ഫിരാഖ്: ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകള്‍


"In the dark times, will there also be singing? Yes, there will be singing,
about the dark times." -Bertolt Brecht

“...ഞങ്ങള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും എല്ലാ മുസ്ലീങ്ങളെയും ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് അവര്‍ ഞങ്ങളെ വളഞ്ഞു. വീടുകള്‍ക്ക് തീയിട്ട് ആളുകളെ തീയിലേയ്ക്ക് എറിഞ്ഞുതുടങ്ങി. പൂര്‍ണ്ണ ഗര്‍ഭിണിയായ എന്റെ കസിന്‍ കൌസര്‍ബീബിയുമായി നില്‍ക്കുകയായിരുന്നു ഞാന്‍. അവള്‍ക്ക് കുഞ്ഞുജനിക്കാന്‍ ഇനി രണ്ട് ദിവസമേയുള്ളൂ. അവര്‍ അവളെ വലിച്ചിഴച്ചുകൊണ്ടു പോയി, ഒരു കത്തികൊണ്ട് അവളുടെ വയര്‍ പിളര്‍ന്ന് ഭ്രൂണത്തെ തീയിലേയ്ക്കെറിഞ്ഞു. എന്നിട്ട് എന്റെ കുടുംബത്തെ ഒന്നൊന്നായി തീയിലേയ്ക്കെറിഞ്ഞു. അച്ഛന്‍, അമ്മ, എന്റെ 17 വയസ്സുള്ള സഹോദരി സോഫിയ.. എന്റെ അമ്മായിയുടെ കുടുംബത്തെയും ജീവനോടെ ചുട്ടെരിച്ചു...”
ജാവെദ് ഹുസൈന്‍‍ , 14
ഉറക്കവും നിഷ്കളങ്കരും
“...മഹ്രൂഖ് ബാനുവിന്റെ മകളായ ഖൈറുന്നീസയുടെ ലജ്ജാകരമായ ബലാത്സംഗത്തിന് ഞാന്‍ ദൃക്‌സാക്ഷിയായിരുന്നു. 11 പേര്‍ ചേര്‍ന്ന് അവളെ മൃഗീയമായി ബലാത്സംഗം ചെയ്തു. വീട്ടിലെ കുളിമുറിയില്‍ ആ സമയത്ത് ഒളിച്ചിരിക്കുകയായിരുന്നു ഞാന്‍ . അതിനു ശേഷം, അവര്‍ അവളുടെ കുടുംബത്തെയൊന്നാകെ ഒന്നൊന്നായി ചുട്ടെരിച്ചു, ഖൈറുന്നീസയുടെ അമ്മയുടെ തല വെട്ടിമാറ്റി. അവര്‍ പെട്രോളില്‍ മറ്റെന്തോ ദ്രാവകം കലര്‍ത്തുന്നത് ഞാന്‍ കണ്ടു. പിന്നീട് കണ്ടെടുത്ത ശവശരീരങ്ങള്‍ ഭീതിദമായ അവസ്ഥയിലായിരുന്നു... ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്, 6 വയസ്സുള്ള ഇമ്രാന്റെ വായിലേയ്ക്ക് പെട്രോള്‍ ഒഴിക്കുന്നത്. അതിനു പിന്നാലെ കത്തിച്ച ഒരു തീപ്പട്ടിക്കൊള്ളി അവന്റെ വായിലേയ്ക്ക് എറിഞ്ഞു, അവന്‍ പൊട്ടിച്ചിതറിപോയി.”
നസീര്‍ ഖാന്‍ റഹീം ഖാന്‍ , പ്രിന്‍സിപ്പല്‍, സണ്‍ഫ്ലവര്‍ സ്കൂള്‍, നരോദ പാട്ടിയ
കമ്മ്യൂണലിസം കോംബാറ്റ്

