(2008 ഒക്ടോബര്‍ 30-ന് ജാമിയ മില്ലിയ ഇസ്ലാമി സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്, ശ്രീ. യു.ആര്. അനന്തമൂര്‍ത്തി നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം)
ബഹുമാന്യരായ ചാന്‍സലര്‍, വൈസ് ചാന്‍സലര്‍, വകുപ്പദ്ധ്യക്ഷന്മാര്, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍,
ജാമിയ മില്ലിയ ഇസ്ളാമിയുടെ ഈ ബിരുദദാനസമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി എന്നെ ക്ഷണിച്ചത് ഒരു വലിയ ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു. ഇത് പറയുമ്പോള്‍ അതിനെ ഒരു ഭംഗിവാക്കായി ആരും കരുതരുതെന്ന് അപേക്ഷ. കാരണം, നമ്മള് ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്ന ദുഷ്ക്കരമായ ഈ കാലഘട്ടത്തില്‍, നിങ്ങളുടെ പ്രശസ്തമായ ഈ സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ നിര്‍വ്വഹിച്ചതുപോലുള്ള ഹൃദയാലുത്വവും,കര്‍ത്തവ്യബോധവും ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍, അസാധാരണമായ ചങ്കൂറ്റം ആവശ്യമാണ്. സാധാരണ അവസരങ്ങളില്‍, ‘ശരി‘ എന്നു മാത്രം നമ്മള് ഒരു പക്ഷേ വിശേഷിപ്പിക്കുമായിരുന്ന സ്വഭാവഗുണങ്ങളാണത്. എങ്കിലും, അദ്ദേഹം ചെയ്തത്, നമ്മുടെ രാജ്യത്തിന്റെ ഭണഘടനയുടെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക എന്നതില്‍ കവിഞ്ഞൊന്നുമായിരുന്നില്ലെന്ന്, അദ്ദേഹത്തിനെതിരെ കലി തുള്ളുന്ന കോമരങ്ങളോട് എനിക്ക് പറയേണ്ടിവരുന്നു.
വിവേകമുള്ള ഒരാള്‍ക്കും തീവ്രവാദികളെ പിന്തുണക്കാനാവില്ല.
ഹിന്ദുക്കളുടെയും മുസ്ളിമുകളുടെയും അക്രമങ്ങളെ ഒരേമട്ടില്‍ അപലപിക്കുകയും, പാക്കിസ്ഥാന് അവകാശപ്പെട്ടത് അവര്‍ക്ക് നല്കാന് തന്റെ അനുയായികളുടേമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുവേണ്ടി ഉപവാസമിരിക്കുകയും ചെയ്തതിനാണ് മഹാത്മാഗാന്ധിയെ ഹിന്ദുക്കളുടെ ശത്രുവും മുസ്ളിമിന്റെ സുഹൃത്തുമായി മുദ്രകുത്തിയതും ഉന്മൂലനം ചെയ്തതും എന്ന കാര്യം നമ്മള് ഒരിക്കലും മറന്നുകൂടാ.
ഇന്നത്തെ ചില രാഷ്ട്രീയക്കാരുടെ വിഷലിപ്തമായ വാഗ്ദ്ധോരണി കേള്‍ക്കുമ്പോള്‍, നാഥുറാം ഗോഡ്സെയുടെ ചിന്തകള്‍ ഇപ്പോഴും നമുക്കിടയില്‍ സജീവവും നമ്മെ സ്വാധീനിക്കുകയും ചെയ്യുന്നില്ലേ എന്ന് ആശങ്കിക്കേണ്ടിവരുന്നു. തീവ്രവാദികളെ, അവര്‍ കാണിക്കുന്ന മനുഷ്യത്വരാഹിത്യത്തിന് ശിക്ഷിക്കുക മാത്രമല്ല, തീവ്രവാദത്തിന് വളംവെച്ചുകൊടുക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ രോഗാണുക്കളെ അവസാനിപ്പിക്കുകയും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്.
മൈസൂര്‍ സര്‍വ്വകലാശാലയുടെ മഹാരാജാസ് കോളേജിലായിരുന്നു ഞാന്‍ പഠിച്ചത്. ഒരു ബ്രിട്ടീഷുകാരനായിരുന്നു അന്നവിടെ പ്രിന്‍സിപ്പല്‍. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ആ മഹാരഥന്, പക്ഷേ, തന്റെ അനുവാദമില്ലാതെ കോളേജില്‍ പ്രവേശിക്കാന്‍ പോലീസിനെ അനുവദിച്ചിരുന്നില്ല. ആ പാരമ്പര്യമാണ് തലമുറകളായി കുട്ടികള്‍ അനുഭവിച്ചുവന്നിരുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും- എത്ര വലിയ 'തെറ്റ്' ചെയ്യുന്ന വിദ്യാര്‍ത്ഥിയായാലും-അവര്‍ തന്റെ ചുമതയിലുള്ളവരാണെന്ന് കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ ചുമതലയായിരുന്നു ആ പ്രിന്‍സിപ്പല്‍ യഥാര്‍ത്ഥത്തില്‍ നിര്‍വ്വഹിച്ചുപോന്നിരുന്നത്.
എന്റെ സുഹൃത്തും എഴുത്തുകാരനുമായ മുകുള്‍ കേശവന്റെ വാക്കുകളാണ് എനിക്കിവിടെ പകര്‍ത്താന്‍ തോന്നുന്നത്. അതിനേക്കാള്‍ ഭംഗിയായി ഇതിനെക്കുറിച്ച് എനിക്ക് പറയാനാവില്ല.
