ബ്ലോഗ് : സമീപനരേഖ

ഇതൊരു സ്വകാര്യ ബ്ലോഗല്ല. ബൂലോഗത്തിലെ എണ്ണം കൂട്ടാനായി വെറുതെ പടച്ചുകൂട്ടിയ ബ്ലോഗുമല്ല ഇത്. ഈ ബ്ലോഗിന് വ്യക്തമായ ലക്ഷ്യമുണ്ട്. ഇതിനു പിന്നിലുളളവര്‍ക്കും. മനുഷ്യനെ ചുട്ടുതിന്നുകയും അതിനു കൂട്ടുനില്ക്കുകയും ചെയ്യുന്ന എല്ലാ മത രാഷ്ട്രീയത്തിന്റെയും എതിര്‍പക്ഷത്ത് നില്‍ക്കുന്ന മാനവീയതയുടെ നേരവകാശിയാണ്‌ ഈ ബ്ലോഗ്. വര്‍ഗീയതയടക്കം മനുഷ്യനെ ഭിന്നിപ്പിക്കുകയും പരസ്പരം ശത്രുക്കളാക്കുകയും ചെയ്യുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കുമെതിരെ ഇതൊരു സമരമുഖം.പ്രതിലോമ ചിന്തകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനില്‍പ്പും പോരാട്ടവും ഞങ്ങളുടെ ലക്ഷ്യം.

കഴിഞ്ഞ കുറച്ചുകാലമായി മലയാളത്തിലെ ബ്ലോഗുകള്‍ വ്യക്തമായ ചേരിതിരിവ് പ്രകടമാക്കിയിട്ടുണ്ട്. അതൊരു നല്ല ലക്ഷണമാണെന്ന് ഞങ്ങള്‍ കരുതുന്നു. ബാലാരിഷ്ടതകളെ പതിയെ അതിജീവിച്ച് അരാഷ്ട്രീയ പരിസരങ്ങളോട് പടവെട്ടി മലയാളം ബ്ലോഗ് സമൂഹം വ്യക്തമായ രാഷ്ട്രീയ-സാമൂഹ്യബോധത്തിന്റെ മറുമൊഴികളിലേക്കെത്തിയിരിക്കുന്നു. ഇനി വേണ്ടത് നിലപാടുകളുടെ സംഘര്‍ഷം.

ഒരുകാലത്തും, ഒരു മാധ്യമത്തിലും നിഷ്പക്ഷനാകാന്‍ ആര്‍ക്കും കഴിയില്ല. കറതീര്‍ന്ന നിഷ്പക്ഷന്‍ എന്നത് ഒരു കാപട്യമാണ്. പുറത്തുപറയാന്‍ മടിക്കുന്ന സ്വന്തം രാഷ്ട്രീയത്തെ പൊതിഞ്ഞു സൂക്ഷിക്കാന്‍ ജനവിരുദ്ധ പക്ഷത്തു നില്‍ക്കുന്നവര്‍ എന്നും അഭിനയിക്കുന്ന കലര്‍പ്പില്ലാത്ത കാപട്യം. നിഷ്പക്ഷതയുടെ ആട്ടിന്‍തോലണിഞ്ഞവര്‍ ബ്ലോഗിലും സുലഭമാണ്.

മനുഷ്യനോടും അവന്റെ ചരിത്രപരതയോടുമുള്ള അവരുടെ നിലപാടുകള്‍, ആട്ടിന്‍തോലിട്ട് മറച്ചിരിക്കുന്ന കൂര്‍ത്ത കൊമ്പല്ലുകളെയും അവയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ചോരത്തുളളികളെയും പകല്‍വെളിച്ചത്തില്‍ കാണിച്ചു തരാന്‍ പോന്നതാണ്. അത്തരം നിലപാടുകളുടെ രാഷ്ട്രീയം തുറന്നു കാട്ടലും ഈ ബ്ലോഗിന്റെ ലക്ഷ്യമാണ്.

മത-ജാതി-ലിംഗ-ഭാഷാപരമായ കള്ളികളിലും അതിന്റെ അധീശത്വ പ്രയോഗങ്ങളും മനുഷ്യനെ തളച്ചിടാനുള്ള ഉപകരണമായി ബ്ലോഗെഴുത്തിനെ അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്നവരുണ്ട്. സമുദായം മുതല്‍ ദേശ-രാഷ്ട്ര സ്വത്വം വരെയുള്ള സാമൂഹ്യ നിര്‍മ്മിതികളെല്ലാം അവരുടെ പണിയായുധങ്ങളായി മാറുന്നു. ഇത്തരം വിഭാഗീയതകള്‍ക്കെതിരെയാണ് ആന്റി-ഇന്‍ഹ്യൂമന്‍ എന്ന ഈ ബ്ലോഗ്.

സമുദായം മുതല്‍ ദേശ-രാഷ്ട്രം വരെ നീളുന്ന പരികല്‍പനകളെ ഞങ്ങള്‍ നിരാകരിക്കുന്നില്ല. എന്നാല്‍ അവയുടെയൊക്കെ ആധാരം തികച്ചും മതനിരപേക്ഷമായ ഒന്നാണെന്നും മനുഷ്യന്‍ എന്ന പൊതുസ്വത്വത്തിനു അവ കീഴ്പ്പെടണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. മനുഷ്യത്വം എന്ന സങ്കല്‍പത്തെ ബലികൊടുത്തുകൊണ്ടുളള ഒരു സാമൂഹ്യാസ്തിത്വവും -അത് മതപരമോ, സാംസ്കാരികമോ എന്തുമായിക്കൊള്ളട്ടെ- ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവയുടെ എതിര്‍പക്ഷത്താണ്‌ ഞങ്ങള്‍. ഞങ്ങളുടെ നാവാണ് ഈ ബ്ലോഗ്.

മതനിരപേക്ഷത എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ്‌ ഈ ബ്ലോഗിനുളളത്. വര്‍ഗീയമായ എല്ലാത്തരം വിഭജനങ്ങളെയും അത് എതിര്‍ക്കുന്നു. അതുകൊണ്ടു തന്നെ, ഹിന്ദു-ക്രിസ്ത്യന്-മുസ്ളിം വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന എല്ലാ (അ)രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെയും ഞങ്ങള്‍ക്ക് വ്യക്തമായ നിലപാടുകളുണ്ട്.

അതിനാല്‍, സുഹൃത്തുക്കളേ, ഞങ്ങള്‍ നിഷ്പക്ഷരല്ല.

എല്ലാ വര്‍ഗീയതയുടെയും പൊതുസ്വഭാവം മനുഷ്യത്വത്തിനെതിരായിട്ടുള്ളതാണെന്ന തിരിച്ചറിവ് ഞങ്ങള്‍ പങ്കിടുന്നു. അതോടൊപ്പം ന്യൂനപക്ഷ വര്‍ഗീയതയ്ക്കില്ലാത്ത ഒരു സൗകര്യം ഭൂരിപക്ഷവര്‍ഗീയതയ്ക്കുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.

അതാതിടങ്ങളിലെ അധികാരരാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായി മാറാന്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കഴിയും. ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും ഒരു ഫാസിസ്റ്റ് ദേശീയ-സ്വത്വ നിര്‍മ്മിതിയുടെയും ഏറ്റവും നല്ല ചേരുവയായി ഭൂരിപക്ഷവര്‍ഗീയതക്ക് മാറാന്‍ കഴിയുന്നത് അസുലഭമായ ഈ സൌകര്യം ഒന്നുകൊണ്ടുമാത്രമാണ്. ഈ ലോകത്തെ ഫാസിസത്തിന്റെ പരീക്ഷണ നിലമാക്കാനുളള ഏതൊരു ശ്രമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു.

സാമ്രാജ്യത്വം എന്ന ആശയത്തിനും എതിരാണ് ഞങ്ങള്‍. സാമ്രാജ്യത്വം എന്നത്, കേവലം അമൂര്‍ത്തമായ ഭയമല്ലെന്നും ''ഇതര' (വിജാതീയ) സംസ്ക്കാരങ്ങളെ ബലപ്രയോഗത്താല്‍ അടിമപ്പെടുത്താന്‍ ശ്രമിക്കുന്ന ഏകധ്രുവലോകത്തിന്റെ പ്രത്യയശാസ്ത്രമാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സാമ്രാജ്യത്വത്തിനും ഫാസിസത്തിനും ഒരുപോലെയുളള ഈ പൊതുസ്വഭാവത്തെ ഞങ്ങള്‍ തിരിച്ചറിയുന്നു.

ഇവയൊക്കെ മനുഷ്യനെ ചുട്ടുതിന്നുന്ന പ്രത്യയശാസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് ഉരുക്കഴിക്കേണ്ടി വരുന്നത് ഈ തിരിച്ചറിവു കൊണ്ടാണ്. വ്യക്തിപരമായും കൂട്ടു ചേര്‍ന്നും ആ ആശങ്ക പലപ്പോഴും പങ്കുവെച്ചിട്ടുമുണ്ട്.

'ശരി''യെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണകള്‍ ആപേക്ഷികമല്ലെന്ന് തെളിയിക്കാനാണ് ഈ ദൗത്യം. ഹിന്ദുവും മുസ്ളിമും ക്രിസ്ത്യാനിയുമാക്കി മനുഷ്യനെ വേര്‍തിരിക്കുന്ന സാമൂഹ്യബോധത്തെയും, ജനാധിപത്യത്തിന്റെ പവിത്രമായ ഇടം അപഹരിച്ച് നിത്യജീവിതത്തിലേക്ക് തള്ളിക്കയറിവരുന്ന ഫാസിസത്തിന്റെ അധീശത്വത്തെയും വലതുപക്ഷ അരാഷ്ട്രീയതയെയും ചെറുത്തുതോല്‍പ്പിക്കാനുള്ള ഞങ്ങളുടെ ഒരു ചെറുശ്രമമാണ്‌ ഈ ബ്ലോഗ്. ഈ നിലപാടുകളോട് യോജിക്കുന്നവര്‍ക്കെല്ലാം ഇത് സ്വന്തം.

മനുഷ്യന്‍ പരസ്പരം കൊന്നു തളളുന്പോള്‍ അതില്‍ ഹിന്ദുവെത്ര, മുസല്മാനെത്ര, ക്രിസ്ത്യാനിയെത്ര എന്ന് കണക്കെടുക്കുന്നവരെ, ഒരു മനുഷ്യന്റെ ചോരയേക്കാള്‍ മഹത്തരമോ ഹീനമോ ആണ്‌ മറ്റൊരു മനുഷ്യന്റെ ചോര എന്നു കരുതുന്നവരെ, ഒരു സംസ്കാരത്തേക്കാള്‍ മികച്ചതാണ്‌ മറ്റൊരു സംസ്കാരമെന്നു കരുതുന്നവരെ അവസാനശ്വാസം വരെ ഞങ്ങള്‍ എതിര്‍ക്കും. എല്ലാ ചോരയും ഒരുപൊലെ വിലപ്പെട്ടതാണെന്നും, എല്ലാ മനുഷ്യരും തുല്ല്യരാണെന്നും അവര്‍ക്കെല്ലാം ഒരുപോലെ അവകാശപ്പെട്ടതാണ്‌ ഈ ഭൂമിയെന്നും ഞങ്ങള്‍ അകമഴിഞ്ഞ് വിശ്വസിക്കുന്നു.
ഇതാണ്‌ ഞങ്ങളുടെ നയം.

89 comments:

  1. ചിന്തകന്‍ said...


    മനുഷ്യത്വത്തിനും, മനുഷ്യ നന്മക്കും വേണ്ടി

    സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ ജാതിമത

    ചിന്തകൾക്കതീതമയുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങൾക്കും

    ചിന്തകന്റെ സർവ്വ പിന്തുണയും ഭാവുകങ്ങളും.

  2. un said...

    "മതനിരപേക്ഷത എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ്‌ ഈ ബ്ലോഗിനുളളത്." എങ്കില്‍ ഞാനുമുണ്ട് നിങ്ങളോടൊപ്പം. എല്ലാ ഭാവുകങ്ങളും

  3. പാമരന്‍ said...

    ഞാനുമുണ്ട്‌. സര്‍വ്വപിന്തുണയും.

  4. പക്ഷപാതി :: The Defendant said...

    നിക്ഷ്പക്ഷത എന്നത് കാപട്യമാണ്. പക്ഷം പിടിച്ചേ പറ്റൂ. നമ്മളില്‍ പലരും രാഷ്ട്രീയമില്ല എന്നു പറയുമ്പോഴും ഉള്ളില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോട് കൂറ് പുലര്‍ത്തുന്നവരാണ്. ജാതിയില്ല എന്ന് പറയുമ്പോഴും പേരില്‍ ജാതിപ്പേര്‍ അഭിമാനമാക്കുവാനും ജനനം, വിവാഹം, മരണം വരെ ജാതി, മത അടിസ്ഥാനത്തില്‍ കാണാനും, നിക്ഷ്പക്ഷ അഭിപ്രായമെന്ന മട്ടില്‍ പക്ഷം പിടിക്കാനും മാത്രം അറിയുന്നവര്‍. പക്ഷം പിടിക്കുമ്പോള്‍ നിങ്ങള്‍ ഏത് പക്ഷത്ത് നില്‍ക്കുന്നു എന്നതാണ് വിഷയം.

    മാ‍നുഷിക മൂല്യങ്ങളുടെ പക്ഷത്ത് നില്‍ക്കാന്‍ നിങ്ങള്‍ക്കാവട്ടെ എന്ന ആശംസകളോടെ.

  5. myexperimentsandme said...

    മനുഷ്യനെ ചുട്ടുതിന്നാന്‍ പോവുന്ന ഒരാളെയെങ്കിലും അതില്‍നിന്ന് പിന്‍‌തിരിപ്പിക്കാന്‍ ഈ ബ്ലോഗിനാവട്ടെ. പക്ഷേ അതിന് വേണ്ട ഏറ്റവും അത്യാവശ്യ കാര്യങ്ങളിലൊരു കാര്യം സഹിഷ്ണുതയാണ്-ചുട്ടുകരിക്കാന്‍ പോവുന്നവന് അതിന് തൊട്ടുമുന്‍‌പെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കേള്‍ക്കാനും ആ കുറഞ്ഞ സമയത്തിനുള്ളില്‍ ഒട്ടും വളച്ചുകെട്ടില്ലാതെ, അവന്റെ ആ മാനസികാവസ്ഥയിലും അവന് മനസ്സിലാവുന്നതുപോലെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനും വിവേചനങ്ങളില്ലാത്ത ഉദാഹരണങ്ങള്‍ അവന് ചൂണ്ടിക്കാണിക്കാനുമൊക്കെയുള്ള സഹിഷ്ണുത. ഒപ്പം വിവേചനങ്ങളില്ലാത്തെ പ്രതികരണങ്ങളും.

    വര്‍ഗ്ഗീയ ലഹളകളുണ്ടായപ്പോള്‍ നിര്‍ഭയമായി ആ ലഹളകളിലേക്കിറങ്ങിച്ചെന്ന മഹാത്മാഗാന്ധി തന്നെയാവട്ടെ ഈ ബ്ലോഗിന്റെ വഴികാട്ടി. അദ്ദേഹത്തിന് ഇരുപക്ഷത്തുനിന്നും കിട്ടിയ സ്വീകാര്യത ഈ ബ്ലോഗിനും കിട്ടട്ടെ.

    അസഹിഷ്ണുതയാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറഞ്ഞവരും ഈ ബ്ലോഗിന് പിന്നിലുണ്ടെന്നുള്ളത് സന്തോഷം തരുന്നു.

  6. അനില്‍ശ്രീ... said...

    കൂടെ എഴുതവാന്‍ ഞാന്‍ ആളല്ലെങ്കിലും വര്‍ഗീയതയെ ഏറ്റവും അധികം വെറുക്കുന്ന ഒരാള്‍ എന്ന നിലയിലും (അന്ധ)വിശ്വാസങ്ങളേയും വാണിജ്യവല്‍ക്കരിക്കപ്പെട്ട വിശ്വാസങ്ങളേയും എന്നും എതിര്‍ക്കുന്ന ഒരാളെന്ന നിലയിലും എന്റെ എല്ലാ ധാര്‍മികപിന്തുണയും മനുഷ്യത്വപരമായ സമീപനത്തോടെ എഴുതുന്ന ഒരോ പോസ്റ്റിനും ഞാന്‍ നല്‍കുന്നതാണ്.

    ഈ സം‌രഭത്തിന് അഭിവാദ്യങ്ങള്‍

  7. ജ്യോതിര്‍ഗമയ said...

    ഭാരതീയം എന്ന് വിളിക്കാവുന്ന എല്ലാറ്റിനേയും ഹൈന്ദവമെന്ന് അഭിമാനിച്ചു നടന്നയാളാണ് ഇതെഴുതുന്നത്. എന്നാല്‍ സാമൂഹികചരിത്രം ആഴത്തിലറിഞ്ഞപ്പോള്‍ അങ്ങനെയൊന്നില്ല എന്നും അത് രാഷ്ട്രീയമായ ചില കോയ്മകള്‍ക്കായി പടയ്ക്കപ്പെട്ട ഫാഷിസ്റ്റ് ചിന്താധാരയാണെന്നും ബോധ്യം വന്ന ഘട്ടത്തില്‍ തിരിഞ്ഞു നടക്കുകയും ചെയ്തു.

    ഇന്ന് അതേ സാമൂഹിക ചരിത്രത്തെ സൌകര്യാനുസൃതം വളച്ചൊടിച്ച് ‘അവരും-ഞങ്ങളും’ എന്ന പ്രത്യയശാസ്ത്രത്തെ ഊട്ടിയുറപ്പിച്ച് അധികാരത്തിലേറാന്‍ പാളത്താറുടുത്ത് തയാറാകുകയാണ് കുങ്കുമപ്പൊട്ടിന്റെ പ്രായോജകര്‍ . ബൂലോഗത്തും അതിന്റെ പെരുമ്പറകള്‍ ഭയാനകാം വിധം മുഴങ്ങുന്നു. ബ്ലോഗുകളില്‍ “വിശ്വഹിന്ദു” ഐക്കോണുകള്‍ നാണമില്ലാതെ തൂക്കിയിടുന്നു.
    മറുവശത്ത് ആ ഭീതി മുതലെടുക്കുന്ന, താന്താങ്ങളുടെ സൌകര്യം പോലെ മതരാഷ്ട്രത്തെയും ജനാധിപത്യത്തെയും നിര്‍വചിക്കുന്ന മൌദൂദിസ്റ്റ് പ്രായോജകരും !

    എങ്കിലും...എങ്കിലും, 90ശതമാനത്തിനടുത്ത് വരുന്ന ഭൂരിപക്ഷത്തിന്റെ വര്‍ഗ്ഗീയത തന്നെയാവണം കൂടുതല്‍ ശക്തമായി ചെറുക്കപ്പെടേണ്ടത്. പ്രത്യേകിച്ച്, അത് നൂറ്റാണ്ടുകളോളം അതിനുള്ളില്‍ തന്നെ അവര്‍ണ്ണമെന്നും സവര്‍ണ്ണമെന്നുമുള്ള ഒരു മനുഷ്യവിരുദ്ധ വിഭജനരീതി പ്രയോഗിച്ചു തലമുറകളെത്തന്നെ നശിപ്പിച്ചു വിജയിച്ച ഒന്നാണെന്ന നിലയ്ക്ക്.

    കരുതലോടെ ഇരിക്കുക എന്നാല്‍ നിഷ്പക്ഷതയോടെ ഇരിക്കുക എന്നതല്ലെന്നും നിലപാടുകളില്‍ പക്ഷം ചേര്‍ന്ന് യുദ്ധം ചെയ്യുക തന്നെയാണ് വേണ്ടതെന്നും ഓര്‍മ്മിപ്പിക്കുന്നു ഈ സംരംഭം. മതേതരത്വം എറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ശബ്ദമുയര്‍ത്തുക എന്നതു തന്നെ വലിയ കാര്യം. പൂര്‍ണ പിന്തുണ
    എല്ലാ ഭാവുകങ്ങളും.

  8. Vellayani Vijayan/വെള്ളായണിവിജയന്‍ said...

    മതനിരപേക്ഷത മാത്രമല്ല ലക്ഷ്യം എന്നോര്‍ക്കുക.അനീതിക്കെതിരെ,അക്രമത്തിനെതിരെ,പോരാടുക.തൂലിക പടവാളാക്കിയ മഹത്തുക്കളുടെ പാത നമുക്ക് പിന്തുടരാം.ആശംസകള്‍.....
    വെള്ളായണി

  9. Anonymous said...

    പുതിയ ഈ സംരംഭത്തിന് അഭിനന്ദനങ്ങളും, അഭിവാദ്യങ്ങളും!

  10. പരാജിതന്‍ said...

    സഹിഷ്ണുതയെക്കുറിച്ചുള്ള വക്കാരിയുടെ അഭിപ്രായം പ്രസക്തമാണ്. മനുഷ്യനെ ചുട്ടുതിന്നാന്‍ കോപ്പുകൂട്ടുന്നവരെ പിന്തിരിപ്പിക്കാനായില്ലെങ്കില്‍ പോലും അവര്‍‌ക്കു പിന്നില്‍ ആളുകൂടുന്നതു തടയാനെങ്കിലും ശ്രമിക്കണമെങ്കില്‍ സഹിഷ്ണുതയുടെ പിന്തുണ വേണം.

    പക്ഷേ വക്കാരീ, ഗാന്ധിജിയ്ക്ക് ഒരു പക്ഷത്തു നിന്നും വെടിയുണ്ടയല്ലേ കിട്ടിയത്? സ്വീകാര്യതയാണോ? വെടിയുണ്ടയെ സ്വീകാര്യത എന്നു തര്‍‌ജ്ജമ ചെയ്യുന്ന തലം വരെ ഒരു തരം സഹിഷ്ണുതയും പോകാന്‍ പാടില്ല. അമ്മാതിരി സഹിഷ്ണുത വെടിയുണ്ടയേക്കാള്‍ ദ്രോഹം ചെയ്യും.

  11. ശ്രീവല്ലഭന്‍. said...

    വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതയെ ചെറുതായെങ്കിലും പ്രതിരോധിക്കാന്‍ ഇതുപോലുള്ള ഉദ്യമങ്ങള്‍ കൊണ്ട് കഴിഞ്ഞാല്‍ വളരെ നല്ലത്. ആശംസകള്‍! എഴുതുവാനും മടിയില്ല.....ആവശ്യമെങ്കില്‍ അറിയിക്കുക......നന്ദി

  12. Unknown said...

    പരാജിതാ
    വക്കാരി പറയുന്ന സഹിഷ്ണുതയുടെ ശരിയായ അർത്ഥം ഒന്നു വിശദീകരിക്കട്ടെ? വക്കാരി ഇതാവില്ല ഉദ്ദേശിച്ചത്. എന്നിരുന്നാലും കുറേയധികം നാൾ ബ്ലോഗുകൾ വീക്ഷിക്കുന്ന ആളെന്ന നിലയിൽ.

    ഈ ബ്ലോഗിന്റെ ശരിയായ ഉദ്ദേശ്യം ഫാഷിസത്തെ എതിർക്കുക എങ്കിൽ അത് പ്രശംസനീയമാണ്.

    പക്ഷെ ഈ ബ്ലോഗിലെ മെമ്പർമാരിൽ പലരും ഫാഷിസത്തെ എതിർക്കുക എന്ന മറയിൽ ബ്ലോഗിലെ വ്യക്തികളോടുള്ള പകയും രാഷ്ട്രീയവുമായി ഇത് ചുരുങ്ങുന്നതിൽ നിന്ന്
    പരാജിതനെപ്പോലെയുള്ളവരോ തുളസിയോ രാജീവോ മാരീചനെപ്പോലെയുള്ളവരോ സ്വന്തം ടീമിലെ മെമ്പർമാരോട് തന്നെ ഒരു വാച്ച് ഡോഗായി പ്രവർത്തിക്കേണ്ടതുണ്ട്.

    ബ്ലോഗിൽ വ്യക്തികൾക്കെതിരെ ലോബികൾ ഉരുത്തിരിയുന്നതിനു ഈമെയിലുകളും ചാറ്റുകളും മറ്റും തെളിവായുണ്ട്. പലവയിൽ ചിലത്,

    വക്കാരിക്കെതിരെ
    ഇന്ത്യാ ഹെരിറ്റേജിനെതിരെ
    പെരിങ്ങോടാനെതിരെ
    ചിത്രകാരനെതിരെ
    പരാജിതനെതിരെ (പരാജിതൻ തുടക്കത്തിൽ വന്നപ്പോൾ)
    വിശ്വ പ്രഭയ്ക്കെതിരെ
    ഏവൂരാനെതിരെ
    ഇഞ്ചിപ്പെണ്ണിനെതിരെ

    അങ്ങിനെ തീർത്തും വ്യക്തിപരമായ വൈരാഗ്യങ്ങളിൽ മുളക്കുന്ന വിദ്വേഷങ്ങളാവരുത് ഈ ബ്ലോഗിന്റെ കാതലും ഭാഷയും. ആശയങ്ങളെ എതിർക്കുക,അവയെ ഖണ്ഡിക്കുക,പക്ഷെ വ്യക്തികൾക്കെതിരെ ഗ്രൂപ്പും ലോബിയിങ്ങും മലയാള സാഹിത്യ സംസ്കാരിക മേഖലകളിലുള്ളതുപോലെ ബ്ലോഗിങ്ങിലും കൊണ്ടു വരാനാണ് ശ്രമമെങ്കിൽ അത് പൂർത്തീകരിക്കപ്പെടില്ല. വേറെ ഒന്നുമല്ല ഈ ഗ്രൂപ്പിലുള്ള പരാജിതനെപ്പോലെയുള്ള പലരുടേയും
    ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടാതെയിരിക്കുവാൻ ശ്രദ്ധിക്കുക.

    ബ്ലോഗിങ്ങ് എന്ന സ്വതന്ത്ര മാധ്യമം വ്യക്തിവിദ്വേഷങ്ങളുടെ രാ‍ഷ്ട്രീയത്തിനായി
    ഈമെയിലും മറ്റും ആളുകൾക്കെതിരെ ക്യാമ്പേയിനിങ്ങ് തുടങ്ങുവാൻ ആവരുത് ഇതിന്റെ ലക്ഷ്യം. പല ഈമെയിലുകളും മാറി മറഞ്ഞ് എത്തുന്നത് സൂചിപ്പിക്കുന്നത് വളരെ വ്യക്തമായ വ്യക്തിവൈരാഗ്യത്തിൽ നിന്ന് ഉടലെടുക്കുന്ന സ്പർദ്ധയാണ്. അത് നടത്തുന്നത് അവരവരുടെ മാനസിക താല്പര്യം. പക്ഷെ ഒന്നു സൂചിപ്പിച്ചുവെന്നേയുള്ളൂ. ഉത്തരവാദിത്വപരമായ പെരുമാറ്റചട്ടങ്ങൾ കൂടി കൊണ്ട് വരേണ്ടതുണ്ട്.

    A man is judged by the company he keeps. മാർഗ്ഗവും ലക്ഷ്യത്തെപ്പോലെ തന്നെ പ്രാധാന്യമർഹിക്കുന്നു.

  13. N.J Joju said...

    വര്‍ഗ്ഗീയതയും ഫാസിസവും അധീശത്വവും വലതുപക്ഷങ്ങളും(ഇടതുപക്ഷമെന്നത് വിശാലമായ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായ മാനുഷികമൂ‍ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്ന ഒരു മനസാക്ഷീരൂപീകരണമാണെങ്കില്‍) അരാഷ്ട്രീയതയും ചെറുക്കപ്പെടേണ്ടതുതന്നെയാണ്. എന്റെ പിന്തുണ അറിയീക്കുന്നു.

    ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും എന്നത് വേര്‍തിരിവുകളായി ചിത്രീകരിയ്ക്കുക മതാധിഷ്ടിതധാര്‍മ്മികതയെയും സാമൂഹിക ജീവിതത്തെയും മതവിശ്വാസത്തെയും ചോദ്യം ചെയ്യുക, ഹൈന്ദവമായ ഏതൊരു ചിന്തയെയും ഫാസിസമെന്നു ചിത്രീകരിയ്ക്കുക, വലതുപക്ഷം എന്നതുകൊണ്ട് കോണ്‍ഗ്രസ് മുതലായ രാഷ്ട്രീയ സംഘടനകളെയും അരാഷ്ട്രീയത എന്നത് തങ്ങള്‍ക്ക് അനുകൂലമല്ലാത്ത സ്വതന്ത്രചിന്തയെയും അര്‍ത്ഥമാക്കുക എന്നതൊക്കെയാണു ലക്ഷ്യമെങ്കില്‍ എന്റെ പിന്തുണ പിന്‍‌വലിയ്ക്കുന്നു.

