മുംബായ് : പുകമറ നീങ്ങുമ്പോള്‍..

സംഭവിച്ചത്.

സ്ഫോടനത്തിനു ശേഷം നൈമിഷികമായെങ്കിലും ഒരു നിശബ്ദത അരങ്ങത്തു വരുന്നുണ്ട്. നടുക്കത്തിന്റെ, അമ്പരപ്പിന്റെ, നിസ്സഹായതയുടെ ആ നിശബ്ദതയെ ഭേദിച്ചു വരുന്ന ആരവങ്ങള്‍ക്കു സ്വാഭാവികമായും ഒരു മോബ് സൈക്കിന്റെ വിവേകത്തോടായിരിക്കും കൂടുതല്‍ ചായ്‌വ്. മുംബായ് സ്ഫോടനങ്ങള്‍ക്കുശേഷമുണ്ടായ നടുക്കത്തില്‍ നിന്നും രാജ്യം പതിയെ ഉണര്‍ന്നു തുടങ്ങിയോ എന്നു പറയാറായിട്ടില്ല, യുക്തിയുടേയും വിചാരത്തിന്റെയും മാര്‍ഗ്ഗത്തോടിനിയും പുറംതിരിഞ്ഞുനില്‍ക്കുന്നതിന്റെ സൂചന അതുതന്നെയാണ്.

ഓര്‍ക്കാപ്പുറത്തു കിട്ടിയ ഈ ഇരുട്ടടി തുറന്നുകാട്ടിയത് നമ്മുടെ സുരക്ഷാസംവിധാനങ്ങളുടെ പരാജയങ്ങളെ മാത്രമല്ല, സുരക്ഷിതത്വം എന്ന സങ്കല്‍പ്പത്തെതന്നെയാണ്. ഏതു സുരക്ഷാസംവിധാനത്തെയും മറികടക്കാന്‍ പോന്നതാണു മനുഷ്യന്റെ ഇച്ഛാശക്തിയെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ കരുത്ത് അവഗണിക്കാനാവില്ല.

ഭീകരതയുടെയും തീവ്രവാദത്തിന്റെയും കാതടപ്പിക്കുന്ന അലര്‍ച്ച നമ്മുടെ സുരക്ഷാസങ്കല്‍പ്പങ്ങളെ പരിഹാസ്യമാക്കിയെങ്കില്‍, സുരക്ഷാസങ്കല്‍പ്പങ്ങളെപ്പറ്റി ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയുടെ സൂചനകൂടിയാണിതെന്നു കാണാതിരുന്നുകൂടാ. ഇരുന്നൂറിലേറെ നിരപരാധികളുടെ ജീവനുള്‍പ്പടെ കുറേ ധീരയോദ്ധാക്കളെയും നമുക്ക് നഷ്ടമായി. ദൃശ്യമാധ്യമങ്ങളുടെ വകതിരിവില്ലാത്ത ആവേശങ്ങളെ മറികടന്നു ATS ഉം ഇന്ത്യന്‍ സേനയും ഒടുവില്‍ അനിവാര്യമായ വിജയം കൈവരിച്ചു.

പ്രതികരണം

നടുക്കം, അങ്കലാപ്പ്, നിസ്സഹായത, കണ്‍ഫ്യൂഷന്‍, ക്ഷോഭം, അമര്‍ഷം, പക.... സാധാരണക്കാരന്‍ തൊട്ടു മാധ്യമങ്ങള്‍ വളര്‍ത്തി വലുതാക്കിയ മാധ്യമജീവികള്‍ വരെ പ്രതികരിച്ചത് ഈ വികാരങ്ങളുടെ പുറത്താവുന്നത് സ്വാഭാവികം. ഈ വികാരപ്രകടനങ്ങള്‍ക്കിടയില്‍ വിവേകത്തിന്റെ തിരോധാനം ഒരുപക്ഷെ അനിവാര്യമായിരുന്നിരിക്കണം, അല്ലെങ്കില്‍ മാധ്യമങ്ങള്‍ അതു സാധ്യമാക്കിയെന്നുവേണം അനുമാനിക്കേണ്ടത്.

ദൃശ്യമാധ്യമങ്ങള്‍ക്കു ചാകരയായിരുന്നു. മുതല്‍മുടക്കില്ലാത്ത ആക്ഷന്‍ ത്രില്ലറുകള്‍ രണ്ടുദിവസം അരങ്ങു തകര്‍ത്തു. രാഷ്ട്രീയ നപുംസകങ്ങളുടെ അനവസര-ഇന്‍സെന്‍സിറ്റീവ് ആറ്റിറ്റ്യൂഡും മാധ്യമങ്ങളുടെ അരാഷ്ട്രീയവല്‍ക്കരണ അജണ്ടയ്ക്കു വീണുകിട്ടിയ കനികളായി.

ഏതൊരു പ്രതിസന്ധിയേയും തരണം ചെയ്യുന്നതില്‍ പഴിചാരലുകളുടെ പങ്ക് വളരെ വലുതാണ്, മോബ് സൈക്കിനു പ്രത്യേകിച്ചും ഒരു കുറ്റവാളിയെ കണ്ടുപിടിക്കേണ്ടതുണ്ട്, വികാരപ്രകടനങ്ങളുടെ ആ പൊട്ടിത്തെറി ഏറ്റുവാങ്ങാന്‍ പ്രാപ്തനായ ഒരു കുറ്റവാളി!, അതാരുമായിക്കോട്ടെ, പക്ഷെ ഒരു കുറ്റവാളിയെ പിടിച്ചുകെട്ടേണ്ടതുണ്ട്. ചിലരതു ‘പാക്കിസ്താനില്‍‘ കണ്ടെത്തിയെങ്കില്‍ മറ്റുചിലര്‍ക്കത് രാഷ്ട്രീയക്കാരും മുഖ്യധാരാ രാഷ്ട്രീയവുമായത് യാദൃശ്ചികമല്ല, വോട്ടു ചെയ്യാത്ത ഇന്ത്യന്‍ മിഡില്‍ ക്ലാസിന്റെ ഉത്തരവാദിത്തവിമുഖതയുടെ ഉത്തമദൃഷ്ടാന്തം! കട്ടവനെ കിട്ടിയെല്ലെങ്കില്‍ കിട്ടിയവനെയെന്ന സിദ്ധാന്തത്തിനു മദ്ധ്യസ്ഥതവഹിച്ചത് കോര്‍പ്പറേറ്റ് മാധ്യമങ്ങളും.

ഭീകരതയുടെ രാഷ്ട്രീയവും മാധ്യമബാധ്യതകളും

മാധ്യമങ്ങള്‍ക്കു ജനാധിപത്യത്തിന്മേലുള്ള സ്വാധീനം ചെറുതല്ല. അഭിപ്രായരൂപീകരണമെന്ന പ്രക്രീയയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളില്‍ തന്ത്രപരമായ പങ്ക് വഹിക്കുന്ന ഒന്നാണു മാധ്യമ‌ ഇടപെടലുകളും അവരുയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയവും.

മുംബായ് സ്ഫോടനങ്ങളുടെ പച്ഛാത്തലത്തില്‍ സ്വാഭാവികമായും ചര്‍ച്ചചെയ്യേണ്ട ഭീകരതയുടെ രാഷ്ട്രീയം പക്ഷെ ദൃശ്യമാധ്യമങ്ങളില്‍ വിഷയമാവാതെ പോയത് തുറന്നുകാട്ടിയത് അവയുടെ അരാഷ്ട്രീയൊന്മുഖതയെമാത്രമല്ല, കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ നിയന്ത്രിക്കുന്ന മീഡിയയുടെ പരിമിധികളും പാരതന്ത്ര്യവും കൂടിയാണു്. മീഡിയ പ്രതിനിധീകരിക്കുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ താല്പര്യങ്ങള്‍, അവ പൊതുജനതാല്പര്യങ്ങളായി തെറ്റിവായിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് “തെറ്റായ പ്രാതിനിധ്യം“ എന്ന മറ്റൊരു വിപത്തുകൂടിയാണു്.

ഭീകരതയുടെ രാഷ്ട്രീയം ജനാധിപത്യത്തിനെനേരയുള്ള വെല്ലുവിളിയാണെന്നിരുന്നിട്ടു കൂടി, കേവല വൈകാരികപ്രതികരണങ്ങളില്‍ അഭിരമിക്കുന്ന മാധ്യമസമീപനത്തില്‍ നിന്നെന്താണു മനസ്സിലാക്കേണ്ടത് ?