"എനിക്കൊരു മകനുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ അവന് ഒരു സര്‍വ്വകലാശാലയില്‍ ചേരും. ഏതെങ്കിലും കാരണവശാല്‍-അങ്ങിനെ സംഭവിക്കാതിരിക്കരുതേ-അവന് പോലീസ് കസ്റ്റഡിയില്‍ പെട്ടുവെന്നിരിക്കട്ടെ (കൊലപാതകത്തിനോ, സായുധമായ കവര്‍ച്ചക്കോ, അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതിനോ, മറ്റെന്തെങ്കിലും കുറ്റത്തിനോ) അപ്പോള്‍, അവന്റെ രക്ഷകര്‍ത്താവായ എന്റെ സ്ഥാനത്തുനിന്നുകൊണ്ടായിരിക്കും സര്‍വ്വകലാശാല പ്രവര്‍ത്തിക്കേണ്ടതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സര്‍വ്വകലാശാലയുടെ മേലധികാരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട്, സന്ദര്‍ശകരെ കാണാനും, വേണ്ടിവന്നാല്‍ ജാമ്യമെടുക്കാനും, ജാമ്യമില്ലാത്ത കുറ്റമാണ് അവന് ചെയ്തതെങ്കില്‍, കോടതിയുടെ തടവിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുമുള്ള സൌകര്യങ്ങള്‍ അവന് ചെയ്തുകൊടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പോലീസ് കസ്റ്റഡി എന്നത്, ഇന്ത്യയില്‍ ഭീകരമായ ഒരു തടവുരീതിയാണ്. ജയില്‍ മാന്വലിലെ പ്രക്രിയകള്‍ കൃത്യമായി പിന്തുടരുന്ന ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്ന് ഭിന്നമായി, ലോക്കപ്പുമുറികളില്‍ പോലീസുകാര്‍ക്ക് അഴിഞ്ഞാടാന്‍ സൌകര്യമുണ്ട്. ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി പോലീസിന്റെ കയ്യിലകപ്പെട്ടാലുടന്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിന് അത് കളങ്കം ചാര്‍ത്തുമെന്ന് ഭയന്ന് കൈ കഴുകുന്ന ഒരു വിദ്യാഭ്യാസസ്ഥാപനം, പൌരന്റെയോ രക്ഷകര്‍ത്താക്കളുടെയോ ബഹുമാനം അര്‍ഹിക്കാത്ത ദുഷിച്ച ഒന്നാണ്".
വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ പ്രൊഫസ്സര്‍ മുഷിറുള്‍ ഹസ്സന്, തന്റെ സര്‍വ്വകലാശാലയുടെ പാരമ്പര്യത്തിനെ കാത്തുരക്ഷിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഖിലാഫത്തുമായി ബന്ധപ്പെട്ട കൊളോണിയല്‍ വിരുദ്ധ ഇസ്ളാമിക പ്രവര്‍ത്തനം മാത്രമല്ല, ഈ സര്‍വ്വകലാശാലയുടെ സ്ഥപതികളെ പ്രചോദനം കൊള്ളിച്ചിരുന്നത്. അവരില്‍ ചിലര്‍ പാശ്ചാത്യവിദ്യാഭ്യാസം നേടിയ മുസ്ളിം ബുദ്ധിജീവിവര്‍ഗ്ഗത്തിന്റെ പുരോഗമന രാഷ്ട്രീയത്തിലും ഭാഗഭാക്കുകളായിരുന്നു.
"ഒരു ഭാഷ, ഒരു മതം, ഒരു വംശം' എന്ന അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട കേന്ദ്രീകൃതമായ ദേശ-രാഷ്ട്രം എന്ന യൂറോപ്പ്യന്‍ സങ്കല്പ്പത്തിനെക്കുറിച്ച് ആശങ്ക പുലര്‍ത്തിയിരുന്നു ഗാന്ധിജിയും ടാഗൂറും. ഇന്ത്യയെ അവര്‍ വിഭാവനം ചെയ്തത്, വിവിധ പരിഷ്ക്കൃതികളും മതങ്ങളുമടങ്ങിയ എന്നാല്‍ അദ്വൈതത്തിന്റെ അര്‍ത്ഥത്തില്‍ സംയോജിതവുമായ ഒരു വലിയ സംസ്കാരം എന്ന നിലക്കായിരുന്നു എന്നത് എന്നെസംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒരു കാര്യമാണ്. അവരുടെ അനുഗ്രഹം ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച സ്ഥാപനമാണ് ഇത്.
എന്താണ് ഇന്ന് നമുക്ക് നഷ്ടപ്പെടാനുള്ളത് എന്ന് വ്യക്തമാക്കാന്‍, വീണ്ടും ഞാന്‍ മുകുള്‍ കേശവനെ ഉദ്ധരിക്കട്ടെ. "മുസ്ലിമുകള് കുറ്റക്കാരാണെന്ന പൊതുവായ ആഖ്യാനത്തിലേക്ക് ജനങ്ങളും, പോലീസുകാരും, രാഷ്ട്രീയകക്ഷികളും എത്തിച്ചേരുമ്പോള്‍, ഒരു മഹത്തായ റിപ്പബ്ളിക്കിനെ, ഭൂരിപക്ഷത്തിന്റെ ആധിപത്യമുള്ള ദുഷിച്ചു നാറിയ രാഷ്ട്രമാക്കി മാറ്റുകയാണ് നമ്മള് ചെയ്യുന്നത്".
എന്റെ ചില മുസ്ളിം സുഹൃത്തുക്കളില്‍ ഈയിടെയായി കണ്ടുവരുന്ന വികാരം എന്താണെന്ന് എനിക്ക് വ്യക്തമായറിയാം. മാധ്യമങ്ങളാണ് അതിന്റെ പ്രധാന ഉത്തരവാദികള്‍. തീവ്രവാദം നടത്തി എന്ന സംശയത്തിന്റെ ബലത്തില്‍ ഒരു അറസ്റ്റ് ഉണ്ടാകുമ്പോള്‍ത്തന്നെ ഒരു മുസ്ലിം പേര് ഉയര്‍ന്നുവരുന്നു. പിന്നെ അവര്‍ പറയുന്നത്, അറസ്റ്റു ചെയ്യപ്പെട്ടയാള്‍ കുറ്റം സമ്മതിച്ചു എന്നാണ്. പീഡനമേല്‍ക്കേണ്ടിവന്നാല്‍ ആരാണ് കുറ്റം സമ്മതിക്കാത്തത്?
മാനസികവും ശാരീരികവുമായ പീഡനമുണ്ടായാല്‍, ചെയ്യാത്ത കുറ്റം പോലും ഞാന്‍ സമ്മതിക്കുമോ എന്ന് എനിക്ക് തീര്‍ച്ച പറയാനാവില്ല. അതിനാല്‍, ഈ പറഞ്ഞ 'കുറ്റസമ്മത'ത്തിനും, കോടതിയില്‍, നിയമപരമായ സാധുതയില്ല. എന്നു മാത്രമല്ല, ഒരിക്കല്‍ അറസ്റ്റു ചെയ്യപ്പെട്ടാല്‍, പിന്നീട് കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലും ഉണ്ടായ കളങ്കം മായ്ക്കുക ഇന്നത്തെ സ്ഥിതിയില്‍ എളുപ്പമുള്ള കാര്യമല്ല.
