ഹിന്ദു ആചാര്യന്റെ സന്താന വിപ്ലവാഹ്വാനം

കുറിപ്പ്: ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനം ബ്ലോഗ്ഗ് വായനക്കാര്‍ക്കുവേണ്ടി ഇവിടെ എടുത്തെഴുതുന്നു (ഏറെ പ്രിയപ്പെട്ട സഖാക്കള്‍ രാമചന്ദ്രനും മൂര്‍ത്തിക്കും നന്ദി)


നൂറ്റൊന്നു മക്കളുടെ അമ്മ സ്വന്തം മക്കളെ വളർത്തി യുദ്ധകാര്യങ്ങളിൽ നിപുണരാക്കി മാറ്റിയത്‌ അവർ രാജകുടുംബാംഗമായതുകൊണ്ടാണ്. നൂറ്റൊന്നുപേർക്ക്‌ പ്രഭാതഭക്ഷണം,ഉച്ചഭക്ഷണം,അത്താഴം,വസ്ത്രം വിദ്യഭ്യാസം ഇവ ലഭ്യമാക്കണമെങ്കിൽ നോക്കെത്താത്ത കൃഷിഭൂമിയും വലിയ ഊട്ടുപുരയും വമ്പൻ വസ്ത്രശാലയും വിശാല കളിസ്ഥലവും പള്ളിക്കൂടവും ആവശ്യമാണ്‌.. നൂറ്റൊന്നു കുട്ടികൾ ഒന്നിച്ചു കരഞ്ഞാൽ അടുത്ത പട്ടണത്തിൽ നിന്നു പോലും അത്യാഹിതമെന്നു കരുതി ആളുകൾ ഓടി എത്തിയേക്കും.

അധികം മക്കളുള്ളവർ അന്യരെ ചൂഷണം ചെയ്തു ധനികരായവരല്ലെങ്കിൽ കുചേലനെപ്പൊലെ കഷ്ടപ്പെട്ടതുതന്നെ.വിശപ്പു സഹിക്കനാകാതെ നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ മുന്നിൽ നിസ്സഹായരായി നിൽക്കുന്ന മാതാപിതാക്കൾ ലോകത്തിലെ ഏറ്റവും വലിയ ദുഖചിത്രമാണ്‌.ബുദ്ധിമാനായ വരരുചി പഞ്ചമിയോടു പറഞ്ഞതു ഓരോ കുട്ടിയേയും പിറന്നപ്പോൾത്തന്നെ ഉപേക്ഷിക്കുവാനായിരുന്നു. നൊന്തു പെറ്റ സ്വന്തം മക്കളെ വലിച്ചെറിയാൻ അമ്മയോടാവശ്യപ്പെട്ട വരരുചിയുടെ പുരുഷത്വം അനുകരണീയമല്ല.

ഈ ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നത്‌ അധികം കുട്ടികൾ അഭിലഷണീയമല്ലെന്നാണ്‌. ഒന്നോ രണ്ടോ കുട്ടികൾ മാത്രമായിരുന്നെങ്കിൽ കുചേലന്‌, “ഇല്ല ദാരിദ്ര്യർത്തിയോളം വലുതായിട്ടൊരാർത്തിയും“ എന്ന ദുരിതക്കയത്തിൽ നീന്തേണ്ടി വരില്ലായിരുന്നു. ഒന്നോ രണ്ടോ കുട്ടികൾ മാത്രമായിരുന്നെങ്കിൽ വരരുചിയുടെ മക്കളെ പെറ്റ പഞ്ചമിക്കു അവരെ പോറ്റി വളര്‍ത്താമായിരുന്നു.

മനുഷ്യസംഖ്യയിൽ ലോകത്ത്‌ ഏറ്റവും മുന്നിൽ നിൽക്കുന്ന ചൈന കൂടുതൽ മക്കളെ പ്രസവിക്കുന്ന സ്ത്രീകൾക്ക്‌ അവാർഡ്‌ നൽകി പ്രോല്‍സാഹിപ്പിച്ചിരുന്ന കാലത്തെ മറക്കാൻ ശ്രമിക്കുകയാണ്‌. ഇന്നു ചൈനയിൽ ഒറ്റക്കുട്ടി മാത്രമുള്ള കുടുംബങ്ങളെയാണ്‌ സർക്കാർ ആനുകൂല്യങ്ങൾ നൽകി പ്രോൽസാഹിപ്പിക്കുന്നത്‌. മനുഷ്യന്റെ കായിക ശക്തി മാത്രം കൊണ്ട്‌ ജലസംഭരണികൾ നിർമ്മിച്ചിരുന്ന മാവോക്കാലം യന്ത്രവൽകൃത നിര്‍മ്മിതികൾക്ക്‌ വഴി മാറിയിരിക്കയാണ്‌.