ഇന്ത്യന്‍ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത മാത്രമായിരുന്നോ ? സുരക്ഷാ സംവിധാനങ്ങളുടെ പരാജയം പ്രതിരോധത്തിന്റെ പരാജയം മാത്രമായിരുന്നു..
ഇതു പ്രതിസന്ധിയുടെ കാരണമേ ആയിരുന്നില്ല. കാരണം തേടി എവിടേയും പോകേണ്ടതുമില്ല, അതിനു ഇന്ത്യന്‍ സ്വാതന്ത്ര്യസമരം തൊട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ മാത്രം മതി, ഇസ്ലാം ഭീകരതയ്ക്കു വളക്കൂറുള്ള മണ്ണൊരുക്കുന്നതില്‍ ഭരണകൂടത്തിന്റെയും അതിനെ ചുറ്റിയുള്ള അധികാരത്തിന്റെയും പങ്കിനെപ്പറ്റി മനസ്സിലാക്കാന്‍.

ഒരു സുപ്രഭാതത്തിലാര്‍ക്കോ തോന്നിയ വിഭ്രാന്തിയല്ലയീ ആക്രമണം. ഭരണകൂടപിന്തുണയോടുകൂടി അരങ്ങേറിയ ബാബ്രിപള്ളി പൊളിക്കല്‍ തൊട്ടു ഗുജറാത്ത്, കാശ്മീര്‍ വരെയുള്ള സംഭവങ്ങളുടെ സ്വാധീനം ചെറുതല്ല. മുസ്ലീമിന് തന്റെ രാജ്യസ്നേഹം പറഞ്ഞറിയിക്കേണ്ടതിലെത്തിനില്‍ക്കുന്ന സാഹചര്യം മതേതരത്ത്വത്തിന്റെ പരാജയം മാത്രമല്ല ഫാസിസത്തിന്റെ വിജയം കൂടിയാണ്.

ഈ ഒരു ഫാസിസ്റ്റ് ഭീകരതയെ അഭിമുഖീകരിക്കാതെ നടത്തുന്ന പുറമേയുള്ള അഴിച്ചുപണികളിലെ തട്ടിപ്പിനെ തിരിച്ചറിയേണ്ടതുണ്ട്. ഇത്തരത്തില്‍ ഫാസിസ്റ്റ് ഭീകരതയെ ഒഴിച്ചു നിര്‍ത്തി അരാഷ്ട്രീയതയ്ക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള മാധ്യമ ചെയ്തികള്‍ കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമായിട്ടു വേണം കാണാന്‍. ഭീകരവാദവും, തീവ്രവാദവും ഉന്നം വയ്ക്കുന്നത് ജനാധിപത്യത്തെയും ജനാധിപത്യവ്യവസ്ഥയെയുമാണെന്നിരിക്കെ, മാധ്യമങ്ങളുടെ കപടമുഖം തുറന്നുകാട്ടേണ്ടതുണ്ട്.

പ്രാതിനിത്യത്തിന്റെ രാഷ്ട്രീയം

“they cannot reperesent themselves, they need to be represented“ - എന്നു മാര്‍ക്സ്.
ഒരു ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം തെറ്റായ പ്രാതിനിത്യത്തിന്റെ സാധ്യതകള്‍ ആത്മഹത്യാപരമാണു താനും. താജ് ഹോട്ടലിനെ ഇന്ത്യയുടെ ഐക്കണായി ഉയര്‍ത്തി കാട്ടിയതു തൊട്ട് ‘ഇന്ത്യയുടെ 9/11’ വരെ നീണ്ട വൈകൃതങ്ങള്‍ കൊണ്ടുപിടിച്ചാഘോഷിച്ചപ്പോള്‍ സാധ്യമാക്കിയത് പ്രാതിനിധ്യത്തില്‍ വന്ന അപചയം തന്നെയാണ്. ടാജ് തുടങ്ങിയ വരേണ്യ ബിംബങ്ങളെ സാധാരണക്കാരന്റെ കൂടിയുള്ള ഐക്കണായി അവരോധിക്കുമ്പോള്‍ ഹൈജാക്ക് ചെയ്യപ്പെടുന്നത് സാ‍ധാരണക്കാരന്റെ ശബ്ദം കൂടിയാണു.

വരേണ്യവര്‍ഗ്ഗ താല്പര്യങ്ങള്‍ പൊതുതാല്പര്യങ്ങളായി മാറുന്നു, മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു. മുബായ് സംഭവം ഈ പ്രക്രിയയെ ത്വരിതപ്പെടുത്താനാണു സഹായിച്ചത്. ഒരു ജനാധിപത്യത്തിന്റെ വിജയം അതില്‍ ജനങ്ങള്‍ പങ്കാളികളാകുമ്പോഴാണ്. വോട്ടു ചെയ്യുന്നതുകൊണ്ടു മാത്രം പങ്കാളിത്തമാവുന്നില്ല, ജനാധിപത്യപ്രക്രീയയിലെ പങ്കാളിത്തമാണു പ്രധാനം.

ജനാധിപത്യപ്രക്രിയയിലെ ഈ പങ്കാളിത്തത്തില്‍നിന്നും ജനതയെ മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമാണു അരാഷ്ട്രീയവല്‍ക്കരണത്തിലൂടെ മാധ്യമങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ജനകീയപ്രക്ഷോഭങ്ങളോടുള്ള വിരോധം, ജനകീയമായിട്ടുള്ള എന്തിനോടുമുള്ള വിരോധം, അധികാരത്തെ വെല്ലുവിളിക്കുന്ന എന്തിനേയും പ്രതിരോധിക്കാന്‍, ജനാധിപത്യപരമായിതന്നെ പ്രതിരോധിക്കാന്‍ അധികാരം പിന്‍പറ്റുന്നവരുടെ ഏറ്റവും വലിയ ആയുധമാണ് അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍.

മാധ്യമങ്ങളെ നിയന്ത്രിക്കുന്ന അധികാരങ്ങള്‍ക്കും അവയുടെ നിര്‍ലോഭപ്രവര്‍ത്തനത്തിനും വിരുദ്ധമായി നില്‍ക്കുന്ന എല്ലാത്തിനേയും ഒന്നൊന്നായി ഒഴിവാക്കുകയാണു അധികാരം പിന്‍പറ്റുന്നവര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണു പ്രാതിനിധ്യം ഹൈജാക്ക് ചെയ്യപ്പെടുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്.

പട്ടാളഭരണം ആവശ്യപ്പെട്ടുകൊണ്ട് പ്രകടനം നടത്തുന്നതിലെത്തിച്ച അരാഷ്ട്രീയവല്‍ക്കരണം നല്‍കുന്ന സൂചന ഭീകരമാണ്. ജനാധിപത്യത്തെ തകര്‍ക്കുക എന്ന ഭീകരവാദികളുടെ അജണ്ടയുടെ വിജയം! ഓര്‍ക്കുക ഭീകരവാദം ഉന്നം വയ്ക്കുന്നത് ജനാധിപത്യത്തെതന്നെയാണു്.

ഭീകരവാദത്തിനുള്ള മറുപടി

സൈനികമായി നേരിടേണ്ടിടത്ത് അതു തന്നെവേണം. എന്നിരുന്നാലും കാരണങ്ങളെ സംബോധനചെയ്യാതെയുള്ള ഏതു നടപടിയും താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രമേ ആവുകയുള്ളൂ. മുസ്ലീം സഹോദരനു ദേശസ്നേഹം പറഞ്ഞുകേള്‍പ്പിക്കേണ്ടി വരാത്തിടത്താണു നമ്മുടെ ശ്രമങ്ങള്‍ ലക്ഷ്യം വയ്ക്കേണ്ടത്.