ഒരു മുസ്ലിം പിടിക്കപ്പെട്ടുവെന്നും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നും ദിവസവും കേള്‍ക്കേണ്ടിവരുമ്പോള്‍, അത് നമ്മുടെ മനസ്സിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവോ എന്ന് നമുക്ക് അറിയാന്‍ കഴിയുന്നില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വെളിപ്പെടുത്താന്‍, കൊല്ലപ്പെട്ടവന് എങ്ങിനെയാണ് കഴിയുക? നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിലൂടെ തെളിയിക്കാന്‍ സാധിക്കാതെയിരിക്കുന്നിടത്തോളം കാലം, 'ഏറ്റുമുട്ട'ലിലൂടെ നടത്തുന്ന കൊലപാതകങ്ങള്‍, ശുദ്ധമായ കൊലപാതകം തന്നെയാണെന്ന് ഭരണഘടന ഉറപ്പിച്ച് പറയുന്നുമുണ്ട്. ആള്‍ക്കൂട്ടത്തിന്റെ ഉന്മാദം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ, എല്ലാം അനുവദനീയമാണെന്ന നിലപാടിലേക്കെത്തിയതുകൊണ്ട്, നമ്മുടെ രാഷ്ട്രം ഇത്തരം ഉറപ്പുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നില്ല.
തീവ്രവാദത്തിന്റെ പുതിയ പുതിയ 'ബുദ്ധികേന്ദ്ര'ങ്ങളെ അറസ്റ്റു ചെയ്തു എന്ന വാര്‍ത്തയാണ്, എന്റെ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍നിന്ന് ഓരോ ദിവസവും പുറത്തുവരുന്നത്. ഈ കഥകളുടെ സത്യാവസ്ഥയെക്കുറിച്ച് എന്തെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍, നിങ്ങളെ ദേശവിരുദ്ധനും, രാജ്യാഭിമാനമില്ലാത്തവനുമായി മുദ്രകുത്തുകയായി. നിസ്സംശയമായും, ഇത് ഫാസിസത്തിന്റെ ആരംഭമാണ്.
ഒരു പൌരന് എന്ന നിലക്ക് എനിക്ക് ചോദിക്കാനുള്ളത് ഈ ചോദ്യമാണ്. സംശയത്തിന്റെ പേരില്‍ പിടിക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍, അവരുടെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുന്നതിനുമുന്‍പ്, എന്തിനാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്? ഒരു പൌരസമൂഹത്തില്‍ അല്പം ചില നിയന്ത്രണങ്ങളൊക്കെ ഉണ്ടായിരിക്കണം. ഈ പിടിക്കപ്പെട്ടവരുടെ പേരിലുള്ള കുറ്റങ്ങള്‍ നാളെ തെളിയിക്കാന്‍ കഴിയാതിരുന്നാല്‍, അവര്‍ക്കുണ്ടായ മാനനഷ്ടങ്ങള്‍ എങ്ങിനെയാണ് ഇല്ലാതാക്കുക? കാഫ്കയുടെ കഥാപ്രപഞ്ചത്തിലെ ദു:സ്വപ്നഭീതിദമായ രാത്രികളിലാണ് നമ്മള് ജീവിക്കുന്നതെന്ന്, എന്നെപ്പോലെ മറ്റുള്ളവര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു.
ഞരമ്പുരോഗികളുടെ രാജ്യമായി മാറിയിരിക്കുന്നു എന്ന തോന്നല്‍.
തങ്ങളുടെ ഭരണസാരഥ്യം തെളിയിച്ച്, പൌരന്മാര്ക്ക് സുരക്ഷിതത്വത്തിന്റെ മിഥ്യാബോധം സൃഷ്ടിക്കാന്‍, ഭരണാധികാരികള്‍ കയ്യില്‍ കിട്ടുന്നവരെ കരുവാക്കുകയാണെന്ന് ഞാന്‍ സംശയിക്കുന്നു (അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ, ഭരണത്തിലും പ്രതിപക്ഷത്തുമിരിക്കുന്ന രാഷ്ട്രീയകക്ഷിക്കാര്‍ ഇത് തരംപോലെ ഉപയോഗിക്കുന്നുണ്ട്). 'സുരക്ഷിതവും ഭദ്രവു'മാണെന്ന ഈ തോന്നല്‍ നൈമിഷികമാണ്. കാരണം, തൊട്ടടുത്ത നിമിഷം, മറ്റേതെങ്കിലും തീവ്രവാദി ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും, അതുമായി ബന്ധപ്പെട്ട്, വീണ്ടും കുറേ മുസ്ലിമുകളുടെ പേരുകളും നമ്മള് കേള്‍ക്കുകയും ചെയ്യുന്നു. ആ 'തീവ്രവാദി'കളുടെ കയ്യിലുണ്ടായിരുന്നതും, അവര്‍ ഉപയോഗിച്ചതുമായ സ്ഫോടകവസ്തുക്കളുടെ ചിത്രങ്ങളും ചാനലുകള്‍ നമുക്ക് ദൃശ്യമാക്കിത്തരുന്നു.
ചൂടപ്പം സൃഷ്ടിച്ച്, പ്രേക്ഷകരുടെ റേറ്റിംഗില്‍ (TRP) സ്ഥാനം നേടാനുള്ള ചാനലുകളുടെ മത്സരം മനസ്സിലാക്കാന്‍ കഴിയുമെങ്കിലും, ബ്രേക്കിംഗ് ന്യൂസ് എന്ന പേരില്‍ അവര്‍ കൊണ്ടാടുന്ന ഈ വിളംബരങ്ങള്, വിശ്വാസത്തിനും സംശയത്തിനുമിടക്ക് ഞെങ്ങി ഞെരുങ്ങുന്ന എന്നെപ്പോലുള്ള പൌരന്മാര്ക്ക് മാനസികമായ പീഡനമാണ് ഉളവാക്കുന്നത്. സ്കൂളില്‍നിന്ന് സുരക്ഷിതമായി തിരിച്ചെത്തേണ്ടുന്ന കുട്ടികളില്ലേ നമുക്കെല്ലാവര്‍ക്കും? എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്താനുള്ള സമ്മര്‍ദ്ദം, രാഷ്ട്രീയ യജമാനന്മാരില്നിന്ന് പോലീസുകാരും യഥേഷ്ടം അനുഭവിക്കുന്നുണ്ട്.