“... ഭീമാകാരമായ കുഴികള്‍ നിര്‍മ്മിക്കുന്നതിന്റെയും കൂട്ട ശവസംസ്കാരം ചെയ്യുന്നതിന്റെയും അസന്തുഷ്ടമായ ചുമതല എനിക്കായിരുന്നു. ഞാന്‍ കണ്ട ശവശരീരങ്ങളുടെ അവസ്ഥ കാരണം എനിക്ക് ഇന്നും ഉറങ്ങാന്‍ പറ്റുന്നില്ല. പല ശവശരീരങ്ങള്‍ക്കും തലയോട് ഇല്ലായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ കരിഞ്ഞ ശവശരീരങ്ങള്‍ ഒരു കൂനയായി കിടക്കുകയായിരുന്നു. 300-400 ശവശരീരങ്ങള്‍ അവിടെ കണ്ടെന്ന് ഞാന്‍ ആണയിടാം. നിര്‍ഭാഗ്യവശാല്‍, 16 ദിവസം കൊണ്ട് ഞങ്ങള്‍ക്ക് 192 ശവങ്ങളേ കുഴിച്ചുമൂടാന്‍ കഴിഞ്ഞുള്ളൂ. ഈ പ്രവര്‍ത്തി ചെയ്ത സന്നദ്ധസേവകര്‍ക്ക് അവരുടെ ഹൃദയം ഇരുമ്പാക്കേണ്ടി വന്നു, കയ്യുറകള്‍ ധരിക്കേണ്ടി വന്നു, ഡെറ്റോള്‍ തളിക്കേണ്ടി വന്നു, അത്തറു പുരട്ടേണ്ടിവന്നു...”

ദാവൂദ് ഭായി ഘദിയാലി, ദരിയാഖാന്‍ ഘുംബട്ട് റിലീഫ് കാമ്പിലെ സന്നദ്ധ സേവകന്‍, 2002 മാര്‍ച്ച് 20-നു നല്‍കിയ അഭിമുഖത്തില്‍ നിന്നും


രണ്ടായിരത്തി രണ്ടില്‍ ഗുജറാത്തില്‍ നടന്ന ഭീകരമായ വംശീയ കൂട്ടക്കൊലകളെക്കുറിച്ച് വിവിധ മാധ്യമങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആയിരക്കണക്കിന് സംഭവങ്ങളില്‍ ചിലതുമാത്രമാണ് മുകളില്‍ വിവരിച്ചത്. അഭിനേത്രി നന്ദിതാ ദാസിന്റെ പ്രഥമ സംവിധാന സംരഭമായ ഫിരാഖ് കണ്ടിറങ്ങുമ്പോള്‍ ഇത്തരം ചില സംഭവങ്ങളെങ്കിലും ഓര്‍മ്മയിലേക്ക് മടങ്ങി വരാതിരിക്കില്ല. പഴയ മുറിവുകള്‍ കുത്തിപ്പൊട്ടിക്കുന്നു എന്ന ആരോപണം ഈ സിനിമയ്കു നേരെ ഉയര്‍ന്നത് യാദൃശ്ചികമല്ല. ആഴമേറിയ മുറിവുകളില്‍ പലതും ഇനിയും ഉണങ്ങിയിട്ടുണ്ടാവില്ല . വളരെ പഴയതല്ലാത്ത ഒരു നശിച്ച ഭൂതകാലത്തിന്റെ ഓര്‍മ്മ തീര്‍ച്ചയായും ഈ ചിത്രം ഉണര്‍ത്തുന്നുണ്ട്. ചിലര്‍ മറന്നെന്ന് ഭാവിക്കുന്നതും എന്നാല്‍ മറ്റു ചിലര്‍ക്ക് എത്ര മറക്കാന്‍ ശ്രമിച്ചാലും മറക്കാന്‍ കഴിയാത്ത ചില ഓര്‍മ്മകള്‍. ചില സാധാരണ മനുഷ്യരുടെ, കലാപം നടന്ന് ഒരു മാസത്തിനു ശേഷമുള്ള മാനസിക സംഘര്‍ഷങ്ങളാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളില്‍ പതിവായി കാണുന്ന ഈ കഥയും കഥാപാത്രങ്ങളും വെറും ഭാവനാ സൃഷ്ടികള്‍ മാത്രം, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയോ ഉള്ള ഏതൊരു സാമ്യതയും തികച്ചും യാദൃശ്ചികം എന്ന പൊള്ളയായ മുന്‍കൂര്‍ ജാമ്യത്തിനു പകരം 'ഒരായിരം സംഭവ കഥകളുടെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ഒരു കഥ' എന്ന സത്യസന്ധമായ ആമുഖത്തോടെയാണ് ചിത്രം തുടങ്ങുന്നത്.

