ഏതു മഹാരാഷ്ട്രയെ വീണ്ടെടുക്കണം?


 മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഒരിക്കല്‍ക്കൂടി മാധ്യമത്തില്‍ ഇടം പിടിച്ചിരിക്കുന്നു. ഫാസിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ ആധുനിക ഇന്ത്യന്‍ പര്യായമായ സേന ഇത്തവണ നിര്‍ദ്ധനരും അഗതികളും, തെരുവോരങ്ങളില്‍ അഭയം പ്രാപിച്ചിരുന്നവരുമായ സന്ന്യാസിമാര്‍ക്കെതിരെയാണ്‌ തങ്ങളുടെ മൃഗീയമായ വേട്ടയാടല്‍ നടത്തിയിരിക്കുന്നത്‌.

എം.എന്‍.എസ്സിന്റെ വര്‍ഗ്ഗീയവിദ്വേഷ-വിഭാഗീയ രാഷ്ട്രീയത്തിനെ ശക്തമായി അടിച്ചൊതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയേക്കാള്‍ എളുപ്പത്തില്‍ പ്രചരിക്കാനാവുന്നതും, അതിനേക്കാള്‍ എത്രയോ ഇരട്ടി അപകടസാധ്യതകളുമുള്ള ഒരു പ്രാദേശികവാദമാണ്‌ എം.എന്‍.എസ്സിന്റെ അജണ്ട (സംഘപരിവാര്‍ ഇന്ത്യയൊട്ടാകെ ഏറ്റെടുത്തുനടത്താന്‍ ആഗ്രഹിക്കുന്ന വലിയ ഒരു അജണ്ടയെ, കൂടുതല്‍ സൌകര്യപ്രദമായ ചെറു യൂണിറ്റുകളായി പ്രാദേശികമായി കൈകാര്യം ചെയ്യാന്‍ ശിവസേന-എം.എന്‍.എസ്സുകള്‍ക്ക് കഴിയുന്നു എന്നതുകൊണ്ടാണ് അവയെ കൂടുതല്‍ അപകടകരം എന്നു വിളിക്കേണ്ടിവരുന്നത്.)മഹാരാഷ്ട്ര എന്ന സംസ്ഥാനത്തിന്റെ സ്വത്വരാഷ്ട്രീയവുമായി അതിന്‌ യാതൊരു പുലബന്ധവുമില്ല. ഇന്ത്യ എന്ന സമഗ്രവികാരം പോലും അതിലില്ല. ആകെയുള്ളത്‌, മാനസികവൈകല്യം മൂര്‍ച്ഛിച്ച ഏതാനും മാഫിയകളും അധികാരമോഹികളും മാത്രമാണ്‌. എങ്കിലും മറാത്തകളെ പ്രതിനിധീകരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്കു കഴിയുന്നു എന്ന്‌ കാണേണ്ടതുണ്ട്‌. ഇത്‌
തീകൊണ്ടുള്ള കളിയാണ്‌.

 
തെമ്മാടിരാഷ്ട്രീയത്തിന്റെ രണ്ടാം വര്‍ഷത്തിലാണ്‌ ഇന്ന്‌ എം.എന്‍.എസ്സ്‌ എത്തിനില്‍ക്കുന്നത്‌. ശിവസേന എന്ന പഴയ ചെറ്റക്കൂട്ടത്തിന്റെയും അതിന്റെ വിശുദ്ധപിതാവായ ബാല്‍താക്കറെ എന്ന നരച്ചുമൂത്ത മനോരോഗിയുടെയും വിധേയത്വത്തില്‍നിന്ന്‌ തെറ്റിപ്പിരിഞ്ഞ്‌, അവരെ ബഹുദൂരം
പിന്നിലാക്കുകപോലും ചെയ്ത്‌, വിദ്വേഷരാഷ്ട്രീയത്തിന്റെ ദല്ലാളുകളും പ്രചാരകരുമായി മാറിയിരിക്കുന്നു എം.എന്‍.എസ്സ്‌ ഇന്ന്.  മറാത്ത-ഇതര ജനവിഭാഗങ്ങള്‍ക്കും, ശിവസേനക്കും,
തലതൊട്ടപ്പന്‍മാരായി ഇപ്പോഴും തിരശ്ശീലക്കുപിന്നില്‍ മറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ്സ്‌-എന്‍.സി.പി ഭരണവര്‍ഗ്ഗത്തിനും, സമാജ്‌വാദി-ബി.എസ്‌.പി രാഷ്ട്രീയത്തിനും, ഇടതുപക്ഷത്തിനും എല്ലാം ഒരുപോലെ എതിരായ ഒരു ശക്തിയായി എം.എന്‍.എസ്സ്‌ മാറിയിരിക്കുന്നത്‌ ഇനിയും നമ്മള്‍ കാണാതിരുന്നുകൂടാ.

