്. തയ്യലിടാനും മരുന്നു പുരട്ടി വച്ചുകെട്ടാനും ആ സര്‍ജ്ജിക്കല്‍ പാഠം ആവശ്യമാണുതാനും.

 38. അയല്‍ക്കാരന്‍ said...

  ഫിറാഖും പര്‍സാനിയയും പോലുള്ള ചിത്രങ്ങളാണ് യാഥാര്‍ത്ഥ്യത്തിന്റെ ഭീകരമുഖങ്ങള്‍ നമുക്ക് കാട്ടിത്തരുന്നത്. ഈ നേര്‍ക്കാഴ്ചകള്‍ മുറിപ്പെടുത്തിയവരിലെത്താതിരിക്കുന്ന കാലത്തോളം ഈ മുറിവുകള്‍ ഉണങ്ങില്ല.

  കാഴ്ചക്കാരന്റെ കുറിപ്പടികള്‍ പരാജയങ്ങളാകുന്നത് ഹോളോകോസ്റ്റിന്റെ കാര്യത്തില്‍ നാം കണ്ടു, കണ്ടുകൊണ്ടിരിക്കുന്നു. മുറിവേല്പിച്ചവരുടെ രാഷ്ട്രത്തെ മതിലുകള്‍ കെട്ടി മുറിച്ച് പതിറ്റാണ്ടുകള്‍ നീണ്ട പുതിയ മുറിവുകളുണ്ടാക്കി. മുറിവേറ്റവനു കല്പിച്ചുനല്‍കിയ പരിഹാരം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മുറിവാണ്.

  ഗുജറാത്തിനുവെളിയിലും എന്തൊക്കെ സംഭവിക്കാം എന്ന് ഈ സിനിമകള്‍ നമ്മെ കാണിച്ചുതരുന്നു. ഗുജറാത്തില്‍ മരുന്നായില്ലെങ്കിലും ഫിറാഖ് കേരളത്തിനൊരു പ്രതിരോധകുത്തിവെപ്പാകട്ടെ എന്നാശിക്കുന്നു.

 39. Sanal Kumar Sasidharan said...

  സൂരജ്,പരാജിതൻ,എന്റെ കമെന്റുകൾക്ക് മറുപടിയെന്നോണം കമെന്റിട്ട മറ്റു പ്രിയപ്പെട്ട സുഹൃത്തുക്കളേ,
  എന്തുകൊണ്ടാണ് ഫിറാക്കിനെക്കുറിച്ച്(ആ ചിത്രത്തിന് തെരെഞ്ഞെടുത്തിരിക്കുന്ന വിഷയം അവതരിപ്പിക്കാൻ തെരെഞ്ഞെടുത്തിരിക്കുന്ന പ്ലോട്ടിനെക്കുറിച്ച്) പൊതുവിൽ നിങ്ങൾ പ്രകടിപ്പിക്കുന്നതിന് വിരുദ്ധമായ അഭിപ്രായം എനിക്കുള്ളതെന്ന് ഞാൻ വ്യക്തമാക്കിക്കഴിഞ്ഞു.ഫിറാക്കിന്റെ വിഷയം ഗുജറാത്ത് കലാപമല്ല ഭൂരിപക്ഷ തീവ്രവാദവും പരിസരവുമാണ്, അത് അവതരിപ്പിക്കാൻ എടുത്തിരിക്കുന്ന പ്ലോട്ടാണ് ഗുജറാത്ത് കലാപം എന്നാണ് എന്റെ പക്ഷം.അതുകൊണ്ട് തന്നെയാണ് ഈ ചിത്രം 2009 ൽ ചിത്രീകരിക്കുന്നതിൽ സംവിധായികയ്ക്ക് അപാകതയൊന്നും തോന്നാത്തത് എന്നും കരുതുന്നു.ഗുജറാത്ത് കലാപമായിരുന്നു വിഷയമെങ്കിൽ ഏഴുവർഷങ്ങൾക്ക് ശേഷം ലഹള ഗുജറാത്തിനെ എങ്ങനെ അവശേഷിപ്പിക്കുന്നു എന്നതാവും കാലികമായ ആഖ്യാനം.
  ഭൂരിപക്ഷതീവ്രവാദത്തെക്കുറിച്ചുപറയാൻ എന്നാളും ഹിന്ദുXമുസ്ലീം എന്ന സൌകര്യമുള്ള മസാലപ്ലോട്ട് ഉപയോഗിക്കുന്ന ബുദ്ധിജീവിനാട്യക്കാർ ചെയ്യുന്നത് യഥാർത്ഥഭീഷണികളിൽ നിന്നുള്ള ഒളിച്ചോടൽ ആണെന്നാണ് ഞാൻ പറഞ്ഞത്.അത് മുകളിൽ കമെന്റുകളിൽ വ്യക്തമാണ്.അതിൽ കൂടുതൽ ഒന്നും തന്നെ പറയാനില്ല.തൽക്കാലം എന്റെ ബോധ്യങ്ങൾ വച്ചുള്ള നിലപാട് ഇപ്പോഴത്തെ എന്റെ വിവരവും,പക്വാപക്വതകളും,വികാരവും ഒക്കെ വച്ച് നൂറുശതമാനം ശരിയാണെന്ന് ഉറപ്പിച്ച് പറയുന്നു.നിങ്ങളുടെ എതിരഭിപ്രായങ്ങളെ മാനിക്കുമ്പോൾ തന്നെ വീണ്ടും വീണ്ടും ചിന്തിച്ചിട്ടും എന്റെ നിലപാട് തന്നെയാണ് ശരി എന്ന് തോന്നുന്നു.എന്നാലും ആവർത്തിച്ചാവർത്തിച്ച് എന്റെ വാദത്തിന് ബലം മുറുക്കാനും നിങ്ങളുടെയൊക്കെ നിലപാട് തിരുത്തുന്നതുവരെ ശബ്ദമുയർത്തി എന്റെ വാദം അംഗീകരിക്കുന്നതുവരെ തർക്കിക്കാനും ഞാനൊരു തീവ്രവാദിയല്ല.ഒരുകാര്യമേയുള്ളു, എനിക്ക് നിങ്ങളോട് യോജിക്കാനാവുന്നില്ല ഇപ്പോൾ അത്രമാത്രം.