ഫിരാഖ് എന്ന ഉറുദു വാക്കിന് വേര്‍പിരിയല്‍ (separation) എന്നും അന്വേഷണം(quest) എന്നും അര്‍ത്ഥമുണ്ട്. സ്യൂഡോ ഹിന്ദു സെപ്പറേറ്റിസത്തെക്കുറിച്ചുള്ള പരോക്ഷമായ ഒരു സൂചനയാണോ സംവിധായിക ഉദ്ദേശിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ, ഈ ചിത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ വളരെയേറെ പ്രസക്തമാണെന്നതിന് തര്‍ക്കമില്ല. മുഖ്യധാരാ സിനിമകള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന ഒരു വിഷയം തന്നെ തന്റെ ആദ്യ ചിത്രത്തിനായി അവര്‍ തിരഞ്ഞെടുത്തു എന്നതും അഭിനന്ദനീയമാണ്.

കഥാസാരം

ലഹളകള്‍ നടന്ന് ഒരു മാസത്തിനു ശേഷമുള്ള വിവിധ കഥാപാത്രങ്ങളുടെ ഇഴപിരിഞ്ഞ കഥകള്‍ വിവിധ ആഖ്യാനങ്ങളിലൂടെ വികസിക്കുന്നു. അഭയത്തിനുവേണ്ടി യാചിക്കുകയും അത് നിരസിക്കപ്പെടുകയും ചെയ്യുന്ന ഒരു മുസ്ലീം യുവതിയുടെ ഓര്‍മകള്‍ ആര്‍തി എന്ന ഗുജറാത്തി വീട്ടമ്മയുടെ(ദീപ്തി അഗര്‍വാള്‍) മനസ്സിനെ നിരന്തരം വേട്ടയാടുന്നു. ലഹളകള്‍ക്കു ശേഷം നടന്ന തീവെപ്പിലും കൊള്ളയിലും പങ്കാളിയായ തന്റെ കഠിനഹൃദയനായ ഭര്‍ത്താവിനോടൊപ്പം (പരേഷ് റാവല്‍) അസുഖകരമായ ഒരു ജീവിതം നയിക്കുകയാണവര്‍. അനാഥബാലനായ മൊയ്സിന്‍ (ആര്‍തി അവനെ അവന്റെ സുരക്ഷയ്ക്കായി മോഹന്‍ എന്നു പേരുമാറ്റി വിളിക്കുന്നുണ്ട്) അഭയാര്‍ത്ഥി കാമ്പില്‍ നിന്നും ഒളിച്ചോടി തന്റെ അബ്ബയെ തിരഞ്ഞുകൊണ്ട് നടക്കുകയാണ്, ഒരു ഹിന്ദു കോളനിയില്‍ താമസിക്കുന്ന സംഗീതജ്ഞനായ,തന്റെ ഐഡിയോളജിയില്‍ ഉറച്ചു വിശ്വസിക്കുന്ന ഖാന്‍ സാഹിബിന് (നസുറുദ്ദീന്‍ഷാ) തനിക്കു പരിചിതമായ ലോകത്തിന്റെ തച്ചുടയ്ക്കല്‍ മനസിലാവുന്നില്ല. അക്രമസമയത്ത് ഭര്‍ത്താവിനോടൊപ്പം മറ്റൊരിടത്ത് ഒളിച്ചു താമസിച്ച മുനീറ (ഷഹാന) എന്ന പെണ്‍കുട്ടി ഒടുവില്‍ തിരിച്ചുചെല്ലുമ്പോള്‍ കത്തിച്ചാമ്പലായ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്തുന്നത്.