അതോടൊപ്പം ആഗോള ഭീകരതയേയും അതിന്റെ കാരണങ്ങളേയും സംബോധനചെയ്യേണ്ടതുണ്ട്. ഇസ്ലാമിക ഭീകരത വളര്‍ത്തുന്നതില്‍ സാ‍മ്രാജ്വത്ത ശക്തികള്‍ വഹിച്ച പങ്ക് നിസ്സാരമല്ല, അതുകൊണ്ട് തന്നെ ഭീകരതയുടെ രാഷ്ട്രീയത്തെ ചെറുക്കുമ്പോള്‍ സാമ്രാജ്വത്തനയങ്ങളോള്ള പോരാട്ടത്തിനും സാരമായ പങ്കുണ്ട് ‍. സാമ്രാജ്വത്ത ഭീകരതയ്ക്കെതിരേയും അധിനിവേശശക്തികള്‍ക്കെതിരേയുമുള്ള ചെറുത്തുനില്പിന്റെയും നേതൃത്വവും ഏറ്റെടുത്തുകൊണ്ടുവേണം ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തേണ്ടത്. മതേതര-ജനാധിപത്യ മൂല്യങ്ങളിലൂന്നിയ ഒരു വിശാല കൂട്ടുകെട്ടിനുള്ള സമയമായിരിക്കുന്നു.

തയ്യാറാക്കിയത് : നളന്

18 comments:

  1. ജിവി/JiVi said...

    "പട്ടാളഭരണം ആവശ്യപ്പെട്ടുകൊണ്ട് പ്രകടനം നടത്തുന്നതിലെത്തിച്ച അരാഷ്ട്രീയവല്‍ക്കരണം നല്‍കുന്ന സൂചന ഭീകരമാണ്. ജനാധിപത്യത്തെ തകര്‍ക്കുക എന്ന ഭീകരവാദികളുടെ അജണ്ടയുടെ വിജയം! ഓര്‍ക്കുക ഭീകരവാദം ഉന്നം വയ്ക്കുന്നത് ജനാധിപത്യത്തെതന്നെയാണു്"

    ഭീകരവാദികള്‍ക്ക് ജയമുണ്ടാകുന്നത് അവിടെയാണ്. മാധ്യമങ്ങളും കോര്‍പ്പറെറ്റുകളും അരാഷ്ട്രീയവാദം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ വലതുപക്ഷരാഷ്ട്രീയകക്ഷികളും അതിന് എണ്ണയിട്ടുകൊടുക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ വികസനമൌലികവാദം ഉയര്‍ത്തിപ്പിടിക്കുന്ന ഭീകരരാണ് അവരും.

  2. ചന്ത്രക്കാറന്‍ said...

    "പട്ടാളം എന്റെ രാജ്യം ഭരിക്കട്ടെ" എന്ന ബാനറുകള്‍ ഞെട്ടിക്കുന്നവയായിരുന്നു. ജീവിതത്തിലൊരിക്കലും വോട്ടുചെയ്തിരിക്കാന്‍ സാധ്യതയില്ലാത്ത ഇന്ത്യയിലെ ഉപരിവര്‍ഗ്ഗം എത്ര പെട്ടെന്നാണു് രാജ്യം ആരു ഭരിക്കണമെന്ന് അഭിപ്രായം പറയാന്‍ തുടങ്ങിയത്?പട്ടാളം, രാജ്യഭരണത്തിലിടപെടുന്നതിന്റെ ദുരന്തങ്ങള്‍ നിരന്തരം അഭിമുഖീകരിക്കുന്ന ഒരയല്‍പക്കത്തിന്റെ ഓര്‍മ്മകള്‍ എത്ര പെട്ടെന്നാണു് നമുക്കു നഷ്ടപ്പെട്ടത്!

    ആര്‍ക്കായിരുന്നു അന്തിമവിജയം? ഇന്ത്യന്‍ പട്ടാളത്തിന്? എന്.എസ്.ജി. കമാന്‍ഡോകള്‍ക്ക്? വലിയ റിസ്കൊന്നുമില്ലാതെ ഒരു യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ കിട്ടിയ മീഡിയക്ക്? തീവ്രവാദികള്‍ക്ക്?

    ഇവരെല്ലാവരും ജയിച്ചു, തോറ്റത് ഇന്ത്യന് ജനാധിപത്യ പ്രക്രിയയായിരുന്നു. അതുതന്നെയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യവും. വലിപ്പത്തില്‍ ലോകത്തിലെ മൂന്നാമത്തെ കരസേനയോട് ജയിക്കാമെന്ന് വ്യാമോഹിച്ചായിരുന്നില്ല അവര്‍ കടല്‍ കടന്നു വന്നതെന്ന് മനസ്സിലാക്കാന്‍ വലിയ യുദ്ധവിശകലന വൈദഗ്ധ്യമൊന്നും വേണ്ട.

    തീര്‍ച്ചയായും വെടിയേറ്റ് ഒടുങ്ങാന്‍ തന്നെയാണു് അവര്‍ വന്നത്. അവരുടെ ലക്ഷ്യം വിക്ടോറിയ ടെര്‍മിനല്‍സിലോ താജിലോ നരിമാന്‍ ഹൌസിലോ ട്രൈഡന്റിലോ വെടിയേറ്റുവീണ നിരപരാധികളായിരിക്കാം, കൊല്ലപ്പെട്ട മുതിര്‍ന്ന പോലീസുദ്യോഗസ്ഥരായിരിക്കാം; പക്ഷേ കുറെ മനുഷ്യരെ വെടിവെച്ച് ഒടുക്കുകയായിരുന്നില്ല അവരുടെ രാഷ്ട്രീയലക്ഷ്യം. അതുറപ്പ്.

    ഈ ഭീകരാക്രമണം, നാശത്തിന്റെ കണക്കില്‍, സിക്ക് കലാപത്തിന്റെയോ (വന്‍മരങ്ങള്‍ വീഴുമ്പോള്‍ പുല്‍ക്കൊടികള്‍ക്ക് നാശം വന്നേക്കുമെന്ന് പ്രഖ്യാപിച്ച രാജകുമാരന്‍ ഇന്നില്ല!) ഗുജറാത്തിന്റെയോ ഏഴയലത്തു വരില്ലെന്ന് വ്യക്തമാണല്ലോ. എന്നിട്ടും മേല്‍ചൊന്ന കലാപങ്ങളൊന്നും ഉണ്ടാക്കാത്ത "വ്യാപകമായ" പ്രതിഷേധം അതു സൃഷ്ടിച്ചു.

    അതിന്റെ കാരണങ്ങളിലേയ്ക്ക് ഇന്ത്യയിലെ ജനത വിശദമായി ചുഴിഞ്ഞിറങ്ങേണ്ടതുണ്ട്. ആര്‍ക്കും ഒറ്റനോട്ടത്തില് മനസ്സിലാക്കാവുന്ന ഒന്നുണ്ട് - ആദ്യമായിട്ടാണു് ഭീകരാക്രമണം ഇന്ത്യന്‍ അപ്പര്‍ക്ളാസ്സിനെ ഇത്രയും വ്യാപകമായി ബാധിക്കുന്നത്. നരേന്ദ്രമോഡിയുടെ ആരാധകരായ ഇന്ത്യയിലെ ഉപരിവര്‍ഗത്തിനും മധ്യവര്‍ഗത്തിനും ഇടയ്ക്കുളള ലെയറിനുമൊക്കെ ഇതുവരെ ഭീകരാക്രമണം എവിടെയൊക്കെയോ നടക്കുന്ന സാധാരണ അനുഷ്ഠാനങ്ങള്‍ മാത്രമായിരുന്നു.

    സാധാരണക്കാര്‍, പുഴുക്കളെപ്പോലെ നുരയ്ക്കുന്ന ചന്തകളിലും തീവണ്ടികളിലും നടക്കുന്ന, തങ്ങളുടെ സുരക്ഷിത മണ്ഡലങ്ങളില്‍ വിദൂരമായ ഒരു വിപത് സ്വപ്നം പോലുമാകാത്ത കേട്ടുകേള്‍വി മാത്രമായിരുന്നു, ഇന്നലെ വരെ അവര്‍ക്ക് ഭീകരാക്രമണം. അവന്റെ കുടുംബത്തെയും സ്വത്തുക്കളെയും എന്തിനു് ചിഹ്നങ്ങളെ വരെ വെറുതെവിട്ടിരുന്ന ചായക്കോപ്പയിലെ കൊടുങ്കാറ്റ്. ചാവുന്നവരൊക്കെ ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില് മരണം അര്‍ഹിക്കുന്നവരാണെന്ന് അബോധത്തിലെങ്കിലും അവരാശ്വസിച്ചിരുന്നു.