 40. പരാജിതന്‍ said...

  ‘അപ്പോള്‍ ശശി ആരായി?‘ എന്നു ചോദിച്ചാല്‍ പിണങ്ങരുത് സനലേ. :)

  സനല്‍ എഴുതുന്നു: “..ആവർത്തിച്ചാവർത്തിച്ച് എന്റെ വാദത്തിന് ബലം മുറുക്കാനും നിങ്ങളുടെയൊക്കെ നിലപാട് തിരുത്തുന്നതുവരെ ശബ്ദമുയർത്തി എന്റെ വാദം അംഗീകരിക്കുന്നതുവരെ തർക്കിക്കാനും ഞാനൊരു തീവ്രവാദിയല്ല.“

  വാതിലുകള്‍ കൊട്ടിയടയ്ക്കുന്നതാണ് സനലേ, നരകതുല്യമായ തീവ്രവാദം. തുറസ്സുകളിലിരുന്നു സംസാരിക്കൂ, കഴിയുമെങ്കില്‍.

 41. വിശാഖ് ശങ്കര്‍ said...

  “ഭൂരിപക്ഷ തീവ്രവാദം മുസ്ലീമിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ല(ന്യൂനപക്ഷ തീവ്രവാദം ഹിന്ദുവിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലാത്തതുപോലെ).അത് യഥാർത്ഥത്തിൽ സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ ആകമാനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.തങ്ങൾക്ക് ഇഷ്ടമില്ലാത്തത് ഒക്കെ ഉന്മൂലനം ചെയ്യുക എന്ന ഒരു തത്വശാസ്ത്രമല്ലാതെ അതിനു മറ്റൊരു വിവേചനവുമില്ല.പിന്നെ ഉള്ളത് ചില മുൻ‌ഗണനകളാണ് ആദ്യം ആര് എന്ന ചോദ്യം മാത്രം. അത് തിരിച്ചറിയുന്നതിനു പകരം ഗുജറാത്ത്,ബോംബേ എന്നിങ്ങനെ മുസ്ലീം വിരുദ്ധകലാപങ്ങളെ എക്കാലത്തെയും അക്ഷയപാത്രമായി കൊണ്ടുനടക്കുന്നത് രാഷ്ട്രീയക്കാരായ പാഞ്ചാലികളാണ്.ഏതു സമയത്തും ആരുടെയും കൂടെ ബാന്ധവം സാധിക്കുന്ന(നിശ്ചയമായും പൊന്നാനി ഉദാഹരണമാണ്) ഇത്തരക്കാർ ചെയ്യുന്നത് മുറിവുകളെ ചോരവറ്റാത്ത കിണറുകളാക്കി എന്നേക്ക്ം നിലനിർത്തുക എന്ന ഹീനകൃത്യമാണ്.“