അനുരാധ (റ്റിസ്ക) എന്ന ഹിന്ദു യുവതിയെ വിവാഹം ചെയ്ത സമീര്‍ ഷേക് (സഞ്ജയ് സൂരി) എന്ന കഥാപാത്രം, തന്റെ അസ്തിത്വത്തെക്കുറിച്ച് ചിന്താക്കുഴപ്പത്തിലാണ്, അഹ്മദാബാദില്‍ തുടരണോ അതോ മറ്റൊരു നഗരത്തിലേയ്ക്ക് പോവണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇരുവരും. ഇതിനു പുറമേ അശരണരായ നാലഞ്ചു മുസ്ലീം കഥാപാത്രങ്ങള്‍, പ്രതികാരം ചെയ്യാന്‍ ചില വിഫലശ്രമങ്ങള്‍ നടത്തുന്നുണ്ട്. കലാപം ഇവരുടെയൊക്കെ ജിവിതത്തില്‍ വരുത്തിയ മാറ്റങ്ങളാണ് ഫിരാഖ് പറയുന്നത്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്, തിരക്കഥ, ഛായാഗ്രഹണം, അഭിനേതാക്കളുടെ പ്രകടനം എന്നിവയൊക്കെ ഒന്നിനൊന്ന് മികച്ചു നില്‍കുന്നു. ഫിരാഖ് ഒരു ഡോക്യുമെന്ററിയല്ല. സിനിമയുടെ ആരംഭത്തില്‍ കാണിക്കുന്ന ശവശരീരങ്ങള്‍ കൂട്ടമായി മറവു ചെയ്യുന്ന രണ്ടു മനുഷ്യരുടെ രംഗത്തിന് ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ദാവൂദ് ഭായ് യുടെ ജീവിതവുമായി ഉള്ള സാദൃശ്യം ഒഴിച്ചു നിര്‍ത്തിയാല്‍ ഗുജറാത്ത് വംശഹത്യക്കാലത്ത് നടന്ന മനുഷ്യത്യരഹിതമായ സംഭവങ്ങളുടെ മറ്റു വിശദാംശങ്ങളിലേക്ക് ഒന്നും കടക്കാതെ ലഹള നഗരവാസികളില്‍ അവശേഷിപ്പിച്ച ഭയം, നിരാശ, കോപം, അസ്വസ്ഥകള്‍, പ്രതീക്ഷ, അസ്തിത്വത്തെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ ഇവയ്കൊക്കെയാണ് പ്രധാന്യം നല്കിയിരിക്കുന്നത്. പലപ്പോഴും കലാപങ്ങളേക്കാള്‍ അതി ഭീകരമാണ് അവ അവശേഷിപ്പിക്കുന്ന വേദനകളും ആകുലതകളും. രണ്ടു ലക്ഷത്തോളം പേരാണ് വീടും ബന്ധുക്കളും നഷ്ടപ്പെട്ട് തെരുവിലിറക്കപ്പെട്ടത്. കഥയും കഥാപാത്രങ്ങളും ഭാവനാ സൃഷ്ടികളെങ്കിലും അവര്‍ നേരിടുന്ന ദു:ഖവും സംഘര്‍ഷങ്ങളും ഒരിക്കലും കൃത്രിമമായി അനുഭവപ്പെടുന്നില്ല. CNN IBNല്‍ രാജീവ് മസന്ദ് എഴുതിയ 'It is a noble film, an admirable debut, but you don't feel the pain.'എന്ന അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ട്. ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച സംഭവങ്ങളോളം വരുന്ന ഹൃദയ ഭേദകമായ കഥകള്‍ ഒന്നും സിനിമ കാണിച്ചു തരുന്നിലെങ്കില്‍ തന്നെ, കലാപക്കാലത്ത് അഹമ്മദാബാദില്‍ താമസമായിരുന്നതിനാല്‍ ചില സംഭവങ്ങള്‍ നേരില്‍ കാണേണ്ടി വന്ന ഹതഭാഗ്യനെന്ന നിലയില്‍ ഈ സിനിമ എന്നെ ഒട്ടേറെ വേദനിപ്പിച്ചു എന്നു പറയാതെ വയ്യ. അല്ലെങ്കിലും മാനഹാനി നേരിടേണ്ടി വന്ന ഒരു സ്ത്രീയുടെ മനോദുഖം സിനിമയില്‍ അവതരിപ്പിക്കാന്‍ ഭീകരമായ ഒരു ബലാത്സംഗ രംഗം കൂടിയേ തീരൂ എന്നില്ലല്ലോ? ഏറ്റവും നല്ല ഉദാഹരണം ബലാത്കാരം എങ്ങിനെ ആസ്വദിച്ചു എന്ന് പരേഷ് റാവല്‍ അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ സുഹൃത്തിനോട് ചോദിക്കുന്ന അറപ്പുളവാക്കുന്ന രംഗം തന്നെ.