    അടുത്തത് ഈ ഭീകരാക്രമണത്തിനുമുന്നില് തകരുന്ന സാമ്പത്തികതാല്‍പ്പര്യങ്ങളാണു്. മൂവായിരത്തോളം മനുഷ്യരെ ചുട്ടും കോര്‍ത്തും കൊല്ലാന്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്ത മോഡി, സാമ്പത്തിക-സാമൂഹിക ആഭിജാതരുടെ ബൌദ്ധിക-ഭൌതിക നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞയാളായിരുന്നു. വികസനത്തിന്റെ അപ്പോസ്തലന്‍. എല്ലാ പാപങ്ങളേയും അഭ്യൂഹങ്ങളും കേട്ടുകേള്‍വികളുമാക്കാന്‍ പ്രാപ്തനായ സര്‍വശക്തന്‍.

    പക്ഷേ മോഡി ഒരൊറ്റ ആഭിജാതനേയും കലാപങ്ങളില്‍ ഇരയുടെ സ്ഥാനം നല്‍കി "ആദരി"ച്ചില്ല. ചത്തതൊക്കെ, എന്തിനു് കൊന്നവര്‍ പോലും (അതെ കൊന്നവര്‍ പോലും; അവരും ഇരകളാണു്, ഒരര്‍ത്ഥത്തില്‍ - കൊല്ലിക്കുന്നവന്റെ ഇരകള്‍) പുഴുപോലെ നുരക്കുന്ന മനുഷ്യരായിരുന്നു. അതിലുമുപരി മോഡി മുതലാളിത്തത്തിന്റെ നിക്ഷേപങ്ങളെ തൊട്ടുകളിച്ചില്ല, മുതലാളിത്തം ജനാധിപത്യത്തെ പുണരുന്നത്, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ജനാധിപത്യം നിലവില്‍ വരണമെന്ന് ആഗോളമുതലാളിത്തം മുഴത്തിനുമുഴത്തിനാവര്‍ത്തിക്കുന്നത്, അതിന്റെ നിക്ഷേപത്തിനു് സംരക്ഷണം നല്കുന്ന ഏക ഭരണസംവിധാനം ജനാധിപത്യമായതിനാല്‍ മാത്രമാണെന്നും ജനാധിപത്യത്തിലെ "ജന"മെന്ന് പദമല്ല അവരെ ആകര്‍ഷിക്കുന്നതെന്നും മനസ്സിലാക്കാനുള്ള ബുദ്ധി മോഡിക്കുണ്ടായിരുന്നു.

    ആ ഉറപ്പുമാത്രം മതിയായിരുന്നു, മോഡിക്ക് ഗുജറാത്തിനെ ഇന്ത്യയുടെ നിക്ഷേപ കേന്ദ്രമാക്കാന്‍. ആ ഉറപ്പു കൂടിയാണു് ഓരോ സഞ്ചി ആയുധങ്ങളും കരിങ്കല്ലുപോലത്തെ മനസ്സുമായി മുംബൈ തീരത്തു വന്നിറങ്ങിയ പതിനൊന്ന് പിള്ളേര്‍ ‍ചിരിച്ചുകൊണ്ട് വെടിവച്ചിട്ടത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി നിക്ഷേപത്തിനു് സംരക്ഷണം നല്കുന്നതില് ഭരണകൂടം വന്‍തോതില്‍ പരാജയപ്പെടുകയായിരുന്നു. ആരുമറിയാതെ മൂലകളില് പന്നിപ്പടക്കത്തിന്റെ നിലവാരത്തിലുള്ള ബോംബുകള് ഒളിച്ചുവച്ച്പൊട്ടിച്ച് നടത്തിയിരുന്ന ഭീകരപ്രവര്ത്തനം തടയാന് ഈ ആഭിജാതര്ക്ക് സ്വകാര്യസേനകളോ ചില്ലറ പോലീസ് സംരക്ഷണമോ മതിയായിരുന്നു, വാതിലുകളിലെ മെറ്റല് ഡിക്റ്ററ്ററുകളും കുഞ്ഞുങ്ങളെപ്പോറ്റാനുള്ള ചില്ലറത്തുട്ടുകള്ക്കുവേണ്ടി പോക്കറ്റും ബാഗുകളും പരിശോധിക്കുന്ന പാവം സെക്യൂരിറ്റിജീവനക്കാരും മതിയായിരുന്നു. എ.കെ. സീരീസ് തോക്കുകളും കയ്യിലേന്തി ബുള്ളറ്റ് പ്രൂഫും മുഖംമൂടിയുമില്ലാതെ കയറിവരുന്ന ചോരത്തിളപ്പുള്ള പിള്ളേരെ പേടിപ്പിക്കാന് അതൊന്നും പോര. സിംഗിള് ബാരല് തോക്കുപിടിച്ച് എ.ടി.എമ്മുകള്ക്കുമുന്‍പില് നില്ക്കുന്ന കുടകുസ്വദേശി (കുടകില് ജനിച്ചവര്ക്ക് സാധാരണ തോക്കുപയോഗിക്കാന് ലൈസന്സ് വേണ്ട, ഊച്ചാളിമുതലാളിമാരുടെ വീടുനുമുന്‍പില് തോക്കുമായി നില്ക്കുന്നത ഇവരാണു് പലയിടത്തും) ഇനി മുതല് അവരുടെ സുരക്ഷ ഉറപ്പാക്കില്ല. അതുകൊണ്ട് എന്റെ രാജ്യം ഇനി പട്ടാളം ഭരിക്കട്ടെ!

    ഇനിയുമുണ്ട്, സമയം കിട്ടുമ്പോള്...

  3. പാമരന്‍ said...

    "മുസ്ലീം സഹോദരനു ദേശസ്നേഹം പറഞ്ഞുകേള്‍പ്പിക്കേണ്ടി വരാത്തിടത്താണു നമ്മുടെ ശ്രമങ്ങള്‍ ലക്ഷ്യം വയ്ക്കേണ്ടത്...."

  4. ജയരാജന്‍ said...

    ലേഖനത്തോളം തന്നെ മികച്ച കമന്റാണ് ചന്ത്രക്കാറന്റേത്; ഒരുപക്ഷേ കൂടുതൽ മികച്ചത്.
    എന്നാലും കമന്റിൽ ചില ഭാഗങ്ങൾ (1. “കരിങ്കല്ലുപോലത്തെ മനസ്സുമായി മുംബൈ തീരത്തു വന്നിറങ്ങിയ പതിനൊന്ന് പിള്ളേര്‍ ‍ചിരിച്ചുകൊണ്ട്...”
    2. “എ.കെ. സീരീസ് തോക്കുകളും കയ്യിലേന്തി ബുള്ളറ്റ് പ്രൂഫും മുഖംമൂടിയുമില്ലാതെ കയറിവരുന്ന ചോരത്തിളപ്പുള്ള പിള്ളേരെ പേടിപ്പിക്കാന്”)തീവ്രവാദികളെ ഗ്ലൊറിഫൈ ചെയ്യുന്നതായൊരു തോന്നൽ :(

  5. Rajin Kumar said...

    ചുരുക്കി പറഞ്ഞാല് പാക്കിസ്ഥാനികളായ ഭീകരന്മാരായിരുന്നില്ല മുബൈ ആക്രമണം നടത്തിയത്, പിന്നയോ, സംഘപരിവാറും, മോഡിയും, ഇന്ഡ്യന് മാധ്യമങ്ങളുമായിരുന്നു. ആരായാലും കുറച്ച് ഉപരി വര്ഗ്ഗക്കാരെ കൊന്നു ഇന്ഡ്യയുടെ ഭാരം കുറച്ചല്ലോ. ഇനി ആരെയങ്കിലും ആക്രമണത്തിന് ശിക്ഷ വിധിച്ചു കഴിയുമ്പോള് ഈ അഭിനവ ശിഖണ്ഡികള് അവരെ നിരപരാധികളാണ് വെറുതെ വിടണം, ന്യൂനപക്ഷത്തെ പീഢിപ്പിക്കുന്നു എന്നം ആക്രോശിച്ച് രംഗത്ത് വരാം. ഗുജാറാത്തു കലാപത്തിന്റെയും, സിഖ് വിരുദ്ധ കലാപത്തിന്റെയും പേരിലൊഴുകിയ മുതലക്കണ്ണീര് ഇപ്പോഴും ഇക്കൂട്ടര്ക്ക് തോര്ന്നിട്ടില്ല. അതിന്റെ എത്രയോ ഇരട്ടി ആളുകള് പലപ്പോഴായിട്ടുണ്ടായിട്ടുള്ള ഭീകരാക്രമണത്തിലും, കാശ്മീരിലെ വംശീയ ഉന്മൂലനത്തിലും മരിച്ചിട്ടുണ്ടാവും. ഗുജറാത്തിലെ ജനങ്ങള്ക്ക് ആ മുതലക്കണ്ണീര് മനസ്സിലായതുകൊണ്ട് നരേന്ദ്രമോഡി വീണ്ടും അധികാരത്തിലിരിക്കുന്നു. ദില്ലിയിലെ ജനങ്ങള് സിക്കു വിരുദ്ധ കലാപ കാരണക്കാരെന്ന് ആരോപിക്കുന്ന കോണ്ഗ്രസ്സിനെ ഹാട്രിക് വിജയം നല്കി ആദരിക്കുന്നു.