ഇന്ത്യയിലാണെങ്കിൽ ഐതിഹ്യങ്ങളെ അനുകരിച്ച ജനത കൂടുതൽ കുട്ടികളെ പ്രസവിച്ച്‌ ദാരിദ്ര്യത്തിലേക്കു മുതലക്കൂപ്പു കുത്തി. മതങ്ങളാണെങ്കിൽ ദൈവം തരുന്ന സന്തതിയെ രണ്ടു കൈയും നേട്ടി സ്വീകരിക്കണമെന്നു പഠിപ്പിക്കുക വഴി ദാരിദ്ര്യത്തിനു സ്വർഗ്ഗീയ സാക്ഷ്യപത്രം നൽകി.സ്വർഗ്ഗം ദരിദ്രർക്കുള്ളതാണെന്നും ധനികൻ സ്വർഗ്ഗത്തിലേക്കു കടക്കുന്നത്‌ ഒട്ടകം സൂചിക്കുഴയിൽ കടക്കുന്നതിനു തുല്യമാണെന്നു പ്രചരിപ്പിക്കുകയും ഒട്ടകത്തിന്റെ വലുപ്പത്തിനനുസരിച്ചു സൂചിക്കുഴ വികസിപ്പിച്ചു കൊടുക്കുകയും ചെയ്തു.

ആധുനിക വിദ്യാഭ്യാസം ലഭിക്കുക വഴി മതത്തിന്റെ അവാസ്തവ പ്രചാരണങ്ങളെ ധിക്കരിക്കാൻ ചിലർക്കു കഴിഞ്ഞു. ഒരു ദരിദ്രനും സ്വർഗത്തിലേക്കു പോയിട്ടില്ലെന്നു കുറെ ആളുകളെങ്കിലും മനസ്സിലാക്കി. ധനികനു വാഗ്ദാനം ചെയ്ത നരകം ഭൂമിയിൽത്തന്നെ ആണെന്നും അതിൽ ദരിദ്രനാണു പൊരിഞ്ഞു കിടക്കുന്നതെന്നും ബോധ്യപ്പെട്ടു. ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ ഏതു രാജ്യത്തിനും പ്ലാനിംഗ്‌ ആവശ്യമാണെന്നും ഈ പ്ലാനിംഗ്‌ രാജ്യത്തെ ഏറ്റവും ചെറിയ യൂണിറ്റായ കുടുംബത്തിൽ ആരംഭിക്കണമെന്നും ലക്ഷ്യബോധമുള്ള രാഷ്ട്ര നായകരും സാമൂഹ്യ ശാസ്ത്രജ്ഞരും കണ്ടെത്തി. വ്യാപകമായ പ്രചാരണത്തോടെ ഇന്ത്യയിൽ കുടുംബാസൂത്രണപ്രവർത്തനങ്ങൾ ആരഭിക്കുന്നതാണു പിന്നെ നമ്മൾ കണ്ടത്‌. നൂറ്റൊന്നു പേരുള്ള പെരുംകുടുംബങ്ങളിൽ നിന്നും ഏറിയാൽ മൂന്ന്‌ എന്ന ചിന്തയിലേക്കു ജനങ്ങൾ മാറി. പിന്നീടത്‌ രണ്ടു കുട്ടികൾ എന്നും നമ്മളൊന്ന്‌ നമുക്കൊന്ന്‌ എന്നും മാറി. ഇതൊക്കെ ഏതു മതത്തിലും പെട്ട വിദ്യാഭ്യാസമുള്ള കുടുംബങ്ങളുടെ കാര്യമെന്നതിൽ നിന്നും സധാരണ ജനതയുടെ കാര്യമായി മാറി.

എന്നാല്‍ രാജ്യത്തിന്റെ ആസൂത്രണ നയങ്ങളെക്കാൾ പ്രധാനം മതനിയമങ്ങൾ ആണെന്നു ചിന്തിച്ചവർ സ്വന്തം സ്ത്രീകളെ പ്രസവയന്ത്രങ്ങളായി മാറ്റി.
സ്ത്രീകൾ പ്രസവിക്കാനുള്ള യന്ത്രങ്ങൾ മാത്രമാണോ? അങ്ങനെ ഒരു ചിന്ത തന്നെ പ്രാകൃതമാണ്‌. പുരുഷന്മാർ വെറും വിത്തുൽപ്പാദന കേന്ദ്രങ്ങളും സ്ത്രീകൾ കൃഷി ചെയ്യാവുന്ന പാടവുമല്ല. സ്ത്രീകൾ പ്രസവിക്കാന്‍ മാത്രമുള്ളവരല്ല. അന്താരാഷ്ട്ര കായികതാരങ്ങൾ ആകാനും ഡോക്റ്റർമാരും ഭരണാധികാരികളും പത്രപ്രവർത്തകരും ഒക്കെ ആകാനും കഴിവുള്ള സ്ത്രീകളെ പ്രസവമുറിയിലും മണിയറയിലും ബാക്കിയുള്ള സമയം അടുക്കളയിലും തളച്ചിടണമെന്നു ശഠിക്കുന്നത്‌ പുരുഷ മേധാവിത്തം നിലനിൽക്കുന്ന മതങ്ങളാണ്‌.