 
വിശാലമായ ഒരു ഇടതുപക്ഷരാഷ്ട്രീയം പ്രയോഗിക്കേണ്ട സമയമാണ്‌ ഇന്ന്‌ അതിക്രമിച്ചിരിക്കുന്നത്‌. 1960-കളിലെ മഹാരാഷ്ട്രയില്‍, ദക്ഷിണേന്ത്യയിലെ (പ്രത്യേകിച്ചും കേരളത്തിലെ) 'ലുങ്കിവാല'കള്‍ക്കെതിരെ ശിവസേന നടത്തിയ ആക്രമണങ്ങളെ ഇടതുപക്ഷം പ്രതിരോധിച്ചത്‌ മഹാരാഷ്ട്രയിലെയും പ്രത്യേകിച്ച്‌ പഴയ ബോംബെയിലെയും വര്‍ഗ്ഗബഹുജനസംഘടനകളുടെ സഹായത്തോടെയായിരുന്നു. വിദ്യാര്‍ത്ഥികളെയും, വ്യാവസായികതൊഴിലാളികളെയും എല്ലാം ഇടതുപക്ഷം അതില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഭാഗഭാക്കാക്കിയിരുന്നു. പണ്ട്‌, ശിവസേനയെ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരാക്കിയതില്‍, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ്‌ രാഷ്ട്രീയത്തിന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നുവെങ്കില്‍, ഇന്ന്‌, ശിവസേനക്കെതിരെ രാജ്‌താക്കറെ എന്ന തെരുവുഗുണ്ടയെ ഇറക്കിയതിന്റെ പിന്നിലും
കോണ്‍ഗ്രസ്സ്‌-എന്‍.സി.പി ഭരണസഖ്യത്തിന്റെ കയ്യുകളാണുള്ളത്‌ എന്ന്‌ തിരിച്ചറിയണം.

 
അടികിട്ടാന്‍ സര്‍വ്വഥാ യോഗ്യരായ ധാരാളം സന്ന്യാസിവര്യന്‍മാര്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുണ്ട്‌. കാവിരാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍. രാഷ്ട്രീയത്തെയും മതത്തെയും തരംപോലെ ആയുധമാക്കിക്കൊണ്ട് ഭക്തിവ്യവസായം നടത്തുകയും, സാധാരണക്കാരായ ജനതയില്‍ വിദ്വേഷരാഷ്ട്രീയം കുത്തിവെക്കുകയും ചെയ്യുന്ന സന്ന്യാസികള്‍. മഹാരാഷ്ട്രയില്‍ എം.എന്‍.എസ്സുകാര്‍ കൈകാര്യം ചെയ്തത്‌, പക്ഷേ അത്തരക്കാരെയായിരുന്നില്ല. ഭിക്ഷാംദേഹികളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന, നിസ്വരും, സാധാരണക്കാരും വൃദ്ധരുമായ സാധുക്കളെയായിരുന്നു. ബീഹാറികളടക്കമുള്ള വടക്കേയിന്ത്യക്കാര്‍ക്കും, കാലാകാലമായി ബോംബെയില്‍ കുടിയേറിപ്പാര്‍ത്ത്‌ അദ്ധ്വാനിച്ചു ജീവിക്കുന്ന ബംഗ്ളാദേശികള്‍ക്കും, മുസ്ളിമുകള്‍ക്കും നേരെയാണ്‌ നവനിര്‍മ്മാണ സേനയെന്ന തെമ്മാടിക്കൂട്ടം ഇന്ന്‌ തെരുവുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്‌.

 
ഇത്‌ അവസാനിപ്പിച്ചേ പറ്റൂ. ഭൌതികമായിത്തന്നെ, ഈ സംഘടനയെയും അതിലെ തെമ്മാടി നേതാക്കളെയും ചെറുത്തുതോല്‍പ്പിക്കേണ്ടത് ഇന്ത്യയിലെയും വിശേഷിച്ചും മഹാരാഷ്ട്രയിലെയും
ജനാധിപത്യവിശ്വാസികളുടെ അടിയന്തര കടമയാണ്‌. സമാധാനത്തിന്റെയും സംയമനത്തിന്റെയും, കപട-രാഷ്ട്രീയ സമവാക്യങ്ങളുടെയും മന്ത്രങ്ങളൊന്നും ഈ ദേശദ്രോഹികള്‍ക്കുനേരെ ഫലിക്കില്ല. എം.എന്‍.എസ്സിനെയും ശിവസേനയെയും ചെറുക്കാന്‍ കഴിവുള്ള പുരോഗമനശക്തികളെ, ബഹുജനസംഘടനകളില്‍നിന്നും രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍നിന്നും കണ്ടെത്തുകയും അവരെ സംയോജിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌. ഇടതുപക്ഷത്തിനു മാത്രമേ അത്തരമൊരു ദൌത്യം ഏറ്റെടുത്ത്‌ വിജയിപ്പിക്കാനാകൂ.
 