'ഇസ്ളാം' എന്ന വാക്കിനുതന്നെ കളങ്കം ചാര്‍ത്തുന്ന വിധത്തില്‍ ഹീനമായ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും നന്നായി അറിയാം, രാജ്യത്തിലെ ഇന്റലിജന്‍സ് സംവിധാനം എത്ര മോശമാണെന്ന്. മുസ്ലിം പേരുള്ളവരെ അറസ്റ്റു ചെയ്യുന്നതിലൂടെ സമൂഹത്തിലെ ബാക്കി വരുന്ന മുസ്ലിം ജനസാമാന്യവും തങ്ങളുടെ പക്ഷത്തേക്ക് വരുമെന്നും, അതിനായില്ലെങ്കില്‍തന്നെ, ചുരുങ്ങിയത്, മുസ്ളിം പൊതുസമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനെങ്കിലും തങ്ങള്‍ക്കാകുമെന്ന് തീവ്രവാദികള്‍ക്കറിയാം. സര്‍ക്കാരിന്റെ പ്രവൃത്തികള്‍ ഒരുതരത്തില്‍ അവര്‍ക്ക് സഹായകമാവുകയാണ് ചെയ്യുന്നത്. മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനിലും അവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. തന്നെ സൃഷ്ടിച്ചവനെ നശിപ്പിക്കാന്‍ ഒരുമ്പെട്ട ഭസ്മാസുരന്റെ കഥയാണ് ഇത്. ലോകത്തിന്റെ മേല്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അമേരിക്കയുടെ നയങ്ങളെ സംബന്ധിച്ചും ഇത് വാസ്തവമാണ്. അവരിന്ന് അനുഭവിക്കുന്നത് അവരുടെ കര്‍മ്മഫലമാണ്.
ന്യൂനപക്ഷങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് അന്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങളൊരു മുസ്ലിമാണെങ്കില്, ബാംഗ്ളൂരില്‍, മദ്ധ്യവര്‍ഗ്ഗവിഭാഗങ്ങള്‍ താമസിക്കുന്ന തരക്കേടില്ലാത്ത പ്രദേശങ്ങളില്‍ ഒരു വാടകവീട് കിട്ടുക എന്നത് ഏകദേശം അസാദ്ധ്യമാണ്. നിങ്ങളുടെ പേര് ചോദിച്ചറിഞ്ഞതിനുശേഷം, ആ വീട് മറ്റൊരാള്‍ മേടിച്ചുവെന്ന് ഭവ്യതയോടെ പറഞ്ഞ്, അവര്‍ നിങ്ങളെ മടക്കിയയയ്ക്കും.
തിരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കുന്ന ഈയവസരത്തില്‍ ഹിന്ദു കലാപകാരികള്‍ - ഇസ്ളാമിക മതമൌലികവാദികളില്‍നിന്ന് വ്യത്യസ്തരാണെന്ന് തോന്നിപ്പിക്കാന്‍ ഹിന്ദു വര്‍ഗ്ഗീയവാദികളെ വിളിക്കുന്ന ഓമനപ്പേര് - ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഏറ്റവുമധികം പ്രചാരമുള്ളതും ഒരു പ്രമുഖ ന്യൂസ്പേപ്പര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ ഒരു കന്നഡ പത്രം, ചില ദിവസങ്ങള്‍ക്കുമുന്‍പ്, ഹിന്ദു മതത്തിനെ തകര്‍ക്കാന്‍ ക്രിസ്ത്യാനികള്‍, അവരുടെ നേതാവായ സോണിയാ ഗാന്ധിയുടെ സഹായത്തോടെ ഗൂഢപദ്ധതിയിടുന്നു എന്ന് പ്രചരിപ്പിക്കുന്ന ഒരു അസംബന്ധ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. പത്രത്തിന്റെ ആദ്യപേജില്‍തന്നെ കൊടുത്തിരുന്ന ആ ലേഖനത്തിന്റെ തുടര്‍ഭാഗങ്ങള്‍ ഉള്ളിലെ പേജുകളിലേക്കും പടര്‍ന്നിരുന്നു. ഈ ലേഖനം പ്രസിദ്ധീകരിച്ചതിന് അവര്‍ പറഞ്ഞ ന്യായം, ഇതുവഴി, മതപരിവര്‍ത്തനം എന്ന വിഷയത്തെക്കുറിച്ച് നിഷ്പക്ഷമായ ഒരു സംവാദം തങ്ങള്‍ സാധ്യമാക്കി എന്നായിരുന്നു.
ചില മാസങ്ങള്‍ക്കുമുന്‍പ്, ഇതേ ലേഖകന്‍ തന്നെ, ഇസ്ളാമിനെതിരെ കൊടും വര്‍ഗ്ഗീയവിഷം വമിപ്പിക്കുന്ന ഒരു നോവല്‍ എഴുതിയപ്പോള്‍, അന്ന് അതിനെ വിമര്‍ശിച്ചെഴുതിയ എനിക്കെതിരെ ഇതേ പത്രം ഒരു എസ്.എം.എസ് പ്രചരണവും സംഘടിപ്പിക്കുകയുണ്ടായി.