  14. Rajeeve Chelanat said...

    വക്കാരീ

    ഒരു പക്ഷത്തുനിന്നുപോലും സ്വീകാര്യത കിട്ടാതെ ഒടുങ്ങേണ്ടി വന്ന നിര്‍ഭാഗ്യ ജന്മമാണ് ഗാന്ധിജിയുടേത് . താന്‍ തന്നെ നട്ടു വളര്‍ത്തിയ കോണ്‍ഗ്രസ്സിനും, വളര്‍ന്നുവരുന്ന ഹിന്ദുമഹാസഭയുടെയും കോണ്‍ഗ്രസ്സിന്റെയും രാമരാജ്യത്തിന്‍ കീഴില്‍ കഴിയേണ്ടിവന്നാല്‍ ലോകം അവസാനിക്കുമെന്ന് പേടിച്ച് ഭാഗം വാങ്ങി പോയ മുസ്ലിം ലീഗിനും, പോരാ, സ്വന്തം കുടുംബത്തിനു പോലും സ്വീകാര്യനാകാതെ പോയ ഒരു ജന്മമായിരുന്നു അദ്ദേഹത്തിന്റേത്.

    കൊല്ലപ്പെട്ടുകഴിഞ്ഞപ്പോള്‍, ഇനി ഉപദ്രവമൊന്നുമുണ്ടാകില്ലെന്ന് ഉറപ്പായ സ്ഥിതിക്ക്, ഒരു ദേശീയ എംബ്ലം എന്ന നിലക്കു ആ മനുഷ്യനെ നമ്മള്‍ പ്രതിമകള്‍ക്കകത്ത് ഉരുക്കി വാര്‍ത്ത്, നാട്ടുമൂലകളില്‍ പ്രതിഷ്ഠിച്ച് കുടികിടപ്പ് കൊടുത്തു എന്നു മാത്രം.

    ആ മനുഷ്യനെപ്പോലും കൊല്ലന്‍ തക്കവണ്ണമുള്ള അസഹിഷ്ണുത നിറഞ്ഞ ഒരു കാലഘട്ടത്തിനോട് എന്ത് സഹിഷ്ണുത കാണിക്കണമെന്നാണ് വക്കാരി പറഞ്ഞുവരുന്നത്. ഇന്ത്യ നിലനില്‍ക്കണമെങ്കില്‍, അതിന്റെ വര്‍ഗ്ഗീയ സ്വഭാവം കൈയ്യൊഴിഞ്ഞേ തീരൂ. ഹിന്ദു ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ചളിക്കുണ്ടില്‍നിന്നാണ് ഇന്ന് ഇന്ത്യയിലെ ക്രിസ്ത്യന്‍-മുസ്ലിം വര്‍ഗ്ഗീയതകളും ശക്തിയാര്‍ജ്ജിക്കുന്നത്. മൂന്നും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. കൂടുതല്‍ അപകടം ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് എന്നു പറയുന്നത് , അവര്‍ക്കാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവ് എന്ന അര്‍ത്ഥത്തിലാണ്. 120 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, 80 കോടിയിലധികം ആളുകള്‍ വര്‍ഗ്ഗീയമായി ചേരി തിരിഞ്ഞാല്‍ എന്തായിരിക്കും ഫലം എന്ന് ആലോചിക്കേണ്ടതുണ്ട്. ആ ഒരു ഭയാനകമായ സ്ഥിതിവിശേഷം വളരാന്‍ അനുവദിച്ചുകൂടാ. സംഘപരിവാറും, ബജ്‌റംഗദളും നവനിര്‍മ്മാണ-ശിവസേനാ തെമ്മാടികളും അത്തരമൊരു വര്‍ഗ്ഗീയ വിഭജനത്തിന്റെ അജണ്ടയാണ് നടപ്പാക്കുന്നത്.അതിന്റെ ആധുനിക ഘട്ടമാണ് ബാബറി പള്ളി തകര്‍ത്തതിലൂടെ അവര്‍ ഉദ്‌ഘാടനം ചെയ്തത്. ഇന്ന് ഒറീസ്സയിലൂടെ, കേരളത്തിന്റെ പടിവാതില്‍ക്കല്‍ വരെ അവര്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. അപ്പോള്‍ അവരോട് സഹിഷ്ണുത എന്ന ശാന്തിമന്ത്രം ഓതിയിട്ടൊന്നും കാര്യമില്ല വക്കാരീ. കവിതയിലൂടെയും കഥയിലൂടെയും സംവാദത്തിലൂടെയും ഉപയോഗിക്കാവുന്ന എല്ലാ ഫോറത്തിലൂടെയും അവരുടെ നിലപാടുകളെ എതിര്‍ത്തു തോല്‍പ്പിക്കുക.

    വാച്ച് ഡോഗ്

    വ്യക്തിപരമായി ആരോടെങ്കിലും കണക്കുതീര്‍ക്കാന്‍ വേണ്ടി പുറപ്പെട്ടവരല്ല ഈ കൂ‍ട്ടായ്മയിലെ ഒരുത്തനും. അതുറപ്പ്. പ്രതിലോമപരമായ ആശയങ്ങളെ എതിര്‍ക്കേണ്ടിവരുമ്പോള്‍ ചിലപ്പോള്‍ ശക്തമായ ഭാഷയും പ്രയോഗങ്ങളുമൊക്കെ വേണ്ടിവരും. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ ചിലപ്പോള്‍ കടിക്കേണ്ടിയും വരും. പല്ലില്ലാത്ത വാച്ച് ഡോഗുകളെ കുട്ടികള്‍ പോലും കല്ലെറിഞ്ഞു കൊല്ലും. എന്തിനാണ് പിന്നെ പേരിനു മാത്രം അത്തരം കാവല്‍ പട്ടികള്‍? സമൂഹത്തിനു കാവലിരിക്കുമ്പോള്‍ അക്രമികളെ തുരത്താന്‍ ഏതു മാര്‍ഗ്ഗവും ഉപയോഗിക്കേണ്ടി വന്നേക്കും.

    മറുപക്ഷത്തുള്ളവരും ആ രീതി പ്രയോഗിക്കുന്നതില്‍ പിന്നെയെന്താണ് തെറ്റ് എന്നാണ് ചോദ്യമെങ്കില്‍, ഞങ്ങള്‍ക്ക് പറയാനുള്ള മറുപടി ഇതാണ്,

    അവര്‍ മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പേരില്‍ മനുഷ്യനെ ഭിന്നിപ്പിക്കുകയും പരസ്പരം ശത്രുക്കളാക്കുകയും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു.
    ജ്യോതിര്‍ഗമയ സൂചിപ്പിച്ച, ‘അവരും-ഞങ്ങളും’ എന്ന നിലപാട്, സന്തോഷത്തോടെയല്ലെങ്കില്‍പ്പോലും ഞങ്ങള്‍ക്കും എടുക്കേണ്ടിവരാറുള്ളത് ഇതു കൊണ്ടാണ്. ആ ഒരു വിഭജനം പോലും ശരിയല്ലെന്ന തോന്നല്‍ ഞങ്ങള്‍ക്കില്ലാതില്ല. എങ്കിലും, ശരിയും തെറ്റും തിരിച്ചറിയുമ്പോള്‍ ആ ഒരു ‘ഞങ്ങളും-അവരും’ എന്ന നിലപാട് ഞങ്ങള്‍ക്ക് എടുക്കാതിരിക്കാനും സാധിക്കുന്നില്ല.

    മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഒന്നിന്റെയും കൂടെ ഞങ്ങളില്ല എന്നതു തന്നെയാണ് അതുകൊണ്ട് ഞങ്ങളുടെ സമീപനം.

    ആ സമീപനം ഒരു കൃത്യമായ ‘പക്ഷം‘ തന്നെയാണ്.

    അഭിവാദ്യങ്ങളോടെ

  15. Rajeeve Chelanat said...

    ജോജൂ,

    ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും എന്നത് വേര്‍തിരിവുകളായി ചിത്രീകരിയ്ക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. അത്തരം കള്ളികള്‍ അഹിതങ്ങളായ വേര്‍തിരിവുകളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുകയാണ് ചെയ്യുന്നത്.

  16. കൃഷ്‌ണ.തൃഷ്‌ണ said...

    ഈ ഉദ്യമത്തിനു എല്ലാവിധ അഭിവാദ്യങ്ങളും‌.
    കേരളരാഷ്ട്രീയത്തിന്റെ ഊടും‌ പാവും‌ നേരും‌ നുണയും‌ നിങ്ങളെപ്പോലെ അറിയാത്ത ഒരു മറുനാടന്‍‌ മലയാളിയാണു ഞാന്‍‌. അതുകൊണ്ടു തന്നെ നിങ്ങള്‍‌ക്കൊപ്പം‌ എഴുതാനുള്ള ആര്‍‌ജ്ജവമില്ലാ എന്ന തിരിച്ചറിവുണ്ട്. എന്നാലും‌ നിങ്ങളുടെ ആശയങ്ങളോടു അക്രമാസക്തമായ ഒരു അഭിനിവേശമുള്ളയാളാണു ഞാന്‍‌. ഇതു വളരെ നന്നായി വരുമെന്ന പ്രത്യാശയോടെ...

  17. കുഞ്ഞയമു said...

    ബുഹ.. ഹ ..ഹ.. ഹ.. ഹ.. ഹ... ഹ ..ഹു ..ഹു ..ഹു ...ഹി... ഹി... ഹി ....ഹി..

  18. N.J Joju said...

    "ന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും എന്നത് വേര്‍തിരിവുകളായി ചിത്രീകരിയ്ക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. അത്തരം കള്ളികള്‍ അഹിതങ്ങളായ വേര്‍തിരിവുകളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുകയാണ് ചെയ്യുന്നത്."

    മതങ്ങള്‍ വേര്‍തിരിവുകള്‍ ആവുകയും അതുകൊണ്ടൂ തന്നെ അഹിതങ്ങളുമാകയാല്‍ നിങ്ങളുടെ വിശ്വാസപ്രമാണമനുസരിച്ച് മതമില്ലായ്ക അഥവാ‍ മതനിരാസം മാത്രമാണ് പ്രതിവിധി എന്നു വരും. ഇല്ലേ രാജീവ്?

  19. മാരീചന്‍ said...

    പ്രതിവിധി കല്‍പ്പിക്കാന്‍ ‍ഞങ്ങള്‍ ആളല്ല ജോജൂ.. എന്നാല്‍ എല്ലാറ്റിനും പ്രതിവിധി ഞങ്ങളുടെ കൈവശമുണ്ടെന്ന് നടിക്കുകയും സ്വന്തം തീരുമാനങ്ങള്‍ സമൂഹത്തിനും പൗരന്മാര്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെയും എതിര്‍ക്കാതിരിക്കാന്‍ കഴിയുകയുമില്ല..

    സമയമുളളതു പോലെ ഇന്‍ക്വിസിഷനെക്കുറിച്ചൊക്കെ ഒന്നു വായിക്കുക.. താഴെപ്പറയുന്നതു പോലെയൊക്കെ പൗരോഹിത്യം പ്രവര്‍ത്തിച്ചതായി കാണുന്നു...

    Burning at the stake in public was used in Britain to punish heresy and in some cases witchcraft, committed by either sex, and for women convicted of High Treason or Petty Treason. Men who were convicted of high treason were hanged, drawn and quartered but this was not deemed acceptable for women as it would have involved nudity. High Treason included such offences as counterfeiting money and "coining" (the clipping of coins for pieces of silver and gold which were melted down to produce counterfeit coins), possession of coining equipment and colouring base metal coins (to pass them off as of higher value). Oddly, men who committed these same crimes suffered just ordinary hanging having been first drawn to the place of execution on a hurdle. Petty Treason was the murder by a woman of her husband or her mistress, as they were considered her superiors in law.

    ഇതെങ്ങാനുമൊക്കെ തിരിച്ചു വന്നാലുളള അവസ്ഥയെന്തെന്ന് ജോജുവിനും ഊഹിക്കാവുന്നതല്ലേയുളളൂ.. ആളാലാകുന്ന വിധം ഒരു ചെറിയ പ്രതിരോധം...

  20. Nachiketh said...

    ആളാലാകുന്ന വിധം ഒരു ചെറിയ പ്രതിരോധം...
    കൂടെയുണ്ട് കൂട്ടരെ..

  21. പരാജിതന്‍ said...

    വാച്ച് ഡോഗ്,

    സഹിഷ്ണുതയെപ്പറ്റി വക്കാരി പറഞ്ഞത് സദുദ്ദേശ്യത്തോടെ തന്നെയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്നാല്‍, എത്‌നിക് ക്ലെന്‍സിങ്ങ് എന്ന കുടിലമായ ആശയത്തോട് പരസ്യാഭിമുഖ്യം പ്രഖ്യാപിച്ചിട്ടുള്ളവര്‍ നയിച്ചിരുന്ന ഒരു പ്രസ്ഥാനത്തിന്റെ തോക്കിനിരയായ ഗാന്ധിജിക്ക് (അവരുടെ ഭാഗത്തുനിന്ന്) കിട്ടിയത് സ്വീകാര്യതയാണെന്ന് എത്ര ഉദാസീനമായാണ് വക്കാരി പറഞ്ഞുവച്ചത്! ചില സത്യങ്ങള്‍‌ക്കു നേരെ കണ്ണടയ്ക്കുന്നത് മനസ്സിലാക്കാം, പക്ഷേ ‘സഹിഷ്ണുതയുടെ ലേബലില്‍ അസത്യവും ചരിത്രനിരാസവും വിളമ്പാന്‍ പാടില്ലെന്നു മനസ്സിലാക്കാനുള്ള സഹിഷ്ണുത‘ വക്കാരിക്കുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.

    പിന്നെ, ഈ കൂട്ടായ്മ തികഞ്ഞ ആര്‍‌ജ്ജവമുള്ള ഒന്നാണെന്ന് എനിക്കുറപ്പുണ്ട്. ഒരു പരസ്പരാരാധകസഹകരണസംഘമോ വ്യക്തിവൈരാഗ്യം തീര്‍‌ക്കാന്‍ തടുത്തുകൂട്ടിയ ക്വട്ടേഷന്‍ സംഘമോ അല്ല ഇത്. മറിച്ച് ഈ കൂട്ടത്തിലുള്ള പലരും മുന്‍‌കാലത്ത് പല വിഷയങ്ങളിലും അന്യോന്യം വിമര്‍‌ശിക്കുകയും വിയോജിക്കുകയും ചെയ്തിട്ടുണ്ട് താനും. ചില പൊതുലക്ഷ്യങ്ങളുണ്ടെന്നതിന്റെ പേരില്‍ ഉദ്ദേശ്യശുദ്ധി ഇടിഞ്ഞുവീഴുമെങ്കില്‍ വീഴട്ടേന്ന്. :)

    അവസാനം ഇംഗ്ലീഷില്‍ പറഞ്ഞ കാര്യത്തിന് മറുപടി: You've already 'judged' that I am not wise enough to decide on what I should be doing; eh? Of course you are free to think so, friend. And I would rather say I am proud to be a part of this group.

  22. -: നീരാളി :- said...

    തീര്‍ച്ചയായും നിങ്ങളുടെ പക്ഷത്തുണ്ട്‌ ഞാനും ഉണ്ട്‌.
    എന്നാല്‍

    അങ്ങിനെയൊരു പക്ഷത്താണ്‌ നിങ്ങളെങ്കില്‍
    ഈ പക്ഷത്തും നിങ്ങളുണ്ടാവുമെന്ന്‌ ആശിക്കുന്നു :

    മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ

  23. N.J Joju said...

    കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നു മനസിലായി മാരീചരെ.

    അകത്തോലിയ്ക്കരും അക്രൈസ്തവരും ദൈവവിശ്വാസികളും അല്ലാത്തവരും മതമില്ലാത്തവരും മതമുള്ളവരും മലയാളിലും അല്ലാത്തതും ഇന്ത്യക്കാരനും അല്ലാത്തതുമായ ഒരാളുമായുള്ള സഹകരണത്തിനോ സഹവര്‍ത്തിത്വത്തിനോ സാഹോദര്യത്തിനോ എന്റെ മതസംവിധാനങ്ങളോ (പൗരോഹിത്യം ഉള്‍പ്പെടെയുള്ള)വിശ്വാസപ്രമാണങ്ങളോ തടസമല്ല. മതവിശ്വാസിയായിക്കൊണ്ട്, മതാചാരാനുഷ്ടാനങ്ങള്‍ പാലിച്ചുകൊണ്ട് മതസംവിധാനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള മാനവികതയിലും മതേതരത്വത്തിലും സാഹോദര്യത്തിലുമാണ് എനിയ്ക്ക് വിശ്വാസം.

    ഹിന്ദുമതത്തെയും ഇസ്ലാം മതത്തെയും ഞാന്‍ അംഗീകരിയ്ക്കുന്നു, ആദരിയ്ക്കുന്നു. ഹിന്ദുമതതത്വങ്ങള്‍ വിശദീകരിച്ചാലോ ഗീതവ്യാഖ്യാനിച്ചാലോ അതു ബ്ലോഗിലെഴുതിയാലോ പ്രതിലോമകരമാവുമെന്നുള്ള ചിന്താഗതി എനിയ്ക്കില്ല. ഹിന്ദുത്വമെന്നാല്‍ ഫാസിസമാണെന്നുള്ള ചിന്തയും എനിക്കില്ല


    മതങ്ങളോടൂം മതസംവിധാനങ്ങളോടൂം പൌരസ്ത്യമതേതരത്വത്തോടൂം മാനവികതയോടൂം വിശ്വസാഹോദര്യത്തോടൂം സോഷ്യലിസത്തോടൂം ജനാധിപത്യത്തോടൂം ഉള്ള എന്റെ പ്രതിബദ്ധത ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു. വര്‍ഗ്ഗീയതയോടൂം(മതം മാത്രമല്ല) ഫാസിസത്തോടൂം മതതീവ്രവാദങ്ങളോടൂമുള്ള എന്റെ എതിര്‍പ്പും രേഖപ്പെടുത്തുന്നു.

    “ലോകമേ തറവാടു തനിക്കീ ചെടികളും
    പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
    ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
    യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍”

    ആശയപരമായി പൊരുത്തപ്പെടുവാന്‍ സാധിയ്ക്കില്ല എന്നു മനസിലാവുന്നതുകൊണ്ട് ഈ ബ്ലോഗിനുള്ള പിന്തുണ ഞാന്‍ പിന്‍‌‌വലിയ്ക്കുന്നു.

  24. nalan::നളന്‍ said...

    മതനിരാസം ഈ ബ്ലോഗിന്റെ ലക്ഷ്യമോ നയമോ അല്ല.
    വ്യക്തികളുടെ മതാഭിമുഖ്യവും ഇവിടെ പ്രശ്നമല്ല.
    എന്നാല്‍ മതം പോലുള്ളവയുടെ ഫ്യൂഡല്‍ സ്വഭാവങ്ങളെ ഞങ്ങളെതിര്‍ക്കുക തന്നെ ചെയ്യും
    ഇപ്പറഞ്ഞതില്‍ നിന്നും മതത്തെ എതിര്‍ക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമായി കാണേണ്ടതില്ല.
    മതപരമായ വേര്‍തിരിവുകളില്ലാതാക്കുന്ന എല്ലാ സംരഭങ്ങള്‍ക്കും ഞങ്ങളുടെ പിന്തുണയുണ്ടായിരിക്കുന്നതാണു.

  25. ചന്ത്രക്കാറന്‍ said...

    വേര്‍ത്തിരിവല്ലെങ്കില്‍ പിന്നെ എന്താണ് മതം? മതനിരാസം ആശയപരമായി തീര്‍ത്തും അപ്രസക്തമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം; ആശയപരമായ നിലനില്‍ക്കാത്ത ഒന്നിനെ ആശയപരമായി നിരാകരിക്കാനുമാവില്ല. അതേ സമയം സാമൂഹികതലത്തില്‍, സകലവ്യവഹാരങ്ങളിലും സ്വാധീനം ചെലുത്തുന്ന ശക്തി എന്ന നിലയില്‍ മതത്തെ ഒരിക്കലും അവഗണിക്കാനുമാവില്ല.

    അപ്പോള്‍ മതത്തെ ആശയപരമായി അവഗണിക്കുകയും സാമൂഹ്യശക്തിയെന്ന നിലയില്‍ പരിഗണിക്കുകയും വേണമെന്നാണ് എന്റെ അഭിപ്രായം. വളരെ വ്യക്തിപരമായിപ്പറഞ്ഞാല്‍ മതം ഒരു ഇനെവിറ്റബിള്‍ സോഷ്യല്‍ ഈവിള്‍ ആണ്. പക്ഷേ അതല്ല ഈ ബ്ലോഗിന്റെ വിഷയം.

    ഇത് മതത്തിന്റെ പേരിലുള്ള എല്ലാവിധ വിവേചനങ്ങളേയും എതിര്‍ക്കുന്ന ഒന്നാണ്, അത്തരത്തില്‍ ചിന്തിക്കുന്ന ആര്‍ക്കും സ്വാഗതം. മതനിരാസം ഈ ബ്ലോഗില്‍ പങ്കാളികളായുള്ള വ്യക്തികളില്‍ ചിലരുടെ വ്യക്തിപരമായ ആഭിമുഖ്യങ്ങളിലുണ്ടാകാം, പക്ഷെ ഈ ബ്ലോഗിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ മതനിരാസമില്ല. മതത്തിന്റെ സംഘടനാരൂപങ്ങളില്‍ അന്തര്‍ലീനമായുള്ള ഫാസിസ്റ്റ് സ്വഭാവത്തോടുള്ള എതിര്‍പ്പ് ഈ ബ്ലോഗിലുണ്ടാവും, പക്ഷേ മതത്തിന്റെ വിശ്വാസരൂപങ്ങളെ ചെറുക്കുക എന്നത് ഈ ബ്ലോഗിന്റെ ലക്ഷ്യമല്ല.

    ആശയപരമായി യോജിക്കാന്‍ കഴിയില്ല എന്ന് ജോജു പറഞ്ഞത് ഒന്നു വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു. മതനിരാസമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് മതേതരത്വത്തോടാണോ ജോജുവിന് വിയോജിപ്പുള്ളത്? “പൌരസ്ത്യമതേതരത്വം” എന്നെഴുതിയതും മനസ്സിലായില്ല. സോഷ്യലിസത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന് ഇവിടെ എഴുതിയത് ജോജുവിന്റെ മുന്‍‌നിലപാടുകളോടും കത്തോലിക്കാസഭയുടെ പ്രായോഗികനിലപാടുകളോടും കടകവിരുദ്ധം കൂടിയാണ്.

  26. മാരീചന്‍ said...

    ക്ഷമിക്കണം ജോജൂ...
    ഏത് ഗുരുനാഥനെക്കുറിച്ചാണോ വളളത്തോള്‍ ഈ വരികളെഴുതിയത്, ആ മഹാന്റെ നെഞ്ചിലേയ്ക്ക് നിറയൊഴിച്ച മതഭീകരത, ചോരയൊലിക്കുന്ന ദംഷ്ട്രകളുമായി മനുഷ്യന്റെ സ്വസ്ഥതയും സ്വൈരതയും നശിപ്പിക്കാന്‍ വല്ലാതെ വളരുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.

    ത്രിസന്ധ്യയ്ക്ക് നിലവിളക്കിനു മുന്നില്‍ നാമം ജപിക്കുന്ന പാവം അമ്മൂമ്മയെയും, തകര്‍ന്ന് വീഴുന്ന ബാബറി മസ്ജിദിന്റെ മുന്നില്‍ നിന്ന് അട്ടഹസിച്ച ഉമാഭാരതിയെയും ഒരേപോലെ കാണാനുമാകില്ല..

    ഒരു സഹായത്തിന് എന്നും തനിക്കൊപ്പം ഈശ്വരനുണ്ടാകുമെന്ന് വിശ്വസിക്കുന്ന ദൈവവിശ്വാസിയും, ജനതയുടെ ഈശ്വരവിശ്വാസത്തിന് കപ്പം വാങ്ങി തിന്നു കൊഴുക്കുന്ന പൗരോഹിത്യവും ഒന്നുപോലെ കാണേണ്ടവരല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. രണ്ടിനും വെയിറ്റേജ് രണ്ടാണ്..

    അതുകൊണ്ടു തന്നെ,
    താരകാമണിമാല ചാര്‍ത്തിയാലതും കൊളളാം
    കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊളളാം..
    എന്ന് സമാധാനിക്കാനാവില്ല..

    ജോജുവിന് ആശയപരമായി ഒരിക്കലും പൊരുത്തപ്പെടാവില്ലെന്ന് ഉറപ്പിച്ചു പറയുന്നതില്‍ നിന്നു തന്നെ ഈ ബ്ലോഗിനോടൊപ്പം ചേരാനുളള തീരുമാനം തെറ്റിയില്ലെന്ന് ഞാനും മനസിലാക്കുന്നു. അതു കൊണ്ടു തന്നെ കുറേകൂടുതല്‍ പിന്തുണ ഇപ്പോള്‍ നല്‍കുകയും ചെയ്യുന്നു.

  27. യാരിദ്‌|~|Yarid said...

    ഭാവുകങ്ങള്..!

  28. vimathan said...

    ഒരു “ നിഷ്പക്ഷന്‍ ” അല്ലാത്തത് കൊണ്ട് തന്നെ ഞാനും ഈ ബ്ലൊഗ് കൂട്ടായ്മയെ പിന്‍ തുണയ്ക്കുന്നു. എല്ലാവിധ ഭാവുകങളും, അഭിവാദ്യങളും.

  29. Radheyan said...

    മതങ്ങളെ വേലികെട്ടി തിരിച്ചത് മതങ്ങള്‍ തന്നെയാണ്.പലപ്പോഴും പല മതങ്ങളും തിണ്ണമിടുക്ക് കാട്ടിയാണ് ഇത് ചെയ്യുന്നത് എന്നത് കൊണ്ട് കൂടിയാണ് ഭൂരിപക്ഷ മത രാഷ്ട്രീയം കൂടുതല്‍ അപകടകാരിയാവുന്നത്.

    മതത്തിന്റെ ചൂഷണസ്വഭാവത്തെ കുറിച്ച് ഈ ബ്ലോഗിലെ അംഗങ്ങള്‍ ബോധവാന്‍‌മാരാണെങ്കിലും ഈ ബ്ലോഗിന്റെ ലക്‍ഷ്യം മതനിരാസമല്ല.മറിച്ച് ഓരോ വ്യക്തിക്കും ഓരോ കൂട്ടായ്മക്കും (അത് എത്ര ചെറുതും അപ്രസക്തവും ആയിക്കൊള്ളട്ടെ) അവനു ബോധിച്ച വിശ്വാസങ്ങളെ മുറുകെപിടിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ഫാസിസത്തില്‍ നിന്നും രക്ഷിക്കാനുള്ള എളിയ ശ്രമമാണ് ഇത്.

    പക്ഷെ പാലാഴി കടഞ്ഞ് വരുമ്പോള്‍ അമൃത് വന്നപോലെ മതാതീതമായ ആത്മീയത ഈ ബ്ലോഗില്‍ ഉയര്‍ന്ന് വന്നേക്കാം.കാരണം മതം അപ്രസക്തമാണെന്നും മനുഷ്യനാണ് പ്രസക്തമെന്നും ഈ ബ്ലോഗിലെ അംഗങ്ങള്‍ കരുതുന്നു.

    നമ്മളില്‍ ഹിന്ദു രക്തമോ കൃസ്ത്യാനി രക്തമോ മുസ്ലീം രക്തമോ ഇല്ലെന്നും നമ്മളില്‍ മാനവരക്തം മാത്രമാണ് ഉള്ളതെന്നും പൂര്‍ണ്ണ ബോധ്യമുള്ളവര്‍ ഈ സംരംഭത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കും എന്ന ഉറപ്പോടെ....

  30. Radheyan said...

    കമന്റുകള്‍ക്കായി

  31. myexperimentsandme said...

    സഹിഷ്ണുത എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് തങ്ങള്‍ ഉദ്ദേശിക്കുന്ന/ആഗ്രഹിക്കുന്ന രീതിയല്ലല്ലാതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ പറയുന്നതും കേള്‍ക്കാനും മുന്‍‌വിധികള്‍ കൂടാതെ തന്നെ അവരോട് സംവദിക്കാനും വ്യക്തമായ തെളിവുകളോടുകൂടി ആശയപരമായി അവരോട് വിയോജിപ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാനുമൊക്കെയുള്ള മനസ്ഥിതിയാണ്. അതുപോലെതന്നെ പരസ്പര ബഹുമാനവും. നമ്മളാണ് ശരി, നമ്മള്‍ മാത്രമാണ് ശരി എന്നതും ഫാസിസത്തിന്റെ തുടക്കമാണല്ലോ.