ഇന്ത്യന്‍ ബഹുസ്വരതയുടെ അഭിമാനമാക്കി മുംബൈയെ മാറ്റിത്തീര്‍ത്തതിന്റെ കുത്തകാവകാശം മറാത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉത്തരപ്രദേശുകാരന്റെയും ബീഹാറിയുടെയും ബംഗാളിയുടെയും മലയാളിയുടെയും തമിഴന്റെയുമൊക്കെ നിരവധി തലമുറകള്‍ സ്നേഹിച്ചും സഹവസിച്ചും, കഠിനാദ്ധ്വാനം ചെയ്ത്‌ വിയര്‍പ്പൊഴുക്കിയും സൃഷ്ടിച്ചതാണ്‌ ഇന്നു നമ്മള്‍ കാണുന്ന ഈ മഹാനഗരം. അവരെക്കൂടാതെയുള്ള ഒരു നിലനില്‍പ്പ്‌ ഭാവിയില്‍ അതിനുണ്ടാകാനും പോകുന്നില്ല. സാധാരണക്കാരായ മറാത്തികള്‍ ഇത്‌ നിശ്ചയമായും തിരിച്ചറിയുന്നുണ്ടാകും. എങ്കിലും ഇന്ന് അവര്‍ ഈ തെരുവുഗുണ്ടകളുടെ കാട്ടുനീതിയുടെ ഭീഷണമായ വലയത്തിനകത്ത്‌ പെട്ടുപോയിരിക്കുന്നു. അതില്‍നിന്ന് അവരെ പുറത്തുകടക്കാന്‍ സഹായിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ഓരോ ജനാധിപത്യ-മതേതരവിശ്വാസിയുടെയും ചരിത്രപരവും ധാര്‍മ്മികവുമായ കര്‍ത്തവ്യമാണ്.

 
ജ്യോതിറാവു ഫൂലെയുടെയും അംബേദ്‌കറുടെയും തുക്കറാമിന്റെയും ബാബാ ആംതെയുടെയും അന്ന ഹസാരയുടെയും ദത്താ സാമന്തിന്റെയും മഹാരാഷ്ട്രയെയാണ്‌ ഇന്ത്യ ഇന്ന്‌ എന്തുവിലകൊടുത്തും വീണ്ടെടുക്കേണ്ടത്‌. സവര്‍ക്കറുടെയും, ഹെഡ്ഗവാറിന്റെയും ബാല്‍താക്കറെയുടെയും ഉദ്ധവ്‌-രാജ്‌ താക്കറെമാരുടെയും ശരത്‌പവാറിന്റെയുമൊക്കെ ജനനം കൊണ്ട്‌ മലിമസമായ മഹാരാഷ്ട്രയെയല്ല.

27 comments:

 1. Rajeeve Chelanat said...

  ഏതു മഹാരാഷ്ട്രയെ വീണ്ടെടുക്കണം നമ്മള്‍?

 2. മൂര്‍ത്തി said...

  പ്രസക്തമായ പോസ്റ്റ് രാജീവ്.

  ഇന്നത്തെ ദേശാഭിമാനിയില്‍ നിന്നൊരു വാര്‍ത്തയുടെ പ്രസക്തഭാഗങ്ങള്‍:

  ഹിന്ദുമതത്തിന്റെ ഏറ്റവും വലിയ ശത്രു സംഘപരിവാറാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് എന്‍വയമെന്റല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോധ്ര സംഭവം ബിജെപി നേതാക്കളുടെ പിന്തുണയോടെ നരേന്ദ്രമോഡി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വര്‍ഗീയ ലഹളയാണ്. സംസ്ഥാനം ഭരിക്കുന്നവരുടെ ഒത്താശയില്ലാതെ ഇന്ത്യയില്‍ വര്‍ഗീയ ലഹളയ്ക്ക് കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാനാവില്ല. വര്‍ഗീയലഹളയെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരണം.

 3. Anonymous said...

  കായസ്ത എന്ന ശുദ്ര ജാതിക്കാരനായ ബാല്‍ ഠാക്കറെ എന്ന ഗുണ്ടയെ വളര്‍ത്തി വലുതാക്കിയത് ഇവിടത്തെ ബ്രാഹ്മണ്യ ശക്തികളാണ്. ഇപ്പോള്‍ അയാള്‍ വയസ്സനും കഴിവില്ലാത്തവനുമായപ്പോള്‍ മറ്റൊരു ഗുണ്ടയെ/തെമ്മാടിയെ വളര്‍ത്തിക്കൊണ്ടുവരുന്നു. ശുദ്രന്‍ എക്കാലവും ബ്രാഹ്മണ്യദാസ്യവൃത്തിയേ ചെയ്യൂ. ആവശ്യം കഴിഞ്ഞാല്‍ ഈ ശുദ്രരെ ബ്രാഹ്മണര്‍ തൊഴിച്ചുപുറത്താക്കയും ചെയ്യും. 'പ്രബുദ്ധ കേരള'ത്തില്‍ ശിവസേനയുടെ യൂണിറ്റ് നാം ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? ഇനി എം എന്‍ എസ്/ കെ എന്‍ എസ് ഉണ്ടാവാനും അധികം താമസമില്ല. ഇന്‍ഡ്യയിലെ നിയമ-നീതിവ്യവസ്ഥ ഈ തെമ്മാടികളെ തൊടാന്‍ തയ്യാറല്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊതുവില്‍ സവര്‍ണര്‍ നയിക്കുന്നവയായതിനാല്‍ അവരും ശിവസേനയുടേയും എം എന്‍ എസ്സിന്റേയും വളര്‍ച്ചയെ തടയാന്‍ കാര്യമായി ഒന്നും ചെയ്യില്ല. ഇടതുപക്ഷം .... സംശയമാണ്.

 4. പാമരന്‍ said...

  പ്രസക്തമായ പോസ്റ്റ്‌. 100% യോജിക്കുന്നു.

 5. Devadas V.M. said...

  പാതിചത്തു ജീവിക്കുന്ന സൈ.ബ്രിട്ടോ എഴുതിയ “മഹാരൌദ്രം” എന്ന നോവലില്‍ ബൊം‌ബെ/മാറാത്തയുടെ കമ്യുണിസ്റ്റ്-വരദരാജ-തീവ്രവാദ-മതമൌലിക കാലഘട്ടങ്ങളുടെ ചരിത്രം വിശദമാക്കുന്നുണ്ട്.

  വീണ്ടെടുപ്പ് ശ്രമങ്ങള്‍ ഉടന്‍ തുടങ്ങേണ്ടത് തന്നെ...

 6. ബിനോയ്//HariNav said...

  പ്രസക്തമായ ലേഖനം രാജീവ്‌ജി :)

 7. dethan said...

  ഏതാനും പീക്രി ചെറുക്കന്മാര്‍ മുംബൈ നഗരത്തെ വിറപ്പിച്ചപ്പോള്‍ എവിടെ പോയിരുന്നു അമ്മാവന്‍ ഗുണ്ടയും അനന്തിരവന്‍ ഗുണ്ടയും?ഭീകരന്മാരെ ചെറുക്കാനും അതിനു വേണ്ടി മരിക്കാനും
  ഒരു സേനക്കാരനെയും സഭക്കാരനെയും കണ്ടില്ല.മതനിരപേക്ഷ കക്ഷികളുടെ ഐക്യം
  (ആത്മാര്‍ത്ഥമായ)കൊണ്ടു മാത്രമേ താക്കറെ തെമ്മാടികളെ പ്രതിരോധിക്കാനും മുംബൈ യുടെ സ്വത്വം നിലനിര്‍ത്താനും കഴിയൂ.
  - ദത്തന്‍

 8. ലത said...

  "ശുദ്രന്‍ എക്കാലവും ബ്രാഹ്മണ്യദാസ്യവൃത്തിയേ ചെയ്യൂ..."

  അതുതന്നെയാണ് അടിസ്ഥാനപ്രശ്നം, ഇനിയിപ്പോള്‍ അശോക് ചവാന്‍ ബ്രാഹ്മണനും ഈ പോസ്റ്റ് എഴുതിയത് ശൂദ്രനുമാണോ എന്ന് റിസര്‍ച്ച് ചെയ്യാം. വല്ല ഹിഡണ്‍ മോട്ടീവും കണ്ടെത്താനായാല്‍ ഒരു നോബല്‍ സമ്മാനമെങ്കിലും കിട്ടുമായിരിക്കും

 9. വായുജിത് said...

  മുസ്ളിമുകള്‍ക്കും നേരെയാണ്‌ നവനിര്‍മ്മാണ സേനയെന്ന തെമ്മാടിക്കൂട്ടം ഇന്ന്‌ തെരുവുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്‌.

  എം എന്‍ എസില്‍ വലിയൊരളവു വരെ മുസ്ലിങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് .. വാര്‍ത്തകള്‍ പരതിയാല്‍ കാണാം ...

  Muslims join Maharashtra Navnirman Sena

  By TwoCircles.net Staff Reporter,

  Mumbai: It was a big jolt for Congress-Nationalist Congress Party combine government of Maharashtra when Muslims in a large number including women from several parts of Mumbai joined Maharashtra Navnirman Sena (MNS). This is important as it happened before the assembly election which is likely to be held in September, 2009.