മനശ്ശാസ്ത്രതലത്തിലുള്ള ഇത്തരം യുദ്ധങ്ങള്‍ നടക്കുമ്പോഴും, നമ്മുടെ സഹജീവികളായ പതിനായിരങ്ങള്‍, ഇതിലൊന്നും പെടാതെ, തങ്ങളുടെ കുട്ടികളെയും മുതിര്‍ന്നവരെയും സ്നേഹിച്ചും ബഹുമാനിച്ചും സ്വന്തം ജീവിതം ജീവിച്ചുതീര്‍ക്കുന്നുണ്ട് എന്നതും ഞാന്‍ കാണുന്നു. ശരിയായ ആത്മീയതയുടെ വക്താക്കളായ ഇവര്‍ - അവരില്‍ ഹിന്ദുക്കളും മുസ്ലിമുകളും എല്ലാവരുമുണ്ട്-സഹാനുഭൂതിയും സഹിഷ്ണുതയുമുള്ളവരാണ്. അവരില്ലായിരുന്നുവെങ്കില്‍, ഈ രാജ്യം എന്നേ കത്തിയമരുമായിരുന്നു. എല്ലാവരും - മുസ്ലിമുകളും അല്ലാത്തവരും - ഇസ്ളാമിന്റെ അടിസ്ഥാനത്തെക്കുറിച്ച് ഗൌരവമായി അന്വേഷണം നടത്താനുള്ള സമയമായി എന്ന് എനിക്ക് തോന്നുന്നു. ഇസ്ലാമിനെയും മുസ്ലിമുകളെയും മതമൌലികവാദികളുടെ ചൊല്‍പ്പടിയില്‍നിന്നും, പാശ്ചാത്യ മാധ്യമങ്ങളുടെയും അവരുടെ സില്‍ബന്തികളുടെയും ദുര്‍വ്യാഖ്യാനങ്ങളില്‍നിന്നും മോചിപ്പിക്കാനും, മഹത്തായ ആ മതത്തിന്റെയും തത്ത്വചിന്തയുടെയും മൂല്യങ്ങള്‍ സംരക്ഷിക്കാനും അത്തരത്തിലുള്ള ഗൌരവമായ ഒരു സമീപനം കൂടിയേ കഴിയൂ.
മാക്സിം റോഡിന്‍സണിനെയും എഡ്വേഡ് സയ്ദിനെയും സിയാവുദ്ദിന്‍ സര്‍ദാറിനെയും ആലം ഖുന്ത്മീരിയെയും പോലെയുള്ള ബുദ്ധിജീവികളും അസ്ഗര്‍ അലിയെപ്പോലെയുള്ള ആക്റ്റിവിസ്റ്റുകളും അത്തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തിയവരാണ്. ഇസ്ളാമിനും മുസ്ളിമുകള്‍ക്കുമെതിരെയുള്ള വൃത്തികെട്ട ആരോപണങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും എതിര്‍ത്തുതോല്‍പ്പിച്ച്, ഇസ്ളാമിനെ രക്ഷിക്കാന്‍ അത്തരം ശ്രമങ്ങള്‍കൊണ്ടുമാത്രമേ സാധിക്കൂ.
സദുദ്ദേശക്കാരായ മതതേതരത്വ വാദികള്‍ക്കും, മൌലികവാദികളെന്ന് ഇടക്കൊക്കെ മുദ്രകുത്തപ്പെടുന്ന പരമ്പരാഗത മതവിശ്വാസികള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന നിര്‍ഭാഗ്യകരമായ വലിയ വിടവ് അവസാനിപ്പിക്കേണ്ടതും ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. മതവിശ്വാസികള്‍ക്കും മതേതരവാദികള്‍ക്കുമിടയില്‍ ഇന്നു നിലനില്‍ക്കുന്ന സംഘര്‍ഷവും സംഘട്ടനങ്ങളും ശത്രുതയും ഇല്ലാതാക്കേണ്ടത്, ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്. നമ്മള് ഇന്നു നേരിടുന്ന വലിയ പ്രതിസന്ധി ഈയൊരു വിഷയവുമായി ബന്ധപ്പെട്ടതുകൂടിയാണ്. അല്ലാത്തപക്ഷം, ഈ സന്ദര്‍ഭത്തെ നേരിടാന്‍, നമ്മുടെ മുന്‍വിധികള്‍ക്കും, ചിരപരിചിതമായ രീതികള്‍ക്കും സാധിക്കാതെ വന്നേക്കും.
ക്രിസ്ത്യന്‍ സമൂഹത്തിനുവേണ്ടി ശബ്ദിക്കാന്‍ പാശ്ചാത്യരെങ്കിലുമുണ്ട്. മുസ്ലിം സമൂഹത്തിനാകട്ടെ ആരുമില്ല. മുസ്ളിമുകള്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ജോര്‍ജ്ജ് ബുഷ്. അതും, രാജവാഴ്ച നിലവിലുള്ള ചില മുസ്ലിം രാജ്യങ്ങളുടെ സഹായത്തോടെത്തന്നെ.
സംഘടിതമതത്തിന്റെ അതിര്‍ത്തികളെ ഭേദിച്ച ഗാന്ധിയുടെയും രമണമഹര്‍ഷിയുടെയും പരമഹംസരുടെയും ആത്മീയതയില്‍ ആകൃഷ്ടരായ എന്നെപ്പോലുള്ള ഹിന്ദുക്കള്‍ക്ക് ഇത് തീര്‍ത്തും ഭീഷണമായ ഒരു അവസ്ഥയാണ്. ബുദ്ധനെപ്പോലുള്ള നിരീശ്വരവാദികള്‍ക്കുപോലും 2000 വര്‍ഷമായി താങ്ങും തണലുമായി വര്‍ത്തിക്കുന്ന ഹൈന്ദവസംസ്കാരത്തിന്റെപ്രകൃതത്തിനെ തകര്‍ക്കുകയാണ് ഭൂരിപക്ഷ ആധിപത്യത്തിന്റെ ഈ ദോഷൈകദൃക്കുകളായ അനുയായികള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.
വോട്ടുബാങ്ക് സൃഷ്ടിക്കുന്നതിനുവേണ്ടി ജനങ്ങളെ വര്‍ഗ്ഗീയമായി ചേരിതിരിക്കുന്ന രാഷ്ട്രീയ കക്ഷികളിലും, ഈ സൂചിപ്പിച്ച ദുഷ്ടലാക്ക്, ഏറിയും കുറഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദുക്കളുടെ കാര്യത്തിലാകട്ടെ, ജാതീയമായ വേര്‍തിരിവുകളുള്ളതിനാല്‍, ഒരൊറ്റ വോട്ടുബാങ്കായി അവരെ സംഘടിപ്പിക്കലും പ്രയാസമാണെന്നുവരുന്നു.