അസഹിഷ്ണുതകളുടെ നേര്‍ക്കാഴ്ചകള്‍

വര്‍ഗീയ ധ്രുവീകരണം ഗുജറാത്തില്‍ ഏറെക്കുറേ പൂര്‍ണ്ണമായി കഴിഞ്ഞിരിക്കുന്നു. മുസ്ലീംങ്ങളെ ഒറ്റപ്പെടുത്താനുള്ള നിരന്തരമായ ആഹ്വാനങ്ങള്‍ ഇറങ്ങുന്നു, കുട്ടികളുടെ മനസ്സില്‍ പോലും വിവേചനത്തിന്റെ വിത്തുകള്‍ വിതയ്ക്കും വിധം മുസ്ലീങ്ങളും ഇതര മതങ്ങളും എങ്ങിനെ ഹിന്ദുക്കള്‍ക്ക് ഭീഷണി ആയിത്തീരുന്നു എന്ന രീതിയില്‍ സ്കൂള്‍ പുസ്തകങ്ങള്‍ തിരുത്തി എഴുതപ്പെടുന്നു. (ഗുജറാത്ത് ബോഡിന്റെ ഒമ്പതാം ക്ലാസിലെ സാമൂഹ്യപാഠം
നമ്മുടെ രാജ്യത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന ഒമ്പതാം അധ്യായത്തിന്റെ ആദ്യ ഭാഗം ന്യൂനപക്ഷ സമുദായങ്ങള്‍ ആണ്. മുസ്ലീങ്ങളും കൃസ്ത്യാനികളും വിദേശികളാണെന്നും പല സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ഒരു ന്യൂന പക്ഷമാണ് എന്നും അത് പഠിപ്പിക്കന്നു).