 10. വായുജിത് said...

  Muslim leaders express solidarity with Raj Thackeray

  Mumbai - Around 4,000 Muslims, including leaders and clerics, met breakaway Shiv Sena youth
  leader Raj Thackeray Thursday to express support for his new party, the Maharashtra Navnirman
  Sena (MNS).The group, which included senior Muslim leaders from Bandra, Govandi and Bhendi Bazaar, visited Raj's residence to express support for the MNS, being launched on Sunday.

  Around 10,000 Muslims will join MNS during its launch Sunday at a public rally at central Mumbai's
  Shivaji Park, sources said.
  'Muslims know very well the kind of work Rajsaheb has done for the community and this kind of
  support is only natural from them,' said MNS member Arbaaj Sheikh, who organised the meeting.
  'Muslims are grateful to him (Raj) for helping us acquire the Idgah Maidan at Govandi, a cemetery in
  Chembur and several other examples in support of us,' Sheikh told IANS.
  According to Sheikh, the most important was Raj's encouraging the admission of Muslim children to
  various educational institutions in the city and in the state.
  'We are also happy that he's included the Islamic green on his new party flag,' Sheikh said.

  Raj, who quit the Shiv Sena headed by uncle Bal Thackeray on Dec 18, visited the Meeraj Dargah
  near Solapur in south Maharashtra in February wearing a shawl and skullcap.

 11. വായുജിത് said...

  സവര്‍ണ്ണ അവര്‍ണ്ണ ചക്ക മാങ്ങ ഡയലോഗുകള്‍ ഇതിനോടനുബന്ധിച്ചു വിളമ്പിയ ചിലര്‍ രാജിന്റെ കൂടെ നില്‍ക്കുന്ന സ്വന്തം ആള്‍ക്കാരെ കണ്ടില്ലെന്നു തോന്നുന്നു ..

 12. വായുജിത് said...

  'പ്രബുദ്ധ കേരള'ത്തില്‍ ശിവസേനയുടെ യൂണിറ്റ് നാം ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?

  നമ്മള്‍ പ്രതീക്ഷിക്കാത്തത് ഒക്കെ ആണല്ലോ ഈയിടെ ആയി നടക്കുന്നത് .. പ്രബുദ്ധ കേരളത്തില്‍ നിന്നും കാശ്മീരില്‍ പോയി ചിലര്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് വിദൂര ഭാവിയില്‍ പോലും നമ്മള്‍ പ്രതീക്ഷിച്ചിരുന്നോ .... അപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല , രാഷ്ട്രീയം ജന സേവനത്തിനുപരി അധികാരത്തിനു വേണ്ടിയുള്ള ഒരു ഉപകരണം മാത്രം ആകുമ്പോള്‍ ഇതൊക്കെ നമ്മള്‍ കാണേണ്ടി വരുന്നു .. ഒരു രാഷ്ട്രീയക്കാരും അതില്‍ നിന്നും വ്യത്യസ്തര്‍ അല്ല ...

 13. ശിവരാമകൃഷ് said...

  നമ്മള് പ്രതീക്ഷിച്ചതായിരുന്നോ, ലക്ഷര്‍ ഭീകരനെ ആഷര്‍ മോഹമ്മദിനെ ഭാരത മാതാവിന്റെ വിദേശമന്ത്രി തന്നെ കൊടും അല്കായിദാ ഭീകരര്‍ക്ക്‌ വിമാനം ചാര്‍ട്ടര്‍ ചെയ്തു പോയി കൈനീട്ടം നല്‍കും എന്ന്, അതും നാഗ്പ്പൂരില്‍ നിന്ന് ഭാരത മാതാവിനെ ഭരിക്കുമ്പോ,ഇതിനു മുമ്പ് ലോകത്തെവിടെയെങ്കിലും ഇതുപോലുള്ള ഒരു രാജ്യദ്രോഹം കേട്ടിട്ടുണ്ടോ ? ഇല്ല.
  അപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ,രാഷ്ട്രീയം ജനസേവനത്തിനുപരി അധികാരത്തിനു വേണ്ടിയുള്ള ഒരു ഉപകരണം മാത്രം ആകുമ്പോള്‍ ഇതൊക്കെ നമ്മള്‍ കാണുന്നു. രാജ്യസ്നേഹം,ദേശീയത വിറ്റു കാശാക്കുന്നവര്‍ സ്മൂത്തായി ഇത് ഇനിയും ചെയ്തു തരും.

 14. റം ഗോപാല്‍ വര്‍മ്മ said...

  എം എന്‍ എസ്സ് സംഘപരിവാര്‍ സംഘടന ആണോ വായുജിത്തേ? മുസ്ലീങ്ങള്‍ സപ്പോര്‍ട്ട് ചെയ്‌താല്‍ എന്ത് പോക്രിത്തരവും കാണിക്കാം എന്നാണോ?