സ്വാതന്ത്ര്യസമരകാലത്തും, അതിനുമുന്പും, ഹിന്ദുക്കളിലെ ജാതിമേധാവിത്വത്തിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിരുന്നു. അവരില്‍ പ്രമുഖനായ ശ്രീനാരായണഗുരുവാണ്, അക്കാലം വരെ അസ്പൃശ്യരും, കള്ളുചെത്തി ഉപജീവനം കഴിച്ചിരുന്നവരുമായ ഒരു സമൂഹത്തിനെ ആത്മാഭിമാനത്തിലേക്കും സാമൂഹികാന്തസ്സിലേക്കും ഉയര്‍ത്തിയത്. ചണ്ഡാളന്റെ രൂപത്തില്‍ വന്ന്, പരമശിവന് ആദിശങ്കരന്റെ മനസ്സിലെ ജാതിചിന്തകള്‍ മാറ്റിയെടുത്തു എന്നത് ഒരു കെട്ടുകഥയാണെന്നും, ആ വന്ന ചണ്ഡാളന് 'അക്ഷരാര്‍ത്ഥത്തില്‍' ഒരു ചണ്ഡാളന് തന്നെയായിരുന്നുവെന്നും ഗുരു വിശ്വസിച്ചു. അതുകൊണ്ട്, 'അക്ഷരാര്‍ത്ഥത്തില്‍', ശ്രീനാരായണഗുരുവും ഒരു അദ്വൈതിതന്നെയായിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണ്ണാടകയിലും ആത്മീയതക്കും സാമൂഹികനീതിക്കുംവേണ്ടി ഒരു വലിയ പ്രസ്ഥാനം ഉയര്‍ന്നുവന്നിരുന്നു. ആ പ്രസ്ഥാനം ജന്മം നല്കിയ മഹാനായ കവിയായിരുന്നു ബസവ. ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ആലയം, കല്ലും മണ്ണും കൊണ്ട് നിര്‍മ്മിച്ച ദേവാലയങ്ങളല്ലെന്നും, മറിച്ച്, നശ്വരമായ മനുഷ്യശരീരമാണെന്നും അദ്ദേഹം വിശ്വസിച്ചു. സാമൂഹികമായ നീതിക്കും തുല്ല്യതക്കും വേണ്ടി പടപൊരുതിയ ബസവ, ഒരു ബ്രാഹ്മണ പെണ്‍കിടാവിനെ, ഒരു അസ്പൃശ്യനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കാനുള്ള ചങ്കൂറ്റം പോലും കാണിക്കുകയുണ്ടായി. ഗാന്ധിജിയും മറ്റൊരു സാമൂഹികപരിഷ്ക്കര്‍ത്താവായിരുന്നു.
ഭൂരിപക്ഷ ആധിപത്യത്തിന്‍കീഴിലുള്ള ഒരു രാഷ്ട്രമാക്കാന്‍ ഹിന്ദുവോട്ടുകള്‍ എങ്ങിനെ സമാഹരിക്കാനാകും എന്ന അന്വേഷണമാണ് ഇന്ന് നടക്കുന്നത്. എന്നാല്‍, ആത്മീയതക്കുപകരം, ഉത്സവങ്ങളിലൂടെയും തീര്‍ത്ഥാടനങ്ങളിലൂടെയുമാണ് നമ്മള് അത്തരം അന്വേഷണങ്ങള്‍ നടത്തുന്നത് എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വിരോധാഭാസം.
കഴിഞ്ഞ വര്‍ഷം, മറ്റൊരു മഹത്തായ സ്ഥാപനത്തില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഗാന്ധിജി സ്ഥാപിച്ചതും, മരണം വരെ അദ്ദേഹം ചാന്‍സലറായീരുന്നതുമായ ഗുജറാത്ത് വിദ്യാപീഠത്തില്‍. സംഘടിതമതത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ള ആത്മീയാനുഭവത്തിന്റെ അന്വേഷണത്തിനെക്കുറിച്ചാണ് അന്നവിടെ ഞാന്‍ സംസാരിച്ചത്. നമ്മുടെ രാജ്യത്തിന്റെ ഗാന്ധിയന്‍ കാലഘട്ടത്തെ പ്രചോദിപ്പിച്ച മൂന്ന് അന്വേഷണത്വരകളെക്കുറിച്ച് (പ്രശസ്ത തത്ത്വചിന്തകനും സന്ന്യാസിവര്യനുമായ സൈമണ്‍ വേലിന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍, 'ആത്മാവിന്റെ വിശപ്പുകളെ'ക്കുറിച്ച്) ആയിരുന്നു അത്. സമത്വത്തിനും, ആത്മീയതക്കും, ആധുനികതക്കും വേണ്ടിയുള്ള വിശപ്പ്. രാജ്യത്താകമാനമുള്ള എന്നെപ്പോലുള്ള എഴുത്തുകാരെ ആവേശം കൊള്ളിച്ചിരുന്നത് ഈ മൂന്ന് വിശപ്പുകളായിരുന്നു.