  6. ചന്ത്രക്കാറന്‍ said...

    ജയരാജന്, അങ്ങനെയൊന്ന് ഒരുതരത്തിലും ഉദ്ദേശിച്ചിരുന്നില്ല, ഏതു തരത്തിലുള്ള തീവ്രവാദവും അംഗീകരിക്കാനാവില്ല. കമന്റ് എഡിറ്റ് ചെയ്യാന് നിവൃത്തിയില്ലാത്തതിനാല് അതങ്ങനെ വിടുന്നു.

  7. അരവിന്ദ് :: aravind said...

    "ആദ്യമായിട്ടാണു് ഭീകരാക്രമണം ഇന്ത്യന്‍ അപ്പര്‍ക്ളാസ്സിനെ ഇത്രയും വ്യാപകമായി ബാധിക്കുന്നത്"
    ചന്ത്രക്കാരന്‍, ഈ വാചകത്തിന് അഭിനന്ദനങ്ങള്‍. ഇതേ ചിന്ത ഈ കഴിഞ്ഞ ദിവസം എന്റെ മനസ്സില്‍ വന്നതേയുള്ളൂ.
    ആക്രമിക്കപ്പെട്ടത് താജും ട്രൈഡന്റും ആയത് കൊണ്ടാണോ ഇത്രയും കോലാഹലം, പ്രതിഷേധ തള്ളല്‍ എന്ന് തോന്നിയിരുന്നു. ഇതിനു മുന്‍‌പേയും പല ബോംബുകളൂം പൊട്ടി ഇതിലും പേര്‍ മരിച്ചിരുന്നെങ്കിലും , ഇത്രയും "ഗ്ലാമര്‍" എന്തു കൊണ്ടോ കണ്ടില്ല.
    സി എസ് റ്റിയിലെ വെടിവെപ്പില്‍ മരിച്ചവരൊക്കെ എപ്പോഴോ മറക്കപ്പെട്ടിരിക്കുന്നു..ഒന്നോ രണ്ടോ വാക്യം പറഞ്ഞാല്‍ ആയി.
    താജില്‍ കുടുങ്ങിപ്പോയവരേയും, അവിടെ രണ്ടാഴ്ച മുന്‍പ് ചായ കുടിക്കാന്‍ പോയവരേയും വരെ തന്നെയാണ് മീഡിയക്കാര്‍ ഇന്റര്വ്യൂ ചെയ്യുന്നത്. മനുഷ്യന്റെ ജീവനും പല ഗ്രേഡാണെന്ന് ശരിക്കും തോന്നിപ്പോകും! ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താജ് ആണത്രേ ഇന്ത്യയുടെ ഹെറിറ്റേജ് സൈറ്റ്! റ്റാറ്റ അത് പണിഞ്ഞതിനു പിന്നിലെ കഥയില്‍ ബ്രിട്ടീഷ് വിവേചനത്തിനെതിരെയുള്ള ചൊരുക്കുണ്ടെങ്കിലും ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ എന്നതില്‍ കവിഞ്ഞ് എന്ത് ഹെറിറ്റേജ്!

    പക്ഷേ ചിലപ്പോള്‍ ഇതില്‍ നിന്നും ഗുണം ഉണ്ടാകുമായിരിക്കാം. മുഖവും സ്വരവുമല്ലാത്തവരെ കൊന്നൊടുക്കിയിരുന്ന തീവ്രവാദികള്‍ അപ്പര്‍ ക്ലാസ്സിനെ ഉന്നം വെച്ചത് കൊണ്ട് ഇനി ഗവര്‍‌മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചേക്കാം..കൂട്ടത്തില്‍ കുറേ "ലോ ക്ലാസ്സ്" പുഴു ജന്മങ്ങള്‍ രക്ഷപെട്ടേക്കാം. അത്രയെങ്കിലുമാകട്ടെ.

    ഒരോഫ്: തീവ്രവാദികളെ ബോംബേയില്‍ അടക്കം ചെയ്യാന്‍ പാടില്ല എന്ന് മുസല്‍‌മാന്മാര്‍. ശക്തമായി അവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു, അപലപിക്കുന്നു, in my opinion a strong (may be the strongest so far) message is given by the Indian Muslims to the foriegn elements that they would never support such atrocities.
    Now its the time for "Hindus" to reciprocate.
    ഈ കാലഘട്ടത്തിലും കാവിയും ശൂലവും മുസ്ലീം വിരോധവും കൊണ്ടു നടക്കുന്ന ബി ജെപിയേയും അദ്വ്വനി എന്ന "അമ്പലം വിറ്റ്" അധികാരത്തില്‍ കയറാന്‍ ശ്രമിക്കുന്ന വില കുറഞ്ഞ രാഷ്ട്റീയ നാടകക്കാരനേയും തോന്റ് തുന്നം പാടിപ്പിച്ച് . Say no to Racism എന്ന ക്യാം‌പെയിന്‍ പോലെ Say No to Communalism എന്ന ഒരു മേസ്സേജ് ഈ ആക്രമണം കൊണ്ടുണ്ടായാല്‍ വളരെ നന്നായി.
    സ്റ്റേറ്റ് ഇലക്ഷന്‍ റിസള്‍ട്ട് നല്ല ഒരു തുടക്കമായി തോന്നുന്നു.

  8. nalan::നളന്‍ said...

    വായാടി മലയാളി,
    പാക്കിസ്ഥാനികളായ ഭീകരന്മാരായിരുന്നില്ല മുബൈ ആക്രമണം നടത്തിയതെന്നോ, സംഘപരിവാറും, മോഡിയും, ഇന്ഡ്യന് മാധ്യമങ്ങളുമായിരുന്നുവെന്നൊ നിങ്ങളെവിടെയെങ്കിലും വായിച്ചിട്ടുണ്ടാവും, അതവിടെ പറഞ്ഞാല്‍ പോരേ, ഈ പോസ്റ്റിലെവിടെയും അങ്ങിനെ പറയാത്ത സ്ഥിതിക്ക് പോസ്റ്റ് മാറിപ്പോയിയെന്നു കരുതുന്നു.

    പാക്കിസ്താനില്‍ zandari നയിക്കുന്ന ജനാധിപത്യ സര്‍ക്കാരിന്റെ ആയുസ്സു കുറയ്ക്കാന്‍ ഈ സംഭവം കൊണ്ടു സാ‍ധിച്ചെടുത്താല്‍ അവിടെയും തോല്ക്കുന്നത് ജനാധിപത്യം തന്നെയായിരിക്കും.

  9. പരാജിതന്‍ said...

    ചന്ത്രക്കാരാ, അരവിന്ദേ,
    മുംബൈ സംഭവം ടിവിയില്‍ കണ്ടപ്പോള്‍ പലവട്ടം തോന്നിയതാണ് ഈ കയ്പ്പ്. അതേപ്പറ്റി അന്നുതന്നെ ഒരു കുറിപ്പെഴുതി വച്ചെങ്കിലും അനവസരത്തിലുള്ള രോഷപ്രകടനമായിപ്പോയേക്കുമെന്നുള്ള ഔചിത്യശങ്ക കൊണ്ട് എവിടെയും ഇടണ്ട എന്നു കരുതി.