 15. മരത്തലയന്‍ said...

  ഭിക്ഷാംദേഹികളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന, നിസ്വരും, സാധാരണക്കാരും വൃദ്ധരുമായ സാധുക്കളെയായിരുന്നു. ബീഹാറികളടക്കമുള്ള വടക്കേയിന്ത്യക്കാര്‍ക്കും, കാലാകാലമായി ബോംബെയില്‍ കുടിയേറിപ്പാര്‍ത്ത്‌ അദ്ധ്വാനിച്ചു ജീവിക്കുന്ന ബംഗ്ളാദേശികള്‍ക്കും, മുസ്ളിമുകള്‍ക്കും നേരെയാണ്‌ നവനിര്‍മ്മാണ സേനയെന്ന തെമ്മാടിക്കൂട്ടം ഇന്ന്‌ തെരുവുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്‌.

  എന്ന വലിയൊരു ഭാഗത്തില്‍ നിന്നും “മുസ്ളിമുകള്‍ക്കും നേരെയാണ്‌ നവനിര്‍മ്മാണ സേനയെന്ന തെമ്മാടിക്കൂട്ടം ഇന്ന്‌ തെരുവുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്‌. “ എന്ന് മാത്രം ചൊരണ്ടിയെടുത്ത് ഒട്ടിച്ച് എതിര്‍ത്തത് ബാക്കി ഭാഗങ്ങള്‍ സമ്മതിക്കുന്നു എന്നതിനാലാണോ വായുജിത്ത്?

 16. വായുജിത് said...

  ശിവരാമ ..കാണ്ഡഹാര്‍ സംഭവം രാഷ്ട്രീയമായ പിടിപ്പുകേട് തന്നെ . ഒരു സംശയവും ഇല്ല . യാത്രക്കാരുടെ ബന്ധുക്കളെയും കൊണ്ടു വന്നു പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രക്ഷോഭം നടത്തിയത് മറ്റൊരു രാഷ്ട്രീയം .. മുഫ്തി മുഹമ്മദ്‌ സെയ്തിന്റെ മകളെ വിട്ടു കിട്ടാന്‍ വേണ്ടി അഞ്ചു ഭീകരവാദികളെ വിട്ടു കൊടുത്തത് അടുത്ത രാഷ്ട്രീയം .. രാജ്യം പതിനാറായി വിഭജിക്കണമെന്ന് പറഞ്ഞ സൈധാന്തികത യും രാഷ്ട്രീയം തന്നെ .. അധികാരത്തിനു വേണ്ടി ആരെയും കൂടെ കൂട്ടുക എന്നുള്ളത് ഇന്ന് എല്ലാവരും ചെയ്യുന്ന പരിപാടി ആയി കഴിഞ്ഞു ..

  വര്‍മ്മ .. എം എന്‍ എസ സംഘ പരിവാര്‍ സംഘടന അല്ലാത്തത് കൊണ്ടും അങ്ങനെ ആരോപിക്കാന്‍ പരോക്ഷമായി ശ്രമിക്കുന്നത് കൊണ്ടും ആണ് ഇവിടെ കമന്റിട്ടത് . അല്ലാതെ ആ തെമ്മാടി സംഘടനയെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി അല്ല . ഇനി അതല്ല എം എന്‍ എസ സംഘ പരിവാര്‍ സംഘടന ആണെന്നാണ്‌ നിങ്ങളുടെ ഒക്കെ അഭിപ്രായമെങ്കില്‍ ഞാന്‍ നിര്‍ത്തി . പക്ഷെ എന്തടിസ്ഥാനത്തില്‍ അങ്ങനെ പറയുന്നു എന്നത് കൂടി വിശദമാക്കുമല്ലോ

  മര തലയന്‍ .. ബാക്കിയുള്ളത് സമ്മതിക്കുന്നത് കൊണ്ടും അവസാനം പറഞ്ഞത് സമ്മതിക്കാത്തത് കൊണ്ടുമാണ് അങ്ങനെ ചെയ്തത് . അത് എന്ത് കൊണ്ടാണ് എന്നുള്ളത് താഴെ വിശദമാക്കുകയും ചെയ്തല്ലോ .

 17. ജിവി/JiVi said...

  ശക്തമായ പോസ്റ്റ് രാജീവ്. അഭിവാദ്യങ്ങള്‍

 18. RENJITH G PILLAI said...

  Can they propose us a better Maharashtrian and Indian than Sachin Tendulkar?.. these idiots raised their voice against Sachin also.... If they cannot understand the value of Sachin, who is a Maharashtrian and true Indian, then on what grounds they are proud of Maharashtra?

 19. ശ്രീവല്ലഭന്‍. said...