സമത്വം എന്ന ഭൌതികമായ വിശപ്പിനുള്ള പരിഹാരം വിദൂരമല്ലാതായിരിക്കുന്നു. എങ്കിലും, സമത്വം എന്ന അത്മാവിന്റെ വിശപ്പ് പരിഹൃതമാകുന്നത്, ആത്മീയമായ വിശപ്പുകൂടി തൃപ്തിപ്പെടുമ്പോള്‍ മാത്രമാണ്. എല്ലാക്കാലത്തെയും പുണ്യാത്മാക്കള്‍ക്ക് അത് ബോദ്ധ്യവുമുണ്ടായിരുന്നു. ഈ രണ്ട് വിശപ്പുകളുടെയും ഉത്ഭവം, എല്ലാ ജീവരൂപങ്ങളും പരിപാവനമാണെന്നും, ആത്മീയൌന്നത്യത്തിന്റെ പരാഗശോഭയില്ലെങ്കില്‍, പ്രാതിഭാസികമായ ഈ ലോകത്തിലെ നമ്മുടെ ദൈനംദിന ജീവിതം തീര്‍ത്തും അര്‍ത്ഥരഹിതവും മുഷിപ്പനുമാണെന്ന തിരിച്ചറിവിലാണ്. ഉപഭോഗസംസ്കാരത്തിന്റെ സ്വര്‍ഗ്ഗം ശുഷ്ക്കവും ആവര്‍ത്തനവിരസവുമാണെന്ന് ആത്യന്തികമായി നമുക്ക് ബോദ്ധ്യം വരും. ആധുനിക മനുഷ്യന്റെ ഉപഭോഗസംസ്കാരം, എത്രമാത്രം അസ്വസ്ഥവും അരോചകവുമാണെന്ന് മഹാന്മാരായ പാശ്ചാത്യ എഴുത്തുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അതുകൊണ്ട്, ഇവിടെ സൂചിപ്പിച്ച രണ്ടു വിശപ്പുകളും ആവേശിക്കുമ്പോള്‍, നിലവിലുള്ള സാമൂഹ്യസമ്പ്രദായങ്ങള്‍ക്കും, മതത്തിന്റെ ഘടനകള്‍ക്കും, ശാസ്ത്രവും സാങ്കേതികവളര്‍ച്ചയും അഴിച്ചുവിട്ട വികസനസ്വപ്നങ്ങള്‍ക്കും നേരെ ആധുനിക മനുഷ്യന് അക്ഷമനാകുന്നു. കലഹിക്കുന്നു. കാരണം, ഈ ലോകം മനുഷ്യനു മാത്രം അവകാശപ്പെട്ട ഒന്നല്ല എന്നതുകൊണ്ട്.
മദ്ധ്യകാലഘട്ടത്തിലെ നമ്മുടെ ശ്രേഷ്ഠരായ പല കവികളെയും-ബസവ, തുക്കാറാം, കബീര്‍, അക്ക മഹാദേവി പോലുള്ളവരെ- മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാക്കി നിര്‍ത്തുന്നത്, ഈ ഇരട്ട വിശപ്പാണ്. നമ്മുടെ കാലഘട്ടമെടുത്താല്‍, മഹാത്മാ ഗാന്ധിയും, മാര്ട്ടിന് ലൂതര്‍ കിംഗും, ബി.ആര്. അംബേദ്കറും എല്ലാം, സമത്വത്തിനും ആത്മീയതക്കും വേണ്ടിയുള്ള വിശപ്പുകൊണ്ട് അലഞ്ഞവരായിരുന്നു.
ദൈവത്തിനുവേണ്ടിയുള്ള വിശപ്പ് എന്ന് പറയുന്നതിനുപകരം, ആത്മീയ വിശപ്പ് എന്ന് ഇവിടെ ഉപയോഗിക്കാനുള്ള കാരണം, സംഘടിതമതത്തിന്റെ രൂക്ഷവിമര്‍ശകനായിരുന്ന അംബേദ്കറിനെക്കൂടി അപ്പോള്‍ എനിക്കതില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമെന്നുള്ളതുകൊണ്ടാണ്. ആധുനികതയുടെ പ്രതിരൂപമായ യൂറോപ്പ്യന്‍ രീതിയില്‍ വസ്ത്രധാരണം ചെയ്ത്, ദളിതുകളുടെ അന്തസ്സിനും തുല്ല്യതക്കും വേണ്ടി അക്ഷീണമായ പോരാട്ടം നടത്തിയ അംബേദ്കറെ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ഇതേ അംബേദ്കര്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കുശേഷം ബുദ്ധമതത്തെ ആശ്ളേഷിച്ചത്. തന്റെ സാമൂഹ്യപ്രതിബദ്ധതയെ നിരാകരിക്കുകയായിരുന്നില്ല, മറിച്ച്, കാലാതിവര്‍ത്തിയായ മറ്റൊരു തലത്തിലേക്ക് തന്റെ സമരത്തെ ഉയര്‍ത്തുകയായിരുന്നു അംബേദ്കര്‍ ചെയ്തത്.
പാശ്ചാത്യവേഷധാരിയില്‍നിന്ന് വ്യത്യസ്തമായി, തല മുണ്ഡനം ചെയ്ത്, ബുദ്ധസന്ന്യാസിയുടെ വേഷത്തിലുള്ള, മിഴിവാര്‍ന്നതും അപൂര്‍വ്വവുമായ മറ്റൊരു ചിത്രമുണ്ട് അംബേദ്കറിന്റേതായിട്ട്. സമത്വത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടിയുള്ള വിശപ്പിനെ, ഭൌതികവും ബാഹ്യവുമായ ലോകത്തിലെ അശ്രാന്തമായ തന്റെ സമര പ്രവര്‍ത്തനങ്ങളിലൂടെയും, ആത്മീയമായ വിശപ്പിനെ, ആന്തരികമായ സമരത്തിലൂടെയും സഫലീകരിക്കുക എന്നത് ഒരേ സമയം എത്ര മനോഹരവും ക്ളേശം നിറഞ്ഞതുമാണെന്ന്, ഈ വ്യത്യസ്ത ചിത്രങ്ങളെ പരസ്പരബന്ധിതമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് കാണാന്‍ കഴിയും.
വൈജാത്യങ്ങളുണ്ടായിരുന്നിട്ടുപോലും, ഗാന്ധിജിയെയും അംബേദ്കറെയും പരസ്പരപൂരകമാക്കുന്നത് ഈയൊരു ഗുണമാണ്. ഗാന്ധിജിയുടെ ഗ്രാമസ്വരാജ്യം എന്ന സ്വപ്നവും, വീര്‍സര്‍വാകറിന്റെ സുശക്തമായ രാഷ്ട്രം എന്ന സങ്കല്‍പ്പവും തമ്മിലുള്ള വൈരുദ്ധത്തെക്കുറിച്ച് ഈ മട്ടില്‍ എനിക്ക് പറയാനാവില്ല. കാരണം, അവ ഒരിക്കലും പരസ്പരപൂരകമല്ല എന്നതുതന്നെ. അതിന്റെ തെളിവാണ് ഇന്ന് ഇന്ത്യയില്‍ നമ്മള് നേരിടുന്ന ദുരിതകാലം.