“വൈബ്രന്റ്”ഗുജറാത്തില്‍ (അതോ വയലന്റോ?) സംജാതമായിരിക്കുന്ന പരിതാപകരമായ ഈ അവസ്ഥയെ മിക്ക ഗുജറാത്തികളും ന്യായീകരിക്കുന്നു, അല്ലെങ്കില്‍ അതില്‍ യാതൊരു അപകടവും ഉള്ളതായി വിശ്വസിക്കാത്തവരാണ് മിക്കവരും എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. തങ്ങളുടെ കുഴപ്പം കൊണ്ട് ഉണ്ടായ റോഡ് ആക്സിഡന്റില്‍ കാറുകാരനെ കുറ്റപ്പെടുത്തി പണം തട്ടിയെടുക്കുന്ന തന്റെ കൗശലത്തില്‍ അഭിമാനിക്കുന്ന രണ്ടു ഗുജറാത്തി കഥാപാത്രങ്ങളെപ്പോലെ. കലാപബാധിതരായവര്‍ സര്‍വവും നഷ്ടപ്പെട്ട്
ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുമ്പോള്‍ തൊട്ടടുത്ത്, ഒരു കല്യാണ വീട്ടില്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ ആടിയും പാടിയും നടക്കുന്ന ചില ഗുജറത്തി സ്ത്രീകളെ നന്ദിതാ ദാസ് നമുക്ക് കാണിച്ചു തരുന്നുണ്ട്. ഗുജറാത്തില്‍ താമസിച്ചിട്ടുള്ള പലരും നേരിട്ടനുഭവിച്ചിട്ടുള്ളതായ, മറ്റു മതക്കാരോടും ജനവിഭാഗങ്ങളോടും ഗുജറാത്തികള്‍ക്ക് പൊതുവേയുള്ള അസഹിഷ്ണുതയെയും ചിത്രം തുറന്നു കാട്ടുന്നുണ്ട് . (മുസ്ലീങ്ങളുടെ അസഹിഷ്ണുതയെക്കുറിച്ച്, കലാപം നടന്ന് ഏകദേശം ഒരു മാസത്തിനു ശേഷം ഗോവയില്‍ നടന്ന ബി.ജെ.പി നാഷണല്‍ എക്സിക്യുട്ടീവ് സമ്മേളനത്തില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് പറഞ്ഞത് ഓര്‍ക്കുക: "എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ അവിടെയൊന്നും ഒരിക്കലും അവര്‍ പൊതുസമൂഹവുമായി ഇടപഴകുന്നില്ല. സ്വന്തം ആശയങ്ങള്‍ സമാധാനപരമായി പ്രചരിപ്പിക്കുന്നതിനു പകരം അവര്‍ ഭീഷണിയിലൂടെയും ഭീകരതയിലൂടെയുമാണ് മതപ്രചാരണം നടത്തുന്നത്.) മുസ്ലീം ആയതുകൊണ്ട് താമസിച്ചിരുന്ന സൊസൈറ്റിയില്‍ നിന്നും പുറത്താക്കിയ എന്റെ ഒരു സുഹൃത്തിനെക്കുറിച്ചും, മീന്‍ വറുത്തതിന് ഭീഷണി സഹിക്കേണ്ടി വന്ന ബംഗാളി കുടുംബത്തെയും സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോകുന്നു. അതെ, നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് സഹിഷ്ണുതയെക്കുറിച്ച് തന്നെയാണ്!

തിരഞ്ഞെടുപ്പിനായി ഒരു ക്രിക്കറ്റുകളി മാറ്റിവെച്ചത് രാജ്യത്തിനു നേരിട്ട അപമാനമായി തോന്നിയ ഒരു മനുഷ്യന്, അയാള്‍ ചുക്കാന്‍ പിടിച്ച ഈ നരവേട്ടയെക്കുറിച്ചോ, പൗരമാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിതിലോ അതൊന്നും ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാത്തവതിലോ ഒരു അപമാനവും തോന്നുന്നില്ല എന്നതാണ് ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഹിന്ദുവായാലും മുസല്‍മാനായാലും ശരി ,വര്‍ഗീയ തീവ്രവാദത്തിനു മുമ്പില്‍ മനുഷ്യജീവിതങ്ങള്‍ക്ക് യാതൊരു വിലയും ഇല്ലാതാകുന്നു എന്ന് ഫിരാഖ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഗുജറാത്തിലെ അപകടം നാം തിരിച്ചറിഞ്ഞിട്ടില്ല, ആ അനുഭവങ്ങളില്‍ നിന്നും യാതൊരു പാഠവും നാം പഠിച്ചില്ല എന്ന നിരാശാ ബോധം നമ്മെ വേട്ടയാടുന്നു. മതവൈരാഗ്യത്തേയും അതിന്റെ പേരില്‍ നിരന്തരം നടക്കുന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും ഫലപ്രദമായി നേരിടാന്‍ നമുക്കിന്നും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ ഇന്നും മുത്തലിക്കുമാരും വരുണ്‍ ഗാന്ധിമാരും വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും വിഷം തുപ്പിക്കൊണ്ടിരിക്കുന്നതും അവര്‍ ന്യായീകരിക്കപ്പെടുന്നതും.