  വളരെ പ്രസക്തമായ ലേഖനം. നന്ദി.

 20. Pheonix said...

  ബോംബെ (മുംബായ്) ഭീകരാക്രമണ സമയത്ത് ഈ സേനകള്‍ എവിടെയായിരുന്നു??!! ഒരെണ്ണത്തിനെപോലും കാണാന്‍ കിട്ടിയിരുന്നില്ല. ലവര്‍ക്ക് പാവപ്പെട്ടാ ഉത്തരേന്ത്യക്കരുടെ മെക്കിട്ട് കയറുവാനേ കഴിയൂ, അവരോടെല്ലാം എന്തും ആവാമല്ലോ? എന്നിട്ട് ഒരു പ്രാദേശികവാദം! അവസാനം ദില്ലിയില്‍ നിന്നും പ്രത്യേക സേന തന്നെ വേണ്ടിവന്നു മുംബായ് മോചിപ്പിക്കാന്‍. ഭാഗ്യം, അതില്‍ മറാത്തികള്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ എന്ന് ഈ മരത്തലയന്‍മാര്‍ ആവശ്യപ്പെട്ടില്ലല്ലോ!

 21. Justin പെരേര said...

  വളരെ ശക്തമായ ഭാഷയില്‍ തന്നെ രാജീവ് എഴുതി. എനാല്‍ രാജീവ് പറഞ്ഞത് പോലെ പുരോഗമനചിന്താഗതിക്കാരായ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏതു കോണില്‍ ഉണ്ടെന്നുകൂടി രാജീവ് പറഞ്ഞാല്‍ കൊള്ളാം. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1993-ല്‍ നിരോധിച്ച "ഇസ്ലാമിക്‌ സേവാ സംഘ്" എന്ന തീവ്രവാദ സംഘടനയെ രൂപീകരിച്ച വ്യക്തിയെ തോളില്‍ കയറ്റി നടക്കുന്ന കേരളത്തിലെ പ്രമുഖമായ ഇടതുപക്ഷ പ്രസ്ഥാനത്തെയാണോ രാജീവ് ഉദ്ദേശിച്ചത്‌? ഇല്ല.... എനിക്ക് വിശ്വാസം ഇല്ല.

 22. Unknown said...

  എത്ര സരസമായി പറഞ്ഞിരിക്കുന്നു..
  ആശംസകള്‍...!!
  www.tomskonumadam.blogspot.com

 23. ഭാനു കളരിക്കല്‍ said...

  ശിവസേനയേയും സവര്‍ണ്ണ ബ്രാഹ്മണമേധാവിത്തത്തിനേയും ഇന്ന് മഹാരാഷ്ട്രയില്‍ ഫലപ്രദമായി നേരിടുന്നത്‌ ദളിതുകളാണ്‌. ദളിതുകളെ സംഘടിപ്പിക്കുവാനും അവരുടെ ഹൃദയത്തില്‍ ഇറങ്ങിചെല്ലാനും കമ്യൂണിസ്റ്റുകാര്‍ക്ക്‌ ഒരു നയമില്ല. അതുകൊണ്ട്‌ ദളിതുകളും ഭരണവര്‍ഗ്ഗ രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഇരകളാണ്‌. വെറും ചീത്ത പറയലുകൊണ്ട്‌ നമുക്ക്‌ പ്രശ്നത്തിണ്റ്റെ കാതല്‍ കണ്ടെത്താനാവില്ല.

 24. കുരുത്തം കെട്ടവന്‍ said...

  വായുജിതിണ്റ്റെ കമണ്റ്റ്‌ രസകരം തന്നെ എം എന്‍ എസില്‍ മുസ്ളീങ്ങളും ഉണ്ടെന്ന്‌! മുസ്ളീങ്ങള്‍ ഉണ്ടെന്നു കരുതി അവരുടെ മേല്‍ കുതിര കയറാം എന്നോണോ? അങ്ങിനെയെങ്കില്‍ നമ്മുടെ "ഫാരതീയ ജനതാപാര്‍ട്ടിയിലും" ഉണ്ടല്ലോ മുസ്ളീങ്ങള്‍, കേട്ടിട്ടില്ലേ, സികദ്ദര്‍ ബക്ത്‌, മുക്താര്‍ അബ്ബാസ്‌ നഖവി, പിന്നെയും എന്തൊക്കെയൊ ഉണ്ട്‌, എന്നിട്ടോ മുസ്ളീങ്ങള്‍ ഏറ്റവും അധികം ഭയപ്പെടുന്നതും അവരുടെ മേല്‍ കുതിര കയറുന്നതും ഈ മുസ്ളീങ്ങളുള്ള ഫാരതീയ പാര്‍ട്ടി തന്നെ. പോസ്റ്റേതായാലും ഉഗ്രന്‍. ശ്രെദ്ദിക്കാന്‍ അല്‍പം വൈകി.