    “യാഥാര്‍‌ത്ഥ്യമെന്നത് നമ്മള്‍ കാണുന്നതിനുമപ്പുറത്തുള്ള മറ്റേന്തോ ആണെ”ന്നു പറയാറുണ്ട്. ഇന്ത്യയിലെ ജനസംഖ്യ 110 കോടിയോ മറ്റോ ഉണ്ടെന്നാണത്രേ കണക്ക്. സത്യത്തില്‍ അത് ഏറിയാല്‍ മൂന്നോ നാലോ കോടിയേ വരൂ. അംബാനിമാര്‍, ടാറ്റമാര്‍, ബച്ചന്മാര്‍.. പിന്നെ അവരുടെ അനുയായിവൃന്ദങ്ങള്, അവരെപ്പോലാകണമെന്ന് ആത്മാര്‍‌ത്ഥമായി ആഗ്രഹിക്കുന്ന ടീമുകള്‍
    എന്നിങ്ങനെ പോകും അത്. ഇന്ത്യയുടെ സ്കൈ സിറ്റിസെന്‍സ് എന്ന് അരുന്ധതി റോയ് വിശേഷിപ്പിച്ച വര്‍‌ഗ്ഗം. ധനികനായ അമേരിക്കക്കാരന്റെ ജീവിതത്തിലെ ഉപരിപ്ലവാംശങ്ങളെ സ്വാംശീകരിക്കുകയാണ് അവരുടെ ജീവിതലക്ഷ്യം തന്നെ. അതിനുള്ള എല്ലാ കോപ്പും അവര്‍‌ക്കു കിട്ടിയിരുന്നു: അര്‍മാനി സ്യൂട്ടും വിദേശവെക്കേഷനുകളും ലക്ഷ്വറി കാറുകളും ലേറ്റ് നൈറ്റ് പാര്‍ട്ടികളുമെല്ലാം. ഒരു 9/11 ഒഴികെ. “ഇന്ത്യയുടെ 9/11“ എന്നു വിശേഷിപ്പിക്കാന്‍ തക്ക വിഷ്വല്‍ ഗ്ലോറിയും സോഷ്യല്‍ ഡിഗ്നിറ്റി പശ്ചാ‍ത്തലവുമുള്ള ഒരു സംഭവമില്ലെങ്കില്‍ എങ്ങനെ അതൊരു മഹത്തായ പേജ് ത്രീ ഇവന്റാവും? ദേശസ്നേഹം പ്രകടിപ്പിക്കാനും തങ്ങളുടെ അന്തസ്സിനു ചേര്‍‌ന്ന ഒരു ബാക്ക്ഡ്രോപ് വേണ്ടേ?
    അമിതാഭ്‌ജിക്ക് തലയണയ്ക്കടിയില്‍ റിവോള്‍വര്‍ വച്ചു കൊണ്ടുറങ്ങേണ്ട അവസ്ഥയുണ്ടായതിനെപ്പറ്റി നടുങ്ങുന്നതിന്റെ ത്രില്ലുണ്ടോ തെരുവിലോ മാര്‍‌ക്കറ്റിലോ കരിഞ്ഞുവീണ ഏതെങ്കിലും സാധുവിനെപ്പറ്റി വ്യസനിക്കുന്നതിന്? ബിഗ് ബിക്ക് സ്വസ്ഥമായിട്ടുറങ്ങണമെന്നതിനെക്കാള്‍ പ്രാധാന്യമുള്ളതെന്തുള്ളൂ? ഇന്ത്യാക്കാരന്റെ മനസ്സില്‍ ദേശസ്നേഹം നിറയ്ക്കാന്‍ പറ്റിയ ഒരു ക്യാമ്പേയ്ന്‍ പെപ്‌സിക്കമ്പനി വകയായി വരേണ്ട സമയവുമായി.
    സിമി ഗരേവാള്‍ എന്ന മാന്യമഹിള പറഞ്ഞത് “നമുക്ക് അമേരിക്കയെപ്പോലെ പ്രവര്‍‌ത്തിക്കാ”മെന്നത്രേ. പക്ഷേ അമേരിക്കയുടെ വാര്‍ ഓണ്‍ ടെറര്‍ പ്രവൃത്തികളില്‍ ഗുരുതരമായ തെറ്റുകളുണ്ടായിരുന്നുവെന്ന് ടെലിവിഷന്‍ ജേണലിസ്റ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ “അതെന്തായാലും 9/11 നു ശേഷം അമേരിക്കയെ തൊടാന്‍ ആര്‍‌ക്കെങ്കിലും ധൈര്യം വന്നോ?” എന്ന ലൈനിലായിരുന്നു പ്രസ്തുത സ്ത്രീരത്നത്തിന്റെ മറുപടി!
    നിരപരാധികള്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ രോഷം കൊള്ളുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വേഷത്തിന്റെയും സാമൂഹ്യപദവിയുടെയുമൊക്കെ അടിസ്ഥാനത്തില്‍ കുറ്റപ്പെടുത്തുന്നത് അത്ര കണ്ട് ശരിയല്ലെന്നറിയാം. പക്ഷേ മറ്റു ചില കാര്യങ്ങളെക്കുറിച്ച് ആത്മാര്‍‌ത്ഥമായി കുറ്റബോധം തോന്നേണ്ട ബാധ്യതയില്ലേ ഇവര്‍‌ക്ക്? വെട്ടും കുത്തും കൊണ്ടും കത്തിയെരിഞ്ഞും മരിച്ച, സ്ത്രീകളും കുട്ടികളുമുള്‍‌പ്പെടുന്ന, ആയിരക്കണക്കിനാളുകളുടെ ആത്മാവുകളെങ്കിലും യാതൊരു നീതിയുമര്‍‌ഹിക്കുന്നില്ല ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം. മോഡിയെ കുറ്റപ്പെടുത്തുന്നവരെ അവര്‍ വെറുക്കും. അനില്‍ ഭായിക്കും രത്തന്‍സാബിനും താല്പര്യമുള്ളയാളല്ലേ അദ്ദേഹം? അനില്‍ഭായിയും രത്തന്‍സാബുമൊക്കെ അമിതാഭ്ജിയ്ക്ക് ഇഷ്ടമുള്ളവരും. അമിതാഭ്ജിയാണെങ്കിലോ നമുക്കോരോരുത്തര്‍‌ക്കും പ്രിയപ്പെട്ടവന്‍.
    ടെററിസത്തിനെ, എന്തിന്റെ പേരിലുള്ള ടെററിസത്തിനെയും, ചെറുക്കണം, ഇല്ലാതാക്കണം, സകലശക്തിയുമുപയോഗിച്ച്. ഇമ്മാതിരി അധമമായ ഹിപ്പോക്രിസിയെ എന്തു ചെയ്യും?

  10. വിശാഖ് ശങ്കര്‍ said...

    മുംബൈ ആക്രമണത്തോടെ ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരാജയം പൂര്‍ണമായിക്കഴിഞ്ഞെന്നും ഇനി കരണീയം പട്ടാളവാഴ്ച മാത്രമാണെന്നും പരസ്യമായി പറയാന്‍ ഉളുപ്പില്ലാത്ത മാധ്യമങ്ങള്‍ക്ക് വ്യൂവര്‍ഷിപ്പ് കൂടുന്നുവെങ്കില്‍ നമ്മുടെ രാജ്യം മേല്പറഞ്ഞ ആക്രമണത്തേക്കാള്‍ രൂക്ഷമായ സാമൂഹികപ്രത്യാഘാതങ്ങളുളവാക്കാവുന്ന ഒരു മാറ്റത്തിന്റെ പാതയിലാണെന്ന് പറയേണ്ടിവരും. ഇക്കാര്യത്തില്‍ പോസ്റ്റിലും കമന്റുകളിലും കണ്ട ആശങ്ക ഞാനും പങ്ക് വെക്കുന്നു.