  ശരിയാണ് സനല്‍.മുറിവുകളെ തോണ്ടാതിരുന്നാല്‍ ആ മുറിവുകള്‍ ഉണങ്ങിയേക്കും.ആ നിലയ്ക്ക് താങ്കളുടെ വാദം ശരിയാണ്.പക്ഷേ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മുറിവുകള്‍ ഉണങ്ങുകയല്ല, അവ വീണ്ടും, വീണ്ടും മാന്തിപ്പൊളിക്കപ്പെടുകയാണ്.അതാരാണ് ചെയ്യുന്നതെന്നതാണു പ്രശ്നം.ഗുജറാത്തിനുശേഷം മലേഗാവ്,ഒറീസ എന്നിങ്ങനെ ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങളും അവയുടെയൊക്കെ കാര്‍മികരായിരുന്നിട്ടും മുഖ്യധാരാ രാഷ്ട്രീയത്തില്‍ അംഗീകൃതരായി തുടരുന്നവരുമാണോ, അതോ ഇത്തരം സംഭവങ്ങളെ സൃഷ്ടിപരമായി വിശകലനം ചെയ്യാന്‍ ശ്രമിച്ചവരാണോ ഈ മുറിവുകള്‍ മാന്തിപ്പൊളിക്കുന്നത്? ഇവരിരുവരും ഒരുപോലെ പുണ്ണില്‍കുത്തെന്ന കര്‍മ്മം തുടരുകയാണോ?തീവ്രവാദം മൂര്‍ത്തമാകുന്നത് അതിന്റെ മാനിഫെസ്റ്റേഷന്‍സിലൂടെയാണ്.അപ്പൊ അതിനെതിരായ ഒരു സാമാന്യവല്‍ക്കരണത്തിലേയ്ക്ക് ഉയരേണ്ട ഒരു കലാസൃഷ്ടിക്ക് അത്തരം മാനിഫെസ്റ്റേഷന്‍സിനെ പ്രാധമികോപകരണമായി എടുക്കേണ്ടിവരും.അതൊരു തെറ്റാണെന്നു വാദിച്ചാല്‍ കെ.ജി.എസ്സിന്റെ ബംഗാള്‍ മലയാളകവിതയിലെ ഏറ്റവും വലിയ ഒരു തെറ്റാണെന്ന് പറയേണ്ടിവരും.(സിനിമയുടെ കാര്യത്തില്‍ ക്ലാസിക്ക് എന്ന് വിളിക്കപ്പെടാവുന്ന പല സിനിമകള്‍ക്കും നേരേ ഈ വാദമുയര്‍ത്താമെന്ന് ഇവിടെ പലരും സൂചിപ്പിച്ചുകഴിഞ്ഞു).പണ്ട് നിലനിന്നിരുന്നതും ഇപ്പൊ തീര്‍ത്തും നിലനില്‍ക്കാത്തതുമായ ഒരു പ്രശ്നത്തെ,പ്രതിലോമകരമയ ഒരു അജണ്ടയെ മുന്നിര്‍ത്തി കിള്ളി മുറിവാക്കാനാണ് ഈ സിനിമ ഉദ്യമിക്കുന്നതെന്ന് തോന്നുന്നുവെങ്കില്‍ അത് വിശദമായി പറയണം.അങ്ങനെയൊരു ഉദ്ദേശം ഈ സിനിമയ്ക്കുണ്ടെന്ന് സനലിനു തോന്നുന്നുവെങ്കില്‍ അത് നമുക്ക് തലനാരിഴകീറി ചര്‍ച്ചചെയ്യാം.ചെയ്യണം.

 42. Unknown said...

  ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു. സമൂഹത്തിന് മറവി ഒരല്പം കൂടുതല്‍ ആണ്. വേറേ മസാല ന്യൂസ് കിട്ടുന്നതോടെ പ്രിന്റ്-വിഷ്വല്‍ മീഡിയകള്‍ ആ വഴി പോകും... വീണ്ടുമൊരു കലാപം ഉണ്ടാവും വരെ... പുതിയ കലാപം... കൊലകള്‍...