    വര്‍ഗ്ഗീയത, ഫാസിസം, അവര്‍ണ്ണരെന്ന് വിളിക്കപ്പെടുന്നവരും സവര്‍ണ്ണരെന്ന് വിളിക്കപ്പെടുന്നവരും തമ്മിലുള്ള പ്രശ്നങ്ങള്‍ മുതലായ പല കാര്യങ്ങളിലും, എന്റെ നിരീക്ഷണത്തില്‍, അത്തരത്തിലുള്ള സഹിഷ്ണുത ബ്ലോഗില്‍ പലപ്പോഴും കാണാറില്ല. ഒരേ അഭിപ്രായക്കാര്‍ കൂടിയിരുന്ന് ഒരേ കാര്യം സംസാരിച്ച് അത് അവസാനം അവരെല്ലാവരും കൂടി ശരിവെക്കുന്നതല്ലല്ലോ ഇവിടെ വേണ്ടത്. എതിരഭിപ്രായക്കാരന്റെ അഭിപ്രായം തെറ്റാണെന്ന് ബോധ്യമുണ്ടെങ്കില്‍ അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തി ആ തെറ്റ് തിരുത്തിക്കുന്നതിലല്ലേ കാര്യം. അതിനുള്ള അന്തരീക്ഷം ഉണ്ടാക്കുന്നതിലാണ് വിജയമിരിക്കുന്നത്. ഇത് ബ്ലോഗാണെന്നും ആശയങ്ങളാണ് ഇവിടെ പ്രസക്തമെന്നും ഉള്ള കണ്‍സെപ്റ്റിലാണ് ഞാന്‍ പറഞ്ഞത്.

    മഹാത്മാഗാന്ധിയുടെ സ്വീകാര്യത അദ്ദേഹത്തിന്റെ വധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്നത് എത്രമാ‍ത്രം ശരിയാണ്? അദ്ദേഹം വധിക്കപ്പെടുന്നതിന് മുന്‍പ് അതേ സ്വീകാര്യത എത്രയോ പേരുടെ ജീവന്‍ രക്ഷപെടുത്തിയിരിക്കുന്നു? പല വര്‍ഗ്ഗീയ ലഹളകളും അദ്ദേഹം മുന്‍‌കൈ എടുത്ത് ശമിപ്പിച്ചില്ലേ?

    പരാജിതാ, രാജീവേ, ഇത് ബ്ലോഗല്ലേ. ഇവിടെ സഹിഷ്ണുതയും ആശയങ്ങളെ ആള്‍ക്കാരുടെ ബേസിക് ഇന്റലിജന്റ്സിനെ ചോദ്യം ചെയ്യാതെ, വ്യക്തമായ തെളിവുകളോടെ ഖണ്ഡിക്കുകയുമൊക്കെയല്ലേ പറ്റൂ? ഏതൊരാള്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള അന്തരീക്ഷമാണ് ആദ്യം വേണ്ടത്. അതിന് ഏറ്റവും അത്യാവശ്യം അങ്ങോട്ടുമിങ്ങോട്ടുമുള്ള സഹിഷ്ണുതയാണ്.

    രാജീവ് പറയുന്നു ഭൂരിപക്ഷവര്‍ഗ്ഗീയതയാണ് ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക് വളം വെക്കുന്നതെന്ന്. ന്യൂനപക്ഷ വര്‍ഗ്ഗീയതയാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കും വളം വെക്കുന്നതെന്ന് ഒരാള്‍ക്ക് പറയാന്‍ തോന്നിയാല്‍ അയാള്‍ക്ക് അത് ഇവിടെ വന്ന് പറയാനും അതും കേള്‍ക്കാനും അയാളോട് സമാധാനത്തോടെ സംവദിക്കാനും കഴിയണം. ബ്ലോഗ് പോസ്റ്റുകളില്‍ കമന്റുകള്‍ വന്നില്ലെങ്കിലും പക്ഷക്കാരും നിഷ്‌പക്ഷക്കാരും കയ്യാലപ്പുറത്തിരിക്കുന്നവരും എല്ലാം പോസ്റ്റുകള്‍ വായിക്കുന്നുണ്ട്. ഓരോ പോയിന്റും എങ്ങിനെ അവതരിക്കപ്പെടുന്നു, അഭിപ്രായങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു എന്നതെല്ലാം ഇതുപോലൊരു ഉദ്യമത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്നാണ് എന്റെ അഭിപ്രായം. ഇതുപോലുള്ള എത്രയോ സംരംഭങ്ങള്‍ ഇതിനു മുന്‍പും ബ്ലോഗിന് പുറത്തും അകത്തും ആള്‍ക്കാ‍ര്‍ തുടങ്ങി? എന്നിട്ടും ഇതുപോലൊരു ബ്ലോഗ് ഉണ്ടാക്കേണ്ടി വന്ന അന്തരീക്ഷം ഇപ്പോഴും നിലനില്‍‌ക്കുന്നുണ്ടെങ്കില്‍ അപ്രോച്ച് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

    കവിതയിലൂടെയും കഥയിലൂടെയും സംവാദത്തിലൂടെയും ഉപയോഗിക്കാവുന്ന എല്ലാ ഫോറത്തിലൂടെയും അവരുടെ നിലപാടുകളെ എതിര്‍ത്തു തോല്‍പ്പിക്കുക

    എങ്ങിനെ? മനുഷ്യനെ ചുട്ടുകൊല്ലാന്‍ പോകുന്നവനോ അവന് ചൂട്ട് കത്തിച്ചുകൊടുക്കുന്നവനോ ഈ കവിതയും കഥയും സംവാദവും കേട്ട് മനസ്സ് മാറി ആ പ്രവര്‍ത്തിയില്‍ നിന്ന് പിന്‍‌വാങ്ങണം, അവന് പശ്ചാത്താപം ഉണ്ടാവണം. അതിന് അവന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവണം. വളരെ ലളിതമായ രീതിയില്‍ ആ മാനസികാവസ്ഥയിലും അവന് മനസ്സിലാവുന്ന രീതിയില്‍ കാര്യങ്ങള്‍ പറയണം. ചുട്ടുകൊല്ലുക എന്ന പ്രവര്‍ത്തി ചെയ്യാന്‍ അവനെ നയിച്ച കാരണങ്ങളെന്തൊക്കെയാണെന്ന് അറിയണം. അസാമാന്യ ക്ഷമയും സഹിഷ്ണുതയും വേണം. അല്ലെങ്കില്‍ കവിതയിലൂടെയും കഥയിലൂടെയും സംവാദത്തിലൂടെയും ഉപയോഗിക്കാവുന്ന എല്ലാ ഫോറത്തിലൂടെയും അവരുടെ നിലപാടുകളെ എതിര്‍ക്കുക മാത്രമേ നടക്കൂ, തോല്‍‌പിക്കല്‍ നടക്കണമെന്നില്ല.

    ധാരാളം സാധ്യതകളുള്ള ബ്ലോഗ് പോലുള്ള മാധ്യമങ്ങളും അത് ഉപയോഗിക്കുന്നവരുടെ ഊര്‍ജ്ജവും എന്തിനൊക്കെക്കൂടിയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് വാച് ഡോഗിന്റെ കമന്റില്‍ നിന്നും മനസ്സിലായിക്കാണുമല്ലോ.

  32. Dinkan-ഡിങ്കന്‍ said...

    മഹാത്മാഗാന്ധി വധത്തില്‍ തീരുമാനമായോ?
    ആണെങ്കില്‍ അടുത്തതായി അഴീക്കോടന്‍ വധം പരിഗണിക്കാന്‍ അപേക്ഷ

  33. myexperimentsandme said...

    എത്‌നിക് ക്ലെന്‍സിങ്ങ് എന്ന കുടിലമായ ആശയത്തോട് പരസ്യാഭിമുഖ്യം പ്രഖ്യാപിച്ചിട്ടുള്ളവര്‍ നയിച്ചിരുന്ന ഒരു പ്രസ്ഥാനത്തിന്റെ തോക്കിനിരയായ ഗാന്ധിജിക്ക് (അവരുടെ ഭാഗത്തുനിന്ന്) കിട്ടിയത് സ്വീകാര്യതയാണെന്ന് എത്ര ഉദാസീനമായാണ് വക്കാരി പറഞ്ഞുവച്ചത്!

    അത്രയ്ക്കൊന്നും പോകേണ്ട പരാജിതാ. രണ്ട് പക്ഷമുള്ളപ്പോളാണ് പ്രശ്നങ്ങളുള്ളതെന്നും രണ്ട് പക്ഷക്കാര്‍ക്കും പറയാനുള്ളത് പറയാനും കേള്‍ക്കാനുള്ളത് കേള്‍ക്കാനുമുള്ള ഒരു വേദിയും കൂടിയാവട്ടെ ഈ ബ്ലോഗ് എന്ന ഉദ്ദേശത്തിലാണ് ഞാന്‍ മഹാത്മാഗാന്ധിയെ ഉദാഹരണമാക്കി അങ്ങിനെ പറഞ്ഞത്. വര്‍ഗ്ഗീയ ലഹളകളുണ്ടായപ്പോള്‍ ഇരു പക്ഷത്തിനുമുള്ള സ്വീകാര്യത അത്തരം പല ലഹളകളും ശമിപ്പിക്കാനും കുറച്ചുപേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാനും മഹാത്മാഗാന്ധിയുടെ ഇടപെടലുകള്‍ വഴി കഴിഞ്ഞിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതിനുപകരം അദ്ദേഹത്തിന്റെ വധം മാത്രം ഫോക്കസ് ചെയ്തു!

    നേരത്തെ പറഞ്ഞതുപോലെ ഒരേ അഭിപ്രായമുള്ള കുറെപ്പേര്‍ ചേര്‍ന്ന് പോസ്റ്റെഴുതി കമന്റിട്ട് അവസാനം എല്ലാവരും കൈകൊടുത്ത് പിരിയുന്നതല്ലല്ലോ വേണ്ടത്.

  34. N.J Joju said...

    മതങ്ങള്‍ അഹിതങ്ങളായ വേര്‍തിരിവുകളാണ് എന്നു പ്രഖ്യാപിയ്ക്കുന്ന ഒരു ബ്ലോഗില്‍ മതനിരാസമില്ല എന്നു പറയുന്നതു മനസിലാക്കാനുള്ള വിവരം എനിയ്ക്കില്ല. എങ്കിലും ചന്ത്രകാരനും രാധേയനും ഒക്കെ അങ്ങിനെ പറയുന്നതുകൊണ്ട് ഞാന്‍ അത് വിശ്വസിയ്ക്കാം.

  35. N.J Joju said...

    പൌരസ്ത്യ മതേതരത്വം
    ഗാന്ധിജി തികഞ്ഞ മതവിശ്വാസിയായിരുന്നു. പക്ഷേ അദ്ദേഹം മതേതരവാദിയുമായിരുന്നു. ഇതായിരിയ്ക്കും പൌരസ്ത്യ മതേതരത്വത്തിനുള്ള ഏറ്റവും നല്ല ഉദാഹരണം. സ്വന്തം മതത്തില്‍ വിശ്വസിയ്ക്കുകയും മറ്റു മതങ്ങളെ ആദരിയ്ക്കുകയും അവയോട് സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്യുന്നതാണ് പൌരത്യമതേതരത്വം. നമ്മുടെ ഭരണഘടന ഇത്തരത്തില്‍ ഉള്ള ഒരു മതേതരത്വമാണ് മതേതരത്വം എന്നതുകൊണ്ട് ഉദ്ദ്യേശിയ്ക്കുന്നതെന്നു തോന്നുന്നു. അതുകൊണ്ടാണ് മതസ്വാതന്ത്ര്യത്തെയും മതങ്ങളുടെ അവകാശങ്ങളെയും പറ്റിയൊക്കെ പരാമര്‍ശിയ്ക്കുന്നത്.

    പാ‍ശ്വാത്യമതേതരത്വത്തില്‍ മതം എന്നത് ചിന്താവിഷയമാകുന്നതേയില്ല. ഉദാഹരണം അമേരിയ്ക്ക.

    ഞാന്‍ ക്രിസ്ത്യാനിയാണ്, കത്തോലിയ്ക്കാസഭാ വിശ്വാസിയാണ്. ഞാന്‍ അതിലെ പൌരോഹിത്യത്തെയും അതിന്റെ നിലപാടുകളെയും എന്റെ നിലപാടുകള്‍ക്കും ബോധ്യങ്ങള്‍ക്കും വിരുദ്ധമാകാത്തിടത്തോളം കാലം അനുകൂലിയ്ക്കുക തന്നെ ചെയ്യും. ആചാരാനുഷ്ടാനങ്ങളില്‍ ഭാഗഭാകാവുകയും ചെയ്യും. ഞാന്‍ ഭഗവത് ഗീത വായിയ്ക്കും. സന്ദീപ് ചൈതന്യയുടെ ഗീതാവ്യാഖ്യാനങ്ങള്‍ ശ്രദ്ധിയ്ക്കും. പണിക്കര്‍ മാഷ് ഹിന്ദുമതത്തെക്കുറിച്ച് എഴുതുന്നതു വായിയ്ക്കും.
    ഇസ്ലാം മതത്തോടുള്ള എന്റെ നിലപാടും അങ്ങിനെതന്നെ. എല്ലാമതങ്ങളെയും കത്തോലിയ്ക്കാ സഭ ബഹുമാനിയ്ക്കുന്നു എന്നും എല്ലാ മനുഷ്യരെയും പ്രകാശിപ്പിയ്ക്കുന്ന സത്യത്തിന്റെ കിരണങ്ങള്‍ എല്ലാമതങ്ങളിലുമുണ്ടെന്നും കത്തോലിയ്ക്കാ സഭ പഠിപ്പിയ്ക്കുന്നു(അക്രൈസ്തവമതങ്ങളെപറ്റിയുള്ള രണ്ടാം വത്തിയ്ക്കാന്‍ കൌണ്‍സിലിന്റെ പ്രമാണരേഖ, OCTOBER 28, 1965).
    മതവിശ്വാസിയായിരിയ്ക്കെത്തന്നെ മതവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടൂ തന്നെ മറ്റുമതസ്ഥരെയും നിരീശ്വരവദികളെയും അംഗീകരിയ്ക്കാനാവുന്നതാണ് എന്റെ മതേതരത്വം.

    അതേസമയം മതവിശ്വാസം കഴിവതും ഉപേക്ഷിച്ചുകൊണ്ട് കഴിവതും മതവിശ്വാസം മറച്ചുപിടിച്ചുകൊണ്ട് മതത്തെ ആക്ഷേപിയ്കാനും അവഹേളിയ്ക്കുവാനുമുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ചുകൊണ്ട് മതത്തെ വേര്‍തിരിവുകളായി കണ്ടുകൊണ്ട് മതത്തെ ഹിതകരമല്ലാത്തെ എന്തോ ആയി കണ്ടുകൊണ്ടൂള്ള മതേതരത്വമാണ് ഈ ബ്ലോഗ് ലക്ഷ്യം വയ്ക്കുന്നതെന്നു സംശയിയ്ക്കുവാന്‍ ഈ ബ്ലോഗര്‍മാരുടെ മുന്‍‌നിലാ‍പാടുകള്‍ പ്രേരിപ്പിയ്ക്കുന്നു.
    അതിനോട് എനിയ്ക്ക് യോജിപ്പില്ല.

    (അതുതന്നെയാണ് ഇന്ത്യയുടെ മതേതരത്വവും സിപി‌എം മുന്‍പോട്ടൂവയ്ക്കുന്ന മതേതരത്വവും തമ്മിലുള്ള വ്യത്യാസം എന്നാണ് ഞാന്‍ മനസിലാക്കിയിട്ടൂള്ളത്)

  36. N.J Joju said...

    സോഷ്യലിസം

    സൊഷ്യലിസത്തെക്കുറീച്ചുള്ള ‘താത്വിക’ ഗ്രന്ഥങ്ങളൊന്നും ഞാന്‍ പഠിച്ചിട്ടീല്ല. സാമ്പത്തികസമത്വം എന്നതില്‍ ഞാന്‍ വിശ്വസിയ്ക്കുന്നുമില്ല. അതേസമയം സമ്പത്തിന്റെയോ സാമൂഹിക ചുറ്റുപാടുകളുടെയോ പോരാ‍യ്മകൊണ്ട് ഒരാള്‍ക്ക് അയാളര്‍ഹിയ്ക്കുന്നത് കിട്ടാതെപോകരുത് എന്നു വിശ്വസിയ്ക്കുന്നു. അവസരസമത്വം ഞാന്‍ ആഗ്രഹിയ്ക്കുന്നു.

    ഒരു കഥപറയാം. കടപ്പാട് കമലഹാസനോട്.
    ഒരാള്‍ മീന്‍ പിടിയ്ക്കുന്നു, കഴിയ്ക്കുന്നു. മറ്റൊരള്‍ പട്ടിണീകിടക്കുന്നു. മൂന്നു സാധ്യതകള്‍
    1)പട്ടിണീകിടക്കുന്നയള്‍ കരുതുന്നു ഇതു പുഴയിലെ മീനാണ്. ആര്‍ക്കും സ്വന്തമല്ലാത്തപുഴയിലെ മീനിന് എനിയ്ക്കും തുല്യ അവകാശമുണ്ട്. അതുകൊണ്ട് ആ മീനിന്റെ പകുതി എനിയ്ക്ക് അവകാശപ്പെട്ടതാണ്.
    2) പട്ടിണികണ്ടു മനസലിഞ്ഞിട്ടോ സാഹോദര്യം നിമിത്തമോ മീനിന്റെ പകുതി കൊടുക്കാന്‍ മീന്‍ പിടിച്ചയാള്‍ തയ്യാറാവുന്നു.
    3) പട്ടിണീ കിടക്കുന്നയാള്‍ക്ക് ഒരു ചൂണ്ടവാങ്ങിക്കൊടുക്കുന്നു

    ഈ മൂന്നു സന്ദര്‍ഭങ്ങളെയും സോഷ്യലിസമായി വ്യാഖ്യനിയ്ക്കാം. ഇതില്‍ ആദ്യത്തേത് തീവ്ര ഇടതുപക്ഷവിഭാഗങ്ങള്‍ മുന്‍പോട്ടുവയ്ക്കുന്നതാണ്. രണ്ടാമത്തേത് സന്നദ്ധസംഘടനകള്‍ ചെയ്യാറുള്ളതാണ്.
    ഇതില്‍ മൂന്നാമത്തേതിനോടാണ് എനിയ്ക്കു താത്പര്യം. അതു സോഷ്യലിസമാണെങ്കില്‍ അതാണ് എന്റെ സോഷ്യലിസം.

    ചന്ത്രക്കാരാ,

    ഇത് എന്റെ പൂര്‍വ്വ നിലപാടുകള്‍ക്കോ കത്തോലിയ്ക്കാസഭയുടെ നിലപാടുകള്‍ക്കോ വിരുദ്ധമാണെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല.

  37. Prasanna Raghavan said...

    മതേതരത്വം, മതനിരപേക്ഷത, മതനിരാസം ഇവ തമ്മിലുള്ള സമാ‍നത, അസമാനത ഇവ ആരെങ്കിലും വ്യക്തമാക്കുമെന്നു കരുതുന്നു.

    ഈ ബ്ലോഗുകൂട്ടായ്മയുടെ ഉദ്ദേശത്തെ മാനിക്കുന്നു.

    ആശയനവീകരണത്തിനും അതു വഴി സത്വപരിണാമത്തിനും ഉപാധിയാകാന്‍ കഴിവുള്ള ബ്ലൊഗെന്ന മധ്യമം കേവലം ഗോസിപ്പിനും, പുകഴ്ത്തലിനും, കക്ഷിചേരലിനും, രാഷ്ട്ര്രിയപഴങ്കഞ്ഞി ഒഴുക്കിനും പൊതുവെ ഉപയോഗിക്കുന്ന ഈ വേളയില്‍ ഇത്തരം വേറിട്ട ഒരു ചിന്ത ആശക്കു വക തരുന്നു.

    എന്നാലും ഇതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ എങ്ങനെ എത്തിച്ചേരുമെന്നുള്ളതിനെക്കുറീച്ചു ആശങ്കയുണ്ട്.

    ആശംസകളോടെ

    മാവേലികേരളം

  38. പരാജിതന്‍ said...

    വക്കാരീ,
    ആശയപരമായ സംവാദമാണ് ബ്ലോഗില്‍ പ്രധാനമായും സാധ്യമാകുന്നതെന്നത് വളരെ ശരി തന്നെ. ആ സാധ്യത നിലനിര്‍‌ത്തുന്നതില്‍ സഹിഷ്ണുതയ്ക്കുള്ള പങ്കിനെപ്പറ്റിയും ആരും തര്‍‌ക്കിക്കുകയില്ല. പക്ഷേ അത്തരം സംവാദങ്ങള്‍ ഫലവത്താകുന്നതിന് സഹിഷ്ണുത മാത്രം പോരാ. ആര്‍‌ജ്ജവമെന്ന ഗുണം, അതിനെ വിപുലീകരിച്ചാല്‍ കിട്ടുന്ന ബൌദ്ധികസത്യസന്ധത എന്ന കൂടുതല്‍ നിര്‍‌ണ്ണായകമായ മാനസികാവസ്ഥ ഇതൊക്കെയാണ് ഏതൊരു സംവാദത്തെയും സാര്‍‌ത്ഥകമാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സംവാദത്തില്‍ പങ്കെടുക്കുന്ന ഒരാള്‍‌ക്ക് ചുരുങ്ങിയ പക്ഷം പ്രസ്തുത വിഷയത്തിലെങ്കിലും താന്‍ ബൌദ്ധികമായ സത്യസന്ധത പുലര്‍‌ത്തുന്നുണ്ടോ എന്നു നിരന്തരം പരിശോധിക്കാനുള്ള ബാധ്യതയുണ്ട്. അല്ലാതെ, “ഞാനൊരു കാര്യം പറയും, നിങ്ങള്‍ അതിലെ ന്യൂനത മനസ്സിലാക്കി വിമര്‍‌ശനമുന്നയിച്ചാല്‍ ഞാന്‍ വരാലിനെപ്പോലെ വഴുതിമാറി നേരത്തെ പറഞ്ഞതിനെ വേറൊന്നാക്കിമാറ്റും. അപ്പോഴും നിങ്ങള്‍‌ക്ക് വിമര്‍‌ശിക്കാം. പക്ഷേ വഴുതാനുള്ള അവകാശം അപ്പോഴും ഞാന്‍ ഉപയോഗിക്കും” എന്ന ലൈന്‍ ഒരാള്‍ സ്വീകരിച്ചാല്‍ അത് സഹിഷ്ണുതയുടെ ഡെമോണ്‍‌സ്ട്രേഷനായോ സഹിഷ്ണുത പുലര്‍‌ത്താനുള്ള ആഹ്വാനമായോ കരുതാന്‍ ബുദ്ധിമുട്ടാകും. ഒന്നുകില്‍ കയര്‍‌ക്കുക അല്ലെങ്കില്‍ അവഗണിക്കുക എന്ന നിലപാടിലേക്ക് എതിര്‍‌പക്ഷത്തിനെ ബോധപൂര്‍‌വ്വം കൊണ്ടെത്തിക്കുന്ന തന്ത്രമാണതെന്നു പറയേണ്ടി വരും. എല്ലാത്തരം പ്രകോപനങ്ങളെയും അതിജീവിക്കുന്ന വിദ്യ ഒരു പക്ഷേ ഗാന്ധിജി പോലും കണ്ടുപിടിച്ചിട്ടുണ്ടായിരിക്കില്ല. അദ്ദേഹവും ഒരു മനുഷ്യനായിരുന്നല്ലോ.

    സഹിഷ്ണുത പോലും ഒട്ടൊക്കെ ആപേക്ഷികമായ ഒന്നാണ്. ബാബു ബജ്രാംഗിയോട് സഹിഷ്ണുതയോടെ “എന്നെ തൂക്കിക്കൊന്നാലും വേണ്ടില്ല, അതിനു മുമ്പ് അമ്പതായിരം മുസ്ലീങ്ങളെയെങ്കിലും കൊല്ലാന്‍ അവസരം തരൂ..” എന്നൊക്കെ പ്രസ്താവിക്കുന്നത് ധാര്‍‌മ്മികതയ്ക്കു നിരക്കുന്നതാണോ ചങ്ങാതീ, പറയൂ എന്താണ് താങ്കളുടെ യഥാര്‍‌ത്ഥപ്രശ്നം എന്ന ലൈനില്‍ ചര്‍‌ച്ച ചെയ്യണമെന്ന് തലയ്ക്കു വെളിവുള്ള ആരെങ്കിലും പറയുമോ? മറിച്ച് അയാളെപ്പോലുള്ളവര്‍‌ക്ക് ഉചിതമായ ശിക്ഷ നല്‍കാന്‍ നമ്മുടെ ജനാധിപത്യസംവിധാനത്തിന് കഴിയാത്തതെന്തു കൊണ്ട് എന്നൊരു ചര്‍‌ച്ചയില്‍ സഹിഷ്ണുതയ്ക്ക് റോളുണ്ട്. പക്ഷേ അവിടെയും തീര്‍‌ത്തും ദുര്‍‌ബലമായ എതിര്‍‌വാദങ്ങള്‍ അടിച്ചു പരത്തി 500 പേജാക്കിയത് തുറന്നു വച്ചു വായിച്ചാല്‍ ഒരു പക്ഷേ സഹിഷ്ണുതയെ തീവ്രപരിചരണവിഭാഗത്തില്‍ അഡ്‌മിറ്റ് ചെയ്യേണ്ടി വരും.

    അതെന്തായാലും വക്കാരി ആദ്യകമന്റില്‍ പറഞ്ഞത് “..അദ്ദേഹത്തിന് ഇരുപക്ഷത്തുനിന്നും കിട്ടിയ സ്വീകാര്യത..” എന്നായിരുന്നു. ആ പറച്ചിലില്‍ തീര്‍‌ച്ചയായും അനൌചിത്യവും ചരിത്രനിരാസവുമുണ്ടെന്നതാണ് ഞാന്‍ പറയാന്‍ ശ്രമിച്ച പോയിന്റ്. ഗാന്ധിവധം ഒറ്റ ദിവസം, ഒരു ശപിക്കപ്പെട്ട നിമിഷത്തില്‍ നടന്ന സംഗതിയാണോ? ഗാന്ധിജി ഇന്ത്യന്‍ ജനതയ്ക്ക് സ്വീകാര്യനായതും നാഷനല്‍ ഐക്കണ്‍ ആയി മാറിയതും സുദീര്‍‌ഘമായ സ്വാതന്ത്ര്യസമരപ്രക്രിയയില്‍ അദ്ദേഹം സ്വീകരിച്ച സ്ട്രാറ്റജികളുടെയും സഹനസമരമെന്ന ത്രസിപ്പിക്കുന്ന ആശയത്തിന്റെയും മറ്റും ഫലമായായിരുന്നു. പക്ഷേ സ്വാതന്ത്ര്യലബ്ധിക്കു മുമ്പു തന്നെ മുസോലിനിയെയും ഹിറ്റ്‌ലറെയും മനസാ‍ വരിച്ച്, ഇന്ത്യയെ ഒരു പരിപൂര്‍‌ണ്ണഹിന്ദുരാഷ്ട്രമായി വിഭാവനം ചെയ്തു മനപ്പായസമുണ്ടിരുന്നവര്‍‌ക്ക് ഗാന്ധിജിയുടെ മതസൌഹാര്‍‌ദ്ദനിലപാടുകള്‍ സ്വീകാര്യമായിരുന്നോ? അവരുടെ ക്രോധം തടുക്കാന്‍ സഹിഷ്ണുതയുടെ ആചാര്യനായിരുന്ന ഗാന്ധിജിക്കോ അനുയായികള്‍‌ക്കോ ഒരിക്കലും കഴിഞ്ഞില്ലെന്നതാണ് സത്യം. അതിലേക്കാണ് ഗാന്ധിവധം വിരല്‍ ചൂണ്ടുന്നതും. തെരുവിലെ ലഹളയ്ക്കിടയിലേക്ക് ഗാന്ധിജിയെപ്പോലെ സമാരാധ്യനായ ഒരു നാഷനല്‍ ഐക്കണ്‍ ഇറങ്ങിച്ചെന്നാലുണ്ടാകുന്ന തല്‍‌കാലശാന്തിയെപ്പറ്റി പറഞ്ഞ് ലളിതവത്കരിക്കാന്‍ പറ്റിയ വിഷയമല്ല അത്.

