(ബദ്രി റൈനയുടെ കവിത)
സമ്മതിച്ചു
നിങ്ങള്‍ ആദിമ ഭാരതീയരാണ്
ആര്യന്മാര്‍ വരുന്നതിനും മുന്‍പേതന്നെ
ഇവിടെ ഉണ്ടായിരുന്നു.
സമ്മതിച്ചു
ഞങ്ങളുടെ നാമം അനശ്വരമാക്കാന്‍ വേണ്ടിയാണ്
ഞങ്ങള്‍ നിങ്ങളെ ദളിതുകളാക്കിയത്.
നിങ്ങള്‍ നിരക്ഷരരായിരുന്നു;
നിശ്ശബ്ദരാക്കപ്പെട്ടിരുന്നു;
നിങ്ങള്‍ തൊട്ടുകൂടാത്തവരായിരുന്നു;
തീണ്ടാപ്പാടകലെ നിര്‍ത്തപ്പെട്ടവരായിരുന്നു;
ഞങ്ങളുടെ വളര്‍ച്ച നിങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം.
നിങ്ങളുടെ വിയര്‍പ്പും ചോരയും ഉപയോഗിച്ചാണ്
ഞങ്ങള്‍ അഭിവൃദ്ധി നേടിയത്
അതൊക്കെ ശരിയായിരിക്കാം.
നിങ്ങളുടെ പെണ്ണുങ്ങളെ ഞങ്ങള്‍ ബലമായി ഭോഗിച്ചിട്ടുണ്ടാകാം
ഞങ്ങള്‍ക്ക് മാര്‍ഗ്ഗഭ്രംശം വന്നിട്ടുണ്ടാകാം
നിങ്ങളുടെ നീചജന്മദാഹങ്ങളെ തണുപ്പിക്കാന്‍
ഞങ്ങളുടെ കിണറുകള്‍ തന്നിട്ടുണ്ടാവില്ലായിരിക്കാം
അതും സമ്മതിച്ചു.
ഞങ്ങളുടെ ഭരണഘടന ഞങ്ങളുടേതാണ്,
ഞങ്ങളുടേതുമാത്രം
ഞങ്ങളുടെ ദേവാലയങ്ങള്‍ നിങ്ങളെ പ്രവേശിപ്പിച്ചിട്ടുമുണ്ടാകില്ല.
അതൊക്കെ സമ്മതിച്ചു
നിങ്ങളുടെ നിലവും കാടുകളും ഞങ്ങള്‍ പിടിച്ചെടുത്തു
വെട്ടിനിരത്തി തീയിട്ടു
ഞങ്ങളുടെ ബാങ്കുകളും അങ്ങാടികളും
നിങ്ങളെ സേവിച്ചിട്ടുണ്ടാകില്ല,
ഒക്കെ ശരിതന്നെ
എന്നുവെച്ച്?
ഹൈന്ദവതയെ ഉപേക്ഷിച്ചുപോകാന്‍ മാത്രം വളര്‍ന്നോ നിങ്ങള്‍?
ഇത്ര വലിയ വഞ്ചനക്ക് എങ്ങിനെ നിങ്ങള്‍ക്ക് മാപ്പു തരാന്‍ കഴിയും?
ചെല്ല്, ചെന്ന് പറ
നിങ്ങളെ വഞ്ചിക്കുന്ന ആ പള്ളീലച്ചന്മാരോട്
ലോകം ഉണ്ടായ അന്നുതൊട്ട്
എല്ലാ സസ്യ-ജന്തുജാലങ്ങളും മനുഷ്യരും സൃഷ്ടിക്കപ്പെട്ടത്
സനാതന ഹിന്ദുക്കളായിട്ടായിരുന്നു എന്ന്
സ്വന്തമാളുകളുടെ അതിക്രമങ്ങളേക്കാള്‍
നിങ്ങള്‍ക്കിഷ്ടം
ക്രിസ്ത്യാനിയാകുന്നതിന്റെ സുഖലോലുപതയാണെന്നോ?
ഹോ, ഈ പുഴുക്കളുടെ ലോകം
എത്രമാത്രം വഞ്ചകന്മാരും ദൈവരഹിതവുമായി മാറിക്കഴിഞ്ഞിരിക്കുന്നു!!
SAHMAT (Safdar Hasmi Memorial Trust Publications, Delhi) 2000-ല്‍ പ്രസിദ്ധീകരിച്ച, ‘Modest Proposal and other Rhymes for the Times‘ എന്ന സമാഹാരത്തില്‍ ബദ്രി റൈന എഴുതിയ Betrayal Beyond Belief എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ. ബദ്രി റൈനയെക്കുറിച്ച് വായിക്കാന്‍ ഇവിടെ നോക്കുക
Subscribe to:
Posts (Atom)