ജനസംഖ്യ കുറയുന്നതിനാൽ വോട്ടു കുറഞ്ഞു പോകുന്നു എന്നു കണ്ടെത്തിയ ഇന്ത്യയിലെ ഹിന്ദു വർഗീയവാദികളാണ്‌ ഹിന്ദു സ്ത്രീ-പുരുഷന്മാരുടെ പ്രത്യുൽപ്പാദന ശേഷിയെ ഇപ്പോൾ ഉദ്ദീപിപ്പിക്കുന്നത്‌. ഓരോ ഹിന്ദുവും പന്ത്രണ്ടു മക്കൾക്കെങ്കിലും ജന്മം നൽകണമെന്നാണ്‌ വിശ്വ ഹിന്ദു പരിഷത്‌ കേന്ദ്ര മാർഗ ദർശക്‌ മണ്ഡൽ ആചാര്യൻ സ്വാമി ധർമ്മേന്ദ്രജി മഹാരാജ്‌ കൊച്ചിയിൽ വന്ന്‌ കേരളത്തിലെ ഹിന്ദുക്കളെ ആഹ്വാനം ചെയ്തത്‌. ഹിന്ദുക്കൾ അധികം കുട്ടികളെ പെറുന്ന പന്നിയെപ്പോലുള്ള ജന്തുക്കൾ ആകണമെന്നാണ്‌ അദ്ദേഹം പറഞ്ഞതിന്റെ സാമാന്യാർഥം. ഹിന്ദുമതം അങ്ങനെ ജന്തുമതമായി മാറണമെന്നും. എന്തിനും ഇക്കാലത്ത്‌ ഒരു രഹസ്യ അജണ്ട ഉണ്ടല്ലൊ. ഓരോ വീടും ഓരോ വമ്പൻ വോട്ടു ബാങ്ക്‌ എന്നാവാം അദ്ദേഹം ഉദ്ദേശിച്ചത്‌.

ഹിന്ദു സ്ത്രീകളെ പ്രസവയന്ത്രമാക്കാത്തതിൽ മാത്രമല്ല അദ്ദേഹത്തിനു ദുഖമുള്ളത്‌. ഹിന്ദു പുരുഷന്മാർ ശിഖ എന്ന പിൻ കുടുമ വയ്ക്കാത്തതിലും അദ്ദേഹത്തിനു ശരികേടു ബോധ്യപ്പെടുന്നുണ്ട്‌. ശിഖയില്ലതെ ശിഖരത്തിലെത്താൻ കഴിയില്ലെന്നും ആചാര്യജി കേരളീയരെ ഓർമ്മിപ്പിച്ചു. വടക്കെ ഇന്ത്യയിലെ വിദ്യാർഥികൾ ഏരിയൽ എന്നു വിളിച്ചു കളിയാക്കാറുള്ള ശിഖ മുറിച്ചു കളയുന്നത്‌ കേരളീയ നവോത്ഥാന കാലത്തെ വിപ്ലവപ്രവര്‍ത്തനമായിരുന്നു.കുടുമ മാത്രമല്ല പൂണൂലും അവർ മുറിച്ചെറിഞ്ഞു. മറക്കുട വലിച്ചെറിഞ്ഞു. ഇങ്ങനെ മുക്തി പ്രാപിച്ച ഒരു സമൂഹം ഇരുട്ടു മുറികളിലേക്കു തിരിച്ചു പോകണമെന്നാണ്‌ ഈ വാക്കുകളുടെ അർഥം. കേരളത്തിലെ വെളിച്ചത്തിന്റെ സ്വിച്ചുകൾ മുഴുവൻ ഓഫാക്കുകവഴി വളർത്തി എടുക്കവുന്ന സന്താനവിപ്ലവസംസ്കാരത്തെ വിദ്യാഭ്യാസമുള്ള ഒരു കേരളീയനും അഭിവാദ്യം ചെയ്യുകയില്ല.

കുറേക്കലം മുമ്പ്‌ സന്താനവിപ്ലവത്തിനാഹ്വാനം ചെയ്ത തിരുവനന്തപുരത്തെ ഒരു സ്വാമി, അധികമുണ്ടാകുന്ന ഹിന്ദുക്കുട്ടികളെ ആശ്രമം സംരക്ഷിച്ചു കൊള്ളാമെന്നു ഉറപ്പ്‌ നൽകിയിട്ടും വിവേകമുള്ളവർ അത്‌ തള്ളിക്കളയുകയായിരുന്നു. ഹിന്ദുസന്യാസിമാരുടെ കൃത്രിമ ജട പോലെ എടുത്തണിയാവുന്ന ഒരു അലങ്കാരവസ്തുവല്ല ദാരിദ്ര്യം. ആസൂത്രിത സമൂഹത്തിനു മാത്രമേ ദാരിദ്ര്യത്തിൽ നിന്നും മോചനം നേടാൻ കഴിയൂ.

രാമപുരത്തുവാര്യർ കുചേലന്റെ കഥ പറഞ്ഞതിലൂടെ തെളിയിക്കൻ ശ്രമിച്ചത്‌ ആധുനികമായ ഈ ചിന്തയാണ്‌.