    (ബ്ലോഗ് പോലുള്ള മാധ്യമങ്ങള്‍ ആളുകള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ സംബന്ധിച്ച് വാച്ച് ഡോഗ് പറയാതെ വിട്ട ഒരു കഥയുമുണ്ട്. മരണമൊഴി എന്നൊരു ബ്ലോഗറിന്റെ കഥ. ഇന്ന് സഹിഷ്ണുത, ജനാധിപത്യബോധം തുടങ്ങിയവയുടെയൊക്കെ പതാകവാഹകരായി നടക്കുന്ന പലരും തങ്ങള്‍‌ക്ക് ഹിതകരമായ ട്രാക്കുകളിലൂടെയേ ബ്ലോഗെഴുത്താകാന്‍ പാടുള്ളു എന്ന വാശിപ്പുറത്ത് വളഞ്ഞുനിന്നാക്രമിച്ചതാണയാളെ. അയാളാകട്ടെ, കഴിയുന്നത്ര സഹിഷ്ണുതയോടെയായിരുന്നു പ്രതികരിച്ചത്. പകരം “പോടാ/പോടീ പുല്ലേ!” എന്ന ലൈനില്‍ തുടര്‍‌ന്നും ബ്ലോഗിയിരുന്നെങ്കില്‍ കൊള്ളാവുന്ന ഒരു ബ്ലോഗ് അകാലത്തില്‍ മരണപ്പെടില്ലായിരുന്നു.)

  39. nalan::നളന്‍ said...

    അതേസമയം മതവിശ്വാസം കഴിവതും ഉപേക്ഷിച്ചുകൊണ്ട് കഴിവതും മതവിശ്വാസം മറച്ചുപിടിച്ചുകൊണ്ട് മതത്തെ ആക്ഷേപിയ്കാനും അവഹേളിയ്ക്കുവാനുമുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ചുകൊണ്ട് മതത്തെ വേര്‍തിരിവുകളായി കണ്ടുകൊണ്ട് മതത്തെ ഹിതകരമല്ലാത്തെ എന്തോ ആയി കണ്ടുകൊണ്ടൂള്ള മതേതരത്വമാണ് ഈ ബ്ലോഗ് ലക്ഷ്യം വയ്ക്കുന്നതെന്നു സംശയിയ്ക്കുവാന്‍ ഈ ബ്ലോഗര്‍മാരുടെ മുന്‍‌നിലാ‍പാടുകള്‍ പ്രേരിപ്പിയ്ക്കുന്നു.
    അതിനോട് എനിയ്ക്ക് യോജിപ്പില്ല.


    1. മതവിശ്വാസമോ അവിശ്വാസമോ ഇവിടാരും മറച്ചുപിടിച്ചിട്ടില്ല
    2. ഹിതകരമല്ലെന്നു പറയുന്നത്, അവയ്ക്കു നിലനില്‍ക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കലല്ല. അഭിപ്രായം മാത്രം
    3. മതത്തെ വിമര്‍ശിക്കുവാനുള്ള (ആക്ഷേപിയ്കാനും അവഹേളിയ്ക്കുവാനുമുള്ള എന്നു ജോജു പറഞ്ഞ) സ്വാതന്ത്ര്യം ഉപേക്ഷിക്കാന്‍ ഒരുക്കമല്ല.
    അല്പം സഹിഷ്ണുത പ്ലീസ്..

    വക്കാരിയോടു.
    മുന്‍‌വിധികലോടു ഇവിടെ വന്നു ഇങ്ങനെയൊക്കെ നിങ്ങള്‍ ചെയ്യില്ലെന്നു പ്രതീക്ഷിക്കാമെന്നു പറയാന്‍.... പറഞ്ഞു തുടങ്ങുന്നതിനു തൊട്ടുമുന്‍പ് എല്ലാരും മുന്‍‌വിധികള്‍ മാറ്റിവയ്ക്കണം എന്നു പറഞ്ഞതുകൊണ്ടു തുടങ്ങുന്നത് പഴകിയ തന്ത്രമല്ലേ വക്കാരീ.
    അത് അസഹിഷ്ണുതയാണെന്നൊന്നും ഞാന്‍ പറയില്ലെന്നു ഞാന്‍ പറഞ്ഞാല്‍ അതു വക്കാരി പറഞ്ഞ പോലാകുമോ ?

  40. Unknown said...

    ചേലനാട്ടേ
    ചേലനാട്ട് പറഞ്ഞതു തന്നെ മറ്റൊരു അവസരത്തിൽ മുസോളിനി എഴുതി വെച്ചിട്ടുണ്ട്. അതായത് സമാധാനവാദം പല്ലില്ലാത്ത പട്ടികളുടെ വാദങ്ങളാ‍ണെന്നും സമൂഹത്തിനു ശരിയായ കാവൽക്കാരേകേണ്ടവർ
    അങ്ങിനെയുള്ള പട്ടികളെ കല്ലെറിയുമെന്നും.

    മുസോളിനിയുടെ മാർഗ്ഗങ്ങൾ എവിടെ ചെന്നു കലാശിച്ചുവെന്നു പ്രത്യേകം പറഞ്ഞ് തരേണ്ടതില്ലല്ലോ. നിങ്ങൾ കല്ലെറിയുകയോ കടിച്ചു കുതറുകയോ ചെയ്യുന്നതിലോ അനവധി ഈർക്കിൽ ബ്ലോഗുകൾ വരുന്നതിലോ ഒന്നും യാതൊരു വിയോജിപ്പുമില്ല അല്ലെങ്കിൽ മറ്റാരുടേയെങ്കിലും സമ്മതം ആവശ്യമില്ല. പക്ഷെ ഫാസിസത്തെ എതിർക്കുന്നുവെന്ന മുഖം‌മൂടിയിൽ, അങ്ങിനെയൊരു സദുദ്ദേശ്യത്തിൽ വരുന്ന വായനക്കരെ വഴിതെറ്റിക്കുന്നത് കാണുമ്പോൾ ഇടപടേണ്ടി വരുത്തരുത് എന്ന് ഒരു മുൻ‌കൂർ മുന്നറിയിപ്പ് മാത്രം. അതായത് നിങ്ങൾ സദുദ്ദേശ്യത്തോടെ തുടങ്ങിയിരിക്കുന്നത് നിങ്ങളുടെ തന്നെ ടീമിലെ മറ്റു പല അംഗങ്ങളുടേയും മറ്റു പല ഉദ്ദേശങ്ങൾക്കായും അത് നീങ്ങുമ്പോൾ അധ്വാനിക്കുന്നത് പാഴായിപ്പോവരുത് എന്നൊരു ഫ്രീ ഉപദേശം മാത്രം. കാരണം മുൻപത്തെ കമന്റിൽ പേരെടുത്ത് പറഞ്ഞവരിൽ ഒഴികെയുള്ളവരുടെ പല ഉദ്ദേശങ്ങളും മറ്റും പല തവണ വെളിവായിട്ടുള്ളതാണ്.

    പരാജിതാ,
    ഇത്ര പെട്ടെന്ന് ഒരു മറുപടി കിട്ടുമെന്ന് ലവലേശം പ്രതീക്ഷ ഉണ്ടായിരുന്നില്ല. അതും കൂടിയൊന്നു അറിയുവാനായിരുന്നു പരാജിതനോട് കമന്റിയതും. അതായത് കുറേ കാലങ്ങളായി വല്ലപ്പോഴും മാത്രം ബ്ലോഗിൽ തലപൊന്തിക്കുന്ന പരാജിതനു ബ്ലോഗിൽ നടക്കുന്ന പല കഥകളുടേയും ഉറവിടങ്ങൾ ചില പ്രത്യേക സുഹൃത്തുക്കളുടെ ഈമെയിലുകൾ മാത്രമാവുന്നു. അങ്ങിനെയൊരാളിൽ നിന്നു ബ്ലോഗിൽ
    നടമാടുന്ന ഫാസിസത്തെപറ്റി മുൻ‌വിധിയോട്
    കൂടിയല്ലാതെ ഒരു പ്രതികരണവും പ്രതീക്ഷിക്കുവാൻ കഴിയുകയില്ല താനും.
    അല്ലെങ്കിൽ സ്വതന്ത്രമായ ഒരു അഭിപ്രായം ഉണ്ടായിരുന്ന പരാജിതനിൽ നിന്നു ഈയിടെയായി വരുന്നത് ചില കേന്ദ്രങ്ങളിൽ നിന്നു കടുത്ത സ്വാധീനമുള്ള തരം പ്രതികരണങ്ങളാണ്. അത് അല്പസ്വല്പം നിരാശയുളവാക്കുന്നു. അതുകൊണ്ട് കൂടിയാണ് ചിലത് സൂചിപ്പിച്ചതും.

    പരാജിതനു മരണമൊഴിയുടെ കഥ മാത്രമേ അറിയുകയുള്ളുവോ? ബ്ലോഗിലെ അസഹിഷ്ണുതയുടെ പര്യായമായിരുന്ന ഒരു ലിയാനോർഡും അല്ലെങ്കിൽ നാരായണനും എന്ന ഇരുതല വിഷപ്പാമ്പിന്റെ കഥ അറിയില്ലേ? പരാജിതനു മരണമൊഴിയെക്കുറിച്ച് ഓർമ്മെപ്പെടുത്തിയ ആൾ മനപൂർവ്വം മറന്നു പോയതാവണം. മരണമൊഴി ബ്ലോഗ് നിറുത്തിയത് എന്തിനു എന്നു വ്യക്തമായി അദ്ദേഹത്തിന്റെ അവസാനത്തെ പോസ്റ്റിൽ എഴുതിയിട്ടുണ്ട്. അതിനു പിന്നിലെ സങ്കീർണതകൾ ആർക്കുമറിയില്ലാത്തതുകൊണ്ട് തൽക്കാലം അദ്ദേഹത്തിന്റെ പോസ്റ്റ് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. അവയിൽ ഫാസിസം എന്തുമാത്രം ഉണ്ടായിരുന്നുവെന്നും അവയെല്ലാം വീണ്ടും വീണ്ടും വായിക്കുന്നതിൽ നിന്നു മനസ്സിലാക്കുവാനും പ്രയാസമുണ്ടാവുന്നു. പരാജിതനു അറിയുമെങ്കിൽ വിശദീകരിക്കുക.

    വിമർശനം കാരണമാണ് അങ്ങിനെ ആരെങ്കിലും ബ്ലോഗ് നിറുത്തി പോയതെങ്കിൽ അത് ബ്ലോഗെന്ന മാധ്യമത്തിന്റെ സ്വഭാവത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാവും. ബാലചന്ദ്രൻ ചുള്ളിക്കാട് പോലും ബ്ലോഗ് തുടങ്ങുകയും രണ്ട് ദിവസം കൊണ്ട് അദ്ദേഹത്തെ ആട്ടിയോടിക്കാൻ തക്ക ആൾബലം നമുക്ക് ഉണ്ടായിരുന്നതുമാണല്ലോ?

    ഇവയിലൊന്നും സഹിഷ്ണുതയുടേയോ ജനാധിപത്യത്തിന്റേയോ അധ:പതനം കാണുവാൻ സാധിക്കുന്നില്ലല്ലോ? ആരാണ് പരാജിതൻ ഉദ്ദേശിക്കുന്ന ആ ജനാധിപത്യ പതാകവാഹകർ? അതോ ഇതും കേട്ടറിവ് മാത്രമാണോ?

    മരണമൊഴിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും പ്രതിപാദിച്ച സ്ഥിതിക്ക് ഇത് കൂടിയൊന്നു ചോദിക്കട്ടെ. ഏകദേശം ഒരു വർഷം മുൻപ് അതുല്യ എന്ന ബ്ലോഗറുടെ കൃതികളെ വിമർശിച്ചുകൊണ്ട് (ശ്രദ്ധിക്കുക ഒരു വരിയോ വാക്കോ വ്യക്തിക്കെതിരെ ഇല്ലായിരുന്നു) ഒരു സാധു പയ്യൻ ഫോൺ നമ്പറും സ്വന്തം ഫോട്ടോയും സഹിതം ഒരു പുതിയ ബ്ലോഗ് തുടങ്ങുക എന്നൊരു വൻ അബദ്ധം കാണിച്ചു. അയാളെ അടിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി ഇതേ ബ്ലോഗിലെ മെമ്പർമാരിൽ ഒരാളായ ചന്ദ്രക്കാ‍രനും അദ്ദേഹത്തിന്റെ സംഘവും കമന്റിടുകയും വിരട്ടുകയും അവസാനം ആ പയ്യൻ ബ്ലോഗ് ഡിലീറ്റുകയും കാലയവനിക്കുള്ളിൽ മറയുകയും ചെയ്ത സംഭവം പരാജിതൻ അറിഞ്ഞുവോ? അറിഞ്ഞു കാണുവാൻ സാദ്ധ്യതയില്ല. കാരണം പരാജിതൻ ബ്ലോഗ് വായിക്കാറില്ലല്ലോ, ഈമെയിലുകളാണാല്ലോ വാർത്താ സ്രോതസ്. അവയാകട്ടെ വളരെ ചെറിയ ഒരു പ്രത്യേക കൂട്ടവും. അങ്ങിനെയുള്ള ഫാസിസത്തെകുറിച്ച് അറിയാതെ പോകുന്ന പരാജിതൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഫാസിസത്തിനെതിരെ എന്ന മറയിൽ നിൽക്കുന്നവരുടെ കൂടെ നിന്ന് കൈ വീശുന്നതു കാണുമ്പോൾ സഹതപിക്കണോ എന്നറിയാതെയുള്ള ആശങ്കളായിരുന്നു ആദ്യത്തെ കമന്റിനാധാരം.

    പണിക്കർ മാഷെന്ന ബ്ലോഗറേയും സംസ്കൃതം പ്രമോട്ട് ചെയ്യുന്നുവെന്ന ഒരൊറ്റ കാരണത്താൽ പ്രതിലോമകാരനായി ചിത്രീകരിച്ച് പുള്ളികുത്തി കഴുതപ്പുറത്ത് ഇരുത്തിയ നാളുകളും അധികമായിട്ടില്ല. ബൂലോക ക്ലബെന്ന ഒരു പ്രസ്ഥാനത്തേയും എങ്ങിനെ ഫാസിസപരമായി തട്ടിയെടുത്തു എന്നു വിശദമായി അന്വേഷിക്കൂ പരാജിതാ. പല ഉദ്ദേശങ്ങളും എന്താണെന്ന് വ്യക്തമായി പുറത്ത് വരട്ടെ. എന്നിട്ടാവാം ഫാസിസത്തെക്കുറിച്ച് വിശദമായി ചർച്ച. അതിന്റെ സമരമുഖത്ത് നിൽക്കുന്നവരെ ജനങ്ങൾക്ക് വിശ്വാസപ്പെടമെണമെങ്കിൽ ഇത് എന്തിനുള്ള മറയാണ് ഈ പുതിയ ഫാസിസത്തിനെതിരെയുള്ള പ്രസ്ഥാനമെന്നു ന്യായമായും സംശയങ്ങൾ വരിക തന്നെ ചെയ്യും.

    എന്തു തരം ഫാസിസവും എതിർക്കപ്പെടണം, അത് ഇടതുപക്ഷ തീവ്രവാദമായലും വലതുപക്ഷ തീവ്രവാദമായാലും അതിനു ന്യായങ്ങളില്ല. മതതീവ്രവാദമാണ് ഇന്ന് ലോകത്തിൽ ഏറ്റവും കടുത്ത തീവ്രവാദമെന്നും അതിനെതിരെ ജനങ്ങൾ ശബ്ദിച്ചു കൊണ്ടേയിരിക്കണമെന്നും വിശ്വസിക്കുന്നതിനോടൊപ്പം തന്നെ ഇങ്ങിനെയുള്ള സംരംഭങ്ങളുടെ ഉദ്ദേശശുദ്ധിയെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കണമെന്നും വിശ്വസിക്കുന്നു.

    ജോജൂ,
    ഇതിൽ എന്താണിത്ര പ്രത്യേകത? ഇവരെല്ലാം ഗ്രൂപ്പായി ഈമെയിലിൽ ചെയ്തു കൊണ്ടിരുന്നത് ഒരു ബ്ലോഗിലിടുന്നു. അതിൽ ജോജുവോ വക്കാ‍രിയോ ഒന്നും പ്രസക്തമല്ല. ഇത് നിങ്ങൾക്ക് വേണ്ടിയുള്ള ബ്ലോഗ് എന്നെല്ലാം എഴുതിവെക്കുന്നത് ഇപ്പോൾ വെറുമൊരു വാചകകസർത്ത് മാത്രം. അവർക്ക് വേണ്ടി അവർ നടത്തുന്ന ഒരു പുതിയ ബ്ലോഗ്. അത്ര തന്നെ. ഇത് പരസ്യമായത് കൊണ്ട് ഇവയെല്ലാം വായിക്കാനും പറ്റുമെങ്കിൽ ആശയങ്ങളോട് യോജിക്കാനും വിയോജിക്കാനും
    വായനക്കാർക്ക് സാധിക്കുന്നു. അതിൽ കൂടുതൽ
    ഒരു പുതുമയും ഇതിനവകാശപ്പെടാനില്ല.

    വ്യക്തിപരമായി ഇതിന്റെ ഗുണം കാണുന്നത് പരാജിതനെപ്പോലെയുള്ളവർ ബ്ലോഗിൽ വീണ്ടും ആക്റ്റീവ് ആകുന്നതാണ്.
    അങ്ങിനെയായിത്തീരട്ടെ. ഭാവുകങ്ങൾ!

  41. Suraj said...

    പ്രിയ (ബൂലോഗ) വാച്ച് ഡോഗേ,

    താങ്കളുടെ കമന്റ് പരാജിതന്‍ ജീയെ സംബോധന ചെയ്തിട്ടാണെങ്കിലും (അത് പുള്ളിയെ മാത്രം ഉദ്ദേശിച്ചാണെങ്കില്‍ ഒരു പേഴ്സണല്‍ ഈ-മെയിലിന്റെ കാര്യമേ ഉണ്ടായിരുന്നുള്ളല്ലോ) അത് ഇവിടെ പൊതുദര്‍ശനത്തിനു വച്ച സ്ഥിതിക്ക് ഒരു അഭിപ്രായം ഈയുള്ളവന്‍ എഴുതുന്നു.


    1. വാച്ച് ഡോഗെഴുതിയത് ഇങ്ങനെ :

    ...ഇവരെല്ലാം ഗ്രൂപ്പായി ഈമെയിലിൽ ചെയ്തു കൊണ്ടിരുന്നത് ഒരു ബ്ലോഗിലിടുന്നു. അതിൽ ജോജുവോ വക്കാ‍രിയോ ഒന്നും പ്രസക്തമല്ല. ഇത് നിങ്ങൾക്ക് വേണ്ടിയുള്ള ബ്ലോഗ് എന്നെല്ലാം എഴുതിവെക്കുന്നത് ഇപ്പോൾ വെറുമൊരു വാചകകസർത്ത് മാത്രം. അവർക്ക് വേണ്ടി അവർ നടത്തുന്ന ഒരു പുതിയ ബ്ലോഗ്. അത്ര തന്നെ. ഇത് പരസ്യമായത് കൊണ്ട് ഇവയെല്ലാം വായിക്കാനും പറ്റുമെങ്കിൽ ആശയങ്ങളോട് യോജിക്കാനും വിയോജിക്കാനും
    വായനക്കാർക്ക് സാധിക്കുന്നു. അതിൽ കൂടുതൽ
    ഒരു പുതുമയും ഇതിനവകാശപ്പെടാനില്ല...



    പോസ്റ്റിലെ പ്രസക്ത ഭാഗം ഇങ്ങനെ :

    ...ഹിന്ദുവും മുസ്ളിമും ക്രിസ്ത്യാനിയുമാക്കി മനുഷ്യനെ വേര്‍തിരിക്കുന്ന സാമൂഹ്യബോധത്തെയും, ജനാധിപത്യത്തിന്റെ പവിത്രമായ ഇടം അപഹരിച്ച് നിത്യജീവിതത്തിലേക്ക് തള്ളിക്കയറിവരുന്ന ഫാസിസത്തിന്റെ അധീശത്വത്തെയും വലതുപക്ഷ അരാഷ്ട്രീയതയെയും ചെറുത്തുതോല്‍പ്പിക്കാനുള്ള ഞങ്ങളുടെ ഒരു ചെറുശ്രമമാണ്‌ ഈ ബ്ലോഗ്. ഈ നിലപാടുകളോട് യോജിക്കുന്നവര്‍ക്കെല്ലാം ഇത് സ്വന്തം...

    ഈമെയില്‍ ഗ്രൂപ്പിലോ ആമെയില്‍ ഗ്രൂപ്പിലോ ഫോണ്‍ വിളിച്ചോ ചര്‍ച്ച ചെയ്യുന്നുണ്ടോ, എങ്കില്‍ എന്താവാം ചര്‍ച്ച ചെയ്തത് എന്നൊക്കെ ഊഹിച്ചെടുത്ത് അഭിപ്രായം പോളറൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യം കമന്റുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും തീര്‍ച്ചയായും ഉണ്ട്. സോ യൂ ആര്‍ വെല്‍ക്കം.

    ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ള ബ്ലോഗാണെന്ന ഒരു ‘ഉപാധിയില്ലാപ്രഖ്യാപനം’ പോസ്റ്റിലെങ്ങുമില്ലല്ലോ വാച്ച് ഡോഗേ.

    ഈ ബ്ലോഗുമായി അഡ്മിന്‍ ലെവലിലും കോണ്ട്രിബ്യൂട്ടര്‍ എന്ന നിലയിലും സഹകരിക്കാമെന്ന് തീരുമാനിച്ചവര്‍ പലരും സൂ‍ക്ഷ്മതലത്തില്‍ പല രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരാണ്. പക്ഷേ മത/ജാതി/വര്‍ഗ്ഗ-രാഷ്ട്രീയത്തിനെതിരാണെന്ന ഒരു സ്ഥൂല തലത്തില്‍ യോജിക്കുകയും ചെയ്യുന്നു.

    ഇനി, ഈ യോജിപ്പിന്റെ ഇടങ്ങളെന്തൊക്കെയാണെന്ന് ഒറ്റ പോസ്റ്റ/ഒറ്റ കമന്റു കൊണ്ട് വിവരിച്ചുകളയാമെന്ന വ്യാമോഹം ഏതായാലും ഇതിലെഴുതുന്ന ആളുകള്‍ക്കില്ല. ഈ ബ്ലോഗിലെ ഇടപെടലുകളിലൂടെ അത് വഴിയേ വ്യക്തമാകുമെന്നേ ഇപ്പോള്‍ പറയാനാവൂ.

    2. “..പക്ഷെ ഫാസിസത്തെ എതിർക്കുന്നുവെന്ന മുഖം‌മൂടിയിൽ, അങ്ങിനെയൊരു സദുദ്ദേശ്യത്തിൽ വരുന്ന വായനക്കരെ വഴിതെറ്റിക്കുന്നത് കാണുമ്പോൾ ഇടപടേണ്ടി വരുത്തരുത് എന്ന് ഒരു മുൻ‌കൂർ മുന്നറിയിപ്പ് മാത്രം...

    ഇടപെടേണ്ടി വരുത്തരുത് എന്ന് വാണിംഗൊന്നും വേണ്ടിയിരുന്നില്ല വാച്ച് ഡോഗേ. കമന്റോപ്ഷന്‍ എന്നൊരു സാധനം ബ്ലോഗിനുള്ളതു തന്നെ “ഇടപെടേണ്ടി വരുമ്പോള്‍” ഉപയോഗിക്കാനുള്ളതാണ്. ചുമ്മാ ഇടപെടെന്നേ.

    പിന്നെ, "പ്ലീസ്, എന്നെ ഒന്നു വഴിതെറ്റിച്ചു തരണേ" എന്നു പറഞ്ഞ് ആരെങ്കിലും ഇവിടെ വരുമെന്നോ, ‘വഴിതെറ്റിക്കുന്ന’ വല്ലതും കണ്ടിട്ട് മിണ്ടാണ്ട് പോകുമെന്നോ ഒരു മിഥ്യാധാരണയും ഇതില്‍ എഴുതുന്നവര്‍ക്കില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ വാച്ച് ഡോഗിനെഴുതാന്‍ ഇവിടെ കമന്റ് ബോക്സും ഉണ്ടാകില്ലല്ലോ.

    ഇവിടെ പിന്തുണ പ്രഖ്യാപിച്ച് കമന്റിട്ടവര്‍ (എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവരടക്കം )conditional clause വച്ചാണ് താന്താങ്ങളുടെ വാചകം ഫ്രെയിം ചെയ്തത് എന്നതും വാച്ച് ഡോഗ് വാച്ച് ചെയ്തു കാണുമെന്ന് പ്രതീക്ഷിക്കുന്നു.

    3. “...നിങ്ങൾ സദുദ്ദേശ്യത്തോടെ തുടങ്ങിയിരിക്കുന്നത് നിങ്ങളുടെ തന്നെ ടീമിലെ മറ്റു പല അംഗങ്ങളുടേയും മറ്റു പല ഉദ്ദേശങ്ങൾക്കായും അത് നീങ്ങുമ്പോൾ അധ്വാനിക്കുന്നത് പാഴായിപ്പോവരുത് എന്നൊരു ഫ്രീ ഉപദേശം മാത്രം. കാരണം മുൻപത്തെ കമന്റിൽ പേരെടുത്ത് പറഞ്ഞവരിൽ ഒഴികെയുള്ളവരുടെ പല ഉദ്ദേശങ്ങളും മറ്റും പല തവണ വെളിവായിട്ടുള്ളതാണ്...

    വാച്ച് ഡോഗ് ഈ ഉദ്ദേശിക്കുന്ന “ഉദ്ദേശങ്ങള്‍” എന്തു തന്നെയായാലും ഈ ബ്ലോഗിന്റെ “ഉദ്ദേശ്യം” മുകളില്‍ പോസ്റ്റില്‍ എഴുതി വച്ചിട്ടുണ്ട്. പറയുന്ന ആളെയല്ല, പറയുന്നതെന്താണ് എന്ന് നോക്കി പ്രതികരിക്കണം എന്ന് നാഴികയ്ക്ക് നൂറു വട്ടം ഉരുക്കഴിക്കുന്ന വാച്ച് ഡോഗുകളും ബൂലോക ആന്റീ-ലേബലിംഗ് ഉല്പ്രേക്ഷാ സ്ക്വാഡുകളും ഉള്ളപ്പോള്‍ എന്തിനാണാവോ ഈ പ്രിമെച്വര്‍ ജാതകമെഴുത്ത് ?

    വാച്ച് ഡോഗ് പറഞ്ഞതു പോലെ ഇവിടെ വക്കാരി ജീയോ ജോജുവോ സൂരജോ എന്നതൊന്നും പ്രസക്തമല്ല. ബ്ലോഗില്‍ ആളുകള്‍ എഴുതുന്നത് അവര്‍ക്കൊരു നിലപാടുള്ളപ്പോഴാണ്. നിലപാടുകളുടെ സംഘര്‍ഷം ഉണ്ടാവാനാണ് കമന്റോപ്ഷനും ; ഏറ്റവും കുറഞ്ഞത് ഈ ബ്ലോഗില്‍ ‘ഉദ്ദേശിച്ചത്’ അങ്ങനെയാണ്.

    ഇതില്‍ എഴുതുന്നവര്‍ മുന്‍പ് ആരെയെങ്കിലും ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നോ, തല്ലിയോ, തുടങ്ങിയ പാസ്പോര്‍ട്ട്/ക്രിമിനല്‍ റെക്കോഡ്/‘ഉദ്ദേശ’ പരിശോധനകള്‍ നടത്തിയിട്ടല്ല ഇതിലെ നിലവിലെ സഹകാരികള്‍ ഒത്തുകൂടിയത്. വ്യക്തികളെ ടാര്‍ഗെറ്റു ചെയ്ത് ആക്രമിക്കുക എന്നതല്ല ഏതായാലും ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

    4. “...ബ്ലോഗിലെ വ്യക്തികളോടുള്ള പകയും രാഷ്ട്രീയവുമായി ഇത് ചുരുങ്ങുന്നതിൽ നിന്ന്
    പരാജിതനെപ്പോലെയുള്ളവരോ തുളസിയോ രാജീവോ മാരീചനെപ്പോലെയുള്ളവരോ സ്വന്തം ടീമിലെ മെമ്പർമാരോട് തന്നെ ഒരു വാച്ച് ഡോഗായി പ്രവർത്തിക്കേണ്ടതുണ്ട്...


    സഹകാരികളില്‍ നിന്ന് ഇത്രയും വാച്ച് ഡോഗുകളെ ആദ്യ ദിവസം തന്നെ വാച്ച് ഡോഗ് തന്നെതപ്പിയെടുത്തല്ലോ. നന്ദി. :))

    ഓഫ് : രണ്ടേ രണ്ട് പോസ്റ്റേ ആയുള്ളു...അപ്പോഴേക്കും ഈ ബ്ലോഗിനെ കുറിച്ച് FAQ ഇടേണ്ട അവസ്ഥയായോ 'ന്റെ പോത്തുകാലപ്പാ !

  42. കെ said...

    വക്കാരീ,
    ബ്ലോഗുകള്‍, ശാരീരികാക്രമണത്തിനുളള വേദിയല്ല. രൂക്ഷവും ശക്തവും തീക്ഷ്ണവുമായി നടക്കുന്നത് ആശയങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ തന്നെയാണ്. സഹിഷ്ണുതയെന്നത് ആപേക്ഷികവും.