  അന്ന് മീഡിയകള്‍ക്കെതിരെയുള്ള കുറ്റം മേല്പറഞ്ഞ പോലെ ന്യൂസ് വാല്യൂ തീര്‍ന്ന ശേഷം പ്രശനത്തെ ഫോളോ അപ് ചെയ്തില്ല എന്നു പറഞ്ഞാവും.... വര്‍ഗീയകക്ഷികള്‍ നാടിനാപത്താണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ബോധവല്‍ക്കരിക്കാന്‍ ഇത്തരം സിനിമകള്‍ ഇറങ്ങിയേ തീരൂ...

  ചിലതൊക്കെ ഓര്‍മ്മിക്കപ്പെടുമ്പോള്‍ പൊള്ളുന്നത് ആര്‍ക്കാവും എന്ന് ഊഹിക്കാം.. അതിലുപരി ഗുജറാത്ത് കലാപത്തിലെ പ്രതികള്‍ ഒക്കെ ശിക്ഷിക്കപ്പെട്ടോ? അവര്‍ ഇന്നും ഞെളിഞ്ഞു നടക്കുകയല്ലേ? മറ്റു സ്റ്റേറ്റുകളില്‍ അതു പോലെ വര്‍ഗീയ കക്ഷികള്‍ അധികാരത്തിലെത്താതിര്‍ക്കാന്‍ ഇത്തരം ചില ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്...

 43. പാവപ്പെട്ടവൻ said...

  ഈ അടുത്ത കാലത്തൊന്നും ഇത്തരം മുര്‍ച്ചയുള്ള ഒരു ലേഖനം വായിച്ചിട്ടില്ല .ഗുജറാത്തിന്‍റെ ഭീകരമായ മുഖം ഒരിക്കല്‍ കുടി തുറന്നു കാണിക്കുന്നു .ഏതു കരിങ്കല്‍ മനസ്സിനെയും ചിന്തിപ്പിക്കുന്ന പ്രവിശാലമായ വിലയിരുത്തലുകള്‍ .ഇതു വായിക്കുന്ന ആര്‍ക്കും ഉടയാത്ത മനസ്സുമായി പോകാന്‍ കഴിയില്ല .
  ആയിരം ആശംസകള്‍

 44. Suraj said...

  ...നിങ്ങളുടെ എതിരഭിപ്രായങ്ങളെ മാനിക്കുമ്പോൾ തന്നെ വീണ്ടും വീണ്ടും ചിന്തിച്ചിട്ടും എന്റെ നിലപാട് തന്നെയാണ് ശരി എന്ന് തോന്നുന്നു.എന്നാലും ആവർത്തിച്ചാവർത്തിച്ച് എന്റെ വാദത്തിന് ബലം മുറുക്കാനും നിങ്ങളുടെയൊക്കെ നിലപാട് തിരുത്തുന്നതുവരെ ശബ്ദമുയർത്തി എന്റെ വാദം അംഗീകരിക്കുന്നതുവരെ തർക്കിക്കാനും ഞാനൊരു തീവ്രവാദിയല്ല...

  ആരുടെയും വാദം ആരും അംഗീകരിക്കുന്നതു വരെ തര്‍ക്കിക്കുന്നില്ല. എല്ലാവരും അവരവരുടെ നിലപാടുകള്‍ക്കു പിന്നിലെ ന്യായങ്ങള്‍ നിരത്തുന്നു അത്രമാത്രം സനാതനന്‍ ജീ.

  ഈ വിശദാംശങ്ങളില്ലാതെ ഒരു കവിതാരൂപത്തിലെ കമന്റിട്ടിട്ട് പോയ താങ്കള്‍ ഇപ്പോള്‍ മൂന്നാലു കമന്റു കൊണ്ടു വിശദീകരിച്ചല്ലോ താങ്കളുടെ നിലപാടുകളെ. അങ്ങോട്ടുമിങ്ങോട്ടും മനസിലാവാന്‍ അതു മതിയാകും. അതില്‍ തീവ്രവാദമൊന്നും കാണേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

 45. Sapna Anu B.George said...

  നല്ല ഒരു വായനയായിരുന്നു കേട്ടോ

 46. un said...