ഏറ്റവും ഒടുവിലായി ഞാന്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഇതാണ്. ഇത്രയധികം ദുരന്തവും ആക്രമണങ്ങളും ഗുജറാത്തില്‍ നടന്നുകഴിഞ്ഞിട്ടും, ഗാന്ധിജിയുടെ ഗുജറാത്തിനെ, മുസ്ളിമുകളെ സംബന്ധിച്ചിടത്തോളം ഒരു ദു:സ്സ്വപ്നമാക്കിയതില്‍ നരേന്ദ്രമോഡിക്കുള്ള പങ്ക് എല്ലാവരും സൌകര്യപൂര്‍വ്വം മറന്നുകഴിഞ്ഞതായി തോന്നുന്നു. വികസനത്തില്‍ വിശ്വസിക്കുന്നവരുടെ നായകനായി മാറിയിരിക്കുകയാണ് അയാള്‍.
എല്ലാ രാഷ്ട്രീയകക്ഷികളും വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിരുദ്ധാഭിപ്രായങ്ങളെ അമര്‍ച്ച ചെയ്ത് ഭൂരിപക്ഷ ആധിപത്യം ഉറപ്പാക്കുന്ന ഒരു രാജ്യമാണ് വികസനത്തിന് ഏറ്റവും അനുയോജ്യമായ പരിസരമെന്ന്, വ്യവസായികള്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്ക് നന്നായി അറിയുകയും ചെയ്യാം. ഏറ്റവും അടിത്തട്ടിലുള്ള ദരിദ്രനുപോലും ഗുണം ചെയ്യാന്‍ കഴിയുന്ന, 'സര്‍വ്വോദയം' എന്ന ഗാന്ധിയന്‍ സാമ്പത്തിക പ്രയോഗത്തെക്കുറിച്ച്, ഇന്ന് ഒരു രാഷ്ട്രീയകക്ഷികളും സംസാരിക്കുന്നതേയില്ല. കര്‍ഷകരുടെ ആത്മഹത്യയെ ഗൌരവമായി കാണുന്നവര്‍ ഇല്ലാതായിരിക്കുന്നു. അവരുടെ ആത്മഹത്യയൊന്നും നമ്മുടെ സെന്‍സെക്സിനെ ബാധിക്കുന്നില്ല.
വികസനത്തെ എല്ലാവരുടെയും അഭിവൃദ്ധിയുമായി എങ്ങിനെ കണ്ണിചേര്‍ക്കാമെന്ന്, ഈ മഹത്തായ കലാലയത്തില്‍നിന്ന് ഇന്ന് ബിരുദധാരികളായി പുറത്തുപോകുന്ന നിങ്ങളോരോരുത്തരും ഗൌരവമായി ആലോചിക്കേണ്ടതുണ്ട്. അനിയന്ത്രിതമായ ഉപഭോഗത്തില്‍നിന്നും, അതിനാവശ്യമായ പശ്ചാത്തലമൊരുക്കുന്ന, ഭൂരിപക്ഷഭരണത്തിന്റെ സമഗ്രാധിപത്യ ഭരണകൂടത്തില്‍നിന്നും വികസനത്തെ വിമോചിപ്പിക്കേണ്ടതുണ്ട്.
ഉപയോഗിച്ചു തേയ്മാനം വന്ന ഒരു ഉപദേശമായി ഞാന്‍ പറഞ്ഞതിനെ ദയവുചെയ്ത് കാണരുത്. അമേരിക്കന്‍ മാതൃകയിലുള്ള വികസനത്തിന്റെയും ഉപഭോഗത്തിന്റെയും ഫലമായി ലോകം മുഴുവന്‍ ഇന്നൊരു സാമ്പത്തിക പ്രതിസന്ധി നേരിടുകയണ്; അത്യാഗ്രഹത്തിന്റെ ഫലമായ ഉപഭോഗം കൊണ്ട് പാരിസ്ഥിതികമായ നാശവും നമ്മുടെ മുന്പിലുണ്ട്; സമൂഹത്തിലെ അക്രമങ്ങളെ പ്രത്യാക്രമണങ്ങള്‍കൊണ്ട് നേരിടാനും നമുക്ക് കഴിയില്ല. അഹിംസയും സത്യവും ഒന്നുതന്നെയാണെന്ന ഗാന്ധിയന്‍ വിശ്വാസം വെറുമൊരു ആദര്‍ശം മാത്രമല്ല. വ്യക്തികള്‍ക്കും, ഇന്നു നമ്മില്‍ പലരും മനസ്സിലാക്കിയപോലെ, ദേശരാഷ്ട്രങ്ങള്‍ക്കും ഒരുപോലെ ബാധകമായ, ഏറ്റവും പ്രായോഗികവും യുക്തിഭദ്രവുമായ പാതയാണത്.
വൈയക്തികമായ ആകുലതയോടെയും, ഉത്കണ്ഠയോടെയും ഞാന്‍ ഇവിടെ പറഞ്ഞ വാക്കുകള്‍ ഇത്രനേരവും ശ്രദ്ധയോടെ കേട്ടിരുന്നതിന് നന്ദി. ഈ സന്ദര്‍ഭത്തിന് യോജിച്ച വിധം പണ്ഡിതോചിതമായ ഒരു പ്രസംഗം നടത്താന്‍ കഴിയാതിരുന്നതിന് ദയവായി എന്നോട് ക്ഷമിക്കുക.
പരിഭാഷകക്കുറിപ്പ്: ഭാഷാതീവ്രവാദം, മൃദുഹിന്ദുത്വം, സവര്‍ണ്ണബോധം എന്നിവയുമായി ശ്രീ അനന്തമൂര്‍ത്തി അടുത്തകാലത്തായി നിലനിര്‍ത്തിക്കാണുന്ന ബാന്ധവത്തോട് ഈ പരിഭാഷകന് ശക്തമായ വിയോജിപ്പുകളുണ്ടെങ്കിലും, ഇവിടെ അദ്ദേഹം പ്രകടമാക്കിയിട്ടുള്ള ചില കാഴ്ചപ്പാടുകള്‍ പൊതുവെ പുരോഗമനപരവും മതേതരത്വത്തിന്റെ അടിസ്ഥാനത്തില്‍നിന്നുകൊണ്ടുള്ളതുമാണെന്ന് വിശ്വസിക്കുന്നു. ഈ ലേഖനം പരിഭാഷപ്പെടുത്തുന്നതിനുള്ള പ്രധാന പ്രചോദനവും അതല്ലാതെ മറ്റൊന്നുമായിരുന്നില്ല.
Subscribe to:
Posts (Atom)