    നെറ്റിപ്പനിമതിപ്പോളമേലങ്ങിങ്ങു
    പറ്റിക്കിടന്ന കുറുനിരകള്‍
    കോതിപ്പുറകോട്ടൊതുക്കി വെണ്‍മുത്തൊളി
    സ്വേദബിന്ദുക്കള്‍ തുടച്ചു നീക്കി
    ആരോമല്‍ പൈതലേ നിന്നെ ഞാനെത്രയെന്‍
    മാറോടണച്ചു പുണര്‍ന്നു നിന്നു...
    എന്ന മട്ടിലല്ലല്ലോ രാഷ്ട്രീയ സംവാദം നടക്കേണ്ടത്.. അങ്ങനെ ആഗ്രഹിക്കാം.. പക്ഷേ, നടക്കണമെങ്കില്‍ അതിനു വേണ്ടി പ്രത്യേകം ആളെ ശന്പളം കൊടുത്ത് വീട്ടിലിരുത്തി സംവദിക്കേണ്ടി വരും.

    കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, "അവര്‍ണരെന്നു വിളിക്കപ്പെടുന്നവരും സവര്‍ണരെന്ന് വിളിക്കപ്പെടുന്നവരും" എന്ന വര്‍ണ്യത്തിലാശങ്കയ്ക്ക് ഈ സംവാദത്തില്‍ സ്ഥാനമില്ല. കര്‍ത്താവില്ലാത്ത ഇത്തരം വാക്യങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയത്തോട് എങ്ങനെയാണ് വക്കാരീ, സഹിഷ്ണുത പുലര്‍ത്തുക..? ഇങ്ങനെ പറയുന്നവരാരും ഒരു സഹിഷ്ണുതയും അര്‍ഹിക്കുന്നില്ല.

    സവര്‍ണ അവര്‍ണ വ്യത്യാസം ഇന്ത്യയില്‍ എങ്ങനെയാണ് നിലനിന്നിരുന്നതെന്നും ഇപ്പോഴും അതെങ്ങനെ അധികാരരാഷ്ട്രീയത്തില്‍ പ്രതിഫലിക്കുന്നുവെന്നും ഇതുവരെയും മനസിലാക്കാത്തവരോട് സഹിഷ്ണുതയോടെയോ അല്ലാതെയോ സംവദിച്ചിട്ട് പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല. പോയി പണി നോക്കെന്ന് മുഖത്താട്ടി വിടുകയാണ് ഉചിതം. ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് മിനിമം ചരിത്രബോധം വേണം. അതുകൊണ്ടാണ് പരാജിതന്‍ കഴിഞ്ഞ കമന്റില്‍ ഇങ്ങനെ പറഞ്ഞത്...

    ചില സത്യങ്ങള്‍‌ക്കു നേരെ കണ്ണടയ്ക്കുന്നത് മനസ്സിലാക്കാം, പക്ഷേ 'സഹിഷ്ണുതയുടെ ലേബലില്‍ അസത്യവും ചരിത്രനിരാസവും വിളന്പാന്‍ പാടില്ലെന്നു മനസ്സിലാക്കാനുള്ള സഹിഷ്ണുത' വക്കാരിക്കുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.

    തെറ്റ് ചെയ്തിട്ട്, അത് തെറ്റാണെന്ന് ബോധ്യപ്പെട്ട് പശ്ചാത്തപിക്കുന്നതൊക്കെ നല്ല കാര്യം. പക്ഷേ, അപ്പോഴും ആ തെറ്റിന് ഇരയായവന്റെ നഷ്ടം പരിഹരിക്കപ്പെടുന്നില്ല. കൊന്നു തളളാന്‍ തീരുമാനിച്ചിറങ്ങുന്നവന്‍, സുവിശേഷം കേട്ട് തെറ്റ് ബോധ്യപ്പെട്ട് പിന്തിരിയുമെന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്ന നിഷ്കളങ്കതയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത് നിരുപദ്രവകരമായ പ്രത്യയശാസ്ത്രമല്ല.. സര്‍വ രോഗങ്ങളും പാരസെറ്റമോള്‍ ഗുളികയില്‍ തീരുന്നതല്ല. ശസ്ത്രക്രിയ വേണ്ടിടത്ത് അത് ചെയ്യുക തന്നെ വേണം..

    തെറ്റു ചെയ്യുന്നവരാരും സ്വയം ബോധ്യപ്പെട്ട് അതു തിരുത്താറില്ല. വക്കാരിയുടെ ഭാഷയില്‍ അവര്‍ണരെന്ന് വിളിക്കപ്പെടുന്നവര്‍ക്കെതിരെ സവര്‍ണരെന്ന് വിളിക്കപ്പെടുന്നവര്‍ നടത്തിയ കൊടിയ പീഡനങ്ങള്‍, ശാരീരികമായെങ്കിലും അവസാനിച്ചത് തിരിച്ചടി കിട്ടുമെന്ന ഭീതി വളര്‍ന്നപ്പോഴാണ്.

    തെറ്റ് ബോധ്യപ്പെട്ട് തിരുത്തുന്നതു വരെ കാത്തിരിക്കാമെന്ന കൊഴുക്കട്ട ന്യായത്തില്‍ അഭയം പ്രാപിച്ചിരുന്നെങ്കില്‍ മലദ്വാരം വഴി കുത്തിക്കയറ്റിയ കൂര്‍ത്ത കമുകിന്‍കോലില്‍ കഴുവേറ്റിയിരിക്കുന്ന ദളിതന്റെ കാഴ്ച ഇന്നും നമ്മുടെ തെരുവുകള്‍ കാട്ടിത്തന്നേനെ..

    സന്ധിബന്ധങ്ങളില്‍ ആണി തറയ്ക്കപ്പെട്ട് തൂങ്ങിയാടുന്ന ചിത്രവധങ്ങളുടെ ദളിത് കാഴ്ച നേര്‍ക്കുനേര്‍ കാണാമായിരുന്നു. മാറുമറയ്ക്കാന്‍ അവകാശമില്ലാതെ, വഴിനടക്കാന്‍ അവകാശമില്ലാതെ, പൊതുകിണറുകളില്‍ നിന്ന് വെളളം കോരാന്‍ അവകാശമില്ലാതെ പൊതുസമൂഹത്തിന്റെ പുറന്പോക്കുകളില്‍ സ്വന്തം ജന്മത്തെ ശപിച്ചുകൊണ്ട് ഒരു ജനത ജീവിച്ചു മരിക്കുന്നത് കാണാമായിരുന്നു.

    കേരളത്തിലെങ്കിലും ആ കാഴ്ച വറ്റിപ്പോയത്, സഹിഷ്ണുതയുടെ കൊഴുക്കട്ട വെളളം വീഴ്ത്തി പരസ്പര ബഹുമാനമന്ത്രങ്ങള്‍ ജപിച്ചതു കൊണ്ടല്ല. അടിക്കു തിരിച്ചടിയും പീഡനത്തിന് മറുപീഡനവും നടത്തിയിട്ടു തന്നെയാണ്. ചെറുത്തു നില്‍പ്പിന്റെ ചരിത്രപാഠങ്ങളില്‍ ചൊരിഞ്ഞു വീണത് ചില്ലറച്ചോരയൊന്നുമല്ല വക്കാരീ..... പീഡനമേറ്റ് മരിച്ചവന്റെയും അവയോടുളള ചെറുത്തുനില്‍പ്പുകളില്‍ ജീവന്‍ നഷ്ടപ്പെട്ടവന്റെയും ഓര്‍മ്മയെയും ത്യാഗത്തെയും വിലമതിക്കാനുളള അവകാശം ദയവായി വക്കാരി ‍ഞങ്ങള്‍ക്ക് നല്‍കുക.

    ഇവിടെ ആശയങ്ങള്‍ തന്നെയാണ് പ്രസക്തം. എന്നാല്‍ ചരിത്രം പഠിക്കാന്‍ വിസമ്മതിക്കുന്ന, കാണാന്‍ വിസമ്മതിക്കുന്ന, അറിയാന്‍ താല്‍പര്യമില്ലാത്തവരുടെ വിതണ്ഡവാദങ്ങളോട് സഹിഷ്ണുതയെന്തിന്? എന്തു ഫലം...

    മനുഷ്യനെ ചുട്ടുതിന്നാന്‍ പെട്രോള്‍ കാനും തീപ്പെട്ടിയുമായി പോകുന്നവനെ വിളിച്ചു നിര്‍ത്തി ഉപദേശ പ്രഘോഷണങ്ങളാല്‍ അവന്റെ മനസുമാറ്റി പശ്ചാത്താപ വിവശനാക്കാനാണ് ഈ ബ്ലോഗെന്ന് വക്കാരി കരുതിയെങ്കില്‍ തെറ്റി. മനുഷ്യജന്മമെടുത്ത പിശാചുക്കള്‍ക്കെതിരെയുളള ചെറുത്തുനില്‍പ്പിന് ഊര്‍ജം പകരാനാണ് ഈ ബ്ലോഗ്. കത്തിയെരിഞ്ഞമരും വരെ ശത്രുവിനോട് പൊരുതിനില്‍ക്കാന്‍ മനക്കരുത്ത് പകരുകയാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം. കൊല്ലാന്‍ തുനിഞ്ഞിറങ്ങുന്നവനോട് സുവിശേഷ പ്രസംഗമല്ല.

    മഹാത്മാഗാന്ധിയുടെ സ്വീകാര്യതയെക്കുറിച്ചുളള ഏത് സംവാദത്തിലും അദ്ദേഹത്തിന്റെ വധം ഞങ്ങള്‍ക്ക് പ്രസക്തമാണ്. അതിനെ ഒഴിവാക്കി, കണ്ടില്ലെന്ന് നടിച്ച് നടത്തുന്ന വിലയിരുത്തലുകള്‍ ആ കൊലപാതകികളുടെ പ്രത്യയശാസ്ത്രത്തിന് കുടപിടിക്കുന്നവര്‍ക്ക് മാത്രം കഴിയുന്നതാണ്. അല്ലാത്ത ഒരാള്‍ക്കും മഹാത്മാഗാന്ധിയുടെ വധമെന്ന ചരിത്ര യാഥാര്‍ത്ഥ്യത്തിലെ ക്രൂരതയെ വിസ്മരിക്കാന്‍ കഴിയില്ല.

    ഒരു സനാതന ഹിന്ദുവെന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ട, ഊന്നിനടക്കാന്‍ ഒരു വടിമാത്രം ആയുധമാക്കിയ ആ വയോവൃദ്ധന്റെ നെഞ്ചിലേയ്ക്ക് നിറയൊഴിച്ചത് കൃത്യമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഗാന്ധിയുടെ ആശയങ്ങള്‍ നിര്‍ബാധം പ്രചരിപ്പിക്കപ്പെടുന്നത് അപകടമാണെന്ന് കരുതിയ മറ്റൊരു പ്രത്യയശാസ്ത്രമാണ് അദ്ദേഹത്തെ കൊന്നുതളളിയത്. നാഥുറാം ഗോഡ്സെയെന്ന ഒരു വ്യക്തിയുടെ അതിരുകവിഞ്ഞ പ്രതികരണമെന്നൊക്കെ അതിനെ ചുരുക്കിക്കാണുന്നവരോട് ഒരു സന്ധിക്കും സാധ്യമല്ല, വക്കാരീ..

    ബേസിക് ഇന്റലിജന്‍സ് ചോദ്യം ചെയ്യപ്പെടുന്നതില്‍ വക്കാരിയെന്തിന് അസഹിഷ്ണുത കാണിക്കുന്നു? ബേസിക് ഇന്റലിജെന്‍സ് ചോദ്യം ചെയ്യപ്പെട്ടാല്‍ , സംവാദം തുടരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനു കാരണം സ്വന്തം വാദങ്ങളില്‍ തെരയുകയാണ് ബുദ്ധി.. ഒരു കവിതയും ഒരു നയരേഖയും മാത്രമല്ലേ ഇവിടെ ഇതുവരെ പ്രസിദ്ധീകരിച്ചുളളൂ. എന്തൊക്കെയാണ് ഇവിടെ നടക്കാന്‍ പോകുന്നത് എന്ന് കാത്തിരിക്കാനുളള സഹിഷ്ണുത എന്തേ വക്കാരി കാണിച്ചില്ല... ?

    ഏതൊരാളിനും സ്വന്തം അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ആരും ബ്ലോഗില്‍ ഹനിച്ചിട്ടില്ല. എന്നാല്‍ എന്തും പറയാം, മറ്റേപ്പാര്‍ട്ടി എല്ലാ സഹിഷ്ണുതയോടും കൂടി ഇതൊക്കെ കേട്ടിരുന്ന് താരാട്ടുപാട്ടിന്റെ ഈണത്തില്‍ മറുപടി പറയും എന്ന സൗജന്യമൊന്നും ഇവിടെ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പറയാനുളളത് വ്യക്തമായി, ശക്തമായി, തീക്ഷ്ണമായിത്തന്നെ പറയും.

    ഏത് വര്‍ഗീയത ഏതു വര്‍ഗീയതയെ വളര്‍ത്തിയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തേണ്ടവര്‍ക്ക് വേറെ പ്ലാറ്റ്ഫോമുണ്ടാക്കി അവിടെ ചര്‍ച്ച ചെയ്യാന്‍ യാതൊരു തടസവുമില്ല. വര്‍ഗീയത ഏതായാലും അതിനെ എതിര്‍ക്കുക എന്നതാണ് ഇവിടുത്തെ നയം.. അത് ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും. എതിര്‍ത്തുന്നയിക്കുന്ന വാദങ്ങളിലെ വാക്കുകളുടെ എണ്ണം തിരഞ്ഞ്, ഇവരെത്ര ന്യൂനപക്ഷ വര്‍ഗീയതയെ എതിര്‍ത്തു, ഇവരെത്ര ഭൂരിപക്ഷവര്‍ഗീയതയെ എതിര്‍ത്തുവെന്ന് അളന്നു തൂക്കാന്‍ നടക്കുന്ന കഴുകന്മാരുടെ ശവംതീനി മനസിനോട് ഒരു സഹിഷ്ണുതയും ആവില്ല വക്കാരീ..

    ഗുജറാത്തില്‍, ഒറീസയില്‍, കര്‍ണാടകയില്‍ ആര്‍ക്കെതിരെ എന്തു സഹിഷ്ണുതയാണ് കാണിക്കേണ്ടത്..? അന്പലത്തില്‍ തൊഴാന്‍ കയറിയതിന് വെടിയേറ്റു കൊല്ലപ്പെട്ട കരു പസ്വാന്‍ ആരോടാണ് സഹിഷ്ണുത കാണിക്കേണ്ടിയിരുന്നത്? അവനും അവന്റെ സമുദായവും അവനോട് ആഭിമുഖ്യമുളളവരും അസാമാന്യ ക്ഷമയോടെ എതിര്‍വിഭാഗത്തിന് പറയാനുളളത് കേള്‍ക്കാന്‍ കാത്തിരിക്കണമെന്നൊക്കെ എഴുതാന്‍ ചില്ലറയൊന്നും പോര മനസുറപ്പ്..!

    കല്യാണത്തലേന്ന് പൊതുകിണറ്റില്‍ നിന്ന് വെളളം കോരിയതിന് അടിയും ഇടിയും വെട്ടുമേറ്റ് കൊല്ലപ്പെട്ട ദിലീപ് ഷിംഗ്‍ഡേ ആരോടാണ് സഹിഷ്ണുത കാട്ടേണ്ടിയിരുന്നത്? വെളളമെടുക്കല്‍ നിഷേധിച്ചവരോട് സഹിഷ്ണുതയോടെ സംവദിച്ച്, അവരതിന് അനുവദിക്കുന്ന കാലത്തോളം തോട്ടിലോ ഓടയിലോ ഒഴുകുന്ന വെളളം കുടിച്ച് ദാഹമടക്കി കാത്തിരിക്കുകയായിരുന്നു പാവം ദിലീപ് ചെയ്യേണ്ടിയിരുന്നത്.. അല്ലേ... പ്ലീസ്, വക്കാരീ... ഒരു സഹിഷ്ണുതയ്ക്കും വെറുതെ നിര്‍ബന്ധിക്കരുത്...

    കഥയിലും കവിതയിലും സംവാദത്തിലൂടെയും ഉപയോഗിക്കാവുന്ന എല്ലാ ഫോറങ്ങളിലൂടെയും അവരുടെ നിലപാടുകളെ ചെറുത്തു തോല്‍പ്പിക്കുക എന്നെഴുതിയതിന് വക്കാരി ധരിച്ചു വെച്ചിരിക്കുന്നതിന് അപ്പുറത്ത് ഒരര്‍ത്ഥമുണ്ട്.

    അത് ,പീഡനങ്ങള്‍ക്ക്, കൊലപാതകങ്ങള്‍ക്ക്, വംശീയ ഉന്മൂലനത്തിന് ഇരകളാകുന്നവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുക എന്നതാണ്. അറിവും അക്ഷരവും ചിന്തയും ഞങ്ങള്‍ക്കിവിടെ അതിനുളള ആയുധങ്ങളാണ്.

    ചുട്ടുകൊല്ലാന്‍ തുനിഞ്ഞിറങ്ങുന്നവന്റെ ഒരു ന്യായവും ഇവിടെ കേള്‍ക്കേണ്ട. അവനോട് ഒരു സഹിഷ്ണുതയും പുലര്‍ത്തുക സാധ്യമല്ല. കവിതയും കഥയും സംവാദവും വായിച്ച് മനസ്താപമുണ്ടായി സ്വമേധയാ ഒരു ക്രിമിനലും അക്രമത്തില്‍ നിന്ന് പിന്മാറില്ല.

    അതുകൊണ്ട്, ചുട്ടുകൊല്ലാന്‍ പെട്രോളുമായി ഇറങ്ങുന്നവനോട് സുവിശേഷ പ്രസംഗം നടത്താനുളള ഉത്തരവാദിത്വം വക്കാരിയേറ്റെടുക്കുക..

    അവനവന്റെ ലക്ഷ്യങ്ങള്‍ അവനവന്റെ മാര്‍ഗങ്ങളെ സാധൂകരിക്കട്ടെ...ആശംസകള്‍..

  43. മൃദുല്‍രാജ് said...

    വാച്ച് ഡോഗ് പറഞ്ഞ, ആരെയും പേരു പറഞ്ഞ് വിമറ്ശിക്കാത്ത , ബ്ലോഗ് പൂട്ടിപ്പോയ, പാവം പയ്യന്റെ ബ്ലോഗ് ഇതായിരിക്കുമല്ലോ അല്ലേ?

    ഈ പാവം പയ്യന്റെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. അവനേയും പരാജിതനറിയില്ല. പക്ഷേ പലര്‍ക്കും അറിയാം എന്ന് കൂടി വാച്ച്ഡോഗ് അറിയണം..

  44. N.J Joju said...

    "പണിക്കർ മാഷെന്ന ബ്ലോഗറേയും സംസ്കൃതം പ്രമോട്ട് ചെയ്യുന്നുവെന്ന ഒരൊറ്റ കാരണത്താൽ പ്രതിലോമകാരനായി ചിത്രീകരിച്ച് പുള്ളികുത്തി കഴുതപ്പുറത്ത് ഇരുത്തിയ നാളുകളും അധികമായിട്ടില്ല."

    കറക്ട്. തങ്ങള്‍ക്ക് അഹിതമായതെന്തും പ്രതിലോമകരമെന്നാണ് വിവക്ഷ. തങ്ങളാണ് ഇടതുപക്ഷമെന്നോ തങ്ങള്‍മാത്രമാണ് ഇടതുപക്ഷമെന്നോ ഉള്ള തെറ്റിദ്ധാരണ.

    ഒരു കമന്റുകണ്ടിരുന്നു ചന്ത്രക്കാരന്റെ ബ്ലോഗില്‍.
    സ്വതന്ത്രചിന്തകള്‍ പലപ്പോഴും വലതുപക്ഷ അരാഷ്ട്രിയമാണെന്നും ഇടതുപക്ഷക്കാര്‍ ശക്തമായി ബ്ലോഗില്‍ ഇടപെടണമെന്നു മായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

    ഹിന്ദുമതത്തെക്കുറീച്ച് ആരെങ്കിലും നല്ലതുപറഞ്ഞാല്‍ അത് ഫാസിസമാകും.
    കത്തോലിയ്ക്കാ സഭയുടെ നിലപാടുകളെ വ്യക്തമാക്കാന്‍ ശ്രമിച്ചാല്‍ അത് വര്‍ഗ്ഗീയതയാകും.
    ഇസ്ലം മതത്തെക്കുറിച്ച് മോശമായി പറഞ്ഞാല്‍ കയ്യടി.

    അമേരിയ്ക്കയെ അനുകൂ‍ലിച്ചാല്‍ അധിനിവേശം. സദ്ദാമിനെ അനുകൂലിച്ചില്ലെങ്കില്‍ അധിനിവേശം.

    വളരെ നിഷ്പക്ഷമായി ഭരണയന്ത്രത്തിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിയ്ക്കുന്നതാണ് അങ്കിളിന്റെ ബ്ലോഗുകള്‍. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ നമ്മുടെപണം നികുതിദായകന്റെ പണം എപ്രകാരം ദുര്‍വ്യയം ചെയ്യപ്പെടുന്നു എന്നു ചൂണ്ടിക്കാണിയ്ക്കുന്ന സാമൂഹ്യ പ്രതിബദ്ധമായ പോസ്റ്റുകള്‍. വായിക്കാനാളില്ല.

    സംഘം ചേര്‍ന്നുള്ള സ്തുതിപാടലുകളും വ്യക്തിഹത്യകളും ബൂലോകത്തിന് അപരിചിതമല്ലല്ലോ.

    “നിങ്ങളുടെ ആശയങ്ങളോടു അക്രമാസക്തമായ ഒരു അഭിനിവേശമുള്ളയാളാണു” എന്നാണ് ഒരാള്‍ സ്വയം പരിചയപ്പെടുത്തിയിരിയ്ക്കുന്നത്.
    ചോരപൊടിയാതിരിയ്ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ

    നന്ദി, നമസ്കാരം.

  45. ജയരാജന്‍ said...

    "ഹിന്ദുവും മുസ്ളിമും ക്രിസ്ത്യാനിയുമാക്കി മനുഷ്യനെ വേര്‍തിരിക്കുന്ന സാമൂഹ്യബോധത്തെയും, ജനാധിപത്യത്തിന്റെ പവിത്രമായ ഇടം അപഹരിച്ച് നിത്യജീവിതത്തിലേക്ക് തള്ളിക്കയറിവരുന്ന ഫാസിസത്തിന്റെ അധീശത്വത്തെയും വലതുപക്ഷ അരാഷ്ട്രീയതയെയും ചെറുത്തുതോല്‍പ്പിക്കാനുള്ള ഞങ്ങളുടെ ഒരു ചെറുശ്രമമാണ്‌ ഈ ബ്ലോഗ്. ഈ നിലപാടുകളോട് യോജിക്കുന്നവര്‍ക്കെല്ലാം ഇത് സ്വന്തം"
    എല്ലാ ഭാവുകങ്ങളും. കൂടുതൽ ശക്തമായ ഇടപെടലുകൾക്കായ് കാത്തിരിക്കുന്നു.

  46. മൃദുല്‍രാജ് said...

    രണ്ടുപേരുംകൂടി ആ സ്ത്രീയെ പറ്റി എഴുതി കൂട്ടിയതും വരച്ചു കൂട്ടിയതും ഒന്നും ആരും മറക്കാന്‍ കാലമായില്ലല്ലോ "വാച്ചു ഡോഗേ".. താങ്കള്‍ ഇപ്പോള്‍‍ ഇവിടെ ഇത് പറയാന്‍ കാരണമെന്തെന്ന് ആ പയ്യന്റെ പ്രൊഫൈല്‍ വായിച്ചാല്‍ മനസ്സിലാകും...

    പിന്നെ ബ്ലോഗ് പൂട്ടിപ്പോയ പലരും ഉണ്ട്.. അതും കൂടി പറയൂ..

  47. കെ said...

    പണിക്കര്‍ മാഷ് എഴുതുന്നതിനോട് എതിര്‍പ്പുളളവര്‍ അതു ചൂണ്ടിക്കാട്ടുക തന്നെ ചെയ്യും ജോജൂ. ജോജു എഴുതുന്നതിനോട് എതിര്‍പ്പുണ്ടെങ്കില്‍ അതും എതിര്‍ക്കും...

    എതിര്‍പ്പുകള്‍ വരില്ലെന്നോ, എഴുതുന്നതെല്ലാം വായനക്കാര്‍ ചേര്‍ന്ന് തോളിലേറ്റിക്കൊളളുമെന്നോ കരുതിയല്ല, ഇവിടെയാരും എഴുതുന്നത്.

    മാരീചനോ, ചന്ദ്രക്കാരനോ, സൂരജോ ഒക്കെ എഴുതുന്നതിനോട് രൂക്ഷമായ എതിര്‍പ്പും വിയോജിപ്പുമുളളവര്‍ ബൂലോഗത്തുണ്ട്. അങ്ങനെ ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യത്തെ ഭയക്കുന്നതേയില്ല, ഒരിക്കലും.

    അത് വായിക്കുന്നവന്റെ സ്വാതന്ത്ര്യമാണ്. എതിര്‍പ്പും വിയോജിപ്പും ഏത് തരത്തില്‍ പ്രകടിപ്പിക്കുന്നതിനോടും ഒരു വൈമനസ്യവും ഇല്ല. രാഷ്ട്രീയ സംവാദത്തില്‍ ഇതൊക്കെ സര്‍വ സാധാരണവുമാണ്.

    ഒരു സുപ്രഭാതത്തില്‍ ബ്ലോഗര്‍ തന്ന സൗകര്യമുപയോഗിച്ച് ജഡ്ജ്‍മെന്റിന്റെ ചുവയുളള ഡിക്ലറേറ്റീവ് സ്റ്റേറ്റുമെന്റുകള്‍ എഴുതിപ്പിടിപ്പിക്കുന്പോള്‍, ഇതൊക്കെ വായിക്കുന്നവരില്‍ ചിലര്‍ പ്രതികരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല, അല്ലേ..അതിന്റെ കൊടിയ നിരാശ തെളിഞ്ഞു നില്‍ക്കുന്നുണ്ട് ജോജുവിന്റെ വാചകങ്ങളില്‍.

    തങ്ങളെഴുതുന്നതൊക്കെ എല്ലാവരും ചേര്‍ന്ന് തൊണ്ട തൊടാതെ വിഴുങ്ങുമെന്ന് പ്രതീക്ഷിച്ചത് നടക്കാത്തതിന്റെ നിരാശ.. കത്തോലിക്കാ സഭയെക്കുറിച്ച് ജോജു പറയുന്നതൊക്കെ എല്ലാവരും വിശ്വസിക്കുന്ന കാലം വരട്ടെയെന്ന് ഞാനും പ്രാര്‍ത്ഥിക്കാം..

    ബ്ലോഗും കമന്റ് ഓപ്ഷനുമൊന്നുമില്ലാതിരുന്ന കാലത്ത് ഭൂമി പരന്നതാണെന്നും സൂര്യന്‍ ഭൂമിയെ ചുറ്റുകയാണെന്നുമൊക്കെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു ചിലര്‍. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അത് തെറ്റെന്ന് വിളിച്ചു പറഞ്ഞ ബ്രൂണോയ്ക്കും ഗലീലിയോയ്ക്കുമൊക്കെ സംഭവിച്ചതെന്തെന്ന് അറിയുമല്ലോ.. അവരുടെ ദുര്‍വിധിയൊന്നും ബ്ലോഗിലോ വ്യക്തിജീവിതത്തിലോ പണിക്കര്‍മാഷിന് ഉണ്ടായിട്ടില്ല.

    പണിക്കാര്‍ മാഷ് തന്റെ ബ്ലോഗിലൂടെ ചിലത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനോട് വിയോജിപ്പുളളവര്‍ അവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. രണ്ടും ജനാധിപത്യം അനുവദിക്കുന്ന സ്വാതന്ത്ര്യം. അത്രേയുളളൂ...

    പണിക്കര്‍ മാഷ് എഴുതുന്നതൊക്കെ തൊണ്ടതൊടാതെ എല്ലാവരും വിഴുങ്ങിക്കൊളളണമെന്ന് ശഠിക്കാന്‍ ജോജുവിന് അവകാശമൊന്നുമില്ല. പണിക്കര്‍ മാഷ് എഴുന്നതിലെ രാഷ്ട്രീയം എതിര്‍ക്കപ്പെടേണ്ടതാണ് എന്നു കരുതിയാല്‍ അത് ചെയ്യാന്‍ ജോജുവിന്റെ സമ്മതപത്രവും വേണ്ട.

    പറയുന്നതെന്തെന്ന് മനസിലാക്കിത്തന്നെയാണ് സുഹൃത്തേ വിമര്‍ശനമുന്നയിക്കുന്നത്. പ്രതിരോധിക്കാനും മറുപടി പറയാനും താങ്കളടക്കമുളളവരുടെ അവസരമൊന്നും ഇവിടെയാരും കവര്‍ന്നിട്ടില്ല.