    ആക്രമണം ഭീതി പടര്‍ത്തിയ നാളുകളില്‍ രാജ്യത്തിനു വേണ്ടി ഉണര്‍ന്നു പോരാടിയ സൈനികരില്‍നിന്ന് കിട്ടിയ ഊര്‍ജ്ജത്താല്‍ ആവേശഭരിതരായി പട്ടാളഭരണം തന്നെ മെച്ചം എന്ന് പ്രഖ്യാപിച്ച സാധാരണമനുഷ്യര്‍ക്കറിയില്ല മാധ്യമങ്ങള്‍ തങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുന്ന അജണ്ട കോര്‍പ്പറേറ്റുകളുടേതാണെന്ന്. ഘട്ടംഘട്ടമായി അവര്‍ നമ്മുടെ സമൂഹത്തില്‍ നടപ്പിലാക്കിവരുന്ന അരാഷ്ട്രീയവല്‍ക്കരണത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് മികച്ച ആയുധങ്ങളും സുശക്തമായ സൈന്യവും സര്‍വവ്യാപിയായ ഇന്റലിജന്‍സുമുണ്ടെങ്കില്‍ എല്ലാത്തരം ഭീകരവാദങ്ങളെയും ചെറുക്കാമെന്ന വ്യാമോഹം. പാക്കിസ്ഥാനില്‍ രണ്ടു ബോംബ്ബിട്ടാല്‍ തീരാവുന്നതേയുള്ളൂ ഇന്ത്യയിലെ ഭീകരവാദം എന്നനിലയ്ക്കുള്ള ലളീതവല്‍ക്കരണങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതിനെ ഏറ്റു പിടിക്കുന്ന ഉപരി മദ്ധ്യ വര്‍ഗ്ഗങ്ങള്‍ക്ക് അവരുടേതായ തികച്ചും അരാഷ്ട്രീയങ്ങളായ ലക്ഷ്യങ്ങളുണ്ട്. സമത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതുവാന്‍ മനുഷ്യര്‍ സംഘടിക്കുന്നത് നിയമവിരുദ്ധമാവുന്ന അധികാര വ്യവസ്ഥ അവരുടെ മൂലധന സങ്കല്‍പ്പങ്ങള്‍ക്ക് പറന്നുയരാന്‍ ചെറുത്തുനില്‍പ്പുകളില്ലാത്തൊരാകാശമാണ് നല്‍കുന്നത്. ഫാസിസത്തിന്റെ നാളിതുവരെയുള്ള ചരിത്രം മേല്പറഞ്ഞ നിരീക്ഷണത്തിന്റെ തെളിവാണ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകമാനം കനത്ത തിരിച്ചടി നേരിട്ട ഇന്ദിരയുടെ കോണ്‍ഗ്രസ്സിന് കേരളം തൂത്തുവാരാനായി എന്നത് എണ്ണത്തിലും ശക്തിയിലും അന്നേ പ്രമാണിത്തം തെളിയിച്ച മലയാളിമധ്യവര്‍ഗ്ഗത്തിന്റെ സമൂഹമനസ്സിനെ തുറന്നു കാട്ടുന്നു. പട്ടാളഭരണം തന്നെ മെച്ചമെന്ന് ഒരു ശരാശരി മലയാളി പറഞ്ഞാല്‍ അതുകൊണ്ട് തന്നെ ആശങ്കപ്പെടാനല്ലാതെ അതിശയിക്കാന്നാവില്ല.

  11. Rajeeve Chelanat said...

    ഏതായാലും ഇനി ഇതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടാവില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. നമ്മുടെ സ്വന്തം അമേരിക്കന്‍, ബ്രിട്ടീഷ് യജമാനന്മാര്‍ എത്തിയിട്ടുണ്ടല്ലോ. എന്താവശ്യം വന്നാലും ചോദിക്കാന്‍ മടിക്കരുതെന്ന് അവരും, ചോദിക്കാതെതന്നെ ഞങ്ങളെ എപ്പോഴും കാത്തുകൊള്ളണമേയെന്ന് നമ്മളും. ഇരുമെയ്യിന്റെയും ഒറ്റക്കരളിന്റെയും പതിഞ്ഞ പദം അരങ്ങത്ത്. കോണ്ടലീസ ടീച്ചര്‍ ക്ലാസ്സുമുറികളില്‍ ചൂരലുമായി ഓടിനടക്കുന്നു. ഇനിയൊന്നും പേടിക്കാനില്ല.’ഇപ്പോഴായിരുന്നു ഇന്ദിരാഗാന്ധി ഉണ്ടാവേണ്ടിയിരുന്നത്’ എന്നൊരു അധോവായു അവിടെയും ഇവിടെയും നിന്ന് ഉയരുന്നുമുണ്ട്. സഞ്ജയനെ മിസ്സ് ചെയ്യുന്നവര്‍ പോലുമുണ്ടായേക്കാനും ഇടയുണ്ട്. എന്തൊരു ആഭാസ നാടകമാണ് നമ്മള്‍ ആടുന്നത്! റിയലിസത്തേക്കാള്‍ നമുക്കെന്നും ഏറെയിഷ്ടം പതിവ് പൊറാട്ടുനാടകങ്ങളുടെ മെലോഡ്രാമതന്നെയാണല്ലോ. മൂന്നു ദിവസത്തെ ലൈവ് ഭീകര റിയാലിറ്റി ഷോകള്‍ക്കു ശേഷം മലയാളികള്‍ക്ക് പിന്നെയും മൂന്നുനാലു ദിവസം ചാകര കിട്ടിക്കൊണ്ടിരുന്നു. പട്ടിക്കഥകളുടെയും ഊമ്പന്‍ ചാണ്ടികളുടെയും, ശോകാര്‍ത്തനായ അച്ഛന്റെയും, കണ്ണോക്കിനു വന്ന മുഖ്യന്റെയും, ഇളിഞ്ഞുനിന്ന ഏഭ്യേന്തരന്റെയും ചിലവില്‍.

    സമയോചിതവും ചിന്തോദ്ദീപകവുമായ പോസ്റ്റിനു നന്ദി നളന്‍.

    അഭിവാദ്യങ്ങളോടെ

  12. Radheyan said...

    മാധ്യമം പത്രത്തില്‍ ബാബു പോളിന്റെ ഗംഭീര ലേഖനം-ചേര്‍ത്ത് വായിക്കാവുന്നത്-

    http://www.madhyamam.in/news_details.asp?id=8&nid=198200&page=1

  13. vimathan said...

    ഈ ഭീകരാക്രമണം ഒരു മറയായെടുത്ത്, പൌരാവകാശങളും, മനുഷ്യാവകാശങളും റദ്ദ് ചെയ്യുന്ന കരി നിയമങള്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ ഭരണ കൂടം ശ്രമിച്ച് കൂടായ്കയില്ലാ. ലോക് സഭാ എലക്ഷന് ശേഷം “ലോഹ പുരുഷ്” ആയാലും “ചെക്കന്‍ രാജാവ്” വന്നാലും, ഇതിനുള്ള സാധ്യതയുണ്ട് എന്നതാണ് ഭീതിപ്പെടുത്തുന്നത്.

  14. വിശാഖ് ശങ്കര്‍ said...

    വിമതന്‍ ഉന്നയിച്ച ആശങ്ക ഗൌരവമുളളതാണ്.പ്രത്യേകിച്ചും 9/11നു ശേഷം ഉണ്ടായ അമേരിക്കയില്‍ സാഹചര്യങ്ങളും, മദ്ധ്യവര്‍ഗ്ഗങ്ങളുടെ ഇന്ത്യയില്‍നിന്നുയരുന്ന അമേരിക്കന്‍ മോഡല്‍ മുറവിളികളും പരിഗണിക്കുമ്പോള്‍.

  15. കെ said...

    ആക്രമിക്കാന്‍ കുറേ ഭീകരര്‍. ചത്തു വീഴാന്‍ കുറേ സാധാരണക്കാര്‍. ഏറ്റുമുട്ടലില്‍ ഭീകരരെ കൊല്ലാനും ആ ശ്രമത്തില്‍ വീരമൃത്യു വരിക്കാനും കുറേ സൈനികര്‍. എല്ലാം കഴിയുമ്പോള്‍ കസേര കളിക്കാനും ആരോപണങ്ങളുന്നയിക്കാനും സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനും ഭരണകൂടം. ഭീകരതയുടെ മറവില്‍ നയതന്ത്ര ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ആഘോഷിക്കുന്ന കോണ്ടോളിസാ റൈസുമാര്‍. ചക്രം നിലയ്ക്കാതെ കറങ്ങിക്കൊണ്ടേയിരിക്കും. ഇന്ത്യയിലാണെങ്കിലും പാകിസ്താനിലാണെങ്കിലും.