  ഈ പോസ്റ്റും അതിലെ ചര്‍ച്ചകളും കൂടി ചേര്‍ത്തു വായിക്കൂ

 47. Appu Adyakshari said...

  ഉന്മേഷ്, ബ്ലോഗില്‍ ഈയിടെ വായിച്ചതില്‍ വച്ച് വളരെ ശക്തമായ ഒരു ലേഖനം. ഏതെങ്കിലും മലയാളപത്രത്തില്‍ ഇങ്ങനെയൊന്ന് കാണാനാവുമോ എന്ന് മഷിയിട്ടുനോക്കണം !

 48. ചിതല്‍ said...

  അതേ
  മറന്ന് പോയികൊണ്ടിരിക്കുന്ന ഒന്നിനെ ഓര്‍മിപ്പിക്കുന്ന ഈ സിനിമയെയും ഈ എഴുത്തിനും നന്ദി..

 49. kadathanadan:കടത്തനാടൻ said...

  മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
  ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

 50. Rajeeve Chelanat said...

  ഉന്മേഷ് - ഫിരാഖിനെക്കുറിച്ചുള്ള ഈ കുറിപ്പ് ഇപ്പോഴാണ് വായിക്കാന്‍ പറ്റിയത്. നന്ദി.

  സനാതനന്റെ നിലപാടുകള്‍ പരസ്പരവിരുദ്ധവും, തീരെ യുക്തിബോധവുമില്ലാത്തവയാണ്. എന്തുകൊണ്ട് ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടിവരുന്നുവെന്ന് റോബി വ്യക്തമായി കാണിച്ചുകൊടുത്തിട്ടും, അതിശയലോകം നിര്‍മ്മിച്ച സനാതനന് അത് മനസ്സിലാകുന്നില്ലല്ലോ എന്നോര്‍ത്ത് റോബിക്ക് പേടിയാണെങ്കില്‍, എനിക്ക് പേടിയല്ല, കഠിനമായ ദു:ഖമാണ് സനാതനാ..

  “മുറിവുകൾ ഉണ്ടാക്കുന്ന ആയുധങ്ങളെ കണ്ടെടുക്കുകയും നശിപ്പിക്കുകയുമാണ്“ വേണ്ടത് എന്ന് സനാതനന്‍ സമ്മതിക്കുന്നുണ്ടല്ലോ. അതിന് ഓര്‍മ്മകള്‍ ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഇത്തരം സിനിമകള്‍ അതിനുള്ള ഉപാധികളാണ്.

  അഭിവാദ്യങ്ങളൊടെ

 51. ചാർ‌വാകൻ‌ said...

  വേറേ ചില സനാതനികളുണ്ടായിരുന്നു,ആരേയും കാണാനില്ലല്ലോ ?സത,അഹങ്കാരി,ഹെറിറ്റേജ്,മനുഷ്യ വിദൂഷകന്‍..അങ്ങനെ യാരെങ്കിലും മുന്‍പിലേക്കുവരണം .
  ആനന്ദപട്വര്‍ദ്ധനെന്റെ ഡോക്കുമെന്ററി കണ്ട്,മിണ്ടാട്ടം മുട്ടിയ്ട്ട് മൂന്നാമത്തെ പെഗ്ഗിലാണ്‌-ഒന്നു നോര്‍മലായത്.ചരിത്രത്തെ പാടെ മറന്നുകളയാനുള്ള നമ്മുടെ കഴിവ് ജനിതകമായിരിക്കും .അതിനാല്‍ ചരിത്രമെങ്ങാനും പഠിച്ചുപോയാല്‍ പരീക്ഷ കഴിയുന്നതോടെ മറന്നിരിക്കണം .പലരും ഉറക്കത്തിലാണ്.കേരളത്തിലെ അച്ചായന്മാര്‍ അമ്മാമ്മയുടെ ചൂടും കൊണ്ടങ്ങനെ കിടക്കുവാണല്ലോ..?വലത്തേ മുലയിലൊരാള്‍ പതിയിരിക്കുന്നതറിയിന്നില്ല.ഉറങ്ങട്ടെ..പള്ളിയില്‍ മണിയടിക്കുമ്പോ..ഓണര്‍ന്നോള്ളും .
  ആ സിനിമ യൊന്നു കാണാന്‍ വഴിയുണ്ടോ..?