    ചോര പൊടിയാതിരിക്കാനുളള പ്രാര്‍ത്ഥന ഉചിതമായി.. ചോര പൊടിഞ്ഞ ചരിത്ര സന്ദര്‍ഭങ്ങള്‍ മറക്കാതിരിക്കുന്നതും നന്ന്...

  48. സത്യദർശനം said...

    വര്‍ഗീയതയുടെ നിറം പോസ്റ്റിലും എഴുത്തിലും പൂശി പത്തെണ്‍പത് പേജ് നിറയെ എഴുതി പിടിപ്പിച്ചാല്‍ അത് കണ്‍കുളിര്‍ക്കെ കണ്ട് ആശ്വസിക്കുന്നവര്‍ക്ക് ഉള്ള മറുപടിയും തിരിച്ചടിയും ആകട്ടെ ഈ ഉദ്യമം

    എല്ലാ പിന്തുണയും.

  49. absolute_void(); said...

    ജോജു സോഷ്യലിസം പഠിച്ച സ്കൂള്‍ കൊള്ളാം. പണിയെടുക്കുന്നവന്റെ കയ്യില്‍ നിന്നു് പണിയെടുക്കാത്തവന്‍ ഉത്പന്നം തട്ടിപ്പറിച്ചെടുക്കുന്നതിനെ വ്യാവസായികവിപ്ലവത്തിന്റെ തുടക്കകാലത്തിലെ മുതലാളിത്തത്തോടാണു് ഉപമിക്കേണ്ടതു്. അതാണു് തീവ്രഇടതുപക്ഷ സോഷ്യലിസമെന്നു് വ്യാഖ്യാനിച്ച ആ പാടവം എത്ര അഭിനന്ദിച്ചാലാണു് മതിവരിക!

    ഭൂതദയയാണു് രണ്ടാമത്തേതു്. സന്നദ്ധസംഘടനകള്‍ അതുചെയ്യുന്നു എന്നു് നിങ്ങള്‍ പറയുന്നു. സന്നദ്ധസംഘടനകള്‍ കൃത്യമായ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അവരുടെ നിലനില്‍പ്പിന്റെ ഭാഗമായി അവരതുചെയ്യുന്നു.

    സമ്പത്തു് വിതരണം ചെയ്യപ്പെടുന്നതു് വ്യവസ്ഥിതിയുടെ നിലനില്‍പ്പിനു് അത്യാവശ്യമാണു്. കാശുള്ള കുറേപ്പേര്‍ കൂടി നിര്‍മ്മിക്കുന്ന ഉത്പന്നം വാങ്ങാന്‍ പാങ്ങില്ലാത്തവരാണു് മറ്റുള്ളവരെങ്കില്‍ ആ ഉത്പന്നം വിറ്റഴിയാതെ പോവുകയും അതു് നിര്‍മ്മാതാവിനു് സാമ്പത്തികനഷ്ടമുണ്ടാക്കുകയും അയാള്‍ കാശില്ലാത്തവനായി പരിണമിക്കുകയും ചെയ്യും. അപ്പോള്‍ താഴേക്കിടയിലുള്ളവനും വാങ്ങല്‍ശേഷിയുണ്ടെങ്കിലേ സര്‍പ്ലസ് പ്രൊഡക്‌ഷന്‍ നിലനില്‍ക്കൂ.

    ആധുനിക മുതലാളിത്തം സമ്പത്തിന്റെ കുറേക്കൂടി നീതിയുക്തമായ വിതരണത്തില്‍ ശ്രദ്ധയൂന്നുന്നതിനു് കാരണമിതാണു്. അതിനാലാണു് മികച്ച കമ്പനികളുടെ എച്ച്ആര്‍ വകുപ്പു് ജീവനക്കാര്‍ക്കു് അവരാവശ്യപ്പെടാതെ തന്നെ പലവിധ ആനുകൂല്യങ്ങളും നല്‍കുന്നതു്. അതു് മുതലാളിത്തത്തിന്റെ നല്ല വളര്‍ച്ചയാണു്.

    എന്നിട്ടും ചിലപ്പോള്‍ ഉത്പാദനവുമായി ബന്ധമില്ലാത്ത അര്‍ബുദവളര്‍ച്ച ഒരു പക്ഷത്തു് ഉണ്ടാവുമ്പോഴാണു് യുഎസില്‍​ സംഭവിച്ചതുപോലെ വലിയ തകര്‍ച്ചകളുണ്ടാവുന്നതു്.

    മൂന്നാമത്തേതു് ചൂണ്ടയില്ലാത്തവനു് ചൂണ്ട നല്‍കുന്ന പരിപാടി: ഈ ചൂണ്ടയാണു് ജോജൂ, ഉത്പാദനോപകരണം എന്നു പറയുന്നതു്. തൊഴിലാളിക്കു് ഉത്പാദന ഉപകരണങ്ങളില്‍ ഉടമസ്ഥതയില്ലെന്നും അതു് നല്‍കേണ്ടതാണെന്നും പറഞ്ഞതിനെയാണല്ലോ ചങ്ങാതി മാര്‍ക്സിസം എന്നു് പറഞ്ഞതു്. ജോജൂ ആ പക്ഷത്താണെങ്കില്‍ സന്തോഷം.

  50. പരാജിതന്‍ said...

    വാച്ച് ഡോഗിന്,

    ഇത്ര പെട്ടെന്ന് ഒരു മറുപടി കിട്ടുമെന്ന് ലവലേശം പ്രതീക്ഷ ഉണ്ടായിരുന്നില്ല. അതും കൂടിയൊന്നു അറിയുവാനായിരുന്നു പരാജിതനോട് കമന്റിയതും."

    അക്കാര്യം നേരത്തേ പറഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി പെട്ടെന്നു കമന്റിയേനല്ലോ! എപ്പോള്‍ കമന്റുന്നു എന്ന അടിസ്ഥാനത്തില്‍ പലതും ഊഹിക്കാനുള്ള പ്രത്യേകകഴിവ് താങ്കള്‍‌ക്കുണ്ടെന്നു കാണുന്നതില്‍ സന്തോഷം. അതേതായാലും ഞാന്‍ എനിക്ക് സൌകര്യമുള്ളപ്പോള്‍ ബ്ലോഗും, കമന്റും; അതല്ലേ അതിന്റെ ഒരു രീതി? താങ്കള്‍‌ക്കിഷ്ടമുള്ളത് ഊഹിച്ചോളൂ. പക്ഷേ അങ്ങനെ ഊഹിക്കുന്ന കാര്യങ്ങളൊക്കെ കറകളഞ്ഞ സത്യങ്ങളാണെന്ന രീതിയില്‍ അസന്നിഗ്ദ്ധമായങ്ങ് പ്രഖ്യാപിക്കാമോ? സഹിഷ്ണുതയുടെ ആം‌ഗിളില്‍ നോക്കിയാല്‍ പരോക്ഷമായ ഒരു വ്യക്തിഹത്യ ചുവയ്ക്കുന്നില്ലേ അതില്‍, വാച്ച് ഡോഗേ? ആയിക്കോട്ടെ. പരാതി പറയുന്നില്ല. എന്തായാലും ഒരു കമന്റെഴുതാന്‍ പോലും പരസഹായം തേടുന്ന ഒരാളാണ് ഞാനെന്നു താങ്കള്‍ പറഞ്ഞുറപ്പിച്ചത് കണ്ട് തികഞ്ഞ സഹിഷ്ണുതയോടെ ഒന്നു ചിരിച്ചോട്ടേ?

    താങ്കള്‍ പരാമര്‍‌ശിച്ച പലകാര്യങ്ങള്‍‌ക്കും മറുപടി പറയാന്‍ യാതൊരു പ്രയാസവുമില്ല. പക്ഷേ തീര്‍‌ച്ചയായും അതിനുള്ള വേദി ഇതല്ല. ബ്ലോഗിലെ ‘കഥകളും’ ഉപജാപങ്ങളുമൊക്കെ ഇ-മെയിലില്‍ വായിച്ചു രസിക്കാന്‍ തക്ക സമയും സൌകര്യവും മാനസികാവസ്ഥയുമുള്ള ഒരാളല്ല ഞാനെന്നു മാത്രം പറഞ്ഞോട്ടെ. (കഷ്ടപ്പെട്ടുണ്ടാക്കിയ കാശു കൊടുത്തു വാങ്ങുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ നേരം കിട്ടുന്നില്ല. പിന്നെയാണ് ബ്ലോഗ് ഗോസിപ്പ്!) ഇനിയിപ്പോള്‍ ഈയൊരു ബ്ലോഗില്‍ സഹകരിക്കുന്നതിനു വേണ്ടി അക്കാര്യങ്ങള്‍‌ക്കായി മിനക്കെടാനുള്ള ഉദ്ദേശ്യവുമില്ല. നന്ദി.

  51. N.J Joju said...

    അയ്യോ മാരീചാ,

    ജോജൂ ഒരു സമ്മതപത്രവും പടച്ചുവിടുന്നില്ല. സംഘം ചേര്‍ന്നുള്ള ആക്രമണങ്ങളുടെ വൈചിത്ര്യവും ഇരട്ടത്താപ്പും (എല്ലാം എന്റെ തോന്നല്‍) പറയുക മാത്രമായിരുന്നു, ഞാന്‍.

    പിന്നെ നിരാശ, എനിയ്ക്ക്. ആരുടെയും പിന്തുണ പ്രതീക്ഷിച്ചല്ല ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടൂള്ളത്. എതിര്‍പ്പുമാത്രം പ്രതീക്ഷിച്ചാണ് ഞാന്‍ പല കമന്റുകളും ഞാന്‍ എഴുതിയിട്ടൂള്ളതും.
    ആ നിലയ്ക്ക് നിരാശയ്ക്ക് വകയില്ലല്ലോ.

    കത്തോലിയ്ക്കാ സഭയെക്കുറിച്ചു പറയുമ്പോള്‍ ഗലീലിയോയെയും ബ്രൂണോയെയും അഭയെയും മാത്രമല്ലേ മാരീചനറിയുള്ളൂ. എത്രതവണ ഇത് ആവര്‍ത്തിച്ചിരിയ്ക്കുന്നു. എനി എത്രതവണ ആവര്‍ത്തിയ്ക്കാനിരിയ്ക്കുന്നു. വാചകക്കസര്‍ത്തിന് അതുതന്നെ ധാരാളം.

    നടക്കട്ടെ. അടിയന്‍ വിടവാങ്ങുന്നു. പണിയുണ്ടേ(അരാഷ്ട്രീയം?)...

  52. കെ said...

    ഗലീലിയോയെയും ബ്രൂണോയെയും അഭയയെയുമൊന്നും അങ്ങനെ മറന്നു കളയാനാവില്ലല്ലോ ജോജൂ.. മനുഷ്യകുലം ഉളളടത്തോളം കാലം ആ പേരുകള്‍ക്ക് പ്രസക്തിയില്ലേ.. ജോജുവിന് ഇഷ്ടപ്പെടില്ലെന്നു കരുതി ഇവരുടെ പേര് പറയാതിരിക്കാനാവുമോ?

  53. അനോമണി said...

    വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നവര്‍ മതപരമായ മൂടുപടമണിഞ്ഞു എന്നുകരുതി ആരും വെറുതെ വിടാന്‍ പോകുന്നില്ല. നാളെ ഞാന്‍ പടവലങ്ങയുടെ ക്വാണ്ടം ബലതന്ത്രം എന്നപേരില്‍ വല്ല വിഢിത്തവും എഴുന്നള്ളിച്ചാല്‍ യാതൊരു മയവുമില്ലാതെ പരിഹസിക്കാന്‍ ഈ ബ്ലോഗില്‍ സര്‍ഗാത്മക പങ്കാളിത്തമുള്ള പലരും തയ്യാറാകും. അതുകൊണ്ട് അവരെല്ലാം സംഘം ചേര്‍ന്ന് ആക്രമിക്കുന്നു എന്ന് പരിഭവിച്ചാല്‍ അത് പരിഭവിക്കുന്നവരുടെ വിഢിത്തം.

    തെറ്റ് പറയുകയും ശാസ്ത്രത്തെ അന്ധവിശ്വാസവുമായി കൂട്ടിക്കെട്ടുകയും ചെയ്യുമ്പോള്‍ എതിര്‍ക്കുന്നതിനെ സംഘം ചേര്‍ന്ന ആക്രമണം എന്നെല്ലാം കരുതുന്നവരുടെ മനസ്സ് ബ്രൂണൊയെ ചുട്ടുകൊല്ലുകയും ഗലീലിയോവിനെ തടവിലിടുകയും ചെയ്തവരെക്കാള്‍ അന്ധവിശ്വാസ ജഡിലവും പ്രതിലോമവും ആയിരിക്കാതെ തരമില്ല.

  54. ചന്ത്രക്കാറന്‍ said...

    I am not in a position to comment, let me try by evening.

  55. Suraj said...

    "പണിക്കർ മാഷെന്ന ബ്ലോഗറേയും സംസ്കൃതം പ്രമോട്ട് ചെയ്യുന്നുവെന്ന ഒരൊറ്റ കാരണത്താൽ പ്രതിലോമകാരനായി ചിത്രീകരിച്ച് പുള്ളികുത്തി കഴുതപ്പുറത്ത് ഇരുത്തിയ നാളുകളും അധികമായിട്ടില്ല."

    കറക്ട്. തങ്ങള്‍ക്ക് അഹിതമായതെന്തും പ്രതിലോമകരമെന്നാണ് വിവക്ഷ. തങ്ങളാണ് ഇടതുപക്ഷമെന്നോ തങ്ങള്‍മാത്രമാണ് ഇടതുപക്ഷമെന്നോ ഉള്ള തെറ്റിദ്ധാരണ.


    ങാഹാ, ജോജു ഇങ്ങനെ എഴുതിയത് ഇതുദ്ദേശിച്ചാണോ ?

    ഈ ഉദ്ദേശക്കാരുടെ കാര്യം.. ശൊ.

    ഇന്‍ഡ്യാഹെറിറ്റേജ് എന്ന ബ്ലോഗില്‍ ഈയുള്ളവന്‍ എതിര്‍ത്തെഴുതുന്നുവെങ്കില്‍ അതിന് വ്യക്തമായ കാരണവുമുണ്ട്. അനോമണി പറഞ്ഞതു പോലെ ചക്കേടെ ക്വാണ്ടം അവസ്ഥയെന്നും കാകലക്ഷണം ദൂതലക്ഷണം ഒറ്റമൂലി എന്നുമൊക്കെ “ശാസ്ത്രീയ”മായി വാദിക്കുമ്പോള്‍ അതിനെന്തെങ്കിലും അടിത്തറ വേണം. ഇല്ലെങ്കില്‍ “സദുദ്ദേശ്യത്തിൽ വരുന്ന വായനക്കരെ വഴിതെറ്റിക്കുന്നത് കാണുമ്പോൾ ഇടപടേണ്ടി വരുത്തരുത് എന്ന് ഒരു മുൻ‌കൂർ മുന്നറിയിപ്പ് മാത്രം” എന്ന് വാച്ച് ഡോഗെഴുതിയത് സംഭവിക്കും... ചുമ്മാ “ഇടപെടേണ്ടി വരുത്തരുത് എന്ന വിരട്ടല്ല, ഇടപെടുക തന്നെ ചെയ്യും.
    കമന്റോപ്ഷന്‍ എന്നൊരു സാധനം വച്ചിരിക്കുന്നതേ അതിനാണ്. പണിക്കര്‍ സര്‍ അതേതായാലും പൂട്ടിയിട്ടില്ല. എഴുതുന്നതിനൊക്കെ അദ്ദേഹത്തിന്റെ ബോധ്യത്തിനൊത്ത മറുപടിയും തരാറുണ്ട്. ഞങ്ങള്‍ പലയിടത്തും അന്യോന്യം പരിഹാസ കമന്റുകളും ഇടാറുമുണ്ട്.

    അതൊക്കെ സംസ്കൃതം പിടിക്കാത്തതുകൊണ്ടോ ഡോ:പണിക്കര്‍ എന്ന വ്യക്തിയോടുള്ള പക കൊണ്ടോ ആണെന്ന് ജോജു “ഉദ്ദേശി”ക്കുന്നെങ്കില്‍ വെരി സോറി... ആളുമാറിപ്പോയി.


    “..ഹിന്ദുമതത്തെക്കുറീച്ച് ആരെങ്കിലും നല്ലതുപറഞ്ഞാല്‍ അത് ഫാസിസമാകും.
    കത്തോലിയ്ക്കാ സഭയുടെ നിലപാടുകളെ വ്യക്തമാക്കാന്‍ ശ്രമിച്ചാല്‍ അത് വര്‍ഗ്ഗീയതയാകും.
    ഇസ്ലം മതത്തെക്കുറിച്ച് മോശമായി പറഞ്ഞാല്‍ കയ്യടി.
    അമേരിയ്ക്കയെ അനുകൂ‍ലിച്ചാല്‍ അധിനിവേശം. സദ്ദാമിനെ അനുകൂലിച്ചില്ലെങ്കില്‍ അധിനിവേശം...”


    ജെനറിക് സ്റ്റേറ്റ്മെന്റുകള്‍ ഒത്തിരിയിരുപ്പുണ്ടല്ലോ കൈയ്യില്‍ . നല്ലതാണ്. പക്ഷേ, ഈ പറഞ്ഞതൊക്കെ സംഭവിക്കുന്ന ബ്ലോഗുകളില്‍ എല്ലാവര്‍ക്കും എഴുതാമല്ലോ അല്ലേ ? ആര്‍ക്കെങ്കിലും വേണ്ടി റിസേര്‍വ് ചെയ്തിട്ടൊന്നുമില്ലല്ലോ അവിടുത്തെ കമന്റ് ബോക്സുകള്‍. ഉവ്വോ ?

    പ്രതികരിക്കുക സുഹൃത്തേ, അത് രാഷ്ട്രീയമോ ശാസ്ത്രമോ അരാഷ്ട്രീയമോ ആകട്ടെ. ഇഷ്ടമില്ലെങ്കില്‍ ബോയ്ക്കോട്ടും ചെയ്യാവുന്നതാണ്. ചില അറബി നാടുകളില്‍ ജബ്ബാര്‍ മാഷിന്റേതു പോലുള്ള ബ്ലോഗുകള്‍ നിരോധിച്ചതും സമകാലിക ചരിത്രമല്ലേ?

    ജീവനോടെ പരസ്പരം കണ്ടിട്ടുപോലുമില്ലാത്തെ ബ്ലോഗര്‍മാര്‍ അക്ഷരങ്ങള്‍ക്കു പിന്നിലിരുന്നെഴുതുന്നതല്ലേ ഇതെല്ലാം. പിന്നെയെന്തിനു വേവലാതി ?

  56. Rajesh Krishnakumar said...

    അഭിനന്ദനങ്ങൾ
    ഒപ്പം സർവ പിന്തുണയും

    (ചുവന്ന തുണികണ്ട് കുറേ കാളക്കൂറ്റന്മാർക്ക് വിറളി പിടിച്ചല്ലൊ)

  57. myexperimentsandme said...

    അവര്‍ണ്ണര്‍ അവര്‍ണ്ണരെന്ന് വിളിക്കപ്പെടേണ്ടവരും സവര്‍ണ്ണര്‍ സവര്‍ണ്ണര്‍ എന്ന് വിളിക്കപ്പെടേണ്ടവരും അല്ല എന്ന ഞാന്‍ തന്നെയെടുത്ത തീരുമാനത്തില്‍ ബോധപൂര്‍വ്വം തന്നെയാണ് എവി
    ടെ അവര്‍ണ്ണ-സവര്‍ണ്ണ പരാമര്‍ശമുണ്ടെങ്കിലും മനഃപൂര്‍വ്വം തന്നെ ഞാന്‍ “അവര്‍ണ്ണരെന്ന് വിളിക്കപ്പെടുന്നവര്‍” എന്നും “സവര്‍ണ്ണര്‍ എന്ന് വിളിക്കപ്പെടുന്നവര്‍” എന്നും നീട്ടിയെഴുതുന്നത് മാരീചാ. അത് എന്റെ സ്വന്തം തീരുമാനത്തില്‍ ഞാനെടുത്ത ഒരു രീതിയാണ്. അവര്‍ണ്ണ-സവര്‍ണ്ണ ലേബലുകള്‍ ഈ നാട്ടില്‍ ഏറ്റവും ആവശ്യമായിരിക്കുന്നത് ആര്‍ക്കും കൂടിയാണെന്ന് അറിവുള്ളവര്‍ പറയട്ടെ.

    വ്യത്യസ്തമായ ഒരു ബ്ലോഗായിരിക്കാം എന്നോര്‍ത്താണ് എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞത്. ഈ രീതിയിലുള്ള സംവാദങ്ങള്‍ എത്രയോ കൊല്ലങ്ങളായി നടന്നിരിക്കുന്നു. കണ്‍സര്‍വേഷന്‍ ഓഫ് ഊര്‍ജ്ജത്തിനാണ് ഈ ഉദ്യമം എന്ന് ഇപ്പോഴാണ് മനസ്സിലായത്. ഒരേ അഭിപ്രായക്കാര്‍ ഒരിടത്തിരുന്ന് ഒരേ അഭിപ്രായം പറഞ്ഞ് അഭിപ്രായം ഊട്ടിയുറപ്പിക്കുന്ന രീതിക്കൊരു പുതുമയില്ല എന്ന് മാത്രം.

    ബേസിക് ഇന്റലിജന്റ്‌സിനെ ചോദ്യം ചെയ്യുന്നതില്‍ ഞാനൊരു അസഹിഷ്ണുതയും കാണിച്ചില്ലല്ലോ മാരീചാ... പലപ്പോഴും നടത്തുന്ന പ്രവര്‍ത്തികള്‍ തന്നെ നടത്തുന്നതില്‍ എന്താണ് പുതുമ എന്നേ ഓര്‍ത്തുള്ളൂ.

    നേരത്തത്തെ ആശംസകളെല്ലാം പിന്‍‌വലിച്ച് പുതിയ ആശംസ:

    പുതിയ ഒരു വര്‍ഗ്ഗീയവാദികൂടി ഈ ബ്ലോഗുമൂലം ലോകത്തില്‍ ഉണ്ടാവാതിരിക്കട്ടെ.

  58. Suraj said...

    ...വ്യത്യസ്തമായ ഒരു ബ്ലോഗായിരിക്കാം എന്നോര്‍ത്താണ് എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞത്. ഈ രീതിയിലുള്ള സംവാദങ്ങള്‍ എത്രയോ കൊല്ലങ്ങളായി നടന്നിരിക്കുന്നു. കണ്‍സര്‍വേഷന്‍ ഓഫ് ഊര്‍ജ്ജത്തിനാണ് ഈ ഉദ്യമം എന്ന് ഇപ്പോഴാണ് മനസ്സിലായത്.

    എനര്‍ജി കണ്‍സെര്‍വേഷനുള്ള കേന്ദ്ര അവാര്‍ഡ് വല്ലതും ഉണ്ടോയെന്ന് തപ്പാന്‍ ആളെ വിട്ടിരിക്കുന്നുവെന്നാണ് എന്റെയൊരു തോന്നല്‍ .

    ..ഒരേ അഭിപ്രായക്കാര്‍ ഒരിടത്തിരുന്ന് ഒരേ അഭിപ്രായം പറഞ്ഞ് അഭിപ്രായം ഊട്ടിയുറപ്പിക്കുന്ന രീതിക്കൊരു പുതുമയില്ല എന്ന് മാത്രം....


    ഒരേ അഭിപ്രായക്കാര്‍ പലയിടത്തൂന്നും വന്ന് അഭിപ്രായം പറയുന്നതിനെയാണല്ലോ നമ്മള്‍ അസഹിഷ്ണുത, സംഘടിതാക്രമണം എന്നൊക്കെ വിളിക്കുന്നത് എന്നാണ് എന്റെയൊരു തോന്നല്‍ . അത് ബ്ലോഗില്‍ ഇപ്പോള്‍ തന്നെ ധാരാളമുണ്ടെന്ന തോന്നലില്‍ നിന്നാണല്ലോ ഈയൊരു തോന്നല്‍ ഉണ്ടായത് എന്നും വേറൊരു തോന്നല്‍. അപ്പോള്‍ കുറച്ചു പേര്‍ ഒരിടത്തിരുന്ന് ഒരേ അഭിപ്രായം പറഞ്ഞ് ആ അഭിപ്രായത്തെ ഊട്ടിയുറപ്പിക്കാമെന്നും തോന്നിയതിന്റെ ഫലമാണ് ഈ ബ്ലോഗെന്ന് മൂന്നാമതൊരു തോന്നല്.

  59. absolute_void(); said...

    കമലാഹാസനെ താങ്ങി ജോജു വിശദീകരിച്ച സോഷ്യലിസ്റ്റ് കഥയ്ക്കു് ഒരു മറുപടി ഇട്ടിരുന്നു. അതുകണ്ടില്ലെന്നുണ്ടോ?

  60. കെ said...

    സെലക്ടീവ് റീഡിംഗല്ലേ സെബിനേ നടക്കുന്നത്... കണ്ടുകാണാന്‍ വഴിയില്ല. അഥവാ കണ്ടാലും കണ്ടില്ലെന്ന് നടിക്കണം..

  61. വിശാഖ് ശങ്കര്‍ said...

    ഈ ബ്ലോഗിലെ മിക്കവാറും അംഗങ്ങളുടെ ബ്ലോഗിലെ ഇടപെടലുകള്‍ ഒന്നൊരവര്‍ഷമായി നിരീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് ഇതിലെ ഒരു അംഗത്തിനെങ്കിലും തങ്ങളോട് ആശയപരമായി വിയോജിപ്പുള്ളവരെ നേരിടാനായി കൂട്ടം കൂടേണ്ട്തോ ,ഇ.മെയില്‍ വഴി വ്യക്തിഹത്യ നടത്തേണ്ടതോ ആയ ഗതികേടുണ്ട് എന്ന് എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.ബ്ലോഗില്‍ നടന്ന പല തര്‍ക്കങ്ങളിലും, സംവാദങ്ങളിലും ഇവര്‍ പങ്കെടുക്കുകയും തങ്ങള്‍ക്ക് പറയാനുള്ളത് ആര്‍ജ്ജവത്തോടെ പറയുകയും ചെയ്തിട്ടുണ്ട്.അവരുടെ അഭിപ്രായങ്ങളോട്ട് യോജിപ്പുള്ളവര്‍ അത് പ്രകടിപ്പിക്കുകയും അവരോടൊപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ട്.അതിനെ കൂട്ടംകൂടിയുള്ള വ്യക്തിഹത്യ എന്നൊക്കെ ചിത്രീകരിക്കുന്നതിന്റെ ലക്ഷ്യം വേറെയാണെന്ന് തോന്നുന്നു.ആശയങ്ങളുടേയും, നിലപാടുകളുടേയും കാര്യത്തില്‍ ഒത്തുപോകാന്‍ കഴിയുന്നവര്‍ ചേര്‍ന്നേ ഒരു കൂട്ടുബ്ലോഗ് തുടങ്ങനാവു.അങ്ങനെ ഒരു കൂട്ടുബ്ലോഗിന് പൊതുവായ ഉദ്ദേശലക്ഷ്യങ്ങളും, നയസമീപനങ്ങളുമൊക്കെ ഉണ്ടാവുന്നത് സ്വാഭാവികം.പക്ഷേ ഇവിടെ പ്രസിദ്ധീകരിക്കുന്ന പോസ്റ്റ് എല്ലാവര്‍ക്കും വായിക്കുവാനുള്ളതാണ്. കമന്റ് ഓപ്ഷന്‍ തുറന്നുവച്ചിരിക്കുന്നിടത്തോളം വായിക്കുന്ന ആര്‍ക്കും തങ്ങളുടെ യോജിപ്പുകളോ വിയോജിപ്പുകളോ രേഖപ്പെടുത്തുകയും ആവാം.അങ്ങനെയിരിക്കെ ഇവിടെ കുറെപ്പേര്‍ കൂടിയിരിക്കുന്നത് മറ്റാരെയൊക്കെയോ ആക്രമിക്കാനും,തുരത്താനുമൊക്കെയാണെന്നുള്ള പ്രചാരണങ്ങള്‍ സൂചിപ്പിക്കുന്നത് ഇതിലെ അംഗങ്ങള്‍ക്ക് ഉണ്ടെന്ന് ആരോപിക്കപ്പെട്ട അസഹിഷ്ണുതയും, ആക്രമണോത്സുകതയുമല്ല, മറിച്ച് ഈ ബ്ലോഗ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളും നിലപാടുകളും തങ്ങള്‍ക്ക് ഒരുപാട് വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാമെന്ന് മുങ്കൂട്ടിക്കണ്ട് ഇതിനെ മുളയിലേ നുള്ളിക്കളയാം എന്നുള്ള ചിലരുടെ വ്യാമോഹത്തെയാണ്.