അന്ധകാരത്തിന്റെ നടുക്കങ്ങള്‍


ഖാന്‍ സാഹേബ് എന്ന കഥാപാത്രം പറയുന്നതുപോലെ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെടുന്നത് ഹിന്ദുവോ മുസല്‍മാനോ അല്ല, മനുഷ്യന്‍ മനുഷ്യനെത്തന്നെയാണ് പരസ്പരം കൊല്ലുന്നത്. ഇവ നേരില്‍ക്കാണാനിടവരുന്നവര്‍ ഇനി മറ്റൊരിടത്തും ഇതാവര്‍ത്തിക്കരുതേ എന്ന്‍ ആത്മാര്‍ത്ഥമായി ആശിച്ചു പോകും. ലഹള തുടങ്ങിയ ദിവസം ജോലിസ്ഥലത്ത് നിന്നും സുഹൃത്തുക്കളൊപ്പം മടങ്ങി വരവേ തടഞ്ഞു നിര്‍ത്തിയ പോലീസുകാരില്‍ നിന്നും ഞാന്‍ രക്ഷപെട്ടത് മുസ്ലീം എന്നു തോന്നിക്കാത്ത പേരുണ്ടായതു കൊണ്ടു മാത്രമാണ്. എന്നാല്‍ എന്റെ കൂടെ ഫാക്റ്ററിയില്‍ ജോലി ചെയ്തിരുന്ന മറ്റു പലരേയും ഇതേ ഭാഗ്യം തുണക്കാതെപോയി. അവരില്‍ ചിലരൊന്നും പീന്നീടൊരിക്കലും ജോലിക്ക് മടങ്ങിയെത്തിയില്ല. വഴി നീളെ കാറുകളും ട്രക്കുകളും കത്തിയെരിയുന്നതും ഭ്രാന്തമായ ആവേശത്തോടെ വാളും മറ്റായുധങ്ങളുമായി ജനക്കൂട്ടങ്ങള്‍ അലറിക്കൊണ്ട് പോകുന്നതും ഒക്കെ ഒരു മരവിപ്പോടെ മാത്രമേ ഇപ്പോഴും ഓര്‍ക്കാനാകൂ. ഫ്ലാറ്റിന്റെ എട്ടാം നിലയിലെ ബാല്‍കണിയില്‍ നിന്നും കെട്ടിങ്ങളില്‍ നിന്നും ഉയര്‍ന്ന തീയും പുകയും നോക്കിക്കൊണ്ട് നില്‍കാനേ ഞങ്ങള്‍ക്കായുള്ളൂ. ഗുജറാത്തിക്കാരനായ റൂം മേറ്റ് അക്രമകാരികളെ ന്യായീകരിച്ച് സംസാരിക്കുന്നതു കേട്ട് പ്രതികരിക്കാന്‍ പോലും ആവാതെ മൂന്നു ദിവസത്തോളം കമ്പനി ഫ്ലാറ്റിനകത്തു കഴിച്ചു കൂടുകയായിരുന്നു. സ്വന്തം മുറിക്കകത്തു പോലും സുരക്ഷിതനല്ല എന്ന ചിന്ത എന്നെ ഏറെ ഭയപ്പെടുത്തി. അഹമ്മദാബാദിലെ പഴയ ജീവിതം ഒരിക്കലും മടങ്ങി വന്നില്ല. മട്ടന്‍ ബിരിയാണി കഴിക്കാന്‍ ഞങ്ങള്‍ പതിവായി പോവാറുണ്ടായിരുന്ന റിലീഫ് റോഡിലെ ഹോട്ടല്‍ തീവെച്ചു നശിപ്പിക്കപ്പെട്ടു.(അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് മാംസാഹാരം കിട്ടാറുണ്ടായിരുന്നത്). പരിചിതരോടു പോലും ഞാന്‍ സൂക്ഷിച്ചേ സംസാരിച്ചിരുന്നുള്ളൂ. കുറച്ചു മാസങ്ങള്‍ക്കു ശേഷം മി.