    എഴുതിവന്നപ്പോള്‍ ഇത്തിരി നീണ്ടുപോയി. ഇവിടെയുണ്ട് മൊത്തം..

  16. nalan::നളന്‍ said...

    ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടവ

    Mumbai terror, the revolt of the elites and Life itself - Nivedita Menon

    Terror: The Aftermath by Anand Patwardhan

    Blaming Muslims:How Hindus play terror-politics in India - Moin Ansari

    Nellie: India’s forgotten massacre - HARSH MANDER

    No time for revenge - KALPANA SHARMA

  17. Mr. K# said...

    വളരെ നല്ല ലേഖനം. പക്ഷെ ഒരു കൊച്ചു സംശയം.

    "ഒരു സുപ്രഭാതത്തിലാര്‍ക്കോ തോന്നിയ വിഭ്രാന്തിയല്ലയീ ആക്രമണം. ഭരണകൂടപിന്തുണയോടുകൂടി അരങ്ങേറിയ ബാബ്രിപള്ളി പൊളിക്കല്‍ തൊട്ടു ഗുജറാത്ത്, കാശ്മീര്‍ വരെയുള്ള സംഭവങ്ങളുടെ സ്വാധീനം ചെറുതല്ല."

    ഒരു സുപ്രഭാതത്തില്‍ ആര്ക്കോ തോന്നിയതല്ലെന്നു സമ്മതിച്ചു. പക്ഷേ ആരാ ആക്രമണം നടത്തിയതെന്നാൺ നളന്‍ പറഞ്ഞ് വരുന്നത്?

    ബാബ്രിപ്പള്ളി പൊളിച്ചതിലും ഗുജറാത്തിലും നടന്ന സംഭവങ്ങളിലും എതിര്പ്പുള്ള ആരൊക്കെയോ ചെയ്തതാണെന്നാണോ നളന്‍ ഉദ്ദേശിച്ചത്?

    "കാശ്മ്മീർ വരെയുള്ള സംഭവം" എന്നു പറഞ്ഞല്ലോ, കാശ്മീരിലേ ഏതു സംഭവം? ഒന്നു വിശദീകരിക്കുമല്ലോ.

  18. nalan::നളന്‍ said...

    ആക്രമണം നടത്തിയതാരുമായിക്കോട്ടെ, എന്താണു ഇസ്ലാ‍മിക ഭീകരവാദത്തിലെത്തി നില്‍ക്കുന്ന സാഹചര്യം ?
    എങ്ങിനെയാണതിനെ പ്രതിരോധിക്കേണ്ടത് ? ലേഖനത്തിലെ അവസാനത്തെ പാര (ഭീകരവാദത്തിനുള്ള മറുപടി) യില്‍ പറയാന്‍ ശ്രമിച്ചതതാണു്

    1. internally :
    മുസ്ലീമിനു ദേശസ്നേഹം പറഞ്ഞറിയിക്കേണ്ട ഗതികേട്.!
    ഇതിനെ പ്രതിരോധിക്കാതെയുള്ള, അല്ലെങ്കില്‍ സംബോധന ചെയ്യാതെയുള്ള പ്രവര്‍ത്തനം തികച്ചും ഉപരിപ്ലവമാണു. എന്തേ ഇനിയും ഈ വഴിക്കു് രാഷ്ട്രീയ സംവാദങ്ങള്‍ പുരോഗമിക്കുന്നില്ല? എന്തുകൊണ്ട് മീഡിയ ഈ സംവാദം മുക്കുന്നു?
    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുള്ളതാരാണു ? ഹിന്ദുവോ അതോ മുസ്ലീമൊ ? എന്നിട്ടും എന്തേ ഭീകരവാദ ലേബല്‍ മുസ്ലീമിനു ?
    ബാബ്രി പള്ളി പോളിച്ചവരെയോ നേതൃത്വം കൊടുത്തവരെയോ ഒരു ‘പോട്ട‘ നിയമവും പിടികൂടാത്തത് ? എതുകൊണ്ടിവരെ ദേശവിരുദ്ധരായി കണക്കാക്കുന്നില്ല ? ഇവരും ഭീകരവാദികളും തമ്മിലെന്തു വ്യത്യാസം ? എന്നിട്ടും ഇവര്‍ക്കും പ്രസംഗിക്കാം ഭീകരവാദത്തിനെതിരേ !! എന്തൊരു വിരോധാഭാസം !
    സുപ്രീം കോടതിക്കും നമ്മുടെ നീതിവ്യവസ്ഥയ്ക്കും പെട്ടെന്നു തിമിരം ബാധിച്ചോ ?

    ഗുജറാത്തിലെന്തു നീതിയാണു മുസ്ലീമിനു ലഭിച്ചത് ? fake encounter കൊലപാതകം എന്ന സ്റ്റേറ്റ് സ്പോണ്‍സേഡ് നീതിയോ ?
    കാശ്മീരിലും മണിപ്പൂരിലും ഇന്ത്യന്‍ പട്ടാളം ചെയ്തുകൂട്ടിയ കാമകേളികളോക്കെ വേഗം മറക്കാനാകുമോ ? നീതിയെപ്പറ്റി എതു പറയാന്‍ ?
    യാതൊരുവിധ തെളിവില്ലെന്നു ബോധ്യപ്പെട്ടിട്ടുകൂടി സുപ്രീം കോടതി അഫ്സല്‍ ഗുരു കേസില്‍ പറഞ്ഞതോ “ദേശവികാരത്തെ മാനിച്ചു അയാളെ ശിക്ഷിക്കണമെന്നു” ! എന്തൊരു നീതി ബോധം ! നീതി നടപ്പാക്കേണ്ടവര്‍ വികാരത്തിനടിമപ്പെടുന്ന നീതിവ്യവസ്ഥയിലുള്ള വിശ്വാസം ഇനിയെങ്ങിനെ വീണ്ടെടുക്കും?

    2: externally :
    ഇസ്ലാമിക ഭീകരവാദം വലര്‍ത്തുന്നതില്‍ അമേരിക്കന്‍ സാമ്രാജ്വത്തം വഹിച്ച പങ്ക്.!
    ഇതു കാണാതെയുള്ള പ്രവര്‍ത്തനങ്ങളും ഉപരിപ്ലവമാണു. ലോകവ്യാപകമായി ഭീകരവാദത്തെ നേരിടുമ്പൊള്‍ അത് സാമ്രാജ്വത്ത-അധിനിവേശ നയങ്ങളെ ചെറുത്തുകൊണ്ടുതന്നെ വേണം. ഈ വഴിക്കു നീങ്ങുന്നതിനു പകരം (ഈ വഴിക്കുള്ള ചര്‍ച്ചകളും ഒഴിവാക്കിയ മീഡിയക്കു ഒരു സലാം കൂടി), ഏതാണ്ടൊക്കെ കാട്ടിക്കൂട്ടിയെന്നു വരുത്തുക, എന്നല്ലാതെ ആത്മാര്‍ത്ഥമായൊരു ശ്രമവും ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും ഉണ്ടായിക്കണ്ടില്ല, അമേരിക്കന്‍ അധിനിവേശ ശ്രമങ്ങളെ പിന്താങ്ങുന്ന നയങ്ങളിലൊരു മാറ്റവും വന്നുകണ്ടില്ല. ചുരുക്കി പറഞ്ഞാല്‍ ചരിത്രനിഷേധം! കുനിയാന്‍ പറഞ്ഞാല്‍ കാലു നക്കുന്ന നട്ടെല്ലില്ലാതെ ജനിച്ചു വീണ മന്മോഹന്‍ പ്രതിഭകളില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല.

    കുറച്ചുകൂടി വിശദമായി ഇവിടുണ്ട്
    ജനാധിപത്യത്തിന്റെ കാതലായ സംവാദത്തെ, കൊലചെയ്യുകയെന്ന കര്‍മ്മം നിര്‍വഹിച്ച മാധ്യമ പ്രവര്‍ത്തികള്‍ കൂടുതല്‍ ഗൌരവം അര്‍ഹിക്കുന്നു എന്നു തോന്നിയതുകൊണ്ടാണു അതില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത്..