    ജോജുവിന്റെ സോഷ്യലിസ്റ്റ് വ്യാഖ്യാനം ഗംഭീരമായി.ഒരാള്‍ മീന്‍പിടിക്കുകയും(അദ്ധ്വാനിക്കുകയും)മറ്റൊരാള്‍ പട്ടിണികിടക്കുകയും(നിഷ്ക്രിയനായിരിക്കയും) ചെയ്യുന്ന ഒരു സാഹചര്യത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന മൂന്നു സധ്യതകളെ എണ്ണമിട്ട് പറഞ്ഞ് എത്ര എളുപ്പത്തില്‍ അദ്ദെഹം സോഷ്യലിസത്തെ പഠിച്ചു തീര്‍ത്തു..!പട്ടിണി കിടക്കുന്നവര്‍ക്ക് ചൂണ്ട വേടിച്ച് കൊടുത്താല്‍ തീരുന്നതാണത്രേ അസമത്വങ്ങള്‍..!പട്ടിണികിടക്കുന്നവരുടെ പട്ടിണിയുടെ കാരണം അവരുടെ മീന്‍പിടിക്കില്ലെന്ന ശാ‍ഠ്യമാണത്രെ. അല്ലാതെ അവര്‍ പിടിക്കുന്ന മീന്‍മുഴുവന്‍ കടലറിയാത്ത, കൈനനയ്ക്കാത്ത മറ്റൊരു വിഭാഗം കൈയ്യടക്കി പൊരിച്ച് തിന്നതുകൊണ്ടല്ല..!

  62. manoj pm said...

    കാണാന്‍ അല്‍പം വൈകി. പിന്തുണ പിന്തുണ.
    അപസ്വരങളെ അകറ്റരുതേ.
    അവയെ കേള്‍ക്കുക-ഉചിതമായ മറുപടി പറയുക.
    ഒന്നിലും ഇടപെടുന്നില്ല. പേടികൊണ്ടല്ല. ഇവന്‍ വന്നു, നിങ്ങള്‍ സിപിഎം ലേബലിട്ടു എന്ന് പറയാന്‍ ആളുണ്ടാകും. അതുകൊണ്ട് ഭാവുകമോതി പിന്‍മാറുന്നു. പററുന്ന സഹായം, പോരാട്ടത്തോട് ഐക്യദാര്‍ഢ്യം-ഓഫര്‍ അതുമാത്രം .
    അഭിവാദ്യങ്ങള്‍.
    ചുട്ടുകൊല്ലപ്പെട്ട, പിച്ചിച്ചീന്തപ്പെട്ട, ആട്ടിയോടിക്കപ്പെട്ട എല്ലാവര്‍ക്കുംവേണ്ടി ഒരിറ്റു പിന്തുണ.

  63. Unknown said...

    “അസഹിഷ്ണുതയുടെ നേരെ നമ്മള്‍ അപരിമിതമായ സഹിഷ്ണുത പ്രകടിപ്പിച്ചാല്‍, സഹിഷ്ണുതയുള്ള ഒരു സാമൂഹികവ്യവസ്ഥയുടെ നേരെയുള്ള അസഹിഷ്ണുതയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ നമ്മള്‍ തയ്യാറാവാതിരുന്നാല്‍, സഹിഷ്ണുക്കളും അവരോടൊപ്പം അവരുടെ സഹിഷ്ണുതയും നശിപ്പിക്കപ്പെടുകയാവും ഫലം.”
    - Sir Karl R. Popper (Philosopher)

    പറയുന്ന കാര്യങ്ങള്‍ ശരിയെങ്കില്‍ അവ ശരി എന്നു് അംഗീകരിക്കാന്‍ പറയുന്നവന്റെ മുഴുവന്‍ നിലപാടുകളോടും യോജിക്കണമെന്നില്ല. അതു് സര്‍ പൊപ്പറായാലും ശരി, മറ്റാരായാലും ശരി! വിശ്വാസപരമായി ഒരുവന്‍ എന്റെ ആത്മീയപിതാവു് ആയതുകൊണ്ടു് അവന്റെ സകല വ്യഭിചാരങ്ങളും നീതീകരിക്കാനും, പറ്റിയ വാദമുഖങ്ങള്‍ കണ്ടെത്തി അവയെ വെള്ളപൂശാനുമുള്ള യാതൊരു ബാദ്ധ്യതയും എനിക്കില്ല. തെറ്റിനെ തെറ്റെന്നു്‌ വിളിക്കാനുള്ള ധൈര്യം വ്യക്തിത്വത്തിന്റെ ഭാഗമാണു്. അല്ലാത്തതെല്ലാം വളര്‍ത്തിയെടുത്ത ഭയത്തില്‍ അധിഷ്ഠിതമായ വിധേയത്വമോ, അടിമത്വമോ ഒക്കെ മാത്രമേ ആവൂ, അതിനെ മറ്റെന്തു് പേരുപറഞ്ഞു് വിളിച്ചു് മയപ്പെടുത്താന്‍ ശ്രമിച്ചാലും!

    കോടിക്കണക്കിനു് ജനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും വഴിമുട്ടി നട്ടം തിരിയുമ്പോള്‍ “എനിക്കും എന്റേതുകള്‍ക്കും” സമൂഹം അനുവദിച്ചുതരേണ്ട “നിയമപരമായ” അവകാശങ്ങ‍ളെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നതു് നീതിയോ നിയമപരതയോ അല്ല, പൊതുസമൂഹത്തിനുനേരെ നിര്‍ലജ്ജം ഉയര്‍ത്തുന്ന ഭീഷണിയാണു്‌.

  64. N.J Joju said...

    സൂരജേ,

    ആര്‍ക്കാണു വേവലാതി.

    ഫാസിസം വര്‍ഗ്ഗീയത് അരാഷ്ടീയത, വലതുപക്ഷം തുടങ്ങിയവയ്ക്ക് ഈ ബ്ലോഗ് കൊടുക്കുന്ന അര്‍ത്ഥമാണ് ഞാന്‍ എന്റെ ആദ്യകമന്റിന്‍ ചോദിച്ചത്. അല്ലെന്നുണ്ടോ? രാജീവിന്റെയും ചന്ത്രക്കാരന്റെയും മാരീചന്റെയും സൂരജിന്റെയുമൊക്കെ രാഷ്ടീയ മത വിശ്വാസങ്ങളെക്കുറിച്ച് ഏതാണ്ടൊരു പിടിപാടുള്ള സ്ഥിതിയ്ക്ക് അത് അനിവാര്യവുമായി തോന്നി.

    “ജെനറിക് സ്റ്റേറ്റ്മെന്റുകള്‍ ഒത്തിരിയിരുപ്പുണ്ടല്ലോ കൈയ്യില്‍ . നല്ലതാണ്. പക്ഷേ, ഈ പറഞ്ഞതൊക്കെ സംഭവിക്കുന്ന ബ്ലോഗുകളില്‍ എല്ലാവര്‍ക്കും എഴുതാമല്ലോ അല്ലേ ?”

    ഈ ബ്ലോഗിന്റെ സമീപനരേഖയില്‍ പറയുന്ന ഇക്കാര്യങ്ങളെക്കുറിച്ച് ഈ ബ്ലോഗില്‍ തന്നെയല്ലേ ചോദിക്കേണ്ടത്? മതത്തെക്കുറീച്ചുള്ള രാ‍ജീവിന്റെ മറുപടിയില്‍ നിന്നു വ്യക്തമായ മറുപടിയും കിട്ടി. അതുമായി യോജിക്കാനാവാത്തതുകൊണ്ട് ബ്ലോഗിനെ പിന്തുണ്ടയ്ക്കുന്നു എന്നു ഞാന്‍ പറഞ്ഞതില്‍ നിന്നും പിന്മാറേണ്ടി വന്നു. അതുകൊണ്ട് എന്നെ വര്‍ഗ്ഗീയവാദിയോ മതഭ്രാന്തനോ മനുഷ്യനെ ചുട്ടുതിന്നുന്നവരെ സപ്പൊര്‍ട്ടുചെയ്യുന്നവനമായി ചിത്രീകരിയ്ക്കാന്‍ സാധ്യതയുള്ളതുകൊണ്ട് എന്റെ മതേതരത്വത്തത്തോടും മാനവികതയോടൂമുള്ള പ്രതിബദ്ധത പറയേണ്ടി വന്നു. അത്രയുമാണ് സംഭവിച്ചത്. അല്ലേ. ഈ ബ്ലോഗില്‍ പറയേണ്ടാത്ത ഒന്നും ഞാന്‍ ഇവിടെ പറഞ്ഞിട്ടില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.

  65. myexperimentsandme said...

    എത്ര ആത്മവിശ്വാസത്തോടെ ആടിനെ നോക്കി പട്ടീ പട്ടീ എന്ന് വിളിച്ചാലും ആടാടുതന്നെ :)

    പണിക്കര്‍ മാഷ് എഴുതുന്നതിനോട് എതിര്‍പ്പുളളവര്‍ അതു ചൂണ്ടിക്കാട്ടുക തന്നെ ചെയ്യും ജോജൂ. ജോജു എഴുതുന്നതിനോട് എതിര്‍പ്പുണ്ടെങ്കില്‍ അതും എതിര്‍ക്കും...

    എത്ര നിഷ്‌കളങ്കം അല്ലേ... ഇതും സൂരജ് തന്ന ലിങ്കുമൊക്കെ വായിക്കുമ്പോള്‍ ഒരുമാതിരിപ്പെട്ടവര്‍ക്ക് തോന്നുന്നതെന്താണ്? പണിക്കര്‍ മാഷ്, ആധുനികശാസ്ത്രത്തിന്റെ അളവുകോലനുസരിച്ച് പൊട്ടത്തെറ്റെന്ന് വ്യാഖ്യാനിക്കാവുന്നതെന്തൊക്കെയോ പറഞ്ഞു, ആധുനികശാസ്ത്രം അറിയാവുന്നവര്‍ അതിനെ എതിര്‍ത്തു, അല്ലെങ്കില്‍ പണിക്കര്‍ മാഷ് മതത്തെ ശാസ്ത്രവുമായി കൂട്ടിക്കെട്ടാന്‍ നോക്കി, ചിലര്‍ അതിനെ എതിര്‍ത്തു, അതിനെയൊക്കെ എന്തിനെതിര്‍ക്കണം... അതൊക്കെ ബ്ലോഗിംഗിന്റെ സ്വാതന്ത്ര്യത്തില്‍ പെടുന്നതല്ലേ ഇറ്റിസി ഇറ്റിസി...

    അവിടെയാണ് ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് മിനിമം ചരിത്രബോധം വേണം എന്ന് മാരീചന്‍ പറഞ്ഞതിന്റെ പ്രസക്തി. ചരിത്രബോധമെന്നാ‍ല്‍ ഇന്ത്യാ ചരിത്രവും കേരള ചരിത്രവും മാത്രമല്ലല്ലോ, ബ്ലോഗ് ചരിത്രവുമാവാമല്ലോ, കുറഞ്ഞ പക്ഷം ബ്ലോഗിലെങ്കിലും.

    ശാ‍സ്ത്രവും മതവുമൊക്കെ വരുന്നതിനും മുന്‍പ് സംസ്കൃതശ്ലോകങ്ങള്‍ തന്റേതായ രീതിയില്‍ വ്യാഖ്യാനിച്ചിരുന്ന പണിക്കര്‍ മാഷിനെ “ആര്‍ക്കു വേണം ഇവിടെ സംസ്കൃതം” എന്ന നിലപാടോടും കൂടി പ്രതിലോമകാരിയായി ചിത്രീകരിച്ച ഒരു ചരിത്രമുണ്ടായിരുന്നെന്ന്, ഭാഗ്യവശാല്‍ ആ ചരിത്രകാലഘട്ടത്തില്‍ ജീവിച്ചിരുന്ന എനിക്ക് മറ്റാരുടെയും വ്യാഖ്യാനങ്ങളില്ലാതെതന്നെ അറിയാന്‍ പറ്റി. അങ്ങിനെയല്ലായിരുന്നെങ്കില്‍ പണിക്കര്‍ മാഷ് പ്രതിലോമകാരിയായത് ഇപ്പോള്‍ ഇവിടെ അവതരിപ്പിച്ച കാരണങ്ങള്‍ കൊണ്ടായിരുന്നു എന്ന വ്യാഖ്യാനം വിശ്വസിക്കേണ്ടി വന്നേനെ. അക്കാലത്ത് അദ്ദേഹം പ്രതിലോമകാരിയാവാന്‍ കാരണം അദ്ദേഹത്തിന്റെ സുഭാഷിതങ്ങളും സംസ്കൃത വ്യാഖ്യാനങ്ങളുമൊക്കെയായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. സംസ്കൃതം-സവര്‍ണ്ണം-ബി.ജെ.പി-ഫാസിസം എന്ന നേര്‍‌രേഖയില്‍ മാത്രം സഞ്ചരിക്കുന്നവര്‍ക്ക് അത് എതിര്‍ത്തല്ലേ മതിയാവൂ.

    നേരിട്ടറിയാവുന്ന ചരിത്രത്തിന് സംഭവിച്ചതാണിത്. പ്രശ്‌നം പണിക്കര്‍ മാഷിനെ എതിര്‍ത്തതോ, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ എതിര്‍ത്തതോ സംസ്കൃതത്തെ എതിര്‍ത്തതോ അല്ല- ആര്‍ക്കുവേണം ഈ സംസ്കൃതം എന്ന ഫാസിസമാണ് പ്രശ്‌നം. ആര്‍ക്കുവേണം ഈ സംസ്കൃതം എന്ന ചിന്തയുടെ അടിസ്ഥാനമോ, കുറച്ചാള്‍ക്കാര്‍ സംസ്കൃത്തെ അവര്‍ക്കായി മാത്രം സംവരണം ചെയ്തു-അതുകൊണ്ട് ആര്‍ക്കും ഇനി സംസ്കൃതം വേണ്ട- ആ ചിന്താഗതിക്കാര്‍ തന്നെയാണ് ഫാസിസത്തെയും വര്‍ഗ്ഗീയതെയും എതിര്‍ക്കുന്നതും.

    അങ്ങിനെ വരുമ്പോള്‍ പ്രതിലോമത്തിനും വര്‍ഗ്ഗീയത്തിനും ഫാസിസത്തിനുമെല്ലാം തങ്ങള്‍ക്ക് യോജിച്ച ഒരു നിര്‍വ്വചനം കൊടുത്ത് അതിനെയെല്ലാം എതിര്‍ത്ത്,അതിനെയെല്ലാം തോല്‍‌പിച്ച്...


    പക്ഷേ അങ്ങനെ ഊഹിക്കുന്ന കാര്യങ്ങളൊക്കെ കറകളഞ്ഞ സത്യങ്ങളാണെന്ന രീതിയില്‍ അസന്നിഗ്ദ്ധമായങ്ങ് പ്രഖ്യാപിക്കാമോ?

    അത് തന്നെ പരാജിതാ. ഉദാസീനത കണ്ടുപിടിച്ചതുപോലെ :)

    സഹിഷ്ണുതയുടെ ആം‌ഗിളില്‍ നോക്കിയാല്‍ പരോക്ഷമായ ഒരു വ്യക്തിഹത്യ ചുവയ്ക്കുന്നില്ലേ അതില്‍...?

    ഹ...ഹ... പരാജിതാ :)

    സോ സിമ്പിള്‍ പരാജിതാ, നമ്മള്‍ പറയുന്നതൊക്കെ മറ്റുള്ളവര്‍ക്കും പറയാം, നമ്മള്‍ മറ്റുള്ളവരെ ചൂണ്ടിക്കാണിക്കുന്നതൊക്കെ മറ്റുള്ളവര്‍ക്ക് നമ്മളെയും ചൂണ്ടിക്കാണിക്കാം. ഈ പോസ്റ്റിന്റെ കമന്റുകളില്‍ തന്നെ ധാരാളമുണ്ടല്ലോ. സഹിഷ്ണുത എന്ന വാക്ക് തന്നെ എത്രയുണ്ട് എന്നെണ്ണിയാല്‍ മതി. പിന്നെ ഈ കമന്റിന്റെ അവസാനം കൊടുത്തിരിക്കുന്ന മാരീചന്റെ വാക്കുകളും.

    മഹാത്മാഗാന്ധിയുടെ സ്വീകാര്യതയെക്കുറിച്ചുളള ഏത് സംവാദത്തിലും അദ്ദേഹത്തിന്റെ വധം ഞങ്ങള്‍ക്ക് പ്രസക്തമാണ്. അതിനെ ഒഴിവാക്കി, കണ്ടില്ലെന്ന് നടിച്ച് നടത്തുന്ന വിലയിരുത്തലുകള്‍ ആ കൊലപാതകികളുടെ പ്രത്യയശാസ്ത്രത്തിന് കുടപിടിക്കുന്നവര്‍ക്ക് മാത്രം കഴിയുന്നതാണ് . അല്ലാത്ത ഒരാള്‍ക്കും മഹാത്മാഗാന്ധിയുടെ വധമെന്ന ചരിത്ര യാഥാര്‍ത്ഥ്യത്തിലെ ക്രൂരതയെ വിസ്മരിക്കാന്‍ കഴിയില്ല.

    എന്തൊരു കഷ്ടപ്പാട്, അല്ലേ മാരീചാ :)

    ഒരു സുപ്രഭാതത്തില്‍ ബ്ലോഗര്‍ തന്ന സൗകര്യമുപയോഗിച്ച് ജഡ്ജ്‍മെന്റിന്റെ ചുവയുളള ഡിക്ലറേറ്റീവ് സ്റ്റേറ്റുമെന്റുകള്‍ എഴുതിപ്പിടിപ്പിക്കുന്പോള്‍, ഇതൊക്കെ വായിക്കുന്നവരില്‍ ചിലര്‍ പ്രതികരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല, അല്ലേ..

    എത്ര കറക്ട് അല്ലേ മാരീചാ... ഇരുതലമൂര്‍ച്ചയുള്ള വാള്‍ എന്ന് മാരീചന്‍ കേട്ടിട്ടുണ്ടോ? :)

  66. കെ said...

    ശരിയാണ് വക്കാരീ.. ആടിനെ നോക്കി വക്കാരി എത്ര ആത്മവിശ്വാസത്തോടെ പട്ടീയെന്നു വിളിച്ചാലും അത് പട്ടിയാവില്ല..

    ഒരുമാതിരിപ്പെട്ട ആളുകള്‍ക്ക് തോന്നുന്നതെന്തെന്ന് ഗണിച്ചെടുത്ത് അവര്‍ക്കു വേണ്ടി വക്കാരി മറുപടി പറഞ്ഞ് ബുദ്ധിമുട്ടുന്നതെന്തിന്..?! വക്കാരിക്കു തോന്നുന്ന കാര്യം വക്കാരി പറയുകയല്ലേ ഭംഗി.. ബ്ലോഗിലെ ഒരുമാതിരി ആളുകളുടെയൊന്നും അഭിഭാഷക വൃത്തി വക്കാരിയെ ആരും ഏല്‍പ്പിച്ചതായി അറിയില്ല.. പരിഹസിച്ചതല്ല, നമുക്കീ ബ്ലോഗിന്റെ ചരിത്രമൊന്നും വലിയ പിടിയില്ലല്ലോ..

    പണിക്കര്‍ മാഷിന്റെ ബ്ലോഗും അതിലെ കമന്റുകളും മറുപടിയുമൊന്നും ആരും ഡിലീറ്റിയിട്ടില്ല. എല്ലാം അവിടെയുണ്ട്. അതൊക്കെ പോയി വായിക്കാന്‍ ആരെങ്കിലും ആരെയെങ്കിലും വിലക്കിയിട്ടുണ്ടോ? ഇവിടെ മാരീചന്‍ എഴുതിയ ഒരു വരിയും വായിച്ച് സ്വന്തം തീരുമാനത്തിലും നിഗമനത്തിലുമെത്തുന്നവരാണോ വായനക്കാര്‍?

    ആരെങ്കിലും എന്തെങ്കിലും പറയുന്നതു മാത്രം കേട്ട് തീരുമാനത്തിലെത്തുന്നവരാണ് ബ്ലോഗിലെ വായനക്കാര്‍ എന്ന് വക്കാരി കരുതിയെങ്കില്‍ അത് മലയാളത്തിലെ ബ്ലോഗ് വായനക്കാരെ അപമാനിക്കലാണ്. പണിക്കര്‍ മാഷിന്റെ ബ്ലോഗ് വായിച്ചു നോക്കി സ്വന്തം നിഗമനത്തിലെത്തുന്നതില്‍ നിന്ന് ആരും ആരെയും തടഞ്ഞിട്ടില്ല.

    സ്വന്തം ബ്ലോഗില്‍ കൂടി പണിക്കര്‍ ‍മാഷ് പ്രചരിപ്പിക്കുന്ന ആശയങ്ങളോട് കടുത്ത വിയോജിപ്പുളളവര്‍ ബ്ലോഗില്‍ ഒട്ടേറെയുണ്ട്. പണിക്കര്‍ മാഷിന്റെ ആശയങ്ങളുടെ പൊളളത്തരം പൊളിക്കാന്‍ സൂരജിനെപ്പോലുളളവര്‍ വിശ്രമ രഹിതമായി പണിയെടുക്കുന്നുമുണ്ട്.

    അത് രണ്ട് രാഷ്ട്രീയങ്ങളുടെ ഏറ്റുമുട്ടലാണ്. സൂരജും പണിക്കര്‍ മാഷും പ്രതിനിധാനം ചെയ്യുന്നത് കടകവിരുദ്ധമായ രണ്ടു രാഷ്ട്രീയങ്ങളെ. (സൂരജിനെ സിപിഎമ്മെന്നും പണിക്കര്‍ മാഷെ ബിജെപിയെന്നും ഇതാ മാരീചന്‍ മുദ്രകുത്തിയിരിക്കുന്നു എന്നൊരു നിലവിളിക്ക് സ്കോപ്പുണ്ട്. അതിനപ്പുറം ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന രാഷ്ട്രീയം എന്ന സംജ്ഞയ്ക്ക് വേറെയുമുണ്ട് അര്‍ത്ഥമെന്ന് മനസിലാക്കുന്നവരുടെ ഹൃദയമിടിപ്പ് നോര്‍മല്‍ നിലയില്‍ തുടരും)

    അതിന് വക്കാരിയെന്തിന് വേവലാതിപ്പെടുന്നു? സംസ്കൃതത്തെക്കുറിച്ച് വക്കാരിയുടെ അഭിപ്രായമല്ല മാരീചനുളളത്.. ആര്‍ക്കുവേണം ഈ സംസ്കൃതം എന്ന നിലപാടു തന്നെയാണ് മാരീചനുമുളളത്. എന്താ, അത് പുറത്തു പറയുന്നതിന് ആരെയെങ്കിലും പേടിക്കണമെന്നുണ്ടോ? എന്നു വെച്ച്, സംസ്കൃതം പഠിക്കുന്നതിനോ വ്യാഖ്യാനിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മാരീചന്റെ നിലപാട് തടസമാണോ? താല്‍പര്യമുളളവര്‍ അത് പഠിക്കും.


    മാരീചന്റെ നിലപാട് പ്രതിലോമകരവും ഫാസിസവുമാണെന്ന് അഭിപ്രായമുളളവര്‍ അതു പറയും. അതിനെന്ത്? അതൊന്നും ആരുമിവിടെ നിരോധിച്ചിട്ടില്ലല്ലോ..

    പ്രതിലോമത്തിനും ഫാസിസത്തിനും സവര്‍ണത്തിനും ഈ ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു നിര്‍വചനമുണ്ട്. അല്ലെങ്കില്‍, അവയ്ക്കെതിരെ അവരെ പൊതുവായി ഒത്തുചേര്‍ക്കുന്ന ഒരു നിലപാടുണ്ട്. വക്കാരിക്ക് വക്കാരിയുടേതായ നിര്‍വചനവും നിലപാടുമുളളതുപോലെ. അത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം..

    ഈ ബ്ലോഗിന് പിന്നിലുളളവര്‍ എതിര്‍പ്പുകള്‍ക്കതീതരാണെന്നോ തെറ്റുകള്‍ക്ക് മേലെയാണെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ... വക്കാരിയെപ്പോലെ വലിയ ബ്ലോഗ് ചരിത്രമൊന്നും അറിയില്ലെങ്കിലും, സ്വാഭിപ്രായം രൂക്ഷമായി, തീക്ഷ്ണമായി പ്രകടിപ്പിച്ചതിന്റെ പേരിലാണ് ഈ ഹാലിളക്കമെന്ന് മനസിലാക്കാനുളള ചരിത്രബോധം വേണ്ടുവോളമുണ്ട്. അതിനിയും തുടരും. ആര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..

    പണിക്കാര്‍ മാഷെ ആരെങ്കിലും പ്രതിലോമകാരിയെന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അതിന് ഒരു കാരണം കാണും. ആ മുദ്രകുത്തലിനെ എതിര്‍ക്കുന്നവര്‍ക്കുമുണ്ടാകും ഒരു കാരണം. അതിനെ രാഷ്ട്രീയ സംവാദത്തിലെ അനിവാര്യമായ അഭിപ്രായ സംഘര്‍ഷമായി ഉള്‍ക്കൊളളാനുളള പക്വതയുളളവര്‍, അഭിപ്രായ വ്യത്യാസത്തെ അഭിപ്രായ വ്യത്യാസമായി അംഗീകരിക്കും. അതില്ലാത്തവര്‍ കാണുന്നിടത്തൊക്കെ നെഞ്ചിലടിച്ച് പതം പറഞ്ഞ് നിലവിളിച്ചു നടക്കും.

    മറ്റുളളവരെ നാം വിമര്‍ശിക്കുന്നതു പോലെ തന്നെ മറ്റുളളവര്‍ നമ്മെയും വിമര്‍ശിക്കുമെന്ന് മനസിലാക്കാന്‍ വക്കാരിയുടെ ഓര്‍മ്മപ്പെടുത്തലൊന്നും വേണ്ടെന്ന് പറഞ്ഞാല്‍ പിണങ്ങരുത്. :)) അത്തരം സാഹചര്യങ്ങളൊക്കെ ഉണ്ടാകുമെന്ന് കരുതിയല്ലേ ഈ പണിക്കൊക്കെ ഇറങ്ങുന്നത്.. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലും ലേബലടിക്കലും വ്യക്തിഹത്യ ചെയ്യലും ബ്ലോഗ് ഫ്ലാഗ് ചെയ്യലുമൊക്കെ കളിയുടെ ഭാഗം..

    മാരീചനെ വ്യക്തിഹത്യ ചെയ്താലോ ലേബലടിച്ചാലോ അതൊരു കരച്ചിലിനുളള കാരണമാകില്ലെന്ന ഉറപ്പു മാത്രം ഇപ്പോള്‍ വക്കാരിക്ക് നല്‍കുന്നു.

  67. N.J Joju said...

    “ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യാഹെറിറ്റേജ്‌ പോലെയുള്ള പ്രതിലോമകാരികള്‍ക്ക്‌ മലയാളം ബ്ലോഗുകളില്‍ കയ്യടി ലഭിക്കുന്നതിന്റെ അടിസ്ഥാനം. ഉമേഷിന്റെ വിജ്ഞാനീയങ്ങളായ പോസ്റ്റുകളെ ഉപജീവിച്ചും സമ്പന്നമാക്കിയും ഉമേഷ് പോലുമറിയാതെ ഒരു രാഷ്ട്രീയപരിസരം ചിലര്‍ മലയാളം ബ്ലോഗുകളില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇവരിടുന്ന പോസ്റ്റുകളെ, ജ്ഞാനകണങ്ങളെന്ന് ശ്ലാഘിക്കുക വഴി, നിരുപദ്രവമെന്ന് തോന്നുമെങ്കിലും, ഉമേഷും, പ്രതിലോമകരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് വഴി വെച്ചിട്ടുമുണ്ട്.”
    - ചന്ത്രക്കാരന്‍ (January 02, 2007)

    “ഇന്‍ഡ്യാ ഹെറിറ്റേജ്‌ തുടങ്ങിയവര്‍ എന്റെ പോസ്റ്റുകളെ ഉപജീവിച്ചു് എന്തോ രാഷ്ട്രീയപരിസരം ഉണ്ടാക്കിയെടുക്കുന്നു എന്നൊരു പരാമര്‍ശം കണ്ടു. ഇതെന്താണു് എന്നെനിക്കു മനസ്സിലാവുന്നില്ല. ഡോ. പണിക്കര്‍ അദ്ദേഹത്തിനറിയാവുന്ന ചില കാര്യങ്ങള്‍ എഴുതുന്നു. ഞാന്‍ എനിക്കറിയാവുന്നതും. പലതിലെയും വിഷയങ്ങള്‍ സാദൃശ്യമുള്ളതാണെന്നു വെച്ചു് അതെങ്ങനെ ഉപജീവനമാകും? അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളോടും എനിക്കു വിയോജിപ്പുണ്ടു്. അതുകൊണ്ടു് അദ്ദേഹത്തിന്റെ വിജ്ഞാനപ്രദം എന്നെനിക്കു തോന്നുന്ന പോസ്റ്റുകളില്‍ കമന്റിടരുതു് എന്നാണോ ചന്ത്രക്കാറന്‍ പറയുന്നതു്? ” - അതിലെ ഉമേഷ്‌ജിയുടെ ഒരു കമന്റ്

    നെറ്റില്‍ സത്യദീപ/സിറാജ് സ്റ്റൈല്‍ ബ്ലോഗുകളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. അവയും ഇതേ പ്രതിലോമകരമായ രാഷ്ട്രീയ നിലപാടുകള്‍ക്കാണ് വഴിവെക്കുന്നത്. - ബെന്നിയുടെ കമന്റ്

    “ബ്ലോഗുകള്‍ ക്ലാസ്സിഫൈ ചെയ്യുന്നൊരു കാലം വരുമ്പോള്‍ ഗോകുലം/സത്യനാദം/സിറാജ് തുടങ്ങിയ മതാഭിമുഖ്യമുള്ള ആനുകാലികങ്ങളെപ്പോലുള്ള ബ്ലോഗുകള്‍ എന്ന കാറ്റഗറിയിലായിരിക്കും പണിക്കരുടെ ഇന്ത്യാ ഹെറിറ്റേജിന്റെ സ്ഥാനം.”