& മിസിസ് അയ്യര്‍ എന്ന സിനിമയിലെ സ്ട്രിപ് ചെക്കിങ്ങ് രംഗം കാണാനിടയായതു എന്റെ ഭയം വര്‍ദ്ധിപ്പിച്ചു. ഫിരാഖ് സിനിമയിലെ സമീര്‍ എന്ന കഥാപാത്രത്തെപ്പോലെ ഞാനും ഡല്‍ഹിയിലേക്ക് ജോലിയും താമസവും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഭയന്നോട്ടം എവിടെച്ചെന്നു നില്‍കുമെന്നറിയില്ല. കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി മിക്കയിടങ്ങളിലും ഈ അരക്ഷിതാവസ്ഥയുടെ നിഴല്‍ ഉണ്ട്. വിവാദ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനു മുമ്പ് എനിക്ക് നൂറു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന വസ്തുതയ്ക് യാതൊരു പ്രസ്കതിയും ഇല്ലെന്നു വരുന്നു. വസീം അക്രത്തിന്റെ ബൗളിങ്ങിനെയോ അലി അസ്മത്തിന്റെ പാട്ടുകളേയോ പരസ്യമായി പ്രശംസിക്കാന്‍ എനിക്ക് കഴിയാതെ വരുന്നു. ഇന്ത്യൻ ഇസ്ലാമിന് റസൂല്‍ പൂക്കുട്ടിയെപ്പോലെ പൊതുവേദിയില്‍ വെച്ച് ഓംകാരത്തിന്റെ മഹത്വത്തെക്കുറിച്ചും ശിവരാത്രിയെക്കുറിച്ചും പറഞ്ഞ് സ്വന്തം രാജ്യസ്നേഹം വെളിപ്പെടുത്തേണ്ടി വരുന്നു, സ്വന്തം കൂറ് തെളിയിക്കേണ്ടിയിരിക്കുന്നു എന്ന ശോചനീയാവസ്ഥ അശ്ലീലകരമാം വണ്ണം ഭീകരമാണ്. എന്നാല്‍ ഈ അവസ്ഥയ്ക്കെതിരെ എന്തുകൊണ്ട് ചങ്കുറപ്പോടെ പ്രതികരിക്കുന്നില്ല എന്നതിനുള്ള മറുപടി സിനിമയില്‍ സമീര്‍ എന്ന കഥാപാത്രം പറയുന്നുണ്ട്: 'Because I don’t have the balls’.
മറ്റൊരവസരത്തില്‍ തന്നെ ഹിന്ദുവായി തെറ്റിദ്ധരിച്ച പോലീസ് ഓഫീസറോട് താന്‍ മി. ദേസായി അല്ല മി. ഷേയ്ക് ആണെന്നു സമീര്‍ പറയുന്നുണ്ട്. എന്തിന് അങ്ങനെ ചെയ്തെന്നു ചോദിക്കുന്ന ഭാര്യയോട് അയാള്‍ പറയുന്നത് ഇതാണ്: I felt good...bloody good !

മീ റ്റൂ...
ഇത്രയും എങ്കിലും എഴുതിയല്ലോ എന്ന ആശ്വാസം കൊണ്ട്.

- ഉന്മേഷ് ദസ്തക്കിര്‍