 25. chinthappadukal said...

  ഇതിനോടു യോജിക്കുമ്പോള്‍ തന്നെ ഒരു ചോദ്യം ഒഴിവാക്കാന്‍ സാധിക്കുന്നില്ല. ഇത്തരം പ്രവണതകള്‍ സാംസ്കാരിക അപചയത്തിന്റെ ലക്ഷണങ്ങള്‍ മാത്രമല്ലേ... ഇതിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ നമുക്കൊരു പ്രത്യയശാസ്ത്രമ് വേണ്ടേ... അത്‌ എങ്ങിനെ ആയിരിക്കണം എന്നാണ് ആലോചിക്കുന്നത്‌? അതില്ലെങ്കില്‍ പരിമിതപ്പെടില്ലേ പ്രവര്‍ത്തനങ്ങള്‍...
  അല്ലെങ്കില്‍ ഇങ്ങനെ കുറച്ചു ബ്ലോഗ് ഒക്കെ ആയി പോയാല്‍ മതി എന്നാണോ?

 26. Anonymous said...

  നഗരവത്ക്കരിയ്ക്കപ്പെടുന്ന മുംബെയില്‍ മതാന്ധതയെ കൂട്ട് പിടിച്ച് പിടിച്ച് നില്‍ക്കാന്‍ കാണിയ്ക്കുന്ന ശ്രമങ്ങളാണ്‌ ശിവസേനയുടേത് ...
  മുംബെയിലെ വേശ്യാലയങ്ങള്‍ക്കും ഹിജഡകളുടെ പേക്കൂത്തുകള്‍ക്കും നേരെ കണ്ണടച്ച് കൊണ്ട് വെറും അല്പമായ പ്രാദേശിക വാദം പറയുന്നത് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന സ്ഥാനമാനങ്ങളെ വെടക്കാക്കി വശത്താക്കാന്‍ വേണ്ടിത്തന്നെയാണ്‌ ..
  ഡിവൈഡ് ആന്‍ഡ് റൂള്‍ .. അല്ലാതെ മറ്റൊന്നുമല്ല ...

 27. Rajeeve Chelanat said...

  ചിന്തപ്പാടുകള്‍,

  പ്രത്യയശാസ്ത്രം മാത്രം പോര, ഈ അപചയത്തിനെ നേരിടാന്‍. പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലമുള്ള ശരിയായ ദിശയിലുള്ള രാഷ്ട്രീയവും അനുപേക്ഷണീയമാണ്. പ്രാദേശിക-വര്‍ഗ്ഗീയ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞുകൊണ്ട് അതിന്റെ സ്ഥാനത്ത്‌ മതനിരപേക്ഷമായ വര്‍ഗ്ഗ രാഷ്ട്രീയത്തെ പു:നസ്ഥാപിക്കുക വഴി മാത്രമേ ഇത്തരം വിപത്തുകളെ നേരിടാന്‍ നമുക്ക്‌ സാധിക്കൂ.

  അജീഷ്‌,

  മുംബൈയില്‍ ഹിജഡകളുടെ പേക്കൂത്ത്‌ എവിടെയാണ് നടക്കുന്നത്? ഒരു ലൈംഗിക ന്യൂനപക്ഷം എന്ന നിലയ്ക്ക്, സ്വന്തം അനുഷ്ഠാനങ്ങളും ജീവിതരീതികളുമായി സമൂഹത്തില്‍ 'മാന്യ'മായി കഴിഞ്ഞുകൂടുന്നവരാണവര്‍. അവിടെയും, മറ്റിടങ്ങളിലും. തങ്ങളുടെ സ്വൈര്യജീവിതത്തിന് ഭംഗം വരുത്താത്തവരെ അവരും പൊതുവേ ഉപദ്രവിക്കാറില്ല. എം.എന്‍.എസ്, ശിവസേനക്കാരെപ്പോലെ സാമൂഹ്യവിരുദ്ധരുമല്ല അവര്‍.

  ഗ്രാന്‍ഡ് റോഡിലെയും കാമാത്തിപുരയിലെയും, മീരാ റോഡിലെയും സ്ത്രീകളും നമ്മുടെ തന്നെ സൃഷ്ടികളാണ് അജീഷ്‌. പൊതുസമൂഹത്തിലെ പല സ്ത്രീകളെക്കാളും സത്യസന്ധരാണ് അവരും. നിവൃത്തിയില്ലാതെയോ, സാഹചര്യത്താലോ പുരുഷസമൂഹത്തിന്റെ ചതികളില്‍ പെട്ടോ ഈ തൊഴിലിലേക്ക് ഇറങ്ങേണ്ടിവന്നവരാണ് അവര്‍.

  അഭിവാദ്യങ്ങളോടെ