    “കമന്റ് - സംസ്കൃതത്തില്‍ എഴുതിവെച്ചതാണ് നമ്മുടെ ശാസ്ത്രമെന്ന് ഈ മോണോലോഗ് ധ്വനിപ്പിക്കുന്നുണ്ടെങ്കില്‍ പിന്നെയീ പോസ്റ്റിനെ പ്രതിലോമകരമെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്.... രാമായണത്തില്‍ നിന്ന് ഛാന്ദോഗ്യോപനിഷത്തിലേക്കും അവിടെ നിന്ന് ഹിന്ദുവിന്റെ നെഞ്ചത്തേക്കും ആണ് ചാട്ടം. ഹനുമാന്‍ പോലും തോറ്റുപോവും. സത്യത്തെ വെളിപ്പെടുത്തുന്ന തത്വശാസ്ത്രമായ ഛാന്ദോഗ്യവും രാമായണവും കളവ് പറയില്ലെന്നും അങ്ങനെ പറഞ്ഞാല്‍ ഞാന്‍ ഹിന്ദുവല്ലെന്നുമാണ് പണിക്കരുടെ വാദം.
    ....” -ബെന്നി

    പണ്ട് ചന്ത്രക്കാരന്റെ ബ്ലോഗിലുണ്ടായ ഒരു ചര്‍ച്ചയാണ്.

    http://chandrakkaran.blogspot.com/2007/01/blog-post.html

    ചുരുക്കത്തില്‍ പണിക്കരെ പ്രതിലോമകാരിയാക്കുവാനുള്ള കാരണം അദ്ദേഹത്തിനുണ്ടായ മതാഭിമുഖ്യമാണ്.

  68. പരാജിതന്‍ said...

    വക്കാരീ, അതു കലക്കി. :)
    ഞാന്‍ വക്കാരി ഇവിടെയെഴുതിയ വാചകങ്ങളെ മാത്രമാണ് വിമര്‍‌ശിച്ചത്. അല്ലാതെ വക്കാരി വീട്ടിലിരുന്നു ഏതോ മെയില്‍ വായിക്കുന്നു, വെള്ളമടിക്കുന്നു എന്നൊക്കെയുള്ള ലൈനില്‍ സംസാരിച്ചോ? മോരും മുതിരയും ‘സര്‍‌വം ഖല്വിദം ബ്രഹ്മം’ എന്ന തിയറിയില്‍ ഒന്നു തന്നെ, അല്ലേ? പറയുന്ന കാര്യങ്ങള്‍, വസ്തുതകള്‍, യുക്തി ഒക്കെ അടിസ്ഥാനമാക്കി സംസാരിക്കൂ വക്കാരി. അല്ലാതെ ‘കണ്ടോ കണ്ടോ നീ ചെയ്തതും ലതല്ലേ?’ എന്നു കാച്ചിയാല്‍ ഏല്‍‌ക്കില്ല.

    ജോജൂ, പണിക്കര്‍ മാഷിന്റെ എഴുത്ത് പ്രതിലോമകരമായ ഒരു രാഷ്ട്രീയപരിസരം സൃഷ്ടിക്കുന്നുവെന്ന് ഒരാള്‍‌ക്ക് തോന്നിയാല്‍ അത് എഴുതാനുള്ള സ്വാതന്ത്ര്യം അയാള്‍‌ക്കില്ലേ? രാഷ്ട്രീയം സംബന്ധിച്ച വിമര്‍‌ശനമായതു കൊണ്ടാണോ പ്രശ്നം? ഉമേഷ് തന്നെ പണിക്കര്‍ മാഷെഴുതിയിട്ടുള്ളതിനെ വിമര്‍‌ശിച്ചിട്ടില്ലേ? (കൂട്ടത്തില്‍ കൈക്കുളങ്ങര രാമവാര്യരെ പോലും വിമര്‍‌ശിച്ചിരുന്നു ഉമേഷെന്നോര്‍മ്മ.) ചന്ത്രക്കാരന്‍ ഡോ. പണിക്കരുടെ എഴുത്തിനെ അടിസ്ഥാനമാക്കിയാണ് വിമര്‍‌ശിച്ചെഴുതിയത്. പണിക്കര്‍ മാഷാകട്ടെ, പിന്നീട് കിട്ടിയൊരവസരത്തില്‍ ചന്ത്രക്കാരനേം നളനേമൊക്കെ ഒട്ടൊക്കെ വ്യക്തിപരമായി ആ‍ക്ഷേപിച്ചു കൊണ്ടാണ് പ്രതികരിച്ചത്. അതും ബ്ലോഗ് വായനക്കാര്‍ കണ്ടതാണ്. അതിന്റെ പേരില്‍ വല്ല ലേബലും അദ്ദേഹത്തിന്റെ മേല്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി അദ്ദേഹം തന്നെയാണെന്നേ പറയാനുള്ളൂ.

  69. nalan::നളന്‍ said...

    ജോജു ഇത്രകണ്ട് പരിശ്രമിച്ചിട്ടും അവസാനം പറഞ്ഞ ആ വാചകം സാധൂകരിക്കാന്‍ പോന്നതൊന്നും കിട്ടിയില്ലേ. ?

    ഒന്നൂടി ആത്മാര്‍ത്ഥമായി ശ്രമിച്ചു നോക്കൂ ജോജൂ.

  70. nalan::നളന്‍ said...

    വക്കാരി പറഞ്ഞത്....

    ആര്‍ക്കുവേണം ഈ സംസ്കൃതം എന്ന ചിന്തയുടെ അടിസ്ഥാനമോ, കുറച്ചാള്‍ക്കാര്‍ സംസ്കൃത്തെ അവര്‍ക്കായി മാത്രം സംവരണം ചെയ്തു-അതുകൊണ്ട് ആര്‍ക്കും ഇനി സംസ്കൃതം വേണ്ട-

    ആര്‍ക്കുവേണം സംസ്കൃതം എന്ന വ്യക്തിപരമായ അഭിപ്രായം വലിച്ചുനീട്ടി ഇനി ആര്‍ക്കും സംസ്കൃതം വേണ്ട എന്നതി കൊണ്ടുചെന്നെത്തിച്ച മാജിക്ക് കണ്ട് കണ്ണുതള്ളി നില്‍ക്കുന്നു.

  71. ജിവി/JiVi said...

    വായിക്കുന്നു. ബ്ലോഗ് ലക്ഷ്യം വെക്കുന്ന രീതിയില്‍ ഗൌരവമുള്ള കാര്യമാത്രപ്രസക്തമായ ചര്‍ച്ച തുടക്കത്തില്‍തന്നെ കണ്ടതില്‍ സന്തോഷം. വ്യക്തിപരമായ കളിയാക്കലുകളും അധിക്ഷേപങ്ങളും വഴിമാറി സഞ്ചാരങ്ങളുമില്ലാതെ ഈ ചര്‍ച്ചയും തുടര്‍ന്നുള്ളതും മുന്നോട്ട് പോകട്ടെ.

    വ്യാച്യാര്‍ത്ഥത്തില്‍ മാത്രമുള്ള ഒരു വെറും വാച്ച്ഡോഗായി ഇവിടെയുണ്ടാകും.

  72. കുഞ്ഞയമു said...

    മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ മനുഷ്യനെ പച്ചയ്ക്ക് തിന്നുന്നവരുടെ കൂട്ടായ്മ
    ഇതാണ് കൂടുതല്‍ ചേര്‍ച്ച.
    വക്കാരി & ജോജു, ഒരു പണിയും ഇല്ലെങ്കിl
    ചുമ്മാ മോളിലോട്ട് കല്ലെറിഞ്ഞ് നടുപുറം കൊണ്ട് തടുക്കരുതോ

  73. പക്ഷപാതി :: The Defendant said...

    kunjaymuvunum vere joli onnumillallo? pala kallapperukalil naattukaarute nenchath keruka ennathallaathe?

    palullorakitin chuvattilum chora thanne kothikinnu kouthukam.

  74. Unknown said...

    good mumante...good luck
    binoy

  75. Unknown said...

    ഗാന്ധിജിക്ക് നേരെ നിറ ഒഴിച്ചവരുറെ ഹസ്തരേഖയും വിരലടയാളവും പൂവിട്ടു പൂജിച്ചു നെഞ്ചകത്ത് കൊണ്ടു നടക്കുന്നവരുടെ പുറവും പ്ര^ഷ്ടവും ചൊറിയുന്ന കുഞ്ഞയമുകള്‍ക്ക് എതിരായ കൂട്ടായ്മ എന്നും പറയാം.

  76. അനോണി ആന്റണി said...

    ആക്‌ച്വലി എന്തരിനെപ്പറ്റിയാണ്‌ ഇപ്പ ചര്‍ച്ച? പണ്ടത്തെ പോസ്റ്റുകളില്‍ ഓരോരുത്തരും ഇട്ട കമന്റുകള്‍ മാനവികതയുടെ മൂല്യം കൊണ്ടളക്കുമ്പോള്‍ ശരിയാണോ അല്ലയോ എന്നാണോ? എന്നാല്‍ ഞാന്‍ ദേ പാഞ്ഞു പോയി.

    ചോദിക്കാന്‍ വന്നത് ഇതൊക്കെയായിരുന്നു.
    ലോകരാഷ്ട്രങ്ങളില്‍ മതവിശ്വാസികളുടെയും മതേതരവിശ്വാസികളുടെയും ആനുപാതത്തിലെ വത്യാസം അനുസരിച്ച് അവിടെ ചുട്ടു തീറ്റ, യുദ്ധം, അക്രമം, ന്യൂന ഭൂരിപക്ഷ പീഡനം എന്നിവയും വത്യാസപ്പെടുന്നുണ്ടോ?

    ബഹുമതരാഷ്ട്രങ്ങളിലെങ്കിലും മതം രാഷ്ട്രീയത്തെ സ്വാധീനിക്കാതിരിക്കേണ്ടതില്ലേ? അതിനു എന്തു ചെയ്യാന്‍ പറ്റും?

    ഭൂരിപക്ഷത്തിനു മതവിശ്വാസമില്ലാത്ത ഒരവസ്ഥ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉടനേയൊന്നും ഉണങ്കാന്‍ പോകുന്നില്ല എന്നതിനാല്‍ മതങ്ങള്‍ കലഹിക്കാതിരിക്കാനുള്ള പോം വഴി എന്താണ്‌?

    ദൈവവിശ്വാസം ആളുകളെ സല്‍ക്കര്‍മ്മങ്ങളിലേക്കും മറ്റും നയിക്കേണ്ടതല്ലേ? ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശതമാനം (നൂറിനടുത്ത് തന്നെ) വിശ്വാസികളുള്ള നൈജീരിയയും ഏറ്റവും കുറവ് (പതിനഞ്ചു ശതമാനം) ദൈവവിശ്വാസികളുള്ള സ്വീഡനും താരതമ്യപ്പെടുത്തിയാല്‍ എന്തുകൊണ്ട് അങ്ങനെ ആകുന്നില്ല?

    എങ്ങനെ ജാതിമതജന്യ ഹിംസകള്‍ ഇല്ലാതെയാക്കാം?

  77. Suraj said...

    ആന്റണിച്ചായോ...സ്വാഗതം ;)

    മലയാളം ബ്ലോഗിങ്ങിന്റെ ചരിത്രം ഇത്രയെങ്കിലും ചെറുതായത് ഭാഗ്യം, ഇല്ലെങ്കില്‍ എന്തായിരുന്നേനേ ചര്‍ച്ചേന്റെ ആഴമെന്നോ.. ;)

    ച്വാദിക്കാന്‍ വന്നത് :

    1. ലോകരാഷ്ട്രങ്ങളില്‍ മതവിശ്വാസികളുടെയും മതേതരവിശ്വാസികളുടെയും ആനുപാതത്തിലെ വത്യാസം അനുസരിച്ച് അവിടെ ചുട്ടു തീറ്റ, യുദ്ധം, അക്രമം, ന്യൂന ഭൂരിപക്ഷ പീഡനം എന്നിവയും വത്യാസപ്പെടുന്നുണ്ടോ?

    ഉണ്ട് എന്നാണല്ലോ യൂറോപ്പ് പഠിപ്പിക്കുന്ന പാഠം. (ആന്റണിച്ചായന്റെ 4-ആം ചോദ്യത്തില്‍ ഉത്തരത്തിന്റെ ‘ആണി’ കിടക്കുന്നു)

    2. ബഹുമതരാഷ്ട്രങ്ങളിലെങ്കിലും മതം രാഷ്ട്രീയത്തെ സ്വാധീനിക്കാതിരിക്കേണ്ടതില്ലേ? അതിനു എന്തു ചെയ്യാന്‍ പറ്റും ?

    മതം രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന അവസരങ്ങളില്‍ അതു ചൂണ്ടിക്കാട്ടി സമൂഹത്തെ മനസ്സിലാക്കിക്കുക എന്നതു മാത്രമേ വ്യക്തിപരമായി ഇതില്‍ പറയാനുള്ളൂ.


    3. ഭൂരിപക്ഷത്തിനു മതവിശ്വാസമില്ലാത്ത ഒരവസ്ഥ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉടനേയൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നതിനാല്‍ മതങ്ങള്‍ കലഹിക്കാതിരിക്കാനുള്ള പോം വഴി എന്താണ്‌?

    തിരുത്ത് വരേണ്ടത് മതത്തിനകത്തു നിന്നാണ് എന്നാണ് എന്റെ തോന്നല്‍ . പക്ഷേ ബേസിക്കലി മതം എന്നാല്‍ segregation ആണ്‍. മതങ്ങളുടെ വയറ്റീപ്പിഴപ്പു തന്നെ ‘അന്യമതവുമായുള്ള’ വ്യത്യാസങ്ങളടെ പൊറത്താണല്ല് (വോ, ഗ്രീന്‍ ബിയേഡ് ഇഫക്റ്റ് തന്ന ;) ‘കലഹം’ inherent ആണെന്ന് സാരം !


    4. ദൈവവിശ്വാസം ആളുകളെ സല്‍ക്കര്‍മ്മങ്ങളിലേക്കും മറ്റും നയിക്കേണ്ടതല്ലേ? ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശതമാനം (നൂറിനടുത്ത് തന്നെ) വിശ്വാസികളുള്ള നൈജീരിയയും ഏറ്റവും കുറവ് (പതിനഞ്ചു ശതമാനം) ദൈവവിശ്വാസികളുള്ള സ്വീഡനും താരതമ്യപ്പെടുത്തിയാല്‍ എന്തുകൊണ്ട് അങ്ങനെ ആകുന്നില്ല?

    “മതത്തെ അറിയേണ്ടത് പോലെ അറിഞ്ഞാല്‍” എല്ലാം ശരിയാവും എന്നാണ് സ്ഥിരമായി കേട്ടുപോരുന്ന വാചകം. ഈയുള്ളവന് അതില്‍ വിശ്വാസം പോരാ. കാലം സാക്ഷി, ചരിത്രം സാക്ഷി ;)

    5. എങ്ങനെ ജാതിമതജന്യ ഹിംസകള്‍ ഇല്ലാതെയാക്കാം?

    മതജന്യഹിംസയേയും ജാതിജന്യ ഹിംസയേയും വേറേ വേറേ പരിഗണിക്കണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. രണ്ടിനും നരവംശശാസ്ത്രപരമായി വ്യത്യസ്ഥ കാരണങ്ങളാണല്ലോ. സൊല്യൂഷനുകള്‍ അഭിപ്രായങ്ങളായി വരട്ടെ.

    ചര്‍ച്ച ആന്റണിച്ചായന്‍ ഇട്ട ട്രാക്കിലും കൂടിയാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു...

  78. സന്തോഷ്‌ പെരുനാട്‌ said...

    വലിയ ഒരു വിഭാഗം സാധാരണ മനുഷ്യരും നിലകൊള്ളുന്നത് സമഭാവനയിൽ അധിഷ്ടിതമായ ലോകവ്യവസ്ഥയ്ക്കൊപ്പം തന്നെയാണ്. മതങ്ങൾ മര്യാദയ്ക്ക് അതിന്റെ പണിയെടുത്താൽ അതിൽ ആർക്കും എതിർപ്പുണ്ടാകുമെന്നു തോന്നുന്നില്ല, മറിച്ച് മദമിളകിയ മതം കാട്ടിക്കൂട്ടുന്ന എല്ലാ വിക്രിയകളേയും ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യെ കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ ഈ തുടക്കം നന്നായെന്നു കരുതാം. എന്നു കരുതി മതങ്ങളിൽ മാത്രം ഒതുങ്ങേണ്ടതില്ല്.
    ഭാവുകങ്ങളും പിന്തുണയും....

  79. Unknown said...

    ഈ നല്ല സം‌രം‌ഭത്തിനു ആശംസകള്‍!
    ചുട്ടുതിന്നുന്നവരുടെ വഴുവഴുപ്പന്‍ സഹിഷ്ണുതയുള്‍പ്പെടെ
    കേട്ടു കേട്ടു പഴകിയ ചര്‍ച്ചാമന്ത്രം, അല്ലെങ്കില്‍ തന്ത്രം.
    പിന്നെ മനുഷ്യരെ ചുട്ടുതിന്നുന്നവരെക്കുറിച്ച് പറയുന്നിടത്ത്
    സംസ്കൃതത്തിന്റെ പ്രേതബാധ സ്വാഭാവികം മാത്രം!

    ഇതിലൊക്കെ കിടന്ന് ചുറ്റിത്തിരിഞ്ഞ് സമയം കളയാതെ
    അടുത്ത കാര്യപരിപാടിയിലേക്ക് കടക്കൂ.

  80. വെള്ളെഴുത്ത് said...

    ഈ ബ്ലോഗ് കാ‍ണാന്‍ വൈകി. ചര്‍ച്ചകളെ പിന്തുടരുന്നു.

  81. Ajith Pantheeradi said...

    ബ്ലോഗ് കാണാന്‍ വളരെ വൈകി. എല്ലാ ആശംസകളും.
    ബ്ലോഗ് follower ആയി കൂടെ കൂടിയിട്ടുണ്ട്.

  82. aneel kumar said...

    നല്ല സംരംഭം. ആശംസകള്‍.

  83. Unknown said...

    കാണാന്‍ ഇത്തിരി വൈകി.
    ഞാനുമുണ്ട് നിങ്ങളോടൊപ്പം. എല്ലാ ഭാവുകങ്ങളും

  84. Unknown said...

    ബൂലോഗത്ത് സജീവമല്ലാത്തത് കൊണ്ട് തന്നെ ഈ ബ്ലോഗ് കാണാന്‍ വൈകി. എന്റെ ഹൃദയം തൊട്ട അഭിവാദ്യങ്ങള്‍. ഏതൊരു ജനകീയ സം‌രംഭത്തേയും ഹൈജാക്ക് ചെയ്യാനുള്ള വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും കഴിവിനെ സൂക്ഷിക്കുക.

  85. ചന്ത്രക്കാറന്‍ said...

    കമന്റ് വളരെ വൈകിപ്പോയെന്നറിയാം, ഇപ്പോഴേ കഴിഞ്ഞുള്ളൂ - ദയവായി ക്ഷമിക്കുക.

    ഈ ബ്ലോഗിന്റെ ക്രെഡിബിലിറ്റിയെത്തന്നെ ബാധിക്കുന്ന വിധത്തില് ഇതിലെ അംഗങ്ങള്‍‌ക്കെതിരെ പൊതുവെയും, ചന്ത്രക്കാറന്‍ എന്ന എനിക്കെതിരെ പ്രത്യേകിച്ചും, ചില ആരോപണങ്ങള്‍, മുന്‍പരിചയമില്ലാത്ത പേരുകളില്‍ പല കമന്റുകളിലായി കാണാന്‍ കഴിഞ്ഞു. ഒരു മറുപടി ഇത്തരക്കാര്‍ അര്‍ഹിക്കുന്നുണ്ടോ എന്ന പ്രശ്നം നിലനില്ക്കുന്നുണ്ടെങ്കിലും തെറ്റിദ്ധാരണകള്‍ അകറ്റേണ്ടത് ഒരാവശ്യമാണെന്നു തോന്നുന്നതിനാലാണ് ഈ കമന്റ്.

    ബാക്കി ഇവിടെ, കമന്റ് വളരെ വലുതായതിനാലും അതിന് പോസ്റ്റിന്റെ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്തതിനാലും...

  86. chithrakaran ചിത്രകാരന്‍ said...

    പ്രിയ ദുഷ്ടന്മാരെ,:)
    ഇന്നാണ് ഈ ബ്ലോഗ് കണ്ടത്. നന്നായിരിക്കുന്നു കൂട്ടായ്മശ്രമം. കമന്റുകളിലൂടെ വെളിവാക്കപ്പെട്ട ഈ ഗ്രൂപ്പിലെ ബ്ലോഗര്‍മാരെല്ലാം തന്നെ ചിത്രകാരന് വളരെ മതിപ്പു തോന്നിയിട്ടുളള വ്യക്തികളാണ്. നന്മയും, അറിവും,മനുഷ്യത്വവും,
    ധൈര്യവും,രാഷ്ട്രീയ തിരിച്ചറിവുമുളളവര്‍.
    അതിനാല്‍ ചിത്രകാരനെ മനസ്സിലാക്കാനും നിങ്ങള്‍ക്ക് പ്രാപ്തിയുണ്ടാകുമെന്ന വിശ്വാസത്തോടെ
    പതിവുപോലെ അഭിപ്രായത്തിലേക്കു കടക്കട്ടെ.

    85 കമന്റുകള്‍ ഇവിടെ കാണുന്നു. ചര്‍ച്ചക്കു വന്ന വിശ്വാസികള്‍ക്ക് നിങ്ങളുടെ വജ്രായുധം പോലുളള അഭിപ്രായങ്ങളോട് പിടിച്ചു നില്‍ക്കാനുളള ശേഷിയില്ലാത്തതിനാല്‍ കമന്റുകളില്‍ അവരുടെ ചിന്തകള്‍ അംഗവിഹീനങ്ങളായി ചിതറീക്കിടക്കുന്നു.
    അതു ശരിയല്ല.,അവരും മനുഷ്യരാണല്ലോ.

    വെട്ടിനിരത്തുന്ന ചര്‍ച്ച വ്യക്തിഗതമായ ബ്ലോഗില്‍ തീര്‍ച്ചയായും വേണം.സത്യത്തിന്റെ നിര്‍മ്മലതക്ക് അത് ഒഴിച്ചുകൂടാ‍നാകാത്തതണ്. എന്നാല്‍
    മാനവികതയുടെ പേരില്‍ വിളിച്ചു കൂട്ടപ്പെടുന്ന കൂട്ടായ്മയില്‍ ഒരു മനുഷ്യനും പരിക്കേല്‍ക്കപ്പെടരുത്.വിശ്വാസ തകര്‍ച്ചയാണു ഫലം.
    ഇവിടത്തെ നിങ്ങളുടെ ആയുധം ബുദ്ധിയാകരുത്. എല്ലാവരേയും ഒന്നിപ്പിക്കുന്ന കറകളഞ്ഞ മനുഷ്യസ്നേഹം തന്നെയാകണം.
    നിങ്ങള്‍ അതു വേണ്ടുവോളം ഉളളവരുമാണ്.
    .....
    ബാക്കി വയളള് പിന്നെ, പാതിരയായി :)

  87. Unknown said...

    കാണാന്‍ വൈകി.. അഭിവാദ്യങ്ങള്‍!
    ഇത്രയും കമെന്റുകള്‍ വായിക്കുവാനും അതില്‍ ഇടപെടുവാനും തല്‍ക്കാലം നേരമില്ല..
    എങ്കിലും മനസ്സുകൊണ്ട് പിന്തുണ..

  88. ചാർ‌വാകൻ‌ said...

    കമന്റിയവരില്‍ പലരും അത്മാര്‍ഥമായിമതേതര നിലപാടിനെ അം ഗീകരിക്കുന്നുണ്ട്.മതത്തെ അതിന്റെ പ്രത്യശാസ്ട്രത്തെ അലസമായി പറഞ്ഞൊഴിയുകയും ചെയ്യുന്നു.
    ചികില്സ-രോഗത്തിനാണ്.രോഗലക്ഷണത്തിനല്ല.
    മതത്തിന്-പ്രസക്തിയുണ്ടാവുന്നത്-അധികാരത്തോട് അടുക്കുമ്പോഴാണ്.നിലവിലുള്ള
    എല്ലാമതങ്ങളും രൂപപെടുന്നത് അധികാരത്തിനെതിരേ കലാപം നയിച്ചു കൊണ്ടാന്.കാലം പോകെ ഭരണവര്‍ഗ്ഗം സ്വാമ്ശികരിച്ച് അധികാരത്തിന്റെ
    സുരക്ഷിതവലയാക്കുകയും കൈയൂക്കുകൊണ്ട് സം ​രക്ഷിക്കുകയും ചെയ്യും .
    അതായത്,മതമൊരുവിശ്വാസ പ്രശനമല്ല. മറിച്ച് ഒരു പ്രത്യശാസ്ട്ര പ്രശനമാണ്.ഭൂരിപക്ഷ-ന്യുനപക്ഷ മതങ്ങളില്‍ ഏതാണുകൂടുതല്‍ വിഷമന്നു ചോദിച്ചാല്‍ ,രണ്ടും കുടിച്ചാല്‍ ചാകുമെന്ന ഒറ്റ-ഉത്തരമേയുള്ളു.
    ഇന്ത്യയില്‍ ഹിന്ദുമതം അടിയന്തിരമായി വധശിക്ഷവിധിക്കേണ്ടുന്നതാണ്.എല്ലാസം സ്ഥാനങ്ങളിലും ഗുജറാത്തിലേക്കുള്ള,
    പാലം പണിപൂര്‍ത്തിയാവുന്നു.കണ്ണുരില്‍ അടുത്തകുഭം ​ത്തില്‍ നടാന്‍വച്ചിരുന്ന്ബോമ്പുവിത്തുകള്‍ കുഴിച്ചെടുത്തുതുടങ്ങി.

  89. Appu Adyakshari said...

    നുഷ്യന്‍ പരസ്പരം കൊന്നു തളളുന്പോള്‍ അതില്‍ ഹിന്ദുവെത്ര, മുസല്മാനെത്ര, ക്രിസ്ത്യാനിയെത്ര എന്ന് കണക്കെടുക്കുന്നവരെ, ഒരു മനുഷ്യന്റെ ചോരയേക്കാള്‍ മഹത്തരമോ ഹീനമോ ആണ്‌ മറ്റൊരു മനുഷ്യന്റെ ചോര എന്നു കരുതുന്നവരെ, ഒരു സംസ്കാരത്തേക്കാള്‍ മികച്ചതാണ്‌ മറ്റൊരു സംസ്കാരമെന്നു കരുതുന്നവരെ അവസാനശ്വാസം വരെ ഞങ്ങള്‍ എതിര്‍ക്കും. എല്ലാ ചോരയും ഒരുപൊലെ വിലപ്പെട്ടതാണെന്നും, എല്ലാ മനുഷ്യരും തുല്ല്യരാണെന്നും അവര്‍ക്കെല്ലാം ഒരുപോലെ അവകാശപ്പെട്ടതാണ്‌ ഈ ഭൂമിയെന്നും ഞങ്ങള്‍ അകമഴിഞ്ഞ് വിശ്വസിക്കുന്നു.

    ഞാനും...! പക്ഷേ കൂടെ എഴുതാനുള്ള ശേഷിപോരാ. പക്ഷേ വായിക്കാം. കൊച്ചഭിപ്രായങ്ങള്‍ പറയാം.