തിയനന്മെന്‍ : ഓര്‍മ്മകളുണ്ടായിരിക്കരുത് !


ഭരണകൂട സമഗ്രാധിപത്യത്തിന്റെ ഭീകരതയെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു ജൂണ്‍ 4 കൂടി കടന്ന് പോവുകയാണ്; 20 വര്‍ഷമായി ചൈന ചരിത്രത്തില്‍ നിന്ന് ചുരണ്ടിമാറ്റാന്‍ ശ്രമിക്കുന്ന 1989ലെ തിയനന്മെന്‍ നരഹത്യയുടെ വാര്‍ഷികവും.

ജെയിംസ് ഫെന്റണിന്റെ പ്രസിദ്ധമായ കവിത :തിയനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെയെങ്ങു? ഹാ,
പറയാനാവില്ല…
അതു കഴിഞ്ഞിട്ടു
നടന്നതൊന്നുമേ
പറയാൻ നാവില്ല…

ഉരിയാടീടൊല്ല,
മനമുരുക്കൊല്ല,
ബ്രഷുകളൊന്നുമേ
മഷിയിൽ മുക്കൊലാ,
അവിടെയുണ്ടായ,
തിയനന്മെന്നിലെ
ചതുരം കണ്ടൊരാ
കഥകളൊന്നുമേ
വെളിയിൽ മിണ്ടൊലാ…

പടുകിഴവന്മാർ,
കുടിലർ, പൊട്ടന്മാർ,
കൊല നടത്തുവാൻ
മടി കളഞ്ഞവർ,
ഒരു നാൾ ശ്വാസത്തിൻ
കണിക കിട്ടാതെ
സഹജരെപ്പോലെ
അവരും ചത്തിടും
തിയാനന്മെന്നിൽ താൻ
ബഹുമതികളോ-
ടൊടുക്കത്തെക്കിട-
പ്പവർ കിടന്നിടും.


ഒടുക്കത്തെക്കിട-
പ്പവർ കിടന്നിടും
ഒടുക്കത്തെ നുണ-
യവർ പറഞ്ഞിടും
തിയാനന്മെന്നിലെ
രുധിരമൊക്കെയും
കഴുകിത്തീർക്കുവാൻ
കുടിലബുദ്ധികൾ
എറിഞ്ഞു കൂട്ടിയോ-
രൊടുക്കത്തെ നുണ-
പ്പെരുംകൂമ്പാരത്തി-
ലവരലഞ്ഞിടും.

രഹസ്യമാവണം
ഇവിടെ സത്യങ്ങൾ
അടക്കി വെയ്ക്കണം
മനസ്സിലും പോരാ
അതിന്നുമുള്ളിലായ്
ഇരുട്ടു ചൂഴുന്ന
കൊടിയ മാളത്തിൽ
അടക്കി വെയ്ക്കണം
തിയാനന്മെന്നിലേ-
യ്ക്കൊടുവിൽ സത്യങ്ങൾ
ഇനി വരും വരെ.

തിയാനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെ എങ്ങു? ഹാ,
പറയാനാവില്ല…
ഇനിയവരെന്നു
തിരികെ വന്നിടും?
പറയാനാവില്ല…
തിയാനന്മെന്നിലേ-
യ്ക്കിനിയവർ, ദൃഢം
തിരികെ വന്നിടും…വിവര്‍ത്തനം : ഉമേഷ്
ചിത്രം : ബ്രോസ്വാവിലെ (പോളണ്ട്) തിയനന്മെന്‍ മെമോറിയല്‍

4 comments:

 1. ലത said...

  കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ നിലനില്പിനുവേണ്ടി നടത്തുന്ന മനുഷ്യബലികളെ ഓര്‍മ്മിപ്പിക്കാനൊരു ദിവസം

 2. Kalesh Kumar said...

  മനുഷ്യന്റെ ഏറ്റവും വല്യ കഴിവ് എന്താണെന്നറിയാമോ? മറക്കുവാനുള്ള കഴിവ്!

 3. Rajeeve Chelanat said...

  കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനയില്‍ നടന്നുവരുന്ന ജനാധിപത്യ-പൌരാവകാശ ധ്വംസനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ടിയാനന്‍‌മെന്‍ തീരെ അപ്രധാനമായ ഒരു അദ്ധ്യായമാണ്. പക്ഷേ അതിനെ പെരുപ്പിച്ചു കാണിക്കുന്നതില്‍ എല്ലാ പാശ്ചാത്യശക്തികളും മാധ്യമങ്ങളും വീറോടെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു എന്നത് കാണാതിരുന്നുകൂടാ.
  എന്തായാലും ഓര്‍മ്മപ്പെടുത്തലുകളുടെ ആവശ്യം കൂടിക്കൂടിവരികതന്നെയാണ്.

  അഭിവാദ്യങ്ങളോടെ

 4. t.k. formerly known as thomman said...

  കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ തലയിലേറ്റി നടക്കുന്ന പടുകിളവന്മാരും, പുരോഗമനാശയങ്ങളെ നെഞ്ചിലേറ്റി നടക്കുന്ന ചെറുപ്പക്കാരും ഏറ്റുമുട്ടുന്നത് സ്വാഭാവികമാണ്. പ്രാഗ് വസന്തവും ടിയാനെന്‍‌മെന്‍ സ്ക്വയറും വഴി കമ്യൂണിസം എത്ര സ്ഥാപനവല്‍ക്കരിക്കപ്പെട്ടു എന്ന് അതിന്റെ നേതാക്കളെ ചെറുപ്പക്കാര്‍ കാണിച്ചുകൊടുത്തു. അവയൊന്നും വെറുതെ ആകുന്നില്ല. മനുഷ്യനെ അടിമയാക്കുന്ന എല്ലാ കുടിലസംഹിതകളും പരാജയപ്പെടും. ജനങ്ങളുടെ മൌലീകാവകാശങ്ങളായ ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും.